നാണയഡപ്പിയിലെ ഓര്‍മപെരുപ്പം

Reading Time: 2 minutes

ഡോ. ഷഹല സജാദ്

രാവിലെ ഡ്യൂട്ടിക്ക് പോകുന്ന തിരക്കില്‍ പേഴ്‌സ് കാലിയാക്കി ഉണ്ടായിരുന്ന നാണയത്തുട്ടുകള്‍ ടേബിളില്‍ വെച്ചുപോയിരുന്നു ഭര്‍ത്താവ്. ഞാന്‍ അത് പെറുക്കിയെടുത്ത് എന്റെ നാണയത്തുട്ടുകളുടെ ശേഖരത്തിലിട്ടു. ഒരു കൈകുമ്പിള്‍ നിറയെ വെള്ളിക്കളറിന്റെ പ്രൗഢിയോടെ തിളങ്ങുന്ന കുഞ്ഞുനാണയങ്ങള്‍ എന്നെ കൂട്ടിക്കൊണ്ടുപോയത് പത്ത് വയസുകാരിയുടെ വേനലവധിക്കാലത്തേക്കാണ്.
പപ്പ എരമംഗലത്തെ ഷോപ്പിലെ ജോലി കഴിഞ്ഞ് വരുമ്പോഴൊക്കെ പോക്കറ്റിലെ ചില്ലറക്ക് എനിക്കും ചിന്നുവിനും വേണ്ടി ട്യൂഷന്‍ റൂമിലെ ടിവിയുടെ മുകളിലാണ് വെക്കാറ്. ഒരു കുഞ്ഞു ബിപിഎല്‍ കളര്‍ ടിവി. ട്യൂഷന്‍ റൂം തറവാട്ടിലെ ഞങ്ങളുടെ കിടപ്പുമുറി കൂടിയാണ്. ഒരുപാട് കുടുംബാംഗങ്ങള്‍ ഉള്ളത് കൊണ്ട് ഓരോ മുറികള്‍ക്കും ഓരോ കഥകളും പേരുകളും അന്ന് ഉണ്ടായിരുന്നു. ഗ്രില്ലിട്ട മുമ്പാരത്ത് നിന്നാല്‍ നേരേ കാണുന്ന, നിലത്ത് കറുപ്പ് ചാന്ത് തിളങ്ങുന്ന ഒറ്റമുറിയില്‍ വച്ചാണ് തറവാട്ടിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ നടന്നിരുന്നത്. കാലങ്ങള്‍ കടന്നുപോയി. കുട്ടികളൊക്കെ വലുതായി. ട്യൂഷന്‍മാഷിന്റെ വരവു നിന്നുവെങ്കിലും ആ പേരു മാത്രം തറവാടിന്റെ കൂടെക്കൂടി. തൊട്ടി കെട്ടുന്ന റൂം, മച്ചിന്റകം, നടുവകം, വല്ലിമ്മാടെ റൂം ഇതൊക്കെയായിരുന്നു അന്നത്തെ ഞങ്ങളുടെ സിറ്റിംഗും ഡൈനിംഗും ബെഡ്‌റൂമും ഹാളുമൊക്കെ. ഇന്നിപ്പൊ തറവാടൊക്കെ പൊളിച്ചു. എന്നിരുന്നാലും ബാല്യം ചുവടുറപ്പിച്ച് വേരൂട്ടിയ ഞങ്ങളുടെ തറവാട് സ്വപ്‌നങ്ങളിലൊക്കെ വരാറുണ്ട്. കുടെ ഞങ്ങളുടെ വല്ലിമ്മയും. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളാണ് അവയൊക്കെ. ‘എന്റെ ഇമ്മിണി വലിയ നഷ്ടങ്ങള്‍.’
അങ്ങനെ പപ്പ അറിഞ്ഞും അറിയാതെയും ഞങ്ങള്‍ക്കായി തരുന്ന നാണയത്തുട്ടുകള്‍ സൂക്ഷിക്കാന്‍ കാലിയായ ഒരു ‘പോണ്‍ഡ്‌സ്’ പൗഡര്‍ ഡപ്പി എടുത്ത് അടിയില്‍ ഓട്ട തുളച്ച് ‘മണി സേവിംഗ് ബോക്‌സ്’ ഉണ്ടാക്കിയെടുത്തു. ദിവസങ്ങള്‍ കടന്നുപോയികൊണ്ടിരിക്കെ എന്റെ പൗഡര്‍ ഡപ്പിക്ക് കനം കൂടിക്കൂടി വന്നു. വല്ലപ്പോഴും മാത്രം ഒരു രൂപ എന്നതൊഴിച്ച് അനാവശ്യ ചെലവുകള്‍ ഒക്കെ ചുരുക്കി. കിട്ടുന്ന ചില്ലറകള്‍ എല്ലാം അതിലിട്ടു. പപ്പക്ക് സൂപ്പര്‍മാക്‌സ് ബ്ലെയ്ഡ് വാങ്ങി ബാക്കി കാശിന് ബാലേട്ടന്റെ കടയിലെ മിഠായികള്‍ അന്നു മുതല്‍ വാങ്ങിയില്ല. ബാലരമ, ബാലഭൂമി ഒക്കെ നിര്‍ത്തി. ഇടക്ക് പപ്പ പോപ്പിന്‍സ് പോളോ മിഠായിയും ബാലഭൂമിയും വാങ്ങിത്തരുന്നത് കൊണ്ട് ആ സാഹചര്യങ്ങളെയൊക്കെ അതിജീവിച്ചു.
കാത്തിരിപ്പിനൊടുവില്‍ വേനലവധി തുടങ്ങിയപ്പോഴാണ് ആ തൊണ്ട് പൊളിച്ച് ഒരു വെള്ളി പാദസരം വാങ്ങാനുള്ള മോഹം ഉള്ളിലുദിച്ചത്. ഉമ്മയാണ് ആദ്യം അത് പറഞ്ഞത്. പിന്നീട് കാത്തിരിപ്പിന്റെ ദിവസങ്ങളായിരുന്നു, എത്ര രൂപ ഉണ്ടാവും എന്നറിയാന്‍. പക്ഷേ കാര്യങ്ങളൊക്കെ കൈവിട്ടുപോയത് പെട്ടെന്നായിരുന്നു. കൂട്ടുകുടുംബമായതിനാല്‍ കുഞ്ഞുങ്ങള്‍ക്കുള്ള സെപറേറ്റ് വാഡ്രോബ് ഒന്നും അന്നെനിക്കുണ്ടായിരുന്നില്ല. സ്ഥിരമായി എന്റെ കുഞ്ഞു സാധനങ്ങളൊക്കെ ഞാന്‍ ടിവി സ്റ്റാന്‍ഡിന്റെ താഴെയോ ജനലിലോ ഒക്കെയാണ് വച്ചിരുന്നത്. ആകെ ഉള്ള സ്റ്റീല്‍ അലമാര തൊടാന്‍ പോലും ഉമ്മ സമ്മതിക്കാറില്ല. വീടിന് ചുറ്റുമതില്‍ ഇല്ലാത്തതു കൊണ്ട് ചില കാല്‍നടയാത്രക്കാര്‍ റോഡിലേക്ക് എളുപ്പമെത്താന്‍ ഞങ്ങളുടെ മുറ്റത്തുകൂടെ ക്രോസ് ചെയ്ത് പോകാറുണ്ട്. നിറഞ്ഞ് തുളുമ്പി നിന്ന എന്റെ പോണ്‍ഡ്‌സ് ഡപ്പി ജനലില്‍ വച്ചത് എങ്ങനെയോ നഷ്ടപ്പെട്ടു. ജനല്‍ തുറന്നിടാറുള്ളത് കൊണ്ട് ആരെടുത്തു എന്ന് അറിഞ്ഞില്ല. ഇന്നും അറിയില്ല. ആ വേനലവധി കഴിഞ്ഞതിനോടൊപ്പം എന്റെ പാദസരമോഹവും ഇല്ലാതായി.
പക്ഷേ ഇന്നും എനിക്ക് നാണയത്തുട്ടുകളോട് വല്ലാത്ത പ്രിയമാണ്. ഒരുപക്ഷേ നോട്ടുകളെക്കാള്‍! ചെറിയ ചെറിയ കാര്യങ്ങളിലൂടെ കിട്ടുന്ന സന്തോഷങ്ങള്‍ക്ക് ഒരിക്കലും മാറ്റ് കുറയുകയില്ല. അതുകൊണ്ട് ഇവിടെ അബൂദാബിയിലിരുന്നും ഞാനത് തുടരുന്നു. എനിക്കിപ്പോഴും ഒരു പോണ്‍ഡ്‌സ് ഡപ്പിയുണ്ട്, അടുത്ത വേനലവധിക്ക് എന്റെ കുഞ്ഞുമോന്റെ സ്വപ്‌നങ്ങള്‍ക്ക് നിറമേകാന്‍.

Share this article

Leave a Reply

Your email address will not be published. Required fields are marked *