കരുതിയില്ലെങ്കില്‍ കണ്ണീര് കുടിക്കും

Reading Time: 3 minutes


സുഹൈല്‍ കാഞ്ഞിരപ്പുഴ

കേരളം അതിരൂക്ഷമായ ജലക്ഷാമത്തിന്റെയും കൊടുംവരള്‍ച്ചയുടെയും നാളുകളിലാണ്. ഓരോ വേനല്‍ക്കാലവും ജലദൗര്‍ലഭ്യം അഭിമുഖീകരിച്ചിട്ടു പോലും നാളേക്കായ് ഒരു തുള്ളി ജലം കരുതിവെക്കാനുള്ള വിവേകപൂര്‍ണമായ യജ്ഞത്തിലേക്ക് സമൂഹം പാകപ്പെടുന്നില്ല. വര്‍ഷംതോറും ബോധവത്കരണം നല്‍കി വിപുലമായി ജലദിനം ആചരിക്കുന്നു. അനിയന്ത്രിതമായ ഇടപെടലുകള്‍ കാരണം വെള്ളത്തിന്റെ ഉറവകള്‍ മണ്ണില്‍നിന്ന് ദിനംപ്രതി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയും പ്രകൃതിവിഭവങ്ങളും മനുഷ്യനു വേണ്ടിയാണെന്നുള്ള മനോഭാവത്തിലേക്ക് സമൂഹബോധം വളരുന്നില്ല. ജലസമൃദ്ധമായ 44 നദികളും കുളങ്ങളും കായലുകളും തണ്ണീര്‍തടങ്ങളുമുണ്ടായിട്ടും കേരളജനത വേനലില്‍ കടുത്ത ജലക്ഷാമമാണ് ഓരോ വര്‍ഷവും നേരിടാറുള്ളത്. ആഗോളതലത്തില്‍തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി ജലക്ഷാമമാണ്. 200 കോടിയോളം ജനത ലോകജനങ്ങളുടെ മുഴുവന്‍ അവകാശമായ ജീവജലം തേടി ദുരിത ജീവിതാവസ്ഥ അഭിമുഖീകരിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകാടിസ്ഥാനത്തില്‍, നാലില്‍ ഒരു പ്രൈമറി സ്‌കൂള്‍ കുടിവെള്ള സൗകര്യങ്ങളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. മലിനജലത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന സയോറിയ ബാധിച്ച് എഴുനൂറിലേറെ കുട്ടികളാണ് ഓരോ ദിവസവും മരണപ്പെടുന്നത്. യുഎന്‍ നടത്തിയ പഠനപ്രകാരം 663 മില്യന്‍ വാസസ്ഥലത്ത് വെള്ളം കിട്ടാനുള്ള സംവിധാനമില്ലാതെയാണ് ജനങ്ങള്‍ കഴിയുന്നത്.
ജലം ജീവന്റെ ഉറവിടവും പ്രകൃതിയുടെ വരദാനവുമാണ്. ജലത്തിന്റെ സുസ്ഥിരോപയോഗത്തിനും വിവേകപൂര്‍ണമായ ജലസംരക്ഷണ യജ്ഞത്തിനും കരുത്തേകണമെന്നും ഓരോ തുള്ളി ജലവും സൂക്ഷിച്ച് വിനിയോഗിക്കണമെന്നുമുള്ള ഓര്‍മപ്പെടുത്തലുകളാണ് ഓരോ ജലദിനവും നല്‍കുന്നത്. 1992ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റിലാണ് ലോകജലദിനമെന്ന നിര്‍ദേശം ആദ്യമായി ഉയര്‍ന്നുവന്നത്. ഇതേതുടര്‍ന്ന് യുഎന്‍ ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോകജലദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു. 2050 ആവുമ്പോഴേക്കും ലോകജനതയില്‍ പകുതിയോളം കുടിവെള്ളക്ഷാമം നേരിടുമെന്ന് വിദഗ്ധരുടെ പഠനങ്ങളില്‍ തെളിഞ്ഞിട്ട് പോലും യുഎന്നിന്റെ ജലസംരക്ഷണ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ കുറ്റകരമായ നിഷ്‌ക്രിയത്വവും അനാസ്ഥയുമാണ് ലോകരാഷ്ട്രങ്ങള്‍ വെച്ചുപുലര്‍ത്തുന്നത്. ജലദൗര്‍ലഭ്യത നേരിടുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ ഏഷ്യന്‍ രാജ്യങ്ങളാണ്. കടുത്ത ജലക്ഷാമം നേരിടുന്ന രാജ്യങ്ങളില്‍ ആദ്യത്തെ പത്തും ഏഷ്യന്‍ വന്‍കരയിലാണ്. ഇന്ത്യയും അതിരൂക്ഷമായ ജലക്ഷാമം നേരിടുന്ന പട്ടികയിലിടം പിടിച്ചിട്ടുണ്ട്. 1995ല്‍ ലോകബാങ്കിന്റെ വൈസ്പ്രസിഡന്റായിരുന്ന ഇസ്മായീല്‍ സറാഗെര്‍ഡ് പറയുന്നു, ഇനിയൊരു ലോകമഹായുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ജലത്തിന് വേണ്ടിയായിരിക്കും. ഇതിനകംതന്നെ അശാന്തിയുടെ ഉറവിടമായി ലോകത്ത് ജലപ്രശ്‌നം രൂപാന്തരപ്പെട്ടിട്ടുണ്ട്. മിക്കോജ് നദിയുടെ പേരില്‍ തായ്‌ലാന്‍ഡും കംബോസിയും മ്യാന്മറും ലാവോസും കലഹിക്കുന്നു. യൂഫ്രട്ടീസ് നദിയുടെ പേരില്‍ ഇറാഖും സിറിയയും ഇറാനും നൈല്‍നദിയുടെ പേരില്‍ ഈജിപ്തും സുഡാനും കലഹത്തിലാണ്. ഗംഗാ, ബ്രഹ്മപുത്ര നദികളുടെ പേരില്‍ ഇന്ത്യയും നേപ്പാളും ബംഗ്ലാദേശും ജോര്‍ദാന്‍ നദിയുടെ പേരില്‍ ഇസ്രായേലും ലബ്‌നാനും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ തമിഴ്‌നാടും കേരളവും തമ്മിലുണ്ടായ സമരങ്ങള്‍ക്ക് സാക്ഷിയാണ് നാം.
മനുഷ്യശരീരത്തെ സംബന്ധിച്ചുള്ള ബൃഹത്തായ പഠനങ്ങള്‍ ശരീരത്തിലെ വെള്ളത്തിന്റെ തോത് 50 ശതമാനത്തിലധികം കുറഞ്ഞാല്‍ മരണം വരെ സംഭവിക്കുമെന്ന് വ്യക്തമാക്കുന്നു. ഭൂമിയിലെ ജലസ്രോതസുകളില്‍ 97 ശതമാനവും ഉപ്പുകലര്‍ന്നതാണ്. ബാക്കി വെറും 3 ശതമാനം മാത്രമേ ശുദ്ധജലമുള്ളൂ. അതില്‍തന്നെ മൂന്നില്‍ രണ്ടുഭാഗവും മഞ്ഞുമലകളില്‍ ഘനീഭവിച്ചുകിടക്കുകയാണ്. ശേഷിക്കുന്ന ഒരു ശതമാനത്തില്‍ ദുര്‍വിനിയോഗവും അശാസ്ത്രീയമായ ഉപഭോഗവും കാരണമായി ജലം പാഴാക്കപ്പെടുന്നു.
അന്തരീക്ഷ മലിനീകരണം, ആഗോളതാപനം, പരിസ്ഥിതി നശീകരണം, കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകള്‍, ചതുപ്പുകള്‍, കുളങ്ങള്‍, പാടങ്ങള്‍, തണ്ണീര്‍തടങ്ങല്‍ തുടങ്ങിയ പരമ്പരാഗത ജലസ്രോതസുകളുടെ നശീകരണം, വനനശീകരണം, മണല്‍വാരല്‍, ഫാക്ടറികളിലെ മാലിന്യം, അന്തരീക്ഷത്തില്‍ വരുന്ന മാറ്റങ്ങള്‍, മൂല്യം കുറക്കുന്ന ജലവ്യവസായം തുടങ്ങിയവയാണ് ജലക്ഷാമത്തിനുള്ള മുഖ്യകാരണങ്ങളായി എണ്ണപ്പെടുന്നത്. സമൃദ്ധമായ ജീവജലം ദൈവികാനുഗ്രഹമായി മതിവരുവോളം കനിഞ്ഞ് നല്‍കിയിട്ട് പോലും ജലദൗര്‍ലഭ്യം അനുഭവിക്കുന്നതിന്റെ കാരണങ്ങളെ സംബന്ധിച്ച് കൃത്യമായ വീണ്ടുവിചാരങ്ങളിലേക്കും പരിഹാര മാര്‍ഗങ്ങളിലേക്കും അതിവേഗം നാം കടക്കേണ്ടിയിരിക്കുന്നു.
മലിനമാകുന്ന ജലം
ഐക്യരാഷ്ട്ര സംഘടനയുടെ യുനൈറ്റഡ് നാഷനല്‍ ഇന്‍വൈമെന്റ് ജലത്തിന്റെ വരള്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടിയതില്‍ പ്രധാനപ്പെട്ടത് മലിനീകരണമായിരുന്നു. സംസ്ഥാനത്തെ 3606 ജല ഉറവിടങ്ങളില്‍ മലിനപ്പെടാത്തതായി 27 ശതമാനം സ്രോതസുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. മനുഷ്യന്റെ പ്രകൃതിയിലുള്ള അനിയന്ത്രിത കടന്നുകയറ്റം ജലത്തിന്റെ സ്രോതസുകളെ മലിനമാക്കുന്നു. 2017ലെ ജലദിനത്തില്‍ ഉയര്‍ത്തിപ്പിടിച്ച പ്രമേയം ‘ജലം മലിനമാക്കരുതേ’ എന്നായിരുന്നു. സുരക്ഷിതമായ ജലലഭ്യത പൗരന്റെ അവകാശമായാണ് ഗണിക്കപ്പെടുന്നത്. വ്യവസായങ്ങള്‍ ജലസ്രോതസുകളെ മലിനപ്പെടുത്തുമ്പോള്‍ ജലത്തിന്റെ സൂക്ഷ്മ കണികകളില്‍ വിഷാംശങ്ങളുടെ അളവ് വര്‍ധിക്കുകയും ജലത്തിന് ഉണ്ടാകേണ്ട സ്വാഭാവിക ഗുണവിശേഷങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. ജലം സുസ്ഥിരമായി നിലനില്‍ക്കേണ്ട ഒന്നാണ്. എന്നിട്ടും ഈ അമൂല്യ വിഭവത്തെ ചൂഷണം ചെയ്യാന്‍ വ്യവസായ കുത്തകകളെ പ്രേരിപ്പിക്കുന്നത് മാനുഷികത തൊട്ടുതീണ്ടാത്ത സാമ്പത്തികമോഹമാണ്.

ജലം വ്യവസായവത്കരിക്കപ്പെടുന്നു
ജലപ്രതിസന്ധിക്ക് കാരണമായി ബിഐസ് (Bureau of Indian Standspourt) പറയുന്നത്, കുടിവെള്ളം നിലവാരമില്ലാത്ത കച്ചവടച്ചരക്കായി മാറിയതാണ്. ലോകത്ത് മരുന്ന് വ്യവസായം കഴിഞ്ഞാല്‍ ഏറ്റവുമധികം പടരുന്ന ശൃംഖല ജലവിപണന വ്യവസായമാണ്. വെള്ളവും ജോലിയും എന്ന ഒരു സങ്കല്‍പം തന്നെ ലോകത്ത് വളര്‍ന്നിട്ടുണ്ട്. ബിസ്‌ലേരി, പെപ്‌സി, കൊക്കക്കോള, പാര്‍ലെ തുടങ്ങിയ കമ്പനികളുടെ ആധിപത്യത്തിലാണ് ഇന്ത്യയിലെ കുടിവെള്ളത്തിന്റെ വില്‍പനയുടെ 65 ശതമാനം കൈകാര്യം ചെയ്യുന്നത്. അപകടവും അനാരോഗ്യകരവുമായ വ്യവസായ മാലിന്യങ്ങളും രാസവളങ്ങളും ജലത്തിന്റെ ഘടനയെ സമൂലമായി ബാധിക്കുന്നു. സാംക്രമികവും മാരകവുമായ അനേകം രോഗങ്ങള്‍ ജലമലിനീകരണം കാരണമായി സമൂഹത്തില്‍ പകരുകയും മരണതോത് കൂടുതലാകുകയും ചെയ്തു.

ജലദുര്‍വ്യയം
ജീവജലത്തിന്റെ അഭാവത്തില്‍ വേദനിക്കുന്നവര്‍ ധാരാളമുണ്ട്. പക്ഷേ അനിയന്ത്രിതവും അവിവേകപൂര്‍ണവുമായ ജലദുര്‍വ്യയത്തിനൊരു കുറവുമില്ല. ഒരു ടണ്‍ പേപ്പര്‍ ഉത്പാദിപ്പിക്കണമെങ്കില്‍ അറുപതിനായിരം മുതല്‍ ഒരു ലക്ഷത്തിതൊണ്ണൂറായിരം വരെ ഗാലന്‍ വെള്ളം ആവശ്യമായി വരുന്നു. ചെന്നൈ പട്ടണത്തില്‍ ഒരു ദിവസം ശുചിത്വമുറികളില്‍ ഫ്‌ളഷ് ചെയ്ത് പോകുന്നത്ര ജലം നീലഗിരിയിലെ പുല്ലൂര്‍ ജില്ലയില്‍ ഒരു മാസം കൊണ്ട് ഉപയോഗിക്കുന്നില്ലത്രെ. ശരാശരി ഒരു ദിവസം കുടിക്കാന്‍ ഒരു ലിറ്റര്‍, ഗാര്‍ഹികാവശ്യത്തിന് 50 ലിറ്റര്‍, മൃഗങ്ങള്‍ക്കും മറ്റും 40 ലിറ്റര്‍, കൃഷിക്ക് 1140 ലിറ്റര്‍ എന്നിങ്ങനെ 1295 ലിറ്റര്‍ വെള്ളമാണ് ആവശ്യമായി വരുന്നത്. എന്നാല്‍ നോര്‍ത്ത് അമേരിക്കയിലെയും ജപ്പാനിലെയും ജനവാസ പ്രദേശങ്ങളില്‍ ഒരു വ്യക്തിക്ക് പ്രതിദിനം 600 ലിറ്റര്‍ ജലമേ ആവശ്യമുള്ളൂ. യൂറോപിലേത് 200 മുതല്‍ 300 ലിറ്റര്‍ വരേയുമാണ്.

ഇസ്‌ലാമിന്റെ ജലപാഠങ്ങള്‍

  1. ‘പ്രവാചകരേ, അവരോട് ചോദിക്കുക, ഈ സുപ്രഭാതത്തില്‍ നിങ്ങളുടെ ജലത്തിന്റെ ഉറവയെങ്ങാനും വറ്റിപ്പോയാല്‍ പിന്നെ നിങ്ങള്‍ക്കിവിടെ ഒഴുകുന്ന ശുദ്ധജലം നല്‍കാന്‍ ആര്‍ക്ക് കഴിയും.’
  2. നബിയുടെ നൂറും(പ്രകാശം) തന്റെ സിംഹാസനവും(അര്‍ശ്) കഴിഞ്ഞാല്‍ മൂന്നാമതായി അല്ലാഹു സൃഷ്ടിച്ചത് ജീവന്റെ ആധാരമായ ജലത്തെയാണ്.
  3. ‘നിങ്ങള്‍ നദിയില്‍ നിന്ന് അംഗസ്‌നാനം ചെയ്യുകയാണെങ്കില്‍ പോലും അമിതമായി വെള്ളം ഉപയോഗിക്കരുതേ.’
  4. ‘ആകാശത്തുനിന്ന് നാം നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു.’
  5. അംഗസ്‌നാനം ചെയ്തുകൊണ്ടിരിക്കുന്ന സഅദ്ബ്‌നു അബീവഖാസിനോട്(റ) തിരുനബി(സ്വ) ചോദിച്ചു. സഅദേ, ഇതെന്തു അമിതോപയോഗമാണ്? സഅദ്(റ) ആശ്ചര്യത്തോടുകൂടെ തിരിച്ചു ചോദിച്ചു. വുളൂഇലും അമിതോപയോഗമോ? അതേ, നദിയില്‍നിന്ന് വുളൂഅ് ചെയ്യുകയാണെങ്കില്‍പോലും മിതവ്യയം കൊകൊള്ളണേ.
    പ്രവാചകരുടെ(സ്വ) കാലഘട്ടത്തിനു ശേഷം ജലം ദുര്‍വിനിയോഗം നടത്തുന്ന സമൂഹത്തെ സംബന്ധിച്ച് തിരുനബി പ്രവചിക്കുകയും വേദന പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇമാം അഹ്മദ്(റ) തന്റെ മുസ്‌നദില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ കുളിക്കാനുപയോഗിക്കുന്ന ജലാശയങ്ങളില്‍ മൂത്രമൊഴിക്കരുത് എന്ന ഹദീസ് അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Share this article

Leave a Reply

Your email address will not be published. Required fields are marked *