റമളാന്‍ സാക്ഷി!

Reading Time: 2 minutes

വിശുദ്ധി വിരുന്നുവന്ന പോലെയായിരുന്നു
മഹാന്മാര്‍ക്ക് നോമ്പുകാലം.അതുകെണ്ട്
അവര്‍ക്കത് അനുകൂലസാക്ഷിയായി.

സയ്യിദ് സല്‍മാനുല്‍ ഫാരിസ്
sayyidsalman314@gmail.com

പ്രവാചകരുടെ അനന്തരാവകാശികളാണ് പണ്ഡിതര്‍. മുഹമ്മദ് നബി(സ്വ) ക്കു ശേഷം ലോകത്ത് ഇസ്‌ലാമിന്റെ പ്രഭ പരത്തിയത് മഹാരഥരായ പണ്ഡിതരാണ്. പൂര്‍വികരായ ഈ മഹത്തുക്കള്‍ റമളാനിനെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തിയെന്ന് വിശകലനം ചെയ്യുന്നത് പുതുതലമുറക്ക് ആത്മീയോന്നതി വര്‍ധിപ്പിക്കും. സ്വഹീഹുല്‍ ബുഖാരിയുടെ രചയിതാവ് ഇമാം ബുഖാരി (റ) റമളാന്‍ മാസമായാല്‍ തന്റെ സൂഹൃത്തുക്കളെ മുഴുവന്‍ ഒരുമിച്ച് കൂട്ടി നിസ്‌കരിക്കുമായിരുന്നത്രെ. ഓരോ റക്അത്തിലും ഇരുപത് ആയത്തുകള്‍ വീതം ഓതും. അത് ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുന്നതു വരെ തുടരുമായിരുന്നു. (അല്‍ ഫവാഇദു ദ്ദറാറീ/ ഇമാം അജലൂനി). തറാവീഹ് നമസ്‌കാര ശേഷവും അവിടുന്ന് ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുമായിരുന്നു. ഓരോ മൂന്ന് ദിവസത്തിലും ഖത്മ് പൂര്‍ത്തിയാക്കും. അതിന് പുറമെ അത്താഴ സമയത്ത് പതിമൂന്ന് റക്അത്ത് നമസ്‌കരിക്കും. ഇതില്‍ മാത്രം ഖുര്‍ആനിന്റെ മൂന്നിലൊന്ന് ഓതി തീര്‍ക്കുമായിരുന്നു. (ത്വബഖാത്തു സുബുകി).
ഇമാം ശാഫീഈ (റ), ഇമാം നവവി (റ) തുടങ്ങിയവരുടെ ചരിത്രത്തിലും ഇത് കാണാം. റമളാനാല്ലാത്തപ്പോള്‍ ഒന്നോ രണ്ടോ ഖത്മ് ദിനംപ്രതി ഓതിയിരുന്ന മഹത്തുക്കള്‍ റമളാനില്‍ ഓരോ ദിവസവും ധാരാളം ഖത്മുകള്‍ തീര്‍ത്തിരുന്നു.
ഇമാം ഇബ്‌നു അബ്ദുല്‍ ഹകീം (റ) പറയുന്നു ‘റമളാന്‍ ആഗതമായാല്‍ മാലിക് (റ) ഹദീസ് പണ്ഡിത ദര്‍സുകള്‍ നിര്‍ത്തിവെക്കും. തുടര്‍ന്ന് ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകും. പാഠ്യപ്രവര്‍ത്തനത്തെക്കാള്‍ ആരാധനകള്‍ വര്‍ധിപ്പിക്കേണ്ട മാസമായതിനാലാണ് പൂര്‍വികര്‍ ഇത്തരത്തില്‍ ദര്‍സുകള്‍ക്ക് അവധി നല്കിയിരുന്നത്. കേരളത്തിലും മതപഠന സംവിധാനങ്ങള്‍ക്ക് അവധി നല്‍കുക പതിവാണ്.
പൂര്‍വകാല കേരളത്തില്‍ വ്യാപകമായുണ്ടായിരുന്ന വഅളുകളും മുന്‍കാലക്കാര്‍ക്കിടയിലുണ്ടായിരുന്നു. ഇമാം ഇബ്‌നുല്‍ ജൗസിക്ക്(റ) സമാന അനുഭവമുണ്ട്. രചനാ രംഗത്ത് വലിയ കഴിവ് തെളിയിച്ച മഹാനായിരുന്നു അദ്ദേഹം. ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത വാഗ്മിയായിരുന്ന അദ്ദേഹം റമളാനില്‍ പ്രഭാഷണങ്ങള്‍ നടത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് സത്യമാര്‍ഗത്തിലേക്ക് വഴിനടത്താന്‍ അദ്ദേഹത്തിന്റെ വഅളുകള്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് പേരമകന്‍ രേഖപ്പെടുത്തുന്നുണ്ട്. നിസ്‌കാരങ്ങള്‍ക്ക് ശേഷമുള്ള കര്‍മശാസ്ത്ര ക്ലാസ്സുകളും ഖുര്‍ആന്‍, ചരിത്ര പഠനവേദികളും നമ്മുടെ നാടുകളില്‍ ധാരാളമുണ്ട്. ഇവ പൊതുജെനങ്ങള്‍ക്ക് ഇസ്‌ലാമിക വിഷയങ്ങളില്‍ വലിയ പാണ്ഡിത്യമുണ്ടാകാന്‍ സാഹചര്യങ്ങളൊരുക്കുന്നു. ശ്രേഷ്ഠതയുള്ള പ്രവര്‍ത്തനമായ നോമ്പ് തുറപ്പിക്കല്‍. ലോക മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപക പ്രചാരണമുള്ളതാണിത്. ഇമാം ഹമ്മാദ് ബ്‌നു സലമ (റ) റമളാനില്‍ അഞ്ഞൂറ് ആളുകള്‍ക്ക് നോമ്പ് തുറ ഒരുക്കിയിരുന്നു. മാത്രമല്ല, പെരുന്നാളിനുള്ള വസ്ത്രവും ഓരോരുത്തര്‍ക്കും നൂറ് ദിര്‍ഹമും നല്‍കുമായിരുന്നു. ഈ മാതൃക ഇന്ന് മുസ്‌ലിം സമൂഹത്തിനിടയില്‍ വ്യാപകമാകുന്നുവെന്നത് സന്തോഷകരമാണ്.
റമളാനില്‍ അധികരിപ്പിക്കേണ്ട മറ്റൊരു പ്രവര്‍ത്തനമാണ് ഇഅ്തികാഫ്. നബി(സ്വ) അരുളി, ‘ആരെങ്കിലും റമളാനിലെ പത്തു ദിവസം ഇഅതികാഫ് ഇരുന്നാല്‍ അവന്‍ രണ്ട് ഹജ്ജും ഉംറയും ചെയ്തവനെപ്പോലെയാണ്.’ നബി ഇഅ ്തികാഫിനെ ധാരാളം മഹത്വവത്കരിച്ചതായി കാണാം. അവിടുന്ന് അവസാന പത്ത് മുഴുവനും ഇഅ്തികാഫിനായി മാറ്റിവെക്കുമായിരുന്നു. പൂര്‍വികരും അതിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഇമാം ശംസുദ്ദീന്‍ മുഹമ്മദ് അശ്ശാഫിഈ (റ), ഇമാം ഇബ്‌നു ഖാളീ ശുഹ്ബാ (റ) തുടങ്ങിയവര്‍ റമളാന്‍ മുഴുവനും പള്ളിയില്‍ ഇഅ്തികാഫിരിക്കുമായിരുന്നു. (അല്‍ബിദായ, ശദറാത്തുദ്ദഹബ്)
ഇത്തരത്തിലുള്ള റമളാനിലെ ശ്രേഷ്ഠതയേറിയ കര്‍മങ്ങള്‍ക്ക് മുന്‍കാമികള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. അതേ മാതൃകയില്‍ റമളാനെ ഉപയോഗപ്പെടുത്താന്‍നമുക്കുമാവണം. എന്നാല്‍ അത് അനുകൂലമായി സാക്ഷിനില്‍ക്കും.

Share this article

About സയ്യിദ് സല്‍മാനുല്‍ ഫാരിസ്

View all posts by സയ്യിദ് സല്‍മാനുല്‍ ഫാരിസ് →

Leave a Reply

Your email address will not be published. Required fields are marked *