കോവിഡ് കണ്‍സോള്‍

Reading Time: 2 minutes

കോവിഡ് കാലത്ത് മനുഷ്യനെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് ഭീതിയും ഒറ്റപ്പെടലും. ഇത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന വിഭാഗം പ്രവാസികളുമാണ്. ഈ അവസ്ഥയെ വ്യവസ്ഥാപിതമായും ഫലപ്രദമായും നേരിടുകയെന്നതാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോവിഡ് കണ്‍സോള്‍. വൈറസ് ബാധ പിടികൂടിയിട്ടില്ലാത്തവരെയും വര്‍ധിത തോതില്‍ ബാധിച്ച അവസ്ഥയാണ് ഭീതി. ഇത് പലരീതിയിലാണ് പ്രവാസിയെ പിടികൂടിയത്. ചുറ്റുപാടും പടരുന്ന വാര്‍ത്തകളും സഹമുറിയന്മാര്‍ക്കും അടുത്തറിയുന്നവര്‍ക്കും ഫലം പോസിറ്റീവായെന്ന് കേള്‍ക്കുമ്പോഴും ഉണ്ടായ മനസുരുക്കത്തെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ക്കാവില്ല. സാഹചര്യങ്ങളോ സമ്പര്‍ക്കമോ മൂലം അണുബാധ സ്ഥിരീകരിക്കപ്പെട്ടാലുള്ള അവസ്ഥയെ കുറിച്ച് ഓര്‍ത്ത് അവര്‍ മനസ് വെന്ത് കഴിയുന്നു. ഒപ്പം തൊഴില്‍ രംഗത്ത് നേരിട്ട പ്രതിസന്ധിയും സാമ്പത്തിക ഞെരുക്കവും ഭക്ഷണ ദൗര്‍ലഭ്യവും വീടും കുടുംബവും നാടും ജീവിതവും ഭാവിയും ഓര്‍ത്തുള്ള ബേജാറുകളും പ്രവാസിയെ എല്ലാ അര്‍ഥത്തിലും തളര്‍ത്തി. രോഗം പിടിപെട്ടാലുള്ള പരിഹാരമാര്‍ഗങ്ങളായി അനുവര്‍ത്തിക്കുന്ന ക്വാറന്റൈന്‍, ഐസലേഷന്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ തീര്‍ക്കുന്ന ഒറ്റപ്പെടല്‍ മനസിനേല്‍പ്പിച്ച ആഘാതം കടുത്തതായിരുന്നു. സഹായ സന്നദ്ധര്‍ക്ക് പോലും അടുക്കാന്‍ കഴിയാത്ത സ്ഥിതി കൂടുതല്‍ കടുത്തതാക്കി. ഇത്തരം അവസ്ഥകള്‍ ഏറിയും കുറഞ്ഞും ലോകത്ത് കോവിഡ് ബാധയേറ്റ സകല പ്രദേശങ്ങളിലും അനുഭവിക്കുന്നതാണെങ്കിലും പ്രവാസികളുടെത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഒരു മുറിയില്‍ പത്തും പതിനഞ്ചും പേര്‍ കഴിഞ്ഞു കൂടുന്ന ഗള്‍ഫ് പ്രവാസികള്‍ക്ക് വൈറസിനെതിരെ നിര്‍ദേശിക്കപ്പെട്ട മുന്‍കരുതല്‍ നടപടികളും വ്യക്തി അകലവും പോലും പാലിക്കാന്‍ കഴിയാതെ വന്നു. ഇത്തരം പാനിക് കീഷനെ ഒരളവുവരെ കൂടെ നിന്ന് മറികടക്കാന്‍ കോവിഡ് കണ്‍സോളിലൂടെ ആര്‍ എസ് സി ശ്രമിച്ചു. അംഗങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ആശ്രയമാകുക എന്ന വലിയ ദൗത്യം നിവഹിക്കുന്നതിന് വിളിച്ചങ്ങലയിലൂടെ ഓരോ അംഗത്തെയും വിളിച്ച് സ്ഥിതി അറിയുകയും വിവരങ്ങള്‍ ശേഖരിക്കുകയും ആയിരുന്നു ആദ്യം ചെയ്തത്. ഈ അന്വേഷണത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ട കാര്യങ്ങളെ കൃത്യമായി പട്ടികപ്പെടുത്തി അവയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ രേഖപെടുത്തിയും പരിഹാരം കാണേണ്ടവയുടെ മുന്‍ഗണനകള്‍ പരിഗണിച്ചുമാണ് ഗള്‍ഫ് കൗണ്‍സില്‍ ഫിറ്റ്നസ് വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സമിതിയുടെ നേതൃത്വത്തില്‍ ഇത് നിര്‍വഹിച്ചത്. വിവരണങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതിന് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഇത്തരം അവസ്ഥ അനുഭവിക്കുന്ന ആര്‍ക്കും പങ്കാളികാളാകാന്‍ കഴിയുന്ന വിധം കോവിഡ് കണ്‍സോള്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുകയാണ് അടുത്ത ഘട്ടം ചെയ്തത്. ഇങ്ങനെ 10 വാട്ട്സാപ്പ് ഗ്രൂപ്പുകളിലായി ആയിരത്തിലധികം വരുന്ന ആളുകളുമായി നേരിട്ട് സംവദിച്ചതും വിവരങ്ങള്‍ ആരാഞ്ഞും ആവശ്യമായ ഇടത്ത് ഇടപെട്ടും നീങ്ങാന്‍ ഈ ഗ്രൂപ്പുകള്‍ സഹായിച്ചു. പലപ്പോഴും അംഗങ്ങളുടെ സംശയങ്ങള്‍ക്കും ആവലാതികള്‍ക്കും മറുപടിയും പരിഹാരനിര്‍ദേശങ്ങളും നല്‍കാനാകാത്ത വിധം പങ്കുവെക്കലുകളുടെ പ്രവാഹമുണ്ട്. ഇത് പരിഹരിക്കാനും ആരോഗ്യരംഗത്തെ കൂടുതല്‍ സംശയങ്ങളെയും ആധികളെയും ആധികാരികമായി സമീപിച്ച് സമാശ്വാസം പകരാനും ഡോക്ടര്‍മാരുടെ സേവനം വാട്സാപ്പില്‍ ലഭ്യമാക്കിയുള്ള പ്രവര്‍ത്തനത്തിന് കളമൊരുക്കുകയാണ് പിന്നീട് ചെയ്തത്. നാട്ടിലെ ഇന്റഗ്രെറ്റഡ് പ്രൊഫഷനല്‍ ഫോറവുമായി (ഐപിഎഫ്) സഹകരിച്ച് ഇരുപത് സ്പെഷ്യലൈസ്ഡ് ഡോക്ടര്‍മാരെയാണ് ഇതിനായി സജ്ജമാക്കിയത്. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, ന്യുറോളജി, പാത്തോളജി, കാര്‍ഡിയോളജി, എന്റോക്രൈനോളജി, സൈക്കോളജി തുടങ്ങി എല്ലാ മേഖലയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ഈ സംവിധാനത്തിലൂടെ ഇടപെട്ടു. ഈ സേവനങ്ങള്‍ നിലവിലും തുടരുന്നു. കൂടാതെ കെയര്‍ & ഷെയര്‍ പദ്ധതിയുടെ ഭാഗമായി സന്നദ്ധരായ പ്രത്യേക വോളന്റിയേഴ്സിനെ തിരഞ്ഞെടുത്ത് ഗള്‍ഫില്‍ എല്ലാ രാജ്യങ്ങളിലും ഭക്ഷണത്തിനും മരുന്നിനും പ്രയാസപ്പെടുന്നവരെ കണ്ടെത്തി കൃത്യമായ ഇടപെടല്‍ നടത്തി. സ്ഥിരമായി മരുന്ന് കഴിക്കുന്ന നിരവധി പേര്‍ക്കാണ് ഇങ്ങനെ മരുന്ന് എത്തിക്കാനോ വിദഗ്ധ ആരോഗ്യ സംഘത്തിന്റെ നിര്‍ദേശപ്രകാരം പകരം മരുന്ന് നല്‍കാനോ കഴിഞ്ഞത്. ആര്‍ എസ് സി അംഗങ്ങളില്‍ നിന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രത്യേകം ഗ്രൂപ്പാക്കി ഈ സേവനം കാര്യക്ഷമമായി തുടരുന്നു. ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടിലായവര്‍ക്ക് അവ കൃത്യ സമയത്ത് എത്തിക്കാനും ഈ രംഗത്തെ പ്രാസ്ഥാനിക ശ്രമങ്ങളെ ഏകോപിപ്പിച്ച് സേവനം ലഭ്യമാക്കാനും ശ്രമം നടത്തി. ഭക്ഷണ കിറ്റുകള്‍ക്കൊപ്പം മാനസിക സമ്മര്‍ദം കുറക്കുന്നതിന് വേണ്ടി പ്രത്യേകം തിരഞ്ഞെടുത്ത കൗണ്‍സിലര്‍മാരുടെ സേവനവും നിരന്തരം നല്‍കി വരുന്നു. കരുതലും പങ്കുവെപ്പും പകരുന്ന ആശ്വാസം മറ്റെല്ലാത്തിനേക്കാള്‍ വലുതാണെന്ന് തെളിയിക്കുന്നതായിരുന്നു കോവിഡ് കണ്‍സോള്‍ പ്രവര്‍ത്തനങ്ങള്‍. ഫലപ്രദമായ ഇടപെടലുകളിലൂടെ പ്രയോജനപ്പെട്ടവരുടെ കണ്ണീര്‍ നനവുള്ള സന്തോഷങ്ങളും പ്രതികരണങ്ങളും പങ്കുവെപ്പും ഇത് തെളിയിക്കുന്നു. അതോടൊപ്പം ഈ കാലത്തെ മറ്റു പ്രവര്‍ത്തന പദ്ധതികളും വ്യക്തികളിലേക്ക് കേന്ദ്രീകരിച്ച് പരിഷ്‌കരിച്ചു. അത് പോലെ പ്രവാസികളുടെ ദുരിതം ശ്രദ്ധയില്‍ പെടുത്തിയും നാട്ടിലേക്ക് മടങ്ങല്‍ അത്യാവശ്യമുള്ളവരെ തിരിച്ച് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗതയെ തിരുത്താന്‍ ആവശ്യപ്പെട്ടും അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പ്രചാരണങ്ങളും മറുഭാഗത്ത് നടത്തി വരുന്നു. കൃത്യ സമയത്തെ ഒരു വാക്കിനും, ഒരു ധൈര്യപ്പെടുത്തലിനും, ഞങ്ങളുണ്ടെന്ന ഉറപ്പിനും ചെലുത്താനായ സ്വാധീനങ്ങള്‍ വലുതാണ്. അതാത് രാജ്യത്തെ സര്‍ക്കാരുകളുമായും നിയമ സംവിധാനങ്ങളുമായും ഇതര സംഘടനകളുമായും സഹകരിച്ച് മുന്നോട്ട് പോകുന്ന സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനായിട്ടില്ല എന്നതാണ് നിലവിലെ ഗള്‍ഫ് സ്ഥിതി പറഞ്ഞു തരുന്നത്. ഭീതിയിലും ഒറ്റപ്പെടലിലും അകപ്പെട്ട് എല്ലാം തീര്‍ന്നെന്ന നിരാശാവസ്ഥയെ കരുതലും പങ്കുവെപ്പും സമാശ്വാസവും കൊണ്ട് തിരിച്ച് കൊണ്ടുവരാന്‍ കഴിയുമെന്ന ഉറപ്പാണ് നമുക്കാവശ്യം. ഒപ്പം ജാഗ്രതയും.

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

Leave a Reply

Your email address will not be published. Required fields are marked *