സമയം വേദവാക്യമാണ്

Reading Time: 3 minutes

മനുഷ്യനെ നിര്‍ണയിക്കുന്ന സമയത്തെ
ചൊല്ലിയുള്ള വിവിധ ആപ്തവാക്യങ്ങളെ
പരിശോധിക്കുന്നു.

മുഹമ്മദ് ഹഖ് അദനി തൃപ്പനച്ചി

സമയം ബാക്കിയാകുന്ന ആളുകള്‍ ഇപ്പോഴുമുണ്ടാകില്ലേ? ബാക്കി ലഭിക്കുന്ന സമയത്തെ കുറിച്ചെപ്പോഴെങ്കിലും അവര്‍ ചിന്തിച്ചിട്ടുണ്ടാകില്ലേ? ബാക്കി വരുന്ന സമയത്തെ നമ്മളെങ്ങനെയാണു ചെലവഴിക്കുക? മറുപടി മനസില്‍ കുറിച്ചിട്ടു മുന്നോട്ടുപോവാം.
മനുഷ്യന്റെ ക്രയവിക്രയങ്ങള്‍ക്കും ഇടപാടുമേഖലകള്‍ക്കും അനുസരിച്ചാണ് സമയത്തിന്റെ കമ്മിയും മിച്ചവും. ലക്ഷദ്വീപ് സമൂഹത്തില്‍ വളരെ ചെറിയ ദ്വീപുകളുണ്ട്. കേവലം പതിനഞ്ചു മിനിറ്റെടുത്ത് മറുകരയിലേക്ക് നടന്നെത്താന്‍ പറ്റുന്നവ. ഇന്റര്‍നെറ്റോ മൊബൈല്‍ സംവിധാനങ്ങളോ അവിടെയില്ല. അവര്‍ക്ക് എത്ര സമയം ബാക്കിയുണ്ടാകും? മണല്‍ തിണ്ണയിലിരുന്ന് സംസാരിച്ച് സമയത്തെ അതിജയിക്കുന്ന മനുഷ്യര്‍ തീര്‍ഥാടകര്‍ക്ക് കൗതുകമാണ്. ദ്വീപുകാര്‍ക്ക് നിലനില്‍പ്പിന്റെ ഭാഗമാണത്രെ സംസാരം. നമുക്കിടയിലുമുണ്ട് അങ്ങനെ ചിലര്‍. സംസാരിച്ചും ഡിജിറ്റല്‍ ഗെയിമുകള്‍ കളിച്ചും എത്ര സമയമാണവര്‍ തള്ളിനീക്കുന്നത്? ആരോഗ്യവും തെളിഞ്ഞ ബുദ്ധിയുമുള്ളവര്‍ സമയത്തെ കൊല്ലുകയാണോ, അതോ സമയം അവരെ കൊല്ലുകയാണോ? സമയത്തിന്റെ പ്രാധാന്യവും സ്വാധീനവും തിരിച്ചറിയാത്തതാണു ഒരു പ്രശ്‌നം.
എത്ര ലഭിച്ചാലും മതിവരാത്ത, വിലമതിക്കാനാകാത്ത സമ്പത്താണ് സമയം. കാലം അടയാളപ്പെടുത്തിയ പല മനുഷ്യരെയും നമ്മള്‍ സ്മരിക്കാറില്ലേ. അവരുടെ സേവനങ്ങളെയും ഇടപാടു മേഖലകളെയും വിലയിരുത്തി അത്ഭുതപ്പെടാറില്ലേ. സമയക്രമീകരണത്തില്‍ കണിശത പുലര്‍ത്തിയവരായിരുന്നു അവര്‍.
വഴിനടക്കുമ്പോള്‍ ഒരു തേങ്ങ വന്നുവീഴുന്നു. ‘ഒരു നിമിഷം പിഴച്ചിരുന്നെങ്കില്‍!’ എന്ന് അറിയാതെ ആശ്ചര്യപ്പെടുന്നു. ഒരു മിനുറ്റ് വൈകിയതില്‍ ബസ് മിസാവുന്നു. ഇങ്ങനെ പലപ്പോഴും സെകന്റുകളെയും മിനുറ്റുകളെയും മണിക്കൂറുകളെയും വില മതിക്കാറുണ്ട് നമ്മള്‍. സമയം നദിപോലെ, ഒഴുകി കൊണ്ടേയിരിക്കുന്നു. തടയണ കെട്ടുന്നവര്‍ക്കു മുന്നില്‍ അത് മിച്ചം കാണിക്കുന്നു. ആജന്മം തുടങ്ങുന്നതല്ല സമയത്തോടുള്ള മനുഷ്യ ബന്ധം. മരണത്തില്‍ അവസാനിക്കുന്നുമില്ല. പ്രപഞ്ചസൃഷ്ടിപ്പിനെയും മനുഷ്യജീവിതത്തെയും ‘സമയബന്ധിതമായി’ വായിച്ചാല്‍ അത്ഭുതങ്ങളുടെ കലവറകള്‍ തുറക്കപ്പെടും.

ആത്മാവിന്റെ സമയം
മനുഷ്യര്‍ മൂന്ന് ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നു.
1.ശരീരത്തെ അനുഭവിക്കാത്ത ആത്മാവിന്റെ കാലം. ആലമുല്‍ അര്‍വാഹ്. ആദം നബിയെ പടച്ചതിനു ശേഷം സകല മനുഷ്യരെയും ഒരുമിപ്പിച്ച് ഞാന്‍ നിങ്ങളുടെ റബ്ബല്ലയോ എന്ന് ചോദിച്ച സന്ദര്‍ഭം ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. (7/172)
2.ആത്മാവിനെ ശരീരത്തിലേക്ക് നിക്ഷേപിക്കുന്ന ഘട്ടം. മാതാവിന്റെ ഗര്‍ഭാശയത്തിലായിരിക്കെ നാലു മാസമാകുന്നതോടെയാണ് രണ്ടാം ഘട്ടത്തിന്റെ തുടക്കം. ആലമുല്‍ അജ്‌സാദ് എന്നും ആലമുദ്ദുന്‍യാ എന്നും ഇത് അറിയപ്പെടുന്നു. ശരീരത്തെ അനുഭവിച്ചു നീങ്ങുന്ന ഒരാത്മാവിനെയാണ് ഇവിടെ കാണുന്നത്.
3. ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പിരിയുന്നതോടെ മൂന്നാം ഘട്ടത്തിലേക്ക്; ആലമുല്‍ആഖിര്‍. ശരീരത്തെ അനുഭവിച്ച ആത്മാവാണ് ഈ ഘട്ടത്തിലുള്ളത്.
ആത്മാവ് മാത്രമുള്ള രണ്ട് ലോകവും പ്രവിശാലമാണ്. ജനനത്തോടുകൂടെ ഒന്നാം ഘട്ടമവസാനിക്കുന്നു. പക്ഷേ അവസാന ഘട്ടം അനന്തമാണ്.
എവിടെയും ആത്മാവാണ് പ്രധാനം. ആത്മാവിനെ ആലമുല്‍ അര്‍വാഹില്‍ നിന്നും ആലമുല്‍ ആഖിറിലേക്ക് എത്തിക്കുന്ന വളരെ തുഛമായ സമയത്തേക്കുള്ള വാഹന സംവിധാനം മാത്രമാണ് ശരീരം. വാഹനത്തെ ദൈവേഛക്കനുസൃതമാക്കുകയാണ് പ്രധാനം. അതാണ് വിജയകാരണം.
എങ്ങനെ വിജയിക്കും?
ഇവിടെയാണ് സമയം ചര്‍ച്ചയാകുന്നത്.

സമയത്തിന്റെ ശാസ്ത്രം
സംഭവങ്ങളുടെ ക്രമത്തേയും അവ തമ്മിലുള്ള ഇടവേളകളെയും സൂചിപ്പിക്കുന്ന അളവാണ് കാലം/സമയം. സമയം അളക്കാന്‍ ദിവസവും മാസവും വര്‍ഷവുമുണ്ട്. ക്ലോക്കുകളും കലണ്ടറുമുണ്ട്. സമയം നിര്‍ണിതമാകുന്നത് സാഹചര്യങ്ങള്‍ക്കും മാനസിക സമീപനങ്ങള്‍ക്കുമനുസരിച്ചാണ്. സമയം ഒട്ടും മുന്നോട്ടു പോകാതെയും സമയം അതിവേഗം കുതിക്കുന്നതായും അനുഭവപ്പെടുന്നു.
സമയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ബിഗ് ബാങ് എന്ന മഹാവിസ്‌ഫോടനത്തോടെയാണ് എന്നാണ് ശാസ്ത്രത്തിന്റെ അറിവ്. ദ്രവ്യം ഇല്ലാതെ സമയം ഉണ്ടാവില്ല എന്ന ആശയമാണ് ഇതിന്റെ അടിസ്ഥാനം. പദാര്‍ഥലോകത്തിനപ്പുറം സമയമെന്ന സങ്കല്‍പം തന്നെയില്ല എന്ന് ശാസ്ത്രം വ്യക്തമാക്കുന്നു. ഇതനുസരിച്ച് പ്രപഞ്ചത്തിന് 1400 കോടി വര്‍ഷം മാത്രമാണ് പ്രായം കണക്കാക്കപ്പെടുന്നത്.
പുരാതന ഉപനിഷത്തുകളും വേദവാക്യങ്ങും സമയത്തെ ദൈവികമായിട്ടാണ് അവതരിപ്പിക്കുന്നത്.
‘സമയത്തെ വിഭജിച്ചു നല്‍കുന്നവനാണ് ഈശ്വരന്‍.’
– ഈശാവാസ്യ ഉപനിഷത്ത്.
‘ലോകത്തെ സംഹരിക്കുന്ന കാലമാണ് ഈശ്വരന്‍.’
– ഭഗവത് ഗീത.
‘പ്രാപഞ്ചിക സൃഷ്ടിപ്പിന്റെ അടിസ്ഥാനവും മര്‍മപ്രധാനവുമായ ഘടകമാണ് സമയം.’ എന്നാണ് സമയത്തിന്റെ സങ്കീര്‍ണതകളെ പരീക്ഷിച്ചറിഞ്ഞ ആധുനിക ശാസ്ത്രജ്ഞരില്‍ പ്രധാനിയായിരുന്ന സ്റ്റീഫന്‍ ഹോക്കിംഗ് പറയുന്നത്.
സമയത്തെ പ്രതിയുള്ള നിരീക്ഷണങ്ങള്‍ പ്രപഞ്ചത്തിന്റെ സ്വയംഭൂവിനപ്പുറം ദൈവീക സ്പര്‍ശത്തിന്റെ യഥാര്‍ഥ്യങ്ങളിലേക്ക് പല ശാസ്ത്രജ്ഞരെയും എത്തിച്ചിട്ടുണ്ട്. പ്രശസ്ത ഭ്രൂണ ഡോക്ടര്‍ റോബര്‍ട്ട് ഗില്‍ഹം (ഞീയലൃ േഏൗശഹവമാ) മതവിശ്വാസിയായത് സ്ത്രീയുടെ ഇദ്ദ കാലത്തെ കുറിച്ചുള്ള ഇസ്‌ലാം പാഠങ്ങളിലൂടെയാണ്.
അമേരിക്കയിലെ ഐന്‍സ്റ്റീന്‍ ഗവേഷണശാലയിലെ മുതിര്‍ന്ന ഗവേഷകനായ ഗില്‍ ഹം, പുരഷനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയുടെ ശരീരത്തില്‍ നിന്നും പുരുഷബീജാണുക്കള്‍ പുറംതള്ളപ്പെടുന്നത് ആര്‍ത്തവത്തിലൂടെയാണെന്നും ഒന്നാം ആര്‍ത്തവത്തിലൂടെ 30-35 ശതമാനവും പുറത്തു കടക്കുന്നുവെന്നും തുടര്‍ന്നുള്ള രണ്ട് ആര്‍ത്തവത്തിലൂടെ പൂര്‍ണമായും സ്ത്രീ ശരീരം ബീജാണു മുക്തമാകുന്നുവെന്നും കണ്ടെത്തി. ഇതിനു ശേഷമല്ലാതെ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ചില ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് റോബര്‍ട്ട് ഗില്‍ഹം നിരീക്ഷിക്കുന്നു.

ഇസ്‌ലാമില്‍
സമയം അല്ലാഹുവിന്റെ സൃഷ്ടിയാണ്. സൂര്യനും ചന്ദ്രനും ഭൂമിയും പോലെ, അവകളുടെ ഭ്രമണ – പരിക്രമണങ്ങളിലൂടെ അല്ലാഹു സംവിധാനിച്ച അത്ഭുത സൃഷ്ടിയാണ് സമയം.
അള്ളാഹു പക്ഷേ തുടക്കമോ ഒടുക്കമോ ഇല്ലാത്ത, സമയത്തിനും സ്ഥലത്തിനും അധീതനാണ്. ‘സൂര്യനും ചന്ദ്രനും കൃത്യമായ ഭ്രമണപഥങ്ങളിലൂടെ മാത്രമേ സഞ്ചരിക്കുന്നൊള്ളൂ.’ (13:2) നിങ്ങള്‍ക്ക് കൊല്ലവും കണക്കും അറിയുന്നതിന് വേണ്ടി ഋതുഭേദങ്ങളെയും രാപകലുകളുടെ വ്യതിയാനങ്ങളെയും അല്ലാഹു സംവിധാനിച്ചു.
മനുഷ്യന്റെ നിലനില്‍പ്പും ആയുസും സമയം എന്ന പോഷകത്തില്‍ നിര്‍ണിതമാണ്. അശ്രദ്ധമാകുന്നതിലൂടെ വന്‍ നഷ്ടങ്ങള്‍ വരുത്തുന്ന സമയത്തെ കുറിച്ച് ഇസ്‌ലാം നിരന്തരം ഓര്‍മിപ്പിക്കുന്നുണ്ട്. ആരോഗ്യത്തെ കുറിച്ചും ഒഴിവു സമയത്തെ കുറിച്ചും പ്രവാചകന്‍ ഓര്‍മപ്പെടുത്തിയത് മനുഷ്യന്‍ ചതിയില്‍ പെടുന്ന രണ്ട് അനുഗ്രഹങ്ങള്‍ എന്നാണ്. (ബുഖാരി – 6412)
അന്ത്യനാളില്‍ നിന്റെ ആരോഗ്യവും സമയവും എന്തിനു വേണ്ടി ഉപയോഗിച്ചു എന്ന ചോദ്യം മറികടക്കാതെ ഒരാള്‍ക്കും വിചാരണ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്ന് മറ്റൊരു ഹദീസ് (ത്വബറാനി). സമയത്തെ സുത്യര്‍ഹമായി വിനിയോഗിച്ചവര്‍ക്ക് രക്ഷ.
കാലത്തെയും സമയത്തെയും സാക്ഷിനിര്‍ത്തിയും സത്യം ചെയ്തും ധാരാളം പരാമര്‍ശം കാണാം. ‘പ്രദോഷം തന്നെ സത്യം, പ്രഭാതം തന്നെയാണ് സത്യം, പൂര്‍വാഹ്നത്തെയാണ് ( ളുഹാ സമയം) സത്യം..’
കാലത്തെ സാക്ഷി നിര്‍ത്തി അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും മനുഷ്യസമൂഹം പരാജയത്തിലാണ്.’ മനുഷ്യന്റെ ജയ -പരാജയങ്ങള്‍ക്ക് സമയവുമായുള്ള ബന്ധമാണ് പ്രസ്തുത സൂക്തം സൂചിപ്പിക്കുന്നത്. മനുഷ്യ കഴിവുകള്‍ക്കധീതമാണ് സമയം. സമയത്തെ പിടിച്ചു വെക്കാനോ വലിച്ചു നീട്ടാനോ മനുഷ്യനു കഴിയില്ല. പക്ഷേ ലഭിക്കുന്ന സമയത്തെ ഏറ്റവും മികച്ച മാര്‍ഗത്തില്‍ ഉപയോഗിക്കുന്നതിലൂടെ വിജയിക്കാനാകും.
‘കാലഘട്ടം മോശമാണെന്നും സമയം ശരിയല്ലയെന്നും പലരും പറയാറുണ്ട്. യഥാര്‍ഥത്തില്‍ നമ്മള്‍ ആ കാലത്ത് ജീവിക്കുന്നു എന്നതിനപ്പുറം കാലത്തിന് ഒരു കുറവുമില്ല. (ഇമാം ശാഫിഈ) ‘സമയം അല്ലാഹുവില്‍ നിന്നുള്ളതാണ്. അതിനെ ശകാരിക്കരുത്.’ സ്വഹീഹ് മുസ്‌ലിമിലെ ഈ ഹദീസ് വിശ്വാസത്തിന്റെ ഭാഗമായാണ് സമയത്തെയും ഇസ്‌ലാം കാണുന്നത് എന്ന് സൂചിപ്പിക്കുന്നു. ഹസനുല്‍ ബസ്വരി (റ) പറയുന്നു: ‘ഓരോ ദിവസവും പിറക്കുമ്പോള്‍ ആകാശത്തു നിന്ന് വിളിച്ചു പറയും ആദമിന്റെ മക്കളേ ഞാനൊരു പുതിയ സൃഷ്ടിയാണ്. സത്കര്‍മങ്ങളിലൂടെ എന്നെ വറുതിയിലാക്കുക. പുനരുത്ഥാന നാള്‍ വരെ പിന്നെ ഞാന്‍ ഉണ്ടാവില്ല.’
നബി(സ്വ) പറയുന്നു: എന്റെ ഉമ്മത്തിന്റെ ആയുസ് അറുപതിന്റെയും എഴുപതിന്റെയും ഇടയിലാണ്(തുര്‍മുദി -2331). ജീവിതത്തിന്റെ മൂന്നില്‍ ഒന്നും നാം ഉറക്കത്തില്‍. പതിനഞ്ചു വര്‍ഷം കുട്ടിത്തം. ബാക്കിയുള്ളത് ഇരുപഞ്ച് വര്‍ഷം മാത്രം! അതില്‍ തന്നെ എത്ര ഇടപാടുകള്‍! എത്ര ഇടപെടലുകള്‍!
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: ‘അറുപത് കൊല്ലം ആയുസ് പിന്തിച്ച് കൊടുത്തവന്റെ ഒഴികഴിവ് പറയല്‍ അല്ലാഹു സ്വീകരിക്കുകയില്ല’.
മുന്‍കാല സമൂഹങ്ങളില്‍ നിന്നും വ്യത്യസ്തമായി കുറഞ്ഞ ആയുസ് മാത്രമാണ് മുഹമ്മദ് നബിയുടെ ഉമ്മത്തിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ മുന്‍ഗാമികള്‍ക്കാര്‍ക്കും നല്‍കാത്ത ‘പവിത്രമായ സമയങ്ങളും’ ‘പവിത്രമായ ആരാധനകളും’ നല്‍കി നമ്മെ അല്ലാഹു അനുഗ്രഹിച്ചു. ചില സ്ഥലങ്ങളെയും സമയങ്ങളെയും അല്ലാഹു പവിത്രമാക്കിയിട്ടുണ്ട്. സൃഷ്ടിപ്പിനര്‍ഹമായവനു മാത്രമുള്ള അവകാശമാണത്.

Share this article

About മുഹമ്മദ് ഹഖ് അദനി തൃപ്പനച്ചി

View all posts by മുഹമ്മദ് ഹഖ് അദനി തൃപ്പനച്ചി →

Leave a Reply

Your email address will not be published. Required fields are marked *