ശൂന്യമായി വിശുദ്ധ ഹറമുകള്‍ ഭീതിയില്‍ വിശന്ന നഗരങ്ങള്‍

Reading Time: 4 minutes

വിശുദ്ധ ഹറമുകളും ഗള്‍ഫിലെ ദുബൈ ഉള്‍പ്പെടെയുള്ള
നഗരങ്ങളും കോവിഡ് കാലത്ത് ശൂന്യമായി. രോഗഭീതിയില്‍
വിശന്നു വലഞ്ഞ മനുഷ്യാനുഭവങ്ങള്‍.

സല്‍മാന്‍ വെങ്ങളം, ഫൈസല്‍ സി എ, സുഹൈല്‍ കുറ്റ്യാടി

ഭക്തിയുടെ റമളാന്‍ വിശുദ്ധിയില്‍ പ്രാര്‍ഥനകളാല്‍ തിങ്ങിനിറയുന്ന മക്കത്തുല്‍ മുകര്‍റമ ഇക്കുറി വിജനമാണ്. റമളാനില്‍ ഹറമുകളില്‍ കഴിയാന്‍ കരുതിയുറച്ച് ലോകത്തിന്റെ നാനാദിക്കുകളില്‍നിന്നുമെത്തുന്ന ഹൃദയങ്ങളുടെ തേങ്ങല്‍ ഏറ്റുവാങ്ങി കഅ്ബ കരയുന്നുണ്ടാകണം. റമളാനിലെ ഹറമും പരിസരവും പതിവിലധികം ജനനിബിഡവും ആവേശജനകവുമാകലാണ് പതിവ്. ഹോട്ടലുകളും ലോഡ്ജുകളും നിറഞ്ഞു കവിയും. സ്വദേശികളും വിദേശികളുമായി പതിനായിരങ്ങളെത്തും. വഴിയോരങ്ങള്‍ നിറയെ കച്ചവടങ്ങള്‍, അലങ്കാരങ്ങള്‍.. ഹറമില്‍ നോമ്പു തുറക്കാനെത്തുന്നവര്‍ മസ്ജിദുല്‍ ഹറമിന്റെ ചുറ്റും ഭവ്യതയോടെ ഇരുന്നു തസ്ബീഹ് ചൊല്ലും. ലക്ഷങ്ങള്‍ മഗ്‌രിബ് ബാങ്കിനായി കാതോര്‍ക്കും. വിശ്വാസികളെ നോമ്പു തുറപ്പിക്കാന്‍ മക്കക്കാര്‍ തിരക്കുകൂട്ടും. ഇഫ്താര്‍ സുപ്രകളില്‍ വിശ്വമാനവികതയുടെ പ്രാര്‍ഥനാ മന്ത്രങ്ങളുണരും. പക്ഷേ ഇപ്പോള്‍ ഹറം നിശബ്ദമാണ്, നൂറ്റാണ്ട് ഏറ്റുവാങ്ങുന്ന മഹാമാരിയുടെ ഭീതിയില്‍.
കോവിഡ് 19 നുമായി ബന്ധപ്പെട്ടു സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ശക്തമായ മുന്‍കരുതലാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഹറമുകളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഹൃദയം പിളര്‍ക്കുന്ന ശൂന്യത കാണായത്. നിത്യേന കോവിഡ് 19 കേസുകള്‍ ഉയര്‍ന്നു വന്നു. ഹറം പരിസരത്തെ മിസ്ഫല അജ്‌യാദ്, ജബല്‍ കഅ്ബ, ഗസ്സ, തുടങ്ങിയ ഏരിയയില്‍ കര്‍ശനമായ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതോടൊപ്പം വിശുദ്ധ ഹറമിലേക്ക് സമീപ പ്രദേശങ്ങളില്‍നിന്നുപോലും പ്രവേശം വിലക്കി. ഹറമിന്റെ ചുറ്റുപാടുമുള്ള ഉപജീവനം നടത്തുന്ന സ്വദേശികളെയും വിദേശികളെയും കോവിഡ് കാലം ദുരിതത്തിലാക്കി. നോമ്പുകാലത്തു യഥേഷ്ടം ഭക്ഷണം ലഭിച്ചിരുന്നവര്‍ ഇപ്പോള്‍ വിശപ്പടക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ വിളിക്കേണ്ട സ്ഥിതിയായി.
നിരവധി പ്രവാസികളുടെ ആശ്രയമായിരുന്നു റമളാനിലെ ഡ്യൂട്ടി. ജോലിഭാരവും സമയ ദൈര്‍ഘ്യവും ഉണ്ടെങ്കിലും കൂടുതല്‍ വേതനം പ്രതീക്ഷയായിരുന്നു. ഒരു വര്‍ഷത്തെ ബാധ്യതകള്‍ തീര്‍ത്തിരുന്നത് റമളാന്‍ ജോലികൊണ്ടായിരുന്നു പലരും. ഹറം മുറ്റത്തെ പ്രാവുകള്‍ പോലും തീറ്റ കിട്ടാതെ വിഷമിച്ചു. പുറത്ത് രോഗബാധിതരും ക്വാറന്റൈനില്‍ കഴിയേണ്ടിവന്നതും നന്നേ വിഷമിച്ചു. ചീറിപ്പായുന്ന ആംബുലന്‍സുകള്‍, ഓരോ മുക്കുമൂലകളിലും വിന്യസിക്കപ്പെട്ട രക്ഷാസേനകള്‍ക്കും നടുവില്‍ അടുത്തെത്തി നില്‍ക്കുന്ന അണുബാധയെ ഭയന്ന് ചുറ്റുപാടുകളില്‍നിന്ന് മരണ വാര്‍ത്തകളും അസുഖ വിവരങ്ങളും കേട്ട് ഭയന്നു കഴിയുകയായിരുന്നു മക്കയിലെ മലയാളികളും.

ദോഹയിലെ വിഭ്രാന്തി
ഗള്‍ഫുനാടുകളില്‍ പതിവിനു വിപരീതമായി നാട്ടിലെ ആവശ്യങ്ങള്‍ക്ക് കൈതാങ്ങാവാന്‍ ഓടി നടക്കുന്നതിലുമധികം തങ്ങള്‍ക്കിടയില്‍ തന്നെയുള്ള കൂട്ടുകാരുടെ കഷ്ടതകള്‍ നേരിട്ടറിയാനും അടിസ്ഥാന അടിയന്തിര ആവശ്യങ്ങളെങ്കിലും നിറവേറ്റിക്കൊടുക്കാനുമായി സന്നദ്ധ പ്രവര്‍ത്തകര്‍ രാവും പകലും കഷ്ടപ്പെടുന്ന ദിവസങ്ങളിലൂടെ കൊറോണക്കാലം കൊണ്ടുപോകുന്നത്. ജോലിയും കച്ചവടങ്ങളും മുടങ്ങി ഭക്ഷണത്തിനുപോലും വകയില്ലാതെ കുടുങ്ങിയവരുടെ ദുരിതങ്ങള്‍ കേട്ടറിഞ്ഞതിലുമപ്പുറമാണ്. തൊഴിലന്വേഷകരായും മറ്റാവശ്യങ്ങള്‍ക്കുമായി വിസിറ്റ് വിസയില്‍ വന്ന് കുടുങ്ങിയവരും ഫാമിലികളും ഇക്കൂട്ടത്തിലുണ്ട്.
സ്വന്തമായി കഫ്തീരിയ നടത്തിക്കൊണ്ടിരുന്ന ഏതാനും പേര്‍ കടപൂട്ടി റൂമില്‍ അകപ്പെട്ട് കഷ്ടത്തിലാണെന്നറിഞ്ഞ് ഭക്ഷണസാധനങ്ങളുമായി ചെല്ലുമ്പോള്‍ ഞങ്ങളെയും കാത്ത് ഗേറ്റിന് പുറത്തുവന്ന് കൂട്ടമായി കാത്തുനില്‍ക്കുന്നവരുടെ ദൈന്യത എഴുത്തില്‍ വിവരിക്കാവുന്നതല്ല. ഖത്വറില്‍ പുതുതായി വന്ന ചെറുപ്പക്കാരന്‍ പ്രയാസപ്പെടുന്നവിവരം സുഹൃത്ത് വാട്‌സാപ്പിലാണ് അറിയിച്ചത്. ഭക്ഷണകിറ്റു കൊണ്ടുവരുന്നതു കണ്ടമാത്രയില്‍ ഓടിവന്ന് കൈപ്പറ്റി. ഉടന്‍ ഫോണെടുത്ത് നാട്ടിലേക്ക് വിളിച്ച്, ഉമ്മാ.. ശാപ്പാടിനുള്ള വകയായി എന്ന് ആഹ്ലാദത്തോടെ പറയുന്നത് കണ്ടു. ഉള്ളുവിറച്ചു, ആ കുട്ടി അല്‍പം ഭക്ഷണത്തിന് എന്തുമാത്രം കാത്തിരുന്നിരിക്കണമെന്നോര്‍ത്ത്. നാട്ടുകാരനിലൊരാള്‍ കോവിഡ് ബാധിച്ച് പ്രയാസത്തിലാണെന്നും ചികിത്സ കിട്ടാന്‍ ഇടപെടണമെന്നുമുള്ള മറ്റൊരു വിളികിട്ടി. വിളിച്ചപ്പോള്‍ കൊറോണക്കാലത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ച റസ്റ്റോറന്റിലെ ജോലിക്കാരനാണ് ആ 38കാരന്‍. നാട്ടുകാരനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് സന്തോഷവും ആശ്വാസവും. രണ്ടു തവണ ആംബുലന്‍സ് വരുത്തി ഹോസ്പിറ്റലില്‍ പോയി ടെസ്റ്റു നടത്തി. നഗറ്റീവായിരുന്നു ഫലമെന്നു മനസിലാക്കി. പക്ഷേ കോവിഡ് പേടിച്ചു മാനസിക വിഭ്രാന്തി കാരണം ഉറക്കം നഷ്ടപ്പെട്ടതായിരുന്നു പ്രശ്‌നം. ടീമംഗങ്ങള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കൊച്ചു കുട്ടിയെപ്പോലെ പലതും പറഞ്ഞു കരയുകയായിരുന്നു. ഒടുവില്‍ ഹോസ്പിറ്റലിലെ പരിചയക്കാരന്റെ സ്വാധീനത്തില്‍ ഒരിക്കല്‍ കൂടി കോവിഡ് പരിശോധന നടത്തി നെഗറ്റീവ് റിസല്‍ട്ട് സ്വന്തം ഫോണിലേക്ക് സന്ദേശമായി എത്തിയതോടെയാണ് അദ്ദേഹം സാധാരണ സ്ഥിതിയിലേക്ക് മടങ്ങിയത്.

ദുബൈ ദേര നായിഫ്
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ദുബൈയിലെ ദേര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രോഗഭീതിയുടെ വ്യാപനം വളരെ വലുതായിരുന്നു. രോഗവ്യാപനം തടയാന്‍ ഗവണ്‍മെന്റ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ മാളുകളും മസ്ജിദുകളും പൂര്‍ണമായും പൂട്ടിയിട്ടു. കടകളും കമ്പനികളും ഭാഗികമായോ പൂര്‍ണമായോ അടഞ്ഞുകിടന്നു. പാതിരാവിലും വിജനമാകാത്ത തെരുവുകള്‍ തരിമ്പുപോലും മനുഷ്യമണമില്ലാതെ നിലച്ചുപോയി. മണിക്കൂറുകളോളം അലഞ്ഞാല്‍ പോലും കിട്ടാറില്ലാത്ത പാര്‍ക്കിംഗ് സേ്‌ളാട്ടുകള്‍ ആവശ്യക്കാരില്ലാതെ തനിച്ചുകിടന്നു.
രോഗത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗത്തെക്കുറിച്ചും തുടക്കം മുതലേ ആരോഗ്യ-പ്രതിരോധ മന്ത്രാലയങ്ങള്‍ ജനങ്ങളെ ബോധവത്കരിച്ചുകൊണ്ടിരുന്നു. മരുന്ന് കണ്ടുപിടിക്കാത്ത ഈ രോഗത്തെ ചെറുക്കാന്‍ സുരക്ഷിതസ്ഥലത്ത് ശുചിത്വത്തോടെ കഴിയാന്‍ നിരന്തരം നിര്‍ദേശിച്ചുകൊണ്ടിരിക്കുന്നു. പോലീസ് വാഹനങ്ങളിലൂടെ മലയാളം ഉള്‍പ്പെടെയുള്ള വ്യത്യസ്ത ഭാഷകളില്‍ വീട്ടില്‍ ഇരിക്കൂവെന്ന് ഉണര്‍ത്തിക്കൊണ്ടിരുന്നു. നായിഫ് പോലെയുള്ള പ്രദേശത്തുനിന്ന് കോവിഡിനെ തുരത്തി ഒരൊറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥിതിയിലേക്ക് കൊണ്ടെത്തിച്ച സമാനതകളില്ലാത്ത നേട്ടത്തിന്റെ നെറുകയിലാണ് യുഎഇയും ദുബൈയും ഇന്നുള്ളത്.
മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അബ്ദുറഹീം പുകയൂര്‍ പറഞ്ഞതിങ്ങനെയാണ്, ‘മാര്‍ച്ച് പകുതിക്കുശേഷം ക്ലിനിക്കുകളില്‍ ജനങ്ങളുടെ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. കാലാവസ്ഥാ വ്യതിയാനം മൂലമോ മറ്റോ സാധാരണയായി അനുഭവപ്പെടുന്ന ചുമ, പനി, ജലദോഷം, തലവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ പോലും കോവിഡ് ബാധയുടെ ഭാഗമാണോയെന്ന വിചാരം ജനങ്ങളില്‍ കൊടുമ്പിരികൊണ്ടിരുന്നു. ഇതാണ് ക്ലിനിക്കുകളിലേക്കുള്ള തള്ളിക്കയറ്റത്തിനു കാരണമാക്കിയത്.’
പ്രവാസികളില്‍ അധികപേരും ഒന്നിച്ചു വസിക്കുന്ന ബാച്ചിലര്‍റൂമുകളില്‍ സാമൂഹിക അകലം പാലിക്കുന്നതിനു പരിമിതികളുണ്ട്. എട്ടും പത്തും അതിലധികവും ആളുകള്‍ താമസിക്കുന്ന ബാച്ചിലര്‍ റൂമുകളില്‍ അനുഭവപ്പെടുന്ന നിസഹായത ഓരോരുത്തരുടെയും മനസില്‍ ഉണ്ടാക്കിയ സംഘര്‍ഷം ചെറുതല്ല. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെട്ട രോഗബാധിതരുടെ വേദനകളും വാര്‍ത്തകളിലൂടെ അറിഞ്ഞ മരണനിരക്കിന്റെ ഉയര്‍ച്ചയും ജനങ്ങളില്‍ ഭയത്തിന്റെ ആക്കം കൂട്ടി.
ബാച്ചിലര്‍ റൂമുകളിലും കെട്ടിടങ്ങളിലും പുതിയ ആളുകള്‍ക്ക് താമസം അനുവദിക്കുന്നതുപോയിട്ട് സന്ദര്‍ശകരെ പോലും കയറ്റാതെയായി. എന്നാല്‍ രോഗം പടരുന്ന ദുബൈയുടെ ചില പ്രദേശങ്ങളില്‍നിന്ന് നേരത്തേത്തന്നെ ചിലര്‍ മറ്റു എമിറേറ്റുകളിലേക്ക് താമസം മാറിയിരുന്നു. പേടിച്ചു പുറത്തുപോകാതെ റൂമില്‍തന്നെ കഴിയേണ്ടിവരുമ്പോഴും കൂടെ താമസിക്കുന്ന ജോലിയുള്ളവരോട് പുറത്തുപോകേണ്ടെന്നു പറയാന്‍ കഴിയാത്ത നിസഹായ അവസ്ഥയായിരുന്നു. പുറത്തുപോകുന്നവരില്‍തന്നെ കൃത്യമായ സുരക്ഷാസംവിധാനങ്ങള്‍ ധരിക്കാതെ ‘എനിക്കൊന്നും ഇതു പിടിപെടില്ല’ എന്ന തരത്തിലുള്ള സമീപനമുള്ളവര്‍ മറ്റുള്ളവരെ ശരിക്കും കുഴക്കി.

ബാച്ചിലര്‍ റൂമുകള്‍
രോഗം സ്ഥിരീകരിച്ചെന്ന വിവരം ഞെട്ടലോടെ അറിഞ്ഞാല്‍ തന്റെ റൂമില്‍ ഇതെങ്ങനെ അവതരിപ്പിക്കുമെന്നറിയാതെ പലരും വിഷമിച്ചു. പലപ്പോഴും രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ റൂമില്‍ തന്നെ ദിവസങ്ങളോളം കഴിയേണ്ടി വരുന്ന അവസ്ഥയാണ്. അതുവരെ കിച്ചണും ബാത്ത്‌റൂമുമൊക്കെ ഷെയര്‍ ചെയ്തുകൊണ്ട് ശ്വാസം അടക്കിപ്പിടിച്ചാണ് രോഗിയും കൂടെയുള്ളവരും കഴിയുന്നത്. രോഗം ബാധിച്ചവരില്‍നിന്ന് മറ്റുള്ളവര്‍ സ്വാഭാവികമായി പാലിക്കുന്ന അകലവും അവരോടുള്ള മനോഭാവത്തിലെ വ്യതിയാനവും തെല്ലൊന്നുമല്ല രോഗികളെ മാനസികമായി തളര്‍ത്തുന്നത്. കോവിഡ് ബാധിച്ചു ആശുപത്രിയില്‍ കഴിയുന്ന ഒരാള്‍ സങ്കടത്തോടെ പറഞ്ഞുതീര്‍ത്തതിങ്ങനെയാണ്. ‘രോഗം പിടിപെട്ടുവെന്നറിഞ്ഞു ജീവിതത്തില്‍ ഇതുവരെ ബന്ധപ്പെടാത്തവര്‍ പോലും വാട്‌സാപ്പ് വഴിയും മറ്റും അന്വേഷണത്തിനുവന്നു. നാട്ടിലെ കുടുംബം അറിഞ്ഞാല്‍ ഉണ്ടാകുന്ന വിഷമം പോലും ഓര്‍ക്കാതെ ഇത്തരക്കാര്‍ നാട്ടിലെ പൊതുഗ്രൂപ്പുകളില്‍പോലും രോഗബാധിതനായ തന്റെ വിവരങ്ങള്‍ ഷെയര്‍ ചെയ്തു’.
തന്റെ റൂമില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍ ഉള്ളതുകൊണ്ട് ബാല്‍കണിയില്‍ ഇരുന്നു കരഞ്ഞുകൊണ്ട് നേരം വെളുപ്പിച്ച തരത്തിലുള്ള സമാനമായ അനുഭവങ്ങള്‍ സാധാരണയായിരിക്കുന്നു. തൊട്ടുരുമ്മി സഹവസിച്ചിരുന്നവര്‍ക്ക് രോഗം പിടിപെട്ടതുകൊണ്ട് തങ്ങള്‍ക്കുകൂടി രോഗം പിടിപെട്ടിട്ടുണ്ടോയെന്ന ഉള്‍ഭയം കോവിഡ് ടെസ്റ്റ് ചെയ്യാന്‍ എല്ലാവരെയും നിര്‍ബന്ധിതരാക്കുന്നു.

ഫാമിലി/വിസിറ്റ് വിസക്കാര്‍
ഫാമിലിയായി താമസിക്കുന്നവരില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് വാടക നല്‍കാന്‍ കഴിയാതെ കഷ്ടപ്പെടുന്നു. അങ്ങനെയുള്ളവര്‍ക്ക് അടുപ്പ് പുകക്കാന്‍ പോലും കഴിയാതെയായിരിക്കുന്നു. ഫീസ് അടക്കാത്തതുമൂലം കുട്ടികള്‍ക്ക് സ്‌കൂള്‍ ഇ-വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഷെയറിംഗ് താമസത്തിലുള്ള ഫാമിലിയിലെ ഭര്‍ത്താവിന് രോഗം സ്ഥിരീകരിച്ചതുകൊണ്ട് റൂമില്‍നിന്ന് ഇറക്കിവിട്ട ഭാര്യയും കുഞ്ഞും താമസമന്വേഷിച്ചു അവസാനം ഹോട്ടലിലേക്ക് മാറേണ്ടിവന്ന ദുരവസ്ഥയുണ്ടായി. ഭര്‍ത്താവ് ആശുപത്രിയിലായതുമൂലം പല ഭാര്യമാരും കുട്ടികളോടൊപ്പം ആവലാതിയോടെ ഒറ്റപ്പെട്ടു കഴിയുകയാണ്. ഒരു മാസത്തിനും രണ്ടു മാസത്തിനും ഫാമിലിയെ കൊണ്ടുവന്നവര്‍ അവരെ നാട്ടിലേക്ക് തിരിച്ചുവിടാന്‍ കഴിയാനാകാതെ ബഡ്ജറ്റില്‍ ഇല്ലാത്ത അധിക വാടക ഓരോ മാസവും നല്‍കേണ്ടിവരുന്നു. ജോലി ആവശ്യാര്‍ഥം വിസിറ്റ് വിസയില്‍ വന്നു ജോലി ആകാതെ റൂമുകളില്‍ കഴിയുന്ന അനവധി പേര്‍ റൂമിന്റെ വാടകയും മെസ്സിന്റെ ബില്ലും നല്‍കാനാകാതെ ദുരിതത്തിലാണ്.

വിശപ്പിന്റെ വിളി
സുരക്ഷാ നടപടിയുടെ ഭാഗമായി പല കെട്ടിടങ്ങളും അധികാരികള്‍ അടച്ചതോടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം നിലച്ചു. ഭക്ഷണം പാകം ചെയ്യാന്‍ സൗകര്യമില്ലാത്ത റൂമുകള്‍ക്ക് ഹോട്ടലുകളെ ആശ്രയിക്കാന്‍ കഴിയാതെയായി. രോഗം സ്ഥിരീകരിച്ച റൂമുകളിലേക്ക് ഭക്ഷണം ഡെലിവറി ചെയ്യാന്‍ ഷോപ്പുകള്‍ വിസമ്മതിച്ചു. ലോക്ക് ഡൗണ്‍ ചെയ്ത പ്രദേശങ്ങളില്‍ പൈസ ഉള്ളവനും ഇല്ലാത്തവനും സമമായി. ഒരോനേരവും ഭക്ഷണത്തിനുവേണ്ടി ജനങ്ങള്‍ വരിനില്‍ക്കുന്ന കാഴ്ച വേദനാജനകമായിരുന്നു. ദിനേന നൂറുകണക്കിനു ഭക്ഷണമാണ് മൂന്നുനേരവും എല്ലാവര്‍ക്കുമായി ഗവണ്‍മെന്റ് തയാറാക്കിയത്. ദുബൈപോലീസിന്റെ പ്രത്യേക യൂണിഫോം ധരിച്ചുകൊണ്ട് വിവിധ സംഘടനകളുടെ കീഴിലായി ഈ ഭക്ഷണം വിതരണം ചെയ്യാന്‍ സന്നദ്ധസേവകര്‍ കര്‍മനിരതമായിരുന്നു.
സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ പ്രയാസമനുഭവിക്കുന്ന ബാച്ചിലര്‍ റൂമുകളിലും ഫാമിലിറൂമുകളിലും ഭക്ഷണവും അവശ്യസാധനങ്ങളുടെ കിറ്റും എത്തിച്ചു കൊണ്ടിരിക്കുന്നു. ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കുമ്പോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെ കണ്ണില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്ന ദയനീയതയും കണ്ണുനീര്‍ തുള്ളികളോടെ ലഭിക്കുന്ന പ്രാര്‍ഥനയുമാണ് സന്നദ്ധസേവകരെ ഈ ഭീതിക്കിടയിലും മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

തൊഴിലും കുടുംബവും
നിശ്ചിത ശതമാനം തൊഴിലാളികളെ വെച്ചുമാത്രമേ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന നിയന്ത്രണം ഭൂരിപക്ഷം പ്രവാസികളുടെയും ജോലിയെ സാരമായി ബാധിച്ചു. ശമ്പളം കുറച്ചും പൂര്‍ണമായും നിഷേധിച്ചും അറിയിപ്പുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ചില കമ്പനികള്‍ വാര്‍ഷിക അവധിയുള്ളവരോട് അതിലേക്ക് പ്രവേശിക്കാന്‍ അറിയിച്ചു. വിമാന സര്‍വീസുകള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ നാട്ടിലേക്ക് പോകാന്‍ നിര്‍ദേശിക്കപ്പെട്ടവരും കുറവല്ല. ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങള്‍ സംരംഭകര്‍ക്ക് വരുത്തിയ നഷ്ടം എണ്ണിത്തിട്ടപ്പെടുത്താവതല്ല.
നാട്ടിലുള്ള കുടുംബക്കാര്‍ക്ക് പ്രവാസിയെക്കുറിച്ച് ആശങ്കയാണ്. അനുദിനം ലഭിച്ചുകൊണ്ടിരിക്കുന്ന പ്രവാസവാര്‍ത്തകളില്‍ മനംനൊന്ത് പ്രിയപ്പെട്ടവരുടെ വിവരങ്ങള്‍ തുടരെത്തുടരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വിമാനം ആരംഭിച്ചാല്‍ എങ്ങനെയെങ്കിലും നാട്ടിലേക്ക് വരൂ എന്നാണവര്‍ക്ക് പറയാനുള്ളത്. പക്ഷേ നാട്ടിലേക്കുപോയാല്‍ ഇനിയെന്ന് തിരിച്ചുവരാന്‍ കഴിയുമെന്ന ചോദ്യവും എന്ത് ചെയ്താണ് ജീവിക്കുകയെന്ന ചോദ്യവും ബാക്കിയാണ്. ജീവന്‍ ഉണ്ടെങ്കിലല്ലേ ജോലിയുള്ളൂവെന്ന ഉത്തരത്തില്‍ പിടിച്ചാണ് പലരും വിമാനം പറക്കുന്നത് കാത്തിരിക്കുന്നത്.

സന്നദ്ധസേവകര്‍
കോവിഡ് കാലത്ത് മനുഷ്യന്‍ നിസഹായതയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും തലോടലുമായി നിരവധി സംഘടനകള്‍ സന്നദ്ധസേവനത്തിണ് മുന്നിട്ടിറങ്ങി. തങ്ങളുടെ ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന ഹോട്ട് സ്‌പോട്ടുകളില്‍ പോലും ഇവര്‍ സജീവമായി. മനുഷ്യന്‍ പ്രയാസത്തിന്റെയും പ്രതിസന്ധിയുടെയും കണ്ണീരില്‍ അകപ്പെടുമ്പോള്‍ മാനുഷികമായിട്ടുള്ള ഇടപെടലുകള്‍ സാമൂഹികമായ ദൗത്യമാണെന്ന ബോധ്യമാണ് വിവിധ സംഘടനകളെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. സേവന പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചപ്പോഴും പതറാതെ ആത്മധൈര്യത്തോടെ കൂടെയുള്ളവര്‍ പ്രവര്‍ത്തിച്ചു.

ഇഫ്താര്‍
റമളാന്‍ മാസത്തില്‍ സാധാരണയായി ഓരോ പള്ളിയിലും ആയിരത്തിലധികം ഭക്ഷണങ്ങളാണ് വിതരണം ചെയ്തിരുന്നത്. പള്ളികള്‍ അടച്ചിട്ടിരിക്കുന്നതോടെ ഇത് കൈപറ്റിയിരുന്നവരെല്ലാം അനാഥരായി. റമളാനിലെ ദിവസങ്ങള്‍ പിന്നിട്ടിട്ടും കുബ്ബൂസിന്റെ കഷണം കൊണ്ട് നോമ്പ് നോറ്റുവരുന്ന ഒരാള്‍ക്ക് ഭക്ഷണമെത്തിച്ച ഇസ്മായില്‍ കൊടിഞ്ഞിയെന്ന ആര്‍ എസ് സി പ്രവര്‍ത്തകന്റെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വോയ്‌സ് ക്ലിപ്പ് കരളുരുകുന്നതാണ്.
ഈയൊരു സാഹചര്യം മുന്‍കൂട്ടി മനസിലാക്കിയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 10 മില്യണ്‍ ഭക്ഷണം നല്‍കുന്ന ക്യാംപയിനു തുടക്കം കുറിച്ചത്. ഇഫ്താര്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും നേരിട്ടു കൈകളില്‍ എത്തിച്ചുകൊണ്ട് റമളാന്‍ മാസത്തില്‍ ഒരാളും വിശപ്പുമൂലം പ്രയാസപ്പെടാതിരിക്കാന്‍ ഗവണ്‍മെന്റ് ശ്രദ്ധിച്ചുകൊണ്ടിരുന്നു.

Share this article

About സല്‍മാന്‍ വെങ്ങളം, ഫൈസല്‍ സി എ, സുഹൈല്‍ കുറ്റ്യാടി

View all posts by സല്‍മാന്‍ വെങ്ങളം, ഫൈസല്‍ സി എ, സുഹൈല്‍ കുറ്റ്യാടി →

Leave a Reply

Your email address will not be published. Required fields are marked *