വെടിപ്പ്; വിധിയും വിലക്കും

Reading Time: 5 minutes

നജസ് തൊടരുത്, കര്‍മങ്ങളെ നിശ്ചഫലമാക്കുന്ന
നാശിനിയാണത്. ശാഫിഈ കര്‍മസരണിയനുസരിച്ച്
ഏതാണാ നജസ്? എന്താണ് പ്രതിവിധി?

സഅദ് ഇബ്രാഹീം അഞ്ചരക്കണ്ടി

മുസ്‌ലിം കര്‍മജീവിതത്തില്‍ വളരെയേറെ ശ്രദ്ധിക്കുന്ന ഒന്നത്രെ മലിന വസ്തുക്കള്‍. നജസ് എന്നാണ് ഇവ അറിയപ്പെടുന്നത്. വെറുതെയാണെങ്കില്‍ നമ്മുടെ ശരീരം നജസുമായി കൂടിക്കുഴയാന്‍ പാടില്ല എന്നാണ് മതനിയമം. വസ്ത്രം, പാര്‍പ്പിടം, ഉപയോഗിക്കുന്ന വസ്തുക്കള്‍, ഭക്ഷണം തുടങ്ങിയവയെല്ലാം മലിനവസ്തുക്കളില്‍ നിന്ന് മുക്തമാകാന്‍ ഒരു വിശ്വാസി ശ്രദ്ധിക്കുന്നുണ്ട്.
നജസ് അഥവാ മലിനവസ്തുവെക്കുറിച്ച് ഇസ്‌ലാമിക കര്‍മശാസ്ത്രം വളരെ വിശദമായി പ്രതിപാദിക്കുന്നു.
കര്‍മശാസ്ത്രത്തിന്റെ വീക്ഷണമനുസരിച്ച് ഒരു വസ്തു നജസാകാനുള്ള മാനദണ്ഡം അത് നിസ്‌കാരത്തിന്റെ സാധുതയെ തടയുന്നതാവുക എന്നതാണ്. അതായത് നിസ്‌കാരത്തിന്റെ സ്വീകാര്യതക്ക്/ സാധുതക്ക് തടസമാകുന്ന എല്ലാ മ്ലേഛ വസ്തുക്കളും നജസ് എന്നറിയപ്പെടുന്നു. നജസില്‍ നിന്ന് ശുദ്ധിയാകല്‍ ഒരു വിശ്വാസിയുടെ കടമയാണ്. അതിനാല്‍ അവയെക്കുറിച്ചുള്ള പ്രാഥമിക വിവരം ഓരോ വിശ്വാസിക്കും ഉണ്ടാകേണ്ടതാണ്.

നജസുകള്‍ മുഖ്യമായും ഏഴു ഇനങ്ങളാണ്.
1 ലഹരിദ്രാവകങ്ങള്‍
2 മലിന ജീവികള്‍
3 ജഡവസ്തുക്കള്‍
4 മലമൂത്രാദികള്‍
5 മനിയ്യും മദിയ്യും
6 രക്തം, ചലം, ചീഞ്ജലം
7 ഛര്‍ദിച്ചതും അയവിറക്കിയതും
8 പാമ്പ് പോലെയുള്ളവയുടെ വിഷം
ലഹരിയുണ്ടാക്കുന്ന ദ്രാവകരൂപത്തിലുള്ള എല്ലാ വസ്തുക്കളും നജസാണ്. അവ ശരീരത്തിലോ വസ്ത്രത്തിലോ ആകരുത്. ആയാല്‍ വൃത്തിയാക്കേണ്ടതാണ്. എന്നാല്‍ കഞ്ചാവ് പോലുള്ളവ മസ്താക്കുന്നതാണെങ്കിലും ഖരരൂപത്തിലായതിനാല്‍ നജസല്ല. ലഹരി പദാര്‍ഥമായതിനാല്‍ ലഹരിയുണ്ടാകുന്ന അത്രയും അളവ് ഉപയോഗിക്കല്‍ നിഷിദ്ധമാകുന്നു. ദ്രാവകരൂപത്തിലുള്ള നജസുകള്‍ ഖരരൂപത്തിലേക്ക് മാറ്റിയെടുത്താലും ഉപയോഗം സാധുവല്ല. അടിസ്ഥാനപരമായി അവ ദ്രാവകങ്ങളാകുന്നു എന്നതാണ് കാരണം.
ജീവനുള്ള വസ്തുക്കളില്‍ നായയും പന്നിയും അതികഠിനമായ നജസ് ആകുന്നു. അവയില്‍ പിറന്നവയും അങ്ങനെത്തന്നെ. നജസായ ജീവികളില്‍ നിന്ന് ഒരു മനുഷ്യ കുഞ്ഞ് പിറന്നാല്‍ അവയും നജസാണ്. പക്ഷേ വിട്ടുവീഴ്ചയുണ്ട് അവയുടെ കാര്യത്തില്‍. അവന് നിസ്‌കാരം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ ബാധ്യസ്ഥതനാണ്. വിട്ടുവീഴ്ച ഉള്ളതിനാല്‍ അവനെ മറ്റുള്ളവര്‍ക്ക് തൊടാം. അവനെ നിസ്‌കാരത്തില്‍ പിന്തുടരാം. അവന്‍ മറ്റുള്ളവര്‍ക്ക് ഇമാമായി നിസ്‌കരിക്കാം. അവന് പള്ളിയില്‍ പ്രവേശിക്കാം. ഇതെല്ലാം അനവദനീയമായ കാര്യങ്ങളത്രെ.
ജഡങ്ങളില്‍ ചിലതൊഴികെ എല്ലാം നജസാണ്. മനുഷ്യന്‍, വെട്ടുകിളി, മത്സ്യം എന്നിവയുടെ ജഡം നജസല്ല. ഒലിക്കുന്ന രക്തമില്ലാത്ത ജീവികളുടെ ശവങ്ങളും നജസ് തന്നെ. അത് പോലെ ശവങ്ങളുടെ രോമം, എല്ല്, കൊമ്പ് എന്നിവയും നജസാണ്. എല്ലാ ജീവികളുടെയും മലവും മൂത്രവും നജസില്‍ പെടുന്നു. തിന്നപ്പെടുന്ന ജീവികളുടേതാണെങ്കിലും നജസ് തന്നെ. ഒരു മൃഗം കഴിച്ച ധാന്യം ഉറച്ചരൂപത്തില്‍ തന്നെ കാഷ്ടിക്കുകയോ ഛര്‍ദിക്കുകയോ ചെയ്താല്‍ അത് നജസല്ല; നജസ് പുരണ്ട ഒരു വസ്തു മാത്രമാണ്. കഴുകിയെടുത്താല്‍ വൃത്തിയാകുന്നതാണ്. ഉറച്ചരൂപത്തിലല്ലെങ്കില്‍ അത് നജസാകുന്നു. ധാന്യമല്ലാത്ത വസ്തുവാണ് കാഷ്ടിച്ചതെങ്കില്‍ ചെറിയ തോതിലുള്ള മാറ്റത്തിന് വിധേയമാകല്‍ കൊണ്ട് തന്നെ അത് മലിനമാകുന്നതാണ്.അഥവാ നജസാകുന്നതാണ്. മദിയ്യും വദിയ്യും നജസില്‍ പെട്ടതാണ്. എന്നാല്‍ മനിയ്യ് നജസല്ല. കുറഞ്ഞ തോതിലുള്ള വികാരം ഉണ്ടാകുമ്പോള്‍ ജനനേന്ത്രിയത്തില്‍ വരുന്ന വെള്ളയോ മഞ്ഞയോ നിറമുള്ള ഒരു നേരിയ ദ്രാവകമാണ് മദിയ്യ്. വദിയ്യ് എന്നത് സാധാരണ മൂത്രമൊഴിച്ച ഉടനെയോ കനം ഉള്ള സാധനങ്ങള്‍ ചുമക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഒരു കട്ടിയുള്ള വെള്ളമാണ്. ഒരു ജീവിയില്‍ നിന്നുള്ള രക്തം, ചലം, ചീഞ്ജലം എന്നിവ നജസില്‍ പെടുന്നതാണ്. കരള്, പതിര്, രക്തക്കട്ട, മാംസക്കട്ട, ചുവപ്പ് നിറമുള്ള പാല്, മുട്ടയിലെ രക്തം എന്നിവ നജസില്‍ പെട്ടതല്ല. അഥവാ ഇവകള്‍ ശുദ്ധിയുള്ളവയാണ്. ആമാശയത്തില്‍ നിന്ന് തികട്ടി വരുന്നതും മൃഗങ്ങള്‍ അയവിക്കി തേക്കിയരച്ചതും, പാമ്പ് പോലെയുള്ള ഇഴജന്തുക്കളുടെ വിഷവും നജസ് തന്നെ.
ചില വസ്തുക്കള്‍ ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ നജസാവുകയുള്ളൂ. മനിയ്യ് ശുദ്ധിയുള്ള ജീവിയില്‍ നിന്ന് വന്നാല്‍ അത് ശുദ്ധിയുള്ളതും ന ജസായ ജീവിയില്‍ നിന്ന് വന്നാല്‍ അഥവാ നായയില്‍ നിന്നും പന്നിയില്‍ നിന്നും വന്നാല്‍ അത് നജസുമാണ്. തിന്നപ്പെടുന്ന ജീവിയില്‍ നിന്ന് വരുന്ന പാലും മനുഷ്യന്റെ പാലുമല്ലാത്ത എല്ലാ പാലും നജസാണ്. ശവത്തില്‍ നിന്ന് വരുന്ന പാലില്‍ മനുഷ്യന്റേത് മാത്രമേ ശുദ്ധിയുള്ളൂ. ഉറങ്ങുമ്പോള്‍ വായയില്‍ നിന്ന് വരുന്ന ദ്രാവകം ആമാശയത്തില്‍ നിന്നാണ് വരുന്നത് എന്ന് ഉറപ്പുണ്ടെങ്കില്‍ നജസാണ്. ഇനി മുറിവില്‍ നിന്ന് വരുന്ന വെള്ളമോ മറ്റൊന്നുമായി കൂടി കലര്‍ന്നിട്ടില്ലെങ്കില്‍ ശുദ്ധിയുള്ളതും കൂടിക്കലര്‍ന്നാല്‍ അത് നജസുമാണ്. ആമാശയത്തില്‍ നിന്ന് വരുന്ന കഫം നജസും അല്ലാത്തത് ശുദ്ധിയുള്ളതുമാണ്. മനുഷ്യന്‍, മത്സ്യം പോലെയുള്ള, ശവം ശുദ്ധിയുള്ള ജീവിയില്‍ നിന്ന് വിട്ട് പിരിഞ്ഞ അവയവഭാഗങ്ങള്‍ ശുദ്ധിയുള്ളത് തന്നെയാണ്. അവയല്ലാത്തതില്‍ നിന്ന് വിട്ട് പിരിഞ്ഞത് നജസുമാണ്. തിന്നപ്പെടുന്ന ജീവിയില്‍ നിന്ന് അതിന്റെ ജീവിതത്തിലോ അതോ അറവിന്റെ ശേഷമോ വിട്ട് പിരിഞ്ഞ തൂവലും രോമവും ശുദ്ധിയുള്ളതാണ്. മറ്റുള്ളതൊക്കെ മലിനമായതാമാണ്. ശുദ്ധിയുള്ള ജീവിയുടെ വിയര്‍പ്പ് ശുദ്ധിയുള്ളത് തന്നെ. ഒരു ജീവനുള്ള ജന്തുവില്‍ നിന്നും വരുന്ന മുട്ട ശുദ്ധിയുള്ളതാണ്. ശവത്തില്‍ നിന്നാകട്ടെ ഉറച്ചതിന് മാത്രമേ ശുദ്ധിയുണ്ടാവുകയുള്ളു.
ഒരു ശുദ്ധിയുള്ള ജീവിയുടെ വായയില്‍ മലിന വസ്തു പുരണ്ടു, അതില്‍ നിന്ന് ശുദ്ധി പ്രാപിക്കാന്‍ സാധ്യത ഉള്ളതിന് ശേഷം അതിന്റെ വായ ഒരു വസ്തുവിലേക്ക് ഇട്ടാല്‍ അത് ശുദ്ധിയുള്ളതാണ്. അങ്ങനെയല്ലങ്കില്‍ അത് നജസാണ്.
ഏതൊക്കെ, എവിടൊക്കെയാണ് പ്രശ്‌നമില്ലാത്തത് എന്നു ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ചെറിയ രൂപത്തില്‍ അവയൊന്ന് നമുക്ക് പരിശോധിക്കാം.
നജസായ മുടി, തൂവല്‍, പുക, പൊടി എന്നിവ വിട്ടുവീഴ്ചയുള്ള മലിന വസ്തുക്കളില്‍ പെടുന്നു. ഈച്ചയുടെ കാലില്‍ ഉള്ളത്, മനുഷ്യനല്ലാത്ത ജീവിയുടെ ഗുഹ്യ സ്ഥാനത്തിലുള്ള അംശം, കുട്ടി, ഭ്രാന്തന്‍, തേക്കിയരക്കുന്ന മൃഗം, പക്ഷി എന്നിവയുടെ വായയിലുള്ളത്, മറ്റു ചെറിയ തോതിലുള്ള നജസ് എന്നിവയും പ്രശ്‌നമാക്കേണ്ടതില്ല. അതായായത് ഇവ നജസിന്റെ ഇനങ്ങളില്‍ പെട്ടതാന്നെങ്കിലും വിട്ടുവീഴ്ചയുണ്ട് എന്നര്‍ഥം. പക്ഷേ ഈ വിട്ടുവീഴ്ച ലഭിക്കണമെങ്കില്‍ ചില നിബന്ധനകമുണ്ട്. അവയുമായി ബന്ധമുണ്ടായത് അവനവന്റെ പ്രവര്‍ത്തനഫലമായിട്ടാകരുത്. അഥവാ നമ്മുടെ വസ്ത്രത്തിലോ മറ്റോ അവ ഇങ്ങോട്ട് വന്ന് വീഴണം. നാം അവയെഴുത്ത് നമ്മുടെ വസ്ത്രത്തിലോ മറ്റോ ഇട്ടാല്‍ ഈ വിട്ടുവീഴ്ചയില്ല. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇവ വെള്ളത്തിലാണ് വീണതെങ്കില്‍ വെള്ളം കലരുകയോ അല്ലാത്തിടത്ത് വീണാല്‍ അവിടെ നനവ് ഉണ്ടാവുകയോ ചെയ്യരുത് എന്നതാണ്.
മത്സ്യം, ഞണ്ട്, പോലെയുള്ള വെള്ളത്തില്‍ വളരുന്ന ജീവിയുടെ കാഷ്ഠം, വെള്ളത്തെ സംരക്ഷിക്കാന്‍ കഴിയാത്ത വിധത്തിലുള്ള മരങ്ങളുടെ ഇലകള്‍ക്കിടയില്‍ വളരുന്ന ജീവിയുടെ കാഷ്ഠം എന്നിവ വെള്ളത്തില്‍ ഉണ്ടാകല്‍ കൊണ്ട് പ്രശ്‌നവുമില്ല. അഥവാ വെള്ളത്തില്‍ മാത്രം അവക്ക് വിട്ടുവീഴ്ചയുണ്ട്. ശൗചാലയത്തിലെ ഹൗളുകളില്‍ ഉണ്ടാകുന്ന എലികളുടെ കാഷ്ഠമുള്ള വെള്ളം ഉപയോഗിക്കാവുന്നതാണ്. അതില്‍ നിന്ന് ഒരിക്കലും സൂക്ഷിക്കാന്‍ കഴിയാത്ത വിധം എലി ശല്യം രൂക്ഷമായാല്‍ ആണിത്. ഒലിക്കുന്ന രക്തമില്ലാത്ത ജീവിയുടെ ശവം വെള്ളത്തില്‍ ഉണ്ടാകല്‍ കൊണ്ടും പ്രശ്‌നമില്ല.
ഭക്ഷണത്തില്‍ മാത്രം വിട്ടുവീഴ്ച ലഭിക്കുന്ന ചില നജസുകള്‍ നോക്കാം. അടുപ്പില്‍ നിന്ന് പാറിയത്, എല്ല്, ഇറച്ചി എന്നിവയില്‍ ശേഷിക്കുന്ന കിടക്കുന്ന രക്തം, മെതിക്കുന്ന സമയത്ത് പശുവില്‍ നിന്ന് ധാന്യത്തിലായ മൂത്രം, ആടിന്റെ അകിടിന്‍ മുകളിലുള്ള നജസ്, മത്സ്യത്തിന്റെ വയറ്റിലുള്ളത് എന്നിവയ്ക്ക് വിട്ടുവീഴ്ചയുണ്ട്. കൂടാതെ ആപ്പിള്‍ പോലെയുള്ള പഴഭക്ഷണ പദാര്‍ഥങ്ങളിലുള്ള പുഴുവും പ്രശ്‌നമില്ല. അത് അതിനുള്ളില്‍ വളര്‍ന്നതാണല്ലോ. നെയ്യുറുമ്പിനെ തിന്നല്‍ അനുവദിനീയമല്ല. കാരണം അതിന്റെ വളര്‍ച്ച നെയ്യില്‍ നിന്നല്ല.
ചില നജസുകള്‍ക്ക് നിസ്‌കാരത്തില്‍ മാത്രം വിട്ടുവീഴ്ച അനുവദിക്കപ്പെട്ടിട്ടുണ്ട്. ഒലിക്കുന്ന രക്തം ഇല്ലാത്ത ജീവിയില്‍ നിന്ന് വന്ന രക്തം, മുഖക്കുരു, രക്തക്കുരു എന്നിവയില്‍ നിന്ന് വന്ന രക്തം നിസ്‌കാരത്തെ ബാധിക്കില്ല. ഈ പറഞ്ഞ വിട്ടുവീഴ്ച അനുവദിക്കപ്പെടാന്‍ അത് ശരീരത്തില്‍ ആകെ പുരളരുത് എന്ന നിബന്ധനയുണ്ട്. അതുപോലെ ആ രക്തങ്ങള്‍ മറ്റൊരന്യ വസ്തുവുമായി ചേര്‍ന്നതാകരുത് എന്നും സിബന്ധനയുണ്ട്. ഈ രക്തം വെള്ളവുമായി ചേര്‍ന്നാണ് ഉള്ളതെങ്കില്‍ വിട്ടുവീഴ്ച കിട്ടുകയില്ല. സ്വയം പ്രവൃത്തിയാല്‍ ഈ രക്തം കൂടുതലായാല്‍ വിട്ടുവീഴ്ച അനുവദിക്കപ്പെടുന്നതല്ല. മറ്റൊരുത്തന്റെ രക്തത്തില്‍ നിന്ന് അല്‍പം വസ്ത്രത്തിലോ ശരീരത്തിലോ ആവുകയോ ചെയ്താലും നിസ്‌കാരത്തിന്റെ സ്വീകാര്യത നഷ്ട്ടപ്പെടുന്നതല്ല. എന്നാല്‍ ഇത് മറ്റൊരിടത്തേക്ക് പുരളുകയോ മറ്റൊന്നിനോട് കലരുകയോ ചെയ്യരുത്. അപ്പോള്‍ നിസ്‌കാരം സ്വീകാര്യമല്ല. സഹജമായ മനുഷ്യദ്വാരങ്ങളില്‍ നിന്ന് വരുന്ന നജസ് നിസ്‌കാരത്തില്‍ പരിഗണിക്കുന്നതല്ല. കുറച്ചാണെങ്കില്‍ വിടുതിയുണ്ട്. ഈച്ചയുടെ കാലില്‍ ഉള്ളത്, വവ്വാലിന്റെ കാഷ്ഠവും മൂത്രവും, പക്ഷിയുടെ കാഷ്ഠം എന്നിവക്ക് നിസ്‌കരിക്കുന്ന സ്ഥലത്ത് മാത്രം – ശരീരത്തിലോ വസ്ത്രത്തിലോ അല്ല – വിടുതിയുണ്ട്. അവ സ്ഥലത്തു മാത്രമാണെങ്കില്‍ നിസ്‌കാരത്തിന്റെ സ്വീകാര്യതയെ തടസ്സപ്പെടുത്തുന്നവയല്ല. എന്നാല്‍ ഈ പറഞ്ഞ ബുദ്ധിമുട്ട് രൂക്ഷമാകേണ്ടതും അവയുള്ളേടത്ത് വെച്ചേ നിസ്‌കരിക്കൂ എന്ന ശാഠ്യം ഇല്ലാതിരിക്കേണ്ടതുമാണ്. മോണയിലെ രക്തം, മൂലക്കുരുവിന്റെ നനവ് എന്നിവ ബുദ്ധിമുട്ട് ശക്തമാകുന്ന സമയത്ത് നിസ്‌കാരത്തെ ബാധിക്കില്ല. കല്ല് കൊണ്ട് ശൗച്യം ചെയ്ത സ്ഥലത്ത് ബാക്കിയായതിലും വിടുതിയുണ്ട്.

മാലിന്യം എങ്ങനെ നീക്കാം?
കള്ള് സ്വയം സുര്‍ക്കയാകല്‍ കൊണ്ടും ശവത്തിന്റെ തോല് ഊറക്കിടല്‍ കൊണ്ടും നജസില്‍ നിന്ന് വൃത്തിയാകുന്നതാണ്. ശവത്തില്‍ നിന്ന് ഉണ്ടായ പുഴു പോലെ ജീവിയായി വളര്‍ന്നതും ശുദ്ധിയുള്ളതാണ്. ഊറക്കിട്ട തോല് നജസല്ലങ്കിലും നജസുള്ള വസ്തുവാണ്. കഴുകി വൃത്തിയാക്കല്‍ അനിവാര്യമാണ്. നായ, പന്നി എന്നിവ ഗൗരവമേറിയ നജസ് ആണല്ലോ. അവകൊണ്ട് മലിനമായത്/നജസായത് ഏഴ് പ്രാവശ്യം കഴുകുകയും അതില്‍ ഒരു പ്രാവശ്യം ശുദ്ധമായ മണ്ണ് കലക്കിയ വെള്ളം കൊണ്ടാവുകയും ചെയ്താല്‍ മാത്രമേ ശുദ്ധിയാവുകയുള്ളൂ. നജസ് നീക്കം ചെയ്യാന്‍ വേണ്ടി നാം എത്ര തവണ കഴുകിയാലും അത് ഒരു പ്രാവശ്യമായി മാത്രമേ കണക്കാക്കുകയുള്ളൂ. നജസിന്റെ തടി നീക്കം ചെയ്ത ശേഷം ആറു പ്രാവശ്യം കൂടി കഴുകേണ്ടതാണ്. ആദ്യം തന്നെ മണ്ണ് കലക്കിയ വെള്ളം കൊണ്ട് കഴുകലാണ് ഉത്തമം. രണ്ട് വയസ് തികയാത്ത പാല് മാത്രം കുടിക്കുന്ന ആണ്‍കുട്ടിയുടെ മൂത്രം ലഘുവായ നജസ് എന്നറിയപ്പെടുന്നു. അതിന്റെ മേല്‍ വെള്ളം കുടയല്‍ കൊണ്ട് ശുദ്ധിയാകുന്നതാണ്. കുടയുന്ന വെള്ളം മൂത്രത്തെക്കാള്‍ കൂടുതല്‍ വേണം. മറ്റു നജസുകള്‍ ഇടത്തരം നജസുകള്‍ എന്നറിയപ്പെടുന്നു. മൂത്രം, മലം എന്നിവയെല്ലാം ഇതില്‍ പെടുന്നു. ഒരു വസ്തു ഇവ കൊണ്ട് നജസായാല്‍ വൃത്തിയാക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നു നോക്കാം.
ഇവ കൊണ്ട് ഒരു വസ്തു നജസായാല്‍ രണ്ടു സാധ്യതകളുണ്ട്
ഒന്ന്: നജസിന്റെ നിറം, മണം, രുചി എന്നിവയൊന്നും പ്രത്യേകിച്ച് പുറത്ത് കാണാനോ അനുഭവിക്കാനോ പറ്റാത്ത വിധം അത് ഉണങ്ങിപ്പോകുന്ന അവസ്ഥ. ഈ അവസ്ഥയില്‍ വെള്ളം ആ വസ്തുവിന്റെ മേല്‍ ഒഴുക്കിയാല്‍ മതിയാകുന്നതാണ്.
ഉദാഹരണമായി ഒരു വസ്തുവില്‍ കുറച്ചു മൂത്രമായി. അത് ഉണങ്ങി. അവിടെ മൂത്രത്തിന്റെ തടിയോ നിറം, മണം, രുചി എന്നീ ഗുണങ്ങളും പുറത്തറിയാന്‍ പറ്റാത്ത വിധം ഉണങ്ങിയിട്ടുണ്ടെങ്കില്‍ ആ വസ്തുവിന്റെ മേലെ ഒരു പ്രാവശ്യം വെള്ളം ഒലിപ്പിച്ചാല്‍ മതി.
എന്നാല്‍ നജസിന്റെ തടി, മണം, രുചി, നിറം എന്നിവ ബാക്കിയുണ്ടെങ്കില്‍ അത് നീങ്ങുന്നത് വരെ വൃത്തിയാക്കണം. അതിന് സോപ്പുപയോഗിക്കണമെങ്കില്‍ അത് നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്. നജസിന്റെ നിറമോ മണമോ ഏതെങ്കിലും ഒന്ന് ബാക്കിയായാല്‍ പ്രശ്‌നമില്ല. അത് രണ്ടും ബാക്കിയാവുകയോ രുചി ബാക്കിയാവുകയോ ചെയ്താല്‍ അത് ശുദ്ധിയാകുന്നതല്ല.

ഏത് രൂപത്തിലാണ് ശുദ്ധിയാക്കേ@ത്?
അല്പം വെള്ളം കൊണ്ടാണ് ശുദ്ധിയാകുന്ന തെങ്കില്‍ മലിനമായ വസ്തുവിന്റെ മുകളില്‍ ഒഴിച്ചുകൊണ്ടാണ് ശുദ്ധിയക്കേണ്ടത്. മലിനമായ വസ്തു വെള്ളത്തിലേക്ക് മുക്കിയാല്‍ വെള്ളവും മലിനമാകുന്നതാണ്. എന്നാല്‍ വായ, പാത്രം എന്നിവ മലിനമായാല്‍ വെള്ളമൊഴിച്ചു ചുഴറ്റിക്കൊണ്ട് ശുദ്ധിയാക്കണം. വായയില്‍ നജസായാല്‍ അത് മുഴുവനായും ശുദ്ധിയാകുന്നത് വരെ കൊപ്ലിക്കണം.
രണ്ട് ഖുല്ലത്ത് ഇല്ലാത്ത വെള്ളത്തില്‍ നജസ് വീണാല്‍ അത് രണ്ട് കുല്ലത്ത് എത്തിക്കല്‍ കൊണ്ടല്ലാതെ ശുദ്ധിയാവുകയില്ല. രണ്ട് കുല്ലത്തില്‍ കൂടുതല്‍ വെള്ളമുള്ളതില്‍ വീണാല്‍ വെള്ളത്തിന് മാറ്റം – നിറമോ രുചിയോ മണമോ മാറിയിട്ടുണ്ടെങ്കില്‍ അത് നജസാണ്. പൂച്ച, എലി എന്നിവയുടെ രോമം കിണറ്റില്‍ വീണാല്‍ വെള്ളം മലിനമാവുകയില്ല. എങ്കിലും അത് ഉപയോഗിക്കാന്‍ പാടില്ല. വെള്ളം തേവി രോമം ഒഴിവാക്കണം. രോമം ഒഴിവാക്കും മുമ്പ് കോരിയെടുത്ത വെള്ളത്തില്‍ രോമം ഇല്ലെന്ന് ഉറപ്പുണ്ടെങ്കില്‍ അത് ഉപയോഗിക്കാവുന്നതാണ്. ദ്രാവക പദാര്‍ഥങ്ങളില്‍ മലിന വസ്തുക്കള്‍ വീണാല്‍ വൃത്തിയാക്കാന്‍ സാധിക്കില്ല. ഉറച്ച വെണ്ണ പോലെയുള്ള വസ്തുവിലാണെങ്കില്‍ അതിനെയും അതിന്റെ ചുറ്റുഭാഗവും എടുത്ത് കളഞ്ഞാല്‍ ബാക്കി ശുദ്ധിയുള്ളതാണ്. ഉറച്ച നജസായ വസ്തു കൊണ്ട് നിലം മലിനമായാല്‍ അതിനെയും അത് കൊണ്ട് നജസായ മണ്ണിനേയും നീക്കം ചെയ്‌തെങ്കിലേ ശുദ്ധിയാകൂ. ഇനിയും ആ സ്ഥലത്ത് നനവ് ഉണ്ടെങ്കില്‍ വെള്ളം ഒഴിക്കുകയും വേണം. ഭൂമിയില്‍ ദ്രാവകരൂപത്തിലുള്ള നജസാവുകയും അത് ഉണങ്ങുകയും ചെയ്താല്‍ അവിടെ വെള്ളം ഒഴിച്ചാല്‍ മതി. നജസിനെക്കാള്‍ കൂടുതല്‍ വെള്ളമൊഴിക്കണം. ഉണങ്ങിയിട്ടില്ലെങ്കില്‍ ആദ്യം മണ്ണ് കളയുകയും ശേഷം വെള്ളം ഒഴിക്കുകയും വേണം. മലിനമായ വസ്തുവിനെ ശുദ്ധിയാക്കാന്‍ ഉപയോഗിച്ച വെള്ളത്തിന്റെ വിധിയെന്താണ്? അത് താഴെ പറയുന്ന നിബന്ധനപ്രകാരം ശുദ്ധിയുള്ളതാണ്. ആ വെള്ളം കൊണ്ട് ആ സ്ഥലം വൃത്തിയായിരിക്കണം. എന്നു മാത്രമല്ല ശുദ്ധിയാക്കാന്‍ ഉപയോഗിച്ച വെള്ളത്തിന്റെ നിറമോ രുചിയോ മണമോ മാറ്റത്തിന് വിധേയമാകരുത്. ഭാരം കൂടുകയും ചെയ്യാന്‍ പാടില്ല. അതായത് ഭാരം കൂടിയാലോ മണമോ രുചിയോ നിറമോ മാറിയാലും അതല്ലെങ്കില്‍ ആ സ്ഥലം വൃത്തിയായിട്ടില്ലെങ്കിലും ആ വെള്ളം ശുദ്ധിയുള്ളതല്ല എന്നര്‍ഥം.

Share this article

About സഅദ് ഇബ്രാഹീം അഞ്ചരക്കണ്ടി

View all posts by സഅദ് ഇബ്രാഹീം അഞ്ചരക്കണ്ടി →

Leave a Reply

Your email address will not be published. Required fields are marked *