വിരഹാര്‍ത്ത മൗനങ്ങള്‍

Reading Time: 3 minutes

ചേര്‍ന്നുനിന്ന അടുപ്പങ്ങളില്‍ നിന്ന്
നമ്മള്‍ വേര്‍പെടുമ്പോളുണ്ടാകുന്ന
വിരഹവേദനകളെ കുറിച്ച്.

സബീന എം സാലി

മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളിലൊന്നാണ് സ്‌നേഹം. സ്‌നേഹിക്കുന്നവര്‍ തമ്മില്‍ പരസ്പരം കാണാതാകുമ്പോള്‍ ഹൃദയതാളങ്ങളെ അത് ആര്‍ദ്രമാക്കുകയും, അതുമൂലം വല്ലാത്തൊരു വീര്‍പ്പുമുട്ടലില്‍ മനസ് കിടന്നെരിയുകയും ചെയ്യുന്നു. സ്‌നേഹമെന്നത് സമസ്ത ഇന്ദ്രിയങ്ങള്‍ കൊണ്ടും അനുഭവിക്കാവുന്ന ഒന്നാണെങ്കില്‍, വിരഹം വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാന്‍ കഴിയാത്ത, ഇന്ദ്രിയാതീതമായ ഒരനുഭവമാണെന്ന് പറയേണ്ടി വരും. പ്രിയപ്പെട്ട ഒന്നിന്റെ അസാന്നിധ്യത്തില്‍ ഉള്ളില്‍ തിങ്ങുന്ന ഒരു വിങ്ങലിനെ ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ എന്ന ഹൃദയഭാഷ്യത്തോട് ചേര്‍ത്തുവയ്ക്കുമ്പോള്‍അതാണ് വിരഹമെന്നും, അതിനപ്പുറം ഐ മിസ്സ് യു എന്ന പുതു തലമുറയുടെയുള്ളിലെ അത്യാധുനിക തോന്നലാണ് വിരഹമെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് നമുക്ക് സമര്‍ഥിക്കാവുന്നതാണ്. വിയോഗങ്ങളാണ് പൊതുവേ വിരഹത്തിന്റെ മൂലഹേതു. വേര്‍പെടുക എന്ന് വിവക്ഷിക്കുമ്പോള്‍ അത് പ്രിയജനങ്ങളില്‍ നിന്നാവാം, പ്രണയിനികളില്‍ നിന്നാവാം, അതുമല്ലെങ്കില്‍, പ്രിയപ്പെട്ട ഇടങ്ങളില്‍ നിന്നുമാവാം. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇങ്ങനെയൊരവസ്ഥ മനുഷ്യന്‍ അഭിമുഖീകരികുന്നുണ്ട്. അമ്മയില്‍ നിന്ന് വേര്‍പെട്ട് ജീവിക്കേണ്ടി വരുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍,ജീവിത സായാഹ്നത്തിലെത്തിയ നവര്‍വരെ ഒഴിഞ്ഞ തകരപ്പാട്ട പോലെ ഉത്തരാധുനിക തലമുറ എറിഞ്ഞോടിക്കുമ്പോള്‍ മുതല്‍ അവരുടെ അതി സ്വാര്‍ഥത മൂലം വൃദ്ധസദനങ്ങളില്‍പെട്ടുപോയവര്‍ വരെ ഈയൊരവസ്ഥ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ അനുഭവിക്കുന്നുണ്ട്.അകന്നു നില്‍പുകള്‍ താത്കാലിക വിരഹങ്ങളാണെന്നിരിക്കെ, മരണം മൂലം സംഭവ്യമാകുന്നത് സ്ഥായിയായ വിരഹമാണ്.ജീവിതം വലിയൊരു അനാഥത്വമാണെന്ന തിരിച്ചറിവും അത്തരം വിരഹം മനുഷ്യന് സമ്മാനിക്കുന്നു. ഇരുപുറം മൂര്‍ച്ചയുള്ള ഒരായുധം കണക്കെ അത് നെഞ്ചിലെ നിശ്വാസങ്ങളെപ്പോലും സദാ കുത്തിപ്പിളര്‍ത്തിക്കൊണ്ടേയിരിക്കും. ആ സത്യത്തെ അംഗീകരിക്കേണ്ടി വരുമ്പോഴും, ‘മരണമെത്തുന്ന നേരത്തു നീയെന്റെ അരികത്ത് ഇത്തിരി നേരമിരിക്കൂ..’ എന്ന് കരയിക്കുന്ന ഒരു കാത്തിരിപ്പായി മാത്രം വിരഹത്തെ വ്യാഖ്യാനിക്കാന്‍ കഴിയുന്നു മനുഷ്യന്.
വിരഹത്തില്‍ നിന്നു തന്നെയാണ് എല്ലാത്തരം ഗൃഹാതുരതകളും ഉടലെടുക്കുന്നത്. ബന്ധങ്ങളുടെ പച്ചപ്പില്‍ നിന്ന് നാടും വീടും ഉപേക്ഷിച്ച്, നിശ്ശൂന്യതയുടെ ഇടങ്ങളിലേക്ക് ജോലി തേടിപ്പോകുന്ന ചിലരുണ്ട്. പിന്നിലുപേക്ഷിച്ചതിനോടെല്ലാം അടക്കാനാവാത്ത ഒരുതരം ആസക്തി അവരില്‍ ജനിക്കുന്നു. കളകളം പാടുന്ന കാട്ടാറും കനകനെല്‍പ്പാടങ്ങളും മഴയും മഞ്ഞണിപ്പൂനിലാവും ഓര്‍മകളെ ശബളമാക്കുമ്പോള്‍, നാഡികളെ തളര്‍ത്തുന്ന ചൂടില്‍ വിയര്‍പ്പായിക്കൊണ്ടിരിക്കുന്നവര്‍, അസ്വസ്ഥനിര്‍ഭരമായ തങ്ങളുടെ മനസിന് പ്രലോഭനമെന്നോണം, മുറിയിലെ എ സിയുടെ മുരള്‍ച്ചയില്‍പോലും, നെഞ്ചത്തടിച്ച് നിലവിളിക്കുന്ന നാട്ടിലെ മഴയുടെ ശബ്ദത്തിന് കാതോര്‍ക്കും. നടുക്കടലിലെ കപ്പിത്താന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന വെളിച്ചം പോലെ നാളെയെപ്പറ്റിയുള്ള ശുഭപ്രതീക്ഷകളാണ്, വിരഹത്തിന്റെ ഇരുളില്‍ അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
പെണ്‍കുഞ്ഞായി ജനിച്ച് സ്ത്രീയായി ജീവിച്ച ഇക്കാലമത്രയും വിരഹം പല രൂപത്തിലും ഭാവത്തിലും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഉമ്മയേയും കൈക്കുഞ്ഞായ എന്നേയും നാട്ടിലാക്കി, കൊച്ചിയില്‍ ജോലിക്ക് പോയ വാപ്പയെ ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ മാത്രം കണ്ടുമുട്ടിയിരുന്നപ്പോള്‍, അതായിരുന്നു ജീവിതത്തില്‍ അടയാളപ്പെട്ട ആദ്യ വിരഹം. മൂന്നു വയസ് പ്രായത്തിലാണ്, കൊച്ചിയില്‍ വീട് പണിത് വാപ്പ കുടുംബത്തെ കൂടെ കൂട്ടിയത്. സ്‌നേഹപാശത്താല്‍ ബന്ധിതമായ സന്തോഷങ്ങളുടെ കുഞ്ഞുലോകമായി മാറി പിന്നീടത്. കാലം അതിന്റെ ഈയല്‍ച്ചിറകുകള്‍ കൊഴിച്ചിടുമ്പോള്‍, മാതാപിതാക്കളുടെ ചിറകിനടിയില്‍ നിന്ന് സ്വയം പറക്കാന്‍ മക്കള്‍ പ്രാപ്തി നേടുന്നു. പഠനാര്‍ഥം പാലായില്‍ ഒരു വീട്ടില്‍ പേയിംങ്ങ് ഗസ്റ്റായി താമസിക്കേണ്ടി വന്നപ്പോള്‍, വീണ്ടും വിരഹം എന്റെയുള്ളില്‍ തെയ്യക്കോലം കെട്ടിയാടി. എത്രയെത്ര സങ്കടങ്ങളുടെ കീഴടങ്ങലുകള്‍ വീട്ടുപനിയായ് പിന്‍തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ കോഴ്‌സ് പൂര്‍ത്തിയാക്കി, കലാലയത്തിന്റെ കല്‍പടവുകളില്‍ കാലടിപ്പാടുകള്‍ പതിപ്പിച്ച് തിരികെ മടങ്ങുമ്പോള്‍ വിരഹം മറ്റൊരു രൂപത്തില്‍ ഉള്ളിലിരുന്ന് ചുരമാന്തിത്തുടങ്ങി. കാല്‍പനികതയുടെ പഞ്ഞിക്കെട്ടില്‍, പ്രണയത്തോടൊപ്പം ചേര്‍ത്തുവെക്കേണ്ട ഒന്നാണ് വിരഹമെന്ന് തിരിച്ചറിഞ്ഞ നാളുകള്‍.
”ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം..
ഓര്‍മിക്കണം എന്ന വാക്ക് മാത്രം..”
എന്നിങ്ങനെ കാംപസിലെ മൗനാനുരാഗങ്ങള്‍, ഓട്ടോഗ്രാഫിന്റെ താളുകളില്‍ വിരഹത്തിന്റെ വരികളായി തിളച്ചു മറിഞ്ഞ കാലം. കാംപസിലെ മരങ്ങള്‍ പോലും ഇലപൊഴിച്ച്, വിരഹം പ്രകടിപ്പിക്കുന്നു. വിരല്‍ത്തുമ്പ് കൊണ്ട് കറക്കാന്‍ പാകത്തില്‍ ഭൂഗോളം നമുക്ക് മുന്നില്‍ ചെറുതാകുന്ന ഇക്കാലത്ത് പുതിയ തലമുറക്ക് അത്തരം വിരഹവും വേര്‍പാടുമൊന്നും അത്രമേല്‍ പരിചിതമാകണമെന്നില്ല. പരസ്പരം കാണാനും ചിരിക്കാനും തൊട്ടുരുമ്മിയിരിക്കുന്ന പ്രതീതി ജനിപ്പിക്കാനും എത്രയെത്ര ആപ്പുകളാണ് അവരിന്ന് സ്മാര്‍ട്ട് ഫോണുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്.
സ്ത്രീജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത അനിവാര്യതയാണ് വിവാഹാനന്തരം വീട്ടുകാരെ പിരിഞ്ഞ് ജീവിക്കുകയെന്നത്. അതുവരെ സ്വന്തമായിരുന്ന വീടും തൊടിയും ഒരു സുപ്രഭാതത്തില്‍ പിന്നിലുപേക്ഷിച്ച്, ഭര്‍ത്താവിന്റെ മാതാപിതാക്കളേയും ബന്ധുജനങ്ങളേയും ജീവിതപരിസരങ്ങളേയും തന്റേതെന്ന് കരുതി മനസാ വരിക്കുമ്പോള്‍, അവളുടെയുള്ളില്‍ വിവേചിക്കാനാവാത്ത ഒട്ടനവധി വിരഹങ്ങള്‍ ഇറവെള്ളത്തിലെ കുമിളകള്‍ കണക്കെ വിടര്‍ന്നു പൊട്ടുന്നു. ഗതകാല ഓര്‍മകള്‍ ഒരു മണ്‍ചെരാതിന്റെ തിരിയായി അവളുടെയുള്ളില്‍ പ്രകാശം പരത്തി, തീവ്രവേദനകളാകുന്ന ഇരുട്ടുകളെ എന്നെന്നേക്കുമായി അലിയിച്ചുകൊണ്ടേയിരിക്കും. ജനിച്ച മണ്ണില്‍ നിന്ന് പിഴുതെടുത്ത് മറ്റൊരു മണ്ണില്‍ വേരാഴ്ത്തുന്ന ഒരു തണല്‍മരമായി പിന്നീട് ആ ജീവിതത്തൈമരം പടര്‍ന്നു പന്തലിക്കുന്നു. എങ്കിലും ഇടയ്ക്കിടക്ക്, അവളറിയാതെ വിരഹം ഒറ്റച്ചിറകുള്ള പക്ഷിയായി, ആ മരച്ചില്ലയില്‍ പക്ഷം വിരിക്കും.
ഒരു പ്രവാസിയുടെ ഭാര്യയായിപ്പോയതിനാല്‍ വിരഹം ജീവിത്തിന്റെ തുടര്‍ക്കഥയാവുകയായിരുന്നു പിന്നീടെല്ലാം. താലി കെട്ടി കേവലം പതിനൊന്ന് ദിവസത്തെ ദാമ്പത്യത്തിന് ശേഷം നവവരന്‍ കടല്‍ കടന്നപ്പോള്‍ വേര്‍പാടിന്റെ വിനാഴികകളെണ്ണി, സ്വയം വേവുകളുടെ തീക്കാലമായിത്തീരുവാനായിരുന്നു വിധി. പ്രിയപ്പെട്ടവന്‍ എന്നിനി തിരികെ വരും എന്ന ശൂന്യത വിങ്ങുന്ന കാത്തിരിപ്പുകള്‍. വാട്‌സാപ്പോ ഫേസ്ബുക്കോ, എന്തിന് ഇന്റര്‍നെറ്റ് പൊലും സാധാരണമാകാതിരുന്ന അക്കാലത്ത്, ഏകാന്തത അലയടിക്കുന്ന അര്‍ധരാത്രിയുടെ കുറ്റാക്കൂരിരുട്ടിലും ഉറങ്ങാതിരുന്ന് ഒന്നിച്ചു കിടന്ന കിടക്കയില്‍ ഉണര്‍ന്നിരുന്ന് ഓര്‍മകളെ താലോലിച്ചിരുന്ന ആ പ്രവാസിയുടെ ഭാര്യക്ക് ആകെയുണ്ടായിരുന്ന ആശ്രയം, തന്റെ പ്രിയപ്പെട്ടവന് വിരല് മുറിയുന്നത് വരെ കത്തെഴുതുക മാത്രമായിരുന്നു. പറയാനും എഴുതാനും എന്തെല്ലാം വിശേഷങ്ങളായിരുന്നു. വിടരുകയും കൊഴിയുകയും ചെയ്യുന്ന വസന്തം, രാപ്പാടിയുടെ സംഗീതം, രണ്ട് രാജ്യങ്ങളിലിരുന്ന് ഒരേ സമയം ഒരേ നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് നടത്തുന്ന പരസ്പരഭാഷണങ്ങള്‍, കാറ്റിന്റെ കൈയില്‍ അനന്ത ദൂരത്തേക്ക് പറഞ്ഞയക്കുന്ന പരിദേവനങ്ങള്‍, കത്തെഴുത്തിന്റെ കുത്തൊഴുക്ക്.ആരും കാണാതെ വിതുമ്പലടക്കുന്ന ഹൃദയങ്ങളുടെ മൃദുസ്പന്ദനങ്ങളുമായി എത്ര തവണയാണ് വിമാനങ്ങള്‍ സമുദ്രങ്ങള്‍ താണ്ടി തലങ്ങും വിലങ്ങും പറന്നത്. വിരഹത്തിന് മധുരം പകരുന്ന് പഴയ തലമുറയുടെ കത്തുപാട്ടുകളിലെ മധുരവേദനകള്‍ ആത്മാവില്‍ ആനന്ദം പകരുന്ന മധ്യാഹ്നങ്ങളില്‍, തപാല്‍ ശിപായി കൊണ്ടുവരുന്ന എയര്‍ മെയില്‍ കവറുകളെ തന്ത്രിവാദ്യങ്ങള്‍ മീട്ടും പോലെ എത്ര സൗമ്യമായി ലാളിച്ചിരുന്നു.ഒടുവില്‍ രണ്ടു വര്‍ഷം നീണ്ടു നിന്ന കൊടും വിരഹത്തിന് ശേഷം കണ്ണില്‍ നിറസ്‌നേഹത്തിന്റെ കനലുകള്‍ പൂത്ത പുനഃസമാഗമം. മകന്റെ പിറവി. കളിചിരികളുടെ പൂക്കാലം. വിരഹം എന്ന വാക്ക് പോലും മറന്നുപോയ നിറക്കൂട്ടുകളുടെ പരസ്പരമേളനം.
അതിനിടെ ജീവിതം വീണ്ടും ചില സമസ്യകളുടെ പ്രച്ഛന്നവേഷക്കാരനായി മുന്നില്‍ വന്നു നിന്നു. സഊദിയിലെ മിനിസ്ട്രി ഹെല്‍ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി കിട്ടി. പോണം. പോകാതിരിക്കാനാവില്ല. രണ്ടര വയസുകാരന്റെ തിളങ്ങുന്ന കണ്ണുകളിലേക്ക് ഞാന്‍ ആശങ്കയോടെ നോക്കി. കണ്ണുകളില്‍ സങ്കടങ്ങളുടെ ചുടുജലം ചോര്‍ന്നു. ധൈര്യമായിട്ട് പോകൂ.. ഞങ്ങളില്ലേ അവനെ പൊന്നു പോലെ നോക്കാന്‍. മാതാപിതാക്കളുടെ സ്ഥൈര്യപ്പെടുത്തല്‍. ഒരു കരച്ചിലിന്റെ പിന്‍വിളിക്ക് കാതോര്‍ക്കാതിരിക്കാന്‍, അവനെ ഉറക്കിക്കിടത്തിയ ശേഷമായിരുന്നു വിമാനത്താവളത്തിലേക്കുള്ള യാത്ര. എന്നിട്ടും,ഉമ്മാ എന്നുള്ള അവന്റെ പിടക്കുന്ന കണ്‍നോട്ടങ്ങള്‍ പതിച്ചു വച്ച ഹൃദയത്തിന്റെ അതിദ്രുതതാളം, യാത്രയിലുടനീളം എന്നെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു. കണ്ണീരിനോളം പുളിയില്ല മറ്റൊന്നിനും എന്ന് തിരിച്ചറിഞ്ഞ നാളുകള്‍.
കൂട്ടിലെ കുഞ്ഞിനെ ത്യജിച്ച് ഈയൂഷരഭൂവില്‍ പറന്നെത്തിയ വേഴാമ്പലാണ് ഞാന്‍. അറിഞ്ഞോ അറിയാതെയോ ആ വിരഹം എന്നെ ഒരു കവിയായി പരുവപ്പെടുത്തുകയോ പരിണാമപ്പെടുത്തുകയോ ആയിരുന്നു. സിംഹാസനഭ്രഷ്ടയായ രാജ്ഞിയെപ്പോലെ നീറിക്കഴിഞ്ഞ എന്നിലെ ആ വിരഹത്തിന്റെ മണല്‍ത്തരികളെ മൂന്ന് വയസുകാരന്‍ ഒരുമ്മ കൊണ്ട് കഴുകിക്കളഞ്ഞു. ആറു മാസത്തെ ഇടവേളക്ക് ശേഷം, അവന്‍ ഞങ്ങളോടൊപ്പം എത്തിച്ചേര്‍ന്നു. ഋതുക്കള്‍ നിര്‍വിഘ്‌നം ആടുകയും പാടുകയും ചെയ്തു. മകള്‍ എന്ന സങ്കല്‍പം യാഥാര്‍ഥ്യമായപ്പോള്‍ എന്റെ ലോകം അവളിലേക്ക് കൂടി നീണ്ടു. ആനന്ദപ്രദാനിയായ കാലത്തിന്റെ ഇന്ദ്രജാലക്കാഴ്ചകള്‍. പൂവിതളുകള്‍ കാറ്റില്‍ പറന്നുപോകും പോലെ കാലം കടന്നു പോയി മക്കള്‍ വലുതായി പഠനാര്‍ഥം രണ്ട്‌പേരും വീണ്ടും നാട്ടിലേക്ക്. വിരഹമെന്ന വാക്ക് എന്റെ നിഘണ്ടുവിലേക്ക് അനുവാദം ചോദിക്കാതെ വീണ്ടും കയറി വന്നു. ഏകാന്തതയുടെ ദ്വീപിലേക്ക് പതിയെപ്പതിയെ ഞാന്‍ നാട് കടത്തപ്പെട്ടു. ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കിക്കൊടുക്കാന്‍, ഇടയ്ക്കിടക്ക് വഴക്ക് കൂടാന്‍, ഇഷ്ടത്തോടെ ഇറുകെപ്പുണരാന്‍ അവളോ അവനോ അടുത്തുണ്ടായിരുന്നെങ്കിലെന്നാശിച്ച് കൈവീശി യാത്രയായവര്‍, കൂട്ടിലേക്ക് മടങ്ങി വരുന്നതും കാത്ത് വിരഹത്തിന്റെ കനത്ത ഇരുട്ടില്‍, ഒരു അമ്മത്തിരിയായി ഞാനിന്നും എരിയുന്നു. എത്ര വളര്‍ന്നാലും മാറ്റിവെക്കാന്‍ കഴിയുന്ന ഈത്തപ്പന പോലെയാണ് ഓരോ പ്രവാസിയുടേയും ജീവിതമെന്ന് തോന്നാറുണ്ട്. ആയുസൊടുങ്ങുന്നത് വരെ, താവളം വിട്ട് താവളം തേടിയുള്ള യാത്രയില്‍, ഇടങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നവര്‍.

Share this article

About സബീന എം സാലി

View all posts by സബീന എം സാലി →

One Comment on “വിരഹാര്‍ത്ത മൗനങ്ങള്‍”

  1. നല്ല ലേഖനം.
    അടുപ്പങ്ങളിൽ നിന്നുണ്ടാകുന്ന വിരഹത്തെ നന്നായി പ്രസൻറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *