മഅദനി; 40 കിലോ തൂക്കത്തിന് 50 കിലോ ഭാരമുള്ള കുറ്റപത്രം

Reading Time: 5 minutes

നീതി നിഷേധത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും ജീവിക്കുന്ന രക്തസാക്ഷിയാണ് അബ്ദുൽ നാസർ മഅ്ദനി. മുപ്പത്തി മൂന്നാമത്തെ വയസിൽ ഏകാന്തനോവിന്‍റെ 3997 ദിവസങ്ങൾ ജാമ്യമോ പരോളോ ഇല്ലാതെ, വിചാര തടവുകാരനായി  കോയമ്പത്തൂർ ജയിലിലെ ഇരുണ്ട മുറിയിൽ ജീവിച്ചു തീർത്ത മഅദനി അവസാനം കുറ്റക്കാരനല്ല എന്ന് കോടതി വിധിച്ചത് ചരിത്രം! 2007 ഓഗസ്റ്റ് 1ന് ജയിൽ മോചിതനായെങ്കിലും 2008 ജൂലൈ 25 നു നടന്ന ബംഗളൂരു സ്ഫോടനക്കേസില്‍ കർണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അബ്ദുൽ നാസിര്‍ മഅദനിയെ വീണ്ടും അറസ്റ്റ് ചെയ്തു.  അമ്പത്തഞ്ചാണ്ടിന്റെ ആയുസിൽ ഇരുപത് വർഷം കാരാഗൃഹത്തിൽ, ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ കാലം വിചാരണ തടവുകാരനായി ജയിൽ വാസം അനുഭവിച്ചതിന്റെ ആഗോള കണക്ക് എടുത്താൽ പോലും മുന്നിൽ മഅദനിയായിരിക്കും.

കോയമ്പത്തൂർ സ്ഫോടനക്കേസിൽ പങ്കുണ്ടെന്നാരാപിച്ച് 1998 മാര്‍ച്ച് 31നാണ് കലൂരിലെ വസതിയില്‍ നിന്നും അര്‍ധരാത്രിയില്‍ മഅദനിയെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം കോഴിക്കോട് മുതലക്കുളത്ത് പ്രകോപനമായ രീതിയിൽ പ്രസംഗിച്ചു എന്നതാണ് കുറ്റം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യം കിട്ടുമെന്ന വ്യവസ്ഥ ഉള്ളത് കൊണ്ട് 89 ആം ദിവസം അദ്ദേഹത്തിന്റെ കേസ് രാജ്യദ്രോഹ കുറ്റമായി മാറ്റി എഐഎക്ക് വിടുകയാണുണ്ടായത്. പ്രോസിക്യൂഷൻ വിചാരണ മനപ്പൂർവം വൈകിപ്പിച്ചതാണെന്ന് കേസിന്റെ നാളുകൾ കണ്ണോടിച്ചാൽ വ്യക്തമാകും.

അറസ്റ്റ് ചെയ്ത രണ്ട് വർഷത്തിന് ശേഷം മാത്രമാണ് ഔദ്യോദികമായി കുറ്റം ചാർജ് ചെയ്തത്.  ജയിലിലടച്ച് അഞ്ച് വർഷങ്ങൾക്കു ശേഷമാണു വിചാരണ തുടങ്ങിയത്. കേരളത്തിൽ ചികിത്സ വേണം എന്ന മഅദനിയുടെ ആവശ്യത്തെ എതിർത്ത സർക്കാർ അന്ന് പറഞ്ഞത് 2006 ജൂലൈയോടെ വിചാരണ പൂര്‍ത്തിയാക്കുമെന്നാണ്, എന്നാൽ വിചാരണ പോലും മഅ്ദനിക്കു മുന്‍പില്‍ അനിശ്ചിതമായി നീണ്ടു. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തന്നെ മാസങ്ങള്‍ എടുത്തു. ഒമ്പത് കേസുകളിലായി 16480 പേജുള്ള, 50 കിലോ തൂക്കമുള്ള കുറ്റപത്രത്തിൽ ആകെ 2,294 സാക്ഷികളുണ്ട്. സാക്ഷി വിസ്താരം വർഷങ്ങളെടുത്തു. മതിയായ കാരണങ്ങളില്ലാതെ പല ദിവസങ്ങളിലും വിചാരണ മുടങ്ങി. ഒമ്പത് കേസുകളിലും സമാന കുറ്റപത്രവും ഒരേ പ്രതികളും ഒരേ സാക്ഷികളുമായാത് കൊണ്ട് കേസുകൾ ഏകോപിപ്പിച്ചാൽ വിചാരണ വേഗത്തിലാക്കാമെങ്കിലും പ്രോസിക്യൂഷൻ വഴങ്ങിയില്ല. കോയമ്പത്തൂരും സേലത്തുമായി 10 വർഷത്തെ വിചാരണ തടവ് ഏറെ പീഡനങ്ങൾക്ക് ശേഷം, നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ച് നിരപരാധിയായി പുറത്തേക്ക്.

മോചനത്തിന് ശേഷമുള്ള തിരിച്ചു വരവിൽ തനിക്ക് എപ്പോഴോ പറ്റിയ പദപ്രയോഗങ്ങളുടെ അപക്വത തിരിച്ചറിഞ്ഞ മഅ്ദനി മനസറിഞ്ഞ് ഖേദം പ്രകടിപ്പിച്ചു. ആ സമയത്തും സംഘപരിവാര്‍ ഉന്നയിച്ച പ്രധാന ആരോപണം മഅദനി രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് കേസില്‍ നിന്ന് രക്ഷപ്പെട്ടത് എന്നാണ്. എന്നാല്‍ മഅദനിയെ വെറുതെ വിട്ടതിന് എതിരെ തമിഴ്‌നാട് ബിജെപി ഘടകം ചെന്നൈ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതില്‍ വാദം കേട്ട ജഡ്ജി പറഞ്ഞത് ‘പ്രോസിക്യുഷന്‍ ഇത്രയധികം കള്ളത്തെളിവുകളും കള്ളസാക്ഷികളും ഉണ്ടാക്കിയ മറ്റൊരു കേസ് തമിഴ്നാടിന്റെ നീതി ന്യായ ചരിത്രത്തില്‍ കാണില്ല. ഈ കേസ് ഒരു നിലക്കും നിലനില്‍ക്കില്ല എന്നാണ്. മഅദനിയെ ശിക്ഷക്കണമെന്ന ഹരജിയുമായി സുപ്രീം കോടതിയില്‍ പോയപ്പോള്‍ കള്ളസാക്ഷികളും കള്ളത്തെളിവുകളും എന്നതിന്റെ പേരിൽ ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളുകയായിരുന്നു.

ഒരു പതിറ്റാണ്ടിന്റെ യാതനകൾക് ശേഷം മോചനം ലഭിച്ചെങ്കിലും ബ്രാൻഡ് ചെയ്യപ്പെട്ട ഒറ്റക്കാലൻ ‘തീവ്രവാദിയെ’ അങ്ങനെ വെറുതെ വിടാനൊന്നും നമ്മുടെ ഭരണകൂടങ്ങളും പോലീസും താല്പര്യപ്പെട്ടില്ല. ബാംഗ്ലൂർ സ്ഫോടന ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നാരോപിച്ച് 31 ആം പ്രതിയായി, മുൻകൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി വിധി പറയേണ്ടതിന്‍റെ 50 മിനിറ്റു മുമ്പ് അത്യന്തം നാടകീയമായി റമദാനിന്‍റെ പകലില്‍ അൻവാര്‍ശ്ശേരിയില്‍ വച്ചായിരുന്നു രണ്ടാമത്തെ അറസ്റ്റ്.  സ്‌ഫോടനത്തിൽ മഅ്ദനിക്ക് പങ്കുള്ളതായി തെളിവുകൾ പോലിസിനു ഹാജരാക്കാനായില്ല എന്ന് കർണാടക ഹൈകോടതി വിധിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും 2011 ഫെബ്രുവരി 11നു ആദ്യ ജാമ്യാപേക്ഷ നിരസിച്ചു. പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച സുപ്രിംകോടതി ജഡ്ജിമാർക്കിടയിലെ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്കു വിട്ടു. മഅ്ദനിക്കെതിരായ മൊഴികളെല്ലാം IPC 161-ആം വകുപ്പു പ്രകാരം പോലിസെടുത്തതാണെന്നും അത് തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. ഏറെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കിടയില്‍ 2014 ജൂലൈ 11ന് സുപ്രീം കോടതി ഒരു മാസത്തേക്കു താത്കാലിക ജാമ്യം അനുവദിച്ചു.

ജാമ്യം നല്‍കുന്നതിനെ പരമാവധി കര്‍ണാടക സര്‍ക്കാര്‍ എതിർത്തെങ്കിലും ഉന്നയിച്ച എല്ലാ വാദങ്ങളും ജസ്റ്റിസ് ജെ. ചലമേശ്വര്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളി. ജാമ്യ കാലയളവില്‍ കേരളത്തിലേക്ക് പോകരുത്,  ആവശ്യമായ സുരക്ഷ കര്‍ണാടക പോലിസ് ഒരുക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, ചികിത്സ ആവശ്യമെങ്കിൽ സ്വന്തം ചെലവിൽ ആവാം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. 24 മണിക്കൂറും പോലീസ് നിരീക്ഷണത്തിൽ ഉള്ള ജാമ്യം. നിയമ യുദ്ധത്തിനൊടുവില്‍ മൂന്നു തവണകളിലായി ഏതാനും ദിവസങ്ങളില്‍ നാട്ടില്‍ വരാന്‍ അനുമതി ലഭിച്ചെങ്കിലും സുരക്ഷാ ചെലവിനായി അകമ്പടി വന്ന പോലിസുകാരുടെ ചെലവടക്കം ലക്ഷങ്ങള്‍ കെട്ടിവെക്കണമെന്ന വിചിത്രമായ ഉപാധി കര്‍ണാടക മുന്നോട്ടു വച്ചു.  മൂന്നു തവണയും മഅദനി അത് വഹിക്കേണ്ടി വന്നു.

തന്റെ പ്രിയപ്പെട്ട മകൻ ഉമർ മുക്താറിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി പോകുവാൻ അകമ്പടി സേവിക്കുന്ന പോലീസുകാരുടെ ഭീമമായ ചെലവ് വഹിക്കണം എന്ന വിചാരണ കോടതിയുടെ വിധിക്കു എതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ സുപ്രീം കോടതിയെ സമീപിച്ച സമയം കാശില്ലാതെ മഅദനിക്ക് താങ്കളെ പോലുള്ള ഒരു അഭിഭാക്ഷകന്റെ ഫീസ് എങ്ങനെ നൽകാൻ കഴിയും എന്നു സുപ്രീം കോടതി ചോദിച്ചപ്പോൾ വികാരഭരിതനായി അദ്ദേഹം പറഞ്ഞു: “ഞാൻ ഈ കേസ് വാദിക്കുന്നത് സൗജന്യമായാണ്. ജസ്റ്റിസ് കൃഷ്ണയ്യര്‍ മഅദനിയെക്കുറിച്ചും അദ്ദേഹം അനുഭവിക്കുന്ന  പീഡനങ്ങളെക്കുറിച്ചും തനിക്ക് സ്വന്തം കൈപ്പടയില്‍ ഒരു കത്തെഴുതി ആവശ്യപ്പെട്ടത് കൊണ്ടാണ് താന്‍ മഅദനിയുടെ കേസില്‍ ഇടപെട്ടതും ഇപ്പോൾ വാദിക്കുന്നതും.”

കോയമ്പത്തൂർ സ്ഫോടന കേസിലെ പോലെ തന്നെ ബാംഗ്ലൂർ സ്ഫോടന കേസിലും പ്രോസിക്യൂഷൻ വിചാരണ മനപ്പൂർവം വൈകിപ്പിക്കുകയാണ്. ബാംഗ്ലൂർ 48 – ആം നമ്പര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ പ്രതികളെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് നാളേറെയായി. 1,60,000 ചോദ്യങ്ങളാണത്രെ ചോദിക്കാൻ ഉള്ളത്. ഒരു ദിവസം ശരാശരി 100 ചോദ്യങ്ങള്‍ പ്രകാരം നടപടി മുന്നേറിയാലും അത് പൂര്‍ത്തിയാവാന്‍ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരും. തടിയന്‍റെവിട നസീര്‍ 2006 ല്‍ പാട്ടത്തിനു വാങ്ങിയ തോട്ടത്തിലാണ് സ്ഫോടന ഗൂഡാലോചന നടന്നതെന്നും മഅ്ദനി അവിടെ എത്തിയിരുന്നുവെന്നുമാണ് എഫ്ഐആര്‍. ഇഞ്ചിത്തോട്ടത്തില്‍ മഅ്ദനിയെ കണ്ടതായി നസീര്‍ മൊഴി നൽകിയെന്നും, മഞ്ചുനാഥ് എന്നയാളുടെ വീട്ടില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ മഅ്ദനിയെ ചിലര്‍ താങ്ങിപ്പിടിച്ച് കൊണ്ടു പോവുന്നത് കണ്ടു എന്ന് പ്രാദേശിക ബിജെപി നേതാവായ പ്രഭാകരന്‍ മൊഴി നല്‍കി എന്നുമാണ് പോലീസ് പറഞ്ഞത്. ഇവരുടെ സാക്ഷി മൊഴികളാണ് പോലീസ് പ്രധാനമായും കോടതിയിൽ ഹാജരാക്കിയത്. പോലിസ് ഭീഷണിപ്പെടുത്തി മൊഴിയില്‍ ഒപ്പു വെപ്പിച്ചതാണെന്നും മഅ്ദനിയെ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെന്നും നസീര്‍ പിന്നീട് കോടതി മുന്‍പാകെ തുറന്നു പറഞ്ഞു. പ്രഭാകരന്റെ മൊഴി  മഞ്ജുനാഥും നിഷേധിച്ചു. പ്രധാന സാക്ഷിയായി കൊണ്ട് വന്ന കുടക് സ്വദേശി റഫീഖും താൻ കോടതിയിൽ വെച്ചാണ് ആദ്യമായി മഅദനിയെ കാണുന്നതെന്നും സ്ഫോടന കേസിൽ കുടുക്കും എന്ന് ഭീഷണിപ്പെടുത്തി സാക്ഷിമൊഴി ഒപ്പിടീച്ചതാണെന്നും കോടതിയിൽ തുറന്നു പറഞ്ഞു. ഇതോടെ മഅ്ദനിക്കെതിരായ എല്ലാ സാക്ഷി മൊഴികളും ദുര്‍ബലമായി. മഅദനിക്കെതിരായ പ്രധാന സാക്ഷികളുടെ പ്രോസിക്യുഷന്‍ വിസ്താരം കഴിഞ്ഞപ്പോള്‍ ആരും തന്നെ മഅദനിക്ക് എതിരായി കോടതിയില്‍ മൊഴി നല്‍കിയിട്ടില്ല എന്നതാണ് വസ്തുത. വിശ്വാസ്യയോഗ്യമായ തെളിവോ സാക്ഷിമൊഴികളോ സമര്‍ഥിക്കുന്നതില്‍ പ്രോസിക്യുഷന്‍ പൂര്‍ണ പരാചയമാണെന്നർഥം.

 രണ്ടു പേരുടെ മരണത്തിന് കാരണമായ ബംഗ്ലളൂരു സ്‌ഫോടനത്തിൽ ആദ്യ രണ്ടു തവണയും കുറ്റപത്രം സമർപ്പിക്കുമ്പോൾ ഇടം നേടാത്ത മഅദനി മൂന്നാമത് കുറ്റപത്രത്തിൽ ഇടം നേടിയത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് ന്യായമായും സംശയിക്കാം. സാക്ഷികളും മൊഴികളും ഹാസ്യമാകുന്ന നേർക്കാഴ്ചയാണ് കേസിന്റെ വഴികളിൽ മുഴുവനും. 24 മണിക്കൂറും പോലീസ് കാവലുള്ള ആളാണ് കുടകിൽ പോയി ക്യംപ് നടത്തി എന്ന് പോലീസ് പറയുന്നത്. മഅദനിക്കെതിരെ മൊഴി കൊടുക്കാൻ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായ റഫീഖ്, കടുത്ത കാൻസർ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന സമയത്തു ബാംഗ്ലൂരിൽ എത്തി മൊഴി നൽകി എന്ന് പറയപ്പെടുന്ന മജീദ്, തന്നെ ഭീഷണിപ്പെടുത്തിയും കപളിപ്പിച്ചും മൊഴി രേഖപ്പെടുത്തിയതാണെന്ന് തുറന്ന് പറഞ്ഞ കൊച്ചിയിലെ വീട്ടുടമസ്ഥൻ ജോസ് വർഗീസ് ഇവരൊക്കെയാണ് ഇപ്പോഴും ഈ കേസിന്റെ സാക്ഷികൾ എന്നത് നീതിന്യായ വ്യവസ്ഥയെ പരിഹാസ്യമാക്കുന്നുണ്ട്.

പത്തു വർഷത്തെ ബാംഗ്ലളൂരു തടവ് ജീവിതത്തിനിടയിൽ ആ അമ്പത്തഞ്ചുകാരന്റെ ശരീരഭാരം 39 കിലോ ആയി ചുരുങ്ങി. സങ്കീർണവും ആശങ്കാജനകവുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില. പ്രമേഹം അനിയന്ത്രിതമാണ്, ഹൃദ്രോഗിയാണ്, വൃക്കകള്‍ രണ്ടും തകരാറില്‍, വലതു കണ്ണിന്‍റെ കാഴ്ചശക്തി എഴുപതു ശതമാനത്തിലേറെ കുറഞ്ഞു, നാഡീ ഞരമ്പുകള്‍ ക്ഷയിച്ചത് മൂലം ഇടക്കിടെ ഗുരുതരമാവുന്ന രോഗങ്ങള്‍, ആവര്‍ത്തിക്കുന്ന തല കറക്കവും ബോധക്ഷയവും. വിചാരണാ നടപടിക്കിടയില്‍ കോടതിയില്‍ വെച്ച്‌ അദ്ദേഹം തല കറങ്ങി വീണിരുന്നു. അബ്ദുൽ നാസർ മഅ്ദനി പറഞ്ഞത് പോലെ നരകയാതനകളും പീഡനങ്ങളും ആത്മസംഘർഷങ്ങളും ആവോളം നൽകി ഒരാളെ പീഡിപ്പിക്കുന്നതിനേക്കാൾ ഭേദം അദ്ദേഹത്തെ തൂക്കിക്കൊല്ലുന്നതാണെന്ന് നമുക്കും തോന്നിപ്പോകും.

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ആപ്തവാക്യം ഉള്ള ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് പോലും കുറ്റം തെളിയിക്കപ്പെടാത്ത പതിറ്റാണ്ടുകൾ ശിക്ഷിക്കപ്പെട്ട ഈ മനുഷ്യന് മുൻപിൽ ഉത്തരമില്ല. സ്വാതന്ത്ര ഇന്ത്യയിൽ ഇതുപോലെ നീതി നിഷേധം നേരിട്ട മറ്റൊരു പൗരൻ ഉണ്ടായിട്ടില്ല. ഒരു മനുഷ്യനെ കുറ്റം തെളിയിക്കാതെ ഒരു പുരുഷായുസ് മുഴുവൻ ഇങ്ങനെ ശിക്ഷിക്കുന്നതിന് എന്ത് ന്യായമാണ് നീതിപീഠത്തിനുള്ളത്? മഅദനിയുടേത് ഒരു മതാവാകാശ പ്രശ്‌നമല്ല, മനുഷ്യാവകാശ പ്രശ്‌നമാണ്. നീതി വൈകിപ്പിക്കുന്നത് നീതി നിഷേധമാണ്. കുറ്റം തെളിയിക്കപ്പെടാത്ത കാലത്തോളം “ജയിലല്ല ജാമ്യമാണ് നിയമം” അനുശാസിക്കുന്നത് എന്ന് നമ്മുടെ പരമോന്നത നീതിപീഠം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോഴും നിയമവാഴ്ചയെ തന്നെ വെല്ലുവിളിച്ചുകൊണ്ട് മരണത്തിലേക്ക് നടന്നടുക്കുന്ന വികലാംഗനായ ഒരാളുടെ വിചാരണ നീട്ടികൊണ്ടുപോകുന്നത് കാണുമ്പോൾ മതേതരത്വ ജനാതിപത്യ രാഷ്ട്രത്തിലെ നീതിന്യായ വ്യവസ്ഥയോട് ലജ്ജ തോന്നുന്നു.

അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റം എന്ത് തന്നെയാണെങ്കിലും കേസ് വിചാരണക്കെടുക്കണമെന്നും കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കുകയും, തൂക്കുകയറാണ് ശിക്ഷ എങ്കിൽ അത് നൽകുകയും വേണമെന്നതിൽ എതിർപ്പില്ല. മറിച്ച് നിരപരാധിയാണെങ്കിൽ ഇനിയുള്ള കാലം ജീവിക്കാനെങ്കിക്കും അനുവദിക്കുക. വേട്ടയാടാതിരിക്കുക, ഗോക്കളോട് കാണിക്കുന്ന സ്നേഹത്തിന്റെ നൂറിലൊന്നെങ്കിലും ഈ പച്ച മനുഷ്യനോടും കാണിക്കുക. ഹിന്ദുത്വ ഫാസിസം നിയമ പീഠങ്ങൾ കൈയാളുമ്പോളും, ഇന്ത്യൻ നീതിപീഠത്തിൽ എനിക്ക് വിശ്വാസം ഉണ്ടെന്ന് പറയുന്ന മഅദനി ചോദിക്കുന്നതും നീതി മാത്രം. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ “ഔദാര്യത്തിനായി കേഴുന്നില്ല, നീതിക്കായി പോരാടുകയാണ്.” കൊറോണ ഭീതിയിൽ രാജ്യത്തെ വിവിധ ജയിലുകളിലെ വിചാരണ തടവുകാരെ ജാമ്യം നൽകി മോചിപ്പിക്കുമ്പോഴും, വിചാരണത്തടവുകാർക്ക് ജാമ്യം അനുവദിച്ചുകൊണ്ട് നൽകിയ ഇളവുകൾക്ക് ഏറ്റവും അർഹനായിട്ടുള്ളയാൾ രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിൽ വലതു കാൽ നഷ്ടപ്പെട്ട, ഒരു മനുഷ്യായുസ് മുഴുവൻ വിചാരണ തടവുകാരനാകാൻ വിധിക്കപ്പെട്ട മദനിയാണെന്ന് മനുഷ്യത്വമുള്ള ആർക്കാണ് ബോധ്യമാവാത്തത്.

മഅ്ദനിയുടെ പഴയ കാല പ്രസംഗങ്ങളോടും നയനിലപാടുകളോടും യോജിക്കുന്നില്ല.  എന്നാല്‍ മഅ്ദനിയുടെ പ്രസംഗങ്ങളേക്കാള്‍ വിഷലിപ്തമായ പ്രസംഗങ്ങളും പ്രചാരണങ്ങളും നടത്തിയ തൊഗാഡിയ, താക്കറെ, കപിൽ മിശ്ര, അനുരാഗ് താക്കൂർ, പർവേശ് വർമ്മ ,അഭയ് വർമ്മ,  ശശികലമാർക്ക് ബാധകമല്ലാത്ത ഒരു നിയമം മഅ്ദനിക്ക് മേല്‍ മാത്രം ചുമത്തപ്പെടുന്നതില്‍ നീതികേടുണ്ട്.  ഇന്ത്യയിലെ മറ്റു വിചാരണത്തടവുകാര്‍ക്ക് ലഭിക്കുന്ന മനുഷ്യാവകാശങ്ങള്‍ മഅ്ദനിക്കും ലഭിക്കേണ്ടതുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളുടെ പെരുമഴയാണ് മഅദനിക്കെതിരെ വർഷിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ നൂറ്റിമുപ്പത്തിയഞ്ച് കോടി മനുഷ്യര്‍ക്ക്‌ ഒരു ഭരണഘടനയും ഒരു പീനൽകോഡുമാണുള്ളത്. മഅ്ദനിക്ക് മാത്രമായി ഒരു പീനല്‍ കോഡുള്ളതായും ഒരു ഇന്റലിജന്‍സ് നടപടിക്രമം ഉള്ളതായും കേട്ടിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ഇന്ത്യയിലെ ഏതു പൗരനും അവകാശപ്പെട്ട മനുഷ്യാവകാശങ്ങൾ അദ്ദേഹത്തിന് മാത്രം നിഷേധിക്കപ്പെടുന്നത്?

ജാമ്യം അനുവദിച്ചാൽ കലാപങ്ങൾ ഉണ്ടാകുമെന്ന വിചിത്ര ന്യായമാണ് അവർത്തിക്കുന്നതെങ്കിൽ ഗുജറാത്ത്, മലേഗാവ്, സംഝാേദ, ഡൽഹി സ്ഫോടന കലാപ പരമ്പരകൾ ഒന്നും മറക്കാൻ കഴിയില്ല. ഗുജറാത്ത് കലാപത്തിന്റെ നായകൻ ഇപ്പോൾ രാജ്യം ഭരിക്കുന്നു. മലേഗാവ് സ്ഫോടനത്തിന്റെ സൂത്രധാരൻ പ്രഗ്യാ സിംഗ് ഇപ്പോൾ എം പിയാണ്. കേണൽ പുരോഹിത്ത് പട്ടാളത്തിൽ നിന്ന് പെൻഷൻ മേടിച്ചു വീട്ടിൽ വിശ്രമിക്കുന്നു. സംഝോദ സ്ഫോടന വീരൻ അസീമാനന്ദ വീട്ടിൽ വിശ്രമത്തിൽ. മൂന്നു പേരുടെ മരണത്തിന് കാരണമായ ബംഗ്ലളൂരു സ്ഫോടന കേസിൽ മുപ്പത്തിയൊന്നാം പ്രതിയായി, എന്നാൽ ഒരു പതിറ്റാണ്ട് കൊണ്ട് തെളിയിക്കാൻ കഴിയാത്ത രോഗങ്ങളാൽ ക്ഷീണിതനായ, പരാശ്രയമില്ലാതെ അനങ്ങാൻ പോലും ആവാത്ത മരണത്തിലേക് നടന്നടുക്കുന്ന ഈ ഒരു മനുഷ്യനെ ഇത്രമേൽ ഒരു രാജ്യം ഭയപ്പെടുന്നത് എന്തിനാണ്.

ആയിരക്കണക്കിനാളുകളെ കൊലക്ക് കൊടുത്ത കലാപങ്ങളുടെ ആസൂത്രകർ വാഴുന്ന ഇന്ത്യയിൽ, കലാപങ്ങൾക്ക് മുറവിളി കൂട്ടിയവർ മാനസിക രോഗികളാകുന്ന ഇന്ത്യയിൽ, ആളുകളേ തല്ലികൊല്ലുന്നതും ബോംബിട്ട് കൊല്ലുന്നതും ശത്രു രാജ്യത്തിന് രഹസ്യങ്ങൾ ചോർത്തി കൊടുക്കുന്നതുമെല്ലാം രാജ്യസ്നേഹത്തിന്റെ ഭാഗമാകുന്ന ഇന്ത്യയിൽ, അനീതിക്കും അക്രമത്തിനും എതിരേ ആര് ശബ്ദിച്ചോ അവരൊക്കെ രാജ്യദ്രോഹികളും തീവ്രവാദികളും നക്സലൈറ്റ്കളോ ആണ്. അതിന്റെ ഉദാഹരണങ്ങളാണ് സജ്ജീവ് ഭട്ട് ,ഹേമന്ത് കാർക്കരേ, ഡോ. ഖഫീൽഖാൻ തുടങ്ങി ആയിരങ്ങൾ. സത്യമേവ ജയതേ എന്ന തത്വത്തിൽ വിശ്വസിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തിലെ മനുഷ്യാവകാശലംഘനങ്ങളുടെ ഇരയാക്കപ്പെട്ട അബ്ദുൽ നാസർ മഅദനിയെന്ന മനുഷ്യൻ നീതി നിഷേധത്തിന്റെ തുടക്കമോ അവസാനമോ അല്ല.

സവർണഫാഷിസം കൊടികുത്തി വാഴുമ്പോൾ, ജനാതിപത്യം അന്ത്യശ്വാസം വലിക്കുമ്പോൾ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതിനെതിരെ ജനങ്ങൾ ശബ്ദിക്കണം. തെരുവുകള്‍ കത്തണമെന്നോ, പൊതുമുതല്‍ നശിപ്പിക്കപ്പെടണമെന്നോ, അശാന്തിയുടെ വിത്ത് പാകി ഈ നാട്ടില്‍ കലാപമുണ്ടാക്കണമെന്നോ അല്ല. നിയമ പരിധിക്കകത്തു നിന്നുകൊണ്ട് നാം പ്രവർത്തിക്കണം. മഅദനിയെ പോലെ വേട്ടയാടപ്പെടുമോ എന്ന ഭയം ഉള്ളത് കൊണ്ട് മൗനം ശീലമാക്കിയ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ഉണ്ടെന്നതാണ് വസ്തുത. സ്ഫോടന കേസിൽ തടവിലാക്കപ്പെട്ട ഒരാൾക്കു വേണ്ടി ശബ്‌ദിച്ചാൽ താനും വിമർശിക്കപ്പെടും എന്ന ഭയത്താൽ വിചാരണ പോലും ഇല്ലാതെ രണ്ടു പതിറ്റാണ്ട് ജയിലറക്കുള്ളിൽ തഴച്ചിടപ്പെട്ട മനുഷ്യന് വേണ്ടി പൊതുബോധം പോലും ശക്തമായി ഉയർന്നില്ല. പൊതു സമൂഹവും മുഖ്യധാരാ മാധ്യമങ്ങളും സ്വീകരിക്കുന്ന കുറ്റകരമായ മൗനമാണ് നിരപരാധികള്‍ ജയിലിടക്കപ്പെടാന്‍ കാരണമാകുന്നത്. ആദ്യമൊക്കെ മഅ്ദനി വിഷയം സജീവമാക്കി നിലനിര്‍ത്തിയിരുന്ന മാധ്യമങ്ങള്‍ക്ക് പോലും ഇപ്പോൾ മഅദനിയെ വേണ്ടാതായി. ആശയത്തെ കൽതുറങ്കുകൾ കൊണ്ട് തകർക്കാൻ ശ്രമിക്കുന്ന ഇന്ത്യയിലെ ആധുനിക ഫറോവമാർക്കെതിരെ ഒന്ന് ശബ്‌ദിക്കാൻ പോലും ധൈര്യമില്ലാത്ത ഞാനടങ്ങുന്ന ജനങ്ങൾ ഭരണഘടനയുടെ ആമുഖത്തിലെഴുതിയ we, the people of India എന്ന ആദ്യ വാക്കുകൾ ഒരായിരം തവണ എഴുതിപ്പഠിക്കണം. മതേതരത്വ ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യം എന്ന് അഭിമാനം കൊള്ളുന്ന ഇന്ത്യ മഹാരാജ്യത്ത്, മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും നീതി നിര്‍വഹണ സ്ഥാപനങ്ങളും യഥേഷ്ടമുള്ള ഒരു രാജ്യത്ത് അബ്ദുൽ നാസര്‍ മഅ്ദനി എന്ന സാധാരണ പൗരന് നിരന്തരം നീതി നിഷേധിക്കപ്പെടുന്നത് ഇപ്പോൾ ആരുടെയും കണ്ണ് തുറപ്പിക്കുന്നില്ലെങ്കിൽ പിന്നെ എപ്പോളാണ്?

രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി അവസാന ആശ്രയമായി കാണുന്നവരാണ്  ഇന്ത്യൻ ജനത, എന്നാല്‍ അത്തരം വിശ്വാസങ്ങളിലൊന്നും വലിയ കാര്യമില്ലെന്ന് ഭരണകര്‍ത്താക്കള്‍ തന്നെ തെളിയിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറേ നാളുകളായി കണ്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിലും നീതിപീഠങ്ങളിലും വിശ്വാസമര്‍പ്പിക്കുന്ന പൊതുജനങ്ങളുടെ ധാരണകള്‍ തിരുത്തപ്പെടാന്‍ അനുവദിക്കരുത്. അങ്ങനെ വരുന്നത് ഭരണഘടന വിഭാവന ചെയ്ത പൂര്‍വികരോടു ചെയ്യുന്ന അനീതിയായിരിക്കും. കോടതി നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടോയെന്ന് കൂടി സുപ്രീംകോടതി നേരിട്ട് പരിശോധിച്ച്   കോടതികളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ശ്രമിക്കണം.

ഇന്ത്യൻ പൗരൻ എന്ന നിലയിൽ നീതി പൂർണമായ ഒരു വിചാരണ മഅദനി അർഹിക്കുന്നുണ്ട്. അതിവൈകാരികത നിറഞ്ഞ പ്രഖ്യാപനങ്ങൾക്ക് പകരം പൊതുബോധത്തിൽ ഇതിൻ്റെ പ്രാധാന്യം വരുന്നതിനെക്കുറിച്ചു ആലോചിക്കണം. മറ്റൊരു സംസ്ഥാനത്തിന്റെ നിയമ പരിധിയിലുള്ള വിഷയത്തിൽ കേരളത്തിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നതിന് പകരം സർക്കാർ തലത്തിൽ നീതിപൂർവമായ വിചാരണക്ക് ആവശ്യപ്പെടുന്നതിന് ശ്രദ്ധിക്കണം.  ന്യൂനപക്ഷ മര്‍ദനം നടത്തുന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ കാലത്ത്, ഭരണകൂടം തന്നെ കോടതികളെ കൂട്ടുപിടിച്ച് ജനവിരുദ്ധത നടപ്പാക്കുമ്പോള്‍ നിയമപരമായി അദ്ദേഹത്തിന് നീതി ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഭരണകൂടത്തെ തന്നെ ഒരിക്കല്‍ കൂടി ജനാധിപത്യ വത്കരിക്കാനുള്ള രാഷ്ട്രീയ സമീപനവുമാവശ്യമാണ്. ഒരു ഫാസിസവും വിജയിക്കില്ല സത്യം വിജയിക്കുക തന്നെ ചെയ്യും.

Share this article

About ജാഫര്‍ കണ്ണപുരം, റാസല്‍ഖൈമ

View all posts by ജാഫര്‍ കണ്ണപുരം, റാസല്‍ഖൈമ →

Leave a Reply

Your email address will not be published. Required fields are marked *