ആത്മാവിലേക്ക് വെളിച്ചം നിറച്ചുവയ്ക്കാം

Reading Time: 3 minutes

അനശ്വരനായ അല്ലാഹുവിലേക്ക് ദുഃഖഭാരങ്ങളേൽപ്പിച്ചു കൊടുക്കാന്‍ വിശ്വാസിക്ക് ലഭിച്ച അവസരമാണ് മുഹർറം മാസമെന്ന് ചരിത്രം മുന്‍നിറുത്തി വിശദീകരിക്കുന്ന കുറിപ്പ്.

ഒരിക്കല്‍ മൂസാ നബിക്ക് ശക്തമായ ഉദരവേദനയുണ്ടായി. വേദന അസഹ്യമായപ്പോള്‍ അല്ലാഹുവിനോട് ആവലാതിപ്പെട്ടു. തൊട്ടടുത്തുള്ള ഒരു പച്ചില ചവച്ചരച്ച് ഇറക്കാനാണ് നിര്‍ദേശം ലഭിച്ചത്. മൂസാനബി അപ്രകാരം ചെയ്തു. വേദന മാറി. വീണ്ടുമൊരിക്കല്‍ സമാനമായ വേദന അനുഭവപ്പെട്ടു. നേരത്തെ നിര്‍ദേശിച്ച പച്ചില എടുത്ത് മൂസാനബി ചവച്ചരച്ചു. വേദന മാറിയില്ല. മൂസാനബി റബ്ബിനോട് മരുന്ന് കഴിച്ചിട്ടും രോഗം മാറാത്തതിനെക്കുറിച്ച് സങ്കടപ്പെട്ടു. ആദ്യം നിങ്ങള്‍ എന്നിലൂടെ ഇലയിലേക്കെത്തിയതായിരുന്നു. ഇപ്പോള്‍ ഇലയിലൂടെ എന്നിലേക്കെത്താനാണ് ശ്രമിച്ചത് എന്നായിരുന്നു അല്ലാഹുവിന്റെ മറുപടി. പ്രയാസങ്ങളില്‍ ആദ്യം ഓര്‍ക്കേണ്ടത് അല്ലാഹുവിനെയാണെന്നാണ് ഈ ചരിത്രം പഠിപ്പിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളില്‍ അല്ലാഹുവിനെ ആശ്രയിക്കുന്നുവെങ്കില്‍(തവക്കുല്‍) അദ്ഭുതകരമായ പരിഹാരങ്ങളാല്‍ റബ്ബ് നമ്മെ വിസ്മയിപ്പിക്കുമെന്ന് പഠിപ്പിക്കുന്ന മാസമാണ് മുഹർറം. പല പ്രവാചകന്മാരുടെയും ഉള്ളംപിളര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിച്ചത് ഈ മാസത്തിലാണ്. ഭരമേല്‍പ്പിക്കുന്നതിന്റെ പ്രാധാന്യവും അങ്ങനെയെങ്കില്‍ എന്തു സംഭവിക്കുമെന്നതിന്റെയും പാഠമാണ് മുഹർറമേകുന്നത്.
അല്ലാഹുവിലേക്കുള്ള ആശ്രയത്തിന്റെ നിസ്തുല അനുഭവമാണ് ഇബ്‌റാഹീം നബിയുടേത്. ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചതിന് നംറൂദും കൂട്ടാളികളും ഇബ്‌റാഹീം നബിയെ വീട്ടുതടങ്കലിലാക്കി. അഗ്‌നികുണ്ഡത്തിലെറിയാന്‍ തീരുമാനമായി. ഒരു നാട് ആ സാഹസത്തിന് ഒറ്റക്കെട്ടായി ഒരുമിച്ചു. പലയിടങ്ങളില്‍ നിന്നും വിറകുകള്‍ സംഭാവനകളായി ഒഴുകി. ചിലര്‍ രോഗങ്ങളുടെ ശമനത്തിന് വേണ്ടി വിറകുകള്‍ വഴിപാടായി നേര്‍ന്നു, മറ്റുള്ളവര്‍ വേറെ ചില ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് സമര്‍പ്പിച്ചത്. വിറകിന്റെ വലിയ കെട്ടുകള്‍ തന്നെ അവിടെ കൂമ്പാരമായിക്കിടന്നു. കൂട്ടിയിട്ട വിറകുകള്‍ക്ക് തീ കൊടുത്തു. ദിവസങ്ങളോളം തീ ആളിപ്പടര്‍ന്നു. പരിസരങ്ങളിലേക്കു പോലും ഒരാള്‍ക്കും അടുക്കാനാവില്ല. അന്തരീക്ഷത്തിലെ വായു വെന്തുരുകി. ഉയരങ്ങളിലേക്ക് പറന്നുയര്‍ന്ന പറവകള്‍ തീകുണ്ഡത്തിന് മുകളിലെത്തിയപ്പോള്‍ കരിഞ്ഞുവീണു. പ്രത്യേകമായുണ്ടാക്കിയ തെറ്റാലിയില്‍ കയറ്റി ഇബ്‌റാഹീം നബിയെ തീയിലേക്ക് എയ്തുവിടാനുള്ള സജ്ജീകരണങ്ങള്‍ ഒരുങ്ങി.
കാറ്റിന്റെ ചുമതലയുള്ള മലക്ക് ഇബ്‌റാഹീം നബിയെ സമീപിച്ചു പറഞ്ഞു: “നിങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം ആളിപ്പടരുന്ന തീയെ ഞാന്‍ അകലങ്ങളിലേക്ക് പറത്തിക്കളയാം’. നബിയുടെ പ്രതികരണം, “എനിക്ക് നിന്നെ ഇപ്പോള്‍ ആവശ്യമില്ല’ എന്നായിരുന്നു. ആകാശത്തേക്ക് തല ഉയര്‍ത്തി നബി പറഞ്ഞു: “അല്ലാഹുവേ നീ ഏകനാണ്. ഞാനും ഒറ്റയാനാണ്. ഞാനല്ലാതെ മറ്റൊരാളും നിന്നെ ആരാധിക്കാന്‍ ഭൂമുഖത്ത് ഇപ്പോള്‍ ശേഷിക്കുന്നില്ല. എനിക്ക് നീ മതി. അവലംബിക്കാന്‍ ഏറ്റവും നല്ലവന്‍ നീയാണ്’. ജിബ്്‌രീല്‍(അ) നബിയുടെ അരികിലെത്തി “വല്ല സഹായങ്ങളും ആവശ്യമുണ്ടോ’ എന്നന്വേഷിച്ചു. “നിന്റെ സഹായം എനിക്കിപ്പോള്‍ വേണ്ട എന്ന് മറുപടി. ‘എങ്കില്‍ നാഥനോട് സഹായം തേടരുതോ? “എന്റെ ഇപ്പോഴത്തെ അവസ്ഥ നന്നായറിയുന്നവനോട് ഞാന്‍ ചോദിക്കേണ്ട കാര്യമെന്താണ്?’ അപ്പോഴാണ് തീകുണ്ഡത്തോട് തണുപ്പും രക്ഷയുമായിത്തീരാന്‍ അല്ലാഹു കൽപിക്കുന്നത്. തീ സുരക്ഷയുടെ കവചമായി ഇബ്‌റാഹീം നബിയെ സ്വീകരിച്ചു. ചൂടിന്റെയും തണുപ്പിന്റെയുമിടയിലെ അന്തരീക്ഷമാണ് ഇബ്‌റാഹീം നബിക്ക് അനുഭവപ്പെട്ടത്.
ശത്രുക്കളുടെ മര്‍ദനങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ചില വഴികള്‍ ഇബ്‌റാഹീം നബിക്ക് മുമ്പില്‍ തുറക്കപ്പെട്ടിരുന്നു. മറ്റുള്ളവരുടെ സഹായങ്ങള്‍ അവംലംബിക്കേണ്ടതില്ല എന്ന് നബി തീരുമാനിച്ചു. എന്തുകൊണ്ട്? ഓരോരുത്തരുടെയും ആവശ്യങ്ങള്‍ പറയാതെ അറിയുന്ന തമ്പുരാന്‍ എന്നെ കാണുന്നുണ്ടെന്ന ബോധ്യത്തില്‍ നിന്നാണ് മറ്റു സഹായങ്ങള്‍ വേണ്ടെന്നുവെച്ചത്. സംരക്ഷിക്കാന്‍ പ്രാപ്തനായ ഒരാള്‍ കൂടെയുണ്ടെങ്കില്‍പിന്നെ ദുര്‍ബലരോട് കൈ നീട്ടേണ്ടതില്ലല്ലോ. ഈ സംഭവമൊരു മുഹർറത്തിലായിരുന്നു.
അമാനുഷിക വടി കൊണ്ടടിച്ചുള്ള മൂസാനബിയുടെ നൈല്‍നദി മുറിച്ചുകടക്കല്‍, യൂസുഫ് നബി പൊട്ടക്കിണറ്റിന്റെ ആഴങ്ങളില്‍ നിന്നു കരകയറിയത്, യഅ്ഖൂബ് നബിക്ക് കാഴ്ചയും പുത്രനും തിരിച്ചുകിട്ടിയത്, ഇദ്്‌രീസ് നബിയുടെ ആകാശാരോഹണം, വെള്ളപ്പൊക്കത്തില്‍ നിന്നുള്ള നൂഹ് നബിയുടെ രക്ഷ, മത്സ്യത്തിന്റെ വയറ്റില്‍നിന്നുള്ള യൂനുസ് നബിയുടെ പുറത്തുകടക്കല്‍ തുടങ്ങിയവ സംഭവിക്കുന്നതും ഈ മാസത്തിലാണ്. വേദനിക്കുന്ന ഹൃദയത്തോടെ അല്ലാഹുവിലേക്കുയര്‍ത്തിയ കരങ്ങള്‍ വെറുതെയാകില്ലെന്ന പാഠമാണിത് നല്‍കുന്നത്. പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്ക് ഈ മാസത്തെ ഉപയോഗപ്പെടുത്താവുന്നതാണ്. കൈവിടാതെ നമ്മെ ചേര്‍ത്തുനിര്‍ത്തുന്ന ഉടയതമ്പുരാനുണ്ടെങ്കില്‍ നമ്മളെന്തിന് ആശങ്കപ്പെടണം. കറുത്ത രാത്രിയില്‍ കറുകറുത്ത പാറയിലൂടെ സഞ്ചരിക്കുന്ന കുഞ്ഞിക്കുറുമ്പനുറുമ്പിനെ പോലും നിരീക്ഷിക്കുന്ന ഒരു റബ്ബുണ്ട്. ആ ബോധ്യം ഹൃദയങ്ങളിലുറച്ചാല്‍ നമ്മള്‍ സ്വതന്ത്രരായിത്തീരും. പ്രതിസന്ധികളുടെ മലനിരകള്‍ മഞ്ഞുകളായി ഉരുകിത്തീരും.
ഖുര്‍ആന്‍ പലയിടങ്ങളിലായി ഈ ചരിത്രങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ താല്പര്യങ്ങളിലൊന്ന് വിശ്വാസികളെ പ്രബുദ്ധരാക്കലാണ്. പ്രതിസന്ധികളില്‍ പതറാതെ നില്‍ക്കണമെന്ന മുന്നറിയിപ്പാണ്. റബ്ബിനെ നമ്മളോര്‍ക്കുന്നുവെങ്കില്‍ റബ്ബ് നമ്മളെയും ഓര്‍ക്കുമെന്ന പാഠമാണ്. ഒരുകൂട്ടം ആളുകള്‍ വല്ലതും ചെയ്യാന്‍ ഒരുമിച്ച് തീരുമാനിച്ചതുകൊണ്ടത് സാധ്യമാകണമെന്നില്ല. നാഥന്റെ തീരുമാനം വേണം. അവന്റെ തീരുമാനമില്ലാതെ ഒരാറ്റം പോലും ചലിക്കുകയില്ല. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് പ്രയാസകരമാകുന്ന നിയമങ്ങള്‍ വരുമ്പോള്‍ രാഷ്ട്രീയമായി പ്രതികരിക്കുന്നതിനൊപ്പം ആത്മീയമായ പരിഹാരങ്ങള്‍ കൂടി അവലംബിക്കണം. അല്ലാഹുവാണല്ലോ പ്രശ്‌നങ്ങള്‍ക്ക് ആത്യന്തികമായി പരിഹാരം കാണേണ്ടത്.
“അല്ലാഹ്’ എന്ന വികാരം ശരിയാംവിധത്തില്‍ നമ്മുടെ ഹൃദയങ്ങളില്‍ ആഴ്്ന്നിറങ്ങാത്തതാണ് പല പ്രതിസന്ധികളിലും പതറിപ്പോകാന്‍ ഇടവരുത്തുന്നത്. പ്രയാസഘട്ടങ്ങളില്‍ അതേകിയവന്‍ എന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് തിരിച്ചറിയണം. പരീക്ഷണങ്ങളേകി അവന്‍ പരിശോധിക്കുകയാണെന്ന് തിരിച്ചറിയുമ്പോള്‍ ജയിക്കാനുള്ള ശ്രമങ്ങളുണ്ടാകും. അല്ലെങ്കിലും പ്രതിസന്ധികളുടെ ആദ്യഘട്ടത്തിലാണല്ലോ ക്ഷമ വേണ്ടത്. ക്ഷമിക്കാന്‍ ശീലിച്ചാല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കലും എളുപ്പമാകും. “വേണ്ടതുപോലെ അല്ലാഹുവിലേക്ക് ഭരമേല്‍പ്പിച്ചാല്‍ അല്ലാഹു നിങ്ങള്‍ക്ക് ഭക്ഷണം നല്‍കും; പക്ഷികള്‍ക്ക് നല്‍കുന്നതു പോലെ’ എന്നൊരു ഹദീസിലുണ്ട്. ഒട്ടിയ വയറുമായി പുറത്തുപോകുന്ന പക്ഷികളെയൊന്ന് നിരീക്ഷിച്ചുനോക്കൂ. വയറു നിറച്ചു സംതൃപ്തരായാണ് അവ മടങ്ങിവരുന്നത്. അല്ലാഹുവില്‍ എല്ലാം അര്‍പ്പിച്ച് വീട്ടിലടങ്ങിയിരിക്കാം എന്നല്ല, അവന്‍ നിര്‍ദേശിച്ച മാര്‍ഗങ്ങളെയും മാധ്യമങ്ങളെയും അവലംബിക്കണം. പാറിപ്പറന്നാണ് പക്ഷികള്‍ ഭക്ഷണം ശേഖരിക്കുന്നത്. ആവശ്യമായ നിദാനങ്ങളുമായി നാം ഇടപെടുക. ഫലം നല്‍കുന്നവന്‍ വാരിക്കോരി നല്‍കാന്‍ തീരുമാനിച്ചാല്‍ അതൊരാള്‍ക്കും തടയാന്‍ സാധിക്കില്ല. അവന്‍ തടഞ്ഞുവെച്ചത് ഒരാള്‍ക്കും നല്‍കാനും കഴിയില്ല. സമ്പാദ്യങ്ങളേറെയുണ്ടായിട്ടും ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ മോഹമടങ്ങുവോളം രുചിക്കാന്‍ കഴിയാത്ത എത്രപേരാണ് രോഗക്കിടക്കകളിലുള്ളത്. രോഗങ്ങളൊന്നുമില്ലാഞ്ഞിട്ടും ഇഷ്ടവിഭവങ്ങള്‍ ആസ്വദിക്കാന്‍ കഴിയാത്തവരുമുണ്ട്. ദാരിദ്ര്യം കൊണ്ടാണ് അവര്‍ പ്രയാസപ്പെടുന്നത്. രണ്ടും രണ്ടു രൂപത്തിലുള്ള പരീക്ഷണങ്ങളാണെന്ന് തിരിച്ചറിഞ്ഞ് ക്ഷമിക്കുക. അല്ലാഹുവിനോട് കരങ്ങളുയര്‍ത്തി കേഴുക. അവന്‍ തട്ടിക്കളയില്ല.
മുഹർറത്തിന്റെ മഹത്വം കണക്കിലെടുത്ത് നോമ്പനുഷ്ഠിക്കല്‍ പ്രത്യേകം പുണ്യമുണ്ട്. റമളാനിന് മുമ്പ്, നോമ്പ് നിര്‍ബന്ധമായിരുന്നത് മുഹർറത്തിലായിരുന്നു എന്നൊരു അഭിപ്രായമുണ്ട്. മുഹർറം മുഴുക്കെയും നോമ്പനുഷ്ഠിക്കണമെന്ന് പറഞ്ഞ പണ്ഡിതരുമുണ്ട്. ഒമ്പതിനും പത്തിനുമാണ് നോമ്പ് പ്രത്യേകം സുന്നത്തുള്ളത്. ഒമ്പത് നഷ്ടപ്പട്ടവര്‍ പതിനൊന്നിന് വീണ്ടെടുക്കേണ്ടതാണ്.
വര്‍ഷാരംഭം എന്ന രൂപത്തിലും വിശ്വാസികള്‍ മുഹർറത്തിനെ പരിഗണിക്കുന്നുണ്ട്. കലണ്ടര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളുമുണ്ടായിരുന്നു. നബി(സ്വ)യുടെ ജനനം, വഫാത് തുടങ്ങിയ നിരവധി ചരിത്രസംഭവങ്ങള്‍ വര്‍ഷാരംഭത്തിന് നിര്‍ദേശിക്കപ്പെട്ടിരുന്നു. നബി(സ്വ)യുടെ ഹിജ്‌റയുമായി ബന്ധപ്പെട്ട് വര്‍ഷാരംഭം നിര്‍ണയിക്കാം എന്ന അഭിപ്രായത്തിനാണ് അംഗീകാരം ലഭിച്ചത്. എഡി 622ലാണ് ഉമര്‍(റ) ഹിജ്‌രി കലണ്ടര്‍ സംവിധാനിച്ചത്. മദീന പലായനത്തിന് അല്ലാഹുവിന്റെ അനുമതി ലഭിച്ച മുഹറം ഒന്നാമത്തെ മാസമായും പരിഗണിക്കപ്പെട്ടു. മുഹറം ഒന്നിന് പുതുവര്‍ഷാരംഭം എന്ന് പറയാം. ഇത് ആഘോഷങ്ങള്‍ക്കുള്ള വേദിയാക്കാനല്ല, ആത്മവിചാരത്തിന് പ്രയോഗിക്കണം. കഴിഞ്ഞ വര്‍ഷങ്ങളിലെ പിഴവുകള്‍ തിരുത്താനുള്ള അവസരമായിക്കാണണം. പുതിയ നന്മകള്‍ ജീവിതത്തിന്റെ ശീലമാക്കാന്‍ ശ്രമങ്ങളുണ്ടാവണം. അതൊക്കെത്തന്നെയല്ലേ വര്‍ഷാരംഭത്തില്‍ വിശ്വാസികള്‍ക്ക്് ചെയ്യാനുള്ളത് ■

Share this article

About അബ്ദുല്‍ബാരി ബുഖാരി പുല്ലാളൂര്‍

baripullaloor@gmail.com

View all posts by അബ്ദുല്‍ബാരി ബുഖാരി പുല്ലാളൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *