ഗള്‍ഫ് മലയാളികളുടെ അവസ്ഥയറിഞ്ഞ സര്‍വേ

Reading Time: 3 minutes

കോവിഡ് മഹാമാരി ഗള്‍ഫ് മലയാളികളില്‍ ഭൂരിഭാഗത്തിനും മാനസിക ആഘാതമുണ്ടാക്കി. 77 ശതമാനം പേര്‍ക്കും ചെറുതും വലുതമായ തോതില്‍ മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നതായിരുന്നു കോവിഡ് സാഹചര്യം. ഇതില്‍ 35 ശതമാനം പേര്‍ മാനസികാഘാതം ഉണ്ടാക്കിയെന്ന് സമ്മതിച്ചപ്പോള്‍ 42 ശതമാനം പേരുടെ മനസിനെ ശരാശരി തോതിലാണ് ആഘാതം പിടികൂടിയത്. എന്നാല്‍, മനോധൈര്യം പ്രകടിപ്പിച്ച് പിടിച്ചുനില്‍ക്കാന്‍ സാധിച്ചത് 23 ശതമാനം പേര്‍ക്ക്. കോവിഡ് സാഹചര്യത്തില്‍ പ്രവാസി മലയാളികളുടെ അവസ്ഥകളെക്കുറിച്ച് പ്രവാസി രിസാല നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. രിസാല സ്റ്റഡി സര്‍ക്കിളുമായി ചേര്‍ന്ന് ആറു ഗള്‍ഫ് നാടുകളിലെയും മലയാളികളെ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേ തൊഴില്‍, സാമ്പത്തികാവസ്ഥകളെക്കുറിച്ചുള്ള സ്ഥിതികളും വ്യക്തമാക്കുന്നു. ആറു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നായി 7223 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഗള്‍ഫ് മലയാളികളുടെ മനസ് വായിക്കുന്നതിനൊപ്പം ജീവിതാവസ്ഥകള്‍ മനസിലാക്കാന്‍ സാധിക്കുന്നതായിരുന്നു സര്‍വേ. കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളുടെ ജീവിതാവസ്ഥകള്‍ അറിയുന്നതിനായി നടന്ന പ്രഥമ സര്‍വേ റിപ്പോര്‍ട്ടാണിത്.

തൊഴില്‍ സാഹചര്യം
കോവിഡ് സാഹചര്യം ഗള്‍ഫ് മലയാളികളുടെ തൊഴിലവസ്ഥകളെ സാരമായി ബാധിക്കുമെന്ന് വ്യക്തമാക്കുന്നതാണ് സര്‍വേഫലം. നിലവിലോ ഭാവിയിലോ ഗള്‍ഫ് തൊഴിലും ബിസിനസും പ്രതിസന്ധിയെ അഭിമുഖീകരിക്കും എന്ന ആശങ്ക പങ്കുവെക്കുന്നു മൂന്നില്‍ രണ്ടു പേരും. സര്‍വേയില്‍ പങ്കെടുത്ത 65 ശതമാനം പേര്‍ക്ക് ഇതിനകം തൊഴില്‍ പ്രതിസന്ധി അനുഭവപ്പെട്ടുകഴിഞ്ഞു. 34 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ തൊഴില്‍ സാഹചര്യത്തില്‍ ഏതെങ്കിലും പ്രശ്‌നമുള്ളതായി മനസിലാക്കാത്തവര്‍. സര്‍വേയില്‍ പങ്കെടുത്ത 98 ശതമാനം പേരും ജോലി ചെയ്യുന്നവരാണ്. രണ്ടു ശതമാനം പേര്‍ മാത്രമാണ് സ്വന്തമായി ബിസിനസോ ഇതര സംരംഭങ്ങളോ ഉള്ളവര്‍.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 13.34 ശതമാനം പേര്‍ക്കാണ് ഇതിനകം തൊഴില്‍ നഷ്ടപ്പെട്ടത്. 18.23 ശതമാനം പേര്‍ക്ക് ശമ്പളം വെട്ടിക്കുറച്ചു. ഇതോടൊപ്പം 25.72 ശതമാനം പേര്‍ തൊഴില്‍ നഷ്ടപ്പെടല്‍ ഭീഷണിയില്‍ കഴിയുന്നവരാണ്. 7.24 ശതമാനം പേര്‍ക്ക് പ്രതിസന്ധിയെത്തുടര്‍ന്ന് ശമ്പളം ലഭിക്കുന്നില്ല. ഇങ്ങനെ 64.53 ശതമാനം പേരും വിവിധ രീതിയില്‍ പ്രതിസന്ധി നേരിടുന്നുവെന്ന് പഠനം അറിയിക്കുന്നു. യഥേഷ്ടം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി അറിയാമെന്ന് 34 ശതമാനം പേര്‍ രേഖപ്പെടുത്തുമ്പോള്‍ 59 ശതമാനം പേര്‍ക്ക് ചുരുക്കം ചിലര്‍ക്ക് ജോലി നഷ്ടപ്പെട്ട വിവരമേയുള്ളൂ. ആറു ശമതാനം പേര്‍ ആര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടതായി അറിഞ്ഞിട്ടില്ല.

ഭീകരമായ ശൂന്യത
ഗള്‍ഫില്‍ ജീവിക്കുന്ന 95.25 ശതമാനം പേര്‍ക്കും നാട്ടില്‍ തിരിച്ചെത്തിയാല്‍ തൊഴിലുറപ്പോ സംരംഭങ്ങളോ ഇല്ല. പ്രവാസി പുനരധിവാസത്തിനായുള്ള ബൃഹദ്പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലേക്ക് സര്‍ക്കാരുകളുടെയും രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങളുടെയും സത്വരശ്രദ്ധ പതിയേണ്ട പ്രതികരണമാണിത്. നാട്ടില്‍ ഏതെങ്കിലും തൊഴിലോ സംരംഭമോ ഇല്ല എന്നു തീര്‍ത്തു രേഖപ്പെടുത്തുന്നവര്‍ 65.54 ശതമാനമാണ്. എന്നാല്‍, എന്തെങ്കിലും സംഘടിപ്പിക്കണം എന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ സാധിക്കുന്നവര്‍ 29.71 ശതമാനം പേരുണ്ട്. നാട്ടില്‍ തൊഴിലോ ബിസിനസ് സംരംഭങ്ങളോ ഉള്ളവര്‍ 4.75 ശതമാനം മാത്രം.
അതേസമയം നാട്ടില്‍ തിരിച്ചെത്തിയാല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നവര്‍ 56.12 ശതമാനമാണ്. 43.88 ശതമാനം പേര്‍ ഇത്തരം സഹായങ്ങള്‍ വേണ്ട എന്ന് അഭിപ്രായപ്പെടുന്നു. ഗള്‍ഫ് പ്രവാസത്തിന്റെ ബാലന്‍സ് ഷീറ്റ് സംബന്ധിച്ചുള്ള സൂചനയാണിത്. നാട്ടിലെത്തി ജീവിതം തുടരാന്‍ പകുതിയിലധികം പ്രവാസികളും സര്‍ക്കാരിന്റെയോ ധനകാര്യ സ്ഥാപനങ്ങളുടെയോസഹായം കാത്തിരിക്കുന്നുണ്ടെന്നര്‍ഥം.

യുവാക്കളുടെ ആധിപത്യം
ഗള്‍ഫ് പ്രവാസത്തിനു നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലിനു ക്ഷതമേല്‍പ്പിക്കുമെന്ന നിരീക്ഷണങ്ങളെ ബലപ്പെടുത്തുന്നത് പ്രവാസി സമൂഹത്തില്‍ യുവാക്കള്‍ക്കുള്ള ഭൂരിപക്ഷമാണ്. തൊഴിലും കച്ചവടവും പ്രശ്‌നം നേരിടുമ്പോള്‍ മടങ്ങി വരുന്നത് ജീവിതത്തില്‍ ഇനിയും പ്രതീക്ഷകള്‍ ബാക്കിയുള്ള ചെറുപ്പക്കാര്‍. രിസാല സര്‍വേയില്‍ പങ്കെടുത്തവരില്‍ 67.02 ശതമാനവും 26നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. 41നും 60നുമിടയില്‍ വയസുള്ളവര്‍ 27.05 ശതമാനവും 18 മുതല്‍ 25 വരെ വയസുള്ളവര്‍ 5.84 ശതമാനവും. രാജ്യത്തിനും സമൂഹത്തിനുമെന്ന പോലെ ഓരോരുത്തരുടെയും കുടുംബത്തിനുവേണ്ടി തൊഴില്‍, വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കല്‍ അനിവാര്യമായ പ്രായത്തിലുള്ളവരാണ് പ്രവാസികളിലേറെയും. തൊഴില്‍ നഷ്ടപ്പെടുന്നവരിലും ഇതേ അനുപാതമുണ്ടാകും. കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള സിഡിഎസ് നടത്തിയ പ്രവാസി സര്‍വേയിലും ഗള്‍ഫ് മലയാളികളില്‍ യുവാക്കളാണ് ഭൂരിപക്ഷം.

അവിദഗ്ധര്‍ നിരവധി
ഗള്‍ഫ് മലയാളികളില്‍ അഭ്യസ്ഥവിദ്യര്‍ നിരവധിയുണ്ടെങ്കിലും അവിദഗ്ധ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് കൂടുതല്‍. രിസാല സര്‍വേയും ഇതു ശരിവെക്കുന്നു. സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവര്‍ 43.93 ശതമാനമുണ്ട്. സെക്കന്‍ഡറി/ഡിപ്ലോമ വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ 27.96 ശതമാനമുണ്ട്. എന്നാല്‍ ബി.ടെക് ഉള്‍പ്പെടെ ഏതെങ്കിലും ബിരുദമുള്ളവര്‍ 21.65 ശതമാനം പേരുണ്ട്. ബിരുദാനന്തര ബിരുദമുള്ള പ്രവാസികള്‍ 6.46 ശതമാനമാണ്. ഗള്‍ഫ്‌തൊഴില്‍ പ്രതിസന്ധിയിലാകുമ്പോള്‍ നാട്ടിലേക്കു മടങ്ങിയെത്തുന്നവരും ഇതേ തോതിലായിരിക്കും. സംസ്ഥാനത്ത് അവിദഗ്ധ മേഖലയില്‍ വിനിയോഗിക്കേണ്ട മനുഷ്യവിഭവങ്ങളിലേക്കുകൂടിയാണ് ഈ ഫലം വിരല്‍ചൂണ്ടുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ തൊഴിലാളികള്‍ സംസ്ഥാനത്തേക്കു വന്നത് കേരളത്തിലെ തൊഴില്‍ വിഭവങ്ങളുടെ അഭാവംകൊണ്ടുകൂടിയായിരുന്നു. ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം യോഗ്യതകളുള്ളവര്‍ 56.07 ശതമാനമുണ്ട്. സംസ്ഥാനത്തെ വൈറ്റ് കോളര്‍ തൊഴില്‍ മേഖലക്ക് ഇവരെക്കൂടി പരിഗണിക്കേണ്ടിവരും. അതേസമയം, ഗള്‍ഫില്‍ തുടര്‍ന്നും തൊഴില്‍ ലഭിക്കാന്‍ സാധ്യത കൂടുതലുള്ളവര്‍ അഭ്യസ്ഥവിദ്യരായിരിക്കും.

മലയാളി ഗള്‍ഫ് വിടില്ല
തൊഴില്‍ പ്രതിസന്ധിയുടെ ഭീതിതാവസ്ഥകളും ആശങ്കകളും പുറത്തു വരുമ്പോഴും തത്കാലം ഗള്‍ഫ് ഉപേക്ഷിക്കാന്‍ മലയാളികള്‍ സന്നദ്ധമല്ല. 90.87 ശതമാനം പേരും ഗള്‍ഫ് ഒരു ഓപ്ഷനായി കരുതിവെക്കുന്നവരാണ്. 8.90 ശതമാനം പേര്‍ മാത്രമാണ് ഇനി ഗള്‍ഫിലേക്കില്ലെന്നു തീരുമാനിച്ചവര്‍. ഗള്‍ഫില്‍ തുടരും അല്ലെങ്കില്‍ തരിച്ചുവരും എന്ന് തീര്‍പ്പു പറയുന്നവരാണ്. ഗള്‍ഫ്തന്നെ തിരഞ്ഞെടുക്കേണ്ടി വരും എന്നഭിപ്രായമുള്ളവര്‍ 14.84 ശതമാനമുണ്ട്. മറ്റു മാര്‍ഗങ്ങളൊന്നും തരപ്പെട്ടില്ലെങ്കില്‍ ഗള്‍ഫ്തന്നെ ശരണം എന്നു വിചാരിക്കുന്നവര്‍ 23.99 ശതമാനവും. അഥവാ ഗള്‍ഫ് പ്രവാസം എന്ന അവസ്ഥ മലയാളിയില്‍ ചെലുത്തിയ സ്വാധീനം ഇല്ലായ്മ ചെയ്യാന്‍ കൊവിഡിന് സാധിച്ചിട്ടില്ല. നിവൃത്തിയുണ്ടെങ്കില്‍ അതിജീവന അഭയം ഗള്‍ഫ് മരുഭൂമി തന്നെയായിരിക്കുമെന്ന് അനുഭവസ്ഥരുടെ പ്രതികരണങ്ങള്‍ അറിയിക്കുന്നു. തങ്ങളുടെ രാജ്യവും സംസ്ഥാനവും പ്രവാസികള്‍ക്ക് ആത്മവിശ്വാസത്തോടെ മടങ്ങാനും ഇവിടെ തൊഴിലോ സംരംഭമോ തിരഞ്ഞെടുത്ത് ജീവിതം സാധിക്കാനാകും എന്ന ഉറപ്പിനും അവസരമൊരുക്കിയിട്ടില്ല എന്ന യാഥാര്‍ഥ്യംകൂടിയാണ് ഈ പ്രതികരണം അറിയിക്കുന്നത്.

അഞ്ചിലൊന്നു പേര്‍ക്ക് വീടില്ല
പ്രവാസികളെ ഗള്‍ഫില്‍ തുടരാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ അവരുടെ അവശ്യ പൂര്‍ത്തീകരണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അഞ്ചിലൊന്നു പേര്‍ക്ക് ഇനിയും സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് രിസാല സര്‍വേ വ്യക്തമാകുന്നു. എന്നാല്‍ 50.59 ശതമാനം പേര്‍ക്ക് സ്വന്തമായി വീടുണ്ട്. 18.02 ശതമാനം പേര്‍ക്ക് വീടോ സ്ഥലമോ ഉണ്ട്. വീടും സ്ഥലവും വാഹനവുമുള്ളവര്‍ 8.09 ശതമാനം മാത്രമാണ്. വീടിനു പുറമേ സ്വത്തുവകകള്‍ ഉള്ളവര്‍ 2.32 ശതമാനം പേര്‍ മാത്രവും. ഗള്‍ഫ് പണക്കാര്‍ എന്ന മേല്‍വിലാസം പ്രവാസികള്‍ക്കു കല്പിച്ചു നല്‍കിയിട്ടുണ്ട് മലയാളികള്‍. എന്നാല്‍, അടിസ്ഥാന ആവശ്യങ്ങള്‍ക്കപ്പുറം അവരില്‍ സമ്പത്തും സമ്പാദ്യവുമുള്ളവര്‍ തുലോം ചെറിയ വിഭാഗത്തിനു മാത്രമെന്ന് സ്ഥിതിവിവരക്കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. ഇനിയും തീരാത്ത മോഹങ്ങളുമായാണ് അധികപേരും ഗള്‍ഫില്‍ തുടരുന്നത്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 98.1 ശതമാനം പേരും മക്കളുടെയോ സഹോദരങ്ങളുടെയോ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കുടുംബ ബാധ്യതകളില്‍ തുടരുന്നവരാണ്. വിദ്യാഭ്യാസത്തിനു മാത്രം 17.70 ശതമാനം പേര്‍ ബാധ്യതയുള്ളവരെന്നു രേഖപ്പെടുത്തുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 15.79 ശതമാനം പേര്‍ മാത്രമാണ് ഗള്‍ഫില്‍ കുടുംബസമേതം ജീവിക്കുന്നത്. 84.21 ശതമാനം പേരും ഒറ്റക്ക് ജീവിക്കുന്നവരാണ്. കുടുംബത്തോടൊപ്പമല്ലാത്ത ജീവിതം സൃഷ്ടിക്കുന്ന വിരഹമുള്‍പ്പെടെയുള്ള മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണേറെയും.

സര്‍വേ
പ്രവാസി രിസാലയുടെ വെബ് പോര്‍ട്ടല്‍ വഴിയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. പ്രവാസി രിസാല എഡിറ്റോറിയല്‍ സംഘം തയാറാക്കിയ ചോദ്യാവലികളും മാനദണ്ഡങ്ങളും അനുസരിച്ചായിരുന്നു സര്‍വേ. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളൊന്നും സര്‍വേയില്‍ സമാഹരിച്ചില്ല. രിസാല സ്റ്റഡി സര്‍ക്കിള്‍ വളണ്ടിയര്‍മാര്‍ വ്യത്യസ്ത തുറകളില്‍ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന പ്രവാസികളെ സര്‍വേയില്‍ പങ്കെടുപ്പിച്ചു. മീഡിയ കണ്‍വീനര്‍ അബ്ദുല്‍ അഹദ്, രിസാല കണ്‍വീനര്‍ സകരിയ ശാമില്‍ ഇര്‍ഫാനി എന്നിവര്‍ സര്‍വേക്ക് നേതൃത്വം നല്‍കി.

Share this article

About അലി അക്ബര്‍

View all posts by അലി അക്ബര്‍ →

Leave a Reply

Your email address will not be published. Required fields are marked *