ഭീതിപ്പെടുത്തുന്ന കണക്കുകള്‍; പക്ഷേ പ്രത്യാശയുണ്ട്

Reading Time: < 1 minutes

കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസ ജീവിതാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ രിസാല നടത്തിയ നീക്കത്തെ അഭിനന്ദിക്കുന്നു. കുറേയധികം ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ ഈ പഠനം മുന്നോട്ട് വെക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് മഹാ ഭൂരിപക്ഷം വരുന്ന പ്രവാസികളും ഒന്നുകില്‍ ജോലി നഷ്ടപ്പെട്ടവരോ അല്ലെങ്കില്‍ വേതനരഹിത അവധിയില്‍ ഉള്ളവരോ അതുമല്ലെങ്കില്‍ വരും ഭാവിയില്‍ ജോലി നഷ്ടമാകുമെന്ന ആധിയില്‍ കഴിയുന്നവരോ ആണ്. 95% പ്രവാസികളും ഇപ്പോള്‍ നാട്ടിലേക്ക് പോകേണ്ടി വന്നാല്‍ എന്ത് ചെയ്യണമെന്ന് യാതൊരു നിശ്ചയവും ഇല്ലാത്തവരാണ് എന്നത് ഏറ്റവും ഭീതിപ്പെടുത്തുന്ന കണക്കാണ്. ഒരല്‍പം ആശ്വാസം പകരുന്ന ഒന്ന്, 50% ലധികം വരുന്ന പ്രവാസികള്‍ക്കും നാട്ടില്‍ സ്വന്തമായി വീടുണ്ട് എന്നത് മാത്രമാണ്. ഗള്‍ഫ് ലോകത്തെപ്പോലെ ഇത്രയും ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഒരു വര്‍ക്‌ഫോഴ്‌സ് ലോകത്തെവിടെയും ഉണ്ടാകില്ല. പ്രത്യേകിച്ചും മലയാളികള്‍. ഇനി ഗള്‍ഫിലല്ല, മറ്റെവിടെപ്പോയാലും അതിജയിക്കാന്‍ കഴിയുന്ന കരുത്തുണ്ട് എന്ന് നാം തെളിയിച്ചതുമാണ്. അതുകൊണ്ട് ഈ അവസ്ഥ താത്കാലികമാണെന്നും തൊഴില്‍ രംഗത്ത് ഒരു മാറ്റം തീര്‍ച്ചയായും ഉണ്ടാകും എന്നുമാണ് ഇത്രയും കാലത്തെ പ്രവാസ അനുഭവം പഠിപ്പിക്കുന്നത്. ആശങ്കള്‍ മുന്നില്‍ ഉണ്ടാകുമ്പോഴും അതിനെക്കാള്‍ വലിയ പ്രതീക്ഷകളില്‍ നമുക്ക് ഭാവിയെക്കാണാം. ദുബൈ സര്‍ക്കാരിന്റെ ഹിറ്റ് 96.7 എഫ് എമില്‍ ആണ് ഞാന്‍ ജോലി ചെയ്യുന്നത്. അതിന്റെ വെബ്‌സൈറ്റില്‍ ജോബ് പ്രൊവൈഡര്‍ എന്ന പുതിയ ഒരു മെനു ചേര്‍ത്തിട്ടുണ്ട്. അത് കാണിക്കുന്നതും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നാണ്. കോവിഡ് ഒരു ട്രാക്കിലും നമുക്ക് മറ്റൊരു ട്രാക്കിലും സമാന്തരമായി പ്രത്യാശയോടെ സഞ്ചരിക്കാന്‍ കഴിയും എന്നുതന്നെയാണ് പറയാനുള്ളത്.

Share this article

About ഫസലു - ജേണലിസ്റ്റ്, ഹിറ്റ് എഫ് എം, ദുബൈ

View all posts by ഫസലു - ജേണലിസ്റ്റ്, ഹിറ്റ് എഫ് എം, ദുബൈ →

Leave a Reply

Your email address will not be published. Required fields are marked *