മഴനനഞ്ഞു കിടന്ന ലഗേജുകൾ പറയുന്നത്

Reading Time: 2 minutes

ദുരന്തഭൂമിൽ അവശേഷിക്കുന്ന ഓരോ കാഴ്ച്ചകൾക്കും ഹൃദയം പിളർക്കുന്ന നോവാണ്. കരിപ്പൂരിലെ വിമാനാപകട ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ലോകം ചുറ്റിക്കറങ്ങിയത്. രണ്ട് കഷ്ണമായി വിമാനം പൊളിഞ്ഞു കിടക്കുന്നത്, കൊറോണയും പേമാരിയും വകവെക്കാതെ മനുഷ്യത്വം മാത്രം ഇടപെടുന്നത്, രക്ഷാപ്രവർത്തനത്തിനിറങ്ങിയവർക്ക് ഭക്ഷണം നല്കുന്നവർ, രക്തത്തിൽ കുളിച്ചതും ബോധരഹിതരുമായ യാത്രക്കാരെ എല്ലാം മറന്ന് സ്വന്തം വണ്ടിയിൽ ആശുപത്രിയിലെത്തിച്ചവർ, രക്തം വോണോ എന്ന് ചോദിച്ച് ക്യൂ നിന്നവർ, ആർത്തട്ടഹസിച്ചുള്ള കരച്ചിലിൽ കൂടെ കരഞ്ഞവർ, തലോടിയവർ, അങ്ങനെയങ്ങനെ നിരവധി ചിത്രങ്ങളിൽ മിന്നിമറിഞ്ഞ ആ അപകടമുഖം പച്ചക്കരളുള്ള ഒരു മനുഷ്യനും മറക്കാൻ കഴിയാത്ത വേദനയാണ്. നൊമ്പരപ്പെടുത്തുന്ന ഒരുപാട് ഫോട്ടോകൾക്കിടയിൽ പ്രവാസിയുടെ എല്ലാ കഥകളും, വേദനയും, സന്തോഷവും പറയുന്ന ഒരു ഫോട്ടോയുണ്ടായിരുന്നു. തളം കെട്ടി നിൽക്കുന്ന കണ്ണീര് ചാലിട്ടൊഴുകാൻ മാത്രം ഹൃദയസ്പർശിയായ ചിത്രം..

നോക്കൂ.. ആ കുന്ന് കൂട്ടിയിരിക്കുന്ന, ചിതറിക്കിടക്കുന്ന പ്രവാസിയുടെ ലഗേജുകൾക്കും ബാഗേജുകൾക്കും എന്തു മാത്രം നൊമ്പരങ്ങളായിരിക്കും പറയാനുണ്ടാവുക. പ്രവസിയെപ്പോലെത്തന്നെ മറ്റുള്ളവർക്കുള്ള കരുതലുളാണ് ഓരോ പെട്ടിയും. ഇരുപത്തെട്ടു ദിവസത്തെ കോറന്റൈനു ശേഷം മക്കൾക്കും കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും നല്കാനുള്ള എന്തുമാത്രം അതൃപങ്ങളാണിവിടെ മഴ നനഞ്ഞ് അനാഥമായ് കിടക്കുന്നത്. ” ഉപ്പാ.. എനിക്കൊരു കാറ് വേണം, കൊറേ മുഠായി വേണം, പിന്നെ ടാബ് വേണം” ഓണമാണ് വരുന്നത്.. ഏട്ടൻ ഉള്ളത് കൊണ്ട് ഓണം അടിച്ചു പൊളിക്കണം.. അങ്ങനെത്തുടങ്ങി ഒരുപാട് പേരുടെ സന്തോഷങ്ങളെല്ലാം അതിലുണ്ട്..

പ്രവാസിയുടെ പെട്ടി എന്ന് പറയുന്നത് അദ്ദേഹത്തിന്റെ വിയർപ്പാണ്, കാലങ്ങളായുള്ള കിനാക്കളെല്ലാം സാക്ഷാത്കരിച്ചൊരുമിച്ച് കൂട്ടുന്ന ഇടം. എങ്ങനെയൊക്കെയാണ് ഈ പെട്ടിയുടെ തൂക്കമൊപ്പിച്ചത് എന്ന ത്യാഗം അദ്ദേഹവും ആ പെട്ടിയും മാത്രമേ അറിയുകയുള്ളൂ.. ഫോൺവിളിച്ച് മക്കളോട് സംസാരിക്കുമ്പോഴെല്ലാം അവർക്ക് പറയാനുണ്ടാകും ബാപ്പ കൊണ്ട് വരുന്ന സമ്മാനങ്ങളെക്കെറിച്ച്. ഒരുപക്ഷേ തമാശയ്ക്കാണ് അവർ പറഞ്ഞതെങ്കിൽ പോലും ഏത് ഹൈപ്പർ മാർക്കറ്റിൽ കയറിയാലാണ് അത് കിട്ടുക എന്ന് പലരോടും ചോദിച്ചിട്ടുണ്ടാകും, ഒടുവിലെവിടെ നിന്നും കിട്ടിയില്ലെങ്കിൽ അതിനുവേണ്ടി ചൈനാമാർക്കറ്റ് അരിച്ചുപെറുക്കും. ജോലി കഴിഞ്ഞ് വരുമ്പോഴെല്ലാം അടുത്തുള്ള ഷോപ്പിംഗ് മാളിലും ഡേ റ്റു ഡേയിലും കയറും, ഒന്നും വാങ്ങേണ്ട ചുമ്മാ നോക്കാലോ എന്നായിരിക്കും വിചാരം. അതിനകത്ത് കയറിയപ്പോൾ സമ്മാനം കാത്തു നില്ക്കുന്ന മക്കളുടെ മുഖം ഓർമവരും ഉമ്മയേയും ബാപ്പാനെയും പ്രിയതമയെയും ഓർമവരും. പിന്നെ എന്തിനോ വേണ്ടി മാറ്റിവെച്ച പൈസ കൊണ്ട് അവിടുന്ന് കിട്ടുന്നത് വാങ്ങും. റൂമിലെത്തി ഓപ്പൺ ചെയ്ത് പ്രൈസ് ടാഗുകൾ പൊട്ടിച്ചു തന്റെ കട്ടിലിനടിയിൽ വെച്ചിരിക്കുന്ന പെട്ടിയിലേക്കിടും. അവധി ദിവസങ്ങളിൽ റോളയിലും ദേരയിലും കറങ്ങി മുടങ്ങാതെ ബ്ലാൻഗറ്റുകൾ വാങ്ങും. അത്തറ് കടയിൽ കയറി, പഠിപ്പിച്ച ഉസ്താദിന്, മാഷിന്, പിന്നെ അളിയന്, സുഹൃത്തിന് തുടങ്ങി ഡസൻകണക്കിന് അത്തറുകൾ വാങ്ങും, വീണ്ടും ആ പെട്ടിയിൽ കൊണ്ട് പോയി ഇടും, എല്ലാ ഹൈപ്പർ മാർക്കറ്റിലേയും വീക്കന്റ് ഓഫർ പുസ്തകം സംഘടിപ്പിക്കും. പാൽപ്പൊടി, സ്നിക്കേഴ്സ്, ഗാലക്സി, ബദാം, പിസ്ത, കാഷ്യൂ തുടങ്ങിയവയുടെ വിലകൾ നോക്കി തീർന്നുപോകരുതേ എന്ന നീയ്യത്തോടെ ആദ്യ ദിവസം തന്നെ വാങ്ങാൻ പോകും. മണിക്കൂറുകളോടും ക്യൂ നിന്ന് ബില്ല് പേ ചെയ്ത് റൂമിൽ വന്നു വീണ്ടും ആ ഡബിൾ കട്ടിലിനടിയിലെ പെട്ടി തുറന്നു അതിലേക്കിടുമ്പോൾ കൂട്ടുകാരുടെ നൂറു കൂട്ടം തമാശയാക്കലുകളുണ്ടാവും. നിനക്ക് വേണ്ടി വല്ലതും വാങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിന് എല്ലാ പ്രവാസിയുടെയും ഉത്തരം ഒന്ന് തന്നെയാണ്.. ഖൽബറിഞ്ഞ് കൊണ്ടുള്ള ചിരി. റിമോട്ടിൽ സഞ്ചരിക്കുന്ന കാറും, ലൈറ്റ് കത്തുന്ന ഷൂസും ടാബും വർക്ക് ചെയ്യുന്നുണ്ടല്ലോ എന്ന് വീണ്ടും വീണ്ടും പരിശോധിക്കും. എത്ര വാങ്ങിയാലും ഒന്നുമായില്ലല്ലോ എന്ന തോന്നലിൽ നാട്ടിൽ പോകുന്നതിന്റെ തലേ നാളിലെ ക്ലൈമാക്സ് പർച്ചേസ്. അതും കൂടി വാങ്ങി കൂട്ടുകാരെല്ലാം ചേർന്ന് കത്തിയടിച്ച് കൊണ്ട് ഓരോ സാധനങ്ങളും അടക്കിയൊതുക്കി ലെവലാക്കി കെട്ടുന്നതിന് മുമ്പ് തൂക്കി നോക്കും. എന്നിട്ട് തലയിലൊരു കയ് വെക്കലുണ്ട്. വിചാരിച്ചതൊന്നും വാങ്ങിയിട്ടില്ല, ഇനിയും ഒന്നു രണ്ടു സാധനങ്ങൾ വെക്കാനുമുണ്ട്, ഇപ്പോൾ തന്നെ മുപ്പത് കഴിഞ്ഞല്ലോ എന്ന്. പിന്നെ ആ അന്തരീക്ഷത്തിൽ ഉയരുന്ന വീര ഇതിഹാസ കഥകളുണ്ടാകും ഓരോ സുഹൃത്തിനും പറയാൻ. തൂക്കം കൂട്ടിയിട്ട് എയർപോർട്ടിൽ നിന്ന് ചുളുവിൽ രക്ഷപ്പെട്ടത്, കർക്കശക്കാരനായ ചെക്കർ പെട്ടി അഴിച്ചു കിലോ കുറയ്ക്കണമെന്ന് പറഞ്ഞതും പിസ്തയും ബദാമുമൊക്കെ അരയിലും കീശയിലും കുപ്പായത്തിനുള്ളിലും ഇറുക്കിയത്, ഇട്ട ഷർട്ടിന് മുകളിലേക്ക് വീണ്ടും ഷർട്ടിട്ടത്, ബ്ലാൻഗറ്റ് കഴുത്തിലിട്ടത് തുടങ്ങി ചിരിയുടെ മാലപ്പടക്കക്കഥകൾക്കിടയിൽ പരമാവധി അഡ്ജസ്റ്റ് ചെയ്തു തൂക്കമൊപ്പിക്കും. ലഗേജും പറഞ്ഞതിനേക്കാൾ ഒന്നോ രണ്ടോ കിലോ കൂടുതൽ ഉണ്ടാകും. ഏത് പാതിരാക്കുള്ള ഫ്ലൈറ്റാണെങ്കിലും കൂട്ടുകാരെല്ലാം എയർപോർട്ടിൽ കൊണ്ട് വിടും. എമിഗ്രേഷൻ ക്ലിയറൻസായാൽ അവരെ വിളിച്ചറിയിക്കും, പെട്ടി രക്ഷപ്പെട്ട കഥയും പറയും.. പല രാത്രികളിലും ഉറക്കം വരാതെ കിനാവ് കാണും. അവൾക്ക് വേണ്ടി മാത്രം വാങ്ങിയ നൈറ്റ് ഡ്രസ്സ്, പെട്ടി പൊട്ടിക്കുമ്പോൾ പലപ്പോഴും വേറെ കൊടുക്കാനുള്ളതാണെന്നും പറഞ്ഞ് പൊതിയഴിക്കാതെ റൂമിൽ കൊണ്ട് പോയി വെക്കുന്നതും അകമേ രണ്ടുപേരും ചിരിക്കുന്നതും. കളിക്കോപ്പുകൾ കണ്ട് മക്കൾ തുള്ളിച്ചാടുന്നതും ബാപ്പയെയോർത്ത് അഭിമാനം കൊള്ളുന്നതും, അയൽ വാസികൾ ക്കും കുടുംബക്കാർക്കും ഉമ്മ വീതം വെക്കുന്നത്. ഉപ്പ ഒരു മൂലയിൽ ഇരുന്ന് സന്തോഷത്തോടെ നോക്കുന്നത്. പെങ്ങന്മാരും സഹോദരങ്ങളും പ്രതീക്ഷയോടെ നോക്കുന്നത് തുടങ്ങി ഉറക്കം വരാത്ത രാത്രികൾ തള്ളി നീക്കിയത് വരാനിരിക്കുന്ന സന്തോഷങ്ങളും ആനന്ദവും മനസ്സിൽ ധ്യാനിച്ചുകൊണ്ടാണ്..

ദാ കണ്ടോ കൊറോണയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവർ, പാതി ശമ്പളത്തിനായി ജോലി ചെയ്തവർ, വിസിറ്റിൽ വന്നു കുടുങ്ങി അർധപട്ടിണിയായിപ്പോയവർ, ഉള്ളതെല്ലാം പോയവർ, നാട്ടിൽ ജീവിതം തുടരാം എന്നാഗ്രഹിച്ചവർ, എങ്ങനെയെങ്കിലും ഒന്ന് നാടണഞ്ഞാൽ മതിയെന്ന് ആഗ്രഹിച്ചവർ.. അവരുടെ ജീവിതത്തിന്റെ സ്വരുക്കൂട്ടലുകളും സ്വപ്നങ്ങളുമാണ് മഴ നനഞ്ഞ് ചിതറിക്കിടക്കുന്നത്..
ആ ചിത്രം ഒന്ന് സൂം ചെയ്ത് നോക്കൂ..
പൊട്ടിയ അത്തറ് കുപ്പിയിൽ നിന്നും സുഗന്ധം വമിച്ചുകൊണ്ടിരിക്കുന്ന ആ കാഴ്ച കണ്ട് കണ്ണീര് തോരാതെ എങ്ങനെയാണ് ഈ കുറിപ്പ് അവസാനിപ്പിക്കേണ്ടത്…

Share this article

About ഇർഫാദ് മായിപ്പാടി

View all posts by ഇർഫാദ് മായിപ്പാടി →

2 Comments on “മഴനനഞ്ഞു കിടന്ന ലഗേജുകൾ പറയുന്നത്”

Leave a Reply

Your email address will not be published. Required fields are marked *