കൊള്ളയടിക്കപ്പെട്ട ഓര്‍മകളെ ആഫ്രിക്ക തിരിച്ചുചോദിക്കുമ്പോള്‍

Reading Time: 2 minutes

വടക്കന്‍ നൈജീരിയയിലെ പ്രാന്തപ്രദേശമായ ചിബോക്ക് ഇന്ന് കുപ്രസിദ്ധമാണ്. അവിടെയാണ് ബോക്കോ ഹറം 276 കുട്ടികളെ തട്ടിക്കൊണ്ടുപോയത്. 115 വര്‍ഷം പുറകോട്ടു സഞ്ചരിച്ചാല്‍, കുന്നിന്‍ മുകളില്‍ താമസിക്കുന്ന ഈ ചെറിയ കര്‍ഷക സമൂഹം ബ്രിട്ടീഷ് കോളനിവത്കരണത്തിനെതിരെ നടത്തിയ വലിയ വിപ്ലവം കാണാനാകും.
1906 നവംബറില്‍, ഏകദേശം 170 ബ്രിട്ടീഷ് പട്ടാളക്കാര്‍ ബോര്‍ണോ സ്റ്റേറ്റിലെ ബ്രിട്ടീഷ് വ്യാപാര റൂട്ടുകള്‍ ഉപരോധിച്ചു. ചിബോക്കിലെ കുന്നിന്‍ മുകളില്‍ താമസിക്കുന്ന നാട്ടുകാര്‍ക്ക് നഗരത്തിലേക്കെത്താന്‍ മറ്റു വഴികളില്ലായിരുന്നു. പ്രസ്തുത ഉപരോധത്തെ അന്നത്തെ പാര്‍ലമെന്റ് “പ്യൂനിറ്റീവ് എക്‌സ്‌പെഡിഷന്‍’ എന്നുവിളിച്ചു.
ഉപരോധം പതിനൊന്നു ദിവസം പിന്നിട്ടതോടെ പ്രതിരോധത്തിനായി ചിബോക്ക് നഗരവാസികള്‍ കുന്നുകളിലെ ഒളിത്താവളങ്ങളില്‍ നിന്ന് സൈനികര്‍ക്കു നേരെ വിഷംപുരട്ടിയ അമ്പുകള്‍ എയ് തു.
1907 ഡിസംബറില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വിശദീകരിക്കുന്നതനുസരിച്ച്, ചിബോക്കിലെ ഈ ചെറിയ ഗോത്രം നൈജീരിയയില്‍ ഇതുവരെ നേരിട്ടതില്‍ വെച്ച് ഏറ്റവും നിശ്ചയദാര്‍ഢ്യമുള്ള പോരാളികളാണ്. ചിബോക്കിനെ ബ്രിട്ടീഷ് സാമ്രാജ്യവുമായി കൂട്ടിച്ചേര്‍ക്കാന്‍ സൈന്യത്തിന് മൂന്നു മാസമെടുക്കേണ്ടിവന്നു. അവരുടെ ജലസ്രോതസ് കണ്ടെത്തി അവരെ പൂര്‍ണമായി പട്ടിണിയിലാക്കിയാണ് കീഴടക്കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ ചിബോക്ക് നഗരവാസികള്‍ ഉപയോഗിച്ച അമ്പുകളും കുന്തങ്ങളും ശേഖരിച്ച് ലണ്ടനിലേക്ക് അയച്ചിരുന്നു. ഇന്നും അവ അവിടെ സൂക്ഷിച്ചിരിക്കുന്നു. ബ്രിട്ടീഷ് മ്യൂസിയത്തിലെ വസ്തുക്കളുടെ പശ്ചാത്തലത്തെക്കുറിച്ച് ഓണ്‍ലൈനില്‍ ലഭ്യമായ വിവരമനുസരിച്ച് ഏകദേശം 73,000 ആഫ്രിക്കന്‍ വസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ട്. അവ എങ്ങനെ അവിടെയെത്തി എന്നതിനെക്കുറിച്ചോ, കോളനിവത്കരണത്തിനെതിരായ പട്ടണത്തിന്റെ പ്രതിരോധത്തെക്കുറിച്ചോ പരാമര്‍ശിക്കുന്നില്ല. ആ ശേഖരങ്ങള്‍ ആഫ്രിക്കയില്‍ നടന്ന വലിയ സംഘട്ടനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. യുദ്ധങ്ങളിലും കോളനിവത്കരണത്തിലും ആഫ്രിക്കയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടയാവും അവയെല്ലാം.
പല പാശ്ചാത്യരും അവരുടെ ശേഖരങ്ങള്‍ സംരക്ഷിക്കുന്നുണ്ട്. ശേഖരങ്ങള്‍ എങ്ങനെ നേടിയെന്നോ, വസ്തുക്കളുടെ സങ്കീര്‍ണമായ ചരിത്രങ്ങള്‍ എന്തായിരുന്നുവെന്നോ കൃത്യമായി അവതരിപ്പിക്കാന്‍ അവര്‍ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.
ചരിത്രകാരനായ മാക്‌സ് സിയോളന്‍ തന്റെ പുസ്തകത്തില്‍ ചിബോക്ക് പിടിച്ചടക്കിയതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. നൈജീരിയയുടെ പാരമ്പര്യം നശിപ്പിച്ചുകൊണ്ടായിരുന്നു കോളനിവത്കരണം വികസിച്ചത്. ചരിത്രപരമായ പല ആഖ്യാനങ്ങളും – പ്രത്യേകിച്ച് യൂറോപ്യന്മാരുടെ – യഥാർഥ ചരിത്രത്തെ അവഗണിച്ചുകൊണ്ടുള്ളതായിരുന്നു. വളരെ ആഴത്തിലുള്ള പിഴവുകള്‍ അതില്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു.
അദ്ദേഹം പറയുന്നു: “വിജയികളുടെ ചരിത്രം ഔദ്യോഗിക ചരിത്രമായി രേഖപ്പെടുത്തുന്നത് വലിയ അപകടമാണ്. സിംഹം അതിന്റെ കഥ പറയാന്‍ പഠിക്കുന്നതുവരെ വേട്ടയുടെ കഥ എപ്പോഴും വേട്ടക്കാരന്റേത് തന്നെയായിരിക്കും എന്ന പഴമൊഴി ഓര്‍ക്കുക’.
പാശ്ചാത്യ മ്യൂസിയങ്ങള്‍ അധികാര ദുര്‍വിനിയോഗത്തില്‍ പങ്കെടുത്തതായും വിമര്‍ശകര്‍ ആരോപിക്കുന്നു. “കൊളോനിയലിസവും വിജയങ്ങളുടെ കഥകളും വിജയങ്ങളുടെ നിയമസാധുതയും രൂപപ്പെടുത്താന്‍ സഹായിച്ച ഉപകരണങ്ങളാണ് മ്യൂസിയങ്ങള്‍,’ സെനഗല്‍ ആസ്ഥാനമായുള്ള ഓപ്പണ്‍ സൊസൈറ്റി ഇനിഷ്യേറ്റീവ് ഫോര്‍ വെസ്റ്റ് ആഫ്രിക്ക (OSIWA) ഡയറക്ടര്‍ ആയിഷ ഒസോരിയുടെ വാക്കുകളാണിത്. വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സാംസ്‌കാരിക സമ്പത്ത് തിരികെ ലഭിക്കാന്‍ രാജ്യങ്ങളെ സഹായിക്കുന്നതിന് സംരംഭത്തിന് അവര്‍ സഹ-നേതൃത്വം നല്‍കുന്നു.
സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ടിനു ശേഷം, മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കള്‍ തിരിച്ചുപിടിക്കണമെന്ന് ആഫ്രിക്കന്‍ ഗവണ്‍മെന്റുകള്‍ തീരുമാനിച്ചിരിക്കുന്നു. ചരിത്രപരമായി, യഥാർഥ ഉടമകള്‍ ആരാണെന്ന് നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ പ്രസ്തുത വസ്തുക്കള്‍ തിരിച്ചേല്‍പിക്കാന്‍ യൂറോപ്യര്‍ ഒരുക്കവുമല്ല. വേറെയും ഒഴികഴിവുകളുണ്ട്, അബ്ബ ഈസ തിജാനിയുടെ അഭിപ്രായത്തില്‍, നൈജീരിയയിലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മ്യൂസിയം ആന്‍ഡ് മോനുമെന്റിന്റെ ഡയറക്ടര്‍ ജനറല്‍, തിരികെ ലഭിച്ച പുരാവസ്തുക്കള്‍ ശരിയായ വിധം കൈകാര്യം ചെയ്യുന്നില്ല എന്ന ആശങ്കയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിനാല്‍, ഒരു ഇടനിലക്കാരനായി പ്രവര്‍ത്തിക്കാനും വിദേശ മ്യൂസിയങ്ങളുമായി ചര്‍ച്ചകള്‍ നടത്താനും നൈജീരിയക്കാര്‍ 2020ല്‍ ഒരു സ്വതന്ത്ര സംഘടന – ലെഗസി റസ്റ്റോറേഷന്‍ ട്രസ്റ്റ് രൂപീകരിച്ചു. ഇത് വലിയൊരു മുന്നേറ്റമാണെന്ന് തിജാനി വിശ്വസിക്കുന്നു.
അമേരിക്ക, ജര്‍മനി, അയര്‍ലന്‍ഡ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിലുള്ള പുരാവസ്തുക്കള്‍ തിരിച്ചേല്‍പിക്കാനുള്ള കരാറുകളില്‍ ഏര്‍പ്പെടാന്‍ നൈജീരിയ തന്നെ മുന്‍കൈയെടുത്തിരിക്കുന്നു.
ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ നിന്ന് മൂന്ന് നൈജീരിയന്‍ കലാരൂപങ്ങള്‍ തിരികെ നല്‍കാനുള്ള തീരുമാനം ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിലെ രണ്ട് ബെനിന്‍ വെങ്കല ഫലകങ്ങളും പതിനാലാം നൂറ്റാണ്ടിലെ ഐഫ് ഹെഡുമാണവ. സമാനമായ രീതിയില്‍ മോഷ്ടിക്കപ്പെട്ട നൈജീരിയന്‍ വസ്തുക്കളുള്ള കൂടുതല്‍ മ്യൂസിയങ്ങള്‍ തിരികെ നല്‍കുന്നത് പരിഗണിക്കുമെന്ന് തിജാനി പ്രതീക്ഷിക്കുന്നു.
എന്നാല്‍ ബ്രിട്ടീഷ് മ്യൂസിയവുമായുള്ള ചര്‍ച്ചകള്‍ പലപ്പോഴും പ്രതിസന്ധിയിലാണ് അവസാനിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തിടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കായി ഒരു നിലപാട് സ്വീകരിച്ചു, സ്മാരകങ്ങളും തര്‍ക്കത്തിലുള്ള പുരാവസ്തുക്കളും മ്യൂസിയത്തില്‍ തന്നെ സൂക്ഷിക്കും. യൂറോപ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ ശേഖരങ്ങള്‍ തിരികെ നല്‍കാന്‍ പുതിയ നിയമങ്ങള്‍ ആവശ്യമാണ്. ഫ്രാന്‍സിലും ജര്‍മനിയിലും പുതിയ നിയമം നടപ്പിലാക്കിയെങ്കിലും 1963 ലെ ബ്രിട്ടീഷ് മ്യൂസിയം ആക്റ്റും 1983ലെ നാഷണല്‍ ഹെറിറ്റേജ് ആക്ടും ബ്രിട്ടീഷ് സ്ഥാപനങ്ങളെ ഇപ്പോഴും തടയുന്നു. തിരികെ നല്‍കുക എന്ന പദ്ധതി സാധ്യമാക്കുന്നതിന് ആ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തയാറല്ല എന്ന നിലപാടിലാണ് യു കെ സര്‍ക്കാര്‍.
നൈജീരിയന്‍ പ്രതിനിധികളുടെയും ബ്രിട്ടീഷ് മ്യൂസിയം ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ മ്യൂസിയങ്ങളുടെയും ഒരു ശൃംഖലയായ ബെനിന്‍ ഡയലോഗ് ഗ്രൂപ്പ്, ഒന്നുകൂടെ വ്യക്തമായ, സമയപരിധികളോടെ വായ്പയെടുക്കുന്ന വരുമാനത്തെക്കുറിച്ച്, പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. “സ്വദേശത്തേക്ക് തിരികെ കൊണ്ടുപോകാനുള്ള തീരുമാനം കൈകൊള്ളാന്‍ യു കെയെ നിര്‍ബന്ധിക്കുന്നത് ഈ ഗ്രൂപ്പാണെന്നാണ് കരുതുന്നത്. എന്നാല്‍ ഈ പ്രക്രിയ അത്ര എളുപ്പമല്ലെന്ന് തിജാനി പറയുന്നു.
നൈജീരിയ ഒരിക്കലും വിട്ടുവീഴ്ചക്ക് തയാറാകില്ല എന്ന് അദ്ദേഹം പറയുന്നു. ബ്രിട്ടീഷ് മ്യൂസിയവുമായി കൂടുതല്‍ സംസാരിച്ച് ഞങ്ങളുടെ വസ്തുക്കളെ ഞങ്ങളുടെ നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.
ബ്രിട്ടീഷ് മ്യൂസിയം പറയുന്നു: “ബെനിനിലെ വിവിധ കക്ഷികളുമായി, പ്രത്യേകിച്ച് ലെഗസി റസ്റ്റോറേഷന്‍ ട്രസ്റ്റുമായി, സംഭാഷണങ്ങളുടെ ഒരു പരമ്പര തന്നെ നടന്നിട്ടുണ്ട്. തിരിച്ചുകൊടുക്കണം എന്ന് തീരുമാനിച്ചു എന്നല്ലാതെ എന്നു തിരിച്ചുകൊടുക്കും എന്നതിനെ കുറിച്ച് ഒരു ധാരണയിലും ഞങ്ങള്‍ എത്തിയിട്ടില്ല’ ■

Share this article

About അന്‍വര്‍ ബുഖാരി കാരേപറമ്പ്

anvarkareparmb@gmail.com

View all posts by അന്‍വര്‍ ബുഖാരി കാരേപറമ്പ് →

One Comment on “കൊള്ളയടിക്കപ്പെട്ട ഓര്‍മകളെ ആഫ്രിക്ക തിരിച്ചുചോദിക്കുമ്പോള്‍”

Leave a Reply

Your email address will not be published. Required fields are marked *