പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതീക്ഷ കൈവിടുന്നില്ല

Reading Time: < 1 minutes

പ്രതിസന്ധിഘട്ടത്തിലും ഗള്‍ഫ് മേഖലയോട് ആളുകള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രവാസി രിസാല സര്‍വേ ഫലം തെളിയിക്കുന്നത്. കോവിഡ് വരുത്തിവെച്ച വിവിധ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെത്തന്നെ ഈ പ്രത്യാശയില്‍ കാര്യമുണ്ട്. പുതിയ സമീപനങ്ങളിലൂടെ ഗള്‍ഫ് ഭരണാധികാരികള്‍ ഇവിടെയുള്ള സാമൂഹിക ജീവിതം തിരികെ കൊണ്ടുവരുന്നതിന് കൃത്യമായ നീക്കങ്ങള്‍ നടത്തുന്നു എന്നതും ശ്രദ്ധേയമാണ്. അതിന്റെ പ്രതിഫലനമാണ് ഈ സര്‍വേ ഫലവും. നാട്ടിലേക്ക് തിരിച്ചു പോകേണ്ട സ്ഥിതി ഉണ്ടായാല്‍ അവിടെ പിടിച്ച് നില്‍ക്കാന്‍ കഴിയാത്തവരാണ് സാധാരണ പ്രവാസികളെന്ന് കണക്കുകള്‍ പറയുന്നു. ഗള്‍ഫിലെ തൊഴില്‍ ജീവിതത്തെ അവര്‍ ആശ്രയിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ അത് അവരുടെ ജീവിതത്തെയും ബാധിക്കുന്നു. എങ്കിലും ഒരു അതിജീവനത്തിന്റെ വഴിയില്‍ തൊഴില്‍ മേഖല പുഷ്ടിപ്പെടുകയും സാമ്പത്തിക രംഗം സജീവമാകുകയും ചെയ്യുമെന്ന വിശ്വാസം അടിവരയിടുന്നതാണ് ഈ സര്‍വേ. ഗള്‍ഫ് പ്രവാസത്തിന്റെ നാള്‍വഴികളില്‍ ഇതിനോട് സമാനമായ നിരവധി പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം അതിജയിച്ച് മുന്നേറിയവരാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് പ്രവാസികള്‍. അത്തരം സന്ദര്‍ഭങ്ങളില്‍ തിരിച്ച് വരാനുള്ള പ്രയത്‌നം നടത്തിയ സമൂഹം എന്ന നിലയില്‍ ആ പാരമ്പര്യം പുതിയ തലമുറയും ഏറ്റെടുക്കും. അതിനുള്ള ആത്മവിശ്വാസവും പ്രകടമാണ്. ഇനി അതിനുള്ള തയാറെടുപ്പുകള്‍ ഉണ്ടായാല്‍ മാത്രം മതി. സമൂഹത്തില്‍ വരുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് അതോടൊപ്പം പ്രതീക്ഷയോടെ സഞ്ചരിക്കാനുള്ള ക്രിയാത്മ പഠനങ്ങളും ചിന്തകളും ആവശ്യമായിട്ടുണ്ട്. അതിന് വേണ്ടി ഭരണകൂടങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കണം. പ്രവാസികളെ ഭീതിപ്പെടുത്തുന്ന പ്രസ്താവനകള്‍ക്കും പ്രമേയങ്ങള്‍ക്കും പകരം ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും അതിജീവന വഴികള്‍ തുറന്ന് കൊടുക്കുകയും ചെയ്യുന്ന സമീപനങ്ങള്‍ക്ക് പ്രസക്തിയുണ്ട്.

Share this article

About ശരീഫ് കാരശ്ശേരി - സെക്രട്ടറി, ഐ സി എഫ് ഗള്‍ഫ്

View all posts by ശരീഫ് കാരശ്ശേരി - സെക്രട്ടറി, ഐ സി എഫ് ഗള്‍ഫ് →

Leave a Reply

Your email address will not be published. Required fields are marked *