പെൺകുട്ടികൾക്ക് പിന്തുണയുടെ കമ്മിയുണ്ടോ?

Reading Time: 2 minutes

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (Sustainable Development Goal ) 2030 ഓടെ നേടിയെടുക്കേണ്ടതായി ലക്ഷ്യം വച്ചിരിക്കുന്നവയില്‍ ഒന്നാണ് സമഗ്രമായ വിദ്യാഭ്യാസ പുരോഗതി. 2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നാലാമതായി പറയുന്നതിങ്ങനെയാണ്. “സമഗ്രവും തുല്യവും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും എല്ലാവര്‍ക്കും ആജീവനാന്ത പഠന അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. വിദ്യാഭ്യാസത്തിലെ ലിംഗപരമായ അസമത്വം ഇല്ലാതാക്കുക വഴി എല്ലാ തലത്തിലുള്ള വിദ്യാഭ്യാസത്തിനും തുല്യ പ്രവേശനം ഉറപ്പാക്കുകയും വേണം. ആ ലക്ഷ്യത്തിലേക്ക് നാം എത്രമാത്രം അടുത്തെത്തിയിട്ടുണ്ടെന്നു നോക്കാം.
അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിനികളുടെ എണ്ണത്തില്‍ 18.2 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് പുറത്തിറക്കിയ അഖിലേന്ത്യാ സര്‍വേ (എഐഎസ്എച്ച്ഇ) റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2015-2016 മുതല്‍ 2019-2020 വരെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥിനികളുടെ പ്രവേശനനിരക്കില്‍ 18.2 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇനി കേരളത്തിലെ കണക്കുകള്‍ പരിശോധിച്ചാലോ, 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ആകെ സാക്ഷരരുടെ എണ്ണം 2,81,35,824, ഉം അതില്‍ 1,37,04,903 പുരുഷന്മാരും 1,44,30921 സ്ത്രീകളുമാണ്. ഉയര്‍ന്ന സ്ത്രീ സാക്ഷരതാ വളര്‍ച്ച കുടുംബത്തിനും രാജ്യത്തിനും മൊത്തത്തില്‍ ഗുണപരമായ ഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല അവരുടെ കുടുംബത്തിന്റെ, പ്രത്യേകിച്ച് കുട്ടികളുടെ, ആരോഗ്യ-വിദ്യാഭ്യാസ വളര്‍ച്ച മികച്ചതാക്കുന്നതിനും ഇത് സഹായകമായിട്ടുണ്ട്.
കോവിഡ്19 മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ സംവിധാനങ്ങളെയാണു ബാധിച്ചത്. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ മിക്കവാറും അടച്ചുപൂട്ടി. പ്രതിസന്ധി ഇന്ത്യയിലെ 285 ദശലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ പഠനത്തുടര്‍ച്ചയെ ബാധിച്ചു. പാഠശാലകള്‍ എപ്പോള്‍ തുറക്കുമെന്ന് നിശ്ചയമില്ല. സ്‌കൂളുകള്‍ അടച്ചതിലൂടെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കുടുംബങ്ങള്‍ എന്നിവരെ ബാധിക്കുക മാത്രമല്ല സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭാവിയുടെ നിര്‍ണായക ഘടകമായ ഉന്നത വിദ്യാഭ്യാസ മേഖലയെയും മഹാമാരി സാരമായി ബാധിച്ചു.
അടിയന്തര ബദല്‍ നടപടികള്‍ എന്ന നിലക്ക് പല സര്‍വകലാശാലകളും കോളേജുകളും ഓണ്‍ലൈന്‍ ലേണിങ് സിസ്റ്റം, ഓപ്പണ്‍ സോഴ്‌സ് ഡിജിറ്റല്‍ ലേണിങ് സൊല്യൂഷനുകളില്‍പ്പെട്ട, മൂഡില്‍, എം.ഒ.ഒ.സി, സ്വയം, എന്‍.പി.ടി.ഇ.എല്‍. എന്നിവ ഉപയോഗിച്ച് വിദ്യാഭ്യാസ സംസ്‌കാരം പുനരുജ്ജീവിപ്പിക്കുകയാണ്. എന്നാല്‍, പുതിയ പ്രവേശനങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം, നിലവിലുള്ള കോഴ്‌സുകളുടെ പൂര്‍ത്തീകരണം, വിദ്യാര്‍ഥികളുടെ ക്യാംപസ് നിയമനം എന്നിവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന ആശങ്കയായി മാറിയിട്ടുണ്ട്.
ഈ അവസരത്തില്‍ വീട്ടിലിരുന്നുകൊണ്ട് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിക്കേണ്ടി വരുന്ന പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. പഠനത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ എല്ലാം കൈവശമുണ്ടെങ്കില്‍ പോലും വീടുകളില്‍ ആയിക്കഴിഞ്ഞാല്‍ പഠനം ഒരു ഞാണിന്മേല്‍ കളിയാണെന്ന് സമ്മതിക്കേണ്ടി വരും. ഷെഡ്യൂള്‍ ചെയ്തിട്ടും മറന്നുപോകാന്‍ നോട്ടിഫികേഷന്‍ വെച്ച അലാറവും കുക്കറിന്റെ വിസിലും ഒരുപക്ഷേ ഒരേ സമയത്തായിരിക്കും ശബ്ദമുണ്ടാക്കുന്നത്. അസൈന്‍മെന്റുകള്‍ ടേണ്‍ ഇന്‍ ചെയ്യേണ്ടുന്ന അവസാന നിമിഷത്തില്‍ തന്നെയാവും വീട്ടിലെ പ്രായമായ വ്യക്തിക്കോ മാറ്റാര്‍ക്കെങ്കിലുമോ അത്യാവശ്യം നേരിടേണ്ടി വരുന്നത്.
വ്യക്തിപരവും സാമൂഹികവും സാംസ്‌കാരികവുമായ തടസങ്ങള്‍ എവിടെയുമെന്ന പോലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും സ്ത്രീകളെ വേട്ടയാടുന്നുണ്ട്. വലിയ സാംസ്‌കാരിക വൈവിധ്യവും സാമ്പത്തിക അസമത്വവും സാമൂഹിക അസ്ഥിരതയുമെല്ലാം മറ്റെങ്ങുമില്ലാത്ത രീതിയില്‍ അടയാളപ്പെടുത്തിയിരിക്കുന്ന രാജ്യത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നേതൃസ്ഥാനം വഹിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ വിരളമാണ്.
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തൊഴില്‍ മേഖലയിലേക്കും കണ്ണയക്കാതിരിക്കുക എന്നത് അസാധ്യമാണ്, വനിതാ ബിരുദധാരികളെ നമ്മുടെ രാജ്യത്തെ മനുഷ്യ വിഭവമായി കണക്കാക്കേണ്ടതുണ്ട്, തുല്യമായ തൊഴില്‍ അവസരങ്ങള്‍ നല്‍കണം. വിവേചനപരമായ രീതികള്‍ അവസാനിപ്പിക്കാത്തത് വിലയേറിയ വൈദഗ്ധ്യം പാഴാക്കികളയുന്നതിനു തുല്യമാണ്.
സ്ത്രീകളോടുള്ള സമൂഹത്തിന്റെ യാഥാസ്ഥിതിക മനോഭാവം തീരുമാനമെടുക്കുന്നതില്‍ അവരുടെ പങ്കാളിത്തത്തെ നിരുത്സാഹപ്പെടുത്തുന്നു. വിവേചനപരമായ നിയമനങ്ങള്‍ പ്രമോഷന്‍ രീതികള്‍, കുടുംബവും തൊഴിലിടവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള സമ്മര്‍ദം, പ്രൊഫഷനല്‍ റോളുകള്‍, മുന്നിട്ടിറങ്ങുന്നതില്‍ നിന്നും വിലക്കുന്ന രീതിയിലുള്ള കുടുംബത്തിന്റെയും സമൂഹത്തിന്റെയും മനോഭാവം, തൊഴില്‍ മേഖലയിലെ തടസങ്ങള്‍, സാംസ്‌കാരികമായ സ്റ്റീരിയോടൈപ്പിംഗ്, മാനേജ്‌മെന്റ് സ്ഥാനങ്ങളില്‍ സ്ത്രീകളോടുള്ള തുടര്‍ച്ചയായ പ്രതിരോധങ്ങള്‍, സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള നിയമനിര്‍മാണത്തിലെ മതിയായ നയങ്ങളുടെ അഭാവം, എന്നിവയൊക്കെയും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുകയും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്ന ചില മാറ്റങ്ങള്‍ നമുക്ക് അനിവാര്യമാണ്.
സയന്‍സ് പ്രോഗ്രാമുകള്‍, അഡ്വാന്‍സ്ഡ് ഡിഗ്രി പ്രോഗ്രാമുകള്‍ പോലെയുള്ളവക്ക് തയാറാവുന്ന സ്ത്രീകള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ കൂടുതല്‍ നല്‍കേണ്ടതുണ്ട്. മികവ് പുലര്‍ത്തുന്ന സ്ത്രീകള്‍ക്ക് സാമൂഹികവും മാനസികവുമായ സപ്പോര്‍ട് സിസ്റ്റം വര്‍ധിപ്പിക്കുന്നതിലൂടെ ബിരുദ, ജോലി, പ്രൊഫസര്‍ഷിപ്പ്, മറ്റ് ഉയര്‍ന്ന നൈപുണ്യമുള്ള സ്ഥാനങ്ങള്‍ എന്നിവ പരിഗണിക്കാന്‍ പ്രോത്സാഹനമാവും എന്നതില്‍ സംശയമില്ല ■

Share this article

About ആദില ഹുസൈൻ

athilahsa.ah@gmail.com

View all posts by ആദില ഹുസൈൻ →

One Comment on “പെൺകുട്ടികൾക്ക് പിന്തുണയുടെ കമ്മിയുണ്ടോ?”

Leave a Reply

Your email address will not be published. Required fields are marked *