കേരളം ആരു ഭരിക്കണം; ഇന്ത്യൻ പൗരൻ വോട്ട് കുത്തേണ്ടത്

Reading Time: 3 minutes

കേരളം നിയസഭാ ഇലക്ഷനെ നേരിടുകയാണ്. പലകാരണങ്ങളാൽ ഈ തിരഞ്ഞെടുപ്പ് സവിശേഷമാകുന്നുണ്ട്. എന്നാൽ തമിഴ്‌‌നാട്ടിലേയും ബംഗാളിലേയും തിരഞ്ഞെടുപ്പിൽ മലയാളിക്കെന്തെങ്കിലും കാര്യമുണ്ടോ? അതോ മലയാളി‌ വോട്ട്‌ ചെയ്യും, പിണറായിയോ ചെന്നിത്തലയോ ഭരിക്കും. എന്നു മാത്രമേ ഉള്ളോ? തുടർന്ന് വായിക്കുക.

ഒരു തിരഞ്ഞെടുപ്പിന് മുമ്പിൽ കുറേയധികം സമസ്യകൾക്ക് മുമ്പിലാണ് ഒരു സാധാരണ വോട്ടർ. ജനാധിപത്യത്തിൽ തുടർഭരണം എന്നത് അത്ര ആശാസ്യകരമായ ഒന്നല്ല. എന്നാൽ ഭരണാധികാരിയുടെയും ഭരണ കക്ഷിയുടെയും തനിനിറം പുറത്തറിയാൻ ഇത് ഉപകരിക്കും. പക്ഷേ ഏകാധിപത്യത്തിലേക്ക് പോകുന്നതറിഞ്ഞാലും മറുകുത്തിനുള്ള വകുപ്പില്ല എന്ന പരിമിതിയുണ്ട്. അത് കൊണ്ട് തുടർഭരണം അനുയോജ്യമല്ല എന്ന തീർപ്പിലെത്താൻ കഴിയുമോ? തൂക്കുമന്ത്രി സഭ ഇന്ത്യയെ കൊണ്ടെത്തിച്ചത് എവിടെയാണെന്ന ബോധ്യവും നമ്മുടെ മുമ്പിലുണ്ട്.

അങ്ങനെയൊക്കെയാണെങ്കിലും വികസന പ്രവർത്തനങ്ങൾക്കും കേരളത്തിന്റെ സാംസ്കാരിക മതേതരത്വ പാരമ്പര്യത്തിനും ഊന്നൽ നൽകുന്ന സർക്കാരുകൾക്ക് തുടർച്ചയുണ്ടാകേണ്ടതുണ്ടല്ലോ. അവിടെയും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് അന്ധമായി വിധേയപ്പെട്ട് വോട്ട് രേഖപ്പെടുത്തുന്നതും ജനാധിപത്യ സംവിധാനത്തിൽ ഉചിതമല്ല.

ഇത്തരം സാഹചര്യങ്ങളെ കൊണ്ട്, ജനാധിപത്യത്തിൽ വോട്ട് ചെയ്യുന്നതിന് മുമ്പ് ആലോചനകൾ ഉണ്ടാവണം. ആഴത്തിലുള്ള  ആലോചനകൾക്കും ചർച്ചകൾക്കും ശേഷമായിരിക്കണം തുടർഭരണമാണോ മാറ്റമാണോ വേണ്ടതെന്ന് തീരുമാനത്തിലെത്തി ഓരോ വോട്ടറും പോളിങ് ബൂത്തിലേക്ക് പോകേണ്ടത്. 
 
സംസ്ഥാന തിരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും കേന്ദ്ര ഭരണത്തെ ബാധിക്കില്ല എന്നാണ് പൊതു ധാരണ. കേന്ദ്രം ഭരിക്കുന്നത് മോഡി സർക്കാർ ആണല്ലോ. ലോക്സഭയിൽ ബിജെപിക്ക്‌ ഒറ്റക്ക്‌ ഭൂരിപക്ഷമുണ്ട്‌. അതിനാൽ തന്നെ മോദിക്ക് 2024 വരെ അധികാരം നഷ്ടപ്പെടില്ല. പക്ഷെ ചില നിരീക്ഷണങ്ങൾ നിങ്ങളുടെ മുന്നിൽ വെക്കുന്നു. ഓരോ വോട്ടറുമാണ് ഉചിതമായ തീരുമാനം കൈകൊള്ളേണ്ടത്.
 
ലോക്സഭയുടെ കാര്യം പറഞ്ഞല്ലോ. ആദ്യമായി മോഡി അധികാരത്തിലെത്തിയപ്പോഴും ഇപ്പോൾ രണ്ടാം ഘട്ടത്തിലും നടത്തിയ/നടത്തിക്കൊണ്ടിരിക്കുന്ന കുതിരക്കച്ചവടങ്ങളിലൂടെ മുഴുവൻ സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തിലെത്തിച്ചതോടൊപ്പം ഓരോ സ്റ്റേറ്റിലേയും ബിജെപി എം എൽ എ മാരുടെ എണ്ണം വർധിപ്പിക്കുകയായിരുന്നു. എം എൽ എമാർക്കാണല്ലോ രാജ്യ സഭയിലേക്ക്‌ എം പിമാരെ തിരഞ്ഞെടുക്കാനുള്ള അധികാരം. ഓരോ സ്റ്റേറ്റിലും ബിജെപി എം എൽ എ മാർ വർധിച്ചതിലൂടെ ഓരോ ഘട്ടത്തിലും ഒഴിവ്‌ വന്ന സീറ്റുകളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പുകളിലൂടെ രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി (245ൽ 95). നരേന്ദ്രമോഡി ആദ്യം അധികാരത്തിൽ എത്തിയപ്പോൾ കാര്യമായി പരിക്കേൽക്കാതിരുന്നത് രാജ്യസഭയിൽ ഈ ഭൂരിപക്ഷം ഇല്ലാതിരുന്നത്‌ കൊണ്ടാണ്. ഇപ്പോൾ രണ്ടു സഭയിലും ഭൂരിപക്ഷം ലഭിച്ചതിലൂടെ അപകടകരമായ അവസ്ഥയിലേക്ക്‌ ഇന്ത്യ നീങ്ങുകയാണ്. അങ്ങനെയാണ് പൗരത്വ ബിൽ, കർഷക ബിൽ തുടങ്ങിയ ഓരോന്നും ചുട്ടെടുക്കാൻ മോദി മുതിർന്നത്‌.

പൗരത്വ ബില്ലിനെതിരെ സമരം ശക്തിപ്പെട്ടു കൊണ്ടിരിക്കെ കോവിഡും ലോക്ക് ഡൗണും വന്നതിനാൽ തത്കാലം വിരാമമായി. തുടർന്ന് വന്ന കർഷക ബില്ലിനെ ചൊല്ലി എൻഡിഎ സഖ്യത്തിൽ ചെറുതായി ഒരു വിള്ളൽ രൂപപ്പെട്ട്‌ വരുന്നത്‌ പൗരത്വ ബിൽ നടപ്പിൽ വരുത്തുന്നതിനും കൂടുതൽ അപകടകരമായ കാര്യങ്ങളിലേക്കും രാജ്യത്തെ കൊണ്ട്‌ പോകുന്നതിൽ മോഡിക്ക്‌ പൂർണമായി വിജയിക്കാൻ കഴിയുമോ, അല്ലെങ്കിൽ അത്തരം ശ്രമങ്ങൾക്ക് മോഡി മുതിരുമോ എന്ന് കണ്ടറിയണം. 

എന്തായാലും നേരത്തെ പറഞ്ഞത് പോലെ അധികാരത്തിൽ 2024 വരെ മോഡിയുണ്ടാകും. തുടർന്ന് ഒരു മൂന്നാം ഘട്ടം വരാനിരിക്കുന്നുണ്ട്. അഥവാ 2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പുണ്ട്‌. ഈ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോയാൽ ലോക്‌സഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഒറ്റക്ക് (ഇപ്പോൾ എൻഡിഎക്കാണ് മൂന്നിൽ രണ്ട്) 2024ൽ ബിജെപി നേടും. അതിനു മുമ്പ് രാജ്യസഭയിലെ നിലവിലെ അംഗങ്ങളിൽ പലരും കാലാവധി പൂർത്തിയാക്കുകയും പുതിയ അംഗങ്ങൾ കടന്നു വരികയും ചെയ്യും. നിലവിൽ രാജ്യസഭയിൽ ഏറ്റവും വലിയ ഒറ്റ കക്ഷി ബിജെപിയാണെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. 2022 ൽ 70 സീറ്റുകളും 2023 ൽ 10, 2024 ൽ 52 സീറ്റുകളും ഒഴിവ് വരും (ആകെ 132 ഒഴിവുകൾ). ഇരു സഭയിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടുന്നതിന് ആവശ്യമായ എൻജിനീയറിങ് നടത്തി/നടക്കുകയാണ് (ആദ്യം മുന്നണിക്കും ഇപ്പോൾ ബിജെപിക്ക് ഒറ്റക്കും). എല്ലാം കൃത്യമായ പ്ലാൻ അനുസരിച്ച് നടപ്പാക്കുന്നുണ്ട്.

അത് കൊണ്ട് തന്നെ ഈ കാലയളവിൽ നടക്കുന്ന ബംഗാൾ, തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫലത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളും രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ എത്തുന്ന പാർട്ടി ഏതെന്ന് തീരുമാനിക്കലും. നിലവിൽ വിവിധ സ്റ്റേറ്റുകളിൽ ബിജെപിക്ക് ലഭിച്ച എം എൽ എ മാരുടെയും ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ലഭിക്കാവുന്ന എം എൽ എമാരെയും കണക്കിലെടുത്താൽ രാജ്യസഭയിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം 2024 ഓടെ ഒറ്റക്ക് ബിജെപി നേടും.  
 
ഇന്ത്യയുടെ ശക്തി, ഭരണഘടനയും സ്വതന്ത്ര അധികാരങ്ങളുള്ള ജുഡീഷ്യറി, സ്റ്റേറ്റുകൾ എന്നിവയാണ്. മൗലികാവകാശങ്ങൾ കവർന്നെടുക്കുന്ന നിയമങ്ങൾ നിർമിക്കുന്നതിൽ നിന്ന്  പാർലമെന്റിനെയും സംസ്ഥാന നിയമസഭകളെയും  ഭരണഘടനയുടെ ആർട്ടിക്കിൾ 13 വിലക്കുന്നു. അത്തരം നിയമങ്ങളും ഭേദഗതികളും സംബന്ധിച്ച് പരാതി ലഭിച്ചാൽ അതിന്റെ  ഭരണഘടനാ സാധുതയെക്കുറിച്ച് ആലോചിക്കാനും തീരുമാനിക്കാനും ഭരണഘടനയുടെ വിവിധ വകുപ്പുകൾ ജുഡീഷ്യറിക്ക് അധികാരം നൽകുന്നുണ്ട്. ഭരണഘടന ഭേദഗതി ചെയ്യേണ്ടത് എങ്ങനെയാണെന്ന് പ്രതിപാദിക്കുന്നത് ആർട്ടിക്കിൾ 368 ലാണ്. ഇരു സഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടായാൽ മാത്രം സാധ്യമാവുന്ന ഭേദഗതികളെ കുറിച്ച് ആർട്ടിക്കിൾ 368 ലെ ക്ളോസ് 2 വിവരിക്കുന്നുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പ്, സംസ്ഥാനങ്ങളുടെ അധികാരത്തിന്റെ വ്യാപ്തി, സുപ്രീം കോടതിക്കും  ഹൈക്കോടതികൾക്കുമുള്ള അധികാരങ്ങൾ, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര വിഹിതങ്ങൾ, ലോക്സഭയിലും രാജ്യസഭയിലും സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന സീറ്റുകൾ (എംപിമാരുടെ എണ്ണം), ഭരണ ഘടന ഭേദഗതികൾ എങ്ങിനെയായിരിക്കണമെന്ന് നിർവചിക്കുന്ന ആർട്ടിക്കിൾ 368നെ തന്നെ ഭേദഗതി/റദ്ദ് ചെയ്യൽ തുടങ്ങിയവയാണ് അത്.

2024 ഓട് കൂടി രാജ്യസഭയിലും 2024 ലെ തിരഞ്ഞെടുപ്പിൽ ലോക്സഭയിലും ബിജെപിക്ക് (ഒറ്റക്ക്, ഇപ്പോഴില്ല) മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചാൽ അത് അത്യന്തം അപകടകരമായിരിക്കും. അങ്ങനെ സംഭവിച്ചാൽ ഏത് നിയമവും ഉണ്ടാക്കാൻ കഴിയും. ഉദാഹരണമായി, കേന്ദ്ര ഗവണ്മെന്റിനെതിരെ ഒരു കേസും വിധിക്കാൻ സുപ്രീം കോടതിക്ക് അധികാരം ഉണ്ടായിരിക്കില്ല, ഡൽഹിയിലെ പോലെ മുഴുവൻ സംസ്ഥാനങ്ങളിലെയും ആഭ്യന്തര വകുപ്പ് കേന്ദ്രത്തിനായിരുക്കും. സംസ്ഥാനങ്ങൾക്ക് സ്വന്തമായി ഒരു അധികാരവും ഉണ്ടാകില്ല ഇങ്ങനെ എന്തും. അവസാനമായി പറഞ്ഞാൽ ഒരു സ്റ്റേറ്റിനും നിയമ സഭയുണ്ടായിരിക്കില്ല, ഈ ഭരണഘടന തന്നെ റദ്ദ് ചെയ്യുന്ന നിയമം വരെ നിർമിക്കപ്പെടുന്നതിലേക്ക് അത് നയിക്കും. 
 
ഭരണഘടന ഭേദഗതികളെ സംബന്ധിച്ച് ആർട്ടിക്കിൾ 368 അപൂർണമാണ്.അത് കൊണ്ട് തന്നെ വർഷങ്ങളായി വിവിധ വാദങ്ങളും കോടതി വിധികളും ഉണ്ടായിട്ടുണ്ട്. പാർലമെന്റിന് മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാൻ അധികാരമില്ലെന്നാണ് 1967 ൽ സുപ്രീം കോടതി പറഞ്ഞതെങ്കിൽ പാർലമെന്റിന് മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാൻ കഴിയും, പക്ഷേ ഭരണ ഘടനയുടെ അടിസ്ഥാന ഘടനയിൽ ഭേദഗതി വരുത്താൻ കഴിയില്ലെന്നായിരുന്നു 1976 ലെ വിധി. ഇപ്പോൾ എല്ലാം കേന്ദ്രത്തിനനുസരിച്ചാണല്ലോ. അത് കൊണ്ട് അടുത്ത വിധി ഇങ്ങനെയാവാം “ഭരണ ഘടന ദൈവിക ഗ്രന്ഥമൊന്നുമല്ല, മനുഷ്യ നിർമിതമാണ്. അത് കൊണ്ട് തന്നെ മനുഷ്യ സഹജമായ തെറ്റുകളുണ്ട്. കാലക്രമേണ മാറ്റങ്ങളും വേണം. അത് കൊണ്ട് ഭരണഘടന ഭാഗികമായോ പൂർണമായോ മാറ്റേണ്ടി വന്നേക്കാം, അതിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല / മാറ്റുന്നതിൽ കോടതിക്ക് വിയോജിപ്പില്ല”. അതിനു കഴിയുന്നില്ലെങ്കിൽ ഭരണ ഘടന സംബന്ധിച്ച് വിധി പ്രസതാവിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് (ഇരു സഭയിലെയും മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉപയോഗിച്ച്) ഭരണഘടനാ ഭേദഗതി കൊണ്ട് വരും.

നിലവിലെ പ്രതിസന്ധികൾ ചില വിഭാഗങ്ങൾക്ക് മാത്രമാണെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. മേൽ പറഞ്ഞത് പോലെ 2024 ഓടെ രാജ്യസഭയിലും ലോക്‌സഭയിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് മോഡി ഒറ്റക്ക് എത്തിയാൽ സർവരും ഐക്യപ്പെട്ട്‌ നീങ്ങേണ്ട അവസ്ഥയായിരിക്കുമത്. ഇന്ത്യൻ യൂനിയനെ സര്‍വനാശത്തില്‍ നിന്ന് രക്ഷിക്കാന്‍ കക്ഷിരാഷ്ട്രീയങ്ങൾക്കും മത ജാതി വേർതിരിവുകൾക്കും അതീതമായ അണിചേരല്‍ അനിവാര്യമായിരിക്കും. പക്ഷെ നിലവിൽ ഇങ്ങനെയൊക്കെ ബോധ്യമുണ്ടായിട്ടും ഉറക്കം നടിക്കുന്നവരും തീയിൽ എണ്ണയൊഴിക്കുന്നവരുമുണ്ട്. കോൺസുലേറ്റ് വഴി പാവങ്ങള്‍ക്കുള്ള ഏതാനും ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്‌ത ജീവകാരുണ്യ പ്രവര്‍ത്തനത്തെ പോലും വിദേശനാണയ വിനിമയ നിയമത്തിന്റെ ലംഘനമായും അതിനു നേതൃത്വം കൊടുത്തവരെ രാജ്യദ്രോഹികളായും മുദ്ര കുത്തി പാവങ്ങളുടെ കഞ്ഞിയില്‍ കല്ല് വാരിയിടാന്‍  ബെന്നി ബെഹനാനെപ്പോലുള്ള രാഷ്ട്രീയക്കാർ ഒരുമ്പെടുന്നത് നാം കണ്ടതാണല്ലോ. ആര്‍.എസ്.എസിന് ലോകത്തിന്റെ നാനാഭാഗത്തുനിന്നും സാമ്പത്തിക സഹായം ഒഴുകുമ്പോള്‍ ഒന്ന് ശബ്ദിക്കാൻ പോലും നാവ് അനങ്ങുകയുമില്ല എന്നിടത്താണ് ചില രാഷ്ട്രീയ കോമരങ്ങൾ.

അത് കൊണ്ട് തന്നെ ഇതര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിലും 2024 ൽ കേരളത്തിൽ അധികാരത്തിലിരിക്കുന്ന കക്ഷിക്കും വലിയ പ്രാധാന്യമുണ്ട്. ഈ ഏപ്രിൽ 6 നു നടക്കുന്ന തിരഞ്ഞെടുപ്പോടെ നിലവിൽ വരുന്ന സർക്കാർ ആയിരിക്കും അന്ന് കേരളത്തിൽ അധികാരത്തിലുണ്ടാവുക. അങ്ങിനെയൊരു സാഹചര്യത്തിൽ നെഞ്ച് വിരിച്ച് ആർജവത്തോടെ നമ്മെ നയിക്കാൻ ആർക്കാണോ കഴിയുക, അവരായിരിക്കണം മുഖ്യമന്ത്രിയായി വരേണ്ടത്. അങ്ങനെയുണ്ടാവാൻ ഓരോ പൗരനും കൃത്യമായി തന്റെ വോട്ട് നിർവഹിക്കണം. സ്വന്തം മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കോ പാർട്ടിക്കോ അതീതമായിരിക്കണം ആ വോട്ട്. ഇത് കാലം നമ്മിലേല്‍പിച്ച ഉത്തരവാദിത്വവും സ്വാതന്ത്ര്യവുമാണ്.

ഇന്ത്യൻ ജനാധിപത്യം ചില ബുദ്ധിജീവികളുടെയോ നേതാക്കളുടെയോ കൈയിൽ ഒതുങ്ങുന്നതല്ല. ദേശസ്‌നേഹത്തെ മതവിശ്വാസത്തിന്റെ ഭാഗമായി കാണുന്നവർക്കും ഈ പ്രക്രിയയിൽ കാര്യമായ റോളുണ്ട്. അത് കൊണ്ട് വിശ്വാസികൾ വിശേഷിച്ചും, കക്ഷി രാഷ്ട്രീയ സ്വാർഥത മാറ്റി വെച്ച് ഔചിത്യത്തോടെ വോട്ട് രേഖപ്പെടുത്തണം. കാലം ആവശ്യപ്പെടുന്ന ഏറ്റവും മികച്ച മുഖ്യമന്ത്രി കേരളത്തിനും മറ്റു സംസ്ഥാനങ്ങൾക്കും ഉണ്ടാവണം. മേയ് 2 അത്തരത്തിലൊരു പുലരിയാകട്ടെ.

Share this article

About നൗഫൽ ചിറയിൽ

View all posts by നൗഫൽ ചിറയിൽ →

One Comment on “കേരളം ആരു ഭരിക്കണം; ഇന്ത്യൻ പൗരൻ വോട്ട് കുത്തേണ്ടത്”

Leave a Reply

Your email address will not be published. Required fields are marked *