അബ്ദുവും അസ്മയും

Reading Time: 5 minutes

” ന്റെ  അബ്ദൂ.. അന്റെ ഉപ്പ ഇന്നലെ ഗൾഫ്‌ന്നു വന്നപ്പോ എന്തൊക്കെയാ അനക്ക് കൊണ്ടൊന്നത്  “

“ഞെക്കിയാൽ വെളിച്ചം വരണ വാച്ച്,  മുട്ടായി,  കാരക്ക,  പന്ത്,  തൊപ്പി,  കുപ്പായം  പിന്നെയും  കൊറേ  സാധനം ഉണ്ട്  “

” കുപ്പായം എന്താ  കളറ്.. പള പള   മിന്നുന്നുണ്ടോ.. “

” ഇജ്ജ്  കളിക്കാൻ  ഇന്റെ 

പൊരേൽ വരോ. അപ്പൊ ഞാൻ കാട്ടി തരാം..”

” അയ്‌നെത്താ… സഞ്ചി  പൊരേൽ വെച്ച് കട്ടൻ ചായ കുടിച്ചു ഞാൻ വരാം “

” അന്റെ  ഉപ്പ  കൊണ്ടൊന്ന സോപ്പ്  ആണോ  ഇജ്ജ് ഇന്ന് തേച്ചത്… എന്താ  ഒരു  വാസന.. “

”  ഫാ  ന്നാ  സോപ്പിന്റെ  പേര്.. പിന്നെ  സെന്റും തേച്ചിണ്.. “

സ്കൂളിലേക്ക്  പോരാൻ  നേരം  അബ്ദുന്റെ  കുപ്പായത്തിൽ   ഉപ്പ  സെന്റ്‌  തേച്ച ഭാഗം  അവൻ  അസ്മാന്റെ  മൂക്കിന് നേരെ  അടുപ്പിച്ചു  പിടിച്ചു.

” മണത്തോക്ക് “

അസ്മ  വലിയൊരു ശ്വാസം  ഉള്ളിലേക്കെടുത്ത്  കഴിയുന്നത്ര   സെന്റിന്റെ  മണം  അവളുടെ ഉള്ളിലേക്ക്  വലിച്ചെടുത്തു.

” ഇജ്ജ്  പറഞ്ഞത്  സെരിയാ  എന്താ  വാസന.. ഈ  ഗൾഫിൽ  മുയുമനും ഈ  വാസന ആവും ല്ലേ.. “

” പിന്നെ  പറയാണ്ടോ.. ഞമ്മളെ ഇബടെത്തെ പോലെ അല്ല  ഗൾഫ്.. ടൈൽസ് ഇട്ട  റോഡാ  മുയുമനും. പിന്നെ  മണ്ണ് ഒന്നും ഉണ്ടാവൂലെലോ.. ഒക്കെ  സ്വർണ്ണം  അല്ലെ  അവിടെ.. ഉപ്പാനോട്  ഞാൻ  പറഞ്ഞിണ്  ഇഞ് വരുമ്പോ  ഫോട്ടോ  കൊണ്ടോരണം  എന്ന് “

” അല്ല  അബ്ദു അനക്ക്  അന്റെ  ഉപ്പാന്റെ  കൂടെ  ഗൾഫ് കാണാൻ  പൊയ്ക്കൂടേ “

” എത്താ ഇജ്ജ്  പറയണത്.. നല്ല  ചേലായി… കുട്ടികൾക്ക്  ഒന്നും  അങ്ങട്ട്  പോകാൻ പറ്റൂല.. ഉപ്പച്ചിമാർക്ക് മാത്രേ  പോകാൻ  പറ്റൂ “

ആസ്മയും  അബ്ദുവും  കളികൂട്ടുകാരും  അയൽവാസികളുമായിരുന്നു. അതുകൊണ്ട്  സ്കൂളിൽ പോക്കും കളിയും എല്ലാം അവർ ഒന്നിച്ചായിരുന്നു.. സ്കൂൾ  വിട്ടു  വരുന്ന  വഴി സംസാരിച്ചു  നടന്നതു കൊണ്ട്  വീട്‌ എത്തിയത് അവർ അറിഞ്ഞില്ല. വീട്ടിലേക്കുള്ള  മുള്ളു വേലി കയറിപ്പോകും  വഴി  തിരിഞ്ഞു നിന്ന് അസ്മ വിളിച്ചു പറഞ്ഞു…

” അബ്ദു.. ഞാൻ  ഇപ്പോ വരാം ട്ടോ  … “

അസ്മ  വീട്ടിലേക്ക് ഓടി.

” എന്താടീ  അസ്മാ  അന്റെ  മോത്ത് പതിനാലാം രാവ്  ഉദിച്ച പോലെ.. “

” അത്  ഇമ്മാ… അബ്ദൂന്റെ  ഉപ്പച്ചി  ഇന്നലെ രാത്രി ഗൾഫിന്ന്   വന്നിണ്  “

” ഹോ  അപ്പൊ  അതാവും   ഇന്നലെ  ഞാൻ  പോലച്ചക്ക്   നീച്ചപ്പം  ബിയ്യാത്തുന്റെ  പെരേല് വെളിച്ചം  കണ്ടത്. “

” അല്ല   അന്റെ  മോറ്  കണ്ടാൽ തോന്നും  മായിൻ ഹാജി   അന്റെ   വാപ്പ ആണെന്ന് “

” ഓൻ   ഇന്റെ  ചെങ്ങായി അല്ലെ.. ഇൻക്ക്  ബദാമും  നല്ല  വാസന  ഉള്ള സോപ്പും  തരാന്ന് പറഞ്ഞിണ് “

മകളെ  സന്തോഷം കണ്ടു  ആ  ഉമ്മാടെ  മനസ്സ് വിങ്ങിപ്പൊട്ടി.. ജീവിതത്തിൽ ഒരു സുഖവും  സന്തോഷവും  അറിയാത്ത  എന്റെ മോൾ… വാപ്പ  എന്ന് പറയാൻ  പേരിന്  ഒരാൾ  ഉണ്ട്  എന്നല്ലാതെ  ഒരു  സാധനവും സന്തോഷത്തോടെ  മകൾക്ക്  കൊണ്ട്  കൊടുക്കുന്നത്  കണ്ടിട്ടില്ല ഇത് വരെ..  സ്നേഹം ഇല്ലാഞ്ഞിട്ടല്ല .  അങ്ങേരെ  പരുക്കൻ സ്വഭാവം  കാരണം  മക്കൾക്ക്  വരെ  പേടിയാ ഒന്ന് മുന്നിൽ പോവാൻ..  കിർവ ഇല്ലാഞ്ഞിട്ടല്ല,   മക്കൾ ഉറങ്ങിയാൽ  പോയി  നോക്കുന്നത്  കാണാം.. എന്നാലും  ഒലെ മോത്ത് നോക്കി  ഒന്ന്  ചിരിക്കേ,  നല്ല  വർത്താനം പറയേ,  എന്തെലൊന്ന് മിണ്ടോ ചെയ്യൂല..  വല്ലപ്പോഴും വാ  തുറക്കാണെങ്കിൽ  അത്  ഓലെ  ഒച്ച  ഇടാനാവും.. എന്ത് പറയാനാ.. ഇന്റെ  മക്കളെ  വിധി…

തട്ടത്തിന്റെ  തല  എടുത്ത് മുഖം തുടച്ച്‌ ഉമ്മ അടുക്കളയിലേക്ക്  കയറി.. ഉമ്മാന്റെ പിന്നാലെ  ആസ്മയും  കയറിപ്പോയി.

” അസ്മാ.. ആ  കട്ടൻ  അന്നലേല് വലിച്ചു  കുടിച്ചാതെ  ലേശം ഔല്  അതിൽ  വാരിയിട്ട്  തിന്നോ “

” ഇപ്പം  മാണ്ട  മ്മാ.. ഞാൻ  വന്നിട്ട്  തിന്നോളാം.. “

ഉമ്മാനോട് വിളിച്ചു  പറഞ്ഞു  അവൾ  അബ്ദൂന്റെ  വീട്ടിലേക്ക്  ഓടി..

അബ്ദൂന്റെ മുറ്റത്ത് കയറുന്നതിനു  മുമ്പേ കോലായിലെ ആ കാഴ്ച കണ്ടു അവൾ അവിടെ തന്നെ നിന്നുപോയി.

ഉപ്പാന്റെ മടിയിൽ  ഇരുന്നു  കൊഞ്ചിക്കുഴയുന്ന തന്റെ കളിക്കൂട്ടുകാരൻ.. അബ്ദു അതാ അവന്റെ ഉപ്പാന്റെ താടി ഒക്കെ പിടിച്ചു വലിക്കുന്നു. എന്നിട്ടും ചിരിച്ചു കൊണ്ട് അവനെ കളിപ്പിക്കുന്ന അവന്റെ ഉപ്പ..

അസ്മയെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുത കാഴ്ചയായിരുന്നു. കാരണം ഓർമ്മ വെച്ച നാൾ മുതൽ ഇന്ന് വരെ അവൾ ഉപ്പാന്റെ മടിയിൽ സ്നേഹ വാത്സല്യത്തോടെ  ഇരുന്ന ഒരു  ഓർമ്മ   അവൾക്കില്ല.   ഒരു  തലോടലിനായ് ആ  പിഞ്ചു മനസ്സ് ഒരുപാട് കൊതിച്ചിരുന്നു..  പക്ഷെ കണ്ണുരുട്ടിയുള്ള കർക്കശമായ ആ  നോട്ടം കാണുമ്പോ തന്നെ പേടിച്ചു  പറയാൻ വന്നതെല്ലാം മറന്നുപോകും . എന്നിട്ടല്ലേ മടിയിൽ ഇരുന്നു ഇങ്ങനെ കൊഞ്ചിക്കുഴയുന്നത്. ഓടിവന്ന ഉന്മേഷം എല്ലാം കെട്ടടങ്ങി തിരിച്ചു നടന്ന അസ്മയെ ഹാജിയാർ നീട്ടിവിളിച്ചു.

” എന്താ മോളെ തിരിച്ചു നടന്നത്. അബ്ദു കുറേനേരായി നിന്നെ കാത്തിരിക്കാണ്. “

അബ്ദു ഉപ്പാന്റെ മടിയിൽ നിന്നും ഇറങ്ങി അസ്മക്ക് അരികിലേക്ക് ഓടി. അസ്മാന്റെ കൈപിടിച്ച്‌  എന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് വരുന്ന മോനെ കണ്ട ഹാജിയാർ അകത്തേക്കു നോക്കി  ബിയ്യാത്തുനോടായി പറഞ്ഞു.

” ആ കുട്ടിക്ക് ലേശം മുട്ടായി എന്തെങ്കിലും എടുത്തു കൊടുക്ക് ട്ടോ “

 ” ആ.. അസ്മ വന്നോ.. ഓള് വന്നിട്ടേ   കുടിക്കുന്നുള്ളു എന്ന് പറഞ്ഞു ചായ  കുടിക്കാതെ പോയതാ ഓൻ “

“അബ്ദൂ…. രണ്ടാളും വന്നു ചായ കുടിച്ചേ.. എന്നിട്ട് കളിച്ചാ മതി “

 ഞാൻ  കുടിച്ചു  വന്നതാ എന്ന് പറഞ്ഞെങ്കിലും ഒഴിച്ച് വെച്ച പാൽ ചായ കണ്ടപ്പോൾ  സ്ഥിരം കുടിക്കുന്ന ഉമ്മാന്റെ  ശർക്കര ചായയിൽ നിന്നൊരു മാറ്റം ആഗ്രഹിച്ചത് കൊണ്ടാവും അബ്ദൂന്റെ  കൂടെ  ഇരുന്നു  ചായ കുടിച്ചു.

” അസ്മാ.. വാ.. ഉപ്പച്ചി കൊണ്ടൊന്ന സാധനം ഒക്കെ കാട്ടിത്തരാം “

അബ്ദുന്റെ ഉപ്പ  കൊണ്ട് വന്ന ദുബായ്  സാധങ്ങൾ ഒക്കെ  കണ്ടു  അത്ഭുതപെട്ട് ഇരിക്കാണ് കുഞ്ഞു  അസ്മ.. കളികൂട്ടുകാരന്റെ  സന്തോഷത്തിനൊപ്പം  അവളും  പങ്കുചേർന്നു.

നേരം ഇരുട്ടിയിട്ടും  അവരെ  കളി കഴിഞ്ഞില്ല. ഉമ്മാന്റെ വിളിവന്ന ശേഷം ആണ്  അവൾ  തിരിച്ചു പോയത്. പോവാൻ  ഇറങ്ങിയ അസ്മയുടെ കയ്യിൽ ബിയ്യാത്തു ഒരു  പൊതി വെച്ചു കൊടുത്തു. അതിൽ എന്താണെന്ന് അറിയാനുള്ള ആകാംഷ കാരണം അവൾ  അപ്പൊ തന്നെ തുറന്നു നോക്കി…

” അബ്ദു.. അന്റെ  ഉമ്മച്ചി തന്നത് നോക്ക്യേ … മുട്ടായി… കാരക്ക…സംസം വെള്ളം..  ഉപ്പ് ഇട്ട മത്തൻ കുരു.. കോടാലി തൈലം.. സോപ്പ്.. ഒക്കെ ഉണ്ട് “

” ഈ  സോപ്പാ ഞാൻ  ഇന്ന് തേച്ചത്. “

” നാളെ  ഞാനും  ഇത്  തേച്ചു  കുളിച്ചു  സ്കൂളിൽ വരും.. ക്ലാസ്സിലെ എല്ലാർക്കും മണക്കട്ടെ എന്നെ “

” അബ്ദു എനിക്കും അന്റെ ഉപ്പാന്റെ കുട്ടി ആയാ മതിയായിരുന്നു… “

” നിനക്ക്  ഗൾഫിലെ സാധനം കിട്ടാൻ ആണോ അസ്മ.. അന്റെ  ഉപ്പച്ചിനെ അനക്ക് എന്നും  കാണാൻ കഴിയല്ലോ. ഇന്റെ ഉപ്പച്ചി നാട്ടിൽ വരുമ്പോ മാത്രല്ലേ കാണാൻ പറ്റൂ “

”  ഇങ്ങനെ  അന്നേ കൊഞ്ചിക്കുന്ന പോലെ കിർവ കാട്ടാണെങ്കിൽ  കുറച്ചു ദിവസം ഒപ്പം നിന്നാലും മതി.. ഇന്റെ ഉപ്പച്ചിനെ ഇൻക്ക് പേടിയാ.. ഇന്നേ ഇഷ്ടല്ല്യ ഉപ്പച്ചിക്ക് “

കണ്ണ് നിറച്ചുകൊണ്ട് അസ്മ ഇറങ്ങി നടന്നു.. കൊലായിൽ നിന്ന് മക്കളെ സംസാരം കേട്ട മായിൻ ഹാജിക്കും സങ്കടം തോന്നി..

അസ്മ വീട്ടിലെത്തി സന്തോഷത്തോടെ ആ  പൊതി ഉമ്മയെ ഏല്പിച്ചു..

 പൊതിയഴിച്ച്‌  ഉമ്മ അവൾക്ക്  കാരക്കയും  കുറച്ചു സംസം വെള്ളവും  എടുത്തു കൊടുത്തുകൊണ്ട്  പറഞ്ഞു.

” ഞമ്മളെ എടങ്ങേറ് ഒക്കെ പടച്ചോൻ മാറ്റി തരട്ടെ.. ബിസ്മി ചെല്ലി മൂന്ന് മുറുക്ക് ആക്കി കുടിച്ചോ  “

” ഉമ്മാ.. ഞാൻ നാളെ ആ  സോപ്പ് തേച്ചാട്ടോ കുളിക്കാ…ഇന്റെ ഒപ്പം ഇരിക്കണ ബുഷ്റക്ക് ഒന്ന് മണക്കണം. ഓൾ ഇന്നാൾ അബ്ദുനെ കല്ല് എടുത്തു എറിഞ്ഞിരുന്നു “

മകളുടെ  സംസാരം  കേട്ട്  ആ  ഉമ്മാക്ക് ചിരി വന്നു..

” ഞമ്മക്ക്  ഈ സോപ്പ് പെരുന്നാൾക്ക് എടുക്കാ അസ്മാ. “

” നാളെ ഒരീസം ഞാൻ  തേച്ചിട്ട് ഞമ്മക്ക് എടുത്തു വെക്കാം “

” ആയിക്കോട്ടെ.. നാളെ  ഇന്റെ  കുട്ടി ഇത് തേച്ചു കുളിച്ചോ.. ഇപ്പോ  മേൽ കഴുകി  നിസ്കരിക്കാൻ നോക്ക് “

മേൽ കഴുകാൻ കുളിമുറിയിലേക്ക്  പോവുമ്പോഴാണ് കോഴിക്കൂടിന്റെ മുകളിൽ  ഒരു  മുറത്തിൽ കുറച്ചു മത്തൻകുരു  അസ്മ കണ്ടത്..

” ഇത് ഉമ്മച്ചിക്ക് എവിടുന്ന് കിട്ടി.. ഇനി  കഴിഞ്ഞ കൊല്ലം അബ്ദുന്റെ ഉപ്പച്ചി കൊണ്ട് വന്നത് തീരാഞ്ഞിട്ട് കൊടുത്തതാണോ.. കളർ കുറച്ചു മാറ്റം  ഇണ്ടല്ലോ… “

അസ്മ  അവിടെ ഇരുന്നു  മത്തൻ  കുരു  തിന്നുന്നതിനിടയിൽ ഉമ്മാനോട് വിളിച്ചു ചോദിച്ചു

” ഉമ്മാ.. ഉമ്മച്ചി… ഈ  മത്തൻ കുരു… ആരാ തന്നത്… എന്താ ഇതിന്റെ ഒരു പുളി . ഇന്ന്  അബ്ദുന്റെ ഉമ്മ തന്നത് പോലെ അല്ലല്ലോ  “

” പടച്ചോനെ… ഈ  ഹംക്ക്  അവിടെയും  എത്തിയോ.. ഇജ്ജ്  അത്  തിന്നോ  അസ്മാ…  “

” ഹാ… പക്ഷെ.. ഉപ്പും  പുളിയും  ഇതില്  കൂടുതലാ.. “

” വിത്ത് ഇടാൻ വെണ്ണീറ്  കുഴച്ചു വെച്ച മത്തൻ  കുരു  ആണത്.  അല്ലാതെ ഗൾഫിൽ  നിന്ന് കൊണ്ടോന്നതല്ല… ഈ  ബഹൂലിന്റെ  തോളേള ക്കൂടി പോവാത്ത  ഒരു  സാധനോം ഇല്ലല്ലോ റബ്ബേ… “

ഉമ്മാന്റെ മറുപടി കേട്ട്  അസ്മ  കുളിമുറിയിലേക്ക്  ഓടി..

***  

സുബ്ഹി  നിസ്കാരത്തിനായി  അടുത്തുള്ള  സാംബ്ര്യയിലേക്ക്  പോകുകയാണ്  ഹൈദർ.. കയ്യിലുള്ള ചൂട്ടിന്റെ  വെളിച്ചം  കുറഞ്ഞു വന്നു. ചൂട്ട്  കുത്തനെ  പിടിച്ചു  ഒന്ന്  വായുവിൽ  വീശി.. ചൂട്ട്    നന്നായി  കത്തുന്നില്ല.. ഇടവഴിയിലെ  പൊത്തുകളിൽ  ഇഴ ജന്തുക്കൾ  പതിവാണ് .   വേഗത്തിൽ നടന്നു തുടങ്ങിയ  അയാൾക്ക്  നേരെ പെട്ടന്ന്  ടോർച്ചിന്റെ  വെളിച്ചം വീണു.

” അസ്സലാമു അലൈകും  “

” വഅലൈകുമുസ്സലാം… ഇന്നലെ എത്തിയത് ല്ലേ… അസ്മാന്റെ  ചാടിക്കളി കണ്ട് ചോദിച്ചപ്പോ കെട്ട്യോൾ പറഞ്ഞു ഇങ്ങള് വന്നീണെന്ന് “

” ഞാൻ  ഒന്ന് അന്നെ കാണാൻ വരാൻ നിക്കായിരുന്നു… ഇന്നലെ അസ്മ അവിടെ വന്നിരുന്നു. കുട്ടികളെ  വർത്താനം കേട്ട ഞാൻ  ശെരിക്കും ഞെട്ടി പോയി.. ഞമ്മളെക്കാൾ ചിന്തിക്കുന്നുണ്ട് കുഞ്ഞുങ്ങൾ.. “

” എന്താ ഹാജ്യാരെ  കാര്യം.. ഇങ്ങള് ഒന്ന് തെളിയിച്ചു പറയ്യ് “

” ന്റെ മോനോട് അസ്മ പറയാ.. അന്നേ കൊഞ്ചിക്കുന്ന ഉപ്പാനെ കണ്ടിട്ട് ഇന്റെ ഉപ്പയും  ഗൾഫിൽ പോയിരുന്നേൽ വരുമ്പോ ഇന്നേ ഇങ്ങനെ കൈപിടിച്ച് കൊഞ്ചിച്ചു കൊണ്ട് നടന്നേനെ എന്ന്.. അതിന് ഇന്റെ  മോൻ പറഞ്ഞത് എന്താ അറിയോ… ഗൾഫിലെ മുട്ടായിയും,  കളിക്കോപ്പും ഒന്നും കിട്ടിയില്ലെങ്കിലും ഉപ്പാനെ  എന്നും  ഒപ്പം കിട്ടിയാൽ മതിയായിരുന്നു എന്ന്.. “

” ഹൈദറേ… മക്കൾ അവരെ സ്നേഹത്തിന് മുമ്പിൽ  ഞമ്മളെ തോൽപ്പിക്കാ.. ഓൽക്ക്  മുട്ടായിയും സാധനും  ഒന്നും അല്ല  വേണ്ടത്.. ഞമ്മൾ  സ്നേഹിച്ചു അടുത്തുണ്ടായാൽ മതി.. “

ഹാജിയാരുടെ ശബ്ദം  ഇടറുന്നുണ്ടായിരുന്നു.. അവരുടെ സംസാരം കേട്ട ഹൈദർ എന്തൊക്കെയോ  ആലോചിച്ചു കൂട്ടുകയായിരുന്നു..

” പിന്നെ ..  മക്കളെ കാണാതെ ഗൾഫിൽ  നിൽക്കുമ്പോ വല്ലൊത്തൊരു ദാഹം ആണ്.. എത്രവെള്ളം  കുടിച്ചാലും തീരാത്ത ദാഹം.. അങ്ങനെ കൊല്ലങ്ങൾ കഴിഞ്ഞു മക്കളെ കാണാൻ ഓടി വന്നാൽ കണ്ട് ഒപ്പം നിന്നു പൂതി തീരും മുമ്പ് തിരിച്ചു പോവാനും ആവും.. നാട്ടിൽ ഉണ്ടായിട്ടും അസ്മ അങ്ങനെ പറയാൻ കാരണം എന്താ എനിക്ക് മനസിലായില്ല.. ഇജ്ജ് അതൊന്ന് കാര്യത്തിൽ എടുക്ക്.. മക്കളെ മനസ്സ്‌ വേദനിപ്പിക്കാൻ പറ്റൂല.. “

” എന്ത് കണ്ടാലും  ചീത്ത പറഞ്ഞു തട്ടിക്കയറാനല്ലാതെ ഒരിക്കൽ പോലും മോളോട്  നല്ലത് പറഞ്ഞിട്ടില്ല ഞാൻ.. എനിക്ക് ഇപ്പോ  എല്ലാം മനസ്സിലാവുന്നുണ്ട്.  എന്റെ ഈ  മുരടൻ സ്വഭാവമാണ് എല്ലാത്തിനും കാരണം.. ഇഞ്ഞ് ഇന്റെ അസ്മാനെ സങ്കടപ്പെടാൻ ഞാൻ  ഇടവരുത്തൂല “

ഞാനും കൊറേയായി ആലോചിക്ക്ണ് ഹൈദറെ  ഗൾഫ് നിർത്താൻ..  ഹാ.. നോക്കട്ടെ,  ഈ പോക്കോട് കൂടി ഇൻക്ക് നിർത്തി പോരണം “

സംസാരിച്ചു നടന്ന് സാംബ്ര്യ എത്തിയത് അറിഞ്ഞില്ല.. തൊട്ടടുത്തുള്ള സാംബ്ര്യക്കുളത്തിൽ നിന്ന് വുളു എടുത്തു അവർ പള്ളിയിലേക്ക് കയറി..

****

മക്കന  വലിച്ചിട്ടു പിന്ന് കുത്തി, പുസ്തകം എടുത്തു  ഇറങ്ങുന്നതിനിടയിൽ  അസ്മ വിളിച്ചു പറഞ്ഞു:

” ഉമ്മാ.. ഞാൻ  മദ്റസീക്ക് പോവാട്ടോ “

“ഇജ്ജ്  പത്തിരി മുഴുവൻ തിന്നോ “

“ആ.. ഇന്ന് മുപ്പത്തിസ് വരുന്ന ദിവസാ.. മേം പോണം “

” മോളെ.. അസ്മാ.. ഇന്ന് ഉപ്പ കൊണ്ടോയാക്കി തരാ.. ബാ”

ഉപ്പാന്റെ പറച്ചിൽ കേട്ടു അസ്മ അടുക്കളയിലേക്ക് ഓടി

” ഉമ്മച്ചി… ഇന്നേ ഉപ്പച്ചി കൊണ്ടോയി ആക്കിത്തരാന്നു  പറഞ്ഞു “

” ഉസാറായല്ലോ എന്നാ പിന്നെ  അനക്ക് നേരത്തെ എത്തും ചെയ്യാലോ “

വീടിന്റെ പിന്നാമ്പുറത്തെ ഷെഡിൽ  ചാരിവെച്ച  സൈക്കിൾ എടുത്തു  വരുന്ന ഉപ്പയുടെ  അടുത്തേക്ക് അവൾ ഓടിപ്പോയി.  അസ്മയെ എടുത്തു സൈക്കിളിന്റെ  മുന്നിൽ ഇരുത്തി  ഹൈദർ  പെഡലിൽ ചവിട്ടി തുടങ്ങി.. മാറ്റത്തിന്റെ ചക്രം അവിടെ കറങ്ങിത്തുടങ്ങി.. 

ആ നല്ല  കാഴ്ച കണ്ടു  നോക്കിയിരുന്ന  അസ്മ യുടെ ഉമ്മ നിറഞ്ഞ കണ്ണ് തുടച്ചു കൊണ്ട്  അടുക്കളയിലേക്ക്  കയറിപോകും വഴി ആരോടെന്നില്ലാതെ പറഞ്ഞു.

” ഓല് അല്ലേലും കിർവ ഉള്ളോനാ “

” ഉപ്പാ… “

” എന്താടി  കാന്താരി “

” ഉമ്മ  അടുക്കളയിൽ ഇരുന്നു  കരയുന്നു. ഉപ്പ  ഉമ്മയോട്  എന്തെങ്കിലും  പറഞ്ഞോ “

” കരയെ… അത്  ഇപ്പോ  എന്തിനാവോ.. വാ  പോയി  നോക്കാം “

” അസ്മാ… എന്താടി  പെണ്ണെ ,  കണ്ണ്  നിറച്ചു  നില്കുന്നത് “

” ഒന്നും  ഇല്ല  ഇക്കാ.. ഓരോന്ന്  ഓർത്ത് പോയതാ “

” ഇത്ര  ഇമോഷണൽ ആവാൻ മാത്രം എന്താണാവോ  ഭവതി ഇപ്പൊ  ഓർത്തത്..”

” ഉപ്പാനെ  ഓർത്തതാ.. ആ  സ്നേഹം  എനിക്ക്  നഷ്ടപെട്ടിട്ട്  മൂന്ന്  വർഷം  ആയി. ഇപ്പോഴും  ഉപ്പ  കൂടെ  ഉള്ളപോലെ “

” ഇന്ന്  ഉപ്പുപ്പന്റെ  ആണ്ട് അല്ലെ  അതാവും  ഉമ്മ  ഉപ്പുപ്പനെ  ഓർത്ത് പോയത് “

 ”  അല്ല  ഉമ്മാ,  നിങ്ങൾ  ഉപ്പുപ്പാനെ  ഓർത്തപ്പോ ഉപ്പ  ഉണ്ടായിരിന്നോ  അതിൽ “

അബ്ദു  അസ്മയെ  ചേർത്ത് പിടിച്ചു  സമാധാനിപ്പിച്ചു എന്നിട്ട് മോളോട്  പറഞ്ഞു

” എന്റെ  മോളെ,    ഉപ്പ  ഇല്ലാത്ത  എന്ത്  കഥയാണ്  അവൾക്ക്  ഓർക്കാൻ ഉണ്ടാവുക “

” the  great  love story abdu and asma  അല്ലെ  ഉപ്പ “

” പോടീ  കാന്താരി “

” ജോലി  തീർത്തു  നീ  വേഗം  റെഡി  ആവു. നമുക്ക്  വീട്ടിൽ  പോയി  വരാം “

” കാന്താരി  ഇങ്ങ്  വാ , നിനക്ക്  ഞാൻ  വെച്ചിട്ടുണ്ട് “

മോൾ  സിറ്റ്ഔട്ട്‌  ലേക്ക്  ഓടി,  പിന്നാലെ  അബ്ദുവും,  അവരെ  കളി  കണ്ടു  അസ്മ  ചിരിച്ചു പോയി.

Share this article

About സുഹൈന വാഴക്കാട്

View all posts by സുഹൈന വാഴക്കാട് →

One Comment on “അബ്ദുവും അസ്മയും”

Leave a Reply

Your email address will not be published. Required fields are marked *