കേരളം മറച്ചു പിടിച്ച് ഇന്ത്യയുടെ ഭൂപടം നോക്കിയിട്ടുണ്ടോ?

Reading Time: 4 minutes

എന്റെ നാട് ശാന്തപുരത്താണ്. പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ മദ്‌റസയിലാണ് ഞാന്‍ പഠിച്ചത്. 5 വര്‍ഷം ശാന്തപുരത്തെ അവരുടെ കോളജിലും പഠിച്ചു. നല്ല വികൃതിയായിരുന്നു അക്കാലത്ത്. ഒരിക്കല്‍ ഒരാളുമായി വഴക്കുണ്ടാക്കി അടിപിടി കൂടി. അത് അല്‍പ്പം കടന്നുപോയി എന്ന് എനിക്ക് തന്നെ തോന്നി. അതിന്റെ തുടര്‍ച്ചയായി ഉണ്ടണ്ടാകുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാകില്ല എന്ന് തോന്നിയപ്പോള്‍ നാടുവിട്ടു. 15 വയസാണ് പ്രായം. ചെന്നൈയിലും ബാംഗ്ലൂരിലും മറ്റുമായി ഒരുപാട് അലഞ്ഞു. പല ജോലികളും ചെയ്തു. ഒടുവില്‍ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെ കാന്റീനില്‍ ജോലിക്കാരനായി എത്തിപ്പെട്ടു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാന്റീനില്‍ നില്‍ക്കേണ്ട ആളല്ല എന്നും പറഞ്ഞ് ആരൊക്കെയോ ചേര്‍ന്ന് എന്നെ കോളജില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തു. മലയാൡകളാരും കൂടെ ഉണ്ടായിരുന്നില്ല. ഇങ്ങനെയാണ് കേരളമല്ലാത്ത ഒരിടത്തേക്ക് ഞാന്‍ എത്തിച്ചേരുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം എളേറ്റില്‍ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ ദര്‍സിലേക്ക് വന്നെങ്കിലും മുഖ്തസ്വറിനും മുത്വവ്വലിനുമെല്ലാം ബാഖിയാത്തില്‍ തന്നെയാണ് ചേര്‍ന്നത്. ഏതാനും വര്‍ഷം അലിഗഢിലും പഠിച്ചു. ഇങ്ങനെ അലക്ഷ്യമായി അലഞ്ഞപ്പോഴും പഠന കാലത്തും കേരളത്തിന് പുറത്തുള്ള ജനങ്ങളേയും അവരുടെ ജീവിത രീതികളേയും കാണാനും മനസിലാക്കാനും അവസരമുണ്ടായതിനാലാകാം കേരളത്തിന് പുറത്ത് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ഒരു ചിന്ത ഉണ്ടായിത്തീര്‍ന്നത്.

മറികടന്ന ഭാഷാ പ്രതിസന്ധി
ബാഖിയാത്തില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നപ്പോള്‍ കൂടെ മലയാൡകളാരും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞല്ലോ? ക്ലാസുകളും മലയാളത്തിലായിരുന്നില്ല. അങ്ങനെ നിര്‍ബന്ധിതനായി ഉറുദു പഠിച്ചു. തമിഴും വശത്താക്കി. പിന്നെ അലിഗഢില്‍ പഠിച്ചപ്പോള്‍ അത് മെച്ചപ്പെടുത്താനായി. എന്റെ ഒരു അഭിപ്രായമനുസരിച്ച് ഭാഷാപഠനം മാത്രം ലഷ്യംവെച്ച് നാടിന് പുറത്തെവിടെയെങ്കിലും ഒരു വര്‍ഷത്തെ നിര്‍ബന്ധിത പ്രവര്‍ത്തനം ദഅ്‌വ കോളേജുകളടക്കമുള്ള നമ്മുടെ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടപ്പിലാക്കിയാല്‍ ഇൗ പരിമിതി വളരെ വേഗം മറികടക്കാന്‍ നമുക്ക് സാധിക്കും.

മാടിവിളിച്ച അനുഭവങ്ങള്‍
അലിഗഢിലെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് ഉത്തരേന്ത്യയില്‍ കാര്യമായിത്തന്നെ എന്തെങ്കിലും ചെയ്യണമെന്ന ഒരു മാനസികാവസ്ഥ ഉണ്ടാക്കിത്തീര്‍ത്തത്. അലിഗഢില്‍ കുതിരസവാരി ഒരു കോഴ്‌സായിരുന്നു. ഞാന്‍ അത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വൈകുന്നേരങ്ങൡലും മറ്റും ചുറ്റിസഞ്ചരിക്കാന്‍ കുതിരയെ അനുവദിച്ച് കിട്ടാറുണ്ട്.അതുപ്രകാരം ഞാന്‍ വൈകുന്നേരങ്ങൡ കുതിരപ്പുറത്ത് പരിസരത്തുള്ള ഗ്രാമങ്ങൡലെ ഉൗടുവഴികൡലൂടെ വെറുതെ സഞ്ചരിക്കാറുണ്ടായിരുന്നു. ഒരു ദിവസം യാത്രക്കിടെ അസ്വര്‍ നിസ്‌കാരത്തിനായി ഒരു ഗ്രാമത്തിലെ ഒരു ചെറിയ പള്ളിയില്‍ ചെന്നു. വുളൂഅ് ചെയ്ത് നിസ്‌കാരത്തിനൊരുങ്ങിയപ്പോള്‍ ഒരാള്‍ അതിനനുവദിക്കാതെ മുന്നില്‍ വന്നു നില്‍ക്കുന്നു. ‘പാടില്ല പാടില്ല’ എന്നും പറഞ്ഞ് തടസം പിടിക്കുന്ന അയാള്‍ ആദ്യ സമയത്തുള്ള ജമാഅത്ത് കഴിഞ്ഞാല്‍ പിന്നെ നിസ്‌കരിക്കാന്‍ പാടില്ല എന്നാണ് ധരിച്ചു വെച്ചിരിക്കുന്നത്. ഞാന്‍ തര്‍ക്കിച്ചപ്പോള്‍ അയാള്‍ വാചാലനായി. ‘നിങ്ങള്‍ എന്താണ് കരുതിയത്? ഞാന്‍ ഇൗ പള്ളിയിലെ ഇമാമാണ്. ഇൗ നാട്ടില്‍ ഖുര്‍ആന്‍ നോക്കിയോതാന്‍ അറിയുന്ന ഒരേ ഒരാള്‍ ഞാന്‍ മാത്രമാണ്’. ഞാന്‍ അമ്പരന്നു. ഒരു ഗ്രാമത്തിലെ മുസ്ലിംകളുടെ മതകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളാണ് അറിവില്ലായ്മയുടെ പേരില്‍ എന്റെ നിസ്‌കാരത്തിന് തടസം സൃഷ്ടിക്കുന്നത്. ഞാന്‍ പ്രസ്തുത വിഷയത്തിലെ മതവിധികള്‍ അറബി ഗ്രന്ഥങ്ങൡ നിന്ന് ഉദ്ധരിച്ചപ്പോള്‍ അയാള്‍ പതുക്കെ നിശബ്ദനായി. നിസ്‌കാരം നിര്‍വഹിച്ച് അദ്ദേഹത്തോട് യാത്ര പറഞ്ഞ് ഞാന്‍ അവിടെ നിന്നും മടങ്ങി. മടക്കയാത്രയില്‍ ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. മുസ്‌ലിംകളല്ലാത്തവര്‍ പേരിനു മാത്രമുള്ള ഒരു ഗ്രാമം. അവിടെ ഖുര്‍ആന്‍, നോക്കിയെങ്കിലും പാരായണം ചെയ്യാനറിയുന്നത് ഒരാള്‍ക്ക് മാത്രം. അയാള്‍ക്ക് പോലും മതനിയമങ്ങൡ ഒരു വിവരവുമില്ല. എങ്കില്‍ ആ ഗ്രാമത്തിലെ ജനങ്ങളുടെ വിശ്വാസവും കര്‍മവുമൊക്കെ എങ്ങ-നെയായിരിക്കും?. ആ ചിന്ത എന്നില്‍ വലിയ കുറ്റബോധമുണ്ടാക്കി. അലിഗഢില്‍ നിന്നും മടങ്ങിയ ശേഷവും ഇടക്കിടെ ആ സംഭവം മനസില്‍ തെൡഞ്ഞു വരും. ഇൗ കുറ്റബോധം തന്നെയാണ് എന്നെ ഉത്തരേന്ത്യയിലെ പ്രവര്‍ത്തനങ്ങൡലേക്ക് തള്ളിവിട്ടത്.

ഇടപെടലുകളുടെ തുടക്കം
പഠനകാലത്തിന് ശേഷം മര്‍കസിലാണ് ഞാന്‍ ജോലിയില്‍ പ്രവേശിച്ചത്. ശരീഅത്ത് കോളജിലും ആര്‍ട്‌സ് കോളജിലുമെല്ലാമായി ക്ലാസുകളെടുത്തു. ഇതിനിടയിലും ഉത്തരേന്ത്യ എന്നെ അസ്വസ്ഥമാക്കിക്കൊണ്ടേയിരുന്നു. ഞാന്‍ ഉത്തരേന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ച് പലരോടും സംസാരിച്ചു. കാന്തപുരം ഉസ്താദിനോടും പറഞ്ഞു. എന്റെ സംസാരം കേട്ടവരില്‍ ഉറുദു ഭാഷയില്‍ പ്രാവീണ്യമുള്ളതിനാലാകാം ഉറുദു സംസാരിക്കുന്നവരുടെ കാര്യത്തില്‍ പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ് ലിയാര്‍ അല്‍പ്പം കൂടി താത്പര്യം പ്രകടിപ്പിച്ചു. അങ്ങനെ നിരന്തരമായ ഒാര്‍മപ്പെടുത്തലുകള്‍ക്ക് ഒടുവില്‍ ഒരു ദിവസം കാന്തപുരം ഉസ്താദ് എന്നെ വിൡപ്പിച്ചു. ഒരു 3,000 രൂപ നല്‍കി എന്നെ കേരളത്തിന് പുറത്തേക്കയച്ചു. വസ്തുനിഷ്ഠമായ ഒരു റിപ്പോര്‍ട്ടായിരുന്നു എന്നോട് ആവശ്യപ്പെട്ടത്. അങ്ങനെ 1992 ഫെബ്രുവരി 28ന് ബാംഗ്ലൂരിലേക്ക് ഞാന്‍ യാത്ര തിരിച്ചു. ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളും സന്ദര്‍ശിച്ച് ഒരു റിപ്പോര്‍ട്ട് തയാറാക്കി നേതാക്കള്‍ക്ക് സമര്‍പ്പിച്ചു. ഇൗ സന്ദര്‍ശനവും റിപ്പോര്‍ട്ടിംഗുമാണ് എന്റെ കേരളത്തിന് പുറത്തുള്ള ആദ്യത്തെ ദൗത്യം എന്നു പറയാം.

പ്രവര്‍ത്തന മേഖലയിലേക്ക്
ഞാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുന്നില്‍ വെച്ച് നേതാക്കള്‍ ചര്‍ച്ച നടത്തി. ആ ചര്‍ച്ചയുടെ തീരുമാനം എന്ന രൂപത്തില്‍ എന്നെ ഒരു ശമ്പളക്കാരനായി കേരളത്തിന് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിയമിച്ചു. മര്‍കസിലെ അധ്യാപനങ്ങളോടൊപ്പമാണ് കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. ചില കാര്യങ്ങള്‍ ചെയ്തു തുടങ്ങി. എന്നാല്‍ മര്‍കസിലെ ക്ലാസുകള്‍ അവസാനിപ്പിക്കാതെയാണ് ദൗത്യം ഏറ്റെടുത്തത് എന്നതിനാല്‍ അവിടെ കാര്യങ്ങള്‍ ഡിസോര്‍ഡറായി. അവസാനം മര്‍കസില്‍ നിന്നും മാറി നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. അപ്പോഴാണ് എം എ ഉസ്താദ് സഅദിയ്യയിലേക്ക് ക്ഷണിച്ചത്. ക്ലാസുകളുണ്ടാകുമെങ്കിലും കുറേ കൂടി പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമുള്ള ഒരു രീതിയാണ് ഉസ്താദ് മുന്നോട്ട് വെച്ചത്. എന്നാല്‍ മുഴുസമയവും പ്രവര്‍ത്തിച്ചാലും മതിയാകാത്ത കാര്യത്തിന് ഇൗ പാര്‍ട്ട്‌ടൈം പദ്ധതി ശരിയാകില്ലായിരുന്നു. അധികം വൈകാതെ നേതൃത്വവും അത് തിരിച്ചറിഞ്ഞു. അങ്ങനെ സഅദിയ്യയില്‍ നിന്നും പിരിഞ്ഞ് മുഴുസമയവും കേരളത്തിന് പുറത്ത് പ്രവര്‍ത്തനം എന്ന ഒരു നിര്‍ദ്ദേശം അവര്‍ നല്‍കി. എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയും സുന്നീ വിദ്യാഭ്യാസ ബോര്‍ഡും ശമ്പളം നല്‍കും എന്ന് പറഞ്ഞാണ് ഉസ്താദുമാര്‍ എന്നെ നിയമിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ചു. ഉത്തരേന്ത്യയിലെ പണ്ഡിതന്‍മാര്‍ക്കും സാധാരണക്കാര്‍ക്കും കേരളത്തിലെ പണ്ഡിതന്‍മാരെയും ഇവിടെ നടക്കുന്ന വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തുകയായിരുന്നു പ്രഥമ ദൗത്യം. ആദ്യഘട്ടം എന്ന നിലക്ക് മൂന്ന് നേതാക്കളെയും മൂന്ന് സംവിധാനങ്ങളെയും പരിചയപ്പെടുത്താനാണ് ശ്രമിച്ചത്. താജുല്‍ ഉലമ, നൂറുല്‍ ഉലമ, കാന്തപുരം ഉസ്താദ് എന്നീ നേതാക്കളെയും മര്‍കസ്, സഅദിയ്യ, എസ് വൈ എസ് എന്നീ സംവിധാനങ്ങളെയുമാണ് പരിചയപ്പെടുത്തിയത്. എന്നാല്‍ ഇൗ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമായി പിന്തുടരാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ലഭ്യമായിരുന്നില്ല. ശമ്പളം വാങ്ങാനുള്ള സാമ്പത്തിക സാഹചര്യം പോലും ഉണ്ടായിരുന്നില്ല.
ഇത്തരം സാഹചര്യങ്ങൡ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് എല്ലാവരും തീരുമാനിക്കുകയെങ്കില്‍ എനിക്ക് നേരെ തിരിച്ചാണ് തോന്നിയത്. ഒരു തരം വാശി. ഞാന്‍ നാട്ടില്‍ ചെന്ന് 40 സെന്റ് സ്ഥലം വിറ്റു. ആ പണവുമായി വീണ്ടും യാത്ര തിരിച്ചു. ഇത്തവണ ഒരാള്‍ നിയമിച്ചതാണ് എന്ന ഭാരം പോലുമില്ലാതെയാണ് പുറപ്പെട്ടത്. ഇക്കാലയൡ നാടുമായി കാര്യമായ ബന്ധമുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ പണ്ഡിതന്‍മാരുമായി ബന്ധം സ്ഥാപിക്കാനാണ് ഇക്കാലയളവില്‍ കൂടുതലായി ശ്രമിച്ചത്. അത് വിജയം കണ്ടു. അല്ലാമാ അര്‍ശദുല്‍ ഖാദിരി, തൗസീഫ് റസാഖാന്‍ തുടങ്ങി നിരവധി ഉത്തരേന്ത്യന്‍ ഉലമാക്കളുമായി നല്ല അടുപ്പമുണ്ടായി. പലരില്‍ നിന്നും കിതാബുകളോതി. ഉറുദു ഭാഷയില്‍ കൂടുതല്‍ കഴിവ് നേടാനും സാധിച്ചു. ഒൗദാര്യത്തിന്റെ ആരാമം ക്രോഡീകരിച്ചത് ഇക്കാലത്താണ്.

പ്രസ്ഥാനത്തിന് ദേശീയ ഘടകം
1994 വരെ റസാഖാന്‍ ബറേല്‍വിയുടെ സരണിയുമായോ അവരുടെ പിന്‍മുറക്കാരുമായോ കേരളത്തിലെ പണ്ഡിതന്‍മാര്‍ക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. 1994-ല്‍ ഉര്‍സേ റസ്‌വിയില്‍ കേരളത്തിലെ 11 പണ്ഡിതന്‍മാര്‍ പങ്കെടുക്കുന്നതോടെയാണ് അതിന് മാറ്റമുണ്ടായത്. കാന്തപുരം ഉസ്താദും എം എ ഉസ്താദും ആ സംഘത്തിലുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി അഖ്തര്‍ റസാഖാന്‍ അസ്ഹരി മര്‍കസില്‍ വന്നു. അങ്ങനെ പതുക്കെ ഉത്തരേന്ത്യന്‍ പണ്ഡിതന്‍മാരുമായി കേരളത്തിലെ ഉലമാക്കളുടെ ബന്ധം ഉൗഷ്മളമാവുകയും ദേശീയ തലത്തില്‍ ഒരു പണ്ഡിത കൂട്ടായ്മ എന്ന ലക്ഷ്യം വിജയം വരിക്കുകയും ചെയ്തു.

മദ്‌റസാ സംവിധാനം
1996ലാണ് മദ്‌റസാ സംവിധാനത്തിനാവശ്യമായ നീക്കങ്ങള്‍ ദേശീയ തലത്തില്‍ ആരംഭിക്കുന്നത്. ഞാനും ഹസന്‍ തങ്ങള്‍ കൊന്നാരും ചേര്‍ന്ന് കേരളത്തിലെ പാഠപുസ്തകങ്ങള്‍ ഉറുദുവിലേക്ക് ഭാഷാന്തരം ചെയ്തു. മര്‍കസില്‍ മുദരിസായിരുന്ന ഖുര്‍ശിദ് ആലം മിസ്ബാഹി അത് എഡിറ്റ് ചെയ്ത് മനോഹരമാക്കി. കാന്തപുരം ഉസ്താദ്, എം എ ഉസ്താദ്, അല്ലാമാ ൡയാഉല്‍ മുസ്തഫ, മൗലാനാ മുഹമ്മദ് മിസ്ബാഹി, മൗലാനാ മുഹമ്മദ് ഹനീഫ് റസ്‌വി, യാസീന്‍ അഖ്തര്‍ മിസ്ബാഹി, അബ്ദുല്‍ മുബീന്‍ നുഅ്മാനി എന്നിവരുടെ നേതൃത്വത്തില്‍ പണ്ഡിതന്‍മാര്‍ ഒന്നിച്ചിരുന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി 1997ലാണ് ഐ ഇ ബി ഐ (ഇസ്‌ലാമിക് എജുക്കേഷനല്‍ ബോര്‍ഡ് ഒാഫ് ഇന്ത്യ) രൂപീകരിക്കുന്നത്. എം എ ഉസ്താദ് പ്രസിഡന്റും മുഫ്തി മുതീഉര്‍റഹ്മാന്‍ ജനറല്‍ സെക്രട്ടറിയും കാന്തപുരം ഉസ്താദ് ട്രഷററുമായാണ് കമ്മിറ്റി രൂപീകരിച്ചത്. ഡല്‍ഹിയിലെ സാക്കിര്‍ നഗറില്‍ ഫ്‌ളാറ്റെടുത്ത് ഒാഫീസ് പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കി.
പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ വലിയ വെല്ലുവിൡകളെ അഭിമുഖീകരിക്കേണ്ടി വന്നു. ഉത്തരേന്ത്യയില്‍ മദ്‌റസ എന്ന സങ്കല്‍പം തന്നെയില്ല . കേരളത്തില്‍ 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന ഒാത്തുപള്ളി സംവിധാനമാണ് അവിടെ ഇന്നും വ്യാപകമായി കാണുന്നത്. അത് മാറ്റാന്‍ നടത്തിപ്പുകാര്‍ക്ക് താത്പര്യമില്ല. മുസ്‌ലിം വിദ്യാര്‍ഥികൡ 5 ശതമാനം മാത്രമാണ് ഇവിടെങ്ങൡ പഠനത്തിനെത്തുന്നത്. മത രംഗത്ത് നേതൃത്വം നല്‍കുന്ന ചിലരെങ്കിലും മദ്‌റസകള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. വിദ്യാര്‍ഥികള്‍ മതം പഠിച്ചാല്‍ തങ്ങളുടെ അറിവില്ലായ്മ ജനങ്ങളറിയുമെന്നതാണ് അത്തരക്കാരെ പ്രതിപക്ഷത്ത് നിര്‍ത്തുന്നത്. സൗത്ത് ഡല്‍ഹിയിലെ മഹ്‌റൊൡ പ്രവര്‍ത്തനം ആരംഭിച്ച് 6 മാസത്തിനകം മദ്‌റസ പൂട്ടിയത് ഇമാമിന്റെ ‘അറിവ്’ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതിനാലായിരുന്നു.
ഇത്തരം പ്രശ്‌നങ്ങള്‍ക്കിടയിലും നിരവധി മദ്‌റസകള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങൡലുമെന്നോണം ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്. തമിഴ്, കന്നട, ബംഗള, ഇംഗ്ലീഷ്, ഉറുദു ഭാഷകൡ ഇന്ന് പുസ്തകങ്ങള്‍ നിലവിലുണ്ട്. ഹിന്ദിയിലുള്ള പുസ്തകങ്ങളുടെ പണി അണിയറയില്‍ പുരോഗമിക്കുന്നു. എന്നാല്‍ ആവശ്യമുള്ളതിന്റെ ഒരു ശതമാനത്തിലേക്ക് പോലും മദ്‌റസകളുടെ എണ്ണം എത്തിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

കേരളത്തില്‍ പഠനം നടത്തുന്ന ഇതര സംസ്ഥാനക്കാര്‍
കേരളത്തിലെ പഠന സാഹചര്യത്തില്‍ മറ്റു സംസ്ഥാനക്കാര്‍ പഠനം നടത്തിയാല്‍ മത രംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ ഏറെ ഉപകാരപ്രദമാകുമെന്ന തോന്നലുണ്ടായി. അതിനവസരമുണ്ടായത് മര്‍കസിലും സഅദിയ്യയിലും ഉത്തരേന്ത്യക്കാരായ മുദരിസുമാര്‍ വരുന്നതോടെയാണ്. ഖുര്‍ശിദ് ആലം മിസ്വ്ബാഹിയെ മര്‍കസിലും അബ്ദുല്‍ ജബ്ബാര്‍ മന്‍സിലി യെ സഅദിയ്യയിലും എത്തിക്കാനായി. ഇന്ന് ധാരാളം വിദ്യാര്‍ഥികള്‍ കേരളത്തിലെ ശരീഅത്ത് കോളജുകൡ പഠിക്കുന്നുണ്ട്. അതിലേറെ പേര്‍ പഠനം പൂര്‍ത്തിയായിട്ടുമുണ്ട്. ഇവരെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതില്‍ കുറേക്കൂടി കൃത്യമായ ആലോചനകളുണ്ടാകണം. അവരുടെ അലുംനി കേരളത്തില്‍ നിന്നു തന്നെ നിയന്ത്രിക്കപ്പെടണം. പഠന കാലത്ത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും പരിശീലനം നല്‍കണം. സ്ഥാപനങ്ങൡലെ പ്രവര്‍ത്തനങ്ങളുടെ രീതിശാസ്ത്രം അറിയാന്‍ വേണ്ടിയുള്ള അവസരങ്ങള്‍ ഉണ്ടാകണം. തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങൡലേക്കെങ്കിലും പ്രതേ്യക യാത്രകള്‍ സംഘടിപ്പിക്കണം.


ലക്ഷ്യത്തിലേക്കെത്താന്‍?
ഉത്തരേന്ത്യയിലെ മുസ്‌ലിം പിന്നാക്കാവസ്ഥയും അറിവില്ലായ്മയും പരിഹരിക്കാന്‍ ത്യാഗസന്നദ്ധരും പണ്ഡിതരുമായ പ്രബോധകരുടെ ശക്തമായ ഇടപെടല്‍ തന്നെയാണ് വേണ്ടത്. കേരളത്തില്‍ അതിനു ശേഷിയുള്ള അനേകം പ്രതിഭകള്‍ ഒാരോ വര്‍ഷവും രംഗത്ത് വരുന്നുണ്ട്. എന്നാല്‍ അവരുടെ സ്വപ്‌നങ്ങള്‍ ഇൗ കൊച്ചു സംസ്ഥാനത്തിന്റെ വിസ്തൃതിക്കുള്ളില്‍ ചുരുങ്ങിപ്പോവുകയാണ്. ആ സ്ഥിതി മാറണം. മലയാൡകളായ യുവ പണ്ഡിതന്‍മാര്‍ ഇന്ത്യയുടെ ഭൂപടത്തില്‍ കേരളത്തിന്റെ വലുപ്പം ഒന്ന് ശ്രദ്ധിച്ചു നോക്കട്ടെ. എത്രമാത്രം ചെറുതാണ്. ഇനി കേരളത്തിന്റെ ഭാഗം മറച്ചു പിടിച്ച് ഭൂപടം ഒന്നുകൂടി ശ്രദ്ധിക്കട്ടെ. കാര്യമായി ഒന്നും സംഭവിച്ചതായി തോന്നില്ല. ഇത്രയും ചെറിയ ഒരു പ്രദേശത്ത് പണ്ഡിതരുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ബാഹുല്യം അനുഭവിക്കുമ്പോള്‍ വിശാലമായ അനേകം കിലോ മീറ്ററുകള്‍ ഒരു വിളക്കു പോലുമില്ലാത്ത വിധം ഇരുള്‍ മൂടിക്കിടക്കുന്നത് നമ്മെ അസ്വസ്ഥമാക്കാത്തതെന്താണ്? വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും പണം മുടക്കുന്നവര്‍ ഉത്തരേന്ത്യയിലെ പളൡഎന്ന് വിൡക്കപ്പെടുന്ന പ്ലാസ്റ്റിക്ക് കൂരകള്‍ കാണാതെ പോകുന്നതെന്ത് കൊണ്ടാണ്? ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് ആസാം, ബംഗാള്‍, ബീഹാര്‍, യു പി എന്നിവ. കേരളത്തിലെ മൊത്തം ജനസംഖ്യയേക്കാള്‍ മുസ് ലിംകളുണ്ട് ഇൗ നാല് സംസ്ഥാനങ്ങൡ. അവര്‍ ഒരു നവോത്ഥാന നായകനെ കാത്തു കഴിയുന്നു. പ്രവാസ ലോകത്തെ മുസ്‌ലിം കൂട്ടായ്മകള്‍ അറിവില്ലായ്മയും ദാരിദ്ര്യവും പര്യായപദങ്ങളായ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ ദത്തെടുക്കാനും അവരുടെ ഇരുലോക മോക്ഷത്തിന്റെ വഴിയൊരുക്കാനും സന്നദ്ധരാകണം.

എത്രകാലംതനിച്ച് നില്‍ക്കാം
പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു കാര്യവും കൂടി നാം മുഖവിലക്കെടുക്കണം. ഒരു രാഷ്ട്രം എന്ന നിലയില്‍ ജീവിക്കുമ്പോള്‍ നമ്മുടെ സമൂഹത്തിന്റെ കെട്ടുറപ്പ് രാജ്യത്താകമാനം ഉണ്ടായിത്തീരണം. കേരളത്തില്‍ നാം സുരക്ഷിതരാണ് എന്ന ആശ്വാസം ഒട്ടും ആയുസില്ലാത്തതാണ്. ഡല്‍ഹിയില്‍ നിന്നും നിയമമായി വരുന്ന ഒരു ബില്ലു കൊണ്ട് അടച്ചു പൂട്ടേണ്ടി വരുന്ന സ്ഥാപനങ്ങളും പ്രവര്‍ത്തനമവസാനിപ്പിക്കേണ്ടി വരുന്ന സംഘടനകളുമാണ് നമുക്കുമുള്ളത്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ നാം ഉയര്‍ത്തുന്ന പ്രതിഷേധ സ്വരങ്ങളുടെ വാര്‍ത്ത പോലും ഡല്‍ഹിയിലിരിക്കുന്നവര്‍ കാണുകയില്ല. മറിച്ച് രാജ്യത്താകമാനം അലയൊലി സൃഷ്ടിച്ചാല്‍ മാത്രമെ ഭരണഘടന അനുവദിച്ചു തന്ന അവകാശങ്ങളുമായി നമുക്ക് മുന്നേറാനാകൂ. അതിന് നമ്മുടെ സഹോദരങ്ങള്‍ക്കു കൂടി വഴിയും വെൡച്ചവും നല്‍കാന്‍ നമുക്ക് കഴിയട്ടെ.
തയറാക്കിയത്: എം ടി ശിഹാബുദ്ദീന്‍ സഖാഫി

Share this article

About ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം

View all posts by ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം →

2 Comments on “കേരളം മറച്ചു പിടിച്ച് ഇന്ത്യയുടെ ഭൂപടം നോക്കിയിട്ടുണ്ടോ?”

  1. Sarvvashakthanaaya Rabbe, Mahaanavarkalude Barsaqee Jeevitham nii Raahathilaakkane……. ee Ummathinu Vendi othiri Kashttappatta Mahaanaanallo Rabbe….

Leave a Reply

Your email address will not be published. Required fields are marked *