അത്തറിന്റെ സുഗന്ധവും സ്‌പ്രേയിലെ ആല്‍കഹോളും

Reading Time: 2 minutes

അത്തറും സ്‌പ്രേയും ഇഷ്ടപ്പെടാത്തവര്‍ നന്നേ കുറവായിരിക്കും. പൊതുവേയുള്ള ഉപയോഗത്തില്‍ സുഗന്ധം എന്നതിനപ്പുറം മാനം കല്‍പിക്കുന്നവര്‍ ചുരുക്കമാണ്. എന്നാല്‍ വിശ്വാസിക്ക് സുഗന്ധത്തെ സംബന്ധിച്ച് ചില നിഷ്‌കര്‍ഷതകളുണ്ട്. നബിജീവിതം സുഗന്ധപൂരിതമായിരുന്നു. സ്വയം ഉപയോഗിക്കുകയും അനുചരന്‍മാരെ അതിന് ഉണര്‍ത്താറുമുണ്ടായിരുന്നു. കസ്തൂരിയെക്കാള്‍ പരിമളമുള്ള പ്രവാചകന്‍ എന്തിനായിരിക്കും സുഗന്ധമുപയോഗിച്ചിട്ടുണ്ടാവുക? നബിയുടെ യഥാര്‍ഥ സുഗന്ധം അനുഭവിക്കാതിരിക്കാന്‍ വേണ്ടിയത്രെ. തിരുമേനിയുടെ സൗരഭ്യം കാരണം പാമരര്‍ നബിയില്‍ ദൈവികത ആരോപിക്കരുതല്ലോ. തിരുനബി സുഗന്ധത്തെ ഇഷ്ടവസ്തുക്കളില്‍ ഒന്നായി എണ്ണിയിട്ടുണ്ട്. കൂടെ സുഗന്ധം ദാനം കിട്ടിയാല്‍ വേണ്ടെന്നു വെക്കരുത് എന്ന് ഓര്‍മപ്പെടുത്തി. അത് ഭാരം കുറഞ്ഞതും പരിമളമുള്ളതാണെന്നും പറഞ്ഞു. തിരുനബിക്ക് സുഗന്ധം പുരട്ടിക്കൊടുക്കാറുണ്ടെന്ന് പത്‌നി ആയിശ(റ) പറയുന്നുണ്ട്. ഈ വചനങ്ങള്‍ ഇമാം തിര്‍മുദി(റ) തന്റെ ശമാഇലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത്തറുകള്‍, സുഗന്ധങ്ങള്‍ എന്നിവയില്‍ അതിശ്രേഷ്ഠമായതാണ് കസ്തൂരിയെന്ന് തിരുവചനങ്ങളിലുണ്ട്. ‘പനിനീര്‍ കലര്‍ത്തിയ കസ്തൂരിയാണതില്‍ ഏറ്റവും നല്ലത്.’ (ഫത്ഹുല്‍ ജവാദ്). തിരുനബി കൂടുതലായി ഉപയോഗിച്ചത് അതായിരുന്നുവത്രെ. കസ്തൂരി ശുദ്ധവും ശരീരത്തിലും വസ്ത്രത്തിലും ഉപയോഗയോഗ്യവും വില്‍പനക്കനുവാദമുള്ളതുമാണെന്ന് ഇമാം നവവി(റ) ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സുഗന്ധോപയോഗം അടിസ്ഥാനപരമായി സുന്നത്താണ്. സുഗന്ധം ഉപയോഗിക്കുന്നവരുടെയും സുഗന്ധത്തിന്റെയും സാഹചര്യങ്ങളുടെ മാറ്റങ്ങള്‍ക്കനുസൃതമായി നിഷിദ്ധം (ഹറാം ), അനഭികാമ്യം (കറാഹത്ത്), അനുവദനീയം (മുബാഹ്) എന്നീ വിധികള്‍ ബാധകമാകും. ഇമാം നവവി (റ) രേഖപ്പെടുത്തുന്നു; വെള്ളിയാഴ്ച, പെരുന്നള്‍ ദിവസം, ജനങ്ങള്‍ ഒത്തുകൂടുന്നയിടങ്ങള്‍, പുറത്തിറങ്ങുന്ന സന്ദര്‍ഭം, ദിക്‌റ് മജ്‌ലിസുകള്‍, വൈജ്ഞാനിക സദസുകള്‍, ഭാര്യയുമായി സഹശയനത്തിനുദ്ദേശിക്കുന്നേരം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പുരുഷന്മാര്‍ക്ക് സുഗന്ധം പുരട്ടല്‍ ശക്തമായ സുന്നത്താണ് (ശറഹു മുസ്‌ലിം). ഇഹ്‌റാമിന് വേണ്ടിയും സുഗന്ധോപയോഗം സുന്നത്താണ്. പക്ഷേ വസ്ത്രത്തില്‍ ഉപയോഗിക്കാതെ ശരീരത്തില്‍ മാത്രമേ ഉപയോഗിക്കാവൂ.
ഇതരപുരുഷന്മാര്‍ ഇല്ലാത്തപ്പോഴും വിവാഹബന്ധം നിഷിദ്ധമായവര്‍ മാത്രമുള്ളപ്പോഴും ഭര്‍തൃ സാന്നിധ്യത്തിലുമൊക്കെ സ്ത്രീകള്‍ക്ക് സുഗന്ധോപയോഗം അനുവദനീയമാണ്. നോമ്പുകാര്‍ക്കും പുറത്തിറങ്ങുന്ന നേരത്ത് സ്ത്രീകള്‍ക്കും സുഗന്ധോപയോഗം അനഭികാമ്യമാണ്. മൂന്നാം ലിംഗക്കാര്‍ക്ക് സത്രീകളുടെ വിധിവിലക്കുകളാണ് ബാധകമാവുക. സുഗന്ധം അനുഭവിക്കുമ്പോള്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്തില്ല, പകരം ഇസ്തിഗ്ഫാര്‍ സുന്നത്തുണ്ടെന്ന് ഫത്ഹുല്‍ മുഈന്‍ വിവരിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ മരണത്തിന് ഇദ്ദയിരിക്കുന്നവരും സ്ത്രീ പുരുഷ സങ്കലനമുണ്ടാവുന്നിടത്തും ഇഹ്‌റാം ചെയ്തവര്‍ക്കും സുഗന്ധം നിഷിദ്ധമാണ്. ഇങ്ങനെ വ്യക്തികളുടെ സാഹചര്യസന്ദര്‍ഭങ്ങള്‍ മാറ്റം വരുമ്പോള്‍ വിധി വിലക്കുകളിലും മാറ്റം വരുന്നു. സ്ത്രീപുരുഷന്മാരുടെ പെര്‍ഫ്യൂമുകള്‍ ഏതു രൂപത്തിലുള്ളതാവണമെന്ന് നബി (സ്വ) നിശ്ചയിക്കുന്നുണ്ട്. ഒരിക്കല്‍ തിരുനബിയോട് സ്ത്രീ പുരുഷന്മാരുടെ സുഗന്ധത്തെ പറ്റി ആരാഞ്ഞപ്പോള്‍ തിരുനബി ഇങ്ങനെ പ്രതിവചിച്ചു; ‘പരിമളം പരക്കുന്നതും നിറമില്ലാത്തതുമായ സുഗന്ധമാണ് പുരുഷന്മാരുടേത്.’ ‘നിറം പ്രകടമായതും സുഗന്ധം കുറഞ്ഞതുമാണ് സ്ത്രീകളുടേത്.’ പുരുഷന്മാര്‍ക്ക് ഒരു സുഗന്ധവും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സ്ത്രീയുടെത് ഉപയോഗിക്കാവുന്നതാണ്.
ചികില്‍സോപാധിയായും സുഗന്ധം ഉപയോഗിക്കപ്പെടുന്നുണ്ട്. ഉറക്കമില്ലായ്മ, ഏകാഗ്രതക്കുറവ്, ചര്‍മരോഗങ്ങള്‍, തലവേദന തുടങ്ങിയ രോഗങ്ങള്‍ക്ക് പല സുഗന്ധദ്രവ്യങ്ങളും ശമനം നല്‍കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
സുഗന്ധദ്രവ്യങ്ങളെ അവ ശേഖരിക്കുന്ന സ്രോതസുകളെ ആധാരമാക്കി പ്രധാനമായും മൂന്നായി തരംതിരിക്കാം. സസ്യങ്ങളില്‍നിന്ന്, ജീവികളില്‍ നിന്ന്, ഇവ രാസവസതുക്കളുമായി കലര്‍ത്തി നിര്‍മിക്കുന്നവ. ഇവയുടെ കര്‍മ ശാസ്ത്ര നിയമങ്ങള്‍ രൂപംകൊള്ളുന്നത് ഉപയോഗിക്കുന്ന വസ്തുക്കളുടെ ശുദ്ധിയെ അടിസ്ഥാനമാക്കിയാണ്. സസ്യങ്ങളില്‍നിന്നു ശേഖരിക്കുന്നവ ശുദ്ധമായതിനാല്‍ അത് ഉപയുക്തമാണ്. നജസല്ലാത്ത ജീവികളില്‍നിന്നു ശേഖരിക്കുന്നത് ശുദ്ധിയുള്ളതെങ്കില്‍ അതും ഉപയുക്തമാണ്. കസ്തൂരി, അന്‍ബര്‍, പനിനീര്‍, ചന്ദനം, മുല്ല, കുങ്കുമപ്പൂവ് തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. കസ്തൂരി, അമ്പര്‍ എന്നിവയെപ്പറ്റി ഹദീസുകളിലും പ്രതിപാദ്യമുണ്ട്. ടിബറ്റന്‍, ഇന്ത്യന്‍ കസ്തൂരികളാണ് അവയില്‍ പ്രധാനം. ആദ്യകാലങ്ങളില്‍ സസ്യങ്ങളില്‍നിന്നും ജീവികളില്‍നിന്നും ശേഖരിച്ച പ്രകൃതിദത്തമായ സുഗന്ധതൈലങ്ങളായിരുന്നു കൂടുതലും. സാങ്കേതിക വിദ്യയുടെയും ശാസ്ത്രത്തിന്റെയും വികസനത്തോടെ സുഗന്ധദ്രവ്യങ്ങളുടെ നിര്‍മാണത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കപ്പെട്ടു. കെമിക്കലുകള്‍ ചേര്‍ത്ത ധാരാളം പെര്‍ഫ്യൂമുകള്‍ ഇന്ന് ലഭ്യമാണ്. അതില്‍ പ്രധാനമാണ് ആല്‍ക്കഹോള്‍. സുഗന്ധദ്രവ്യങ്ങളില്‍ ആല്‍ക്കഹോളിന്റെ ഉപയോഗം കര്‍മശാസ്ത്രരംഗത്ത് പുതിയ ചില ചര്‍ച്ചകള്‍ക്കു വാതില്‍ തുറക്കുന്നുണ്ട്. ഹൈഡ്രോക്‌സില്‍ ഫങ്ഷനല്‍ ഗ്രൂപ്പ് ഉള്‍ക്കൊളളുന്ന കാര്‍ബണ്‍ സംയുക്തമാണ് ആല്‍കഹോള്‍. പലതരം ആല്‍കഹോളുകളില്‍ എഥനോളും മെഥനോളുമാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. ബോഡിസ്‌പ്രേ, സ്‌പ്രേ എന്നിവയില്‍ എഥനോള്‍ ആണ് പൊതുവേ ഉപയോഗിക്കുന്നത്. സ്‌പ്രേയില്‍ ആല്‍ക്കഹോള്‍ ചേര്‍ക്കുന്നത് ഗാഢത കുറക്കുന്നതിനും സുഗന്ധം നിലനിര്‍ത്തുന്നതിനും വേണ്ടിയാണ്. ഈ ആല്‍ക്കഹോള്‍ നജസും ലഹരി ഉണ്ടാക്കുന്നതുമാണ്. നമ്മള്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂമുകളില്‍ അത്തരം ആല്‍ക്കഹോള്‍ ചേര്‍ന്നിട്ടുണ്ട് എന്ന് ഉറപ്പുണ്ടെങ്കില്‍ അതിന്റെ ഉപയോഗം നിഷിദ്ധമാണ്. കാരണം അനാവശ്യമായി ശരീരത്തില്‍ നജസ് (മാലിന്യം) പുരട്ടല്‍ നിഷിദ്ധമാണ്. അത്തരം ആല്‍ക്കഹോള്‍ ഉപയോഗിച്ചുവെന്നുറപ്പില്ലാത്ത പക്ഷം നിഷിദ്ധമാവില്ല. എങ്കിലും ഉപേക്ഷിക്കലാണ് സൂക്ഷ്മത. ഇതു തന്നെയാണ് ബോഡി സ്‌പ്രേയിലും. എന്നാല്‍ അത്തറുകളില്‍ കണ്ടുവരുന്ന ആല്‍ക്കഹോള്‍ വീര്യം കുറഞ്ഞതും ലഹരിയുണ്ടാകുന്നതുമല്ല. ഉദാ: അിശ്യെഹ അഹരവീവീഹ. സുഗന്ധം നിലനിര്‍ത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. സ്‌പ്രേയിലെ ആല്‍ക്കഹോള്‍ ഇനിയും പഠനവിധേയമാകേണ്ടതുണ്ട്. ലുബാബുന്നുഖൂല്‍ പോലെയുള്ള പഠനങ്ങള്‍ അതിലേക്കുള്ള വഴി തുറക്കലാണ്. സുഗന്ധം വിശ്വാസിക്ക് ആവശ്യം തന്നെയാണ്. പക്ഷേ അതിന്റെ സ്രോതസുകളെയും സന്ദര്‍ഭങ്ങളെയും ആധാരമാക്കിയാവും മതനിയമങ്ങള്‍ രൂപീകരിക്കുക.

Share this article

About മുഖ്താര്‍ റാസി

View all posts by മുഖ്താര്‍ റാസി →

One Comment on “അത്തറിന്റെ സുഗന്ധവും സ്‌പ്രേയിലെ ആല്‍കഹോളും”

  1. അസ്സലാമു അലൈകും ..

    ആൽക്കഹോൾ ഉപയോഗം നിഷിദ്ധമാകുന്നത് അത് ഏതെങ്കിലും രൂപത്തിൽ ശരീരത്തിന് ഉള്ളിലേക്കു കടന്നു ശരീരത്തിനും മനസ്സിനും മയക്കമോ തളർച്ചയോ ഉണ്ടാക്കി നമസ്കാരം മറ്റു നിർബന്ധ അവസ്ഥകളോ കര്മങ്ങളോ തടസ്സപെടുന്നത് കൊണ്ടല്ലേ? ഈ അവസ്ഥ സംജാതം ആകുന്നത് കൊണ്ടല്ലേ ആൽക്കഹോൾ ഹറാം ആകുന്നത്. നേരർത്ഥത്തിൽ ഹറാം ആകുന്നുണ്ടോ?

    ശരീരത്തിന് പുറത്തോ വസ്ത്രത്തിനു പുറത്തോ അലോക്കഹോളിന്റെ നേർ സ്വഭാവത്തിലല്ലാതെ മറ്റു പദാര്ഥങ്ങളുമായി കലർത്തിയാണ് ഉപടയോഗിക്കുന്നത്.. അതിൽ എവിടെയാണ് ഹറാം ആകുന്നത്? ചുരുക്കം ചില സ്പ്രൈ മണത്തിൽ ചെറിയ ഒരു അസ്വസ്ഥത തോന്നിയാലുമൊരു വലിയ മറവിയോ തളർച്ചക്കോ സാധയത ഇല്ലേ.

Leave a Reply

Your email address will not be published. Required fields are marked *