വിദ്യാഭ്യാസ നയത്തില്‍ രാഷ്ട്രീയ ചതിയുണ്ട്

Reading Time: 3 minutes

കേന്ദ്രം ഭരിക്കുന്ന സർക്കാർ വിദ്യാഭ്യാസത്തിലും ചരിത്ര രേഖകളിലും മാറ്റം വരുത്തുമെന്ന പ്രഖ്യാപനം ജനാധിപത്യ സമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിൽ പഠന ഭാരം കൂടുതലാണെന്ന് പറഞ്ഞു സിബിഎസ്ഇയിൽ നിന്ന് 30% സിലബസ് വെട്ടി കുറച്ചത് തത്വത്തിൽ നല്ലതാണ് എന്ന തോന്നണമെങ്കിലും യഥാർത്ഥത്തിൽ വെട്ടികുറിച്ച ഭാഗം പരിശോധിക്കുമ്പോൾ കേന്ദ്രത്തിന്റെ രാഷ്ട്രീയ നീക്കം വ്യക്തമാക്കുന്നു. ഫെഡറലിസം, പൗരത്വം, ദേശീയത, തദ്ദേശ ഗവണ്മെന്റുകളുടെ ആവശ്യകത, ജനാധിപത്യ പാഠങ്ങൾ, മതങ്ങൾ, ജാതി വ്യവസ്ഥ, രാഷ്ട്രീയ മുന്നേറ്റ‌ ചരിത്രങ്ങൾ, സ്ത്രീ പുരുഷ സമത്വം, സാമൂഹിക വൈജാത്യങ്ങൾ, നാനാത്വം തുടങ്ങിയ സുപ്രധാന ഭാഗങ്ങളാണ് വെട്ടിക്കുറിച്ചത്.‌ ഇന്ത്യൻ ഫാസിസത്തിന്റെ നിലനിൽപിനു വേണ്ടി ചരിത്ര ബോധമോ, പൗരബോധമോ ഇല്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ച്ടുക്കുകയാണ്ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സംഘ്പരിവാർ സംഘടനകൾ ഇതിനകം നയരേഖയെ സ്വാഗതം ചെയ്‌തിരിക്കുന്നു. ‘ഞങ്ങളുടെ 60% ശതമാനം ആവശ്യങ്ങൾ ദേശീയ വിദ്യാഭ്യാസ നയരേഖയിലൂടെ ഇതിനകം സ്വീകരിക്കപ്പെട്ടെന്ന് ആർഎസ്‌എസ്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. ‌ദേശീയ വിദ്യാഭ്യാസ നയരേഖയെ കൃത്യമായി പരിശേധിക്കുകയും‌ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും ജനാധിപത്യ മൂല്യങ്ങളും ഉറപ്പ് വരുത്തുകയും ചെയ്യുക എന്നത് രാജ്യത്തിലെ ഓരോ പൗരന്റെയും കടമയാണ്.

ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിന്റെ ഭാഗമായി കൊണ്ടുവന്ന പരിഷ്കാരങ്ങൾ, പ്രധാന നിർദേശങ്ങളിലൊക്കെയും നിലവിലെ വിദ്യാഭ്യാസ മൂല്യങ്ങളെ അവമതിക്കുന്നതാണ്. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാഭ്യാസത്തിന്റെ യഥാർഥ സത്തയെ ഉള്ളടക്കത്തിൽ നിന്ന് മാറ്റി വിപണി മൂല്യത്തിലേക്ക്‌ കൊണ്ടുവരുന്നു എന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ കരടിന്റെ കാതലായമാറ്റം. പരീക്ഷകളും പഠന സമ്പ്രദായങ്ങളും കേന്ദ്ര സർക്കാറിൽ കേന്ദ്രീകരിക്കപ്പെട്ടു എന്നതും വിദ്യാഭ്യാസ നയരേഖയിൽ പ്രതിപാധിച്ചിരിക്കുന്നു. കൺകറന്റ്‌ ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാഭ്യാസത്തെ സംസ്ഥാനത്തിന്റെ പരിധിയിൽ നിന്നും മാറ്റി പൂർണമായും കേന്ദ്രീകരിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്‌. ഈ ഒരു നീക്കത്തിലൂടെ സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ കേന്ദ്രം കടന്നുകയറുകയാണ്.

ദേശീയ വിദ്യാഭ്യാസ നയരേഖ വ്യത്യസ്തങ്ങളായ രീതിയിൽ ചർച്ച ചെയ്യെപ്പെട്ടുകൊണ്ടിരിക്കുകയാണ്. കസ്തൂരി രംഗൻ മുന്നോട്ട് വെച്ച നയരേഖയിൽ പ്രതിപാദിച്ച പ്രധാന നിർദേശങ്ങൾ കൂടുതൽ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. മൂന്ന് വയസ് മുതൽ 8 വയസ് വരെ അദ്യ ഘട്ടം, എട്ട്‌ മുതൽ പതിനൊന്ന്, പതിനൊന്ന് മുതൽ 14 വരെ. മൂന്നു വയസ് മുതലുള്ളവരെ കൂടി സ്കൂളിന്റെ ഭാഗമാക്കുകയാണ്. ആറാം ക്ലാസ്സുമുതൽ വിവിധ തൊഴിലധിഷ്‌ഠിത കോഴ്സ്‌ പാഠഭാഗമായി ഉൾപ്പെടുത്തുമെന്ന് പറയുന്നു. തൊഴിലധിഷ്ഠിത കോഴ്‌സുകൾ നൽകുന്നതിലൂടെ നല്ലൊരു ശതമാനം വിദ്യാർഥികളും തങ്ങളുടെ വിദ്യാഭ്യാസ കാലം കൂടുതലും എങ്ങനെയെങ്കിലും ജോലി ലഭിക്കുന്ന വിദ്യാഭ്യാസ രീതി തിരഞ്ഞെടുക്കുന്ന അവസ്ഥ സംജാതമാകുകയും, ജോലി ലഭ്യമാവുന്ന മുറക്ക് പഠനം പാതി വഴിൽ ഉപേക്ഷിച്ച് എങ്ങുമെത്താത്ത സ്ഥിതി വിശേഷം കൈവരികയും ചെയ്യും. മാത്രമല്ല, ധിഷണയുള്ള വിദ്യാർഥി തലമുറയെ വളർത്തിയെടുക്കുന്നതിനു പകരം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ താത്കാലിക ജിവിത മാർഗം തേടാനുള്ള ത്വര വിദ്യാർഥികളിലും രക്ഷിതാക്കളിലും കൊണ്ടുവരാനുള്ള ആശയങ്ങളുടെ ബഹിസ്ഫുരണങ്ങളാണ് തത്വത്തിൽ നിർദേശമായി മുന്നോട്ട് വെക്കുന്നത്. കാലാന്തരത്തിൽ ഉന്നത വിദ്യാഭ്യാസം എന്നത് ഒരു വരേണ്യ വർഗത്തിന്റെ മാത്രം അവകാശമായി മാറുകയും ചെയ്യുമെന്ന വിമർശനം ഇപ്പോൾ തന്നെ പലരും ഉന്നയിക്കുന്നുണ്ട്. അതേസമയം, ആറാം ക്ലാസ് മുതൽ 18 വയസ് വരെയുള്ള വിദ്യാഭ്യാസം തത്വത്തിൽ സാർവത്രികമാണങ്കിലും അത് തൊഴിലധിഷ്ഠിതമാക്കുന്നതോട് കൂടി പുറത്തു നിന്നുള്ള ഏജൻസികളും പൊതുവിദ്യാഭ്യസത്തിലേക്ക് വരികയാണ്.
ആശയങ്ങൾ വളരെ കുറച്ചുമാത്രമായിരിക്കും പഠിപ്പിക്കുക. ബാക്കിയുള്ളതു മുഴുവന്‍ പ്രായോഗികതയെ അടിസ്ഥാനമാക്കിയിരിക്കും. ഇത്‌ കരിക്കുലം ലോഡ് കുറയ്ക്കാനാണ് എന്നും പറയുന്നുണ്ട്. മനുഷ്യർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പൂർണമായും ആശ്രയിക്കുന്ന ഒരു ലോകത്തേക്ക്‌ സമർപ്പിക്കപ്പെട്ട പുതിയ വിദ്യാഭ്യാസ നയരേഖ എന്ന നിലയിൽ പരാജയമാണ്. 13 വർഷം മുൻപ്‌ കാണാത്ത അഭൂതമയ മറ്റങ്ങൾക്ക്‌ ഇന്ന് നാം സാക്ഷ്യം വഹിക്കുമ്പോൾ അടുത്ത 12 വർഷത്തേക്കുള്ള (2032) നയരേഖ ആ കാലത്തോട്‌ ചേർന്നു നിൽക്കുന്ന യാതൊരു ആവിഷ്കാരങ്ങളും കൊണ്ടുവരുന്നില്ല. സ്കൂൾ കാലയളവുകളെ മാറ്റി നിശ്ചയിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണം എന്തെന്നും പുതിയ നയരേഖ വിശദീകരിക്കുന്നില്ല. യുജിസി മുതലുള്ള പേരുമാറ്റം, സർട്ടിഫിക്കേറ്റിലുണ്ടാവുന്ന പേരുമാറ്റം, തുടങ്ങിയവ മൂലം ദൂരവ്യാപകമായ ഭവിഷത്ത്‌ സൃഷ്ടിക്കപ്പെടും. ഉദ്യോഗാർഥികൾ ഇത്‌ കാരാണം വലിയ പ്രയാസങ്ങൾ അനുഭവിക്കും. ഉദാഹരണം:- വിദേശങ്ങളിൽ സമർപ്പിക്കപ്പെടുന്ന UGC – Net സർട്ടിഫിക്കേറ്റുകൾ അന്വേഷണത്തിന് വിധേയമായാൽ അത്തരം സർട്ടിഫിക്കേറ്റുകളോ കോഴ്സുകളോ പേരുമാറ്റം മൂലം കുറച്ച്‌ കാലം കഴിയുന്നതോടു കൂടി കണ്ടെത്തനാകില്ല.

വിദ്യാഭ്യാസ സന്തുലിതം എന്ന ആശയം തീർത്തും വിഡ്ഢിത്തമായി മാത്രമേ പരിഗണിക്കാനാവൂ. നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ അനുസൃതമായല്ല സൗത്ത്‌ ഇന്ത്യയിലെ വിദ്യാഭ്യാസ പുരോഗതി, അങ്ങനെ ആണെന്നിരിക്കെ സന്തുലിതാവസ്ഥ അപ്രയോഗികമാണ്. നോർത്ത്‌ ഇന്ത്യക്ക്‌ അനുസരിച്ച്‌ തയാറാക്കുന്ന പാഠ്യപദ്ധതികളും പ്രയോഗങ്ങളും കേരളം പോലെയുള്ള സംസ്ഥാനം ഇതിനകം ആർജ്ജിച്ച സാക്ഷരതയും വിദ്യഭ്യാസ മുന്നേറ്റവും. കാണാതെ പോകുന്നതും കാലങ്ങൾ പിന്നിട്ട വിദ്യാഭ്യാസ പുരോഗതിയെ വരുംകാലങ്ങളിൽ പിന്നോട്ടടിപ്പിക്കുന്നതുമായിരിക്കും. ‌100% സ്കൂളിൽ പോകുന്ന കേരളത്തിനുള്ള നിർദേശമല്ല, 50% സ്കൂളിൽ പോകാത്ത ഉത്തർപ്രദേശിനു വേണ്ടത്‌ എന്ന് സാരം. കേരളം ഉന്നയിച്ച നിരവധി വിഷയങ്ങൾ കേന്ദ്രം അവഗണിക്കുകയായിരുന്നു.

നയരേഖയിൽ മുന്നോട്ട് വെച്ച മറ്റൊരു നിർദേശമാണ് കോളേജുകൾക്ക് സ്വയംഭരണ അവകാശം നൽകുമെന്നത്. സത്യത്തിൽ ഇത്തരം നിർദേശങ്ങൾ നൽകുന്നതോട് കൂടി സർവകലാശാലകളുടെ പ്രസക്തി നഷ്ടമാവും. ഇത്‌ സാധ്യമാകുന്നതോടു കൂടി വിദ്യാഭ്യാസ ക്വാളിറ്റിയിൽ ഇടിവ്‌, മെറിറ്റ്‌ അടിസ്ഥാനം തുടങ്ങിയവ പാഴ് വാക്കാകും, പകരം കോഴ സ്വന്തക്കാർക്ക്‌ സീറ്റ്‌, രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടും തുടങ്ങിവയിലൊക്കെ അരാജകത്വം നടമാടും. മാത്രമല്ല, അധ്യാപകരെ നിയമിക്കാൻ അവകാശവും കൂടി നിർദേശങ്ങളിൽ പറയുമ്പോൾ, യോഗ്യതയുള്ളവർ, പുറത്ത്‌ നിൽക്കുകയും കൈക്കൂലി കൊടുത്തും മറ്റും പോസ്റ്റുകൾ ഉറപ്പിക്കുകയും ചെയ്യുന്ന പ്രവണത ഇപ്പോൾ തന്നെ ഉണ്ടന്നിരിക്കേ, അതിന്റെ സാധ്യത കൂടുതൽ ആകുകയും ചെയ്യും.

ഹിന്ദി ഭാഷ നിർബന്ധമാക്കുന്നതിനു പുറമേ ഇന്ത്യയിലെ ഒരു ക്ലാസിക്കൽ ഭാഷ നിർബന്ധമാക്കുന്നു എന്ന നിർദേശം, 6 ക്ലാസിക്കൽ ഭാഷയിൽ 4 ഭാഷാ പഠനമാണ് എന്ന് ചുരുക്കം. കരടിൽ ഒരുപാട് വിദേശ ഭാഷകൾക്ക് പ്രാമുഖ്യം നൽകുന്നു എന്നത് സ്വാഗതാർഹമാണങ്കിലും, അറബി ഭാഷയെ കുറിച്ച് ഒരു പരമർശവും നടത്താത്തതും അർഹിക്കുന്ന പരിഗണ നൽകാത്തതും നിരാശപ്പെടുത്തുന്നതാണ്. സംസ്കൃതം ഭാഷ ഇതിൽ സ്കൂൾ തലം തൊട്ട്‌ അടിച്ചേൽപ്പിക്കുകയാണ് ലക്ഷ്യം. ഹിന്ദിയും സംസ്‌കൃതവും നിർബന്ധിപ്പിക്കുന്നതിലൂടെ കൃത്യമായ അജണ്ടയാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്നത്. ഈ രണ്ട് ഭാഷകൾ നിർമ്മിത ദേശീയ ബോധത്തെ ആളിക്കത്തിക്കാൻ ഉപയോഗിക്കാവുന്ന നല്ലൊരു ടൂളാക്കി മാറ്റുകയാണ് ലക്ഷ്യം.

പിഎച്ഡിക്ക്‌ ശേഷമുള്ള ഡോക്ടറൽ ഫെല്ലോഷിപ്പിനെ കുറിച്ച്‌ യാതൊരു പരമർശവുമില്ല എന്നത്‌ ഖേദകരം തന്നെ. പുതിയ വിദ്യാഭ്യാസ നയം നിയമ മാകുന്നതോടെ ജാതി വ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യപോലുള്ള രാജ്യത്ത് വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിദ്യാഭ്യാസ മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതോടെ സമ്പന്ന വർഗങ്ങൾക്ക് മാത്രം ഉയർന്ന വിദ്യാഭ്യാസം സാധ്യമാകുന്ന പ്രവണതയായിരിക്കും രാജ്യത്ത് വർധിക്കുക. സംവരണ വ്യവസ്ഥിതികൾ പതിയെ എടുത്തുകളയുകയും, സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യം വന്നുചേരും. ഇപ്പോൾ തന്നെ ജെഎൻയു പോലുള്ള യൂണിവേഴ്‌സിറ്റികളിൽ ഉയർന്ന പഠനങ്ങൾക്ക് ഫീസ് വർധനവ് വന്നതോടെ വിദ്യാർഥികൾ തുടർ പഠനം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസം അനുഭവിക്കുകയാണ്. 4 വർഷമെടുക്കുന്ന ബിരുദ പഠനം, ഏതു വർഷവും പഠനം അവസാനിപ്പിക്കാൻ സൗകര്യം നൽകുന്നു. ആദ്യ വർഷം മാത്രമെങ്കിൽ തൊഴിലധിഷ്ഠിത പഠന സർട്ടിഫിക്കറ്റ്, രണ്ടാം വർഷമെങ്കിൽ ഡിപ്ലോമ, മൂന്നാം വർഷം ബിരുദം, നാലാം വർഷം ഗവേഷണാധിഷ്ഠിത ബിരുദം. എന്നിങ്ങനെയാണ് നയ രേഖ വിശദീകരിക്കുന്നത്. പാതിവഴിയിൽ ഉപേക്ഷിക്കുന്നവരെ സംബന്ധിച്ച് ഗുണമല്ലേ എന്ന വാദം യുക്തിസഹമായി മാത്രമേ കാണാൻ ഒക്കുകയുള്ളൂ.

ദേശീയ വിദ്യാഭ്യാസ നയം കൂടുതൽ ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പാരമ്പര്യവും സൂക്ഷിക്കുന്ന വിധത്തിലായിരിക്കണം വിദ്യാഭ്യാസ നയം നിയമമായി മാറേണ്ടത്. വിദ്യാഭ്യാസ നയത്തെ ഒരു രാഷ്ട്രീയ ചട്ടുകമാക്കി മാറ്റാതെ വിദ്യാഭ്യാസ വിദഗ്ധരും രാഷ്ട്രീയ നേതൃത്വങ്ങളും ചേർന്ന് പുതിയ കാലത്തോട് ചേർന്ന് നിൽക്കുന്ന നവീന ആശയങ്ങൾ ഉൾച്ചേർത്ത മികച്ച വിദ്യാഭ്യാസ നയങ്ങൾ രാജ്യത്ത് കൊണ്ടുവരാൻ കഴിയണം. നമ്മുടെ മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭാവി തലമുറകളാണ് ഉയർന്നുവരേണ്ടത്. നിലവാരമുള്ള സ്‌കൂളുകളും മികച്ച ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന സർവകലാശാലകളും വിദ്യാർഥികളുമാണ് ഈ രാജ്യത്തിന് ആവശ്യം.

Share this article

About മുഹമ്മദ് വിപികെ

View all posts by മുഹമ്മദ് വിപികെ →

Leave a Reply

Your email address will not be published. Required fields are marked *