എസ് എസ് എഫ് ഭാവിയിലേക്ക് തയാറെടുക്കുകയല്ല, ഭാവിയില്‍തന്നെ ജീവിക്കുകയാണ്‌

Reading Time: 3 minutes

എസ് എസ് എഫ് എന്തെടുക്കുകയാണ്/ എന്തെടുക്കുകയായിരുന്നു/ ഇനിയെന്ത് എന്നീ ചോദ്യങ്ങളെ അഡ്രസ് ചെയ്യുന്ന സംസാരമാണിത്. വര്‍ത്തമാനത്തില്‍ ജീവിക്കുന്നതിലല്ല, നടപ്പുകാലത്തേക്ക് ഭാവിയെ എങ്ങനെ സര്‍ഗാത്മകമായി സന്നിവേശിപ്പിക്കാം എന്നതിലാണ് സംഘടന ശ്രദ്ധയൂന്നുന്നതെന്ന് പറയുകയാണ് എസ് എസ് എഫ് കേരളഘടകം ജനറല്‍ സെക്രട്ടറി സി ആര്‍ കെ മുഹമ്മദ്.

സമൂഹത്തില്‍ ഏറ്റവും ആധുനികമായ വികാസവും ഒപ്പം അവരുടെ ക്ഷേമവും ആശയമായി ഏറ്റെടുത്ത് ആയുഷ്‌കാലം വരെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാമൂഹികവ്യക്തിത്വങ്ങള്‍ ഉണ്ടാവുക എന്നത് എസ്എസ്എഫ് ആഗ്രഹിക്കുകയാണ്. ഈ ദിശയില്‍ ഓരോ പ്രവര്‍ത്തകനെയും പരിശീലിപ്പിച്ചെടുക്കുന്നതില്‍ സംഘടനക്ക് ഇനിയും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. സംഘടനാകാലം കഴിഞ്ഞാല്‍, ചുമതലകളൊഴിഞ്ഞാല്‍, ഒരു യഥാര്‍ഥ സാമൂഹിക പ്രവര്‍ത്തകന്‍ അവിടെ ഉണ്ടാവുകയാണ്. സംഘടനാ ചുമതലകളുടെ തിരക്കും അസ്വസ്ഥതകളുമില്ലാതെ സാമൂഹികകാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കണം. അഭിരുചികള്‍ക്കനുസരിച്ച് മേഖലകള്‍ തിരഞ്ഞെടുത്ത് സേവനങ്ങളര്‍പ്പിക്കാന്‍ കഴിയണം. സോഷ്യല്‍ ആക്ടിവിസത്തിന്റെ ആശയവും പ്രയോഗവും മനസിലാക്കിയ പ്രവര്‍ത്തകരെ സമര്‍പ്പിക്കാന്‍ ഉണ്ടായിവരാന്‍ ആഗ്രഹിക്കുന്നു. അതല്ലെങ്കില്‍ നമ്മുടെ സംഘടനാകാലം അതിന്റെ യഥാര്‍ഥമായ പ്രയോഗത്തിലെത്താതെ അവസാനിക്കും. സാമൂഹികപ്രവര്‍ത്തനവും സംഘടനാ പ്രവര്‍ത്തനവും രണ്ടാണെന്നു സംശയിക്കുന്നവരുണ്ട്. സാമൂഹിക ഇടപെടലുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തകരുടെയും ഏരിയയാണെന്നു തെറ്റിദ്ധരിച്ചവരുണ്ട്. വികസനവും സാമൂഹികക്ഷേമവും ലക്ഷ്യം വെക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥി കാലത്തു തന്നെ എസ്എസ്എഫുകാര്‍ സജീവമായി പങ്കുചേരേണ്ടതുണ്ട്.

പുതിയ കാലം/ മാറ്റങ്ങള്‍
എസ്എസ്എഫ് കാലത്തിനൊപ്പം സഞ്ചരിക്കുന്ന സംഘടനയാണ്. അതുകൊണ്ടുതന്നെ കാലികമാകുക എന്നത് ഈ സംഘടനയുടെ ജനിതകഘടയില്‍തന്നെ ഉണ്ട്. അപ്‌ഡേറ്റാവാതെയും നവീകരിക്കപ്പെടാതെയും സമൂഹത്തെ, വിശിഷ്യാ വിദ്യാര്‍ഥി സമൂഹത്തെ സംബോധന ചെയ്യുക സാധ്യമല്ലല്ലോ. എസ് എസ് എഫിന്റെ സംഘടനാശരീരവും ആശയങ്ങളും പരിശോധിച്ചാല്‍ തന്നെ നമുക്കത് മനസിലാക്കാവുന്നതാണ്. പരിപാടികളിലും സംവേദന രൂപങ്ങളിലും ആഖ്യാനങ്ങളിലുമെല്ലാം മാറിക്കൊണ്ടേയിരിക്കുന്ന ഒരു ഭാവം അതിനുണ്ട്. അതിനാല്‍ ഭാവിക്കുവേണ്ടിയുള്ള തയാറെടുപ്പ് എന്നത് സംഘടനയുടെ മുന്നിലേക്കു വരുന്ന ഒരു പുതിയ വെല്ലുവിളിയല്ല. അതു കാലാകാലങ്ങളില്‍ സംഘടനയില്‍ സംഭവിച്ചുകൊണ്ടിരുന്നതാണ്. ഇനിയും സംഭവിക്കും. അതിനുവേഗം കൂട്ടാനുള്ള ജാഗ്രത സംഘടനാ പ്രവര്‍ത്തകര്‍ തീര്‍ച്ചയായും പുലര്‍ത്തുകയും ചെയ്യും.

സംഘടനയുടെ ആശയം
സാമുദായിക വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍ സമുദായ പ്രശ്നങ്ങളില്‍ കേന്ദ്രീകരിക്കുകയായിരുന്നില്ല എസ്എസ്എഫ്. മതത്തിന്റെ സാമൂഹിക ദര്‍ശനങ്ങളും പാരമ്പര്യവും അതിന്റെ സൗന്ദര്യത്തോടെ പ്രകാശിപ്പിക്കുക എന്നതിലായിരുന്നു കേന്ദ്രീകരണം. നെറികേടുകളോടും തിന്മകളോടും അതിശക്തമായി വിയോജിക്കുകയും ശരിയെ സ്ഥാപിക്കുകയും ചെയ്യുന്ന വിപ്ലവവിചാരം കൂടിയാണല്ലോ ഇസ്‌ലാം. ഈ പ്രയോഗത്തില്‍ ഏറ്റവും തീവ്രമായ പ്രത്യയശാസ്ത്ര കണിശത പാലിച്ചിട്ടുണ്ടാകുക വിദ്യാര്‍ഥികള്‍ എന്ന അര്‍ഥത്തില്‍ എസ്എസ്എഫുകാര്‍ തന്നെയാണ്. വിദ്യാര്‍ഥി കാലത്തിന്റെ സവിശേഷത, അവര്‍ ആദര്‍ശതീവ്രത ഉള്ളവരായിരിക്കും എന്നതാണ്. ബോധ്യമുള്ള പ്രത്യയശാസ്ത്രത്തിനുവേണ്ടി കണിശമായ നിലപാട് സ്വീകരിക്കുകയും അതില്‍ വിട്ടുവീഴ്ചക്ക് തയാറാവാതിരിക്കുകയും ചെയ്യും എന്നതാണ്.

ഭാവിക്കുവേണ്ടിയുള്ള തയാറെടുപ്പ് എന്നത് സംഘടനയുടെ മുന്നിലേക്കു വരുന്ന ഒരു പുതിയ വെല്ലുവിളിയല്ല. അതു കാലാകാലങ്ങളില്‍ സംഘടനയില്‍ സംഭവിച്ചുകൊണ്ടിരുന്നതാണ്. ഇനിയും സംഭവിക്കും. അതിനുവേഗം കൂട്ടാനുള്ള ജാഗ്രത സംഘടനാ പ്രവര്‍ത്തകര്‍ തീര്‍ച്ചയായും പുലര്‍ത്തുകയും ചെയ്യും.

ഗ്രാമങ്ങളിലെ എസ്എസ്എഫ്
എസ്എസ്എഫ് കഴിഞ്ഞ കാലത്ത് ഗ്രാമങ്ങളില്‍ സജീവമായിരുന്നു എന്നു പറയാറുണ്ട്. ഇപ്പോള്‍ അങ്ങനെ ഇല്ല എന്ന സംശയമോ പ്രസ്താവനയോ അതിലുണ്ട്. എസ്എസ്എഫ് സംബോധന ചെയ്യാന്‍ ശ്രമിച്ചു പോന്നത് വിദ്യാര്‍ഥികളെ എന്നതുപോലെ തന്നെ വിദ്യാര്‍ഥികാലത്തെക്കൂടിയാണ്. ഇന്നത്തെപ്പോലെ ഉപരിപഠനം അത്ര സാര്‍വത്രികമായിട്ടില്ലാത്ത 90കള്‍ വരെയുള്ള കാലം കൂടുതല്‍ അങ്ങനെയായിരുന്നു. ജോലികളിലേക്കും മറ്റും തിരിഞ്ഞിരുന്ന കൗമാരപ്രായക്കാരെയും യുവാക്കളെയും എസ്എസ്എഫ് സംഘടിപ്പിച്ചു. അവരിലൂടെ സാമൂഹിക, മതധാര്‍മിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. കൊടിയും ബാനറും ബുള്ളറ്റിൻ ബോര്‍ഡുകളും സ്ഥാപിച്ചും നാട്ടിന്‍പുറങ്ങളില്‍ നിരന്തരം മതപ്രഭാഷണങ്ങളും റിലീഫ് പരിപാടികളുമുൾപ്പെടെ സംഘടിപ്പിക്കപ്പെട്ട കാലംകൂടിയാണത്. എന്നാല്‍, വിദ്യാര്‍ഥികാലത്തെ യുവാക്കള്‍ വിദ്യാര്‍ഥികള്‍ തന്നെയായി ഇന്നു മാറി. പഠനം ഒരു ആക്ടിവിസമായി തിരഞ്ഞെടുക്കുന്നവരാണ് പുതിയ തലമുറ. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസപരമായ കാഴ്ചപ്പാടുകള്‍ വികസിച്ചു. പഠനത്തിന്റെ തലങ്ങള്‍ മാറി. പിജി തലത്തിലേക്കെങ്കിലും പഠനം നടത്താത്തവര്‍ കുറഞ്ഞുവന്നു. സ്വാഭാവികമായും ഇവരുടെ ഇടങ്ങള്‍, പ്രാദേശികതലങ്ങളിലുള്ള ഇവരുടെ പ്രായത്തെ എസ്എസ്എഫിന്റെ വിദ്യാര്‍ഥികാലമെന്ന പ്രായത്തില്‍ ഗ്രാമപ്രദേശങ്ങളെക്കാള്‍ കൂടുതല്‍ അവരെ പ്രയോഗിക്കുന്ന ഇടങ്ങള്‍ ക്യാംപസുകളായി മാറി. എങ്കില്‍പോലും ഗ്രാമീണ തലങ്ങളില്‍ എസ്എസ്എഫ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചും അവരെ സംഘടിപ്പിച്ചും നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. പഴയപോലെ അത്ര വിസിബിളാകാത്തത് പ്രവര്‍ത്തനങ്ങളില്‍ വന്ന മാറ്റം കാരണമാണ്. പഴയ അജണ്ടകളല്ല ഇപ്പോള്‍ എന്നതുകൊണ്ടുകൂടി
യാണ്.

വിദ്യാര്‍ഥികള്‍ക്കുവേണ്ടി
എസ്എസ്എഫ് ഉണ്ടാക്കിയ വിപ്ലവം ഈ കാലത്തെ അഡ്രസ് ചെയ്തു എന്നതാണ്. ഈ കാലം പഠിക്കാനുള്ളതാണ് എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും ഒരു ഘട്ടത്തില്‍, എസ്എസ്എഫ് പ്രവര്‍ത്തകര്‍ പഠനം അവസാനിപ്പിച്ചവരാണെങ്കില്‍പോലും എസ്എസ്എഫിലായിരിക്കാന്‍ പഠിക്കണം എന്ന ഒരു വിചാരത്തെ നിരന്തരം ഉദ്പാദിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികാലത്ത് വിദ്യാര്‍ഥിയായിരിക്കുക, അതിനുശേഷവും വിദ്യാര്‍ഥിയായിരിക്കുക അങ്ങനെ വിദ്യാര്‍ഥിത്വം എന്ന ഒരാശയത്തെ വളരെ പതുക്കെയെങ്കിലും കൊണ്ടുവന്നു. ഇത് നമ്മള്‍ സാധിച്ച ഒരു വിപ്ലവമാണ്. ക്യാംപസുകളിലേക്ക് മാത്രം പ്രവര്‍ത്തനം ചുരുക്കിയിരുന്നുവെങ്കില്‍ വിദ്യാഭ്യാസപരമായി പിറകില്‍നിന്ന ഒരു സമൂഹത്തില്‍ അവര്‍ക്കിടയിലുള്ള ഒരു കൂട്ടായ്മമാത്രമായി എസ്എസ്എഫ് ചെറുതായിപ്പോകുമായിരുന്നു. പല വിദ്യാര്‍ഥി സംഘടനകള്‍ക്കും ബാധിച്ച വലിയൊരു പ്രശ്‌നമതാണ്. അതേസമയം എസ്എസ്എഫ് ഒരേസമയത്ത് വിദ്യാര്‍ഥികളുടെ സംഘവും വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള സംഘവുമായിത്തീര്‍ന്നു. വിദ്യാര്‍ഥികളും വിദ്യാഭ്യാസ പ്രവര്‍ത്തകരുമായിത്തീര്‍ന്നു. എന്നതാണ് എസ്എസ്എഫിനെ വേറിട്ടുനിര്‍ത്തുന്നത്.

എക്സ്റ്റന്‍ഷനുകള്‍
പഠനം ആക്ടിവിസമാക്കിയര്‍ പലപ്പോഴും നാട്ടിന്‍പുറങ്ങളില്‍ ലഭ്യമല്ലാതായി. ക്യാംപസുകളിലും പുറംനാടുകളിലും ചിലപ്പോള്‍ വിദേശരാജ്യങ്ങളില്‍പോലും ആയി അവര്‍. അപ്പോള്‍ എസ്എസ്എഫിന്റെ പ്രവര്‍ത്തനങ്ങള്‍ ക്യാംപസുകളിലേക്കും വ്യാപിച്ചു. മലയാളികളുടെ വ്യാപക കുടിയേറ്റം നടന്ന ഗള്‍ഫ് നാടുകളില്‍ എസ്എസ്എഫിന്റെ എക്സ്റ്റന്‍ഷന്‍, രിസാല സ്റ്റഡി സര്‍ക്കിള്‍ എന്ന പേരില്‍ ഉണ്ടായി. കാലം മുന്നോട്ടുപോയപ്പോള്‍ ആഫ്രിക്ക, യുകെ, യൂറോപ്, യുഎസ് രാജ്യങ്ങളില്‍വരെ എസ്എസ്എഫിന് എക്സ്റ്റന്‍ഷന്‍ ഉണ്ടായി. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേശീയ, സംസ്ഥാന ക്യാംപസുകളില്‍ സംഘടനയുടെ സാന്നിധ്യമുണ്ട്. അതോടൊപ്പം തന്നെ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും വിദ്യാര്‍ഥി സംഘാടനത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും എസ് എസ് എഫ് ആക്ടീവായി നില്‍ക്കുന്നുണ്ട്. അതിനിയും തുടരും. പഴയ ഫോര്‍മാറ്റിലെ എസ് എസ് എഫിനെ കണ്ടെത്താന്‍ ശ്രമിക്കരുത്. നോളജ് ബേസ്ഡ് ഗ്ലോബല്‍ കമ്യൂണിറ്റി ആയി മാറിയ കാലത്ത് എസ്എസ്എഫിന്റെ എക്സ്റ്റന്‍ഷനുകള്‍ക്ക് വ്യാപ്തിയും സാധ്യതകളും കൂടുതലാണെന്നു തിരിച്ചറിയുന്നു.

ക്യാംപസുകളിലേക്ക് മാത്രം പ്രവര്‍ത്തനം ചുരുക്കിയിരുന്നുവെങ്കില്‍ വിദ്യാഭ്യാസപരമായി പിറകില്‍നിന്ന ഒരു സമൂഹത്തിലെ ഒരു കൂട്ടായ്മ മാത്രമായി എസ്എസ്എഫ് ചെറുതായിപ്പോകുമായിരുന്നു. പല വിദ്യാര്‍ഥി സംഘടനകള്‍ക്കും ബാധിച്ച പ്രശ്‌നമതാണ്. എസ്എസ്എഫ് ഒരേസമയത്ത് വിദ്യാര്‍ഥികളുടെ സംഘവും വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള സംഘവുമായിത്തീര്‍ന്നു.

ക്യാംപസുകളില്‍
ക്യാംപസില്‍ എസ്എസ്എഫ് എന്തെടുക്കുകയായിരിക്കും എന്ന് ചോദിക്കുന്നവരുണ്ടാകും. ക്യാംപസുകളില്‍ എല്ലാ കാലത്തും പ്രത്യക്ഷത്തില്‍ കണ്ടിരുന്ന എല്ലാ തരത്തിലുള്ള ശരികേടുകള്‍ക്കുമെതിരെ എസ്എസ്എഫിന് നിലപാടുണ്ടായിരുന്നു. അവ പ്രയോഗിക്കാന്‍ പലതരത്തിലുള്ള അടവുനയങ്ങള്‍ സംഘടന സ്വീകരിച്ചിട്ടുണ്ടാകും. പുതിയകാലത്ത് ലിബറല്‍ വാദങ്ങള്‍ വര്‍ധിച്ചുവരുന്നു എന്നു പറയുമ്പോള്‍ പോലും ആശയപരമായ കൃത്യതക്കുവേണ്ടി എസ്എസ്എഫുകാര്‍ക്ക് ദീര്‍ഘദൂരം സഞ്ചരിക്കേണ്ടിവരില്ല. ഉത്തരങ്ങള്‍ അവിടെ സെറ്റാണ്. പ്രയോഗിക്കുന്നതിനെക്കുറിച്ചു മാത്രമാണ് ആലോചിക്കേണ്ടിയിരുന്നത്. പ്രത്യയശാസ്ത്രപരമായ ഒരു വ്യക്തത മുന്നിലുണ്ടാകുന്നു എന്നത് ഏതുതരത്തിലുള്ള സാമൂഹികപ്രശ്‌നങ്ങളെയും അഡ്രസ് ചെയ്യുന്നിടത്ത് എസ്എസ്എഫുകാരന്റെ പ്രതിസന്ധി ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ക്യാംപസുകളിലെ എസ്എസ്എഫിനും ആശയവ്യക്തതകളുണ്ട്.

വിസിബിലിറ്റി
എസ്എസ്എഫിന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപ്രദേശങ്ങളെപ്പോലെ ക്യാംപസുകളിലും സജീവമായെന്നു പറഞ്ഞല്ലോ. പ്രവര്‍ത്തകര്‍ അവര്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഇടങ്ങളിലേക്ക് മാറിയതാണ്. ക്യാംപസുകള്‍ മാത്രമല്ല എസ്എസ്എഫിന്റെ ഇടം. ക്യാംപസുകളില്‍ തന്നെ വ്യത്യസ്ത സ്ട്രീമുകളിലും എല്ലാതരം ക്യാംപസുകളിലും അതോടൊപ്പം വ്യത്യസ്ത മേഖലകളിലും സമയങ്ങളിലും രാജ്യങ്ങളിലും സ്റ്റേറ്റുകളിലും വര്‍ക്ക് ചെയ്യുന്നവരില്‍പോലും എസ്എസ്എഫ് പ്രവര്‍ത്തിക്കും. എസ്എസ്എഫ് പ്രായത്തില്‍ അവര്‍ വര്‍ക്ക് ചെയ്യുകയാണെങ്കില്‍പോലും വിദ്യാര്‍ഥിയായിരിക്കും. പ്രാദേശിക തലങ്ങളില്‍ കണ്ടിരുന്ന പ്രവര്‍ത്തകര്‍ പല ഇടങ്ങളിലേക്ക് എത്തിപ്പെട്ടു എന്നാണ് മനസിലാക്കേണ്ടത്. അഥവാ എസ്എസ്എഫിന്റെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ കുറേക്കൂടി വികസിച്ചുവന്നു. മെറ്റാവേഴ്‌സ് ഉള്‍പെടെയുള്ള വെര്‍ച്വല്‍ സ്‌പെയ്‌സുകളില്‍ എസ്എസ്എഫിന് ഇനി യൂനിറ്റുകളുണ്ടാകും. ഓരോ വ്യക്തികളും സംഘടനയായി മാറുംവിധം സംഘാടനത്തിലെയും പ്രവര്‍ത്തനങ്ങളുടെയും രീതികള്‍ നവീകരിക്കപ്പെടും. അഭിരുചികളെയും അവൈലബിലിറ്റിയെയും എല്ലാം അടിസ്ഥാനമാക്കിയുള്ള വെര്‍ച്വലും ഫിസിക്കലുമായ സ്‌പെയ്‌സുകള്‍ തുറക്കപ്പെടും. അപ്രകാരം പുതുതലമുറ വിസിബിലിറ്റികളിലാണ് സംഘടനയുടെ ശ്രദ്ധ ■
സംസാരിച്ചു തയാറാക്കിയത്: പ്രവാസി രിസാല
എഡിറ്റോറിയൽ ഡെസ്ക്

Share this article

About സി ആർ കെ മുഹമ്മദ്

View all posts by സി ആർ കെ മുഹമ്മദ് →

One Comment on “എസ് എസ് എഫ് ഭാവിയിലേക്ക് തയാറെടുക്കുകയല്ല, ഭാവിയില്‍തന്നെ ജീവിക്കുകയാണ്‌”

Leave a Reply

Your email address will not be published. Required fields are marked *