അജ്മീറും ആട്ടിന്‍കുട്ടിയും

Reading Time: 4 minutes

അത് വെളുത്ത പഞ്ഞിപോലെ രോമങ്ങള്‍ ഉള്ള, മൃദുസ്വരത്തില്‍ കരയുന്ന ഒരാട്ടിന്‍ കുട്ടി ആയിരുന്നു.
നരകത്തിന്റെ ഒരു തുണ്ടാണ് ഗുഡ്‌സ് ട്രെയിന്‍ എന്നാണക്കാലത്ത് ഞാന്‍ വിചാരിച്ചിരുന്നത്. വിശപ്പ് എന്ന വികാരം എന്റെ ദഹനേന്ദ്രിയങ്ങള്‍ മറന്നുപോയ കാലമായിരുന്നു അത്. ഉറക്കം എന്നത് ശരീരത്തിന്റെ ആവശ്യമല്ല, പകരം തലച്ചോറിന്റെ രക്ഷാദൗത്യമാണെന്ന് ഒരു ഗുഡ്‌സ് ലോക്കോപൈലറ്റിന് മാത്രമേ മനസിലാകാനിടയുള്ളൂ. പതിനാറ് മണിക്കൂര്‍ (ഞങ്ങള്‍ക്ക് രണ്ട് ഡ്യൂട്ടികള്‍ക്കിടെ അനുവദിക്കപ്പെട്ട വിശ്രമസമയം) എന്നത് പന്ത്രണ്ട് മണിക്കൂറിനെക്കാളും (ഞങ്ങളുടെ ഡ്യൂട്ടി സമയം) എത്ര ദൈര്‍ഘ്യം കുറഞ്ഞതാണെന്നും ഗുഡ്‌സ് ലോക്കോ പൈലറ്റുമാരേ അറിയൂ. സൂര്യരശ്മികള്‍ നിങ്ങളുടെ കണ്ണില്‍ തട്ടിയാല്‍ ഇരുമ്പു സൂചി കൊണ്ട് കുത്തുന്നതിനെക്കാള്‍ വേദനിക്കുമെന്നും അവര്‍ക്ക് തന്നെയേ മനസിലാകൂ.
ഗുഡ്‌സ് ലോക്കോ പൈലറ്റ് ആയി ജോലി കിട്ടിയതില്‍പ്പിന്നെ ഞാന്‍ കുടുംബത്തെ നാട്ടില്‍ക്കൊണ്ടുപോയി. എന്റെ രണ്ടു കുഞ്ഞുങ്ങളും അവരുടെ കിളിപ്പേച്ചുകളുമായി പരിസരമൊന്നാകെ ആഹ്ലാദഭരിതമാക്കിയിരുന്ന ആ കാലം നഷ്ടപ്പെടുത്തിയ ഞാനെത്ര മണ്ടനായിരുന്നു എന്ന് ഞാന്‍ മനസിലാക്കിയത് ഒത്തിരി നാളുകള്‍ക്ക് ശേഷമാണ്. എന്തായാലും അതെന്റെ ജീവിതത്തെ കൂടുതല്‍ കയ്പുറ്റതാക്കി.
ഉറക്കപ്പായില്‍ നിന്ന് ജോലിക്ക് പോവാനുള്ള വിളി സ്വന്തമാക്കിയ ശേഷം ഇരുട്ടിനോട് പതം പറഞ്ഞ് കുറച്ചു നേരം കൂടി ഞാനിരിക്കും. ചീവിടുകളും രാപ്പാടികളും പോലും ഉറങ്ങിക്കഴിഞ്ഞ തണുത്ത യാമങ്ങളില്‍ ടോയ്‌ലറ്റില്‍ ഷവറില്‍ നിന്ന് ഒഴുകുന്ന ജലത്തിനൊപ്പം എന്റെ ഉള്ളിലെ ഞാന്‍ പോലും അലുത്തലുത്ത് പോവുന്നല്ലോ എന്ന് വ്യാകുലപ്പെടും. ഒരു ചെറിയ തീരുമാനത്തിന്റെ തെറ്റിന് ജീവിതം കൊണ്ട് പിഴ അടക്കേണ്ടി വന്നല്ലോ എന്നാരോടെന്നില്ലാതെ ആവലാതിപ്പെടും. അങ്ങനെ നിരാശപ്പെട്ട് കാമ്പില്ലാത്ത വെറുമൊരു മനുഷ്യത്തോട് മാത്രമായി ഞാന്‍ രൂപാന്തരപ്പെട്ടു.
അക്കാലത്ത് ഞാന്‍ ആരോടെങ്കിലും വഴക്കിടാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. കാര്യണ്യവും സ്‌നേഹവും പുഞ്ചിരിയുമെല്ലാം എന്നില്‍ നിന്ന് പൂര്‍ണമായി വറ്റിപ്പോയി. ലോകത്തോടു മുഴുവന്‍ പക കൊണ്ട് നടക്കുന്ന ഒരുത്തനായി ഞാന്‍ മാറി. എന്റെ വണ്ടിക്ക് മുന്നില്‍ വന്ന് പെട്ടാല്‍, അതെന്ത് ജീവി ആണെങ്കിലും ഒരു കാരണവശാലും രക്ഷപ്പെടരുത് എന്ന് പോലും ഞാന്‍ കരുതാറുണ്ടായിരിന്നു.
അങ്ങനെയുള്ള ഞാന്‍ എന്ത് കൊണ്ടാണ് അജ്മീരില്‍ പോകാന്‍ തീരുമാനിച്ചതെന്നെനിക്കറിഞ്ഞു കൂടാ. തീര്‍ഥാടനവും വിനോദ യാത്രകളും ഒരു കാലത്തും ഇഷ്ടപ്പെടാത്ത ഒരാളായിരുന്നു ഞാന്‍. കുട്ടിക്കാലത്തെ എന്തോ ചില വിചിത്രാനുഭവങ്ങള്‍ എന്റെ യാത്രാ ഞരമ്പിനെ പൊട്ടിച്ചു കളഞ്ഞിരുന്നു. ഭക്തിയുടെ കാര്യവും അതുക്കുമ്മേലെ ആയിരുന്നു. പ്രാര്‍ഥനകള്‍ക്ക് എന്റെ ജീവിതത്തില്‍ ഏറ്റവും കുറഞ്ഞ സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ.
തീവണ്ടിയില്‍ കേറിയിരുന്ന ശേഷം നമ്മളിപ്പോള്‍ അജ്മീരിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഷാനി ഞെട്ടിപ്പോയി. അങ്ങനെ ഒരു ട്വിസ്റ്റ് ഒരിക്കലും അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ കുട്ടി ആയിരുന്ന അച്ചു മാത്രം ആഹ്ലാദത്തോടെ വാടാ മാപ്‌ളേ, അജ്മീര്‍ പോടാ മാപ്‌ളേ എന്ന് പാട്ടുകെട്ടി സ്ലീപര്‍ ബര്‍ത്തുകളില്‍ തൂങ്ങിയാടി. അവള്‍ ടാറ്റ പോവുന്നതിന്റെ സന്തോഷം വരുന്നവരോടും പോകുന്നവരോടുമെല്ലാം പങ്കുവെച്ചു.
ഗോവയുടെയും മഹാരാഷ്ട്രയുടെയും തീരപ്രദേശങ്ങള്‍ കടന്ന് തീവണ്ടി കുതിക്കാന്‍ തുടങ്ങിയപ്പോഴേക്കും കാഴ്ചകള്‍ കറുപ്പു കലര്‍ന്ന ഊതനിറത്തിലേക്ക് മാറി. ഹരിത ശോഭ മാഞ്ഞ് മണ്‍പുറ്റുകള്‍, കുറ്റിച്ചെടികള്‍, വിത കാത്ത് കിടക്കുന്ന ഗോതമ്പുപാടങ്ങള്‍, അവക്ക് നടുവിലെ ഒറ്റ മരങ്ങള്‍, തണ്ടൊടിഞ്ഞ കാളവണ്ടികള്‍, ചാണകവളവും വൈക്കോലും കൂട്ടിയിട്ട ചെറു കുടിലുകള്‍ എന്നിവയായിച്ചുരുങ്ങി. ചിലയിടങ്ങളില്‍ വെയിലിലേക്ക് ഉയര്‍ന്നു നിഴല്‍ വിരിച്ചു നിന്ന മരങ്ങളില്‍ കൊറ്റികള്‍ ചേക്കേറുന്നത് കണ്ടു. ചെറിയ ഇലകളും മുള്ളുകളുമായി വിളര്‍ത്തുനിന്ന ചെറു മരങ്ങളില്‍ തുന്നാരന്‍ കുരുവികള്‍ കരിയിലകളും ചെറു ചുള്ളിക്കമ്പുകളും ചേര്‍ത്ത് മെടഞ്ഞ കൂടുകളിലിരുന്ന് കീയോ കീയോ എന്നലമുറയിടുന്ന കുരുവിക്കുഞ്ഞുങ്ങളെ കണ്ടു.
അസ്‌നയുടെ വാടാ മാപ്ളേ പാട്ട് വാടാ മാപ്‌ളേ വിശക്കുന്നെടാ മാപ്‌ളേ എന്നായി മാറിയിരുന്നു. പിന്നത് ഇറങ്ങാന്‍ ഉള്ള തിടുക്കമായി മാറി. ഓരോ പത്തു മീറ്റര്‍ കഴിയുമ്പോഴും അവള്‍ ആകാംക്ഷയോടെ അജ്മീര്‍ എത്തിയോ എന്നന്വേഷിക്കാന്‍ തുടങ്ങി.
ഞങ്ങള്‍ ഒരു സായാഹ്നത്തിന്റെ തുടക്കത്തിലാണ് അജ്മീര്‍ എത്തിയത്. യാതൊരു പ്ലാനിങും ഇല്ലാത്തതിന്റെ എല്ലാ കുഴപ്പവും നേരിടേണ്ടി വന്നു ഞങ്ങള്‍ക്കവിടെ. ആദ്യം കണ്ട ഓട്ടോക്കാരന്‍ കൊണ്ടുപോയാക്കിയ, അത്ര ആഡംബരം ഒന്നുമില്ലാത്ത ഒരു ലോഡ് ജില്‍ ഞങ്ങള്‍ മുറിയെടുത്തു. ചകിരി കൊണ്ട് മെനഞ്ഞ ലോക്കല്‍ മേഡ് എയര്‍കൂളര്‍ കണ്ട് ഞങ്ങള്‍ പരിഹാസത്തോടെ ചിരിച്ചുപോയി. പക്ഷേ എ സി യെക്കാള്‍ എത്രയോ സുഖകരമായിരുന്നു ആ മുറിക്കുള്ളിലെ താമസം.
കുളിച്ച് അധികം താമസിക്കാതെ ഞങ്ങള്‍ ദര്‍ഗയിലേക്ക് പോയി. ദര്‍ഗയിലേക്ക് നയിക്കുന്ന റോഡില്‍ നിരവധി ദൈന്യജീവിതങ്ങള്‍. ഞാന്‍ ഒട്ടും മമതയില്ലാതെ അവര്‍ക്ക് നേരെ മുഖം തിരിച്ചു.
ഒരു വഴികാട്ടിയെ ഞങ്ങള്‍ക്കവിടന്ന് കിട്ടി. ഒരു താലം നിറയെ റോസാപ്പൂ വാങ്ങാം എന്ന എന്റെ വാക്കായിരുന്നു അയാളുടെ പ്രലോഭനം. അജ്മീരിലെ ദിവ്യന്‍ അടങ്ങിയിരിക്കുന്ന മഖ്ബറ, തിളച്ചു കൊണ്ടിരിക്കുന്ന പായസത്തിലേക്ക് വീണിട്ടും പരുക്കില്ലാതെ കുട്ടി രക്ഷപ്പെട്ടു എന്നു പറയുന്ന വലിയ വട്ടളം, കാണിക്കയായി നിക്ഷേപിക്കുന്ന പണവും അരിയും മറ്റും വന്ന് ചേരുന്നത് ഒക്കെ അയാള്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു.
ഷാനിയെയും മക്കളെയും യാസീന്‍ ഓതാന്‍ വിട്ട് ഞാന്‍ പുറത്തേക്ക് നടന്നു. എനിക്ക് പ്രാര്‍ഥിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. പറയാനോ ചോദിക്കാനോ ഒന്നുമുണ്ടായിരുന്നില്ല. എന്തിനാണ് വന്നതെന്ന് എനിക്ക് പോലും അപ്പോഴും അറിയുമായിരുന്നില്ലല്ലോ.
വലിയ തിരക്കുണ്ടായിരുന്നിട്ടും ദര്‍ഗക്ക് ഉള്ളില്‍ ശാന്തമായ പ്രാര്‍ഥനകളും മൃദുസ്വരത്തിലെ മന്ത്രങ്ങളും മാത്രം. ഖ്വാജ സാഹിബിന്റെ അടുക്കല്‍ ആവലാതി പറയാന്‍ എത്തിയവര്‍ കണ്ണുനീര്‍ വാര്‍ക്കുന്നതും മഖ്ബറ തൊട്ടുമുത്തുന്നതു മൊക്കെ നോക്കി ഞാനിരുന്നു. അദ്ദേഹത്തോട് മുതിര്‍ന്ന കുടുംബാംഗത്തോടെന്ന പോലെ ആകുലതകള്‍ എല്ലാം പറഞ്ഞൊഴിച്ച് ഓരോരുത്തര്‍ സമാധാനമായി കടന്നുപോകുന്നത് ഞാനദ്ഭുതത്തോടെ നോക്കി.
എന്തെല്ലാം ദുരിതങ്ങള്‍, എത്ര യാതനകള്‍, എന്തെന്ത് വേദനകള്‍ ആണ് ഓരോരുത്തരും സഹിച്ചുകൂട്ടുന്നത്. ഒരിത്തിരി ശാന്തി ലഭിക്കുവാന്‍ എനിക്ക് കൈയെത്തിപ്പറിക്കാവുന്ന അകലത്തില്‍ അമ്പിളിയുദിച്ചു വന്നു. ചെറുകുറ്റിച്ചെടികള്‍ പുറ്റു പിടിച്ച കുന്നിന്‍മോളില്‍ നിന്നെന്നപോലെ എന്നെ നോക്കി പുഞ്ചിരിച്ചു. എന്റെയുള്ളിലും ശീതളിമയാര്‍ന്ന നിലാവ് പരന്നൊഴുകി. സുവര്‍ണ മിനാരങ്ങളിലിരുന്ന് കുറുകുന്ന പ്രാവുകളുടെ താരാട്ടും ഹൃദ്യമായ ധൂപക്കുറ്റികളുടെ സുഗന്ധവും ഒക്കെക്കൂടിയായപ്പോള്‍ ഞാനുറങ്ങിപ്പോയി.
ഉറക്കത്തില്‍ ഞാനൊരു സ്വപ്‌നം കണ്ടു. ഞാനൊരു ചതുപ്പു നിലത്തില്‍ ആമ്പല്‍ പൂ പറിക്കാനിറങ്ങി. അടുത്ത് ചെല്ലുന്തോറും അതകന്നകന്ന് പോയി. ഞാന്‍ വാശിയോടെ പിന്നാലെ. പൂവ് പറിക്കാന്‍ തുടങ്ങുമ്പോഴേക്കും ഞാന്‍ മുങ്ങിത്താഴുകയാണ്. മൂക്കോളം മുങ്ങിയപ്പോള്‍ ആരോ എന്നെ കൈ പിടിച്ചുയര്‍ത്തുന്നു. അസാധാരണമായ ചൈതന്യം പരത്തുന്ന മുഖമുള്ള ഒരു വയോധികന്‍. നന്ദി ചൊല്ലാന്‍ കൈ പിടിക്കുമ്പോള്‍ അയാള്‍ കൈ വിടുവിച്ച് ആകാശങ്ങളിലേക്ക് നോക്കി പാട്ടുപാടുന്നു. കളിമണ്‍ പറവക്ക് പോലും അയാള്‍ ഒന്നൂതുമ്പോഴേക്കും ജീവന്‍ തുടിക്കുമെന്ന് തോന്നുന്നു. ദരിദ്രന്മാരുടെ രാജാവിന്റെ മഹിമകള്‍ ഘോഷിക്കുന്നു. അതിരുകളില്ലാത്ത ദൈവ സ്‌നേഹത്തെക്കുറിച്ചുള്ള അയാളുടെ പാട്ടിന് ഈ വാദ്യഘോഷങ്ങള്‍ അകമ്പടി വന്നതെവിടെ നിന്നാണ്?
“പോവണ്ടേ? ‘ ഷാനിയും മക്കളും എന്നെ തട്ടി വിളിച്ചു. മെഹ്ഫില്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഹംദും സ്വലാത്തും കഴിഞ്ഞ് ഖവാലിയുടെ നാദവീചികള്‍ എന്റെ മനസിനെ അലിവോടെ തഴുകി. ഭക്തിസാന്ദ്രമായ സംഗീതം എന്റെ ഹൃദയത്തെ ആര്‍ദ്രമാക്കി.
അജ്മീരില്‍ നിന്ന് മടങ്ങി വന്ന ശേഷവും എന്റെ ജോലിയില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഒന്നുമുണ്ടായില്ല. പക്ഷേ എന്തുകൊണ്ടോ എന്റെ പരാതി പുസ്തകത്തിലെ താളുകള്‍ പിന്നെ അത്രയധികം പരിദേവനങ്ങള്‍ കൊണ്ട് നിറഞ്ഞില്ല. ഞാനതങ്ങനെ ശ്രദ്ധിച്ചില്ലെങ്കിലും.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ചാറ്റല്‍ മഴ പെയ്‌തൊഴിഞ്ഞ ഒരു അപരാഹ്നത്തില്‍ നിറയെ ഇരുമ്പയിര് കേറ്റിയ വണ്ടിയുമായി ഒരു മലയടിവാരത്തിലൂടെ ഞാനോടിച്ചു വരികയായിരുന്നു. പോന്ന വഴിയില്‍ എല്ലാം മഴ പെയ്തിരുന്നത് കൊണ്ട് വണ്ടിയില്‍ നിറച്ചിരുന്ന ഇരുമ്പയിര് കുതിര്‍ന്ന് ലോഡ് കൂടിയിരുന്നു. പോരാഞ്ഞിട്ട് വെള്ളം കണ്ടാല്‍ അപ്പോള്‍ നില്‍ക്കുന്ന കുതിരയാണ് തീവണ്ടിയെന്‍ജിന്‍. വളരെ ശ്രദ്ധിച്ച് സഞ്ചാലനം നിയന്ത്രിച്ചില്ലെങ്കില്‍ വണ്ടി നിന്നു പോവും. ചിലയിടത്തൊക്കെ ഒന്നോ രണ്ടോ കിലോമീറ്റര്‍ സ്പീഡ് കുറഞ്ഞാല്‍ മതി വണ്ടി വഴിയിൽ കിടക്കാന്‍.
അവസാനം നിറുത്തിയ സ്റ്റേഷനില്‍ വെച്ച് പിന്നാലെ വരുന്ന എക്‌സ്പ്രസ് വണ്ടിയെ എനിക്ക് വേണ്ടി പലയിടത്തും പിടിച്ചിടേണ്ടി വരുന്ന കാര്യം കണ്‍ട്രോള്‍ സൂചിപ്പിച്ചിരുന്നു. പക്ഷേ എന്റെ വണ്ടി എത്തേണ്ടിടത്ത് എത്തിക്കേണ്ടത് വളരെ അത്യാവശ്യമായതിനാല്‍ എക്‌സ്പ്രസിനെ ചവിട്ടിയതാണ്. അതും എന്റെ പിരിമുറുക്കം വല്ലാതെ വര്‍ധിപ്പിച്ചിരുന്നു. ഡ്യൂട്ടി സമയം ദീര്‍ഘിച്ചതിന്റെ മുഷിപ്പ് വേറെ. മഴ പെയ്തതോടെ എന്‍ജിന്‍ കിതച്ചു തുടങ്ങിയതോടെ എന്റെ തല നന്നായി ചൂടായിത്തുടങ്ങി. എന്റെ ഉള്ളിലുള്ള ശരിക്കുള്ള ഗുഡ്‌സ് ലോക്കോപൈലറ്റ് മെല്ലെ മെല്ലെ ക്രൗര്യത്തോടെ തല പൊക്കിത്തുടങ്ങിയിരുന്നു.
മലയടിവാരത്തിന് തൊട്ട് മുന്നില്‍ക്കൂടിയാണ് സ്വര്‍ഗധാര നദി ഒഴുകുന്നത്. നല്ല ആഴമുള്ള നദിയാണ്. വളരെ പഴക്കമുള്ള ഒരു പാലം അതിന് കുറുകെ കെട്ടിയിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തോ മറ്റോ നിർമിച്ചതാണ്. ഇരുവശത്തും കൈവരി ഒന്നുമില്ല. ഇടക്കിടെ റെഫ്യൂജുകള്‍ ഉണ്ട്.
ഇരുവശത്തും വളര്‍ന്ന് പടര്‍ന്ന മരങ്ങളില്‍ നിന്ന് ചില്ലകള്‍ പാളത്തിലേക്ക് തൂങ്ങി നില്‍ക്കുന്നുണ്ട്. എന്‍ജിനില്‍ നിന്ന് നോക്കുമ്പോള്‍ അതിമനോഹരമായ ഒരു ദൃശ്യമായിരുന്നു അത്.
നേര്‍രേഖയിലുള്ള പാലമാകയാല്‍ അതിന് നടുവില്‍ ഒരാള്‍ ഉണ്ടെന്ന് ഞാന്‍ കണ്ടു. പാലത്തിന് നടുവില്‍ കുനിഞ്ഞ് നിന്ന് എന്തോ തല്ലിപ്പൊട്ടിക്കാന്‍ ശ്രമിക്കുകയാണയാള്‍.
ഞാന്‍ തുടരെത്തുടരെ നീണ്ട ഹോണ്‍ അടിച്ചു. കുറച്ചു കൂടി അടുത്തു ചെന്നപ്പോള്‍ കാഴ്ച വ്യക്തമായി.
അതൊരു വൃദ്ധ ആയിരുന്നു. അവര്‍ പാളത്തില്‍ മടിച്ചു നില്‍ക്കുന്ന അവരുടെ ആട്ടിന്‍ കുട്ടിയെ അടിച്ചു പായിക്കാന്‍ ശ്രമിക്കുകയാണ്. എന്തോ ചെറിയ കമ്പ് ആയത് കൊണ്ടോ മറ്റോ ആവാം അത് മടിച്ചു മടിച്ചു നില്‍ക്കുന്നതേയള്ളൂ. ദുര്‍ബലമായ അവരുടെ അടികളെ ഒരു ചെവി കുടയല്‍ കൊണ്ടോ കുതറല്‍ കൊണ്ടോ ചെറുക്കുന്നതേ ഉള്ളൂ.
എന്റെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വീണ്ടും ഹോണ്‍ ഞ്ഞെക്കിപ്പിടിച്ചു. സാധാരണ തടയാറുള്ള ഞാന്‍ നിശബ്ദം പാതയിലേക്ക് നോട്ടമുറപ്പിച്ചു കൊണ്ട് ത്രോട്ടില്‍ കുറക്കാതെ ഇരുന്നു.
ആ സ്ത്രീ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വണ്ടിയുടെ അടിയില്‍പ്പെടുമോ? എന്റെ ഹൃദയമിടിപ്പ് ചെറുതായി കൂടിത്തുടങ്ങി.
കുറച്ചു നേരത്തെ ശ്രമത്തിന് ശേഷം അവര്‍ പാളത്തിനടുത്തുള്ള റെഫ്യൂജില്‍ കേറി നിന്നു. എനിക്ക് കുറച്ചൊരു സമാധാനം തോന്നി.
ഇനി കയറ്റം ആരംഭിക്കുകയാണ്. വണ്ടി ഫുള്‍ നോച്ചില്‍, പരമാവധി സ്പീഡില്‍ ഉരുട്ടിക്കയറ്റിയാലേ എനിക്ക് ഈ മല കടന്ന് പോവാന്‍ കഴിയൂ. ഇപ്പോള്‍ത്തന്നെ പത്തോ നാല്‍പതോ കിലോമീറ്റര്‍ സ്പീഡ് മാത്രമേ വണ്ടിക്കുള്ളൂ. ത്രോട്ടില്‍ ഒന്ന് കുറച്ചാല്‍, സ്പീഡ് ഒന്ന് താഴ് ന്നാല്‍ വണ്ടി നില്‍ക്കും. പിന്നെ ഓടിച്ചു കയറ്റാന്‍ കഴിയില്ല. ട്രാക്കില്‍ നേരിയ നനവ് ഉള്ളത് കൊണ്ട് പ്രത്യേകിച്ചും. അസിസ്റ്റന്റ് വീണ്ടും നിര്‍ത്താതെ ഹോണ്‍ മുഴക്കുന്നു.
ആട്ടിന്‍കുട്ടിയുടെ കയര്‍ പാളത്തിനിടക്ക് എവിടെയോ കുരുങ്ങിയതാണെന്ന് തോന്നുന്നു. അത് പരപ്രേരണയില്ലാതെ തന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എനിക്ക് ഇത്രയും കാലം തോന്നാത്ത ഒരു ആധി തോന്നിത്തുടങ്ങി.
ആ വയസിയുടെ ജീവിത മാര്‍ഗമോ മറ്റോ ആവുമോ ആ ആട്ടിന്‍കുട്ടി? എന്റെ ഉള്ളില്‍ എപ്പോഴും തലപൊക്കാറുള്ള അതിഭാവുകത്വം ഉള്ള എഴുത്തുകാരന്‍ ഒരു ഓലക്കുടിലും അവിടെ രണ്ടു മൂന്ന് ആടും ആട്ടിന്‍കുട്ടികളും ഒരു കിഴവിയും ഒക്കെ ഉള്ള ഒരു വിചിത്ര ഭാവന നിമിഷ നേരം കൊണ്ട് മെനഞ്ഞു.
എനിക്കെന്നോട് തന്നെ കടുത്ത ദേഷ്യം തോന്നി. ട്രാക്കില്‍ വന്ന് ചാടുന്ന കാക്കയെയും പൂച്ചയെയും ഒക്കെ രക്ഷിക്കാന്‍ ഞാനാര്? പടച്ചവനോ? എന്നെന്റെ ഉള്ളിലെ ഗുഡ്‌സ് ഡ്രൈവര്‍ എന്നോട് കയര്‍ത്തു. “എല്ലാ ജീവികള്‍ക്കും ജീവന്‍ നല്‍കിയത് പടച്ചോനല്ലേ, അത് നശിപ്പിക്കാന്‍ നീയാരെന്ന്’ എഴുത്തുകാരന്‍.
“എന്റെ വണ്ടി നിന്നാല്‍ പുറകിലെ വണ്ടി വൈകും. അതിലുണ്ടാവും ഒരുപക്ഷേ ഇതിനെക്കാള്‍ പ്രയാസമുള്ള ജീവിതങ്ങള്‍. അവരെയും രക്ഷിക്കണ്ടേ? നേരാനേരത്ത് വണ്ടി എത്തിക്കലാണ് എന്റെ ജോലി. പക്ഷേ ഇപ്പോള്‍ വണ്ടിയുടെ വേഗത കുറവാണ്. നിനക്ക് വേണമെങ്കില്‍ വണ്ടി നിര്‍ത്താം.’
“പിന്നെ വണ്ടി കയറിയില്ലെങ്കിലോ?’ ഞാന്‍ അസഹ്യതയോടെ എന്റെ മനസടച്ചു പിടിച്ചു. റെഫ്യൂജില്‍ നില്‍ക്കുന്ന കിഴവി വണ്ടിക്ക് നേരെ തൊഴു കൈയോടെ നില്‍ക്കുന്നു.
പിന്നെ ഞാനൊന്നും ആലോചിച്ചില്ല. ട്രെയിന്‍ ബ്രേക്കിട്ട് നിര്‍ത്തി. ആടിന്റെ ഏതാണ്ട് പത്തോ പന്ത്രണ്ടോ വാരകള്‍ക്കപ്പുറം വണ്ടി നിന്നു. അത് നല്ല വെളുത്ത ആട്ടിന്‍കുട്ടി ആയിരുന്നു. കുട മണി കെട്ടിയ നെറ്റിയില്‍ സിന്ദൂരം തൊട്ട ഒരു കുഞ്ഞാട്.
ഞാന്‍ കുറച്ചു പണിപ്പെട്ടാണെങ്കിലും അതിനെ പാലത്തിന്റെ മറുകരയില്‍ കൊണ്ട് ചെന്ന് കിഴവിയെ ഏൽപിച്ചു. അവര്‍ എനിക്കറിയാത്ത ഭാഷയില്‍ എന്തെല്ലാമോ നന്ദിവാക്കുകള്‍ പറഞ്ഞു. കറ പിടിച്ച പുഴുപ്പല്ലുകള്‍ നിരത്തി എനിക്കു നേരെ ചിരിച്ചു.
പാലത്തില്‍ വണ്ടി നിറുത്തിയിട്ടയിടത്തേക്ക് നടക്കുമ്പോള്‍ ഇനി മല എങ്ങനെ കടക്കും എന്നൊന്നും ഞാന്‍ ആലോചിച്ചില്ല. ഒരു ഖവാലി എന്റെ മനസില്‍ ഈണം മീട്ടിത്തുടങ്ങി. എന്തുകൊണ്ട് ഞാന്‍ അജ്മീരിലേക്ക് പോയി എന്ന ചോദ്യത്തിന് എനിക്കുത്തരം കിട്ടി എന്നെനിക്ക് തോന്നി. എന്‍ജിനില്‍ പുഞ്ചിരിയോടെ കയറിച്ചെന്ന എന്നെ അദ്ഭുതത്തോടെ നോക്കി അസിസ്റ്റന്റ് പറഞ്ഞു. “ചലോ ഹം ജായേംഗേ. ഗാഡ് റൈറ്റ്!’ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ചെറിയ മുറുമുറുപ്പോടെ വണ്ടി നീങ്ങിത്തുടങ്ങി. ഇനിയൊരു മഴ വരും മുന്നേ ഞാനീ മല കടക്കും! ■

Share this article

About സിയാഫ് അബ്ദുൽഖാദിർ

siyaf.k.a@gmail.com

View all posts by സിയാഫ് അബ്ദുൽഖാദിർ →

One Comment on “അജ്മീറും ആട്ടിന്‍കുട്ടിയും”

Leave a Reply

Your email address will not be published. Required fields are marked *