സര്‍ക്കാറുകള്‍ നിസംഗരാണ്; മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിക്കും

Reading Time: < 1 minutes

ഈ സര്‍വേ ഫലങ്ങള്‍ എന്നെ അത്രയധികം ആശ്ചര്യപ്പെടുത്തുന്നില്ല. ഗള്‍ഫിലെ സംഭവവികാസങ്ങള്‍ പിന്തുടരുന്ന കുടിയേറ്റ അവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ തൊഴില്‍ പ്രതിസന്ധിയെക്കുറിച്ചും മാനസിക സമ്മര്‍ദെത്തക്കുറിച്ചും കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
സര്‍വേയില്‍ തൊഴില്‍ നിലയെക്കുറിച്ച് പ്രതികരിച്ച 7,000ല്‍ 4,500 പേരും (65%) ജോലിയില്‍നിന്ന് പിരിച്ചുവിടല്‍, ശമ്പളം വെട്ടിക്കുറക്കല്‍, ശമ്പളം ലഭിക്കാതിരിക്കല്‍ തുടങ്ങിയ കടുത്ത തൊഴില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. മഹാമാരിക്ക് അത്തരം പാര്‍ശ്വഫലങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ നമ്മുടെ പാപകരമായ നിസംഗതയാണ് പ്രശ്‌നം. നമ്മുടെ സ്വന്തം സര്‍ക്കാറുകളും ഇത് തുടരുന്നു.
ശമ്പളം വെട്ടിക്കുറക്കുമ്പോഴും ശമ്പളം നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് തിടുക്കത്തില്‍ തിരിച്ചയക്കുമ്പോഴും സത്യത്തില്‍ എന്താണ് സംഭവിക്കുന്നത്? അവരുടെ വേതനം തൊഴിലുടമ മോഷ്ടിക്കുകയാണ്. പക്ഷേ ഇത് നമ്മള്‍ ഒരു മോഷണമായി കാണുന്നില്ല. തൊഴിലാളികളുടെ വിധിയായി കണക്കാക്കുന്നു.
കോവിഡ് 19 പശ്ചാത്തലത്തില്‍ എല്ലാം നഷ്ടപ്പെട്ട് ജന്മനട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് എന്തെങ്കിലും സംവിധാനം ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ടോ? മിഡില്‍ ഈസ്റ്റില്‍ തന്നെ 50 ലക്ഷത്തോളം തൊഴിലുകള്‍ നഷ്ടപ്പെടുമെന്നാണ് ഐഎല്‍ഒ പറയുന്നത്.
ഞാന്‍ പ്രവര്‍ത്തിക്കുന്ന കുടിയേറ്റ അവകാശ മേഖലയിലെ ശൃംഖലകള്‍ നല്‍കുന്ന വിവരമനുസരിച്ച് ഇതിനകം തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികളുണ്ട്.
ഇതൊക്കെ കൊണ്ട് കൂടിയാണ് കോവിഡ് ഒരു ശാരീരിക ആരോഗ്യ ഭീഷണി മാത്രമല്ല, മാനസിക ഭീഷണിയുമാണെന്ന് പറയുന്നത്. 7,000ല്‍ 2,500 പേര്‍ക്ക് മാനസിക ഭീഷണികള്‍ നേരിടുന്നുണ്ടെന്ന് സര്‍വേ ഫലം പറയുന്നു.
ഇനിയും പലരും നിശബ്ദമായി കഷ്ടപ്പെടുന്നുണ്ടാകും എന്നുറപ്പ്. മാനസിക സമ്മര്‍ദം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വഷളാക്കുമെന്നും പ്രമേഹവും രക്തസമ്മര്‍ദവും വര്‍ധിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. അവകൂടി വിശകലനം ചെയ്താല്‍ കോവിഡ് ഇതര മരണങ്ങള്‍ക്ക് കാരണം കോവിഡ് പ്രേരിപ്പിച്ച മാനസിക സമ്മര്‍ദങ്ങളാണെന്ന് കണ്ടെത്താന്‍ ഒരു കണക്കിന്റെയും ആവശ്യമില്ല.

Share this article

About റെജിമോന്‍ കുട്ടപ്പന്‍ കുടിയേറ്റ അവകാശ പ്രവര്‍ത്തകന്‍

View all posts by റെജിമോന്‍ കുട്ടപ്പന്‍ കുടിയേറ്റ അവകാശ പ്രവര്‍ത്തകന്‍ →

Leave a Reply

Your email address will not be published. Required fields are marked *