റഹ്മത് ഇസ്‌ലാം നടന്നെത്തിയ വഴി

Reading Time: 5 minutes

സലാം എന്നാല്‍ സമാധാനമാണ്. ഇസ്‌ലാം എന്നാല്‍ സമാധാനത്തിലേക്കുള്ള പ്രവേശികയും. ഈ രണ്ടു അറബി പദങ്ങള്‍ക്കിടയിലുള്ള സ്പഷ്ടമായ ബന്ധങ്ങള്‍ അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ് എന്ന പ്രസ്താവനകളുമായി മുസ്‌ലിംകള്‍ രംഗത്തു വരുന്നതാണ് പ്രധാനമായും ചര്‍ച്ചകള്‍ക്ക് കാരണം. ദൈവശാസ്ത്ര പരമായി, ഇസ്‌ലാം കരുണയുടെ മതമാണ് എന്നതാണ് കൂടുതല്‍ യുക്തം. മുഹമ്മദ് നബിയെ(സ്വ) കാരുണ്യത്തിന്റെ പ്രവാചകന്‍ ആയാണ് ഇസ്‌ലാം അടയാളപ്പെടുത്തുന്നത്. മറ്റെല്ലാ ദൈവിക ഗുണങ്ങള്‍ക്കും മീതെയാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ സ്രഷ്ടാവിന്റെ കരുണയെ വരച്ചിടുന്നത്. സൃഷ്ടിപ്പിലെ പടച്ചവന്റെ മുഖമുദ്രയാണത്. സൃഷ്ടികര്‍മത്തിന്റെ ആരംഭം മുതല്‍ കാലാകാലങ്ങള്‍ വരേക്കും പ്രപഞ്ചത്തോടുള്ള അവന്റെ പ്രാഥമിക ബന്ധവുമത് തന്നെ. ഇഹത്തിലും പരത്തിലുമതെ. ഇസ്‌ലാം അനുയായികളോട് തങ്ങളുടെ സ്വന്തത്തോടും മറ്റുള്ളവരോടും സകല സൃഷ്ടികളോടും കരുണ കാണിക്കാന്‍ ആവശ്യപ്പെടുന്നു. സാര്‍വലൗകിക പാരസ്പര്യത്തിന്റെ നിയമം കണക്കെ മറ്റുള്ളവര്‍ക്ക് കരുണ ചെയ്യുന്നവരോട് അല്ലാഹുവും കരുണ കാണിക്കുമെന്നും ചെയ്യാത്തവര്‍ക്ക് അവനും കരുണയെ തടഞ്ഞുവെക്കുമെന്നും മതം പഠിപ്പിക്കുന്നു.
‘ജനങ്ങളോട് കരുണയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് പടച്ചവനും കനിവ് ചൊരിഞ്ഞുനല്‍കും. നിങ്ങള്‍ ഭൂമിയിലുള്ളവര്‍ക്ക് കരുണ ചെയ്യൂ, സ്വര്‍ഗത്തിലുള്ളവന്‍ നിങ്ങള്‍ക്കും കാരുണ്യമേകും.’ പ്രവാചകര്‍ മുഹമ്മദ് (സ്വ) ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഈ വാക്കുകള്‍ ഇസ്‌ലാമിലെ അടിസ്ഥാന ധര്‍മചിന്തകളുടെ സംക്ഷിപ്തമാണ്. അല്‍ മുസല്‍സല്‍ ബില്‍ അവ്വലിയ (ഹദീസ് പണ്ഡിതര്‍ ഏറ്റവും ആദ്യം ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കുന്നത്) എന്നാണ് ഈ ഹദീസ് അറിയപ്പെടുന്നത്. തലമുറകളോളം മുസ്‌ലിം പണ്ഡിതര്‍ തങ്ങളുടെ ശിഷ്യര്‍ക്ക് ആദ്യം പകര്‍ന്നുകൊടുക്കുന്നതും പ്രവാചകര്‍ വരെയുള്ള കൈമാറ്റ പരമ്പര (സനദ്) അടക്കം മനഃപാഠമാക്കാന്‍ നിര്‍ദേശിക്കുന്നതുമായ വചനമാണിത്.

ഉടയോന്‍ കാരുണ്യവാന്‍
അറബി ഭാഷയില്‍ പടച്ചവനെ വിളിക്കാന്‍ ഒരുപാട് നാമങ്ങളുണ്ട്. പക്ഷേ അവന്റെ ഏറ്റവും സുന്ദരവും പ്രാഥമികവും എല്ലാവരെയും ആശ്ലേഷിക്കുന്നതുമായ പേര് അല്ലാഹു (യഥാര്‍ഥ ആരാധ്യന്‍) എന്നതാണ്. അല്ലാഹു എന്നത് സെമിറ്റിക് വേരുകളില്‍ നിന്ന് നിഷ്പന്നമായ ഒന്നാണ്. ബൈബിളിലെ എലോഹിം (Elohim/ദൈവം) മൂസാ നബിയുടെയും മറ്റു ഹീബ്രു പ്രവാചകരുടെയും ഭാഷയിലെ ‘ഹാ എലോഹ്’ (യഥാര്‍ഥ ദൈവം) ജീസസിന്റെയും ജോണ്‍ ബാപ്റ്റിസ്റ്റിന്റേയുമൊക്കെ ‘അലാഹ’ (ദൈവം,യഥാര്‍ഥ ദൈവം) എന്നതൊക്കെ പോലെ. ‘ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം’ എന്നത് വിശുദ്ധ ഖുര്‍ആനില്‍ നൂറ്റിപ്പതിനാല് തവണ വരുന്നുണ്ട്. ഒന്നൊഴികെ ബാക്കി എല്ലാ അധ്യായങ്ങളുടെയും തുടക്കത്തിലും വേറെ ഒരു അധ്യായത്തില്‍ രണ്ടു പ്രാവശ്യമായും ഈ വചനം പറയപ്പെടുന്നു. ഇസ്‌ലാമിക അനുഷ്ഠാനങ്ങളില്‍ സുപ്രധാന സ്ഥാനമുണ്ടിതിന്. അല്ലാഹുവിന് ശേഷമുള്ള പ്രധാന ദൈവനാമങ്ങളായാണ് റഹ്മാന്‍, റഹീം എന്നിവ പരിഗണിക്കപ്പെടുന്നത്. രണ്ടിന്റെയും ചുരുക്കാര്‍ഥം കരുണ ചെയ്യുന്നവന്‍ എന്നതാണ്. അല്ലാഹുവിന്റെ എല്ലാ നാമങ്ങളും അവന് ലോകത്തോടുള്ള ബന്ധത്തെ എടുത്തു കാണിക്കുന്നു. സൃഷ്ടികളുടെ രക്ഷയിലേക്കുള്ള അവന്റെ താല്‍പര്യത്തെ കുറിച്ചും ഇവ സംസാരിക്കുന്നു. ഇങ്ങനെ കാലാകാലം സൃഷ്ടികള്‍ക്ക് നന്മ ചെയ്യുന്നതിലൂടെ തിന്മക്ക് മേല്‍ പരമമായ നന്മയുടെ വിജയം അവന്‍ ഉണ്ടാക്കിയെടുക്കുന്നു.
‘റഹ്മാന്‍ ആയവനാണ് ആധിപത്യം’ എന്ന് ഖുര്‍ആന്‍ പറയുന്നു. അഥവാ പടച്ചവന്‍ ലോകത്തെ രൂപപ്പെടുത്തിയതും പ്രപഞ്ചത്തെയാകമാനം ഭരിക്കുന്നതുമെല്ലാം അവന്റെ കാരുണ്യത്തിന്റെ വിതാനങ്ങളില്‍നിന്നാണ് എന്നര്‍ഥം. ചുരുക്കത്തില്‍ കാരുണ്യം എന്നത് സൃഷ്ടിപ്പിന്റെ മുദ്രയാണ്. സര്‍വ ചരാചരങ്ങളിലും നിലനില്‍ക്കുന്ന സത്തപരമായ തന്തുവുമാണത്. അവയോരോന്നും- താത്കാലിക ക്ലേശങ്ങളും പ്രയാസങ്ങളുമടക്കം- സംഭവിക്കുമ്പോഴും ക്രമേണയവ പ്രാപഞ്ചിക കാരുണ്യത്തിന്റെ മേലാപ്പിനു കീഴിലേക്ക് വരുന്നു. ഇസ്‌ലാമിലെ ഒരു മഹദ്വചനമുണ്ട്. ‘അല്ലാഹുവെങ്ങാനും ‘ജബ്ബാര്‍'(അടക്കിയൊതുക്കി ഭരിക്കുന്നവന്‍) ആയവനാണ് എന്നാണ് ഖുര്‍ആനില്‍ പറഞ്ഞത് എങ്കില്‍ സര്‍വ സൃഷ്ടികളും ഉരുകിപ്പോയേനെ.’
മറ്റൊരു ഖുര്‍ആന്‍ വാക്യം ഇങ്ങനെയാണ്; ‘അല്ലാഹു സ്വയം അവനെ തന്നെ കരുണക്കായി നിയുക്തനാക്കിയിരിക്കുന്നു.’ ഇവയെല്ലാം കരുണ എന്നത് ഒരു സാര്‍വലൗകിക ചര്യയാണെന്നും പ്രാപഞ്ചികതയിലെ പ്രധാന പ്രമേയമാണെന്നും സര്‍ഗാത്മ ചെയ്തികളുടെ അടിസ്ഥാന ആവശ്യമാണെന്നുമെല്ലാം ഒരിക്കല്‍ കൂടി പറഞ്ഞു വെക്കുന്നു. ഖുദ്‌സിയ്യായ (നബിയിലൂടെ വന്ന അല്ലാഹുവിന്റെ വാക്കുകള്‍) രണ്ടു ഹദീസുകളുണ്ട്. ‘എന്റെ കരുണ എന്റെ ക്രോധത്തെക്കാള്‍ വിശാലമാണ്’, ‘എന്റെ കോപത്തെക്കാള്‍ കാരുണ്യം മുന്നിലെത്തിയിരിക്കുന്നു’ എന്നിവയാണത്. സര്‍വത്തിലും സൗന്ദര്യത്തിന്റെയും ഒരുമയുടെയും കരുണയുടെയുമെല്ലാം മുദ്രയുള്ള ഒരു ലോകത്താണല്ലോ നാം ജീവിക്കുന്നത്. ‘നമ്മുടെ രക്ഷിതാവ് സകലത്തിലും കരുണയും വിജ്ഞാനവും വ്യാപിപിച്ചിരിക്കുന്നു’ എന്ന് ഖുര്‍ആന്‍ പറയുന്നു. ഈ സൂക്തത്തില്‍ സാങ്കേതികമായി സത്തയുടെ ഗുണമായ (Attribute of Essence) അറിവിനെക്കാള്‍ പ്രാമുഖ്യം പ്രവൃത്തിയുടെ ഗുണമായ കാരുണ്യത്തിന് നല്‍കിയിരിക്കുന്നത് കാണാം. ഇവിടെയും പ്രപഞ്ചാസൂത്രണത്തിലെ കരുണയുടെ പ്രാധാന്യം തന്നെയാണ് വ്യക്തമാകുന്നത്.

കാരുണ്യത്തിന്റെ പ്രവാചകന്‍
പ്രവാചകര്‍ മുഹമ്മദ്(സ്വ) പ്രവാചകരില്‍ അന്ത്യരും ഉന്നതരുമാണ്. മൂസാ, ഈസാ ഇബ്‌റാഹീം (അലൈഹിമുസ്സലാം) എന്നീ നബിമാരുടെ അധ്യാപനങ്ങളെ തീര്‍ച്ചപ്പെടുത്താനും ബൈബിളിലും അതിനപ്പുറവും ഉള്ള പാരമ്പര്യങ്ങളെയുമെല്ലാം പൂര്‍ത്തീകരിക്കാനുമാണ് അല്ലാഹു അവരെ നിയോഗിക്കുന്നത്. സര്‍വകരുണാവാനായ പടച്ചവന്റെ ദൂതരില്‍ പ്രധാനിയായ അവര്‍ ‘കാരുണ്യത്തിന്റെ ദൂതര്‍'(നബിയ്യുര്‍റഹ്മ) എന്നാണ് വിളിക്കപ്പെടുന്നത്. ‘സര്‍വ ലോകങ്ങള്‍ക്കും പ്രത്യേക കാരുണ്യമായാണ് നാം അങ്ങയെ അയച്ചിട്ടുള്ളത്’ എന്നാണ് ഖുര്‍ആന്‍ മുഹമ്മദ് നബിയോട് (സ്വ) പറയുന്നത്. ശിക്ഷകള്‍ എത്തിക്കാനല്ല, കരുണയുടെ വാഹകനായാണ് എന്നെ നിയോഗിച്ചിട്ടുള്ളത് എന്ന് പ്രവാചകര്‍ തന്നെയും പ്രഖ്യാപിക്കുന്നുണ്ട്.
നമ്മുടെയൊക്കെ ഭാഷയില്‍ ‘കരുണ’ എന്ന് പറയും പോലെ തന്നെ അറബിയിലേയും ആ വാക്ക് ചേരുന്നത് സ്‌നേഹത്തിനോടാണ്. മാപ്പിനോടും വിടുതിയോടുമെല്ലാം അടുത്ത ബന്ധമുണ്ടതിന്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകയും ഉപകാരമുണ്ടാക്കി കൊടുക്കുകയും ചെയ്യുന്നതിനെയൊക്കെയാണ് ഇസ്‌ലാമിക ദൈവശാസ്ത്ര പാരമ്പര്യം കാരുണ്യം എന്ന് വിളിക്കുന്നത്. അത് പോലെത്തന്നെ, കരുണയുള്ളവനാവുക എന്നാല്‍ തിന്മയകറ്റുക എന്നത് കൂടിയാണ് സൂചിപ്പിക്കുന്നത്.
കാര്യങ്ങളെയൊക്കെ നേരെയാക്കി എടുക്കാനും ഭൂതകാലത്തില്‍ നിന്ന് ഒരു ഇടവേളയെടുത്ത് നന്മയാലും അനുഗ്രഹങ്ങളാലുമെല്ലാം സമ്പന്നമായ ഒരു പുതിയ തുടക്കം ഉണ്ടാക്കിയെടുക്കാനുമെല്ലാമുള്ള ഒരു ഗുണമായാണ് ഇവിടെ കാരുണ്യത്തെ വായിക്കപ്പെടുന്നത്.
ഈ സജീവ കരുണയാണ് പ്രവാചക ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നത്. ഇത് തന്നെയായിരുന്നു അവര്‍ കഷ്ടപ്പെട്ടു നേടിയ വലിയ വിജയത്തിന്റെ താക്കോലും. പ്രവാചകരുടെ അനുയായികളുടെ സ്‌നേഹവും വിശ്വാസവും ശത്രുക്കളില്‍ പോലും അവിടുന്ന് ഉണ്ടാക്കിയെടുത്ത മതിപ്പും ബഹുമാവുമെല്ലാം ഈ മഹാത്മ്യത്തിന്റെ ഫലമാണ്. നിങ്ങളില്‍ സ്വഭാവ വൈശിഷ്ട്യം ഉള്ളവരാണ് വിധി നാളില്‍ എന്നോട് ഏറ്റവും അടുത്തുണ്ടാവുക എന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്.
മുത്ത് നബി കുട്ടികളോടും വലിയവരോടുമെല്ലാം തമാശ പറയുകയും തന്റെ ശിഷ്യരെ ഓമനപ്പേരുകളിട്ട് വിളിക്കുകയുമെല്ലാം ചെയ്തിരുന്നു. രോഗികളെ സന്ദര്‍ശിക്കലും സുഹൃത്തുക്കളുടെയും അണികളുടെയും അയല്‍വാസികളുടെയുമെല്ലാം ക്ഷേമ വിവരങ്ങള്‍ അന്വേഷിക്കലും അവിടുത്തെ പതിവായിരുന്നു. തന്നില്‍ വിശ്വസിക്കാത്തവര്‍ക്ക് പോലും പ്രവാചകര്‍ ഈ പരിഗണന നല്‍കി. തനിക്കു ചുറ്റുമുള്ളവരോട് പട്ടിണിയടക്കം എല്ലാം പങ്കിട്ടു ജീവിച്ച ഒരു വലിയ സമത്വവാദി(egalitatarian) ആയിരുന്നു പ്രവാചകര്‍. എപ്പോഴും വിട്ടുവീഴ്ച്ചകള്‍ക്കു സന്നദ്ധരായിരുന്ന നബി(സ്വ) വളരെ കുറച്ചു മാത്രമേ അനുസരണക്കേട് കാണിച്ചവരെ വഴക്കു പറഞ്ഞിട്ടുള്ളൂ. തന്റെ ശിഷ്യര്‍ക്ക് മാത്രമായി തന്റെ കാരുണ്യത്തെ അവര്‍ പരിമിതപ്പെടുത്തിയതുമില്ല. മൂസാനബിയെയും മറ്റു പ്രവാചകരെയെല്ലാം പോലെത്തന്നെ മുഹമ്മദ് നബിയും യുദ്ധങ്ങളില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. വിജയശ്രീലാളിതനായെങ്കില്‍ പോലും യുദ്ധത്തിലൂടെ ‘ലോകം കീഴടക്കിയവര്‍’ എന്ന പേര് അവര്‍ക്കില്ല. യുദ്ധത്തിനിറങ്ങിയെങ്കില്‍ പോലും സമാധാനത്തിനായാണ് പ്രവാചകര്‍ പരിശ്രമിച്ചിരുന്നത്. വിടുതി നല്‍കുന്നതിനോടായിരുന്നു അവര്‍ക്ക് കൂടുതല്‍ താല്‍പര്യം. പിഴവേതുമില്ലാതെയാണ് ഇത്തരം കാര്യങ്ങളില്‍ അവിടുന്ന് നയതന്ത്രപരമായ പരിഹാരങ്ങള്‍ എടുത്തിരുന്നത്. എല്ലാത്തിനുമുപരി, ചരിത്രത്തിലാദ്യമായി അറേബ്യന്‍ ഉപദ്വീപില്‍ സമാധാന സംഹിതയായ ഇസ്‌ലാമിന് രൂപം നല്‍കാന്‍ പ്രവാചകരെ പ്രാപ്തരാക്കിയ അനശ്വര കാരുണ്യത്തിന്റെ മനോഭാവമായിരുന്നു അവയെല്ലാം.
ഇതേ മനോഭാവമാണ് പിന്നീട് മഹത്തരമായ ഒരു രാഷ്ട്ര മീമാംസ ഉണ്ടാക്കിയെടുക്കുന്നതിലേക്കും അവരെ എത്തിച്ചത്. തലമുറകളോളം നീണ്ടു നിന്ന ആഭ്യന്തര കലഹങ്ങളില്‍ നിന്നും മദീനക്ക് മാത്രമല്ല ഇത് രക്ഷ നല്‍കിയത്. മറിച്ച്, പ്രക്ഷുബ്ധമായൊരു കടലിന് നടുക്ക് സ്ഥിരതയുടെ തുരുത്തു സൃഷ്ടിക്കുകയായിരുന്നു പ്രവാചകര്‍. പിന്നീട് ആ തുരുത്ത് കടലിനെ മറികടക്കുന്ന വിധം വളര്‍ച്ച പ്രാപിക്കുകയും ചെയ്തത് ചരിത്രം.
പ്രവാചകരുടെ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആപേക്ഷികമായി കുറവാണ്. ചില വിവരണങ്ങള്‍ പ്രകാരം ഏതാണ്ട് ഇരുന്നൂറോളം പേര്‍ മാത്രമേ ഒള്ളൂ എന്നും കാണാം. നബി (സ്വ) നിയമങ്ങള്‍ക്ക് രൂപം നല്‍കുകയും യുദ്ധത്തില്‍ ചില അളവു കോലുകള്‍ വെക്കുകയും ചെയ്തു. അവ പിന്നീട് ഇസ്‌ലാമിന്റെ മുഖ്യ ആശയങ്ങളായി മാറുകയും ചെയ്തു. സൈനികരല്ലാത്തവരെ അക്രമിക്കലും ഭൂമിക്കും ജീവികള്‍ക്കും നാശം വരുത്തലും തീയിട്ടും വിഷം കൊടുത്തുമെല്ലാം മാന്യതയില്ലാതെ വധിക്കുന്നതിനെയുമെല്ലാം അവര്‍ നിരോധിച്ചു. പ്രവാചകര്‍ ജനങ്ങളെ സ്വീകരിക്കുകയും അവര്‍ക്ക് നിഷ്പ്രയാസം മാപ്പ് നല്‍കുകയും ചെയ്തു. പകരം വീട്ടല്‍, പഗന്‍ സംസ്‌കാരങ്ങളിലെ കുടിപ്പക, പ്രതികാര വാഞ്ഛ എന്നിവയെയെല്ലാം അവിടുന്ന് നിരുത്സാഹപ്പെടുത്തി. പ്രവാചകരുടെ എത്തിക്‌സില്‍ ബുദ്ധിഹീനമോ വൈരാഗ്യപരമോ ആയ ഒന്നിനും സ്ഥാനമുണ്ടായിരുന്നില്ല. യുദ്ധങ്ങളുടെ കാര്യത്തില്‍ ഒരിക്കലും അവര്‍ കടുംപിടുത്തം കാണിച്ചില്ല. ഒരു കാലത്ത് പ്രവാചകരുടെ ഏറ്റവും വലിയ ശത്രുക്കളായിരുന്ന അബൂ സുഫ്‌യാന്‍ ഇബ്‌നു ഹര്‍ബ്, ഇക്‌രിമ ഇബ്‌നു അബീ ജഹല്‍, സഫ്‌വാന്‍ ഇബ്‌നു ഉമയ്യ എന്നിവര്‍ പില്‍ക്കാലത്ത് നബിയെ(സ്വ) അംഗീകരിച്ചു എന്ന് മാത്രമല്ല, മുന്‍കാലത്തെ ശത്രുതയെ കടത്തി വെട്ടുന്ന രീതിയില്‍ അവസാന കാലങ്ങളില്‍ അവര്‍ പ്രവാചകരുടെ ദൗത്യ പൂര്‍ത്തീകരണത്തിനായി സധൈര്യം പോരാടുകയും ചെയ്തു എന്നത് വാസ്തവമാണ്.
കയ്‌പേറിയ സംഘര്‍ഷക്കാലത്തിന് ശേഷം, മക്ക കീഴടക്കുന്ന ഒരു നാള്‍ വരുമെന്നും അന്ന് നമ്മള്‍ പകരം വീട്ടുമെന്നും വിചാരിച്ചിരുന്ന ചില പ്രവാചകാനുയായികള്‍ ഉണ്ടായിരുന്നു. മക്കാ വിജയ വേളയില്‍ പ്രവാചകരുടെ അടുത്തു നില്‍ക്കുന്ന ശത്രു നേതാവായ അബൂ സുഫ്‌യാന്‍ ബിന്‍ ഹര്‍ബ് മദീനയിലെ ഗോത്ര പ്രമുഖനായ സഅദ് ബിന്‍ ഉബാദയുടെ ശ്രദ്ധയില്‍ പെടുകയും ‘ഇന്നൊരു കശാപ്പിന്റെ ദിവസമായിരിക്കും’ എന്ന് അബൂസുഫ്‌യാനോട് മന്ത്രിക്കുകയും ചെയ്തു. ഇത് കേട്ട നബി (സ്വ) സാഭിമാനം തന്റെ ഗോത്രപതാകയും പിടിച്ചു നില്‍ക്കുന്ന സഅദിന്റെ കൈയില്‍ നിന്ന് അത് വാങ്ങുകയും അദ്ദേഹത്തിന്റെ മകന് നല്‍കുകയും ചെയ്തു. ശേഷം പറഞ്ഞു: ‘ഇല്ല, അങ്ങനെയല്ല. സഅദ് പറഞ്ഞത് തെറ്റാണ്. ഇന്ന് പടച്ചവന്‍ അവന്റെ ഭവനത്തെ ഉന്നതമാക്കുകയും അതിന് പുത്തന്‍ ആവരണം നല്‍കുകയും ചെയ്യുന്ന ദിവസമാണ്.’
കാരുണ്യവും വിടുതിയുമാണ് മക്കയില്‍ പ്രവാചകരുടെ ആധിപത്യം സ്ഥാപിക്കുന്നതിലും പാരസ്പര്യം ഉണ്ടാക്കുന്നതിലും പുതിയ ബന്ധങ്ങള്‍ക്ക് വഴിവെക്കുന്നതിലുമെല്ലാം മുഖ്യ പങ്കു വഹിച്ചത്. ഒടുവില്‍, ഈ സ്വാഭാവിക സജീവ കരുണയുടെ തറയില്‍ നിന്ന് കൊണ്ടു തന്നെയാണ് മക്കയിലും അറേബ്യയിലും ബഹുദൈവത്വത്തിന് അന്ത്യം കുറിക്കുന്നതും ഇസ്‌ലാമിന്റെ നിസ്തുലമായ വിജയഘോഷത്തിന് പാതയൊരുക്കുന്നതുമെല്ലാം.
പ്രവാചകര്‍ നായക്ക് വെള്ളം കൊടുത്ത ഒരു കഥ പറയുന്നുണ്ട്. കഥ കേട്ട ശിഷ്യര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ജന്തുക്കളോട് കരുണ കാണിച്ചാല്‍ പ്രതിഫലമുണ്ടാകുമോ?’
‘ഉണ്ട്, ഏത് ജീവിക്ക് നന്മ ചെയ്താലും അതിന് പടച്ചവന്‍ പ്രതിഫലം നല്‍കും’ എന്നതായിരുന്നു നബിയുടെ(സ്വ) മറുപടി.
മറ്റൊരു ഹദീസില്‍ പ്രവാചകര്‍ ദയയില്ലാതെ പെരുമാറല്‍ അല്ലാഹുവിന്റെ അടുക്കല്‍ അത്യന്തം മോശമായ കാര്യമാണെന്ന് പറഞ്ഞുകൊണ്ട് മനഃപൂര്‍വം പൂച്ചയെ പട്ടിണിക്കിട്ട ഒരു സ്ത്രീയെ ശാസിച്ചതായി കാണാം.
കാരുണ്യം ആരംഭിക്കുന്നത് ഓരോ വ്യക്തിയുടെയും അകങ്ങളില്‍ നിന്ന് തന്നെയാണ്. സ്വന്തത്തിന്റെ ശാരീരികവും വൈകാരികവും ആത്മീയവുമായ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയും വിദ്യാഭ്യാസം, വ്യായാമം, നല്ല കൂട്ടുകെട്ട് എന്നിവ പരിപാലിച്ചുമാണ് അത്. സ്വയം അഹങ്കാരി ആകാതെയും തെറ്റുകളോട് കണ്ണടക്കാതെയും സ്വന്തത്തെ കുറിച്ചു സദ്ചിന്ത പുലര്‍ത്തലും കൂടിയാണത്. ഇതോടൊപ്പം അല്ലാഹുവിന്റെ സഹായത്തെക്കുറിച്ചും ദയാവായ്പിനെക്കുറിച്ചും ഇസ്‌ലാമിലെ നിരാശ, ആത്മഹത്യ പോലുള്ള നിരോധനങ്ങളുടെ ഫലങ്ങളെക്കുറിച്ചും മുന്‍വിചാരത്തോടെ ജീവിക്കുകയും വേണം.
വ്യക്തിയില്‍ നിന്നാണ് കരുണ പുറത്തേക്ക് വ്യാപിക്കുന്നത്. മാതാപിതാക്കള്‍, ഇണ, മക്കള്‍, കുടുംബം, അയല്പക്കം, സമൂഹം, പ്രപഞ്ചം എന്നിങ്ങനെ അത് പരക്കുന്നു. മറ്റുള്ളവരെ കുറിച്ച് നല്ലതു കരുതുക, അവരുടെ സല്‌പേരിന് കളങ്കം വരുത്താതിരിക്കുക, അവരുടെ ജീവിതം സുഗമമാക്കുന്ന എന്തും ചെയ്തു കൊടുക്കുക, ദുര്‍ഗമമാക്കുന്നത് ചെയ്യാതിരിക്കുക തുടങ്ങിയവയെല്ലാം കാരുണ്യം തന്നെയാണ്.
വൈവാഹിക ജീവിതത്തെ കാരുണ്യത്തിന്റെ പ്രാഥമിക സ്ഥാനങ്ങളില്‍ ഒന്നായാണ് ഖുര്‍ആന്‍ നോക്കിക്കാണുന്നത്. വിവാഹമെന്ന സാമൂഹ്യ സ്ഥാപനത്തെ സ്വര്‍ഗ, നരക, ഭൂമികള്‍ക്കും മാനവ കുലത്തിനും ശേഷമുള്ള സൃഷ്ടിപ്പിന്റെ ഏറ്റവും വലിയ വിസ്മയമായും പടച്ചവന്റെ പ്രധാന ദൃഷ്ടാന്തമായും ഉയര്‍ത്തികാണിക്കുകയും ചെയ്യുന്നു. കേവലം ദൈവിക സൃഷ്ടിപ്പിന് ജൈവ ശാസ്ത്രപരമായ തുടര്‍ച്ചയുണ്ടാക്കുന്ന മാനുഷികോത്പാദനത്തിന്റെ അടിസ്ഥാനം മാത്രമല്ല വിവാഹം, പ്രത്യുത, സ്‌നേഹത്തിന്റെ ആദ്യ സാമൂഹിക മര്‍മസ്ഥാനം കൂടിയാണത്.
‘നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താനാവും വിധത്തില്‍ ഇണകളാക്കി സൃഷ്ടിച്ചതും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുന്നതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. തീര്‍ച്ചയായും ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.’ (30/21) എന്നാണ് ഖുര്‍ആന്‍ പറയുന്നത്.
സ്‌നേഹം, കരുണ എന്നിവക്ക് യഥാക്രമം മവദ്ദ, റഹ്മ എന്നീ പദങ്ങളാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. വൈവാഹിക ജീവിതത്തിലെ കാരുണ്യം എന്ന് പറയുന്നത് ഇണയും തുണയും പരസ്പരം സന്തോഷിക്കുകയും നന്മ ആഗ്രഹിക്കുകയും ചെയ്യുക എന്നതാണ്. അത് സൂചിപ്പിക്കുന്നത് രണ്ടുപേരും പരസ്പരം ബഹുമാനപൂര്‍വം ഇടപെടുകയും മറ്റൊരാള്‍ക്ക് വരുന്ന പ്രയാസത്തില്‍ ആനന്ദിക്കാതിരിക്കുകയും വേണം എന്നാണ്.
മവദ്ദ എന്നതിനെ സര്‍വരോടുമുള്ള മമത (affection)എന്നാണ് മൊഴിമാറ്റിയിട്ടുള്ളത്. സാധാരണ സ്‌നേഹം (love)എന്നായിരിക്കും- റഹ്മ എന്നതിനെ ആദ്യം പറഞ്ഞത് സ്‌നേഹമാണ് കാരുണ്യത്തിന്റെ ആത്മീയമായ അടിത്തറ എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അറബിയില്‍ സ്‌നേഹം എന്നതിന് ഒരുപാട് പദങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ സവിശേഷമാണ് മവദ്ദ. ഇതേ ധാതുവില്‍ നിന്നാണ് പടച്ചവന്റെ 99 നാമങ്ങളില്‍ ഒന്നായ ‘അല്‍ വദൂദ്- സ്‌നേഹിക്കുന്നവന്‍’ എന്നതും നിഷ്പന്നമാകുന്നത്. മവദ്ദ എന്നാല്‍ ശാരീരിക സ്‌നേഹമല്ല, മറിച്ച്, അത് സജീവവും വൈകാരികവും നിഷ്‌കപടവും വൈയക്തികവും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കുന്നതും ആണ്. അല്ലാഹുവിനെക്കുറിച്ച് അല്‍ വദൂദ് എന്ന് പറയുമ്പോള്‍ അതവന്‍ സൃഷ്ടികള്‍ക്ക് നല്‍കുന്ന ദൈവിക സുരക്ഷയെയും അവന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്ന പ്രത്യേക ഔദാര്യത്തെയും കുറിച്ചാണ്. മാനുഷിക ഇടപെടലുകളിലേക്ക് ഇതിനെ തട്ടിച്ചു നോക്കുമ്പോള്‍ അപരരെ കൂടി ശ്രദ്ധിക്കുന്ന ഒരു സ്‌നേഹ സാന്നിധ്യമാണത്. കേവലം മറ്റൊരാളുടെ നന്മയെ കരുതുക മാത്രമല്ല, മറിച്ച്, വ്യക്തിപരമായ വിശ്വാസ്യതയും വൈകാരിക പിന്തുണയും സദുപദേശങ്ങളും നല്‍കലും പൊതുവായി ആ വ്യക്തിയുടെ താത്പര്യങ്ങളെ പരിഗണിക്കലുമൊക്കെക്കൂടിയാണ്.

പാരസ്പര്യ തത്വം
കാരുണ്യമാകുന്ന സൃഷ്ടിപ്പിലെ ദൈവിക മുദ്ര ഒരു പ്രാപഞ്ചിക പാരസ്പര്യത്തിന്റെ നിയമവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. കരുണയുള്ളവര്‍ക്ക് കരുണ ലഭിക്കും. അതില്ലാത്തവര്‍ക്കില്ല. ഇസ്‌ലാമിക അധ്യാപനങ്ങളില്‍ ആവര്‍ത്തിച്ചു വരുന്ന ഒരു പാഠം കൂടിയാണിത്. പ്രവാചകര്‍ പഠിപ്പിക്കുന്നുണ്ട്; തീര്‍ച്ചയായും അല്ലാഹു അവന്റെ അടിമകളോട് ദയാപരന്‍ ആകുന്നത് അവര്‍ക്കിടയില്‍ അങ്ങനെ വര്‍ത്തിക്കുന്നവരോട് മാത്രമാണ്. മറ്റൊരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി; കാരുണ്യം നല്‍കാത്തവര്‍ക്ക് കാരുണ്യം ലഭിക്കുകയുമില്ല. ഇതോടൊപ്പം തന്നെ കാണാവുന്ന മറ്റൊരു ഹദീസ് ഇങ്ങനെയാണ്: മനുഷ്യര്‍ക്ക് കരുണ ചെയ്യാത്തവര്‍ക്ക് പടച്ചവനും കരുണ ചെയ്യില്ല. അവിടുന്ന് സമൂഹത്തെ താക്കീത് ചെയ്യുന്നു- നശിച്ചവനില്‍ നിന്നല്ലാതെ ആരില്‍ നിന്നും കാരുണ്യം തടഞ്ഞുവെക്കരുത്. ഇത് പഠിപ്പിക്കുന്നത് കരുണയാണ് മനുഷ്യാത്മാവിന്റെ അടിസ്ഥാന പ്രകൃതമെന്നും കരുണ ചെയ്യാത്ത കഠോര ഹൃദയര്‍ക്ക് മാത്രമേ അത് നിഷേധിക്കാവൂ എന്നുമാണ്. ഇവര്‍ കരുണയെ സ്വീകരിക്കാന്‍ പോലും കഴിയാത്ത വിധം അസ്വാഭാവിക മനസുള്ളവര്‍ ആയിരിക്കും. ദയയുടെ നനവ് പറ്റാത്ത ഹൃദയമുള്ളവര്‍ യഥാര്‍ഥ വിശ്വാസം ഉറക്കാത്തവര്‍ മാത്രമാണ്. അനുകമ്പാരഹിതരും സ്‌നേഹശൂന്യരുമാവുകയും ദൈവിക കോപം ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നത് തീര്‍ച്ചയായും പൈശാചികതയുടെ അടയാളങ്ങളാണ്.
അപ്പോള്‍, പ്രാപഞ്ചിക കാരുണ്യ തത്വത്തില്‍ അന്തര്‍ലീനമായിരിക്കുന്ന അന്യോന്യത മറ്റൊരു തലത്തെ കൂടി ഉള്‍വഹിക്കുന്നുണ്ട്. കരുണ വിശ്വാസത്തോട് ചേര്‍ന്നു നിന്ന് വിമോചനത്തിന്റെ വാതില്‍ തുറക്കുന്നു. നിഷ്‌കരുണതക്കാകട്ടെ, ദൈവനിഷേധവുമായാണ് ബന്ധം. അത് നാശത്തിലേക്ക് എത്തിക്കുന്നു. ആത്മീയമായും ആത്മാര്‍ഥവുമായ വിശ്വാസം ഉള്‍ക്കൊണ്ടതുമായ ആരോഗ്യവത്തായ ഹൃദയങ്ങളിലേ കരുണയുണ്ടാകൂ എന്ന് പണ്ഡിതര്‍ പറയുന്നതായി കാണാം. കനിവില്ലാത്ത ഹൃദയം ആത്മീയമായി മൃതിയടഞ്ഞുപോയതായിരിക്കും എന്ന് സാരം. കരുണയും വിശ്വാസവുമൊന്നും വെറുപ്പും മറ്റുള്ളവരോടുള്ള അവജ്ഞയുമൊക്കെയുള്ള ഹൃദയങ്ങളില്‍ ഇണങ്ങിച്ചേരില്ല എന്നതാണ് ഈ സൂചനകളുടെ അകക്കാമ്പ്.
ഒരു മുസ്‌ലിമിന്റെ സാമൂഹ്യ മനോഭാവത്തിന്റെ അടിസ്ഥാനമാണ് കരുണാമയരാകാനുള്ള- അഥവാ ലോകത്തിന് ഉപകാരികളാവാനും ദ്രോഹം ചെയ്യാതിരിക്കാനുമുള്ള- കല്പന. മറ്റു മനുഷ്യരെയെല്ലാം തീണ്ടിക്കൂടാത്തവരായി ഗണിക്കുകയും ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം തങ്ങള്‍ക്ക് നീതികെട്ട ചൂഷണങ്ങള്‍ നടത്താനുള്ള ഇടങ്ങള്‍ മാത്രമായി കാണുകയും ചെയ്യുന്ന, തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ശബ്ദിക്കുന്ന ഒരു വിഭാഗത്തെ സൃഷ്ടിച്ചെടുക്കാനല്ല ഇസ്‌ലാം ഉദ്ദേശിച്ചിട്ടുള്ളത്. എവിടെയെല്ലാം മുസ്‌ലിംകളുണ്ടോ അവിടെയെല്ലാം അവര്‍ കാരുണ്യത്തിന്റെയും ക്ഷേമത്തിന്റെയും സൗഖ്യത്തിന്റെയുമെല്ലാം ഭടന്മാര്‍ ആയിരിക്കും.
എന്നാല്‍ ഇസ്‌ലാമിന്റെ കരുണയിലേക്കുള്ള വിളി മുസ്‌ലിംകളെ അക്രമത്തോടും അനീതിയോടുമെല്ലാം ബുദ്ധിപൂര്‍വവും യോജിച്ചതുമായ ഒരു പ്രതികരണം പോലും നടത്താന്‍ കഴിയാത്തവരാക്കി ചിത്രീകരിക്കുന്നില്ല. ബലപ്രയോഗത്തിലൂടെസാധ്യമാകുന്ന കാര്യങ്ങളുമുണ്ടല്ലോ.
നബി ഉപദേശിക്കുന്നതിങ്ങനെ: ‘ഹൃദയത്തിനോട് വിധി തേടൂ. മനസ് അടക്കം കാണിക്കുന്നതാണ് നന്മ. ഹൃദയത്തിന് തൃപ്തിയുണ്ടാവാത്തവയാണ് തിന്മ. അത് നെഞ്ചില്‍ പിടച്ചില്‍ കൂട്ടും. ജനങ്ങള്‍ അതിന് അനുകൂലമായി വിധിച്ചാലും ശരി’.

Share this article

About ഡോ. ഉമറുല്‍ ഫാറൂഖ് അബ്ദുല്ല മൊഴിമാറ്റം: മുഹമ്മദ് എ. ത്വാഹിര്‍ പയ്യനടം

View all posts by ഡോ. ഉമറുല്‍ ഫാറൂഖ് അബ്ദുല്ല മൊഴിമാറ്റം: മുഹമ്മദ് എ. ത്വാഹിര്‍ പയ്യനടം →

Leave a Reply

Your email address will not be published. Required fields are marked *