‘കുറച് അരിമതി, കഞ്ഞിയെങ്കിലും വെച്ച് കുടിക്കാമല്ലോ’

Reading Time: < 1 minutes

വളരെ പ്രയാസം അനുഭവിക്കുന്ന ആള്‍ ആണ് കഴിയുമെങ്കില്‍ സഹായിക്കണം എന്ന് പറഞ്ഞു സുഹൃത്ത് ഷെയര്‍ ചെയ്ത ടെക്‌സ്റ്റിലെ നമ്പറില്‍ വിളിച്ചു എന്താണ് നിങ്ങള്‍ക്കു വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് തലക്കെട്ടായി കുറിച്ചത്. വീണ്ടും ചോദിച്ചു, മറ്റുവല്ലതും ആവശ്യമുണ്ടോ എന്ന്, പക്ഷേ, മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടിയും യാചിച്ചും പരിചയമില്ലാത്ത, സഹായിച്ച അനുഭവം മാത്രമുള്ളത് കൊണ്ടാവാം അദ്ദേഹം കൂടുതലൊന്നും പറയാന്‍ തയ്യാറായില്ല. എങ്കിലും രിസാല സ്റ്റഡി സര്‍ക്കിള്‍ ഹെല്‍പ് ഡസ്‌കിലെ പ്രവര്‍ത്തകര്‍ കണ്ടറിഞ്ഞു അവര്‍ക്ക് ഭക്ഷണത്തിനുവേണ്ടതെല്ലാം ഒട്ടും വൈകാതെ റെഡിയാക്കി അദ്ദേഹത്തിന് എത്തിച്ചു. അഞ്ചുപേരുള്ള റൂമാണ്. ജോലിയും കൂലിയുമില്ലാത്തത് കാരണം രണ്ടുപേര്‍ തൊഴില്‍ അന്വേഷിച്ച് മറ്റെവിടെയോ പോയിരിക്കുകയാണത്രെ. ആ സഹോദരന്റെ വാക്കുകേട്ട എല്ലാവരും ഒന്ന് നെടുവീര്‍പ്പിട്ടുകാണും.


ഇതാണ് ഇപ്പോള്‍ ഗള്‍ഫ് പ്രവാസികളില്‍ പലരുടെയും അവസ്ഥ. അഭിമാനം നഷ്ടപ്പെടരുത് എന്നുകരുതി പലരും മറ്റുള്ളവരെ അറിയിക്കാതെ സഹിച്ചും ക്ഷമിച്ചും ജീവിക്കുകയാണ്. പക്ഷേ എത്ര കാലമാണ് ഇങ്ങനെ സഹിക്കുക? ജീവന്‍ നിലനിര്‍ത്താനുള്ള സാഹചര്യമെങ്കിലും വേണ്ടേ.
ഈ കൊറോണ കാലത്ത് ആര്‍ എസ് സി ഹെല്‍പ് ഡസ്‌കിലേക് വന്ന ഓരോ സഹായാഭ്യര്‍ഥനയും ഹൃദയഭേദകമാണ്. വെറും കുബ്ബൂസ് കൊണ്ട് നോമ്പ് തുറക്കുകയും അത്താഴം കഴിക്കുകയും ചെയ്തിരുന്നവര്‍, ഒരു കൊല്ലത്തോളമായി സാലറിയില്ലാതെ ജീവിക്കുന്നവരിലേക്ക് പൊടുന്നനെ കോറോണയും കമ്പനി അടക്കലും വന്ന് നിയമത്തോടും പട്ടിണിയോടും യുദ്ധം ചെയ്യുന്നവര്‍, അങ്ങനെ പട്ടിക നീളും.
വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കുടുംബത്തെ സന്ദര്‍ശക വിസയില്‍ കൊണ്ടുവന്നു അടുത്ത ആഴ്ചതന്നെ ജോലിചെയ്യുന്ന സ്ഥാപനം പൂട്ടിയാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. ഇതൊക്കെ അനുഭവിച്ച് പലരും നമ്മുടെ ചുറ്റിലും ജീവിക്കുന്നുണ്ട്.
പുറമേനിന്ന് നോക്കുമ്പോള്‍ ഷോപ്പിന്റെ ഉടമയോ മറ്റോ ആയിരിക്കാം. നാമൊന്ന് നന്നായി അന്വേഷിക്കണം കഷ്ടപ്പാടുകള്‍ അവരിലും ഉണ്ടാവാം.
പാര്‍ട്ണര്‍ഷിപ്പോടു കൂടിയുള്ള സ്വന്തം ഷോപ്പില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തിന്റെ അടുത്ത് പോയപ്പോള്‍ ആദ്യമേ പറഞ്ഞു ഫോണില്‍ ബാലന്‍സ് ഇല്ലാത്തത് കൊണ്ടാണ് ഉസ്താദേ വിളിക്കാത്തത് എന്ന്. സ്വന്തം റൂമിലുള്ള മെസ്സിന്റെ കാശ് കൊടുക്കാനില്ലാത്തത് കൊണ്ട് മെസ്സില്‍നിന്നും ഒഴിവാവാനുള്ള തയ്യാറെടുപ്പിലായിരുന്നത്രെ. റമളാന്‍ തുടങ്ങുന്നതിന്റെ മുമ്പുതന്നെ അദ്ദേഹം പല ദിവസങ്ങളിലും നോമ്പായിരുന്നു. ഇവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ സുഹൃത്തുക്കള്‍ ചെയ്തു കൊടുത്തു.
ഇതൊക്കെയാണ് ഇപ്പോഴത്തെ ചുറ്റുപാടുകളില്‍ നടക്കുന്നത്.

ഹാഫിസ് സഹ്ല്‍ തലക്കടത്തൂര്‍
റാസല്‍ഖൈമ

Share this article

About ഹാഫിസ് സഹ്ല്‍

View all posts by ഹാഫിസ് സഹ്ല്‍ →

Leave a Reply

Your email address will not be published. Required fields are marked *