പ്രവാസി സംഘടനകള്‍ എന്തെടുക്കുന്നു?

Reading Time: 4 minutes

ഒരു നിയമസഭാ തിരഞ്ഞെടുപ്പ് കൂടി അടുത്ത് വരുന്ന സാഹചര്യത്തില്‍ പ്രവാസി സംഘടനകളുടെ രാഷ്ട്രീയവും സാമൂഹികവും സ്വത്വപരവുമായ ഉള്ളടക്ക പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും. കോവിഡിന്റെ ആരംഭത്തില്‍ ഗള്‍ഫില്‍ മഹാമാരി പടര്‍ന്ന് പിടിക്കുകയും മുന്‍പരിചയമില്ലാത്ത ആ പരിതസ്ഥിതിയെ എങ്ങനെ നേരിടണമെന്നറിയാതെ നെട്ടോട്ടം ഓടുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഉയര്‍ന്ന പ്രധാനപ്പെട്ട ഒരു ചോദ്യമായിരുന്നു, പ്രവാസിക്ക് വേണ്ടി സംസാരിക്കാനും അവര്‍ക്ക് വേണ്ടി നിലകൊള്ളാനും ആരുണ്ട് എന്നത്. അപ്പോള്‍ അധികാരി വര്‍ഗത്തെയും പൊതുജനങ്ങളെയും സ്വന്തക്കാരെ വരെ പ്രതിസ്ഥാനത്ത് നിര്‍ത്തി നടത്തിയ നിലവിളി മാത്രമായിരുന്നു അത് എന്നതായിരുന്നു വസ്തുത. എന്നാല്‍ പ്രവാസികള്‍ക്ക് വേണ്ടി പ്രവാസികള്‍ എന്ത് ചെയ്തു എന്ന ബൃഹത്തായ ചോദ്യം ഉയരുന്നത് ഇവിടെയാണ്. പറഞ്ഞും കേട്ടും തഴമ്പിച്ച പ്രവാസിയുടെ ഉണര്‍വും എന്‍ഗേജ്‌മെന്റും സ്വാധീനവും ഉടഞ്ഞുപോകുന്ന ഒന്നായി ആ അന്വേഷണം മാറുന്ന കാഴ്ചയാണ് മിക്കവാറും നാം കാണുന്നത്.
ഗള്‍ഫിലെ മലയാളികളുടെ സാമൂഹിക ജീവിതത്തില്‍ നിറയെ വൈരുധ്യങ്ങളും വ്യത്യസ്തതയും ഉണ്ട് എന്നതാണ് ഒറ്റവാക്കില്‍ അതിന് മറുപടി കണ്ടെത്താന്‍ കഴിയാത്തതിന്റെ കാരണം. ചില ദേശക്കാരെ പേരെടുത്ത് പറഞ്ഞ് ഒരു പ്രശ്‌നത്തില്‍ അവര്‍ കൂട്ടമായി ഇടപെടല്‍ നടത്തുന്നതിനെ മുന്‍നിര്‍ത്തി മലയാളിയുടെ ഒത്തൊരുമയില്ലായ്മക്ക് നേരെ ചോദ്യങ്ങള്‍ വരാറുണ്ടല്ലോ. അതേസമയം തന്നെ അവന്റെ സ്വത്വം നിലനിര്‍ത്തുന്നതിന് പ്രത്യേക വിഭാഗങ്ങളും കൂട്ടങ്ങളുമായി കഴിയുകയും മറ്റാരെക്കാളും സംഘടിത പ്രവര്‍ത്തനങ്ങളിലും പൊതുകാര്യങ്ങളിലും ഇടപെടുന്നതും കാണുന്നു. ഈ രണ്ട് വൈരുധ്യങ്ങള്‍ക്ക് നടുവില്‍ ഗള്‍ഫ് മലയാളികള്‍ എത്തിച്ചേര്‍ന്നതിന് പിന്നിലെ സംഘടനകളുടെ ഉള്ളടക്കമില്ലായ്മക്ക് കാതലായ പങ്കുണ്ട് എന്നാണ് പറഞ്ഞു വരുന്നത്.
മനുഷ്യന് പ്രകൃത്യായുള്ള സാമൂഹിക വാസനയും കൂട്ടം കൂടാനുള്ള കഴിവും കൊണ്ട് മാത്രമാണ് പ്രവാസി സംഘടനകളും കൂട്ടായ്മകളും ദിനേന പിറക്കുന്നത് എന്ന് പറഞ്ഞ് നിറുത്താനാവില്ല. അവനെ ആകെ ബാധിക്കുന്ന പൊതു കാര്യങ്ങളില്‍ യോജിച്ചു പോകാനോ ഒരു നയം രൂപീകരിക്കാനോ കഴിയാതെ പല കള്ളികളിലാക്കിയതിന് പിന്നിലെ കാരണങ്ങളും ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. വിവിധ സംഘടനകളുടെ ഉദ്ഭവ ലക്ഷ്യം പ്രവാസികളുടെ ഐകസ്വഭാവം കാത്ത് സൂക്ഷിക്കുക എന്നതല്ല എന്നത് കൊണ്ട് തന്നെ അവയുടെ പെരുപ്പവും ഗള്‍ഫ്കാരന്റെ പെരുമാറ്റവും തമ്മിലുള്ള ബന്ധം പ്രവാസി സംഘടനകളുടെ അജണ്ടയേ ആകുന്നില്ല. ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തി വൈവിധ്യാശയങ്ങളുടെയും പലമയുടെയും ഉത്തമോദാഹരണമായി ഒരു പക്ഷേ ഈ പ്രതിഭാസത്തെ വ്യാഖ്യാനിച്ചെന്നും വരാം. അതിനപ്പുറം പ്രവാസി സംഘടനകളുടെ അജണ്ടയില്ലായ്മയെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഒരന്വേഷണത്തിന് സ്‌കോപ്പില്ലേ എന്നതാണ് ഇവിടെ ഉയര്‍ത്തുന്ന ലളിത ചോദ്യം.
പ്രവാസി മലയാളികളുടെ വിജിലന്‍ഷ്യ പേരുകേട്ടതാണ്. അവരെപ്പോഴും ഉണര്‍ന്നിരിക്കുന്നെന്നും ലോക ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്നും നാട്ടിലെ ഏതനക്കവും ആദ്യമറിയുന്നത് അവരായിരിക്കുമെന്നും എന്നൊക്കെയാണ് ഈ കേളിക്ക് ആധാരം. സഹവാസം കൊണ്ട് വിശ്വപൗരനാകാന്‍ ലഭിച്ച അവസരമാണ് ഈ ബോധനിര്‍മാണത്തിലേക്ക് അവനെ കൊണ്ടെത്തിച്ചതെന്ന വിലയിരുത്തലുമുണ്ട്. പ്രവാസികള്‍ക്കിടയിലെ സംഘടനാബോധവും കൂട്ടായ്മകളുടെ സ്വാധീനവും വേറൊരു വിധത്തില്‍ പ്രവാസിയെ രൂപപ്പെടുത്തിയെടുക്കാന്‍ കളമൊരുക്കി എന്ന നിരീക്ഷണത്തെയും പൊതുവായി നമുക്ക് വകവെച്ച് നല്‍കേണ്ടി വരും.
എന്നാല്‍ പ്രവാസികളുടെ സാംസ്‌കാരിക ഉള്ളടക്കവും രാഷ്ട്രീയ നിലവാരവും ഉദാര സന്നദ്ധതയും തൊഴില്‍പരമായ വൈദഗ്ധ്യവും രൂപപ്പെടുത്തുന്നതില്‍ പ്രവാസി സംഘടനകളും കൂട്ടായ്മകളും എത്രത്തോളം പങ്ക് വഹിക്കുന്നു എന്നതിന് ഉത്തരം കണ്ടെത്തിയേ മതിയാകൂ. സംഘടനകളുടെ രേഖപ്പെടുത്തപ്പെട്ട ലക്ഷ്യവും അവ നിര്‍വചിച്ചു വെച്ച കടലാസിലെ കാഴ്ചപ്പാടും വിശകലന വിധേയമാക്കിയാല്‍ യാഥാര്‍ഥ്യത്തിലേക്ക് എത്താന്‍ സാധ്യത ഒട്ടും ഇല്ല. പ്രവാസി മലയാളിയുടെ ദൈനംദിന വ്യവഹാരങ്ങളെയും അവന്‍ നേരിടുന്ന രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സ്വത്വപരവുമായ പ്രശ്ങ്ങളുടെ മുഖത്ത് ഓരോ പ്രവാസിയും എവിടെ നില്‍ക്കുന്നു, അല്ലെങ്കില്‍ എന്തുകൊണ്ട് ഓരോരുത്തരും ഓരോരുത്തരായി നില്‍ക്കുന്നു എന്നതാണ് വിഷയം.
പ്രവാസിയുടെ സാഹിത്യത്തിനും പത്രപ്രവര്‍ത്തനത്തിനും സന്നദ്ധ സേവനങ്ങള്‍ക്കും മനസിനും എന്തിന് സമ്പത്തല്ലാത്ത സകലതിനും പൊതുമധ്യത്തില്‍ ഒരു അങ്ങാടി നിലവാരമുണ്ട്. അവ മുഖ്യധാരയുമായി മാറ്റുരക്കാന്‍ പോന്നതല്ലെന്ന അടക്കം പറച്ചിലും കളം തള്ളലുമാണത്. എന്നാല്‍ പ്രവാസി വ്യവഹാരങ്ങളിലെ മൂല്യങ്ങളെ ദര്‍ശിക്കാതെ ഉന്നയിക്കുന്ന കേവല വിമര്‍ശനമായി തള്ളിക്കളയാതെ ഇവയുടെ പുറകെ ഒന്ന് സഞ്ചരിച്ചാല്‍ ചിലത് സമ്മതിക്കേണ്ടി വരുന്നുണ്ട് . ഈ രംഗങ്ങളിലെല്ലാം നിലനില്‍ക്കുന്ന മത്സരവും അലോസരങ്ങളും അവര്‍ ചെയ്യുന്ന നന്മകളുടെ മറവില്‍ അടിപ്പെട്ട് കിടക്കുകയാണ് എന്നതാണ് സത്യം.
ഇങ്ങനെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ആസൂത്രിതമെന്ന് പറയാനാകില്ലെങ്കിലും തുടര്‍ന്ന് വരുന്ന നിഷ്‌കളങ്കതയില്‍ നിന്ന് ഉദ്ഭവിക്കുന്ന പ്രകടനപരതയും പ്രദര്‍ശനവും പ്രവാസിയുടെ കൂടെപ്പിറപ്പാണ്. അവിടെ ബൗദ്ധിക-ആത്മീയ വ്യവഹാരങ്ങള്‍ക്കും സാഹിത്യ-സേവന പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷയില്ല.
ഗള്‍ഫിലെ പുസ്തകരചനക്കും എഴുത്തിനും വായനക്കും കൂട്ടായ്മക്കും സാംസ്‌കാരിക കലാ പരിപാടികള്‍ക്കും പത്രവാര്‍ത്തക്കും ദിനചര്യക്കും ആഘോഷത്തിനും സംഘടനാപ്രവര്‍ത്തനത്തിനും ഇവിടുത്തെ സ്വന്തം രീതിയും നിലയുമുണ്ട്.
മറുപുറത്ത്, ഗള്‍ഫ് മലയാളിയുടെ ഉണര്‍വ് നിലനിര്‍ത്തുന്നതിലും അവനിലെ സര്‍ഗാത്മകത കാത്തുസൂക്ഷിക്കുന്നതിലും ഇവിടെയുള്ള വിവിധ സംഘടനകളുടെ പങ്ക് ചെറുതല്ല. മലയാളിയുടെ സംഘം ചേരാനുള്ള ചോദനയാണ് ഒരു പരിധിവരെ പ്രവാസ വിരഹങ്ങളെയും ആധിയേയും മായ്ച്ചുകളയുന്നത് എന്നതും കാണാതിരുന്നു കൂടാ. അത് നാടിന്റെയോ കുടുംബത്തിന്റെയോ മതത്തിന്റേയോ രാഷ്ട്രീയത്തിന്റയോ മറ്റു സാംസ്‌കാരിക-ജീവ കാര്യണ്യ താത്പര്യങ്ങളുടെയോ എല്ലാം പേരിലാകാം. സഞ്ചാര സംഘവും ചിരിസംഘവും സൊറക്കൂട്ടവും ഒക്കെ ഉണ്ട്. കലാ-കായിക കൂട്ടായ്മകളും വിരളമല്ല. ചെറുതും വലുതുമായ ഇത്തരം കൂട്ടായ്മകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും മികച്ചതുമാണ്. ലക്ഷ്യാധിഷ്ഠിതമായി വിവിധ സാമൂഹിക വിഭാഗങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ആശയ നിക്ഷേപങ്ങളുടെ സമ്പാദ്യമാണ് പ്രവാസിയുടെ ഉണര്‍വ്. വളരെ ആസൂത്രിതമായും കൃത്യവും ക്രമബന്ധമായും മുടങ്ങാതെ നടക്കുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും പ്രവാസിയുടെ കര്‍മശേഷിയെയും ചിന്തയെയും ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഒരു സംഘടനയുടെയോ കൂട്ടായ്മയുടെയോ ശാക്തീകരണത്തിന് ഉപകരിക്കുന്ന ആഭ്യന്തര സജീകരണങ്ങളും പ്രവര്‍ത്തനങ്ങളുമെല്ലാം ഉണ്ടാകുമ്പോഴും പൊതു താത്പര്യാര്‍ഥം നടത്തുന്ന സ്ഥിരം പദ്ധതികളുടെ ഗുണഭോക്താക്കള്‍ ധാരാളമാണ്. അത് ബൗദ്ധിക വ്യവഹാരങ്ങളോ നിയമ പരിഹാരങ്ങളോ വ്യക്തിപ്രയോഗങ്ങളോ പ്രസിദ്ധീകരണമോ സംരംഭമോ ഉത്പന്നങ്ങളോ ഒക്കെയാവാം. ഗള്‍ഫിനെ അടയാളപ്പെടുത്തുന്ന മകുടങ്ങളോ കൊടിക്കൂറകളോ എഴുന്നു നില്‍ക്കുന്ന സ്ഥൂപമോ കൂമ്പോ ഒക്കെയായി അവ ഇവിടുത്തെ സാമൂഹിക പരിസരത്ത് എന്നും ഉണ്ട്.
ഇവയൊക്കെ സമ്മതിക്കുമ്പോള്‍ തന്നെ ഒരു നാടിന്റെ ഭാവി നിര്‍ണയിക്കുന്ന ഈ തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നില്‍ക്കുമ്പോള്‍ ചെറുതും വലുതുമായ ഓരോ സംഘടനകളുടെയും പ്രധാന പദ്ധതി എന്താണ്. അവന്റെ ആരവവും ആവേശവും വീര്യവും പ്രകടിപ്പിക്കാനുള്ള മുന്നണി/പാര്‍ട്ടി സംഗമങ്ങളും പ്രചാരണവും മുറപോലെ നടക്കുമ്പോള്‍ തന്നെ അവ കേന്ദ്രീകരിക്കുന്നത് എന്തിനെ എന്നതാണ് വിഷയം. നാട്ടില്‍ തെക്കു നിന്ന് വടക്കോട്ടും വടക്ക് നിന്ന് തെക്കോട്ടും നടക്കുന്ന യാത്രകളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നേരിട്ട് പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും ഇവിടെയും തിരഞ്ഞെടുപ്പ് ചൂട് ഒട്ടും കുറയാറില്ല. പലപ്പോഴും പല സ്ഥാനാര്‍ഥികളുടെയും വിജയത്തിന്റെ പ്രധാന ഘടകം പ്രവാസികളായിമാറുന്നു. പലര്‍ക്കും കെട്ടിവെക്കാനുള്ള പണത്തിന്റെ സ്രോതസും പ്രവാസം തന്നെ. മറ്റു പ്രചാരണങ്ങള്‍ക്കും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ഗള്‍ഫില്‍ നിന്ന് നല്ലൊരു വിഹിതം പോകുന്നുമുണ്ട്. ഗള്‍ഫില്‍ പല പേരില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകള്‍ ഇവിടെയും നാട്ടിലും നടത്തുന്ന ജീവകാര്യണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണവും യഥാര്‍ഥത്തില്‍ അതാത് രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ടാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടിലേക്ക് ഒഴുകുന്ന പണത്തിന് കോവിഡ് കാലമായിട്ടും കൈയും കണക്കുമില്ല.
പക്ഷേ, അപ്പോഴും പ്രവാസി എന്ന പ്രതിഭാസവും അവന്റെ അവകാശവും ആവശ്യങ്ങളും എവിടെ? അവ നേടിയെടുക്കുന്നതിന് വേണ്ടി ഒരു ജനകീയ മാനിഫെസ്റ്റോ എങ്കിലും തയാറാക്കാന്‍ സംഘടനകള്‍ക്ക് നേരം കിട്ടുന്നുണ്ടോ? പരാതികള്‍ നിലക്കാറില്ല. പലപ്പോഴും പ്രവാസികള്‍ തഴയപ്പെടുന്നു, പ്രവാസി വോട്ട് ഇന്നും തീരാ കടമ്പയാണ്. പ്രവാസിയുടെ യാത്രാ ദുരിതം എന്നും ഒരു പ്രശ്‌നമായി തന്നെ അവശേഷിക്കുന്നു. മൂലകാരണം ഈ കാഴ്ചപ്പാടിന്റെയും നയ രൂപീകരണത്തിന്റെയും അഭാവമാണെന്ന് തീര്‍ത്ത് പറയാനാകും.
ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങള്‍ സംബന്ധിച്ചും, തൊഴില്‍ പരമായും, കോടതിയും കേസും ഉള്‍പ്പെടെ നിയമക്കുരുക്കുകളും, എംബസികളുടെ പ്രവര്‍ത്തന രീതിയും എല്ലാം പ്രവാസിയുടെ എന്നത്തേയും പ്രശ്‌നമായി നിലനില്‍ക്കുകയാണ്. വോട്ടാവകാശം, പുനരധിവസം, യാത്രാചെലവ്, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, ഭാഷാ സാംസ്‌കാരിക പ്രശ്‌നങ്ങള്‍, സാമ്പത്തിക അരക്ഷിതാവസ്ഥ.. അങ്ങനെ ആ പട്ടിക നീളും. പ്രവാസി ക്ഷേമമെന്ന പേരില്‍ സര്‍ക്കാരുകള്‍ നീക്കിവെക്കുന്ന പണത്തിന്റെ ശരിയായ വിനിയോഗവും സര്‍ക്കാരിന്റെ പൊതു പദ്ധതികളുടെയും സംവിധാനങ്ങളുടെയും ഗള്‍ഫിലെ നിര്‍വഹണവും പ്രവാസിക്ക് ബോധിക്കുന്ന വിധമാണോ ഉള്ളത്?
ചുരുക്കത്തില്‍ അടിസ്ഥാന പ്രശ്‌നങ്ങളില്‍ പരിഹാരങ്ങളിലേക്ക് നയിക്കാനോ എല്ലാവര്‍ക്കും പ്രയോജനപ്രദമായ പ്രവാസി പദ്ധതികള്‍ ആവിഷ്‌കരിക്കാനോ ഇന്നും സര്‍ക്കാരിനും സംവിധാനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. പ്രവാസികള്‍ എണ്ണത്തില്‍ കുറവായത് കൊണ്ടോ അവരുടെ രാഷ്ട്രീയ ബോധ്യങ്ങളില്‍ ഉള്ള അപക്വതയോ ഒന്നുമല്ല കാരണം. പ്രവാസത്തെ മുഖ്യ അജണ്ടയാക്കി പ്രവാസികള്‍ തന്നെ പുതിയ ചിന്താമണ്ഡലം രൂപപ്പെടുത്തിയിട്ടില്ല എന്നത് തന്നെയാണ് വില്ലന്‍.
രാഷ്ട്രീയം, മതം, പ്രദേശം, ഭാഷ, പ്രൊഫഷന്‍, കല, സാഹിത്യം എല്ലാ മേഖലകളിലും മികച്ച സംഘങ്ങളുണ്ട്. വലിയ ഉദ്ദേശ്യങ്ങളില്‍ പിറക്കുകയും കിടമത്സരവും തൊഴുത്തില്‍ കുത്തുമായി ഒടുങ്ങുങ്ങുകയും ചെയ്യുന്ന ഒരുപാട് കൂട്ടായ്മകള്‍, സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ തമ്മില്‍ തല്ലും സമാന്തര പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍. ഇതെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനവും, വര്‍ഷാവര്‍ഷം ആവര്‍ത്തിച്ചു വരുന്ന ആഘോഷ പരിപാടികളും ചില ഗൃഹാതുര മത്സരങ്ങ ളിലും ഒതുങ്ങുന്നു എന്നതൊഴിച്ചാല്‍ ദൂരക്കാഴ്ചയോടെയുള്ള സമഗ്രവിഷനില്ല. ഇനി ഉണ്ടെങ്കില്‍തന്നെ അവ അവരവര്‍ തുരുത്തില്‍ മാതൃസംവിധാനങ്ങളുടെ വാലായോ പ്രത്യേക താത്പര്യങ്ങളുടെ മുരട്ടിലോ മാത്രമാകുന്നു. ആവര്‍ത്തനങ്ങളുടെ ഘോഷയാത്രയായി മാത്രം പ്രദര്‍ശന പരിപാടികളില്‍ അഭിരമിക്കുന്ന വലിയ കൂട്ടങ്ങള്‍ ബാക്കിയാകുന്നു.
പൊതുമുദ്യാവാക്യവും യോജിച്ച പ്രവര്‍ത്തനവും പ്രവാസി മലയാളിക്ക് പൊതുവേ ദഹിക്കാറില്ല. ജീവിതത്തിന്റെ മുക്കാല്‍ പങ്കും ഇവിടെ ചെലവഴിക്കുകയോ പലപ്പോഴും ഈ മണ്ണില്‍ ഒടുങ്ങേണ്ടി വരികയോ ചെയ്യുന്ന പ്രവാസിക്ക് അര്‍ഹതപ്പെട്ടവ നേടിയെടുക്കാനുള്ള ആത്മവിശ്വാസവും ദിശാബോധവും പകര്‍ന്ന് നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും പലപ്പോഴും പ്രവാസി സംഘടനകള്‍ ഒളിച്ചോടുകയാണ് ചെയ്യുന്നത്. ചെയ്യുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അവ ഒരനുഷ്ഠാനം പോലെ തുടരുന്ന കാഴ്ചയും ക്ഷന്തവ്യമല്ല. പ്രവാസി ഭാരതീയ ദിവാസും ലോക കേരള സഭയും ഇതിന് ഒന്നാന്തരം തെളിവാണ്.
ഇനി, കാക്കത്തൊള്ളായിരം സംഘടനകള്‍ ഉണ്ടെങ്കിലും ഇതിന്റെയൊന്നും ഭാഗമാകാതെ കഴിയുന്ന ഇഷ്ടം പോലെ മലയാളികള്‍ ഗള്‍ഫിലുണ്ട്. ഇവരാണ് മഹാ ഭൂരിപക്ഷവും. ഇവരിലെ സാമൂഹ്യ ബോധം ആരുണര്‍ത്തും എന്നത് വലിയ ചോദ്യ ചിഹ്നമാണ്. ഇത്തരക്കാര്‍ വിധേയമാകുന്ന പലവിധ ചൂഷണങ്ങള്‍ ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ന്നു വരാന്‍ ഇനിയും കാലമെടുക്കും. ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ് പ്രവാസികളിലെ അരാഷ്ട്രീയതയും തീവ്ര ദേശീയത ഇളക്കി വിട്ടുള്ള വര്‍ഗീയ പ്രവര്‍ത്തനങ്ങളും. പ്രവാസി പ്രശ്‌നങ്ങളെ ആഴത്തില്‍ സമീപിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും വേണ്ടത്ര പഠനങ്ങള്‍ നടക്കുന്നില്ല. അത് പ്രധാന ഉത്തരവാദിത്തമായി പ്രവാസി സംഘടനകള്‍ ഏറ്റെടുക്കുന്നുമില്ല. പ്രവാസി പ്രശ്‌നങ്ങള്‍ പൊതുവേയും സാംസ്‌കാരിക പ്രശ്‌നങ്ങള്‍ വിശേഷിച്ചും ചര്‍ച്ച ചെയ്യുന്ന ഒരു പുസ്തകം പോലും മലയാള ഭാഷയില്‍ ലഭ്യമല്ല എന്നത് അദ്ഭുതമാണ്. നൂറുകണക്കിന് സംഘടനകളും ആയിരക്കണക്കിനു സജീവ പ്രവര്‍ത്തകരും ഉണ്ടായിട്ടും പ്രവാസികള്‍ ഇപ്പോഴും വിഘടിതരും അസംഘടിത വര്‍ഗവുമാണെന്ന് വരുന്നതില്‍ വൈപരീത്യത്തിനെതിരാകട്ടെ ഗള്‍ഫിലെ ഇനിയുള്ള സംഘടനാ വിപ്ലവം.
കൃത്യമായ കുടിയേറ്റ നിയമമോ റിക്രൂട്ടിങ് ചട്ടമോ ഇന്ത്യക്ക് ഉണ്ടോ എന്നത് ചോദ്യമായി ശേഷിക്കുന്നു. അവ ഒരു പ്രധാന അജണ്ടയായി പ്രവാസി സംഘടനകളുടെ അവകാശ പോരാട്ടത്തിന്റ ഉള്ളടക്കം പുനഃക്രമീകരിക്കേണ്ടിയിരിക്കുന്നു. ഗള്‍ഫിലെത്തുന്ന ഔദ്യോഗിക സര്‍ക്കാര്‍ പ്രതിനിധികളോ സാമാജികരോ ഒക്കെ ഗള്‍ഫ് സന്ദര്‍ശന വേളയില്‍ കൂട്ടായ്മകളില്‍ നിന്നും സംഘടനാ പ്രതിനിധികളില്‍ നിന്നും വ്യക്തികളില്‍ നിന്നും സ്വീകരിച്ച നിവേദനങ്ങളുടെ ഒരു ശേഖരണം നടത്തിയാല്‍ മാത്രം ഇവയുടെ ആഴം ബോധ്യപ്പെടും. നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുക എന്നത് ഒരു സമരമുറയാണ്. എന്നാല്‍ അത് മാത്രമാകുന്നത് അപഹാസ്യവും.

Share this article

About ലുഖ്മാന്‍ വിളത്തൂര്‍

luqmanvilathur@gmail.com

View all posts by ലുഖ്മാന്‍ വിളത്തൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *