സംഘടനാവികസനം

Reading Time: 2 minutes

ആസൂത്രിത മാറ്റത്തിലൂടെ നേടിയെടുക്കാനാകുന്ന കാര്യക്ഷമതയും ശേഷിയുമാണ് വികസനം. വളര്‍ച്ച സ്വാഭാവികമാണ്. ഒന്ന് ഗുണപരവും മറ്റൊന്ന് അളവുപരവുമായി വകതിരിക്കാം.വ്യക്തിത്വ വികസനം എന്ന സംജ്ഞയും അതിന്റെ വിപുലതയും ആര്‍ക്കും ഒട്ടും അപരിചിതമാകില്ല. സംഘടനാവികസനം എന്നത്, സംഘടനയുടെ ആകെ സംവിധാനവും സഞ്ചാരവും രീതിശാസ്ത്രവും തന്ത്രങ്ങളും കരുതിക്കൂട്ടി മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെ ആശയ തലത്തിലും ഘടനാപരമായും ഉണ്ടാകുന്ന ശേഷി വര്‍ധനവും ഫലപ്രാപ്തിയുമാണ്. നേരിട്ടുള്ള പഠനവും വിലയിരുത്തലും ഈ വികാസത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ് എന്നത് പോലെ പ്രധാനമാണ് വിമർശനാത്മകമായ സമീപനവും അന്വേഷണവും. അതുപോലെ താരതമ്യവും പ്രതികരണങ്ങളും വികസന പ്രേരകങ്ങളാണ്.
അംഗങ്ങളുടെയും സം ബോധിതവിഭാഗത്തിന്റെയും സംതൃപ്തി അഥവാ ദാഹമുക്തിയാണ് വികസനത്തിന്റെ അളവുകോല്‍. ഒരു സംഘസംവിധാനം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ നാല് ഘടകങ്ങളെ സാധാരണ സൂചിപ്പിക്കാറുണ്ട്.അസ്ഥിരത(Volatility), അനിശ്ചിതത്വം (Uncertainty),സങ്കീര്‍ണത (Complexity), അവ്യക്തത(Ambiguity)-VUCA എന്നിവയാണവ. വിജയം അളക്കുന്ന രീതിയെ അനുസരിച്ചാണ് വികസനവും സംഭവിക്കുന്നത്. ആളും അര്‍ഥവും എന്ന പ്രയോഗം അന്വര്‍ഥമാക്കുന്നതാകണം അത്. സംഘടന ഉയര്‍ത്തിപ്പിടിക്കുന്ന, അല്ലെങ്കില്‍ സ്ഥാപിക്കുന്ന മൂല്യങ്ങളെയോ സംസ്‌കാരങ്ങളെയോ അനുസരിച്ച് വികസന ലക്ഷ്യങ്ങള്‍ മാറും. സ്വീകാര്യതയും ചുണയും അതില്‍ പ്രധാനമാണ്. മത്സരപരതയാണ് മറ്റൊന്ന്. ഇതേ ലക്ഷ്യം നേടാന്‍ സഹായിക്കുന്ന സവിശേഷമായ വിഭവങ്ങളും കഴിവുകളും സമ്മേളിക്കുന്ന മറ്റു സംഘങ്ങള്‍ ഉണ്ടാകുക എന്ന ആശയമാണ് മത്സരപരത. വ്യക്തിഗത വികസനം സംഘടനാപരമായ വികസനത്തിലെ അതിപ്രധാന ഘടകമാണ്. മുഖ്യമായി പെരുമാറ്റവും ആശയ വിനിമയവും പ്രകടനവും ആണ് ഒരു വ്യക്തിയില്‍ തെളിയേണ്ടത്. വ്യക്തികള്‍ വികസിച്ചുകഴിഞ്ഞാല്‍ പിന്നെ സംഘടനാപരമായ വികസനം മറ്റൊന്നല്ല.
സമ്പുഷ്ടിയാണ് ഒരര്‍ഥത്തില്‍ വികസനം. വേണ്ടവ ആവശ്യമായ അളവിലും അനുപാതത്തിലും യോജിക്കുക/നിറയുക എന്നതാണ് എൻറിച്ച്മെന്റിന്റെ ഒരു വശം. അത് അംഗങ്ങളിലും സംഘടനയില്‍ ആകെയും വേണം. സംഘടനാപരമായവികസനത്തില്‍ ഗ്രൂപ്പ് പ്രകടനങ്ങള്‍ കൂടി വരും. പ്രത്യേക സംഘടിത പ്രവര്‍ത്തനങ്ങള്‍ സംയോജിത പ്രഭാവത്തില്‍ നിര്‍വഹിക്കപ്പെടുക എന്നതാണ് ഇത്. ആന്തരിക പ്രക്രിയകളില്‍ ഗ്രൂപ്പ് ബന്ധം പ്രസക്തമാകുന്നതോടൊപ്പം ബാഹ്യഇടപെടലുകളില്‍ സംഘടനയെ സംബന്ധിച്ച് വ്യക്തിയില്ല എന്നതാണ് ഗ്രൂപ്പ് വ്യക്തിത്വത്തിന്റെ മര്‍മം. ഗ്രൂപ്പ് ബന്ധങ്ങള്‍ ശക്തിപ്പെട്ടാൽ ‍ദൗത്യനിര്‍വഹണത്തിന് ആശ്രയിക്കുന്ന പൊതു രീതികൾ കൂടിച്ചേരുമ്പോഴാണ് സഞ്ചാരങ്ങളില്‍ സംതൃപ്തി കൈവരിക. ഒരു ടീം എന്ന ബോധനിര്‍മിതിക്കും അതിനകത്തെ ആശ്വാസത്തിനും മാത്രമേ ആരോഗ്യകരമായ സംഘടനാ വികസനം സാധ്യമാക്കാന്‍ കഴിയൂ .
അഭ്യന്തര പെരുമാറ്റങ്ങള്‍ എന്നതോടൊപ്പം സഹോദര സംവിധാനങ്ങളും സംഘടനകളും ആയുള്ള ഇടപെടലും സമീപനവും സംഘടനാ വികസനത്തിന്റെ ഒഴിച്ചു കൂടാനാകാത്ത ത്വരകങ്ങളാണ്. സംഘടനയുടെ പ്രാഥമിക പരിഗണനയില്‍ ഉള്‍പ്പെടാത്ത മൂന്നാം കക്ഷിയോടുള്ള ഇടപെടലും ഈ ചര്‍ച്ചയിൽ വരേണ്ട ഘടകമാണ്. പലപ്പോഴും അന്തഃസംഘര്‍ഷം നേരിടുന്ന മേഖലയാണിത്. അതോടൊപ്പം പൊരുത്തക്കേടുകളെ കുറിച്ചുള്ള ആശങ്കകളും തുലനം ചെയ്യുമ്പോള്‍ എത്തിച്ചേരുന്ന ആശയകുഴപ്പങ്ങളുംനേരിടാന്‍ തക്ക വികസനമാണ് സാധ്യമാകേണ്ടത്.
പ്രശ്‌നങ്ങള്‍ തിരിച്ചറിയുക, അവ നേരിടുക, മുന്‍ഗണനകളും ലക്ഷ്യങ്ങളും നിരന്തരം നവീകരിക്കുക, അതിനായി അഭ്യന്തര സജീകരണം നടത്തുക, പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുക, അത് തന്നെ നിരന്തര പ്രക്രിയ ആക്കി മാറ്റുക എന്നതെല്ലാം സംഘടനാ വികസനത്തിന്റെ ഭാഗമാണ്. സംഘടനാ വികസന സങ്കല്പത്തില്‍ ഓപണ്‍ സ്‌പേസ് മീറ്റിങ് എന്ന ഘടകത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഒരു വലിയ സഞ്ചയത്തെ നേരിടുന്നതിനുള്ള/അഭിമുഖീകരിക്കുന്നതിനുള്ള പ്രാപ്തിയാണിത്. ഇവയോട് ചേര്‍ത്തുവായിക്കേണ്ട മേഖലയാണ്, സാങ്കേതിക പുരോഗതിക്കൊപ്പം നില്‍ക്കുക എന്നത്. കാലത്തിന്റെ സഞ്ചാര വേഗം അനുസരിച്ച് പോകാനായില്ലെങ്കില്‍ പുറംതള്ളപ്പെടും എന്നതാണ് ഈ ആശയത്തിന്റെ കാതല്‍. വികസനം എന്നത് അഡ്വാന്‍സ്ഡ് എന്നതിന്റെ ഭാഷാന്തരം ആകുമ്പോള്‍ പ്രത്യേകിച്ചും.
ഗുണനിലവാര വിലയിരുത്തലുകള്‍ക്ക് സ്വീകരിക്കുന്ന മാപിനികളെ സംബന്ധിച്ചും വികസ ആലോചനകളില്‍ കടന്നു വരേണ്ടതുണ്ട്. ആകെ സമൂഹത്തെയും കാലത്തെയും സംഘടനയുടെ ആത്യന്തിക ലക്ഷ്യത്തെയും മുന്നില്‍ കണ്ടുള്ള രൂപകല്പനകള്‍ ആണ് ആവശ്യം. ഇവയെല്ലാം കൂടി അംഗങ്ങളില്‍ ഉണ്ടാക്കുന്ന സമ്പുഷ്ടിയാണ് സംഘ വികസനം. മാര്‍ഗദര്‍ശനം, പരിശീലനം എന്നിവ വികസന ഘടകങ്ങളില്‍ പ്രധാനമാണ്. വൈവിധ്യം എന്നത് നവീകരണത്തിന്റെഏറ്റവും അവശ്യ ഉറവിടമാണ്. കഴിവുകളുടെ മൂര്‍ച്ച കൂട്ടലും അവയുടെ ശരിയായ പ്രയോഗവും വിവിധ വിഭാഗം സംബോധിതരെ ലക്ഷ്യം വെച്ചുള്ള പ്രവൃത്തി പഥം തീര്‍ക്കലും ഒക്കെയാണ് ഇതില്‍ പെടുക. അംഗങ്ങളുടെ ക്ഷേമകാര്യങ്ങളില്‍ ഇടപെടുകയും സാമൂഹിക പ്രവണതകളെ അഭിസംബോധന ചെയ്ത് ആരോഗ്യ തൊഴില്‍ ജീവിത സംതുലിതാവസ്ഥയുടെ പരിചരണവും ഈ രംഗത്ത് അത്യന്താപേക്ഷിതമാണ്. നിരന്തര മാറ്റമാണ് വികസനത്തിന്റെ മറ്റൊരു ഘടകം. ലയനങ്ങള്‍, പിളര്‍പ്പ്, സഖ്യ സംഘങ്ങളെ കണ്ടെത്തല്‍,തന്ത്രപരമായ ശൃംഖല സ്ഥാപിക്കല്‍ എന്നിവയിലൂടെയുള്ള വികസനത്തിന് വലിയ സാധ്യത പ്രബോധനവീഥിയില്‍ ഉണ്ട്.
ആസൂത്രണം, ദൂരക്കാഴ്ച, രൂപകല്പന, സാങ്കേതിക വിദ്യ, മനുഷ്യ ശക്തി ഉപയോഗം, മൂല്യ നിര്‍ണയം എന്നീ ഘട്ടങ്ങളിലൂടെ വ്യവസ്ഥാപിതമായിരൂപപ്പെടുത്തിയെടുക്കേണ്ട നിലവാരമാണ് വികസനം. അത് വ്യക്തിയിലും സംഘടനയും സംജാതമായാല്‍ നയനിലപാടുകളിലും സമീപനങ്ങളിലും പിഴവ് വരില്ല. മനുഷ്യവിഭവവും സംഘടനാവികസനവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഒരു പ്രത്യേക പഠനമേഖലയാണ്. സംഘടനയുടെ ദൗത്യം, കാഴ്ചപ്പാട്, മൂല്യങ്ങള്‍ എന്നിവയെ ആശ്രയിച്ചാണ് അവ നിലകൊള്ളുന്നത്. പുതുതായി പ്രവേശിക്കുന്നവരോടുള്ള ഒരു കരാറുണ്ടല്ലോ. അവിടെ പുതുമയുടെ അഭാവം ആകര്‍ഷണം സൃഷ്ടിക്കില്ല. സര്‍വേകള്‍, അഭിമുഖങ്ങള്‍, സോഷ്യല്‍ ഓഡിറ്റിങ് എന്നിവ വഴി സംഘടനയുടെ സഞ്ചാരത്തെ നിരന്തരം മൂല്യനിര്‍ണയം നടത്താൻ കഴിയണം. എല്ലാതരം വസ്തുതകളുടെ ശേഖരണവും അവയുടെ വിശകലനവും വികസന സന്നാഹത്തിന് ആവശ്യമാണ്. രഹസ്യാത്മകതയും ഭദ്രതയും സൂക്ഷിക്കാന്‍ കഴിയുക ഈ വികസന സങ്കല്‍പം പൂര്‍ണാര്‍ഥത്തില്‍ സാര്‍ഥകമാകുമ്പോഴാണ് മാറ്റത്തിന് വേണ്ടി നിലകൊള്ളുക എന്നത് മാത്രമല്ല അവപ്രചോദനാത്മകമായിരിക്കുക കൂടി വേണം. ഒരിക്കല്‍ സാധിച്ചെടുത്ത പരിവര്‍ത്തനം പരിപാലിക്കപ്പെടുന്നത് ആ ആക്കം നിലനിർത്താൻ കഴിയുമ്പോള്‍ മാത്രമാകും ■

Share this article

Leave a Reply

Your email address will not be published. Required fields are marked *