ഫലസ്തീന്‍-അയര്‍ലന്റ്; പോരാട്ടവും പിന്തുണയും

Reading Time: 2 minutes

1980കളുടെ അവസാനത്തിലാണ് എബ്രഹാം അല്‍ജമാല്‍ ഫെലാന്‍ ജന്മനാടായ പലസ്തീനില്‍ നിന്ന് അയര്‍ലന്റിലെ ഡബ്ലിനിലേക്ക് താമസം മാറുന്നത്. ഭക്ഷണം, സംസ്‌കാരം, ചരിത്രം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കഥകളും ഫലസ്തീനെ സംബന്ധിച്ചുള്ള അനുഭവങ്ങളും സാകൂതം കേള്‍ക്കുന്ന അനുകമ്പയുള്ള കുറേ മനുഷ്യരെ തന്റെ പലചരക്ക് കടയിലെത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിഞ്ഞു.
ഡബ്ലിന്‍, ജറുസലേമില്‍ നിന്ന് 4,000 കിലോമീറ്റര്‍ (2,485 മൈല്‍) അകലെയാണ്. പക്ഷേ കൊളോണിയലിസത്തിനും അടിച്ചമര്‍ത്തലിനും എതിരായ പോരാട്ടത്തിന്റെ ചരിത്രമാണ് ഇരുവരും പങ്കുവെക്കുന്നതെന്നതിനാല്‍, അയര്‍ലന്റ് ഫലസ്തീനുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്നു. ഫലസ്തീന്റെ പോരാട്ടം ഐറിഷ് ജനതയുടെ മനസില്‍ വളരെക്കാലമായി ആഴത്തില്‍ സ്വാധീനം ചെലുത്തിയ ഒന്നാണ്. രണ്ട് ജനതകള്‍ക്കിടയില്‍ ഒരു ചരിത്രപരമായ ബന്ധമുണ്ട്. മതം, വംശം, ഭൂമിശാസ്ത്രം എന്നിവക്ക് അതീതമായി ആ ബന്ധം അവര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. രണ്ട് ജനതകള്‍ക്കിടയില്‍ നിരവധി സമാനതകളുമുണ്ട്. ഐറിഷ്, ഫലസ്തീന്‍ പോരാട്ടങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചകള്‍ രൂപപ്പെടുന്നതായും കാണാവുന്നതാണ്.
ഫലസ്തീനിയന്‍ സമരങ്ങളെക്കുറിച്ചുള്ള ഐറിഷ് ധാരണ പോരാട്ട സമാനമായ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫലസ്തീനുമായി ബന്ധം സ്ഥാപിക്കാന്‍ അവരെ അനുവദിക്കുന്നതും ആ ധാരണ തന്നെയാണ്. ഈ പിന്തുണ ശരാശരി ഐറിഷ് പൗരന്‍ മുതല്‍ ഗവണ്‍മെന്റിലെയും പാര്‍ലമെന്റിലെയും അംഗങ്ങളും ഉദ്യോഗസ്ഥരും വരെ നീണ്ടുനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. കുറ്റകൃത്യങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇസ്രായേലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിലും അയര്‍ലന്റ് മുന്‍നിരയില്‍ തന്നെയാണ്.
1920കളിലും 1930കളിലും ജൂത അര്‍ധസൈനിക വിഭാഗമായ ഇര്‍ഗുന്‍, സ്റ്റെര്‍ണ്‍, ഹഗാന എന്നിവർ ഫലസ്തീന്‍ ജനതക്കെതിരെയും അവിടത്തെ ബ്രീട്ടീഷ് കൊളോണിയല്‍ ഭരണകൂടങ്ങള്‍ക്കെതിരെയും തിരിഞ്ഞ അവസരത്തില്‍ ഇസ്രായേലിനോടാണ് ഐറിഷ് കൂടുതല്‍ അനുഭാവം പ്രകടിപ്പിച്ചത്. ഐറിഷ് പൗരന്മാര്‍ ബ്രീട്ടീഷുക്കാര്‍ക്കെതിരായ തങ്ങളുടെ പോരാട്ടത്തെ ഫലസ്തീനിലെ ബ്രീട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിനെതിരായ ജൂത സമരങ്ങളുമായി തുലനം ചെയ്യുകയും സ്വയം നിര്‍ണയവകാശത്തിനായുള്ള സയണിസ്റ്റ് പോരാട്ടത്തിന് പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍ സയണിസ്റ്റ് ഭീകരസംഘടനകള്‍ ഫലസ്തീകളെ കൂട്ടത്തോടെ കുടിയിറക്കുകയും പുറത്താക്കുകയും 1948ല്‍ ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന്, ഇസ്രായേലിനോടുള്ള ഐറിഷ് ധാരണകള്‍ മാറാന്‍ തുടങ്ങി.
1922ല്‍ ആറു വടക്കന്‍ ഐറിഷ് പ്രവിശ്യകളെ ബ്രിട്ടീഷ് ഭരണത്തിന് കീഴിലാക്കി. ഈ വിഭജനം അയര്‍ലന്റ് പൗരന്മാര്‍ക്കിടയില്‍ വലിയ തര്‍ക്കവിഷയമായി. അയര്‍ലന്റ് ദ്വീപിന്റെ വിഭജനത്തിന് ഉത്തരവാദികളായി അവര്‍ ബ്രീട്ടീഷുക്കാരെയാണ് ഇന്നും പഴിക്കുന്നത്.
1919-1921 ഐറിഷ് സ്വാതന്ത്ര്യ യുദ്ധത്തില്‍, പുതിയ ഐറിഷ് റിപബ്ലിക്കന്‍ ആര്‍മി (ഐആര്‍എ)ക്കെതിരെ രാജ്യത്ത് തങ്ങളുടെ സേനയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ബ്രിട്ടനില്‍ നിന്നുള്ള 10,000 പേരടങ്ങുന്ന ബ്ലാക്ക് ടാന്‍സ് സൈന്യത്തെ വിന്യസിപ്പിച്ചു. നിരപരാധികളായ ഐറിഷ് സിവിലയന്മാര്‍ക്കെതിരായി ക്രൂരമായി അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തി. അനിയന്ത്രിതമായ അറസ്റ്റുകള്‍, വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, കൃഷിയിടങ്ങള്‍, കമ്യൂണിറ്റി സെന്ററുകള്‍ എന്നിവ കത്തിക്കുകയും ഐആര്‍എക്കെതിരായ പ്രതികാര നടപടി എന്ന രീതിയില്‍ സാധാരണക്കാരെ കൂട്ടത്തോടെ കൊല്ലുകയും ചെയ്തു. പിന്നീട്, ബ്ലാക്ക് ആന്‍ഡ് ടാന്‍സ് സൈന്യത്തെ ഫലസ്തീനില്‍ വിന്യസിച്ചു. ഫലസ്തീന്‍ സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താനായിരുന്നു അത്.
കിഴക്കന്‍ ജറൂസലേം, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവ ഇസ്രയേല്‍ പിടിച്ചെടുക്കുകയും സൈനികമായി കീഴടക്കുകയും ചെയ്ത 1967ലെ ആറ് ദിവസത്തെ യുദ്ധത്തിലെ വിജയത്തെത്തുടര്‍ന്ന് മാറിമാറി വന്ന ഇസ്രയേലി ഗവണ്‍മെന്റുകള്‍ നടപ്പിലാക്കിയ വര്‍ണവിവേചന നയങ്ങള്‍ക്ക് അയര്‍ലന്റിന്റെ വിഭജനത്തോട് സമാനതകള്‍ കണ്ടുതുടങ്ങി. ഫലസ്തീന്‍ ഭൂമിയും സൈനിക നിയമത്തിന് കീഴിലുള്ള ഫലസ്തീനികളും അനധികൃത അധിനിവേശവും അയര്‍ലന്റിലെ പലരെയും ബ്രിട്ടീഷുകാരുമായുള്ള അവരുടെ ഭയാനകമായ അനുഭവത്തെ ഓര്‍മിപ്പിച്ചു. തദ്ദേശീയ ജനങ്ങളില്‍ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബലപ്രയോഗത്തിലൂടെ സ്ഥാപിക്കപ്പെട്ട ഒരു നിയമവിരുദ്ധ രാഷ്ട്രത്തെ പോലെയാണ് ഇസ്രയേലിനെ അയര്‍ലന്റ് പൗരന്മാര്‍ കണ്ടത്.
ഐറിഷ് പൊതുജനാഭിപ്രായം ഇസ്രയേലിനെതിരെ തിരിഞ്ഞതോടെ അയര്‍ലന്റ് സര്‍ക്കാരിന്റെ നിലപാടും മാറി. ഇസ്രയേല്‍ സ്വാതന്ത്ര്യത്തെ അംഗീകരിച്ച അയര്‍ലന്റ് 1948ലെയും 1967ലെയും ദുരന്തങ്ങളെത്തുടര്‍ന്ന് ഫലസ്തീന്‍ അഭയാര്‍ഥികളുടെ ഗതിയെക്കുറിച്ച് ഗവണ്‍മെന്റ് കൂടുതല്‍ ആശങ്കാകുലരായിരുന്നു. ആറു ദിവസത്തെ യുദ്ധത്തെത്തുടര്‍ന്ന്, ഫലസ്തീനികളെ അവരുടെ മാതൃരാജ്യത്ത് നിന്ന് കൂട്ടത്തോടെ പുറത്താക്കുന്നതും കുടിയിറക്കുന്നതും ഐറിഷിന് മിഡില്‍ ഈസ്റ്റേണ്‍ നയത്തില്‍ കേന്ദ്രബിന്ദുവായി മാറി.
1973ല്‍ യൂറോപ്യന്‍ യൂനിയനില്‍ അയര്‍ലന്റ് ചേര്‍ന്നതു മുതല്‍, യൂറോപ്പിനുള്ളില്‍ ഫലസ്തീനിയന്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ ഐറിഷ് ഭരണകൂടം മുന്നിലാണ്. 1980ല്‍ ഫലസ്തീന്‍ രാഷ്ട്രം പുനഃസ്ഥാപിക്കാന്‍ ആഹ്വാനം ചെയ്ത ആദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ അംഗവും 1993ല്‍ ഡബ്ലിനില്‍ അവസാനമായി ഇസ്രയേലി റെസിഡന്‍ഷ്യന്‍ എംബസി തുറന്നതും ഐയര്‍ലന്റായിരുന്നു.
1993ലും 1995ലും ഓസ്ലോ ഉടമ്പടിയില്‍ ഒപ്പുവെച്ചതിനെത്തുടര്‍ന്ന്, മുന്‍ ഐറിഷ് വിദേശകാര്യ മന്ത്രി ബ്രയാന്‍ കോവന്‍ രണ്ടാം ഇന്‍തിഫാദയുടെ ഉയര്‍ച്ചയില്‍ പിഎല്‍ഒ നേതാവ് യാസര്‍ അറഫാത്തിനെ സന്ദര്‍ശിക്കുകയും “ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയത്തിനുള്ള പ്രതീക്ഷയുടെ പ്രതീകം’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തു. തന്റെ ജനങ്ങളെ നയിക്കാനുള്ള അറഫാത്തിന്റെ കഴിവില്‍ ഫലസ്തീനികള്‍ക്കിടയിലും അന്താരഷ്ട്ര സമൂഹത്തിലും വിശ്വാസം നഷ്ടപ്പെട്ടിട്ടും കോവന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വലിയ തോതില്‍ തന്നെ പ്രശംസിച്ചു. ഇസ്രായേലിന്റെ നിയമവിരുദ്ധമായ അധിനിവേശത്തെയും ഫലസ്തീന്‍ ഭൂമിയില്‍ തുടരുന്ന കുടിയേറ്റ കോളനിവത്കരണത്തെയും ലക്ഷ്യമിട്ട് ഐയര്‍ലന്റിലെ പ്രതിപക്ഷ പാര്‍ട്ടിയായ സിന്‍ ഫെയ്ന്‍ ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ നിരവധി നിയമങ്ങളും പ്രമേയങ്ങളും നിര്‍ദേശിക്കുകയും പാസാക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നൂറിലേറെ മനുഷ്യരെ കൊന്നൊടുക്കുകയും ഉപരോധിക്കുകയും ചെയ്ത ഗാസ മുനമ്പില്‍ ഇസ്രായേലിന്റെ ക്രൂരമായ 11 ദിവസത്തെ അക്രമണത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ ഒരു ബില്‍ അവതരിപ്പിച്ച് പ്രമുഖ നേതാവായ ജേണ്‍ ബ്രാഡി പറഞ്ഞു: “ഒരു രാജ്യമെന്ന നിലയില്‍ അസാധാരണമായ ഒരു രാഷ്ട്രവുമായി സാധാരണ ബന്ധം പുലര്‍ത്താന്‍ കഴിയില്ല, അന്താരാഷ്ട്ര നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയും തുടര്‍ച്ചയായി മനുഷ്യാവകാശ ലംഘനം നടത്തുകയും ചെയ്യുന്ന ഒരു രാഷ്ട്രമാണ് ഇസ്രയേല്‍.’
അധിനിവേശ പ്രദേശങ്ങളുടെ കാര്യം വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്ന് സിന്‍ ഫെയ്‌നിന്റെ വിദേശകാര്യ വക്താവ് ബ്രാഡി പറയുന്നു. വെസ്റ്റ് ബാങ്കിലെ അനധികൃത സെറ്റില്‍മെന്റുകളുമായി വ്യാപാരം നടത്തുന്നത് നിയമവിരുദ്ധമാക്കുന്നതിന് പ്രമേയം പാസാക്കുന്നത് സ്വാഗതാര്‍ഹമായ തുടക്കമാണെന്നും ഫലസ്തീനിലെ അധിനിവേശവും അടിച്ചമര്‍ത്തലും അവസാനിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം മുന്‍കൈയെടുക്കണമെന്നും അദ്ദേഹം വാദിച്ചു.
മറ്റ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുമായും പാശ്ചാത്യ രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍, ഫലസ്തീന്‍ സമരത്തെ പിന്തുണക്കുന്നതിലും സ്വയം നിര്‍ണയാവകാശത്തിനും സ്വാതന്ത്ര്യത്തിനുമുള്ള ഫലസ്തീന്റെ അവകാശത്തിനു വേണ്ടി നിലകൊള്ളുന്നതിനും അയര്‍ലാന്റ് വലിയ രീതിയില്‍ പിന്തുണ നല്‍കിവരുന്നുണ്ട്.
ഫലസ്തീന്‍ ജനതയോടുള്ള ഇവരുടെ സ്‌നേഹപ്രകടനവും കൊളോണിയല്‍ കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയതും ഫലസ്തീനികളുടെ ശക്തവും ഫലപ്രദവുമായ സഖ്യകക്ഷിയാക്കി ഇവരെ മാറ്റുന്നുണ്ട്.
പുരോഗതിയുണ്ടെങ്കിലും, വലതുപക്ഷവാദിയും ദേശീയവാദിയുമായ നഫ്താലി ബെന്നറ്റിന്റെ പുതിയ പ്രധാനമന്ത്രിപദത്തില്‍ കൂടുതല്‍ വഷളാകാന്‍ പോകുന്ന ഫലസ്തീന്‍ ജനതക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നത് വ്യക്തമാണ് ■

Share this article

About സ്വാദിഖ് ചുഴലി

swadiquechuzhali@gmail.com

View all posts by സ്വാദിഖ് ചുഴലി →

Leave a Reply

Your email address will not be published. Required fields are marked *