ചെസ്‌ബോര്‍ഡിലെ രണ്ടാം പകുതിയിലേക്കാണ് നിങ്ങള്‍ പോകുന്നത്‌

Reading Time: 4 minutes

പ്രവാസികളുടെ അതിജീവന വിചാരങ്ങളെ അതിവിദഗ്ധമായാണ് നെറ്റ് വർക്ക് മാർകറ്റിങ് ശക്തികൾ ചൂഷണം ചെയ്യുന്നത്. ക്യുനെറ്റ് അടക്കമുള്ള എംഎൽഎം
കമ്പനികൾ ഇരകളെ തേടി വിരിച്ചിടുന്ന വലകളെക്കുറിച്ച്.

“Second half of the Chessboard’ എന്നൊരു പ്രയോഗമുണ്ട്. നാളെ എന്തു സംഭവിക്കും എന്ന് ആലോചനയില്ലാതെ മോഹക്കണക്കുകളില്‍ സ്വയം മറന്ന് അബദ്ധത്തില്‍ ചെന്നുചാടുന്നവരെ സൂചിപ്പിക്കുന്നതാണീ പ്രയോഗം. എളുപ്പത്തില്‍ നടന്നുകയറാവുന്ന വഴികളിലൂടെ ദിവാ സ്വപ്‌നങ്ങളുടെ ഉന്മാദാവസ്ഥയില്‍ അലസരായി സഞ്ചരിക്കുകയാവും അവര്‍.
പാതിവഴി പിന്നിടുമ്പോള്‍ ആയിരിക്കും ഇനി നടന്നുകയറാനുള്ള ചെങ്കുത്തായ കയറ്റങ്ങളെ കുറിച്ച് ബോധം തെളിയുക. അപ്പോഴേക്കും തിരിച്ചുപോകാന്‍ കഴിയാത്ത ദൂരം അയാള്‍ പിന്നിട്ടുകഴിഞ്ഞിട്ടുണ്ടാവും. ചതുരംഗം തോറ്റുപോയ രാജാവിനോട് പാരിതോഷികമായി കുറച്ച് അരിമണികള്‍ ചോദിച്ചെത്തുന്ന കൗശലക്കാരനായ ഒരു ഗ്രാമീണന്റെ കഥയുണ്ട് ഈ പ്രയോഗത്തിന് പിന്നില്‍. സമ്മാനമായി എന്തു വേണമെന്ന് ചോദിക്കുന്ന രാജാവിനോട് വളരെ ലളിതവും വിചിത്രവുമായ ഒരാവശ്യമാണ് ഗ്രാമീണന്‍ ഉന്നയിച്ചത്. ചെസ് ബോര്‍ഡിലെ 64 കള്ളികള്‍ക്ക് ആനുപാതികമായി 64 ദിവസം രാജാവ് തനിക്ക് അരി നല്‍കണം. ഒന്നാമത്തെ ദിവസം ഒരു ചാക്ക് അരി. രണ്ടാം ദിനം രണ്ടു ചാക്ക്. മൂന്നാം ദിവസം നാലു ചാക്ക്. അങ്ങനെ ഓരോ ദിവസവും തൊട്ടു മുമ്പത്തെ ദിവസത്തിന്റെ ഇരട്ടി അരി നല്‍കണമെന്നതാണ് ഗ്രാമീണന്റെ ആവശ്യം.
നിസാരമായ ആവശ്യം കേട്ട രാജാവ് ഉടന്‍ തന്നെ അരി വിതരണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ ഉത്തരവിട്ടു. 1, 2, 4, 8, 16, 32.. ഈ ക്രമത്തില്‍ അങ്ങനെ മുന്നോട്ട് പോയപ്പോഴാണ് രാജാവിന് സംഗതിയുടെ കിടപ്പുവശം ബോധ്യപ്പെട്ടത്. പത്താം ദിവസമായപ്പോഴേക്കും 512 ചാക്ക് അരിയാണ് കൊടുക്കേണ്ടിയിരുന്നത്. ഇരുപതാം ദിവസം 16777216 ചാക്ക് അരി. മുപ്പത്തി രണ്ടാം ദിവസം ആയപ്പോഴേക്ക് രാജ്യത്തെ ധാന്യശേഖരം മൊത്തം തീരുന്ന അവസ്ഥ എത്തി. അറുപത്തി നാലാമത് കളം നിറയണമെങ്കില്‍ ആയിരം വര്‍ഷം ഭൂമിയില്‍ ഉല്പാദിപ്പിക്കുന്ന മൊത്തം അരി എത്രയാണോ അത്രയും വേണ്ടിവരും എന്ന നിലയില്‍ എത്തിയപ്പോള്‍ രാജാവ് ഗ്രാമീണനെ വിളിച്ചുവരുത്തി വീണ്ടും തോല്‍വി സമ്മതിച്ചു എന്നതാണ് കഥ.
Geometric Progress-ion, Exponential Growth ഇവയൊന്നും എന്തെന്നറിയാത്ത, കണക്കൊക്കെ അത്യാവശ്യം എനിക്കും അറിയാം എന്ന മിഥ്യാധാരണയില്‍ അഭിരമിക്കുന്ന രാജാവിന്റെ പ്രതിരൂപങ്ങളെയാണ് എം എല്‍ എം കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്ന “ലളിതവും ആകര്‍ഷകവുമായ’ നിബന്ധനകളില്‍ വീണുപോവുകയും ഒടുക്കം വഞ്ചിക്കപ്പെടുന്നു എന്ന് തിരിച്ചറിയുമ്പോഴേക്ക് ഊരിമാറ്റാനാവാത്ത കുരുക്കുകളില്‍ അകപ്പെട്ടു പോവുകയും ചെയ്തവരെ കാണുമ്പോള്‍ മനസില്‍ വരുന്നത്. ചെസ് ബോര്‍ഡിലെ രണ്ടാം പകുതി എത്തുമ്പോഴായിരിക്കും എംഎല്‍എം ചതി വലയങ്ങള്‍ക്കകത്താണ് താന്‍ പെട്ടുപോയിരിക്കുന്നത് എന്ന് ഒരാള്‍ മനസിലാക്കുന്നത്.
ഊതിപ്പെരുപ്പിച്ച പ്രതിഫല വാഗ്ദാനങ്ങളാണ് എംഎല്‍എം കമ്പനികള്‍ മുന്നോട്ടുവക്കുന്നത്. വലിയ അധ്വാനം കൂടാതെ ലക്ഷങ്ങള്‍ വരുമാനമായി ലഭിക്കുന്നു എന്നതാണ് സാധാരണക്കാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ക്യുനെറ്റ് മള്‍ട്ടി ലെവല്‍ കമ്പനികളുടെ ചതിവലയങ്ങളെ തുറന്നുകാട്ടി രിസാല വാരികയില്‍ വന്ന ലേഖനങ്ങളെ തുടര്‍ന്ന് പണവും മാനവും നഷ്ടപ്പെട്ടവര്‍ തങ്ങളുടെ വേദനകള്‍ തുറന്നെഴുതി രിസാലയില്‍ തന്നെ പങ്കുവെച്ച കുറിപ്പുകള്‍ ഇതിന് വലിയ ഉദാഹരണമാണ്. നൂറുകണക്കിന് പേരാണ് പ്രതികരണങ്ങളുമായി രംഗത്തു വന്നത്. പലതും കണ്ണീര് വറ്റുന്ന വേദനാനുഭവങ്ങള്‍. ഉള്ളതെല്ലാം പെറുക്കി വിറ്റും കെട്ടുതാലി പണയം വെച്ചും ക്യുനെറ്റില്‍ പണമേൽപിച്ചവരുടെ ഉള്ളു നോവുന്ന കദനകഥകള്‍. ഒരു ക്യു നെറ്റ് മാത്രമല്ല ഇവിടെ പ്രതികള്‍. കഴിഞ്ഞ മാസം എംഎല്‍എം ബിസിനസുകള്‍ നിരോധിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത് ശ്രദ്ധയില്‍ പെട്ടു കാണും. പിരമിഡല്‍ സ്ട്രക്ച്ചര്‍ സ്വീകരിക്കുന്ന, പരസ്പരം കണ്ണിചേര്‍ന്ന് പല തട്ടുകളിലായി ചെയിന്‍ രൂപപ്പെടുത്തി മുന്നോട്ടുപോകുന്ന കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നത്. ഡയറക്ട് സെല്ലിങ് കമ്പനികള്‍ എന്ന് പൊതുവെ പരിചയപ്പെടുത്തുന്ന ഇവരില്‍ ഏറിയ പങ്കും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് പകരം നെറ്റ്‌വർകില്‍ കണ്ണി ചേരാന്‍ എത്തുന്നവരുടെ വിശ്വാസ്യതയും സാമൂഹിക സ്വാധീനത്തെയുമാണ് വില്പനക്ക് വയ്ക്കുന്നത് എന്നതാണ് സത്യം.
ആംവേ, ആര്‍എംപി, ബിസേര്‍, ടൈക്കൂണ്‍, നാനോ എക്‌സല്‍, മോഡികെയര്‍, അജന്ത കെയര്‍, കോണി ബയോ, ഗുഡ്വോ.. തുടങ്ങി ഈ രംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നവരും തകര്‍ന്നുപോയവരുമായ ഒട്ടുമിക്ക കമ്പനികളും സമാനമായ രീതി തന്നെയാണ്

പിന്തുടരുന്നത്.
മൂന്നു കാര്യങ്ങളാണ് ഇത്തരം ബിസിനസുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന് ഏജന്റുമാര്‍ മുന്നോട്ടു വയ് ക്കുന്നതും അതേസമയം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാതെപോകുന്നതുമായ കമ്പനി സവിശേഷതകള്‍.

  1. നിങ്ങള്‍ മുടക്കുന്ന മുതലിനു പകരം ഹോള്‍സെയില്‍ വിലയില്‍ കമ്പനി ഉത്പന്നങ്ങള്‍ ലഭ്യമാകുന്നു എന്നത്. അത് നിങ്ങളെ സംബന്ധിച്ചിടത്തോളം ലാഭകരമായ ഏര്‍പ്പാടാണ്.
  2. ഇങ്ങനെ ലഭ്യമാകുന്ന ഉത്പന്നങ്ങള്‍ ചില്ലറ വിലയില്‍ നിങ്ങള്‍ക്ക് മാർകറ്റില്‍ വില്‍ക്കാം. അത് ലാഭം നേടാനുള്ള മറ്റൊരു വഴി.
  3. നിങ്ങള്‍ വഴി കമ്പനിയുടെ ബിസിനസില്‍ എത്തിപ്പെടുന്ന പുതിയ ആളുകള്‍ നടത്തുന്ന ബിസിനസുകളുടെ ലാഭവിഹിതം നിങ്ങള്‍ക്ക് ലഭ്യമാകുന്നു. ഇതാവട്ടെ നിങ്ങള്‍ക്ക് ഒരു അധികവരുമാനത്തിനുള്ള ഉപാധിയും.
    ഇക്കാര്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടാണ് അത്യാവശ്യം മതബോധമുള്ളവരെ കൂടി ഇവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നത്. പ്രത്യക്ഷത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഇല്ലാത്ത വിശ്വസനീയമായ ഒരു ബിസിനസ് സംരംഭമായി പ്രൊജക്റ്റ് നിങ്ങളുടെ മുമ്പാകെ അവതരിപ്പിക്കപ്പെടും. നിങ്ങളും കമ്പനിയും ഏര്‍പ്പെടുന്ന കരാറിലും ഇതേ വ്യവസ്ഥകള്‍ തന്നെയായിരിക്കും കാണിക്കുന്നത്. നിങ്ങള്‍ വില കൊടുത്തു വാങ്ങുന്ന ആദ്യ ഉത്പന്നത്തിന്റെ ഗുണനിലവാരത്തിലോ വിലയിലോ പരാതിയുണ്ടെങ്കില്‍ ഒരു മാസത്തിനുള്ളില്‍ തിരിച്ചെടുക്കുമെന്ന വ്യവസ്ഥയും അതില്‍ ഉണ്ടായേക്കും. എന്നാല്‍ അത്തരം വ്യവസ്ഥകള്‍ വായിച്ചുനോക്കാനോ അതുപ്രകാരം കാര്യങ്ങളുമായി മുന്നോട്ടു നീങ്ങാനോ നിങ്ങളെ അനുവദിക്കാറില്ല എന്നതാണ് എം എല്‍ എം ബിസിനസുകളില്‍ വഞ്ചിക്കപ്പെട്ടവരുടെ തുറന്നുപറച്ചിലുകളില്‍ നിന്നും നമുക്ക് ബോധ്യപ്പെടുന്നത്. നിലവാരമുള്ളതോ ഉപകാരമുള്ളതോ നല്‍കുന്ന വിലയുടെ മൂല്യമുള്ളതോ ആയ ഉല്‍പ്പന്നങ്ങള്‍ ഒന്നും തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന് മാത്രമല്ല പുതിയ ആളുകളെ ഡിസ്ട്രിബ്യൂട്ടര്‍മാരായി ഉള്‍പ്പെടുത്തുക വഴി ലഭിക്കുന്ന ലാഭവിഹിതങ്ങളെ കുറിച്ച് മാത്രമായിരിക്കും തുടര്‍ന്നുള്ള മീറ്റിംഗുകളില്‍ നിങ്ങളോട് അവതരിപ്പിക്കുന്നത്. എം എല്‍ എമ്മില്‍ കണ്ണി ചേരുന്ന(അവരുടെ ഭാഷയില്‍ ഡിസ്ട്രിബ്യൂട്ടര്‍മാരാവുന്ന) ഒരാള്‍ തന്റെ കയ്യിലുള്ള ഉത്പന്നം വിറ്റഴിക്കുന്നതിലല്ല, പകരം മറ്റൊരാളെ ബിസിനസിലേക്ക് ചേര്‍ക്കുന്നതിനായിരിക്കും അധ്വാനിക്കേണ്ടത് എന്ന് ചുരുക്കം. കച്ചവടം എന്നാല്‍ ഉത്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ വിറ്റഴിക്കല്‍ ആണല്ലോ. എന്നാല്‍ ക്യൂ നെറ്റ് ആവട്ടെ മറ്റു കമ്പനികള്‍ ആവട്ടെ ഡിസ്ട്രിബ്യൂട്ടര്‍മാരായ ഒരാളെയും ഇങ്ങനെ ഉത്പന്നം വിറ്റഴിക്കുന്ന ചില്ലറ വില്പനക്കാരന്‍ ആയി നമ്മള്‍ എവിടെയും കാണുന്നില്ല എന്നതാണ് ശരി.
    പൊതുവേ ഒരു ഡിസ്ട്രിബ്യൂട്ടര്‍ തന്റെ പ്രദേശത്ത്, തനിക്ക് സ്വാധീനമുള്ള ഇടങ്ങളില്‍ മറ്റൊരു വിതരണക്കാരന്‍ ഉണ്ടാകരുത് എന്നാണ് ആഗ്രഹിക്കുക. ഇവിടെ നേരെ മറിച്ചാണ് കാര്യങ്ങള്‍. കൂടുതല്‍ ചില്ലറവിൽപനക്കാരെ കണ്ടെത്തുന്നതിന് മറ്റൊരു ചില്ലറവിൽപനക്കാരന്‍ ശ്രമിക്കുന്നു എന്ന രസകരമായ സ്ഥിതിവിശേഷമാണ് എം എല്‍ എം ബിസിനസുകളുടെ പ്രവര്‍ത്തന ആശയം മറ്റൊന്നാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത്.
    അതായത് ഉത്പന്നങ്ങളുടെ വിപണി അല്ല മറിച്ച് തന്റെ വ്യക്തി സ്വീകാര്യതയുടെ വിപണിയാണ് എം എല്‍ എമ്മില്‍ ഒരാളെ മുന്നോട്ടു നയിക്കുന്നത് എന്ന് വ്യക്തം. നെറ്റ്‌വര്‍ക്ക് അംഗം ആവുന്നതോടെ നിങ്ങള്‍ ചെയ്യേണ്ടിവരിക നിങ്ങള്‍ക്ക് താഴെ രണ്ടുപേരെ കണ്ണിചേര്‍ക്കുക എന്നതാണ്. അപ്പോള്‍ നേരത്തെ പറഞ്ഞ ചതുരംഗകളങ്ങള്‍ പോലെ 4, 8, 16, 32 ആയി അത് പെരുകിവരും. അങ്ങനെ പെരുകിവരുന്തോറും നിങ്ങളുടെ ലാഭവിഹിതവും കുത്തനെ ഉയരും. ആദ്യ രണ്ട് കാര്യങ്ങളെ (മൊത്ത വിലക്ക് ഉത്പന്നങ്ങള്‍ ലഭ്യമാവുന്നു എന്നതും ചില്ലറ വിലക്ക് നിങ്ങള്‍ക്ക് വില്‍ക്കാം എന്നതും) അതോടെ നിങ്ങളുടെ ഉല്‍ക്കണ്ഠ അല്ലാതായി മാറുകയും പുതിയ ആളുകളെ ചേര്‍ക്കുന്നതില്‍, നെറ്റ് വര്‍ക്ക് വലുതാക്കുന്നതില്‍ മാത്രം നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഫലത്തില്‍ സംഭവിക്കുന്നത് ഇതൊന്നുമല്ല. മുപ്പത്തി രണ്ടാമത്തെ ലെവലില്‍ ലോകത്തെ മുഴുവന്‍ ജനസംഖ്യയും ഈ ബിസിനസില്‍ കണ്ണി ചേര്‍ന്നുകഴിഞ്ഞിരിക്കും. പിരമിഡ് സ്ട്രക്ചര്‍ ആയതുകൊണ്ടുതന്നെ മുകളില്‍ എത്തുന്നവര്‍ക്ക് മാത്രമാണ് ലാഭം കൂടുതല്‍ ലഭിക്കുന്നത്.
    ഏതു മാര്‍ഗേനയും താഴെ പുതിയ ആളുകളെ ചേര്‍ക്കുക മാത്രമാണ് കൂടുതല്‍ ലാഭം നേടാനുള്ള വഴി എന്ന് വരുന്നതോടെ വഞ്ചനയും കളവും ഈ ബിസിനസില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവ ആയി മാറുന്നു.
    രിസാലയിലെ ക്യൂ നെറ്റ് അനുഭവങ്ങള്‍ വിളിച്ചുപറയുന്നത് ഈ മേഖലയില്‍ ഏറ്റവുമധികം വഞ്ചിക്കപ്പെടുന്നത് പ്രവാസികളാണ് എന്നതാണ്. ജീവിതത്തിന്റെ സിംഹഭാഗവും അന്യനാട്ടില്‍ ഹോമിക്കപ്പെടുന്ന ഒരു ശരാശരി പ്രവാസിയുടെ വലിയ സ്വപ്‌നമാണ് റിട്ടയര്‍മെന്റ് ജീവിതം.
    വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി ജീവിച്ച് അവസാനം കുറെയധികം ജീവിതശൈലി രോഗങ്ങളും പേറി നാട്ടില്‍ മടങ്ങിയെത്തുന്ന, ഇനി ഏറെയൊന്നും ലഭിക്കാന്‍ ഇല്ലെന്ന ബോധ്യത്തില്‍ ആര്‍ക്കും ആവശ്യമില്ലാത്തവനായി മാറുന്ന, സര്‍വ സങ്കടങ്ങളും ഒറ്റക്ക് പേറി ശിഷ്ടകാലം തള്ളിനീക്കുന്ന ഒരു മെലിഞ്ഞ രൂപം പ്രവാസത്തിന്റെ പ്രതിരൂപമായി നമുക്കിടയില്‍ നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യം ആണല്ലോ. ഈ മെലിഞ്ഞ പ്രവാസിയില്‍ നിന്നും സ്വയാശ്രയനായ സംരംഭകന്‍ എന്നതിലേക്കുള്ള യാത്രയില്‍ കൂടുതല്‍ മൂലധനം സമാഹരിക്കുക എന്ന മിനിമം താല്പര്യം സ്വാഭാവികം മാത്രം. ജീവിതച്ചെലവുകള്‍ വെട്ടിച്ചുരുക്കി മുണ്ടു മുറുക്കിയുടുത്ത് മിച്ചം വയ്ക്കുന്ന ചെറിയ സമ്പാദ്യങ്ങള്‍ ഒരു സ്ഥിരവരുമാനത്തിലേക്ക് നീക്കിവെക്കണമെന്ന ആശയം പ്രവാസിയുടെ പൊതുബോധമായി രൂപപ്പെടുന്നത് അതുകൊണ്ടാണ്. ഈ അതിജീവന വിചാരങ്ങളാണ് നെറ്റ്‌വർക് മാർകറ്റിങ് ശക്തികള്‍ വിദഗ്ധമായി ചൂഷണം ചെയ്യുന്നത്.
    മദ്റസ അധ്യാപകരും മതരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ് ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു പ്രധാന വിഭാഗം. തട്ടിപ്പുശൃംഖലയിലെ ഏറ്റവും ബലമുള്ള കണ്ണികളായി ഇവരെ ഉപയോഗപ്പെടുത്താനാകും എന്നതു കൊണ്ടുതന്നെ ഇത്തരക്കാരെ നെറ്റ്‌വർകിന് അകത്തേക്ക് കൊണ്ടുവരാന്‍ നല്ല ശ്രമങ്ങള്‍ തന്നെ നടക്കുന്നുണ്ട്. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്ഥാനം, ആദരവ്, വിശ്വാസ്യത എല്ലാം വലിയ മൂല്യമുള്ള വിപണി സാധ്യതകള്‍ ആയതുകൊണ്ട് തന്നെ ഇങ്ങനെയുള്ളവര്‍ക്ക് ആകര്‍ഷകമായ പ്രത്യേക ഓഫറുകളും ലഭിക്കുന്നു.
    ഒരു ബിസിനസ് സംരംഭകന്‍ എന്ന അര്‍ഥത്തില്‍ പൊതുമധ്യത്തില്‍ കൂടുതല്‍ പേര് അറിയാതെ, കൂടുതല്‍ അധ്വാനമില്ലാതെ എന്നാല്‍ തങ്ങളുടെ സാമൂഹ്യ സ്ഥാനവും വിശ്വാസത്തെയും മാത്രം ഉപയോഗപ്പെടുത്തി വലിയ വരുമാനം നേടിയെടുക്കാം എന്നത് കൊണ്ട് തന്നെ ഇത്തരക്കാര്‍ എളുപ്പത്തില്‍ ഇവരുടെ ചതിവലയങ്ങളില്‍ കുടുങ്ങിപ്പോവുകയും ചെയ്യുന്നു.
    എം എല്‍ എം ബിസിനസുകളുടെ മതമാനം അത് നിഷിദ്ധമായി വരുന്നു എന്നതാണെന്ന ബോധ്യം ഉണ്ടായിരിക്കെ തന്നെ സാധ്യതകളുടെ ലൂപ് ഹോളുകള്‍ അന്വേഷിച്ച് അതിനെ ശരിപ്പെടുത്തി എടുക്കാനാണ് പലരും ശ്രമിക്കുന്നത്. ഒരിക്കല്‍ പെട്ടുപോയവര്‍ നഷ്ടമായ പണമെങ്കിലും തിരികെ ലഭിക്കുന്നതിന് വീണ്ടും തെറ്റായ വഴികളെ തന്നെ ആശ്രയിക്കുന്നതും കാണാം. എം എല്‍ എം വഴി പണം നഷ്ടമായ, വലിയ തോതില്‍ വഞ്ചിക്കപ്പെട്ട മനുഷ്യരുടെ നൂറുകണക്കിന് ഉദാഹരണങ്ങള്‍ മുമ്പില്‍ ഉണ്ടായിരിക്കെ “റിസ്‌ക് ഫാക്ടര്‍’ വളരെ കൂടുതലുള്ള ഒരു ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെടുന്നത് മറ്റു എല്ലാ പഴുതുകളും അനുകൂലമായി വന്നാല്‍ പോലും അനുവദനീയം എന്ന് പരിധിയില്‍ നിന്നും പുറത്തു പോകുന്നു എന്ന് മനസിലാക്കാന്‍ വലിയ പ്രയാസമില്ല. അപകടം പതിയിരിക്കുന്ന കച്ചവടങ്ങളെ പ്രവാചകന്‍(സ്വ) നിരോധിച്ചിരിക്കുന്നു എന്ന അബൂഹുറയ്‌റയുടെ(റ) വാക്യം ഇവിടെ ചേര്‍ത്തുവായിക്കണം. സുതാര്യവും ചൂഷണരഹിതവുമായ ധനാഗമന മാര്‍ഗങ്ങള്‍ മാത്രമേ മതം പ്രോത്സാഹിപ്പിക്കുന്നുള്ളൂ. നിഗൂഢവും വഞ്ചനാത്മകവുമായ പ്രവര്‍ത്തന രീതികള്‍ ഉള്ളവയെ അതുകൊണ്ടുതന്നെ ഇസ്‌ലാം കര്‍ശനമായി വിലക്കുന്നുണ്ട്. അദ്ഭുതകരമായ വിജയങ്ങള്‍ പ്രവചിക്കുന്നവയെ, അസാമാന്യ വളര്‍ച്ച ഉറപ്പുതരുന്നവയെ, അഭൂതപൂര്‍വമായ വരുമാനം ഓഫര്‍ ചെയ്യുന്നവയെ അങ്ങനെ സാമാന്യ കച്ചവടതത്വങ്ങള്‍ക്ക് നിരക്കാത്ത വാഗ്ദാനങ്ങളുമായി വരുന്നവയെ എല്ലാം കുറെക്കൂടി നിരൂപണ ബുദ്ധ്യാ സമീപിക്കുക എന്നത് തന്നെയാണ് ഇത്തരം ചതിവലയങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ഉള്ള ഏറ്റവും ലളിതമായ പോംവഴി ■
Share this article

About സി ആർ കുഞ്ഞുമുഹമ്മദ്

kmvalliad@gmail.com

View all posts by സി ആർ കുഞ്ഞുമുഹമ്മദ് →

Leave a Reply

Your email address will not be published. Required fields are marked *