‘നമ്മളാവണം’ എന്തുകൊണ്ടെന്നാല്‍..

Reading Time: 3 minutes

മനുഷ്യന്‍ ഒരു സാമൂഹികജീവി എന്ന നിലയ്ക്ക് എന്താണോ ആവേണ്ടത്, അതാവണമെന്ന പ്രതിജ്ഞയും ആഹ്വാനവുമാണ് “നമ്മളാവണം’ എന്ന പ്രമേയത്തിലൂടെ രിസാല സ്റ്റഡി സര്‍ക്കിള്‍ ഈ അംഗത്വകാലത്ത് ഉയര്‍ത്തിയത്. അത് സ്വന്തത്തോടുള്ള ഉള്ളുണര്‍ത്തലായും അപരനോടുള്ള അഭ്യര്‍ഥനയായും പ്രതിധ്വനിപ്പിക്കാനുള്ള ശ്രമം. കാരണം, ഓരോ മനുഷ്യജന്മവും യഥാര്‍ഥ മനുഷ്യന്‍ ആകേണ്ടതിന്റെ ആവശ്യകതയെ അരക്കിട്ടുറപ്പിക്കുന്നുണ്ട് കാലം. കേവല സ്വത്വപ്രശ്‌നം എന്ന നിലയില്‍ മാത്രമല്ല; നമ്മള്‍ നമ്മളായില്ലെങ്കില്‍ സംഭവിക്കാവുന്ന വൈയക്തിക സാംസ്‌കാരിക രാഷ്ട്രീയ വിശ്വാസ ധൈഷണിക പ്രത്യാഘാതങ്ങളെ മുന്‍നിര്‍ത്തിയുള്ള വിചാരങ്ങളിലൂടെയേ ഇതിനെ അഭിമുഖീകരിക്കാനാകൂ.
അതേസമയം “നമ്മള്‍’ പരിശ്രമത്തിന്റെ നിതാന്ത ജാഗ്രതയില്‍ ഓരോരുത്തരും പ്രതിനിധീകരിക്കുന്ന അടിസ്ഥാന ബഹുമുഖ സ്വത്വങ്ങളെ സത്തയില്‍ ബലപ്പെടുത്തേണ്ടി വരും. ആ അര്‍ഥത്തില്‍ അവയുടെ ആവിഷ്‌കാരങ്ങളെ പൂര്‍ണതയില്‍ എത്തിക്കുന്ന പൈതൃക-പാരമ്പര്യ ഘടകങ്ങള്‍ക്ക് കാവല്‍നിന്ന്, ശക്തമായ പിന്തുണ നല്‍കുന്നതാണീ പ്രമേയം. മനുഷ്യന് ചുറ്റും, പ്രത്യേകിച്ച് യുവതലമുറയെ വരിഞ്ഞിരിക്കുന്ന അവനവന്‍ തുരുത്തുകളുണ്ട്. ഇത്തരം കള്ളികളില്‍ സ്വയം നഷ്ടപ്പെടുന്ന ഓരോ ജീവിതത്തെയും വീണ്ടെടുക്കാന്‍ കഴിയുകയെന്നതാണ് മുഖ്യം. പ്രവാസം പലപ്പോഴും ഈയവസ്ഥയെ പരകോടിയിലെത്തിക്കുന്നു. പുതിയ സാങ്കേതികതയും ഭീകരമായ ഉള്‍വലിയലും അതിനു കാരണമാണ്.
പുതിയ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ “അവനവന്‍ ശരികളെ’ മാത്രം പുല്‍കിയഭിരമിക്കുന്ന ഒറ്റയാന്മാരുണ്ട്. സര്‍വതന്ത്ര സ്വാതന്ത്ര്യത്തിന്റെ പുരോഗമന ഭാഷ്യമാണ് അവരുടെ മൂലധനം. അവിടെ കെട്ടുബന്ധങ്ങളും കീഴൊതുങ്ങലുകളുമില്ലെന്നതാണ് വ്യാഖ്യാനം. ആ അവസ്ഥയുടെ അടിമകളായിപ്പോകുന്നതിലെ അവിവേകം അവര്‍ക്ക് തിരിച്ചറിയാനാകുന്നില്ല. സ്വയം കണ്ടെത്തുന്നതിനോ നമ്മള്‍ എന്ന സാമൂഹികബോധ മണ്ഡലം ആഗ്രഹിക്കുന്നതു പോലെയുള്ള സന്തുലിത പരിസരം ആര്‍ജിക്കുന്നതിനോ ഈ ഊളിയിടലിന് കഴിയുന്നുമില്ല. ഇത്തരം ഇടുങ്ങിയ, അവനവന്‍ പോലും ഇല്ലാതാകുന്ന അപകടകരമായ തുരുത്തുകളില്‍ നിന്നും “അവനവന്‍ ശരി’കളുടെ നൂല്‌പൊട്ടിയ കുത്തഴിയലില്‍ നിന്നും യുവതലമുറയെ വിശാല മാനവിക, പ്രകൃതിബോധത്തിന്റെ ഉദാത്തതയിലേക്ക് തിരിച്ചു വിളിക്കുകയാണ് സംഘടന. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നേരിന്റെ, നേട്ടങ്ങളുടെ, എല്ലാ നല്ലതിന്റെയും മുന്നില്‍ നമ്മളാവണമെന്ന ഉത്തരവാദിത്വ പ്രഖ്യാപനത്തിലൂടെ പ്രവാസി യുവതയെ അഭിമുഖീകരിക്കേണ്ടതിന്റെ അനിവാര്യതയില്‍ ഊന്നുകയാണ് ആര്‍എസ്‌സി. ഇവിടെ വളരുന്ന വിദ്യാര്‍ഥികളില്‍ ഉത്പാദിപ്പിക്കേണ്ട സാമൂഹിക വിചാരത്തിന്റെ സമരാശയങ്ങളെ അവരിലെത്തിക്കാനുള്ള പരിശ്രമവുമാണിത്.
സാമൂഹികവും വൈയക്തികവുമായ സ്വാസ്ഥ്യത്തിനും സുരക്ഷയ്ക്കും സ്വീകരിക്കാവുന്ന ഏറ്റവും ഉദാത്തമായ മാര്‍ഗമാണ് നമ്മള്‍ നമ്മളായിരിക്കുക എന്നത്. ഇത്, എല്ലാത്തരം പേടികളില്‍ നിന്നും ആധികളില്‍ നിന്നും സ്വതന്ത്രമാകാനും സന്ദേഹങ്ങളുടെ ലോകത്തുനിന്ന് മോചനം കൈവരിച്ച് സഞ്ചാരപഥം കൃത്യമാക്കാനും ഉപകരിക്കുന്നു. നമ്മള്‍ എന്താണെന്നും എന്തായിരിക്കണമെന്നും ഉള്ള കാഴ്ചപ്പാടില്‍നിന്നാണ് ഇത്തരമൊരു ജീവിതസംതൃപ്തിയുടെ തലം കൈവരിക. നമ്മള്‍ എന്ന സംഘടിതസ്വത്വം ആശ്രയിച്ചിരിക്കുന്ന ഘടകങ്ങളെക്കൂടി അറിഞ്ഞാല്‍ ആ നിലവാരത്തിലേക്ക് എത്തുക അത്ര കഠിനമാകില്ല.
ചിന്തകളും വികാരങ്ങളും പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍, പക്ഷേ ആത്യന്തികമായി ഒരാളുടെ തന്മയത്വം അയാള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന വസ്തുത പലപ്പോഴും മറക്കുന്നു. നമ്മെപ്പോലെ നാം മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവ് ആണ് ഇല്ലാതെ പോകുന്നത്. നമ്മള്‍ ചെയ്യേണ്ടത് ഏറ്റെടുക്കാന്‍ നമ്മള്‍ തന്നെയേ ഉള്ളൂ എന്നആശയത്തിന്റെ കാതല്‍ കണ്ടെടുക്കുമ്പോള്‍ അത് വിശാലമായ സാമൂഹിക വിചാരത്തിലേക്കുള്ള ചവിട്ടുപടിയാകും.
നമ്മെ നമ്മളല്ലാതാക്കുന്ന ചുറ്റുപാടുകളുടെ സ്വാധീനവും അവ ചെലുത്തിയ ആധിപത്യത്തിന്റെ വിസ്തൃതിയും വിശാലമാണ് ഇന്നെന്ന് പറഞ്ഞല്ലോ. ഈ ഗര്‍ത്തത്തില്‍ നിന്ന് പുറത്തുകടക്കാനാകാതെയാണ് പ്രത്യേകിച്ചും പുതുതലമുറയ്ക്ക് വയസാകുന്നത്. ഒരു പ്രത്യേക പ്രായത്തില്‍ ശരിയായ രീതിയില്‍ സ്‌നേഹം അനുഭവിക്കാന്‍ കഴിയാത്ത കുട്ടികള്‍ മുതിര്‍ച്ചയില്‍ ആ സ്‌നേഹവും ഹൃദയവായ്പുകളും മറ്റുള്ളവര്‍ക്ക് പകരാന്‍ ശേഷിയില്ലാത്തവരായിത്തീരുന്നു എന്ന നേര് വീണ്ടും ചര്‍ച്ചയാകുകയാണിവിടെ. ഞാനാണ് എല്ലാം എന്ന അഹംബോധം എത്തിക്കുക മൂല്യങ്ങളുടെ വരള്‍ച്ചയിലാണ്.
നമ്മള്‍ നമ്മളായി; നമ്മള്‍ ആഗ്രഹിക്കുന്ന നമ്മളായി മാറുക എന്നത് അടിസ്ഥാനപരമായി വ്യക്തിത്വവികസന ആശയമാണെങ്കിലും, ഇതുമൂലം സംഭവിക്കുന്നത് സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവും ആയ മാറ്റം ആയിരിക്കും. ഈ മാറ്റത്തിന്റെ ഗുണഭോക്താവ് സമൂഹമാകും എന്നതും പ്രസ്താവ്യമാണ്.
വളരെ ചെറുപ്പത്തില്‍ നമ്മള്‍ ഒന്നായ് നിന്ന സന്ദര്‍ഭങ്ങളോര്‍ത്തെടുത്താല്‍ ആശയം പിടികിട്ടും. ഒപ്പം നടക്കുന്നവര്‍ക്ക് വേണ്ടി ഒരേ ക്ലാസിലുള്ളവര്‍ക്കെതിരെ ഉണ്ടായ ഒന്നാകല്‍, ഒരു ക്ലാസുകാര്‍ അതേ സ്‌കൂളിലെ മറ്റു ക്ലാസുകള്‍ക്കെതിരെ നിലയുറപ്പിച്ചത്, സ്‌കൂളിനൊപ്പം നിന്ന് മറ്റ് സ്‌കൂളുകള്‍ക്കെതിരെ ഒന്നായത്.. വലുതായപ്പോഴും ഇത്തരം രൂപപ്പെടലുകള്‍ക്കെത്ര നാം സാക്ഷ്യം വഹിച്ചു. ആദ്യഘട്ടത്തില്‍ എതിര്‍ ചേരിയിലുണ്ടായിരുന്നവര്‍ മറ്റൊരു സന്ദര്‍ഭത്തില്‍ നമ്മളാകുന്ന കാഴ്ചകള്‍. ഒരു ക്ലാസിലുള്ളവര്‍ തന്നെ പല തട്ടുകളില്‍ ആയിരിക്കുമ്പോഴും മറ്റു ക്ലാസുകള്‍ക്ക് മുന്നില്‍ ഒന്നാകുന്ന അനുഭവം. ക്ലാസുകള്‍ തമ്മിലെ വേര്‍തിരിവ് മറ്റു സ്‌കൂളുകളോടാകുമ്പോള്‍ മാഞ്ഞില്ലാതാകുന്നവിധം ഏകമാകുന്ന കാഴ്ച. ഇത്ജീവിതത്തില്‍ എവിടെയും ദര്‍ശിക്കാനാവുന്ന ഒന്നാണ്.
ഇങ്ങനെ ഒരുമിക്കാന്‍ മനസ് വെമ്പിയിട്ടും മാറിനില്‍ക്കേണ്ടി വന്ന സന്ദര്‍ഭങ്ങളും ഇല്ലേ? അവിടെ ഒന്നാകലില്‍ നിന്ന്പുറകോട്ട് വലിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഈ വൈരുധ്യത്തെ മായ്ക്കുന്ന ഒന്നിലേക്ക് എത്തുക നാം നാമാവുമ്പോഴാണ്. അതായത് സമൂഹത്തിലെ ഞാനും നിങ്ങളും കരുത്താകുന്നത് പ്രത്യേകതരം നമ്മള്‍ബോധത്തിലൂടെയാണ്. രണ്ടു പേര്‍ക്കിടയില്‍ വ്യക്തിപരമായി അവര്‍ രണ്ടായി ശക്തിയാര്‍ജിക്കുന്നതോടൊപ്പം അവര്‍ ഒപ്പംചേര്‍ന്ന് പങ്കിടുകയും പോഷിപ്പിക്കുകയും ചെയ്യുന്ന മൂന്നാമതൊരു തന്മയാണ് നമ്മള്‍ ബോധം. ഇതിന്റെ ശക്തി ആ ബോധം സൃഷ്ടിക്കപ്പെട്ട വ്യക്തികള്‍ക്കിടയിലെ സന്നദ്ധത, ഔദാര്യം, സംവേദനക്ഷമത തുടങ്ങിയ ഏകോപന ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
ഇവിടെ നമ്മള്‍ നമ്മളാകുക എന്നിടത്താണ് രാഷ്ട്രീയ ശരിയുള്ളത്. നമ്മള്‍ ഒന്നാകുക എന്ന പ്രയോഗത്തില്‍ ചതിയുണ്ട്. സാംസ്‌കാരികമോ മതപരമോ രാഷ്ട്രീയമോ ആയ അതിരുകള്‍ മായ്ച്ച് മാനവിക ബോധത്തിന്റെ അഗാധതയവതരിപ്പിക്കുമ്പോള്‍ ഈ ആശയം മനസിലുണ്ടാകണം. ആഘോഷങ്ങളും ആരാധനയും ഉത്സവവും ആചാരങ്ങളും വേഷവും ഭാഷയും തനതായി നിലനില്‍ക്കുകയും ആ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിലാണ് ഉദാത്തത. ഏകമാനത ഐക്യപ്പെടുത്താനായിരിക്കില്ല, കലര്‍പ്പില്‍ മുതലെടുപ്പ് നടത്താനുള്ള കാപട്യത്തിന്റെതാണ്.
മതസൗഹാര്‍ദവും സാംസ്‌കാരിക പാരസ്പര്യവും ചര്‍ച്ച ചെയ്യുന്നിടത്തെല്ലാം ഈ ആശയം വ്യവച്ഛേദിച്ച് തിരിച്ചറിയാനാകുന്നിടത്താണ് നമ്മള്‍ ബോധത്തിന്റെ രാഷ്ട്രീയം മനസിലാകുക. ഇങ്ങനെ പരിശീലിപ്പിച്ചെടുക്കുന്ന നമ്മള്‍ ബോധം സ്വത്വസംഘട്ടനങ്ങളെ നിരായുധമാക്കാനും മനുഷ്യനിലെ ധന്യാത്മകത പുനരുജ്ജീവിപ്പിക്കാനും വഴി തുറക്കുന്നു.
നമ്മളാവണം എന്നതിന്റെ നേരെയുള്ള ഭാഷ്യം, നമ്മള്‍ എന്ന മനുഷ്യന്റെ ധര്‍മം തിരിച്ചറിഞ്ഞുകൊണ്ട് അതിനുവേണ്ടി പണിയെടുക്കുകയും ഒച്ചവെക്കുകയും ചെയ്യണമെന്നതാണ്. നമ്മള്‍ ബോധത്തെ ഉണര്‍ത്താതെ മനുഷ്യന്‍ എന്ന ആശയം സംരക്ഷിക്കപ്പെടുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യന് ഒറ്റക്ക് സംപൂജ്യനാകുക സാധ്യമല്ലെന്ന്.
മനുഷ്യേതര ജീവികള്‍ കൂട്ടായജീവിതം നയിക്കുന്നുണ്ടെങ്കിലും മനുഷ്യവര്‍ഗത്തിന് സമാനമായ തരത്തിലുള്ള സഞ്ചിത സാംസ്‌കാരികവല്‍കരണവും സാമൂഹിക സ്ഥാപനങ്ങളും അവര്‍ക്കില്ല. സാമൂഹിക ചേരലിന്റെ ഉപോല്‍പന്നങ്ങളായ കല, സാഹിത്യം, നിയമം, സര്‍ക്കാര്‍, മതം, രാഷ്ട്രം എല്ലാം മനുഷ്യനുള്ളതാണ്. ഇവയുടെ നിലനില്‍പും പോഷണവും മനുഷ്യന്റെ “വി-നെസ്സ്’എന്ന തലത്തെ ആശ്രയിച്ചാണുള്ളത്. അത് ഒരു കുഴഞ്ഞ കൂട്ടുജീവിതമോ കൂട്ടംതെറ്റിയ തുരുത്തോ ആകാതിരിക്കുന്നതും നമ്മള്‍ബോധം കൊണ്ടാണ്.
ചുരുക്കത്തില്‍ നിലപാടും നിലവാരവുമുള്ള രാഷ്ട്രീയ, ധൈഷണിക ശേഷി ആര്‍ജിച്ചെടുത്ത് നടത്തുന്ന പൊതു സാംസ്‌കാരിക ജീവിതത്തിന്റെ പുലര്‍ച്ചയും പാരമ്പര്യമാതൃകകളെ പുനരവതരിപ്പിക്കേണ്ടതിന്റെ കാലിക പ്രാധാന്യത്തിലൂന്നിയ ചുവടുവെയ്പുകളുമാണ് നമുക്ക് ഈ സന്ദേശ വാചകത്തിലൂടെ പ്രകാശിപ്പിക്കാനുള്ളത് ■

Share this article

About സിറാജ് മാട്ടിൽ

sirajmattil@gmail.com

View all posts by സിറാജ് മാട്ടിൽ →

Leave a Reply

Your email address will not be published. Required fields are marked *