അറിഞ്ഞു ചെയ്യേണ്ടതാണ് ആകാശയാത്ര

Reading Time: 7 minutes

ലുഖ്മാന്‍ വിളത്തൂര്‍

പാസ്പോര്‍ട്ടും ടിക്കറ്റുമൊക്കെ എടുത്തല്ലോ അല്ലേ… യാത്ര പുറപ്പെടാന്‍നേരം മുതിര്‍ന്നവരോ കൂട്ടുകാരോ ബന്ധുക്കളോ ഒക്കെ ഉയര്‍ത്തുന്ന ആവര്‍ത്തനവിരസതയുടെ വാര്‍ധക്യംപൂണ്ട ചോദ്യമാണിത്. പക്ഷേ, അങ്ങനെയൊരു ചോദ്യം ഉയരാത്ത പലഘട്ടങ്ങളിലും പണിപാളിയവരുണ്ട്. പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് എന്നാല്‍ അത്രമേല്‍ യാത്രയുടെ എല്ലാമാണ്. ബിസിനസ്, വര്‍ക്ക് ട്രിപ്പുകള്‍ക്കായി നിരന്തരം യാത്ര ചെയ്യുന്ന ചെറുവിഭാഗമൊഴികെയുള്ളവര്‍ക്കെല്ലാം വിമാനടിക്കറ്റില്‍ തുടങ്ങുന്ന യാത്രയുമായി ബന്ധപ്പെട്ട ഘട്ടങ്ങളെല്ലാം അതിപ്രധാനമാണ്. പലവട്ടം ഉറപ്പുവരുത്തിയും തയാറെടുത്തും നിര്‍വഹിക്കുന്ന ചടങ്ങുകള്‍ കണക്കേയുള്ള കാര്യങ്ങളാണവ. മാനസികമായ പിരിമുറക്കങ്ങളും ആശയക്കുഴപ്പങ്ങളും ആധികളും ബാധിക്കുന്ന ഒരുഘട്ടംകൂടിയാണിത്.
വീണുകിട്ടുന്ന അവധിയില്‍ നാട്ടിലെത്താനുള്ള തിടുക്കം, പരമാവധി അവധി അടിച്ചുപൊളിച്ച്, ജോലി നഷ്ടപ്പെടാതെ തിരിച്ചെത്താനുള്ള തത്രപ്പാട്, നാട്ടിലെത്തുന്നതിന്റെ ആഹ്ലാദം, മടങ്ങിവരുന്നതിന്റെ സങ്കടം തുടങ്ങി ചെറുതും വലുതുമായ വികാരങ്ങളും അശ്രദ്ധയും അമളികളും ഉണ്ടാക്കുന്ന സാമ്പത്തിക, സമയ നഷ്ടാനുഭവങ്ങളും നിരവധി. നിരന്തരയാത്ര നടത്തുന്നവര്‍പോലും അര്‍ഹമായ സൗകര്യങ്ങളെക്കുറിച്ചോ ലാഭകരമായ രീതികളെപ്പറ്റിയോ ബോധവാന്മാരല്ല. യാത്രാ വേളകളിലെ അബദ്ധങ്ങളെയും പ്രതിബന്ധങ്ങളെയും താത്കാലികമായി മറികടക്കാനോ അവഗണിക്കാനോ ആണ് പലരും ശ്രമിക്കുക. ഒരിക്കല്‍ പറ്റിയതു ആവര്‍ത്തിക്കുന്നു. മുന്‍കരുതലുകളോ അന്വേഷണങ്ങളോ ഇല്ലാതെ സ്വയം തീരുമാനമെടുത്ത് പടുകുഴിയില്‍ വീഴുന്നതും ഒരിക്കല്‍ കിട്ടിയ അനുഭവമോ പഴുതോ ഇനിയും ലഭിക്കാമെന്നത് അവകാശമായി കൊണ്ടുനടക്കുന്നവരുമുണ്ട്. അറിവും അവബോധവും പലവട്ടം പരിചയവും ഉള്ളവര്‍ക്കുപോലും അടിപതറുന്ന വിമാന യാത്രാനുബന്ധ കാര്യങ്ങള്‍, പ്രത്യേകിച്ച് ടിക്കറ്റില്‍ കേന്ദ്രീകരിക്കുന്ന നിയമങ്ങളും രീതികളും ഓര്‍മപ്പെടുത്തുകയാണ് പ്രവാസി രിസാല. സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാവുന്ന നിര്‍മിത ഓര്‍മകള്‍ക്കായി.

പൊടുന്നനെ പോയാല്‍ പോക്കറ്റ് കീറും
യാത്രാ ഒരുക്കത്തിന്റെ സാങ്കേതിക കാര്യങ്ങള്‍, ടിക്കറ്റ് അന്വേഷണം മുതലാണ് തുടങ്ങുന്നതെങ്കിലും യാത്രാകാലവും സമയവും (സീസണ്‍) നിശ്ചയിക്കുന്നത് മുതല്‍, എത്ര നേരത്തേ ടിക്കറ്റ് നോട്ടം തുടങ്ങണമെന്നത് വരെ പ്രസക്തമാണ്. വാര്‍ഷിക/സാധാരണ അവധിക്ക് നാട്ടിലേക്ക് പോകുന്നവരും തിരിച്ചു വരുന്നവരും അവധിക്കാലത്തെക്കുറിച്ച് ഏകദേശ ധാരണയുള്ളവരായിരിക്കും. കമ്പനി ജോലിക്കാരായ അധികപേര്‍ക്കും കൃത്യമായ പ്രീ ഷെഡ്യുള്‍ തന്നെയുണ്ടാകും. സ്വയംതൊഴില്‍ നോക്കുന്നവരും സംരംഭകരും യാത്രാകാര്യങ്ങള്‍ സ്വയം തീരുമാനിക്കുന്നവരാകയാല്‍ പോക്കിന്റെ സമയം ഒരു പ്രശ്നമല്ല. എന്നാല്‍, കമ്പനി ജീവനക്കാര്‍ അവധി അപേക്ഷ സമര്‍പ്പിക്കുന്നതും സ്വയംസംരംഭകര്‍ നാട്ടില്‍ പോകൊനൊരുങ്ങുന്നതും നേരത്തേ നിശ്ചയിക്കുകയും വിമാനയാത്രാ നിരക്ക് കുറവുള്ള സമയം തിരഞ്ഞെടുക്കുകയും ചെയ്താല്‍, അബദ്ധങ്ങളും നഷ്ടങ്ങളും സംഭവിക്കാതെ ആദ്യകടമ്പ കടക്കാം. ചുരുങ്ങിയത് മൂന്നു മാസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാനായാല്‍ പണലാഭം മാത്രമല്ല, മാനസിക പിരിമുറക്കത്തില്‍ നിന്നുള്ള രക്ഷ കൂടിയാണ്.
സ്‌കൂള്‍ അവധി, പെരുന്നാള്‍, ക്രിസ്മസ് പോലുള്ള ആഘോഷ വേളകളിലാണ് വിമാനയാത്രാ നിരക്ക് കുത്തനെ ഉയരുക. ഈ തിരക്കുകാലം നേരത്തേ അറിയാവുന്നതിനാല്‍ അതിനനുസരിച്ച് നേരത്തേ ടിക്കറ്റെടുക്കാന്‍ സാധിച്ചാല്‍ വലിയ തുകയാണ് ലാഭിക്കാന്‍ സാധിക്കുക. കുടുംബസമേതം യാത്ര ചെയ്യുന്നവര്‍ക്ക് അവധിക്കാല നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മടക്ക ടിക്കറ്റുകള്‍ നരേത്തേ എടുക്കുന്നതുവഴി ലക്ഷങ്ങള്‍ തന്നെ മിച്ചംവെക്കാനാകും. പെട്ടെന്ന് പ്രഖ്യാപിക്കുന്ന ഭാഗ്യ ഓഫറുകള്‍ നഷ്ടപ്പെടുമെന്നതേ നേരത്തേയുള്ള ബുക്കിങില്‍ പ്രശ്‌നമുള്ളൂ.

ടിക്കറ്റ് സെര്‍ച്ച് /പര്‍ച്ചേസ്
നേരത്തേ ടിക്കറ്റ് എടുക്കുന്നതിന്റെ സാമ്പത്തിക മെച്ചമോ അബദ്ധം പിണയാതിരിക്കാനുള്ള മുന്‍കരുതലോ ഒന്നും അല്ലാതെതന്നെ ചിലരുടെ പൊറുതികേട് കൊണ്ട് രണ്ടോ മൂന്നോമാസം മുമ്പേ ടിക്കറ്റ് തിരച്ചിലോ ചര്‍ച്ചയോ നടത്തുന്നവരുണ്ട്. ഇവരെ സുഹൃത്തുക്കളും സഹവാസികളും ചേര്‍ന്ന് കൊന്നുതിന്നും. തലേദിവസവും യാത്ര പുറപ്പെടുന്നതിന്റെ, നാലഞ്ചു മണിക്കൂര്‍ മുമ്പുമൊക്കെ ടിക്കറ്റ് ലഭ്യമാകുന്നതിന്റെ പുരോഗമനവും ഇവര്‍ വിളമ്പും. എന്നാല്‍ ടിക്കറ്റ് സെര്‍ച്ചിംഗ് മുന്‍കൂട്ടി നടത്താത്തതിന്റെ ഭീമാബദ്ധങ്ങള്‍ നിരവധിയാണ്.
സുഹൃത്തുക്കളുടെയും അനുഭവസ്ഥരുടെയും മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും തേടുക എന്നതിനൊപ്പം പ്രധാനമായും രണ്ടു വഴിയാണ് ടിക്കറ്റ് സെര്‍ച്ചിംഗിനുള്ളത്. ട്രാവല്‍ ഏജന്‍സി മുഖേനയും ഓണ്‍ലൈനില്‍ നേരിട്ടും. ഇതില്‍ ഒറ്റ വഴിയാണ് തിരഞ്ഞെടുക്കാന്‍ നല്ലതെന്ന് പറയാനാകില്ല. ഏജന്‍സികളില്‍ തന്നെ നേരിട്ട് എയര്‍ലൈന്‍ ലിങ്ക് ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. ഓണ്‍ലൈനിലും എയര്‍ലൈനുകളുടെ സ്വന്തം പോര്‍ട്ടലുകളും തേര്‍ഡ് പാര്‍ട്ടി പോര്‍ട്ടലുകളും ഉണ്ട്. ഒട്ടുമിക്ക എയര്‍ സര്‍വീസുകളുടെയും അഗ്രിഗേഷന്‍ ലഭ്യമാകുന്ന പൊതു സംവിധാനങ്ങളുമുണ്ട്. ഓണ്‍ലൈന്‍ വിപണിയില്‍ ഇതിനകം ചുവടുറപ്പിച്ച വന്‍കിട സേവനദാതാക്കളുണ്ടെങ്കിലും ദിനംപ്രതി പൊട്ടിമുളക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഇവരില്‍ പ്രവര്‍ത്തനപരിചയം നേടിയ ട്രാവല്‍ ഏജന്റുമാരാണോ എന്നതാണ് തിരഞ്ഞെടുപ്പില്‍ പ്രധാനമാകേണ്ടത്. ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ അതിനെകുറിച്ചുള്ള ഉപയോഗജ്ഞാനവും.

ട്രാവല്‍ ഏജന്‍സികള്‍
ഏജന്‍സികളുടെ സേവന തുക കൂടി ചേരുമ്പോള്‍ മിക്കപ്പോഴും ഓണ്‍ലൈന്‍ നിരക്കിനെക്കാള്‍ കുറച്ചു കൂടുതല്‍ ഏജന്‍സികളില്‍ നല്‍കേണ്ടി വരും. എന്നാല്‍, ടിക്കറ്റെടുത്തതിനുശേഷം ലഭിക്കുന്ന സേവനങ്ങളും സൗകര്യങ്ങളും പരിഗണിക്കുമ്പോള്‍ ഏജന്‍സി വഴി ടിക്കറ്റെടുക്കുന്നതാണ് സാധാരണക്കാര്‍ക്ക് സൗകര്യപ്രദമെന്ന് ട്രാവല്‍സ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ട്രാവല്‍ ഏജന്‍സികള്‍ അംഗീകൃതവും നേരിട്ട് വിമാനക്കമ്പനികളുമായി ലിങ്കുമുള്ളവയുമാണെന്ന് ഉറപ്പുവരുത്തിയാല്‍ പലപ്പോഴും ഓണ്‍ലൈനില്‍ ലഭിക്കാത്ത ഓഫറുകള്‍ ഉള്‍പ്പെടെ ഏജന്‍സികളില്‍ ലഭിക്കും. ബജറ്റ് വിമാനങ്ങളിലൊഴികെ 24 മണിക്കൂറിനകം ടിക്കറ്റ് റദ്ദാക്കാനുള്ള അവസരം, പേരോ വിലാസമോ മാറിയില്‍ തിരുത്താനുള്ള അവസരം, തുടങ്ങിയ ആനുകൂല്യങ്ങളും ഏജന്‍സികളില്‍നിന്നു ലഭിക്കുന്നു. കുറഞ്ഞ സംഖ്യ അധികം കൊടുത്താല്‍ ബജറ്റ് വിമാനങ്ങളിലും ഇത്തരം ആനുകൂല്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. പ്രവൃത്തി പരിചയവും മേല്‍വിലാസവുമുള്ള ഏജന്‍സികളില്‍നിന്ന് ടിക്കറ്റെടുക്കുന്നതാണ് സാധാരണക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം. ഇപ്പോള്‍ ഏജന്‍സികളും കാര്‍ഡ് പേയ്മെന്റുകള്‍ക്ക് അവസരമൊരുക്കുന്നതിനാല്‍ അത്തരം പ്രശ്നങ്ങളുമില്ല. പ്രളയം, ഇപ്പോള്‍ കൊറോണ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ടിക്കറ്റ് കാന്‍സലേഷനും തിയതി മാറ്റവും വരുമ്പോഴെല്ലാം വിമാന കമ്പനികള്‍ പ്രത്യേക ആനുകൂല്യങ്ങളും അവസരങ്ങളും പ്രഖ്യാപിക്കും. ട്രാവല്‍ ഏജന്‍സികള്‍ മുഖേന ഇവ ലഭിക്കുമ്പോള്‍ ഉപഭോക്താവിന് നേരിട്ട് എയര്‍ലൈന്‍മായി ബന്ധപ്പെടുന്നത് ഒഴിവാക്കാനാകും. ഉപഭോക്താക്കള്‍ക്ക് ലാഭകരമായ ഓപ്ഷനുകളും സേവനങ്ങളും നല്‍കാന്‍ ഏജന്റുമാര്‍ ശ്രദ്ധിക്കാറുണ്ട്. വിമാനങ്ങളില്‍ ടിക്കറ്റ് നിരക്ക് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ്. വിമാനങ്ങള്‍ സീറ്റ് കാലിയാക്കി സര്‍വീസ് നടത്തുന്നത് ഒഴിവാക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. അതിനാല്‍ നേരത്തേ ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റുകള്‍ വില്‍പന നടത്തിയ വിമാനത്തില്‍ യാത്രാദിവസം അടുത്തുവരുമ്പോള്‍ നിരക്ക് ഗണ്യമായി കുറയാറുണ്ട്. ഈ ഘട്ടത്തില്‍ നേരത്തേയെടുത്ത ടിക്കറ്റ് റദ്ദാക്കി പുതിയ ടിക്കറ്റെടുത്താല്‍ പോലും ചിലപ്പോള്‍ ലാഭകരമായിരിക്കും. ഇത്തരം സേവനങ്ങള്‍ ലഭിക്കുക ട്രാവല്‍ ഏജന്‍സികളില്‍നിന്നാണ്. ബാര്‍ബര്‍ മുതല്‍, ജ്വല്ലറി പര്‍ച്ചേസിനുവരെ വിശ്വസ്തമായ സ്ഥാപനങ്ങളെ സ്ഥിരമായി ആശ്രയിക്കുന്നതുപോലെ യോഗ്യതയുള്ള ഒരു ട്രാവല്‍ ഏജന്റിനെ സ്ഥിരമായി ഉപയോഗിച്ചാല്‍ അത് ആത്യന്തികമായി സുരക്ഷിതവും ലാഭകരമായിരിക്കും. ഓണ്‍ലൈന്‍ ടിക്കറ്റ് പര്‍ച്ചേസില്‍ അറിവില്ലായ്മകൊണ്ട് തുക നഷ്ടപ്പെടുകയും മികച്ച സേവനം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അനുഭവങ്ങള്‍ നിരവധിയുണ്ട്. അതുകൊണ്ടുതന്നെ ട്രാവല്‍ ഏജന്‍സികളുടെ ഉപയോഗം ഇപ്പോള്‍ വര്‍ധിച്ചുവെന്നാണ് എയര്‍ലൈനുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

ഓണ്‍ലൈന്‍ പര്‍ച്ചേസ്
നമ്മുടെ ഇഷ്ടാനുസരണം സ്വന്തം പേയ്മെന്റ് നടത്തി ടിക്കറ്റെടുക്കാമെന്നതാണ് ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ പ്രധാനഗുണം. ഓഫറുകള്‍ നോക്കിയും താരതമ്യം ചെയ്തും എടുക്കാനറിയണം. ഓഫറുകള്‍ എയര്‍ലൈന്‍ പ്രഖ്യാപിക്കുന്നതും പര്‍ച്ചേസ് പോര്‍ട്ടലുകള്‍ പ്രഖ്യാപിക്കുന്നവയുമുണ്ട്. പലപ്പോഴും ട്രാവല്‍ ഏജന്‍സി നിരക്കുകളെക്കാള്‍ കുറവ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്കായിരിക്കും. ടിക്കറ്റെടുക്കുന്ന പോര്‍ട്ടല്‍ എന്നതുപോലെതന്നെ മുഖ്യമാണ് സെര്‍ച്ച് എന്‍ജിന്‍ ഏത് മോഡിലാണെന്നതും. കുക്കീസുകളും സെര്‍വര്‍പ്രശ്നങ്ങളും കാരണം ദൃശ്യമാകുന്ന വിവരങ്ങള്‍ യാന്ത്രികമാണോ അപ്‌ഡേറ്റഡാണോ എന്ന് ഉറപ്പ് വരുത്താന്‍ ബ്രൗസറില്‍ ഇന്‍കോഗ്നിഷന്‍ മോഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യണം. അതുപോലെ അഗ്രിഗേറ്ററുകളില്‍നിന്ന് ടിക്കറ്റ് സെര്‍ച്ച് ചെയ്യുന്നത് നിരക്കുകള്‍ താരതമ്യം ചെയ്യാന്‍ ഉപകരിക്കുമെങ്കിലും എയര്‍ ലൈനുകളുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴില്‍ ടിക്കറ്റ് വാങ്ങുന്നതാകും നല്ലത്. എങ്കില്‍പോലും ടിക്കറ്റെടുത്ത ശേഷമുള്ള സേവനങ്ങള്‍ക്കും സമ്പര്‍ക്കത്തിനും അത്ര എളുപ്പമല്ല. എയര്‍ലൈന്‍ ഓഫീസുകള്‍ തുടര്‍ന്നുള്ള സേവനങ്ങള്‍ക്ക് അധികനിരക്ക് ഈടാക്കുന്ന സാഹചചര്യങ്ങളുമുണ്ട്. തേര്‍ഡ്പാര്‍ട്ടി പോര്‍ട്ടലുകള്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ പിഎന്‍ആര്‍ നമ്പര്‍ ഉപയോഗിച്ച് എയര്‍ലൈന്‍ പോര്‍ട്ടല്‍വഴി ഉറപ്പുവരുത്തുന്നതു നല്ലതാണ്. കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കുകയും ഒരുമാറ്റവും വരുത്താതെയും അധികസേവനങ്ങള്‍ ഉപയോഗിക്കാതെയും യാത്ര ചെയ്യാന്‍ സാധിക്കുകയാണെങ്കില്‍ ഓണ്‍ലൈന്‍ പര്‍ച്ചേസ് അത്ര വിഷമകരമല്ല. എന്നാല്‍ ടിക്കറ്റ് റദ്ദാക്കുകയോ തിയതി മാറ്റുകയോ ഒക്കെ വേണ്ടിവരുമ്പോള്‍ പ്രയാസങ്ങളുണ്ടാക്കും.

ടിക്കറ്റ് ബുക്കിംഗ്
സെര്‍ച്ചിങ് കഴിഞ്ഞാല്‍ അടുത്തഘട്ടമാണ് ടിക്കറ്റ് ബുക്കിംഗ്. ബുക്കിംഗ് എന്നാല്‍ പര്‍ച്ചേസ് തന്നെയാണ്. മുന്‍കാലങ്ങളിലേതുപോലെ നിശ്ചിതകാലത്തേക്ക് ബുക്ക് ചെയ്തുവെക്കുക ഇപ്പോള്‍ പതിവില്ല. ബുക്കിംഗിനായി തിയതിയും സമയവും എയര്‍ലൈനും ഫെയറും തിരഞ്ഞെടുത്ത് ഉറപ്പു വരുത്തിവേണം കണ്‍ഫേം ചെയ്യാന്‍. യാത്രാതിയതി, വിമാനം പുറപ്പെടുന്ന സമയം എന്നിവ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. 24 മണിക്കൂര്‍ ഫോര്‍മാറ്റിലാണ് എയര്‍ലൈനുകള്‍ സമയം കണക്കാക്കുന്നത്. അര്‍ധരാത്രി 12 മണികഴിഞ്ഞാല്‍ തിയതി മാറുമെങ്കിലും ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ തൊട്ടുമുമ്പുള്ള തിയതിയില്‍ എയര്‍പോര്‍ട്ടില്‍ എത്തേണ്ടിവരുമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. തിയതിയും സമയവും പലവട്ടം ഉറപ്പുവരുത്തിവേണം പേയ്മെന്റിലേക്കു പോകാന്‍. ട്രാവല്‍സുകളില്‍നിന്ന് ടിക്കറ്റെടുക്കുമ്പോള്‍ ഏജന്റുമാര്‍ ഇക്കാര്യം പ്രത്യേകം ബോധ്യപ്പെടുത്തിയാണ് ബുക്കിംഗ് പൂര്‍ത്തിയാക്കുക. ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കുമ്പോള്‍ ബുക്കിംഗ് വൈകുന്നത് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാനും ഇടയാക്കും. ഓണ്‍ലൈനില്‍ എടുക്കുന്നവര്‍ യാത്രക്കാരന്റെ വിവരങ്ങള്‍ നല്‍കുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തണം. ഓണ്‍ലൈനില്‍ എടുക്കുന്ന ടിക്കറ്റുകളില്‍ പിന്നീട് വിവരങ്ങള്‍ തിരുത്തുക എളുപ്പമല്ല. അതിനു അധിക നിരക്കുകളും കൊടുക്കേണ്ടിവരും. എന്നാല്‍ ഏജന്റുമാരില്‍നിന്നാകുമ്പോള്‍ മാറ്റം എളുപ്പത്തില്‍ സാധിക്കും. പേരിലും വിലാസത്തിലും അക്ഷരങ്ങള്‍ മാറുകയോ ക്രമം തെറ്റുകയോ ചെയ്താല്‍പോലും യാത്ര റദ്ദാകാനിടയുണ്ട്. സാങ്കേതിക പരിജ്ഞാനം കുറവുള്ളവര്‍ സ്വന്തമായി ഓണ്‍ലൈന്‍ പര്‍ച്ചേസ് ശ്രമിക്കാതിരിക്കലാണ് നല്ലത്. ഓണ്‍ലൈന്‍ ബുക്കിംഗില്‍ ലഗേജ് വിവരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പല വിമാനങ്ങളിലും വ്യത്യസ്ത തൂക്കമാണ് ഫ്രീ ബാഗേജായി അനുവദിക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ സാധാരണ നല്‍കിവന്ന തൂക്കം നല്‍കാത്ത കമ്പനികളുമുണ്ട്. ബജറ്റ് വിമാനങ്ങളില്‍ മിക്കതിലും ഫ്രീബാഗേജ് ഇല്ല. എന്നാല്‍ ടിക്കറ്റ് ബുക്കിംഗ് സമയത്ത് കുറഞ്ഞ സംഖ്യ അധികം നല്‍കിയാല്‍ ബാഗേജ് ആഡ് ചെയ്യാന്‍ സാധിക്കും. എന്നാല്‍, ഇതേ വിമാനത്തില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് എക്സസ് ബാഗേജിന് പിഴയടക്കാന്‍ നിന്നാല്‍ വന്‍തുകയാണ് ഒടുക്കേണ്ടി വരിക.

കണക്ഷന്‍ വിമാനങ്ങള്‍
നേരിട്ടുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാനാണ് എല്ലാവരും ഇഷ്ടപ്പെടുക. എന്നാല്‍ പലപ്പോഴും കുറഞ്ഞ ടിക്കറ്റ് നിരക്ക് ലഭിക്കുക കണക്ഷന്‍ വിമാനങ്ങളിലായിരിക്കും. ചില നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കണക്ഷന്‍ വിമാനങ്ങള്‍ ആശ്രയിക്കുക അനിവാര്യവുമാകും. ടിക്കറ്റ് നിരക്ക് കുറവുണ്ടെങ്കില്‍ പോലും കണക്ഷന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത് പലര്‍ക്കും അലോസരമാണ്. എന്നാല്‍, കണക്ഷന്‍ യാത്ര അത്ര പ്രയാസകരമായതല്ല. യാത്ര പുറപ്പെടുന്ന എയര്‍പോര്‍ട്ടില്‍ ലഗേജുകള്‍ ഡ്രോപ്പ് ചെയ്താല്‍ യാത്ര അവസാനിക്കുന്ന എയര്‍പോര്‍ട്ടിലേ എടുക്കേണ്ടതുള്ളൂ. ഹാന്‍ഡ് ബാഗേജ് മാത്രം യാത്രക്കാര്‍ ശ്രദ്ധിച്ചാല്‍ മതി. അര മണിക്കൂര്‍ മുതല്‍ നാലും അഞ്ചും മണിക്കൂര്‍ വരെ വ്യത്യാസത്തിലാണ് സാധാരണയായി കണക്ഷന്‍ വിമാനങ്ങളുണ്ടാവുക. വിമാനക്കമ്പനികള്‍ പുതുതായി കൊണ്ടുവന്ന നയം അനുസരിച്ച് എത്രസമയം വെയ്റ്റിംഗ് ഉണ്ടെങ്കിലും യാത്രക്കാര്‍ക്ക് എന്തെങ്കിലും സൗകര്യം നല്‍കേണ്ടതില്ല. ട്രാന്‍സിറ്റ് സമയം നോക്കി ടിക്കറ്റെടുക്കുകയാണ് പോംവഴി. അതേസമയം, ചില വിമാന കമ്പനികള്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി സ്റ്റോപ്പ് ഓവര്‍ ആനുകൂല്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ താത്കാലിക വിസയും ഹോട്ടല്‍ മുറിയും ഭക്ഷണവുമെല്ലാം അനുവദിക്കുന്നവരുണ്ട്. ശ്രദ്ധിച്ച് പര്‍ച്ചേസ് ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കണക്ഷന്‍ വിമാനങ്ങള്‍ മികച്ച ഓപ്ഷനാണ്. കുറഞ്ഞ സമയം മാത്രം ട്രാന്‍സിറ്റിനു ലഭ്യമാകുന്ന വിമാനങ്ങളില്‍ കോഡ് ഷെയറിംഗ് സംവിധാനത്തിലൂടെ രണ്ടുവിമാനക്കമ്പനികള്‍ സഹകരിച്ച് നടത്തുന്ന കണക്ഷന്‍ സര്‍വീസുകളില്‍ ഒരു വിമാനത്തിലെടുക്കുന്ന ടിക്കറ്റില്‍ വേറൊരു വിമാനത്തില്‍ യാത്ര സാധ്യമാകും. മാതൃവിമാനത്തിലെ സ്ഥിരയാത്രികര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യവും കോഡ്‌ഷെയര്‍ യാത്രക്കാര്‍ക്ക് കിട്ടും.

ട്രാവല്‍ ഡോക്യുമെന്റ്
സുരക്ഷിതമായ യാത്രക്ക് ആവശ്യമായ ഡോക്യൂമെന്റുകളെ കുറിച്ച് കൃത്യമായ ധാരണ ആവശ്യമാണ്. ടിക്കറ്റില്‍ വിവരങ്ങള്‍ ശരിയായി പരിശോധിക്കാത്തത് കാരണം യാത്ര മുടങ്ങുകയോ തടസപ്പെടുകയോ ചെയ്യുന്നത് പതിവാണ്. മാനസികമായി യാത്രക്കുള്ള ദിവസവും സമയവും പ്രീസെറ്റ് ചെയ്യുന്നത് വിനയാകാറുണ്ട്. ടിക്കറ്റില്‍ ഏതു സമയമാണെന്ന് നോക്കാതെ മുന്‍ ധാരണയനുസരിച്ച് യാത്രക്കൊരുങ്ങുന്നത് സമ്പത്തും സമയവും നഷ്ടപ്പെടുത്തുന്നതിനൊപ്പം മാനസികപ്രശ്നങ്ങളും ഉണ്ടാക്കുന്നു. പേര്, തിയതി, നിരക്ക്, യാത്ര ചെയ്യേണ്ട സ്ഥലം എന്നു തുടങ്ങി ടിക്കറ്റില്‍ വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. പാസ്പോര്‍ട്ട്, വിസ, റീ എന്‍ട്രി പെര്‍മിറ്റ് എന്നിവയും കൈവശം വെക്കുന്നതായി ഉറപ്പു വരുത്തണം. ചെക്ക് ഇന്‍ പൂര്‍ത്തിയാക്കി പാസ്പോര്‍ട്ടും ബോര്‍ഡിംഗ് പാസും ബാഗില്‍ സൂക്ഷിക്കാം. അവ നഷ്ടപ്പെടുകയോ ലഗേജില്‍ വിടാന്‍ അനുവദിക്കുകയോ ചെയ്താല്‍ യാത്ര തടസപ്പെടാനോ വൈകാനോ ഇടയാക്കും. വിസ, റീ എന്‍ട്രി പെര്‍മിറ്റ് എന്നിവയുടെ കാലാവധിയും വളരെ പ്രധാനമാണ്. പ്രത്യേകിച്ച് അവധി കഴിഞ്ഞ് തിരിച്ചു വരുന്നവരുടെ അശ്രദ്ധ തൊഴിലിടത്തിലേക്കുള്ള മടക്കം തന്നെ അസാധ്യമാക്കും. കുട്ടികള്‍ ഒറ്റക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ എയര്‍ലൈനുകള്‍ നല്‍കുന്ന അകമ്പനീഡ് മൈനര്‍ ഫോം പൂരിപ്പിച്ച് കൈവശം കരുതണം. ഗര്‍ഭിണികളും രോഗികളും യാത്ര ചെയ്യുമ്പോഴുമുണ്ട് ഇത്തരം ഫോര്‍മാലിറ്റികള്‍. മൃതദേഹങ്ങള്‍ കൊണ്ടുപോകുമ്പോഴും.

ചെക്ക് ഇന്‍
യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂര്‍ മുതല്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ നടത്താന്‍ കഴിയും. കുറഞ്ഞ സ്റ്റെപ്പുകളേ ഇതിനുള്ളൂ. വെബ് ചെക്ക് ഇന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ബാഗേജ് ഡ്രോപ്പ് ചെയ്യുന്നതിന് പ്രത്യേക സൗകര്യം എയര്‍പോര്‍ട്ടുകളില്‍ ലഭ്യമാണ്. ബാഗേജുകള്‍ ഇല്ലാത്തവര്‍ക്ക് നേരിട്ട് എമിഗ്രേഷന്‍ കൗണ്ടറിലേക്ക് പോകാമെന്നാണ് രീതിയെങ്കിലും പല എയര്‍പോര്‍ട്ടുകളിലും കൗണ്ടറിലെത്തി പഴയ മാതൃകയിലുള്ള പേപ്പര്‍ ബോര്‍ഡിംഗ്പാസ് തന്നെ സ്വീകരിക്കണം എന്നു നിര്‍ബന്ധിക്കുന്നുണ്ട്. നേരത്തേ എടുക്കുന്ന ബോര്‍ഡിംഗ് പാസുകളില്‍ വിമാനം പുറപ്പെടുന്ന ഗേറ്റ് നമ്പറുകളില്‍ മാറ്റം വരാറുണ്ട്. എയര്‍പോര്‍ട്ടിലെത്തിയ ഉടന്‍ ഗേറ്റ് നമ്പര്‍ ഉറപ്പു വരുത്തണം. എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള സെല്‍ഫ് ചെക്ക് കിയോസ്‌കുകളില്‍നിന്നും യാത്രക്കാര്‍ക്ക് നേരിട്ട് ചെക്ക് ഇന്‍ നടത്തുകയും ബാഗേജ് ഡ്രോപ്പ് ചെയ്യുകയും ചെയ്യാം. വെബ് ചെക്ക് ഇന്‍ നടത്തുന്നത് സീറ്റുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉപയോഗിക്കാനാണ്. എന്നാല്‍ കൂടുതല്‍ ജനപ്രിയമായ സീറ്റുകള്‍ക്ക് കൂടുതല്‍ പണം ഈടാക്കുന്നുണ്ട് ചില വിമാനക്കമ്പനികള്‍. കൗണ്ടറുകളിലെത്തി ബോര്‍ഡിംഗ് പാസ് എടുക്കുന്നവര്‍ പാസ്പോര്‍ട്ടും ടിക്കറ്റും നല്‍കി ചെക്ക് ഇന്‍ പൂര്‍ത്തിയാക്കണം. ബാഗേജും ഇവിടെ ഡ്രോപ്പ് ചെയ്യണം. ബാഗേജുകളില്‍ ഭാരം കൂടുന്നതാണ് ചെക്ക് ഇന്‍ കൗണ്ടറുകളിലെ സ്ഥിരം പ്രശ്നം. നിര്‍ദിഷ്ട തൂക്കം മാത്രം ബാഗേജ് ഉറപ്പുവരുത്തി വരുന്നതാണ് സുരക്ഷിതം. അധിക ബാഗേജുകള്‍ക്ക് വന്‍നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്.
നിലവില്‍ ചില എയര്‍ലൈനുകളില്‍ സീറ്റ് ബിഡ്ഡിംഗിന് ഓപ്ഷന്‍ ഉണ്ട്. ആളില്ലാത്ത വിമാനങ്ങളില്‍ കൂടുതല്‍ തുക നല്‍കി ഉയര്‍ന്ന ക്ലാസ് സീറ്റ് ലഭ്യമാക്കുന്നതാണ് സീറ്റ് ബിഡ്ഡിംഗ്. ഒരു സീറ്റിനുള്ള ബിഡ്ഡിംഗില്‍ കൂടുതല്‍ പേര്‍ രംഗത്തുവരാറില്ല. ഇക്കാരണത്താല്‍ കുറഞ്ഞ നിരക്കിലാണ് ഉയര്‍ന്ന ക്ലാസില്‍ യാത്രാവസരം ലഭിക്കുക.
ലഗേജ്
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് അവധിക്ക് പോകുന്നവരെ സംബന്ധിച്ച് വളരെ പ്രധാനമാണ് ലഗേജ്. വിമാനങ്ങള്‍ തിരഞ്ഞെടുക്കുന്നതു തന്നെ എത്ര ലഗേജ് കൊണ്ടുപോകാന്‍ സാധിക്കും എന്നു നോക്കിയാണ്. ഓരോ വിമാനത്തിനും വ്യത്യസ്തമായ ഭാരമായിരിക്കും ലഗേജിന്. ടിക്കറ്റ് നിരക്കുപോലെ തന്നെ ലഗേജും ഇപ്പോള്‍ വിലപേശലിന്റെയും ഓഫറുകളുടെയും അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടാറുണ്ട്. ഒരേ വിമാനത്തില്‍ ഒരേ ക്ലാസ് യാത്രക്കാര്‍ക്ക് തൂക്കം വ്യത്യാസപ്പെട്ട് ലഭിക്കാറുണ്ട്. എയര്‍പോര്‍ട്ട് നിബന്ധനകള്‍ക്ക് അനുസരിച്ച് പായ്ക്ക് ചെയ്തുവേണം ലഗേജ് കൊണ്ടുവരാന്‍. ഒരു പെട്ടി അല്ലെങ്കില്‍ ബേഗ് പരമാവധി ഇത്രയാകണമെന്ന് ഓരോ വിമാനകമ്പനികള്‍ക്കും വ്യവസ്ഥയുണ്ട്. 30 കിലോ മാത്രം ലഗേജ് അനുവദിക്കുന്ന വിമാനങ്ങളില്‍ ലഗേജ് 30ല്‍ തന്നെ നിജപ്പെടുത്തണം. 30ലധികം ലഗേജ് അനുവദിക്കുന്ന വിമാനങ്ങളിലെ യാത്രക്കാര്‍ 30ല്‍ കവിയാത്തവിധം രണ്ടു പായ്ക്കറ്റുകളിലാക്കി കൊണ്ടുപോകണം. ബാഗേജ് പായ്ക്കുകളുടെ നീളവും വീതിയും ഉയരവും 62 ഇഞ്ചില്‍ കവിയരുത് എന്നാണ് പൊതുവായി വിമാന കമ്പനികള്‍ നിഷ്‌കര്‍ഷിക്കുന്നത്. പെട്ടികള്‍ക്കു മുകളില്‍ കയറുകൊണ്ട് കെട്ടുന്നതിനും ഇപ്പോള്‍ വിലക്കുണ്ട്. പ്ലാസ്റ്റിക് ആവരണമാണ് നല്ലത്. പ്ലാസ്റ്റിക് ആവരണം നടത്തുന്നതിന് എയര്‍പോര്‍ട്ടുകളില്‍ സൗകര്യമുണ്ട്. എന്നാല്‍ ഇതു നേരത്തേ സ്വന്തമായി ചെയ്തു പോകുന്നതാണ് ഉചിതവും സാമ്പത്തികലാഭവും.
ഹാന്‍ഡ് ബേഗേജുകള്‍ക്ക് സാധാരണയായി ഏഴു കിലോയാണ് തൂക്കം അനുവദിക്കുന്നത്. 22 ഇഞ്ച് ഉയരം, 14 ഇഞ്ച് നീളം, 10 ഇഞ്ച് വീതിയുമാണ് ബാഗുകള്‍ക്ക് നിര്‍ദേശിക്കുന്നത്. ചില എയര്‍ലൈനുകള്‍ ലാപ്ടോപ്, ക്യാമറ ബാഗുകള്‍ കൂടുതലായി അനുവദിക്കുന്നില്ല. എന്നാല്‍ ചില വിമാനങ്ങളില്‍ ലാപ്ടോപ് ബേഗ് അധികമായി കൈവശം വെക്കാം. ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗിന്റെയും ബാഗേജിന്റെയും തൂക്കത്തില്‍ വ്യത്യാസം അനുവദിക്കാറുണ്ട്. ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് വേണ്ടത്.

അധിക ആനുകൂല്യങ്ങള്‍
സാധാരണ ടിക്കറ്റുകളില്‍പോലും ഒരു യാത്രക്കാരന് എയര്‍പോര്‍ട്ട് ലോഞ്ചിലും വിമാനത്തിലും തുടര്‍ന്നും ലഭ്യമാകുന്ന സൗകര്യങ്ങളും സേവനങ്ങളും പലരും ഉപയോഗിക്കാറില്ല. വര്‍ഷത്തില്‍ പലതവണ യാത്ര ചെയ്യുന്നവര്‍ക്കു പോലും ഇത്തരം കാര്യങ്ങളില്‍ അവബോധമില്ല. യാത്രകളില്‍ സ്ഥിരമായി ഒരേ എയര്‍ലൈന്‍ ഉപയോഗിക്കുന്നവര്‍ക്ക് ചില മുന്‍ഗണനകള്‍ ലഭിക്കും. ഡിജിറ്റല്‍ പര്‍ച്ചേയ്‌സില്‍ ഉപയോഗിക്കുന്ന കാര്‍ഡുകള്‍ക്കനുസരിച്ച് ലോഞ്ച് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ഉണ്ടാകാറുണ്ട്. കൂടുതല്‍ സഞ്ചരിക്കുന്നവര്‍ എയര്‍ലൈന്റെ പ്രത്യേക പ്രിവിലേജ് കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. ഓരോ യാത്രകളിലും ലഭിക്കുന്ന പോയിന്റുകള്‍ റെഡീം ചെയ്ത് ഉപയോഗിക്കാന്‍ കഴിയും. ഇത്തരം ആനുകൂല്യങ്ങള്‍ വിഐപികള്‍ക്കോ മേത്തരം യാത്രക്കാര്‍ക്കോ മാത്രമുള്ളതാണെന്നാണ് പലരുടെയും ധാരണ. നിരന്തരം യാത്ര ചെയ്യുന്ന സ്വയംസംരംഭകരും ഇടത്തരക്കാരും നമുക്കിടയില്‍ ധാരാളം ഉണ്ട്. സഞ്ചരിക്കുന്ന ദൂരം അനുസരിച്ചാണ് വിമാന കമ്പനികള്‍ നല്‍കുന്ന പോയിന്റുകള്‍ റെഡീം ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുക. ഈ പോയിന്റുകള്‍ പര്‍ച്ചേസിനു ഉപയോഗിക്കാനും കഴിയും. ഇങ്ങനെ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് ബുക്കിംഗ്, കണ്‍ഫേമിംഗ്, സീറ്റ് പ്രിഫറന്‍സ്, ബാഗേജ് തുടങ്ങി ഓരോ യാത്രയിലും നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. കോഡ് ഷെയറിംഗ് സംവിധാനത്തിലൂടെ രണ്ടു വിമാന കമ്പനികള്‍ തമ്മിലുള്ള സഹകരണ സേവനം ലഭ്യമാക്കുന്ന റൂട്ടുകളില്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്ന വിമാനത്തില്‍ തന്നെ ടിക്കറ്റെടുക്കാന്‍ സാധിക്കും. ഇത് റെഡീം പോയിന്റുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ സഹായിക്കും.

ടിക്കറ്റ് നിരക്ക്
ടാക്‌സുകള്‍, എയര്‍പോര്‍ട്ട് ചാര്‍ജ്, സീറ്റ് തിരഞ്ഞെടുക്കല്‍, ലഗേജ്. യാത്രാതീയതിയും സമയവും, തിരക്ക്, ഡെസിഗ്നേഷന്‍, യാത്രക്കാരന്റെ പ്രായം എന്നിവയെല്ലാം പരിഗണിച്ചാണ് സാധാരണയായി ടിക്കറ്റ് നിരക്ക് കണക്കാക്കുക. മൂന്നു വിഭാഗങ്ങളിലാണ് സാധാരണ രാജ്യാന്തര വിമാനങ്ങളില്‍ യാത്രാ സീറ്റുകള്‍ ഉള്ളത്. എക്കണോമിക്, ബിസിനസ്, ഫസ്റ്റ് ക്ലാസ്. ഇവതന്നെ സീസണും സീറ്റ് പൊസിഷനും എല്ലാം അനുസരിച്ച് വീണ്ടും നിരക്കിന്റെ കാര്യത്തില്‍ വിഭജനങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ് ഒരേ വിമാനത്തില്‍ ഒരേ കാറ്റഗറിയില്‍ ഒരേ ഡെസിഗ്നേഷനില്‍നിന്ന് തൊട്ടടുത്തിരിക്കുന്ന രണ്ടു പേര്‍ക്ക് രണ്ട് നിരക്കില്‍ യാത്രക്കാരുണ്ടാകുന്നത്. അതായത് ഇക്കണോമി ക്ലാസില്‍ തന്നെ വളരെ കുറഞ്ഞ നിരക്കിനും ഉയര്‍ന്ന നിരക്കിനും യാത്ര ചെയ്യുന്നവരുണ്ടാകും. തിരക്കുള്ള സമയങ്ങളില്‍ ടിക്കറ്റെടുക്കുന്ന സമയമാണ് ഇവിടെ പ്രധാനമാവുക. എകോണമി ടിക്കറ്റുകള്‍ തന്നെ വ്യത്യസ്ത വിഭാഗങ്ങളാക്കി തിരിച്ച് വ്യത്യസ്ത നിരക്കുകളില്‍ അവതരിപ്പിക്കുന്നുണ്ട്. ആര്‍ബിഡി സിസ്റ്റം അനുസരിച്ചാണിത്. കാന്‍സലേഷന്‍, ഡേറ്റ് ചേഞ്ച് എന്നിവ തീരേ സാധിക്കാത്തതും കുറച്ചധികം നിരക്കു നല്‍കിയാല്‍ സാധിക്കുന്നതും അനിശ്ചിതകാലത്തേക്ക് സാധിക്കുന്നതും പോലുള്ള ഓപ്ഷനുകളാണ് അവതരിപ്പിക്കുന്നത്. അനിശ്ചിതകാല മാറ്റങ്ങള്‍ അനുവദിക്കുന്ന ടിക്കറ്റുകള്‍ക്ക് താരതമ്യേന ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരുന്നു. ലഗേജ് ഉള്ളതും ഇല്ലാത്തതും എന്ന വിഭജനത്തിലും ടിക്കറ്റുകള്‍ വില്‍ക്കുന്നു. ഉയര്‍ന്ന നിരക്കില്‍ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ലഗേജ് ഭാരത്തില്‍ വ്യത്യാസമുള്ള ഓപ്ഷനുകളും ഉണ്ട്.

ടിക്കറ്റ് റദ്ദാക്കല്‍
വിമാന ടിക്കറ്റുകള്‍ റദ്ദാക്കാന്‍ ചില എയര്‍ലൈനുകള്‍ വന്‍തുക ഈടാക്കുന്നതായ പരാതികള്‍ സാധാരണമാണ്. ആകസ്മിക കാരണങ്ങള്‍ കൊണ്ടല്ലാതെ ടിക്കറ്റ് കാന്‍സല്‍ ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക എന്നതാണ് ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ടത്. ഓരോ വിമാനത്തിന്റെയും ടിക്കറ്റിന്റെയും കാന്‍സലേഷന്‍, ഡേറ്റ് ചേഞ്ച് പോളിസികള്‍ കൃത്യമായി മനസിലാക്കിവേണം ടിക്കറ്റെടുക്കാന്‍. ടിക്കറ്റ് റദ്ദാക്കുന്നതിന്റെ സമയവും പ്രധാനമാണ്. ഇതും ഓരോ വിമാനക്കമ്പനികളുടെയും നയങ്ങള്‍ വ്യത്യസ്തമായിരിക്കും. വിമാനം പുറപ്പെടുന്നതുവരെയും ഒരു തരത്തിലുള്ള വിവരങ്ങളും കൈമാറാത്ത യാത്രക്കാരെ നോ ഷോ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. ഇത്തരക്കാര്‍ക്ക് റീഫണ്ട് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ലഭിച്ചാല്‍തന്നെ കനത്ത പിഴ ഒടുക്കേണ്ടിവരും. യാത്ര സാധ്യമാകാത്തവര്‍ എത്രയും പെട്ടെന്ന് ടിക്കറ്റ് റദ്ദാക്കുകയാണ് വേണ്ടത്. എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ട് വഴിയില്‍ തടസം ഉണ്ടാകുന്നവര്‍ ഉടന്‍ വിമാന കമ്പനിയെയോ ട്രാവല്‍സിനെയോ വിളിച്ച് വിവരം അറിയിക്കണം. ഇത്തരം ഘട്ടങ്ങളിലാണ് ട്രാവല്‍ ഏജന്റുമാര്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സഹായകമാവുക.

ബജറ്റ് എയര്‍ലൈന്‍
സാമ്പ്രദായിക അധിക സേവനങ്ങള്‍ ഒന്നുമില്ലാതെ അടിസ്ഥാന യാത്രാസൗകര്യം മാത്രം നല്‍കുന്ന സര്‍വീസുകളാണ് ലോക കോസ്റ്റ് എയര്‍ലെനുകള്‍. ഇത്തരം എയര്‍ ലൈനുകളില്‍ മറ്റു വിമാനങ്ങളില്‍ ലഭിക്കുന്ന ഏതുതരം സേവനങ്ങളും ലഭ്യമാകുമെങ്കിലും പ്രത്യേകം നിരക്ക് ഈടാക്കുമെന്ന് മാത്രം. ആന്‍സിലറി സര്‍വീസുകള്‍ എന്ന ഗണത്തില്‍ ലഭ്യമാകുന്ന ഇത്തരം പെയ്ഡ് സേവനങ്ങള്‍ ആവശ്യക്കാര്‍ക്ക് മാത്രം ഉപയോഗിക്കാം. അധിക സേവനത്തില്‍ പെടുത്തി ഭക്ഷണം വേറെ വിലകൊടുത്ത് വാങ്ങേണ്ടി വന്നാല്‍ പോലും ടിക്കറ്റ്നിരക്ക് നോക്കുമ്പോള്‍ ബജറ്റ് എയര്‍ ലൈനുകളാണ് സാമ്പത്തികമായി കൂടുതല്‍ മെച്ചം. എന്നാല്‍ ചില സമയങ്ങളില്‍ ബജറ്റ് വിമാനങ്ങളെക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്റ്റാന്റേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്താറുണ്ട്. പ്രത്യേകിച്ച് കണക്ഷന്‍ വിമാനങ്ങളിലാണ് ഈ നിരക്കുകുറവ് ലഭിക്കുക.

ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍
ദേശീയമോ അന്തര്‍ദേശീയമോ ആയ നികുതികള്‍ നല്‍കാതെ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ നല്‍കുന്നത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങള്‍ ഗുണനിലവാരത്തില്‍ മുന്നിലുള്ള രാജ്യാന്തര ബ്രാന്‍ഡുകളായിരിക്കും. അതുകൊണ്ടുതന്നെ വര്‍ധിച്ച വിലയും കൊടുക്കേണ്ടി വരുന്നു. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍നിന്നു വാങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് എല്ലാ വിമാനങ്ങളിലും ബാഗേജ് ഇളവ് ലഭിക്കുമെന്ന തെറ്റിദ്ധാരണയുണ്ട് പലര്‍ക്കും. ചെറിയ ഭാരങ്ങള്‍ വിമാനങ്ങള്‍ വലിയ പ്രശ്നമാക്കാറില്ലെങ്കിലും കൂടുതല്‍ ഭാരം കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ അധികനിരക്ക് നല്‍കേണ്ടി വരും. പ്രത്യേകിച്ച് ബജറ്റ് വിമാനങ്ങളാണ് ഇക്കാര്യത്തില്‍ കാര്‍ക്കശ്യം കാണിക്കുന്നത്. ഡ്യൂട്ടിഫ്രീയില്‍നിന്ന് പരിധിയിലധികം സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്നവര്‍ ഇറങ്ങുന്ന രാജ്യത്തെ നിയമം അനുസരിച്ച് ഇറക്കുമതിത്തീരുവ ഒടുക്കേണ്ടി വരികയും എക്സൈസ് നിയമങ്ങള്‍ക്ക് വിധേയരാകേണ്ടി വരികയും ചെയ്യും.

ലഗേജ് ഉള്ളടക്കം
നാം കൊണ്ടുപോകുന്ന ചെക്ക് ഇന്‍ ബാഗേജിലും ഹാന്‍ഡ് ബാഗിലും ഉള്‍പ്പെടുത്തിയ സാധനങ്ങളെപ്പറ്റി നമുക്ക് നല്ല ബോധ്യം വേണം. കൊണ്ടുപോകല്‍ വിലക്കിയ സാധനങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തണം. പവര്‍ബേങ്ക് ലഗേജിലും ഇലക്ട്രിക്, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ കൈയിലും കരുതുന്നതിന് വിലക്കുണ്ട്. മരുന്നുകളുടെ കാര്യവും ശ്രദ്ധിക്കണം. കൊണ്ടുപോകാന്‍വേണ്ടി ഏല്‍പ്പിക്കപ്പെടുന്ന വസ്തുക്കളിലാണ് കൂടുതല്‍ ജാഗ്രത വേണ്ടത്. ആരേയും അന്ധമായി വിശ്വസിക്കാത്ത സമീപനമാണ് ഇക്കാര്യത്തില്‍ അഭികാമ്യം. തുറന്നുനോക്കി ഉറപ്പുവരുത്തിമാത്രം അനിവാര്യമാണെങ്കില്‍ കൊണ്ടുപോകാം. എയര്‍പോര്‍ട്ടില്‍വെച്ച് പിടിക്കപ്പെട്ടാല്‍ എളുപ്പത്തില്‍ ഊരിപ്പോരാവുന്ന കേസുകളിലാവില്ല ഇവ പെടുക.

വിമാനത്തില്‍
വിമാനയാത്രയില്‍ മുഖ്യമായും ശ്രദ്ധിക്കേണ്ടത് സുരക്ഷിതത്വമാണ്. സീറ്റ് ബെല്‍റ്റ് ധരിക്കുന്നതും സീറ്റ് നിവര്‍ത്തിവെക്കുന്നതും മൊബൈല്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ ഫ്ളൈറ്റ് മോഡില്‍ വെക്കുന്നതുമുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ വിമാനജീവനക്കാര്‍ നിരന്തരം നല്‍കാറുണ്ടെങ്കിലും അധികപേരും ഗൗനിക്കാറില്ല. അപകടങ്ങള്‍ എപ്പോഴും സംഭവിക്കുന്നതല്ലെങ്കിലും അവ സംഭവിക്കുന്നതിന് നാം കാരണമായിക്കൂടാ. യാത്രക്കിടെ സംഭവിക്കാനിടയുള്ള പ്രധാന പ്രതിഭാസമാണ് ആകാശച്ചുഴികള്‍. ഇവ തരണം ചെയ്യാന്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതുള്‍പ്പെടെ മുന്‍കൂട്ടി ലഭിക്കുന്ന നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ടോയ്ലറ്റുകളില്‍ പോകുന്നതും ഉപയോഗിക്കുന്നതും നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം. സഹയാത്രക്കാരോടും എയര്‍ഹോസ്റ്റസുമാരോടുമുള്ള പെരുമാറ്റവും സഹകരണവും തീര്‍ത്തും പ്രധാനമാണ്. ബജറ്റ് വിമാനങ്ങളിലുള്‍പ്പെടെ അടിയന്തരഘട്ടങ്ങളില്‍ വെള്ളവും അവശ്യമരുന്നുകളും ലഭിക്കും. ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായാല്‍ ഉടന്‍ ജീവനക്കാരെ വിവരം അറിയിക്കണം. സഹയാത്രക്കാര്‍ക്ക് പ്രയാസം ഉണ്ടായാല്‍ ഉടന്‍ സഹകരണം നല്‍കാനും ജീവനക്കാരെ അറിയിക്കാനും സന്നദ്ധമാകണം. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ബെല്‍റ്റ് ഊരി എഴുന്നേല്‍ക്കുന്നതിനു പകരം പൈലറ്റിന്റെ നിര്‍ദേശം ലഭിക്കുമ്പോള്‍ മാത്രം അനുസരിക്കുന്നതാണ് മര്യാദ. കൂടെ യാത്ര ചെയ്യുന്നവരെയും കൈവശംവെച്ച സാധനനങ്ങളും എല്ലാം എടുത്തുവെന്ന് ഉറപ്പു വരുത്തിവേണം ഇറങ്ങാന്‍. വിമാനത്തിനകത്ത് മാത്രം ഉപയോഗിക്കാന്‍ നല്‍കപ്പെടുന്ന ബ്ലാങ്കറ്റ്, ഇയര്‍ഫോണ്‍ മുതലായവ തിരിച്ചേല്‍പിക്കാനുള്ളതാണ്. ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ബാഗേജ് മുഴുവന്‍ എടുക്കാന്‍ ശ്രദ്ധിക്കണം.

വിവരങ്ങള്‍ക്ക് കടപ്പാട്
സിറാജുദ്ദീന്‍ മാട്ടില്‍, ഫൈസല്‍ വേങ്ങാട്, സ്വാലിഹ് മാറഞ്ചേരി, അലി അക്ബര്‍

Share this article

One Comment on “അറിഞ്ഞു ചെയ്യേണ്ടതാണ് ആകാശയാത്ര”

  1. കാമ്പുള്ള ലേഖനം ??
    സാങ്കേതിക പദങ്ങൾ കുറെ ഉപയോച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *