‘കട്ട’ വിസ്മയം

Reading Time: 2 minutes

സമ്മതം ചോദിക്കാതെ മലയാള ഭാഷയിലേക്ക് കടന്നുവന്ന ന്യൂജന്‍ വാക്കുകളില്‍, ഒരു ഒറ്റമൂലി പരുവത്തിലുള്ള വാക്കാണ് ‘കട്ട’. പല രോഗങ്ങള്‍ക്കും മരുന്നായി വര്‍ത്തിക്കുന്ന ഒറ്റമൂലികളെപ്പോലെ, പലഭാവങ്ങളെയും- വിരുദ്ധ ഭാവങ്ങളെപ്പോലും-നന്നായി പ്രകടിപ്പിക്കാനുള്ള അസാമാന്യ കരുത്തുമായാണ് സംസാര ഭാഷയില്‍ ‘കട്ട’യുടെ വിലസല്‍. മറ്റു വാക്കുകളില്‍ നിന്ന് വ്യത്യസ്തമായി, സ്വന്തമായി നിലനില്പില്ലെന്നുള്ളത് കട്ടയുടെ ഒരു ന്യൂനതയാണെങ്കിലും മറ്റു പലതിനൊടും ചേരുമ്പോള്‍ കട്ടക്ക് ലഭിക്കുന്ന ഉശിര് ഒന്നൊന്നരയാണ്!
ശക്തമായ, ഉറച്ച, അസാമാന്യ, അക്ഷമയോടെ തുടങ്ങിയ അര്‍ഥങ്ങളാണ് കട്ടക്ക് ന്യൂജെന്‍ പിള്ളേര്‍ കല്പിച്ചു നല്‍കിയിരിക്കുന്നത്.
കട്ടപ്രയോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ‘കട്ടക്കലിപ്പാണ്.’ ഉള്ളില്‍ നുരഞ്ഞു പൊങ്ങുന്ന ശക്തമായ അമര്‍ഷത്തെ സൂചിപ്പിക്കാനാണ് കട്ടക്കലിപ്പ് പ്രയോഗിക്കുന്നത്. കലിപ്പ് തന്നെയും പ്രചാരത്തില്‍ വന്നത് ഈയിടെയാണല്ലോ? എതിരാളികളോടും ശത്രുവിനോടുമുള്ള അമര്‍ഷം മാത്രമല്ല, കിങ്ങിണിക്കുട്ടന്മാരായ മക്കള്‍ മാതാപിതാക്കളുടെ ചെയ്തികളില്‍ പ്രകടിപ്പിക്കാറുള്ള അമര്‍ഷം, വളരെ അടുപ്പമുള്ള സുഹൃത്തുക്കള്‍, ദമ്പതികള്‍ തുടങ്ങിയവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൗഹൃദത്തില്‍ പൊതിഞ്ഞ അമര്‍ഷം എന്നിവയെല്ലാമാണല്ലോ കലിപ്പ്. ഈ കലിപ്പ് ഹിമാലയം കയറുമ്പോഴാണ് കട്ടക്കലിപ്പായി മാറുന്നത്.
ഇതിന്റെ നേരെ എതിര്‍ദിശയിലേക്കാണ് കട്ട ഇനി സഞ്ചരിക്കുന്നത്. ‘കട്ട സപ്പോര്‍ട്ട്’ എന്നതാണ് മറ്റൊരു കട്ട പ്രയോഗം. നിര്‍ണായക ഘട്ടങ്ങളില്‍ ഉത്തരവാദപ്പെട്ടവര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്ക് കൂടെയുള്ളവര്‍ നല്‍കുന്ന ഉറച്ച പിന്തുണയാണ് കട്ട സപ്പോര്‍ട്ടായി കാലം പരിഷ്‌കരിച്ചത്. ലോക്ഡൗണ്‍ കാലത്തെ പട്ടിണി മാറ്റാന്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ കമ്യുണിറ്റി കിച്ചണ് കേരളം നല്‍കിയ പിന്തുണ, വെകേഷന്‍ കാലത്ത് ഫാമിലി പിക്‌നിക് പോകാന്‍ കുടുംബനാഥന്‍ മുന്നോട്ടുവെച്ച പ്രൊപോസലിന് കുടുംബാംഗങ്ങള്‍ നല്‍കുന്ന പൂര്‍ണ യോജിപ്പ്, അങ്ങാടിയില്‍ സൊറ പറഞ്ഞുകൊണ്ടിരിക്കെ, ഒരു ചായ കുടിച്ചാലോ എന്ന സംഘാംഗത്തിന്റെ പൂതിക്ക് മറ്റുള്ളവര്‍ കൊടുക്കുന്ന പിന്താങ്ങല്‍, എന്നിവയൊക്കെ കട്ട സപ്പോര്‍ട്ടായി പരിഗണിക്കണം.
സെലിബ്രിറ്റികളുടെ ഫാന്‍സ് അസോസിയേഷനുകള്‍ വളരെക്കാലമായി ഉണ്ടെങ്കിലും, ഈ ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങളില്‍ ‘പ്രാന്ത്’ മൂക്കുന്ന വരെ വിളിക്കാന്‍ ഉപയോഗിക്കുന്ന പേരാണ് ‘കട്ട ഫാന്‍.’ ഇഷ്ട താരമോ ടീമോ കളിയില്‍ തോറ്റാല്‍ ടിവി സെറ്റ് കുത്തിപ്പൊളിക്കുകയോ ഭക്ഷണം കഴിക്കാതിരിക്കുകയോ ചെയ്യുക, ഇഷ്ട നടന്റേതായി ഇറങ്ങുന്ന സിനിമ എല്ലാ തിരക്കുകളും മാറ്റിവെച്ച് കണ്ട്, ഒരു കഥയുമില്ലാതെ ആര്‍ത്തു വിളിക്കുക, എതിര്‍ ടീമിന്റെ കളിക്കാരുടെ കോലം കത്തിച്ച് സായൂജ്യമടയുക തുടങ്ങിയ അടയാളങ്ങള്‍ കാണിച്ച് തുടങ്ങുന്ന ഫാന്‍സിനെയാണ് കട്ട ഫാന്‍സ് പദവി ലഭിച്ചവരായി പ്രഖ്യാപിക്കുക.
വരാന്‍പോകുന്ന ഏതെങ്കിലും ആഘോഷങ്ങള്‍ക്കോ ചടങ്ങുകള്‍ക്കോ വേണ്ടി, അക്ഷമയോടെയും ആനന്ദത്തോടെയും ഉള്ള കാത്തിരിപ്പാണ് ‘കട്ട വെയ്റ്റിംഗ്’. മാസങ്ങള്‍ കഴിഞ്ഞു നടക്കുമെന്ന് അനൗണ്‍സ് ചെയ്യപ്പെട്ടിട്ടുള്ള ഏതെങ്കിലുമൊരു ലോകകപ്പ് മത്സരത്തിനായി, ഇപ്പോഴേ നാളുകളെണ്ണി കളിപ്രേമി നടത്തുന്ന കാത്തിരിപ്പ്, വിദേശത്ത് നിന്ന് എത്താന്‍ പോകുന്ന പ്രിയപ്പെട്ടവര്‍ക്കായി കുടുംബവും സുഹൃത്തുക്കളും നടത്തുന്ന കാത്തിരിപ്പ്, പെരുന്നാള്‍ വന്നിട്ട് വേണം പുത്തനുടുപ്പിട്ട് വിലസാനെന്ന മട്ടില്‍ കുഞ്ഞു മക്കള്‍ നടത്തുന്ന കാത്തിരിപ്പ്, തുടങ്ങിയവയൊക്കെയാണ് കട്ട വെയ്റ്റിംഗായി പരിഗണിക്കപ്പെടുന്നത്.
പോരാട്ടത്തില്‍ ഒട്ടും വിട്ടുകൊടുക്കാതെ രണ്ടു പേര്‍ നടത്തുന്ന തകര്‍പ്പന്‍ പ്രകടനത്തെ സൂചിപ്പിച്ചു കൊണ്ട് രണ്ടാളും ‘കട്ടക്ക് നില്‍ക്കുന്നു’ എന്ന് പറയും.
ഏതെങ്കിലുമൊരാളുടെ പ്രവൃത്തിയില്‍ ഒപ്പം ചേര്‍ന്ന് തുല്യമായ അളവില്‍ പെര്‍ഫോം ചെയ്യുന്ന ആളുടെ സേവനത്തെ സൂചിപ്പിക്കാന്‍ ‘കട്ടക്ക് കൂടെ നില്‍ക്കുക’ എന്നാണ് പുതിയ ഭാഷ്യം.
‘കട്ടപ്പൊക’ അല്പം പഴഞ്ചനായത് കൊണ്ടും ജീവിതം കട്ടപ്പൊകയാകാന്‍ ആര്‍ക്കും താല്പര്യമില്ലാത്തത് കൊണ്ടും ആ പ്രയോഗത്തെ ന്യൂ ജെന്‍ കട്ടകളില്‍ പെടുന്നതാണോ എന്ന് വായനക്കാര്‍ തീരുമാനിക്കുക.
ചുരുക്കത്തില്‍, സിമന്റ് കട്ട പോലെ തന്നെയാണ് ഭാഷയിലെ കട്ടയും. സെന്‍ട്രല്‍ ജയില്‍ പണിയാനുപയോഗിച്ച അതേ കട്ട കൊണ്ട് തന്നെ ആരാധനാലയവും സ്‌നേഹ ഭവനും സ്‌കൂളുമൊക്കെ പണിയാമെന്നത് പോലെ, അമര്‍ഷം രേഖപ്പെടുത്താനുപയോഗിച്ച അതേ കട്ടയുപയോഗിച്ച് പിന്തുണയും വിധേയത്വവുമൊക്കെ പ്രകടിപ്പിക്കാം.
ഭാഷയില്‍ കിടന്ന് കട്ട കാണിക്കുന്ന ഈ വിസ്മയകരമായ പെര്‍ഫോമന്‍സ് മാനിച്ച് നമുക്ക് പുതിയ ഒരു കട്ട കൂടി അങ്ങ് പ്രഗോഗിച്ചാലോ?! ‘കട്ട വിസ്മയം’.

Share this article

About അബ്ദുല്ല വടകര

View all posts by അബ്ദുല്ല വടകര →

Leave a Reply

Your email address will not be published. Required fields are marked *