ഇന്ത്യ ഒരു ആശയം ആയിരുന്നു

Reading Time: 2 minutes

ഉള്ളടക്കം കൈമോശംവന്ന ജനാധിപത്യമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. ജനവിരുദ്ധനയങ്ങൾ ജനാധിപത്യം തെരഞ്ഞെടുപ്പാണെങ്കിൽ അത് നമുക്ക് ആവോളമുണ്ട്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും തദ്ദേശഭരണ സ്ഥാപനങ്ങൾമുതൽ പാർലമെന്റ് വരെ അത് കണിശതയോടെ നടത്തിപ്പോരുന്നു. പൊതു തെരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തിൽ ഭരണമാറ്റമോ ഭരണത്തുടർച്ചയോ സംഭവിക്കുന്നുമുണ്ട്. എന്നാൽ, ജനാഭിലാഷങ്ങളുടെ നിറവേറ്റലിന്റെയോ അവർ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയോ അധികാരത്തിന്മേലുള്ള ഫലവത്തായ നിയന്ത്രണത്തിന്റെയോ മാനദണ്ഡംവച്ച് നോക്കിയാൽ നമ്മുടേത് സ്വേച്ഛാധിപത്യത്തോട് അടുത്തുനിൽകുന്നു എന്ന് പറയേണ്ടിവരും. ജനകീയ പ്രശ്നങ്ങൾക്ക് പൊതു തെരഞ്ഞെടുപ്പ് ഒരു പരിഹാരം അല്ലാതായി തീർന്നിരിക്കുന്നു എന്നാണ് പറഞ്ഞുവരുന്നത്. വിജയി കോൺഗ്രസായാലും ബിജെപി ആയാലും ജനവിരുദ്ധനയങ്ങളുടെ അളവ് വർധിക്കുന്നതെയുള്ളു. ജനങ്ങളുടെ ആശയാഭിലാഷങ്ങളിൽ എന്നും മുന്തിയ പരിഗണന സാമൂഹ്യക്ഷേമത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമാണ്. 1947 ആഗസ്ത് 15ന് നടന്നൊരു സംഭവം ഓർമവരുന്നു. ആഗസ്ത് 15ന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തിന്റെ മേന്മയെക്കുറിച്ചുമൊക്കെ ഗ്രാമീണജനതയോട് സംസാരിക്കാൻ നിയുക്തനായ ബിഹാർ കേഡറിലെ ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ സമീർ ഘോഷിന്റെ അനുഭവത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പ്രസംഗം കഴിഞ്ഞ് അദ്ദേഹം ഇരുന്നപ്പോൾ സദസ്സ്യരിൽ ഒരാൾ ഘോഷിനോട് ചോദിച്ചു: ‘സാബ് ഞങ്ങൾക്ക് മണ്ണെണ്ണ എന്നാണ് ലഭിക്കുന്നത്?’ ഒരു ശരാശരി ഇന്ത്യാക്കാരന്റെ മുന്നിൽ സ്വാതന്ത്ര്യം ഇന്നും ഇത്തരം അവശ്യവസ്തുക്കളുടെ രൂപത്തിലാണ് നിൽക്കുന്നത്. ഇന്നത്തെപ്പോലെ അന്ന് നമുക്ക് സെൽഫി ഇല്ലായിരുന്നെങ്കിലും സെൽഫ്  ഉണ്ടായിരുന്നു ‐ ഇന്ത്യൻ സെൽഫ്. ഇതുനൽകിയ ആത്മവിശ്വാസത്തിൽ നിന്നാണ് ക്യാരക്ടർ ബിൽഡിങ്ങും  നേഷൻ ബിൽഡിങ്ങും ഡാം ബിൽഡിങ്ങുമൊക്കെ ഒരുമിച്ചു കൊണ്ടുപോകാൻ നമുക്കായത് കഴിഞ്ഞ എഴുപത്തിരണ്ട് വർഷക്കാലം ഏതാനം ചില സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് ഇടതുപക്ഷത്തിന് രാഷ്ട്രീയാധിപത്യം ഉണ്ടായിരുന്ന സംസ്ഥാനങ്ങൾ, മാറ്റിനിർത്തിയാൽ മറ്റിടങ്ങളിൽ നാമമാത്രമായിപ്പോലും ഇത്തരം കാര്യങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. ഇത് സത്യമായിരിക്കുമ്പോഴും, വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ പക്ഷേ ഇന്ത്യക്ക് ഭേദപ്പെട്ട നിലവാരം പുലർത്താനായി എന്നത് അംഗീകരിക്കാതെ വയ്യ. അടിയന്തരാവസ്ഥയുടെ രണ്ടുവർഷക്കാലം മാറ്റിനിർത്തിയാൽ മൂന്നാംലോകത്തെ ജനാധിപത്യ രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തിൽ ഇന്ത്യ മുൻപന്തിയിൽത്തന്നെ സ്ഥാനം പിടിച്ചു. ഇന്നത്തെപ്പോലെ അന്ന് നമുക്ക് സെൽഫി  ഇല്ലായിരുന്നെങ്കിലും സെൽഫ്  ഉണ്ടായിരുന്നു ‐ ഇന്ത്യൻ സെൽഫ്. ഇതുനൽകിയ ആത്മവിശ്വാസത്തിൽ നിന്നാണ് ക്യാരക്ടർ ബിൽഡിങ്ങും  നേഷൻ ബിൽഡിങ്ങും ഡാം ബിൽഡിങ്ങുമൊക്കെ ഒരുമിച്ചു കൊണ്ടുപോകാൻ നമുക്കായത്. എന്നാൽ, അഞ്ചുവർഷത്തെ മോഡി ഭരണം കഴിയുമ്പോൾ നാം എത്തിനിൽക്കുന്നത് എവിടെയാണ്. വിയോജിപ്പിന്റെ ഇടങ്ങൾ ഇല്ലാതാകുന്നതും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമുള്ള കേവലമായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതും മാത്രമല്ല പ്രശ്നം. ഇവയൊക്കെ തീർച്ചയായും മനസ്സിനെ മഥിക്കുന്ന കാര്യങ്ങൾ തന്നെയാണ്. ഉദാഹരണത്തിന് പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ന് ഇന്ത്യയുടെ സ്ഥാനം 180 രാജ്യങ്ങളുടെ പട്ടികയിൽ വെറും 140 ആണ്. 2016ൽ ഇത് 133 ആയിരുന്നു എന്നുകൂടി അറിയുക. മൂന്ന് വർഷംകൊണ്ട് നാം ഏഴു സ്ഥാനം പിറകോട്ടുപോയി. എന്നാൽ, ഇതിനെയൊക്കെ കടത്തിവെട്ടുന്നതാണ് പൗരത്വത്തിന്റെ പ്രശ്നം. നമ്മുടെ പൗരത്വംതന്നെ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്നിപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഇത് നടക്കുന്നതെങ്കിലും ഇതരസംസ്ഥാനങ്ങളിലേക്കും ഈ പ്രക്രിയ വ്യാപിപ്പിക്കുമെന്നാണ് ഭരണകൂടം പറയുന്നത്. ഫ്രഞ്ച് തത്വചിന്തകനായ ബോദ്രിയാറിന്റെ (Baudrillard) ദാർശനിക ചുവയുള്ളൊരു ചോദ്യം ഓർമ വരുന്നു ‐ ‘നിങ്ങൾക്ക് എങ്ങനെ അറിയാം നിങ്ങൾ മനുഷ്യരാണെന്ന്? ’ ഇത് മറ്റൊരു രീതിയിൽ ഇന്ത്യൻ ഭരണകൂടം നമ്മോട് ചോദിക്കുന്നു‐ ‘നിങ്ങൾക്ക് എങ്ങനെ അറിയാം നിങ്ങൾ ഇന്ത്യാക്കാരാണെന്ന് ? ’ഇവിടെ ഒരു വൈരുധ്യവും കാണാനാകും. ഇന്ത്യയിൽ ജനിച്ചവർക്കും പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്നവർക്കും ഈവിധം പൗരത്വം നിഷേധിക്കാൻ തുനിയുന്ന അതേ ഭരണകൂടം, പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യംവിട്ട് അന്യരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവർക്ക് ഇന്ത്യൻ പൗരത്വം വെള്ളിത്തളികയിൽ വച്ചുനീട്ടുന്നു. ഇരട്ട പൗരത്വത്തെക്കുറിച്ചുള്ള ചർച്ചകൾ ഓർക്കുക. വ്യക്തികളിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്നു നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭരണഘടനയെത്തന്നെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് പലപ്പോഴും പെരുമാറുന്നത്. ഭരണഘടനയിലെ പഴുതുകൾ ഉപയോഗിച്ചും അവ ഇല്ലാത്തിടത്ത് ഭരണഘടനയെത്തന്നെ അവഗണിച്ചും അത് സംസ്ഥാനങ്ങളുടെ അധികാരങ്ങൾ പലതും കവർന്നെടുത്തു കഴിഞ്ഞു. സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം ഭരണത്തിലല്ല സ്വാതന്ത്ര്യദിന പരേഡിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നു. ജമ്മു കശ്മീരിന്റെ ഇന്നത്തെ അവസ്ഥ ഇതിന്റെ ഉദാഹരണമാണ്. ഉരുൾപൊട്ടലിൽ ഒരു പ്രദേശം ഇല്ലാതാകുന്നതുപോലെ എത്രപെട്ടെന്നാണ് ഭരണഘടനയെ അട്ടിമറിച്ചുകൊണ്ട് ഒരു സംസ്ഥാനംതന്നെ ഇല്ലാതാക്കിയത്? ചരിത്രമോ പൊതുജനാഭിപ്രായമോ ജനാധിപത്യമൂല്യങ്ങളോ ഒന്നും ഇന്ത്യൻ ഭരണവർഗത്തിന് ബാധകമല്ലെന്ന് ഇത് തെളിയിക്കുന്നു. വിദേശികളെപ്പോലെയാണ് അത് പെരുമാറുന്നത്. ഭരണകൂടത്തിന്റെ മേലുള്ള എല്ലാ ഭരണഘടനാ നിയന്ത്രണങ്ങളും വളരെ വേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നാണ് ഇതെല്ലാം നൽകുന്ന സൂചന. ഒരർഥത്തിൽ അത് ഭരണഘടനയിൽനിന്നും ജനാധിപത്യത്തിൽ നിന്നുതന്നെയും സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ പലതും നോക്കുകുത്തി ആയിരിക്കുകയാണ്.ഇത്തവണത്തെ പാർലമെന്റ് സമ്മേളനത്തിൽ ഈ പ്രവണത നാം ആവോളം കണ്ടതാണ്. മോഡി‐ഷാ ദ്വന്ദങ്ങൾ തീരുമാനിക്കുന്നതാണ് രാജ്യത്തെ നിയമങ്ങളും നയങ്ങളും. സ്ഥാപനങ്ങളുടെ സ്വയംഭരണം ഇല്ലാതാകുന്നത് മാത്രമല്ല ഇവിടത്തെ പ്രശ്നം. പിന്നെയോ, സ്ഥാപനങ്ങൾതന്നെ ഇല്ലാതാകുകയാണ്, വ്യക്തികളിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുകയാണ്. അധികാര വിഭജനം, വികേന്ദ്രീകരണം, പൗരാവകാശങ്ങൾ തുടങ്ങി ജനാധിപത്യം വിശുദ്ധമായി കരുതുന്ന ആശയങ്ങളൊക്കെയും ചോർന്നുപോകുന്നു. ഇതിനെ ആരോഗ്യപരമായി സംയോജിപ്പിക്കുമ്പോഴാണ് നാനാത്വത്തിൽ ഏകത്വമാകുന്നത് ഇവിടെ പൊലിഞ്ഞുപോകുന്നത് ഇന്ത്യ എന്ന ആശയമാണ്. അത് (ഇന്ത്യ എന്ന ആശയം) നിലകൊള്ളുന്നത് ആശയങ്ങളുടെ ഇന്ത്യക്ക് വേണ്ടിയാണല്ലോ. ജനാധിപത്യത്തിൽ ചാലിച്ചെടുത്ത ബഹുസ്വരത. ഇതിനെ ആരോഗ്യപരമായി സംയോജിപ്പിക്കുമ്പോഴാണ് നാനാത്വത്തിൽ ഏകത്വമാകുന്നത്. മറുവശത്ത് നാനാത്വത്തിൽ ഏകത്വത്തെപ്പൊലെ പ്രധാനപ്പെട്ടതാണ് ഏകത്വത്തിലെ നാനാത്വവും. ഇതില്ലെങ്കിൽ അവശേഷിക്കുന്നത് ഏകത്വം മാത്രമാണ്. ഇന്ത്യൻ ഭരണകൂടം ശ്രമിക്കുന്നത് ഇതിനാണ്. ഒരുവേള ഏകത്വത്തെ കവച്ചുവയ്ക്കുന്ന ഏകീകരണത്തിന്. പ്രശസ്ത പണ്ഡിതനായ പ്രൊഫ. റോബി ചാറ്റർജിയോട് സൽമാൻ റഷ്ദി ഉന്നയിച്ച ചോദ്യം പ്രസക്തമാണ്. ഇന്ത്യയെ ചേർത്തുനിർത്തുന്ന പശ എന്താണെന്നായിരുന്നു റഷ്ദിയുടെ ചോദ്യം. ‘ഇന്ത്യക്ക് പശയുടെ ആവശ്യമില്ല. കാരണം ഇന്ത്യയുടെ ബഹുസ്വരതയാണ്. ഇന്ത്യ ഇവിടെ ഉണ്ട്. അത് ഇവിടെ അങ്ങനെതന്നെ നിലകൊള്ളും. ’ എന്നാൽ ഇന്ന് റോബി ചാറ്റർജിയുടെ ആത്മവിശ്വാസം അസ്ഥാനത്താകുകയാണ്. കാരണം, മതം, ദേശസ്നേഹം, സംസ്കാരം, സംഗീതം, കല, രാഷ്ട്രീയം തുടങ്ങിയവയെല്ലാം യൂണിഫോമിട്ട് മാർച്ച് ചെയ്യണം എന്ന് നിർബന്ധം പിടിക്കുന്ന ഭരണകൂടമാണ് നമ്മുടേത്.

Share this article

Leave a Reply

Your email address will not be published. Required fields are marked *