ജനറലാകാന്‍ യോഗ്യതയില്ലാത്ത ഇന്ത്യക്കാര്‍

Reading Time: 2 minutes

കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ് സെലക്്ഷനുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ ടിവി പ്രസിദ്ധപ്പെടുത്തിയ ഒരു ന്യൂസ് സ്റ്റോറിയില്‍, ജനറല്‍ വിഭാഗത്തില്‍ ആകെ 30 ശതമാനം പേര്‍ക്കുമാത്രമേ അവസരം ലഭിക്കുന്നുള്ളൂ എന്നും ഭൂരിഭാഗവും സംവരണ വിഭാഗങ്ങള്‍ കൈക്കലാക്കുകയാണ് എന്നും സമര്‍ഥിച്ചിരുന്നു. അതിനു പ്രധാനമായി ചൂണ്ടിക്കാട്ടിയ ന്യായം ജനറല്‍ വിഭാഗത്തില്‍ പത്തു ശതമാനത്തോളം സീറ്റുകള്‍ സംവരണവിഭാഗങ്ങള്‍ തന്നെ മെറിറ്റുമുഖേന സ്വന്തമാക്കുന്നു എന്നും ഇത് ജനറല്‍ വിഭാഗത്തിന്റെ അവസരം കുറക്കുന്നു എന്നുമാണ്. വംശീയതയുടെയും അപരവത്കരണത്തിന്റെയും വിഷങ്ങള്‍ ഒരു ദേശീയമാധ്യമത്തിന്റെ മനോഭാവത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നതിന്റെ നിരവധി ഉദാഹരണങ്ങളിലൊന്നാണിത്.
1947ല്‍ സ്വതന്ത്രമായ ജനാധിപത്യ ഇന്ത്യയുടെ സവിശേഷതകളായി എണ്ണുന്ന ജാതിരഹിത, മതരഹിത ഭരണവ്യവസ്ഥിതിയും തുല്യനീതി, അവസരസമത്വം തുടങ്ങിയ നയങ്ങളുമൊക്കെ ആശയങ്ങള്‍ മാത്രമായി മരവിക്കുകയും പ്രയോഗത്തിലും പ്രചരിപ്പിക്കപ്പെടുന്ന ആശയത്തിലും അവ അശേഷം ഇല്ലാതാകുകയും ചെയ്യുന്നതാണ് സ്വതന്ത്ര ഇന്ത്യയുടെ വര്‍ത്തമാനം. നോക്കൂ, മെറിറ്റ് അടിസ്ഥാനത്തില്‍ അവസരം തേടുന്നവര്‍ ജാതി, മത, വിഭാഗ വിവേചനമില്ലാതെ രാജ്യത്തെ പൗരന്‍മാര്‍ എന്ന രീതിയില്‍ പരിഗണിക്കപ്പെടേണ്ടതാണ്. മെറിറ്റ് എന്നത് തുറന്ന അവസരമാണ്. പഠനമികവ് മാത്രമാണ് ഇവിടെ പരിഗണിക്കുന്നത്. ആര്‍ക്കും നേടിയെടുക്കാവുന്ന അവസരമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി മുന്‍നിരയിലെത്തുന്ന പ്രതിനിധികള്‍ സംവരണ വിഭാഗത്തില്‍നിന്നുള്ളവരാകുമ്പോള്‍ അത് അംഗീകരിക്കാന്‍ സാധിക്കാത്ത വംശീയബോധമാണ് കണക്കുകള്‍ നിരത്തി ജനറല്‍ വിഭാഗത്തിന്റെ അവസരം കുറക്കുന്നു എന്ന് ഇന്ത്യാടുഡേ വിശദീകരിക്കുന്നത്. അഥവാ ജനറല്‍ വിഭാഗം എന്നാല്‍ സംവരണപ്പട്ടികയിലേക്ക് ചേര്‍ക്കപ്പെടാത്ത ഉയര്‍ന്ന ജാതിയില്‍പെട്ടവരുടെ മാത്രം കാറ്റഗറിയാണ് എന്ന് പറയാതെ പറഞ്ഞുവെക്കുന്നു. രാജ്യത്തിന്റെ മനസില്‍ ഇത്തരമൊരു ആശയം സ്ഥാപിച്ചെടുക്കുന്നു.


യഥാര്‍ഥത്തില്‍ മെറിറ്റ് വിഭാഗത്തിലുള്ള സീറ്റുകള്‍ പൂര്‍ണമായും സംവരണവിഭാഗങ്ങള്‍ സ്വന്തമാക്കിയാല്‍ പോലും നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ ബഹുസ്വരബോധത്തിന് അസ്വസ്ഥതയുണ്ടാകേണ്ടതില്ല. അത് ആരുടെയും അവസരവും നഷ്ടപ്പെടുത്തുന്നില്ല, പഠിപ്പില്‍ മികവു പുലര്‍ത്താന്‍ സാധിക്കാത്തതുകൊണ്ടു മാത്രമാണ് അവസരം ലഭിക്കാതെ പോകുന്നത് എന്നതാണ് ശരി. വര്‍ഗവിവേചനങ്ങളും നീതിനിഷേധങ്ങളുമുള്‍പെടെയുള്ള ചരിത്രപരമായ കാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുകൊണ്ടിരുന്ന വിഭാഗങ്ങളെ പൗരബോധത്തിന്റെ സമനിരയിലേക്കു നീക്കിനിര്‍ത്തുന്നതിനാണല്ലോ സംവരണം ഒരു ആശയമായി രാജ്യം അംഗീകരിച്ചത്. അത് വ്യത്യസ്ത ജനവിഭാഗങ്ങളുടെ പുരോഗതിയില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അതല്ലെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ വര്‍ത്തമാനം ഇതാകില്ലായിരുന്നു. എങ്കില്‍പോലും സംവരണാനുകൂല്യത്തിനു കാരണമായ ഘടകങ്ങള്‍ ഇപ്പോഴും രാജ്യത്തു തുടരുന്നുണ്ടെന്ന് ഇതുസംബന്ധിച്ചു നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയതാണ്.എന്നാല്‍, സംവരണ സമുദായങ്ങളില്‍ ഉള്‍പെടാത്തവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ അവഗണനയും അവസരസമത്വനിഷേധവും നേരിടുന്നുണ്ടെന്ന സംവാദങ്ങള്‍ ഉയര്‍ന്നു വന്നതിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം ഈ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിച്ചത്. ജാതിമത സംവരണവിഭാഗത്തില്‍ ഉള്‍പെടാത്ത അഥവാ ജനറല്‍ കാറ്റഗറിയില്‍നിന്നാണ് പത്തുശതമാനം സാമ്പത്തിക പിന്നാക്കക്കാര്‍ക്കായി മാറ്റിവെച്ചത്. ഫലത്തില്‍ സംവരണേതര വിഭാഗത്തിലുള്ളവര്‍ക്ക് ലഭിച്ച സംവരണാനുകൂല്യമാണിത്. മാനദണ്ഡം സാമ്പത്തികമാണെന്നു മാത്രം. പക്ഷേ ഇന്ത്യാടുഡേ ഈ വിഭാഗത്തെയും ജനറല്‍ ആയി അംഗീകരിക്കാന്‍ സന്നദ്ധമാകുന്നില്ല. സാമ്പത്തിക സംവരണംകൂടി കുറച്ചാല്‍ ജനറല്‍ വിഭാഗത്തിനായി ശേഷിക്കുന്നത് 30 ശതമാനം സീറ്റുമാത്രമാണെന്നാണ് ഈ ദേശീയ മാധ്യമം പരിതപിക്കുന്നത്. അതില്‍ കുറ്റകരമായി അവതരിപ്പിക്കുന്നതാകട്ടേ ജനറല്‍ കാറ്റഗറിയിലെ പത്തു ശമതാനത്തോളം സീറ്റുകള്‍ സംവരണവിഭാഗം മെറിറ്റില്‍ കൈക്കലാക്കുന്നു എന്നതും.
നമ്മുടെ രാജ്യത്തെ മനുഷ്യരെ നിബന്ധനകളില്ലാതെ പൗരന്‍മാരായി അംഗീകരിക്കാന്‍ സാധിക്കാത്തെ ഒരുതരം വിദ്വേഷ സമീപനം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. വരേണ്യജനതയുടെ മേല്‍കോയ്മകളില്‍മാത്രമാകണം രാജ്യത്തിന്റെ അധികാരകേന്ദ്രീകരണം എന്ന ഫാസിസ്റ്റ് ഐഡിയോളജിക്ക് രാവും പകലവും എണ്ണയൊഴിക്കുന്ന വിലക്കെടുക്കപ്പെട്ട മാധ്യമങ്ങളുണ്ട്. ഇന്ത്യാടുഡേയെ നമുക്ക് ആഗണത്തില്‍ എണ്ണേണ്ടിവരുന്നു. അവര്‍ ഉത്പാദിപ്പിക്കുന്ന ഭയവും വിദ്വേഷവുമാണ് രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തെയും ആള്‍ക്കൂട്ടങ്ങളെയും സ്വാധീനിക്കുന്നത്. അവരാണ് തങ്ങളുടെ ആനുകൂല്യങ്ങളും അവസരങ്ങളും മറ്റു വിഭാഗങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നു എന്ന് നിഷ്‌കളങ്കമായി വിശ്വസിപ്പിക്കുന്നത്. മെറിറ്റില്‍ മികവു നേടുന്നവര്‍ സംവരണവിഭാഗത്തില്‍ ഉള്‍പെട്ടു എന്ന കാരണത്താല്‍ അവര്‍ ജനറല്‍ വിഭാഗത്തില്‍ അവസരമുണ്ടാകരുതെന്നാണ് ഈ വിവേചനബോധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ പൊതുവിഭാഗത്തിനൊപ്പം ചേരാന്‍ മറ്റുവിഭാഗങ്ങള്‍ക്ക് അവസരമുണ്ടാകാന്‍ പാടില്ലെന്ന തത്വമാണ് നിര്‍മിക്കുന്നത്. സാമുദായിക സംവരണം തന്നെ ചോദ്യം ചെയ്യപ്പെടുകയും വിയോജിപ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഘട്ടത്തിലാണ് പൊതുവിഭാഗത്തില്‍ ചിലര്‍മാത്രം എന്ന ആശയങ്ങളും ഉയര്‍ത്തുന്നത്. പൗരത്വ നിയമഭേദഗതിയിലൂടെ ഒരുവിഭാഗത്തെ പൗരവകാശത്തിനു പുറത്തുനിര്‍ത്താന്‍ ശ്രമിച്ച അതേ ആശയമാണിത്. ജനാധിപത്യ, മതേതര ഇന്ത്യയുടെ വര്‍ത്തമാനങ്ങള്‍ ഇപ്പോള്‍ ഇതിനും അപ്പുറമാണ്. പ്രത്യേകാവകാശങ്ങള്‍ ആര്‍ക്കും ഉണ്ടാകരുതെന്ന സമഭാവനയുടെ തേന്‍ചേര്‍ത്ത വര്‍ത്തമാനങ്ങള്‍ ഒരിടത്തു പറയുമ്പോള്‍ മറുഭാഗത്ത് രാജ്യത്തിന്റെ പൊതുധാര എന്നാല്‍ അത് ചിലര്‍ക്കുമാത്രമായിരിക്കും എന്ന് ശക്തമായി സ്ഥിപിക്കപ്പെടുകയും ചെയ്യുന്നു. നാം സ്വാതന്ത്ര്യം വീണ്ടും വീണ്ടും ആചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

Share this article

About അലി അക്ബര്‍

View all posts by അലി അക്ബര്‍ →

Leave a Reply

Your email address will not be published. Required fields are marked *