കൂഫയിലെ രക്തസാക്ഷ്യം

Reading Time: < 1 minutes

ഹുസൈന്‍(റ), അലിയുടെ(റ) മകന്‍. തിരുനബിയുടെ(സ്വ) പേരമകന്‍. ഉമവിയ്യ കാലത്ത് യസീദിന്റെ ഭരണത്തിനെതിരെ നിലകൊണ്ടതിന്റെ പേരില്‍ രക്തസാക്ഷ്യം വഹിച്ചു. ആ ചരിത്രാംശമാണിത്.
നബിയുടെ (സ്വ) പേരമകന്‍ എന്നത് ഹുസൈന്(റ) വലിയ അംഗീകാരമായിരുന്നു. ഭരണാധികാരി യസീദിനെതിരെ നിലയുറപ്പിച്ചപ്പോള്‍ ഒരുകൂട്ടം ജനത ഹുസൈന്‍ തങ്ങളുടെ കൂടെ നിന്നു. ഇതില്‍ യസീദ് ബിന്‍ മുആവിയ ഭയന്നു. ഭരണകൂടത്തിനെതിരെ വിപ്ലവമുണ്ടാകുമെന്ന് ഭരണാധികരി കണക്കുകൂട്ടി. ഇത് മുന്‍കൂട്ടി ചെറുക്കാന്‍ യസീദ് തീരുമാനിച്ചു. തന്നെ അംഗീകരിക്കാന്‍ തങ്ങളോട് യസീദ് നിര്‍ദേശിച്ചു. തങ്ങള്‍ പക്ഷേ നിരസിച്ചു. വലിയ അംഗീകാരങ്ങളും സുഖജീവിതവും വേണ്ടെന്നുവെച്ചു. അധികാരത്തിനെതിരെയുള്ള ചെറുത്തുനില്‍പുകളെ സൈനികബലപ്രയോഗത്തിലൂടെ നേരിടുന്ന യസീദിയന്‍ രീതിയെ ഹുസൈന്‍ (റ) തിരിച്ചറിഞ്ഞു. സ്വദേശമായ മദീന വിട്ട് മക്കയിലേക്ക് കുടുംബസമേതം പലായനം ചെയ്തു. മക്കാ ദേശത്തോട്, അവിടത്തെ ഇസ്‌ലാമിക ചരിത്രമഹാത്മ്യത്തോട് വില കല്‍പിച്ച് യസീദ് അക്രമിക്കില്ലെന്ന് കരുതിയാണ് ഈ ദേശത്യാഗത്തിന് മുതിര്‍ന്നത്. പക്ഷേ മക്കയും സ്വസ്ഥ ഭൂമികയല്ലാതായി. മറ്റൊരു പുറപ്പെട്ടുപോക്കിന് നിര്‍ബന്ധിതനായി. ഇക്കാര്യം അറിഞ്ഞ കൂഫ നിവാസികള്‍ ഹുസൈന്‍കുടുംബത്തിന് രക്ഷ തരാമെന്ന് അറിയിച്ചു. ഒടുവില്‍ കൂഫയിലേക്ക് തിരിച്ചു. പക്ഷേ യസീദ് ഇതെല്ലാം രാഷ്ട്രീയമായി നിരീക്ഷിച്ചു. അട്ടിമറി ഭരണത്തിന് ആളെക്കൂട്ടുകയാണെന്ന് തെറ്റിധരിച്ചു. കൂഫയിലേക്ക് പുറപ്പെട്ട ഹുസൈനെയും(റ) 71 പേരെയും യസീദിന്റെ സൈന്യം തടഞ്ഞുവെച്ചു. മുപ്പതിനായിരം അംഗബലമുള്ള സൈനികശേഷിയായിരുന്നു യസീദിന്റേത്. പ്രതിവിപ്ലവചിന്തയോ അട്ടിമറി ആലോചനയോ ഇല്ലാത്ത നിസ്വാര്‍ഥ പഥികരുടെ വഴി സൈന്യം തടഞ്ഞു. തിരിച്ചു പോകാന്‍ കല്‍പിച്ചു. അടിസ്ഥാനാവശ്യങ്ങള്‍ പോലും തഴയപ്പെട്ടു. കര്‍ബലയുടെ ചെമന്ന മണ്ണ് വലിയൊരു ചരിത്ര സംഭവത്തിന് സാക്ഷിയാവുകയാണ്.
തന്റെ ഭരണാധികാരത്തെ പിന്തുണക്കാന്‍ ഹുസൈന്‍വൃന്ദം തയാറല്ലെന്ന് മനസിലാക്കിയ യസീദ് ഇവരെ വധിക്കാന്‍ ഉത്തരവിട്ടു. കര്‍ബലയില്‍ ഹുസൈനും അനുചരരും(റ) രക്തസാക്ഷ്യം വരിച്ചു. തന്റെ പേരമകന്‍ കൊല്ലപ്പെടുമെന്ന് തിരുനബി പറഞ്ഞിരുന്നു. അത് യസീദിലൂടെ പുലര്‍ന്നു. പിന്നീട് ഹുസൈന്റെ(റ) കുടുംബത്തെ യസീദ് വേട്ടയാടി. സഹോദരി സൈനബ്(റ) ഹുസൈന്റെ(റ) നിലപാടിലുറച്ചുനിന്നു. രാജ്യത്തരങ്ങേറുന്ന നീചവൃത്തികള്‍ക്കെതിരെ ആ കുടുംബം ശബ്ദിച്ചു. ലോകത്തിന് അതിലൂടെ പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കി.
ഹിജ്‌റ നാലാം വര്‍ഷം ശഅ്ബാനില്‍ ജനിച്ച ഹുസൈന്‍(റ) ഹിജ്‌റ 61 മുഹര്‍റത്തില്‍ പരലോകം പ്രാപിച്ചു. തിരുനബിയുടെ തലോടല്‍ ഏറ്റു വളര്‍ന്ന്, തിരുമുത്തങ്ങള്‍ കിട്ടിയ, അഹ്‌ലുബൈത്ത് എന്ന പുതപ്പില്‍ സ്വര്‍ഗത്തിലെ യുവാക്കളുടെ നേതൃപദവി കിട്ടി. ഇസ്‌ലാമിക ചരിത്രത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ചരിത്രസ്തംഭമായി മാറി ഹുസൈന്‍ തങ്ങളുടെ ജീവിതം.

Share this article

About അഖുല്‍ അമീന്‍

View all posts by അഖുല്‍ അമീന്‍ →

Leave a Reply

Your email address will not be published. Required fields are marked *