‘കിടു’

Reading Time: 2 minutes

അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് ‘കിടു’ എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന ഒരു സീന്‍ അരങ്ങേറിയത് ആഗസ്റ്റ് അവസാനം സുപ്രീം കോടതിയില്‍ ആയിരുന്നു. കോടതിയെ വിമര്‍ശിച്ചതിന് മാപ്പ് പറഞ്ഞൂടേ എന്ന് ജസ്റ്റിസ് മിശ്രയും പറ്റില്ലെന്ന് ഉറച്ച സ്വരത്തില്‍ പ്രശാന്ത് ഭൂഷണും. പ്രശാന്തിന്റെ ആ ഉശിരുണ്ടല്ലോ. അതാണ് ശരിക്കും ‘കിടു!’
ആ സംഭവത്തെ നമുക്ക് തത്കാലത്തേക്ക് വിടാം. ‘കിടു’ പ്രയോഗത്തെക്കുറിച്ചാവാം ഇപ്പോള്‍ ചര്‍ച്ച.
ഗംഭീരം, അത്യുഗ്രന്‍, അതിമനോഹരം തുടങ്ങിയ അര്‍ഥങ്ങളാണ് കിടുവിന് നല്‍കപ്പെട്ടിരിക്കുന്നത്. ന്യൂജെന്‍ ഗണത്തില്‍ തന്നെ പെട്ട ചെത്ത്, അടിച്ചുപൊളി, തകര്‍പ്പന്‍ തുടങ്ങിയ പദങ്ങള്‍ക്ക് പഴക്കം വന്നു ശൗര്യം നഷ്ടപ്പെട്ടു തുടങ്ങിയത് സഹിക്കാന്‍ വയ്യാഞ്ഞിട്ട് ഏതോ ‘ന്യൂജെന്‍ പ്ലസുകാര്‍’ കണ്ടെത്തിയ പുതുപുത്തന്‍ ഐറ്റമാണ് ‘കിടു’ എന്ന ഒരു നിരീക്ഷണവുമുണ്ട്. എന്തോ ആവോ?
മൊബൈല്‍ ആപ്പുകള്‍, സൊഫ്റ്റ്വെയറുകള്‍, കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എന്നിവ ഉപകാരപ്രദവും ഉഗ്രനുമാണെന്നൊക്കെ നീട്ടി പരത്തി പറഞ്ഞു ശ്രോതാവിനെ ബോറടിപ്പിക്കുന്നതിനു പകരം, ‘ഇന്നു ഞാന്‍ നിങ്ങളുടെ മുമ്പില്‍ വന്നിരിക്കുന്നത് ഒരു കിടു ആപ്പുമായിട്ടാണെന്ന്’ പറഞ്ഞു നമ്മെ വേഗം ഫ്രീയാക്കിത്തരും പ്രൊമോട്ടര്‍മാര്‍. ഒരുപാട് പദങ്ങളുപയോഗിച്ച് വിശദീകരിക്കുന്നതിനെക്കാള്‍ നല്ല ഒരു ഫീലും കിട്ടും ആ കിടു പ്രയോഗം കൊണ്ട്. ഡിക്ഷ്ണറിയില്‍ വിലസുന്ന ഔദ്യോഗിക പദങ്ങളെക്കാള്‍ ‘തെരുവ് പദങ്ങള്‍ക്കുള്ള’ ഒരു ശക്തി!
എന്തു ചെയ്യണമെന്നറിയാതെ വഴിമുട്ടി നില്‍കുന്ന ഒരു പ്രതിസന്ധി ഘട്ടത്തില്‍, താരതമ്യേന നിസാരമായ എന്നാല്‍ സാഹചര്യം കൈകാര്യം ചെയ്യാന്‍ പറ്റുന്ന ചില ഐഡിയകള്‍ മുന്നോട്ട് വെച്ച് ഞെട്ടിച്ചു കളയും ചിലര്‍. അത്തരം ഐഡിയകളെയാണ് കിടു ഐഡിയ എന്ന് വിളിച്ച് ആദരിക്കുക. ഗാര്‍ഡനിങ്, ഹോം മൈക്കിങ്, കുക്കിങ്, ക്ലീനിങ് തുടങ്ങി നിത്യ ജീവിത ഇടപാടുകളിലും ഇത്തരം കിടു ഐഡിയകള്‍ അവതരിപ്പിച്ച് സഹായിക്കാറുണ്ട് ചിലര്‍.
കലാ/ സാഹിത്യ/കായിക മത്സരങ്ങള്‍, വിജ്ഞാന പരീക്ഷകള്‍, പൊതു ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവയില്‍ നടത്തുന്ന അത്യുഗ്രന്‍ പെര്‍ഫോമന്‍സുകളെ ഏറ്റവും മനോഹരമായി വിശദീകരിക്കാന്‍ ആ കുട്ടിയുടേത് കിടു പെര്‍ഫോമന്‍സ് ആയിരുന്നു എന്നങ്ങ് പറഞ്ഞാ മതി. അരങ്ങുകളിലെ ത്രസിപ്പിക്കുന്ന കാഴ്ചകളെ വര്‍ണിക്കാന്‍ അതൊരു കിടു സീനായിരുന്നെന്നങ്ങ് കാച്ചിയാലും സംഗതി ഏല്‍ക്കും. അതില്‍ എല്ലാം ആയി. പിന്നെ ആരും ഒന്നും ചോദിക്കില്ല.
ചില സാധനങ്ങളെ ചൂണ്ടി ഇത് കിടു ഐറ്റം ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ പിന്നെ സംശയിക്കാനില്ല. ആ അഭിപ്രായം പാസാക്കിയ ആള്‍ക്ക്, ആ സാധനം നന്നേ ബോധിചിട്ടുണ്ടെന്ന് സാരം!
ചുരുക്കത്തില്‍, ഗംഭീരമായ ഏതൊരു വസ്തുവും കാഴ്ചയും ഫീലിങും എന്തിന്, ട്രോള്‍ പൊലും കിടുവാണ്. ഇക്കാലത്തിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട ട്രോളുകളില്‍ ഏറ്റവും ഗംഭീരമായി ഫീല്‍ ചെയ്ത ട്രോള്‍ ഇങ്ങനെയാണ്. ‘ചാണകത്തില്‍ ചവിട്ടരുത്. എന്തുകൊണ്ടെന്നാല്‍ അത് ഇന്ത്യയുടെ ദേശീയ തീട്ടമാകുന്നു.’ പശു സംരക്ഷണം മറയാക്കി മനുഷ്യനെ അറുക്കുന്ന സംസ്‌കാരത്തിനു നേരെ ശക്തമായി വിരല്‍ ചൂണ്ടുന്ന ഈ ട്രോള്‍ ഒരു കിടു ട്രോള്‍ തന്നെ!.
വല്ലാതെ കിടുവാകുമ്പോള്‍ പ്രയോഗം ചിലപ്പോള്‍ ‘കിടുക്കാച്ചി’യായി മാറിയെന്നും വരും. രണ്ടും ഒന്ന് തന്നെ.
കിടുവും സൂക്ഷിക്കണം. അടിപൊളിയടക്കമുള്ള മുന്‍ഗാമികള്‍ക്ക് വന്ന ‘തേയ്മാനം’ ഇവിടെയും പിടിപെടാനും ഉപയോഗശൂന്യമാകാനും സാധ്യത ഇല്ലാതില്ല. കരുതിയിരിക്കുന്നത് നല്ലതാണ്. സോഷ്യല്‍ മീഡിയ ഇമോജി ലിസ്റ്റില്‍ കൃത്യമായി പ്രതിനിധീകരിക്കാന്‍ ഒരു ഇമോജി തന്നെയുണ്ടെന്നത് ന്യൂ ജെന്‍ വാക്കുകളില്‍ കിടുവിന്റെ മാത്രം പ്രത്യേകതയായിരിക്കും. ഇതാ ഇങ്ങനെ .
ഇത്തരം വാക്കുകളെ പറ്റി എഴുതി തുടങ്ങിയപ്പോള്‍ വന്ന സ്വാഭാവികമായ ഒരു ജിജ്ഞാസ. ഭൂലോക മലയാളികള്‍ ഒന്നായി ഉപയോഗിക്കുന്ന ഈ പുത്തന്‍ വാക്കുകള്‍, ആദ്യം ഉപയൊഗിച്ച ആ ‘പണ്ഡിറ്റ്’ ആരായിരിക്കും? അങ്ങനെയൊരാള്‍ ഓരോ വാക്കിനു പിന്നിലും എന്തായാലും ഉണ്ടാകുമല്ലോ. ആരെങ്കിലുമാവട്ടെ.
ഈ ലക്കത്തില്‍ ‘നമ്മളായിട്ട്’ പരിചയപ്പെടുത്തുന്ന പുതിയ പ്രയോഗവും ശ്രദ്ദിച്ചിരിക്കുമല്ലോ! പിള്ളേര്‍ ഇപ്പോള്‍ ന്യൂജെന്‍ അല്ല. അതുക്കും മേലെയാണ്. ‘ന്യൂജെന്‍ പ്ലസ്’!.

Share this article

About അബ്ദുല്ല വടകര

View all posts by അബ്ദുല്ല വടകര →

Leave a Reply

Your email address will not be published. Required fields are marked *