നക്‌സല്‍ തീവ്രവാദത്തില്‍നിന്ന് കേരളത്തെ പ്രവാസം രക്ഷിച്ചു

Reading Time: 2 minutes

1960-70 കാലഘട്ടം കേരളത്തില്‍ തൊഴിലില്ലായ്മ വളരെ രൂക്ഷമായിരുന്നു. ഇന്ത്യയില്‍ പട്ടിണി കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. നക്സല്‍ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ സജീവമായിവന്ന കാലംകൂടിയായിരുന്നു അത്. കേരളത്തില്‍നിന്ന് തൊഴില്‍തേടി ഗള്‍ഫിലേക്കുള്ള ഒഴുക്ക് സംഭവിക്കുന്നത് 70നും 90നുമിടയിലാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇതു സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ തൊഴിലില്ലായ്മയിലും പട്ടിണിയിലും പൊറുതിമുട്ടി യുവാക്കളിലെ നല്ലൊരു ഭാഗം ഇത്തരം തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുമായിരുന്നുവെന്ന് ഈ മേഖലയില്‍ പഠനം നടത്തിയ സാമൂഹിക ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഗള്‍ഫ് പ്രവാസം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ സംഭവിക്കുമായിരുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലാണ് ഈ നിരീക്ഷണം.

കുടിയേറ്റ ഘട്ടങ്ങള്‍
1970-90 കാലമാണ് ഗള്‍ഫ് പ്രവാസത്തിന്റെ ഒന്നാംഘട്ടം. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കാവാസ്ഥയിലുള്ള കുടുംബങ്ങളില്‍നിന്നാണ് അധികം പ്രവാസികളുണ്ടായത്. തൊണ്ണൂറുകള്‍ക്കു ശേഷമുള്ള കുടിയേറ്റമാണ് രണ്ടാംഘട്ടം. കുറച്ചുകൂടി ബോധപൂര്‍വമായ കുടിയേറ്റമാണ് ഈ ഘട്ടത്തിലുണ്ടായത്. തൊഴില്‍ നിയമങ്ങളില്‍വന്ന മാറ്റങ്ങളാണ് ദിശമാറ്റിയത്. മൂന്നുതരം കുടിയേറ്റങ്ങളാണ് ഇന്ന് നമ്മള്‍ കാണുന്ന കേരളസമൂഹത്തെ സൃഷ്ടിച്ചതെന്ന് കാണാം. ഒന്ന്, സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ മധ്യതിരുവിതാംകൂറില്‍നിന്ന് മലബാറിലേക്കുണ്ടായ കുടിയേറ്റങ്ങള്‍, രണ്ടാമത്തേത് ഗള്‍ഫ്കുടിയേറ്റമാണ്. 70കളില്‍ തുടങ്ങി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഭാസം. മൂന്ന്, കേരളത്തിലെ യുവജനങ്ങള്‍ പുറത്തേക്ക് തൊഴില്‍തേടി പോയപ്പോള്‍ ഇവിടെയുണ്ടായ തൊഴിലവസരങ്ങളന്വേഷിച്ച് ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഇങ്ങോട്ടുണ്ടായ കുടിയേറ്റമാണ്.

സമൂഹവും പ്രവാസവും
മനുഷ്യന്റെ പുരോഗതിയുടെ ചരിത്രങ്ങളില്‍ കുടിയേറ്റങ്ങള്‍ക്ക് അല്ലെങ്കില്‍ പ്രവാസത്തിന് വലിയ പങ്കുണ്ട്. ഓരോ ജനതയുടെയും സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയില്‍ കുടിയേറ്റങ്ങള്‍ വലിയ കാരണമായി. കുടിയേറ്റക്കാരുടെ സ്വന്തം സ്ഥലത്തും അവരെത്തിപ്പെടുന്ന സ്ഥലത്തും ഈ പുരോഗതി കാണാവുന്നതാണ്. ഒരുതരത്തിലുള്ള വിന്‍വിന്‍ രീതിയാണ് കുടിയേറ്റം. മലയാളികളെ സംബന്ധിച്ച് ഗള്‍ഫ് കുടിയേറ്റമാണ് പ്രവാസജീവിതത്തിലെ ഏറ്റവും നിര്‍ണായകം.

പ്രവാസം കാരണങ്ങള്‍
ഏതു കുടിയേറ്റത്തിനും ചില പൊതുകാരണങ്ങളുണ്ടാകും. അതില്‍ പ്രധാനപ്പെട്ടവ രണ്ടുണ്ട്. 1. പുഷ് ഫാക്ടേഴ്സ് അഥവാ ജീവിക്കുന്ന നാട്ടില്‍ നിന്ന് പുറത്തേക്ക് തള്ളുന്ന ചിലത്. അതിനുകാരണം തൊഴിലില്ലായ്മ, പട്ടിണി പോലെ സാമൂഹിക പ്രശ്നങ്ങളായിരിക്കാം. 2. എത്തിപ്പെടുന്ന സ്ഥലങ്ങളില്‍ അവരെ ആകര്‍ഷിക്കുന്ന ചില ഘടകങ്ങളുമുണ്ട്. അതിനെ പുള്‍ ഫാക്ടേഴ്സ് എന്നു പറയാം. മലയാളി ഗള്‍ഫ് കുടിയേറ്റങ്ങളില്‍ ഈ രണ്ട് ഘടകങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതോടൊപ്പം ഗള്‍ഫ് നാടുകളില്‍ ഓയില്‍ ബൂം വന്നപ്പോള്‍ അവര്‍ക്ക് വേണ്ട സപ്പോര്‍ട്ടുകളിലൊന്ന് സാങ്കേതികമായ അറിവും പരിചയവുമുള്ള പ്രൊഫഷനല്‍സും ടെക്നീഷ്യന്‍സുമായിരുന്നു. അതുനല്‍കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്നദ്ധമായിരുന്നു. അതുകൊണ്ട് ആ സഹായം നല്‍കിയിരുന്നതും ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതും അവര്‍ തന്നെയാണ്. എന്നാല്‍, അവിടേക്ക് വേണ്ട ലേബര്‍ഫോഴ്സ്, മാനവവിഭവശേഷി നല്‍കാന്‍ കഴിഞ്ഞത് ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ സൗത്തേഷ്യന്‍ രാജ്യങ്ങള്‍ക്കാണ്. ഇന്ത്യയില്‍നിന്നുള്ള ഗള്‍ഫ് പ്രവാസികളില്‍ 50 ശതമാനത്തോളം മലയാളികളാണ്. കേരളത്തിന്റെ ഈയൊരു സാഹചര്യം പ്രത്യേകിച്ച് വിദ്യാസമ്പന്നരായ തൊഴില്‍രഹിതരുടെ എണ്ണം കൂടുന്നത് ഗള്‍ഫിലേക്കുള്ള ഒഴുക്കിന് വലിയ കാരണമായി. സമ്പാദിക്കുക, മിച്ചം വെക്കുക, നിക്ഷേപിക്കുക ഇതാണല്ലോ ഒരു സാമ്പത്തിക പ്രവര്‍ത്തനം. മലയാളിയുടെ ഗള്‍ഫ് പ്രവാസം ആരംഭിച്ചിട്ടുള്ളതും ഏറെക്കുറെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇങ്ങനെയൊരു ലക്ഷ്യത്തിലല്ല. വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് നിക്ഷേപവും സമ്പാദ്യവും ഉണ്ടാക്കിയത്. മറ്റുള്ളവര്‍ ഉപജീവനം എന്ന നിലക്കാണ് നാടുവിട്ടത്. അത് ഗള്‍ഫ് പ്രവാസത്തിന്റെ സവിശേഷതകൂടിയാണ്.

സാമ്പത്തികാവസ്ഥകള്‍
ഗള്‍ഫ് കുടുംബങ്ങളുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള ഓരുപാട് പഠനങ്ങള്‍ നടന്നിട്ടുണ്ട്. 1987ല്‍ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറേറ്റ് നടത്തിയ പഠനത്തില്‍ പറയുന്നത്, അന്നത്തെ ഒരു ഗള്‍ഫ് കുടുംബത്തിന്റെ വരുമാനം ഗള്‍ഫ്കാരല്ലാത്ത കുടുംബത്തിന്റെ മാസവരുമാനത്തിന്റെ ഇരട്ടിയായിരുന്നുവെന്നാണ്. പക്ഷേ ഇന്ന് അത്രക്കില്ല. ഒരുപക്ഷേ ഗള്‍ഫിലുള്ള വരുമാനത്തിന്റെ ഇടിവോ നാട്ടിലുള്ളവരുടെ വരുമാന വര്‍ധനവോ ആകാം കാരണം.
അഞ്ചു ജില്ലകളിലെ ആയിരത്തോളം കുടുംബങ്ങളെയാണ് ഞാന്‍ പഠനവിധേയമാക്കിയത്. അവരില്‍ 71 ശതമാനത്തോളവും ഇന്ന് ഗള്‍ഫിനെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്. ഇത് വളരെ ആശങ്കകള്‍ക്ക് വകനല്‍കുന്നു. ഗള്‍ഫ് എപ്പോഴും നിലയ്ക്കാവുന്ന വരുമാനമാര്‍ഗമാണ്. അതുകൊണ്ടുതന്നെ ഈ മാര്‍ഗം കണ്ട് നാട്ടില്‍ ഒട്ടും ഉത്പാദനക്ഷമമല്ലാത്ത മേഖലയിലാണ് ഗള്‍ഫുകാരിലെ മിക്ക കുടുംബങ്ങളും ചെലവഴിക്കുന്നത്, പ്രത്യേകിച്ച് വീടുനിര്‍മാണം പോലെയുള്ളവ.
സാമ്പത്തിക ബാധ്യതകള്‍ പരിശോധിച്ചാല്‍, ശരാശരി ഗള്‍ഫ് കുടുംബങ്ങളില്‍ 58 ശതമാനത്തോളവും കടബാധിതരാണ്. ശരാശരി കടം നാലു മുതല്‍ ആറുവരെ ലക്ഷം രൂപയാണ്. 2017ലെ വിവരങ്ങള്‍വെച്ചാണ് പഠനം നടത്തിയത്. 56 ശതമാനം പേര്‍ക്കും കടം വന്നത് വീട് നിര്‍മാണത്തിലാണ്. മക്കളുടെയും സഹോദരിമാരുടെയും കല്യാണാവശ്യങ്ങള്‍ക്കും കടംവന്നവരുണ്ട്. ആകെ 21% കുടുംബങ്ങള്‍ക്ക് മാത്രമാണ് എന്തെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങളുള്ളത്. അതില്‍തന്നെ സാമുദായികമായ വ്യത്യാസം കാണാം. ഗള്‍ഫ് മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളില്‍ ഭൂരിഭാഗവും മുസ്ലിംകളാണ്. അവര്‍ക്കാകട്ടേ നിക്ഷേപിക്കുന്ന സ്വഭാവം വളരെ കുറവാണ്. മിക്ക കുടുംബത്തിന്റെയും പ്രധാന ചെലവ് ഷോപിങാണ്. അതോടൊപ്പം കുടുംബത്തില്‍ വരുന്ന വിവാഹം പോലുള്ള ആഘോഷങ്ങളും. മൂന്നാം സ്ഥാനത്താണ് ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ചെലവുകള്‍.

നിക്ഷേപശീലം
ഗള്‍ഫ് കുടുംബങ്ങളുടെ നിക്ഷേപസ്വഭാവത്തെക്കുറിച്ച് പല പഠനങ്ങളിലും വന്നിട്ടുണ്ട്. ഡോ. കെ രാമചന്ദ്രന്‍ നായര്‍ നിരീക്ഷിക്കുന്നത്, മലപ്പുറം ജില്ലയിലെ തീരദേശ മേഖലയിലുള്ള 50% ഗള്‍ഫ് കുടുംബങ്ങള്‍ക്കും ശരിയായ നിക്ഷേപ മാര്‍ഗങ്ങളെക്കുറിച്ചുള്ള ധാരണയോ അറിവോ ഇല്ലാത്തവരാണ് എന്നാണ്. അതോടൊപ്പം കേരളത്തിന്റെ തെക്കന്‍ജില്ലകളിലെ ഗള്‍ഫ് കുടുംബങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ ഉയര്‍ന്ന നിരക്കാണ്. 25 ശതമാനത്തിനു താഴെ മാത്രമാണ് തെക്കന്‍ ജില്ലകളിലുള്ള ഗള്‍ഫ് കുടുംബങ്ങളില്‍ ഈ അജ്ഞത കാണപ്പെടുന്നത്. പക്ഷേ 75 ശതമാനത്തോളം പ്രവാസികളുള്ള മലപ്പുറം ജില്ലയില്‍ ശരിയായ നിക്ഷേപത്തെക്കുറിച്ചും വരുമാനം കൃത്യമായി എങ്ങനെ ചെലവഴിക്കണമെന്നതിനെക്കുറിച്ചും സാമ്പത്തികമായ വിദ്യാഭ്യാസം വളരെ കുറവാണെന്നാണ് എന്റെ പഠനത്തിലും മനസിലായത്.

ആരോഗ്യം
ഗള്‍ഫ് കുടുംബങ്ങളിലെ അംഗങ്ങളുടെ ആരോഗ്യ നിലവാരത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍നിന്ന് മനസിലായത് 34% കുടുംബങ്ങളിലും ഒരു നിത്യരോഗി ഉണ്ടെന്നാണ്. ജീവിതശൈലി രോഗങ്ങള്‍ അഥവാ പ്രമേഹം, പ്രഷര്‍ പോലുള്ളവയും അലര്‍ജിയുമായി ബന്ധപ്പെട്ട രോഗങ്ങളുമാണ് പ്രധാനമായും കണ്ടുവരുന്നത്. മറ്റു സാധാരണ രോഗങ്ങളും കാണപ്പെടുന്നു. സര്‍ക്കാറിന്റെയും മറ്റു സംവിധാനങ്ങളുടെയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസികള്‍ എടുത്തിട്ടുണ്ട് 18% പ്രവാസി കുടുംബങ്ങളും. ശേഷിക്കുന്നവര്‍ക്ക് ചികിത്സാചെലവ് വലിയൊരു ബാധ്യതയായി അനുഭവിക്കുന്നുണ്ട്.

Share this article

About ഡോ. സി പി അഷ്‌റഫ്

drcpashraf@gmail.com

View all posts by ഡോ. സി പി അഷ്‌റഫ് →

Leave a Reply

Your email address will not be published. Required fields are marked *