എഡ്വേര്‍ഡ് സൈദും ശത്രുക്കളും

Reading Time: 3 minutes

എഡ്വേര്‍ഡ് സൈദ് (1935-2003), തന്റെ അകാലമരണത്തിന് വര്‍ഷങ്ങള്‍ക്കുശേഷവും കൊടുംതിരമാലകള്‍ നിറഞ്ഞ ലോകചരിത്രത്തെ മുറിച്ചുകടക്കുമ്പോള്‍ നമ്മുടെ മുന്നോട്ടുള്ള വഴിയില്‍ വെളിച്ചം പകരുന്നുണ്ട്.
അധികാരത്തോടിങ്ങനെ ഉറച്ച സത്യം പറയാനുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത കരുത്തിന് പിന്നിലെ സ്രോതസും കാരണവുമെന്തായിരുന്നു? അതേ പാകതയിലേക്ക് ഒരു തലമുറയിലെ നിരൂപക ചിന്തകരെ പ്രാപ്തമാക്കുന്നതിലെ ചാലകവുമെന്തായിരുന്നു?
ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നീതിക്ക് വേണ്ടി മുറവിളി കൂട്ടുന്ന നിര്‍ണായക മുന്നേറ്റങ്ങളെ തുല്യപ്രാധാന്യത്തോടെ നിര്‍വചിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെയും നമ്മുടെയും തലമുറയുടെ രാഷ്ട്രീയാടിത്തറയെ നിര്‍വചിച്ച രീതിയാണ് ഫലസ്തീന്‍ വിഷയത്തിലെ ഏറ്റവും ശ്രദ്ധേയനായ വക്താവായി എഡ്വേര്‍ഡ് സെയ്ദിന്റെ ധാര്‍മികവും ധൈഷണികവുമായ സ്വഭാവത്തെ നിര്‍ണയിക്കുന്നത്.
മറ്റുള്ളവരുടെ ചെലവില്‍ തങ്ങളുടെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളെ നിര്‍വചിക്കുന്ന പ്രാദേശിക വാദികളുടെ നേര്‍ എതിര്‍ദിശയിലായിരുന്നു അദ്ദേഹം നിലയുറപ്പിച്ചിരുന്നത്. സൈദിനെക്കുറിച്ചുള്ള ഈ തിരിച്ചറിവ് വൈകാരിക സ്വാധീനത്തിന്റെ പിന്‍ബലത്തിലുള്ളതല്ല. പരിപക്വമായ ധൈഷണിക സൈദ്ധാതിക തലങ്ങളിലേക്ക് രൂപാന്തരപ്പെടുത്തിയ തീര്‍ത്തും ധാര്‍മികവും നൈതികവുമായ അടിത്തറയുള്ളതാണത്.
സൈദിന്റെ രാഷ്ട്രീയ ധൈഷണിക നിവേദനത്തിന്റെ സാര്‍വലൗകികത അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയത്ത് രണ്ട് പ്രധാന പരിപാടികളില്‍ എനിക്ക് സംബന്ധിക്കാനായി. പതിറ്റാണ്ടുകളായി തന്റെ മരണം വരെ സൈദ് അധ്യാപനം നടത്തിയിരുന്ന കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ ഇറ്റാലിയന്‍ അക്കാഡമി ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് 2000, ഒക്ടോബര്‍-നവംബര്‍ കാലയളവില്‍ സ്‌കൂള്‍ ഓഫ് സബാള്‍ട്ടണ്‍ സ്റ്റഡീസ് സ്ഥാപകനായ പ്രമുഖ ഇന്ത്യന്‍ ചരിത്രകാരന്‍ റാണജിത്ത് ഗുഹയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലക്ചര്‍ സീരീസിലാണ് ആദ്യമായി പങ്കെടുത്തത്.
സബാള്‍ട്ടന്‍ സ്റ്റഡീസ് അറ്റ് ലാര്‍ജ് എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഗുഹയുടെ പ്രഭാഷണ പരമ്പരയുടെ പശ്ചാതലത്തില്‍ ഞാനും എന്റെ കൊളംബിയന്‍ സുഹൃത്ത് ഗായത്രി സ്പിവാക്കും കൂടെ രണ്ടുദിവസത്തെ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. ആ പരിപാടിയുടെ ആദ്യ പ്ലീനറി സെഷനില്‍ മുഖ്യപ്രഭാഷണം നടത്തിയത് സൈദ് ആയിരുന്നു.
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരൂപക ചിന്തകരെയും പണ്ഡിതന്മാരെയും ഞങ്ങള്‍ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. അവരെല്ലാം അവതരിപ്പിച്ച ചര്‍ച്ചകളുടെ സംക്ഷിപ്തം സൈദിന്റെ രചനയിലെ വൈവിധ്യ ആവിഷ്‌കാരങ്ങളായിരുന്നു.
മറ്റൊരിക്കല്‍, ‘ഓറിയന്റലിസം’ എന്ന തന്റെ പുസ്തകത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, അദ്ദേഹത്തിന്റെ മരണത്തിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ്, 2003 ഏപ്രില്‍ മാസത്തില്‍, എന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍ എന്ന നിലയില്‍ അക്ഷരാര്‍ഥത്തില്‍ ലോകത്തിന്റെ നാല് ദിക്കിലുമുള്ള പ്രഗത്ഭ പണ്ഡിതരെ പങ്കെടുപ്പിച്ചുകൊണ്ട് ഞാനൊരു ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. അതിന്റെ അവസാന ഭാഗത്ത് വിഷയം സംഗ്രഹിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത് സൈദ് ആയിരുന്നു.
തുടക്കത്തിലെ പ്രതീക്ഷകള്‍ക്കുമപ്പുറം ഓറിയന്റലിസം എന്ന ആശയത്തിന്റെ അന്തസ്സാര ആഗോളതലത്തില്‍ തീര്‍ക്കുന്ന അനുരണനരീതിക്ക് ഈ കോണ്‍ഫറന്‍സിലൂടെയും ഞങ്ങള്‍ക്ക് സാക്ഷിയാകാന്‍ കഴിഞ്ഞു. നിരൂപക ചിന്തകരായ നീഷെ (Nietzsche) മുതല്‍ ഗ്രാംഷി (Gramsci) വരെ, അഡോണോ (Adorno) മുതല്‍ ഫാനണ്‍ (Fanon) വരെയുള്ള മുഴുവന്‍ നിരൂപക ചിന്തകരുടെയും സംഭാവനകള്‍ സൈദിന്റെ കൃതിയില്‍ സ്വരച്ചേര്‍ച്ചയോടെ സമ്മേളിച്ചതായി നമുക്ക് കാണാനാവും.

സൈദിനെ അധിക്ഷേപിക്കുന്നു
മിക്ക നാഗരിക-സംസ്‌കൃത ജനങ്ങളും ധാര്‍മിക-രാഷ്ട്രീയ ഉദ്ബുദ്ധത കൈവരിച്ചവരും അദ്ദേഹത്തെ അറിയാനും സ്‌നേഹിക്കാനും ഇപ്പോള്‍ ഓര്‍ക്കാനും, എന്തിനേറെ സ്വന്തം രാഷ്ട്രീയ പദ്ധതികള്‍ക്ക് അനുഗുണമായി ഉപയോഗപ്പെടുത്തിയവര്‍ അദ്ദേഹത്തെ ആദരിക്കാനും കടപ്പാടുണ്ടെന്ന എന്റെ ആശയത്തെ ഊന്നിപ്പറയാനാണ് ഞാനീ ഓര്‍മകള്‍ പങ്കുവച്ചത്.
തീര്‍ച്ചയായും, സൈദിനെ അധിക്ഷേപിക്കാന്‍ വ്യര്‍ഥമായി ഒരുങ്ങിത്തിരിച്ച ഒരുപാട് നീചരായ ബദ്ധവൈരികളുണ്ട്. അത്തരത്തിലുള്ള ഒരുപാട് കാര്യങ്ങള്‍ ഈയടുത്തായി എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇപ്പോള്‍ ന്യൂസ് വീക്കിലും മറ്റു പലയിടങ്ങളിലും അത് കാണാനായി.
ബ്ലാക്ക് ലീവ്‌സ് മാറ്റര്‍ സമരങ്ങളെ താഴ്ത്തിക്കെട്ടി, ട്രംപിന്റെ തലതിരിഞ്ഞ ഭ്രാന്തന്‍ ഭരണത്തെ നാലു വര്‍ഷം കൂടി പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന, അതിലൂടെ ഇസ്രയേലിന് ഒരു അവസാന സായുധ കൊള്ളയിലൂടെ ബാക്കിയുള്ള ഫലസ്തീന്‍ ഭാഗങ്ങളെ പിടിച്ചെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ ഇസ്രയേല്‍ അനുകൂല എഡിറ്റര്‍ അറബികള്‍ക്കും മുസ്‌ലിംകള്‍ക്കും (പ്രത്യേകിച്ച് ഫലസ്തീനികള്‍ക്ക്) നേരെ വിദ്വേഷം വിളമ്പുന്ന ഒരു ഫോറം ആയി ഉപയോഗപ്പെടുത്തുന്ന പരുവത്തിലേക്ക് ന്യൂസ് വീക്കിന്റെ ഒപ്പീനിയന്‍ പേജ് മാറിയിരിക്കുന്നു. അവയെല്ലാം കൈമാറുന്നത് ഒരേ ഫാലസിയാണ്: അവര്‍ക്ക് ആള്‍ മാറിയിരിക്കുന്നു. അവര്‍ അന്വേഷിക്കുന്നിടത്തല്ല അദ്ദേഹമുള്ളത്.

മാനവിക പങ്കാളിത്തം
തന്റെ സമര്‍പ്പിത ജീവിതത്തിലൂടെ യൂറോ സെന്‍ട്രിക് തലങ്ങളില്‍ നിന്ന് മാറി, ഫലസ്തീനിയന്‍ ദേശീയ താത്പര്യങ്ങളെ കേന്ദ്രീകരിക്കുന്ന, തന്റെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന പ്രത്യേക ധൈഷണിക വ്യവഹാരം അദ്ദേഹം രൂപപ്പെടുത്തി.
ഈ നിര്‍ണായക മാനവിക പങ്കാളിത്തമാണ് ആഗോള ചര്‍ച്ചയുടെ കേന്ദ്ര സ്ഥാനത്തേക്ക് ഫലസ്തീനെ എത്തിച്ചത്. തന്റെ വിഖ്യാത ഗ്രന്ഥത്തിലൂടെ വെല്ലുവിളിച്ച യൂറോ-യൂനിവേഴ്‌സലിസത്തെ തരിപ്പണമാക്കുന്ന രീതിയില്‍ ഫലസ്തീന്‍ പ്രശ്‌നത്തെ തീര്‍ത്തും മാനവിക തലത്തിലൂടെ ആഗോള ശ്രദ്ധ പതിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണമായി.
സ്വന്തമായൊരു ധൈഷണിക പാരമ്പര്യമില്ലാത്ത ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കന്‍ സാഹചര്യത്തില്‍ നിര്‍ണായകമായ രണ്ടു പ്രധാന ധൈഷണിക ട്രെന്‍ഡുകള്‍ 1930 കളിലെ ജൂത കുടിയേറ്റ ധിഷണാശാലികളും, ഹാര്‍ലെം നവോത്ഥാനത്തിലെ (Harlem Renaissance) ആഫ്രിക്കന്‍-അമേരിക്കന്‍ ധൈഷണികരുമാണ്. അവയുടെ ഏറ്റവും നല്ല ഉദാഹരണം ഹന്ന ആരെന്റും (Hannah Arendt), ജെയിംസ് ബാഡ്വിനുമാണ് (James Baldwin).
ആദ്യത്തേതില്‍, യൂറോപ്പിലെ നാസികള്‍ക്ക് നേരെ അഴിച്ചുവിട്ട മാരക പീഡനങ്ങളുടെ ഗുണഭോക്താക്കളായി അമേരിക്ക മാറി. അതുപോലെ രണ്ടാമത്തേതില്‍, ആഫ്രിക്കന്‍-അമേരിക്കക്കാരെ ടാര്‍ഗറ്റ് ചെയ്ത് വംശീയതയെ ഭീകരവത്കരിച്ചെങ്കിലും ഭാഗ്യവശാല്‍ അതിന്റ ഇരകളിലൂടെ രാജ്യത്തിന്റെ ധാര്‍മികവും ധൈഷണികവുമായ ചിന്തകള്‍ക്ക് പുതിയ നിറംപകരാന്‍ സാധിച്ചു.
ഈ രണ്ട് പാരമ്പര്യങ്ങളുടെയും പിന്‍ഗാമി എന്ന നിലക്ക് അദ്ദേഹത്തിന്റെ ജീവിതകാലത്തെ ഏറ്റവും വലിയ നേട്ടം ആരെന്റിന്റെയും ബാഡ്വിന്റെയും ശക്തമായ പാരമ്പര്യങ്ങള്‍കിടയില്‍ തന്നെ അറബ്/മുസ്‌ലിം/കുടിയേറ്റ ധൈഷണികര്‍ക്ക് കൃത്യമായ ഒരു ഇടം വീണ്ടെടുക്കാന്‍ സാധിച്ചു എന്നതാണ്. സൈദ് അതിനെ ആ അര്‍ഥത്തില്‍ കണ്ടിട്ടുണ്ടായിരുന്നില്ല. കാരണം, ജര്‍മന്‍-ജൂത തത്വചിന്തകനായ തിയോഡര്‍ അഡോണോയെ ആഴത്തില്‍ മനസിലാക്കുകയും തന്റെ കുടിയേറ്റ സാഹചര്യങ്ങളെ സൈദ്ധാന്തികവത്കരിക്കുകയുമായിരുന്നു സൈദ്.
എന്നാല്‍ ഈ കുടിയേറ്റ ദാര്‍ശനികരുടെ നിഴലിലായി ഫുആദ് അജമിയെ (Fouad Ajami) പോലുള്ളവര്‍ മുന്നോട്ടുവന്നു. കൃത്യമായി പറഞ്ഞാല്‍, കുടിയേറ്റ ജൂതന്മാരുടെയും അടിച്ചമര്‍ത്തപ്പെട്ട ആഫ്രിക്കന്‍-അമേരിക്കന്‍ ധൈഷണികര്‍ക്കിടയില്‍ ഒരു പ്രത്യേക ജൈവിക ധിഷണാവിലാസം ആഗോളതലത്തില്‍ സൈദ് ഉയര്‍ത്തിക്കൊണ്ടുവന്നു എന്നതാണ്.
നീചമായ തങ്ങളുടെ ഫലസ്തീന്‍ കൊള്ളകള്‍ക്ക് അമേരിക്കന്‍ മാര്‍ക്കറ്റുകള്‍ മുന്നിലുണ്ടെന്ന് കരുതിയ വര്‍ഗീയവാദികളായ സയണിസ്റ്റുകളെ കുഴപ്പിക്കുന്നത് അമേരിക്കന്‍ അനുഭവത്തില്‍ സൈദിന് രൂപപ്പെട്ട പ്രതിച്ഛായയാണ്. പക്ഷേ അവര്‍ ആയുധങ്ങളും രാഷ്ട്രീയ സംരക്ഷണവും തേടിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്തിന്റെ നെറുകെയില്‍ നിന്ന് ഉയര്‍ന്നു വന്ന അനിഷേധ്യശബ്ദമാണ് ‘എഡ്വാര്‍ഡ് സൈദ്’.
തീര്‍ച്ചയായും, വിശാലമായ ലോകം അദ്ദേഹത്തെ അഗാധമായി സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്ന അതേ കാരണം കൊണ്ട് അവര്‍ തികഞ്ഞ വൈരാഗ്യത്തോടെ അദ്ദേഹത്തെ വെറുക്കുന്നു. ബ്ലാക്ക് ലീവ്‌സ് മാറ്റര്‍ സമരഭാവങ്ങള്‍ക്ക് പ്രചോദനം നല്‍കി എന്നതുകൊണ്ട് അവര്‍ സൈദിനെ കുറ്റപ്പെടുത്തുന്നു. ഇതൊരു കുറ്റാരോപണമല്ല. ആഘോഷത്തിനുള്ള നിദാനം മാത്രമാണ്.
ആഫ്രിക്കന്‍-അമേരിക്കക്കാരുടെ ചരിത്രപരമായ നീതിക്കുവേണ്ടിയുള്ള സമരങ്ങളില്‍ സൈദ് എന്നും ആവേശമായിരുന്നു. ആഞ്ജല ഡേവിസ്, കോര്‍ണല്‍ വെസ്റ്റ്, ആലിസ് വാക്കര്‍, എഡി എസ് ഗ്ലൗഡ് ജൂനിയര്‍ തുടങ്ങിയ ശ്രദ്ധേയ വ്യക്തിത്വങ്ങളിലും സൈദിന്റെ വ്യക്തവും ഉന്നതവുമായ ശബ്ദത്തിന്റെ അനുരണനങ്ങളും തന്റെ അനിതരസാധാരണമായ ധൈഷണിക സ്വാധീനശക്തി എങ്ങനെ ബ്ലാക്ക് ലീവ്‌സ് മാറ്ററിലേക്ക് സന്നിവേശിപ്പിച്ചു എന്ന രീതിയും നമ്മള്‍ തിരിച്ചറിയുന്നു.
കറുത്ത അമേരികക്കാര്‍ക്കും ഫലസ്തീനികള്‍ക്കും ഒരു പോലെനീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു അറബിയും ഫലസ്തീനിയും ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമുള്ളവരും സൈദിന്റെ ഈ മൗലികമായ പ്രവര്‍ത്തനങ്ങളില്‍ ഊറ്റം കൊള്ളുന്നവരാണ്.

Share this article

About ഹാമിദ് ദബാഷി/ലുഖ്മാന്‍ എടപ്പാള്‍

View all posts by ഹാമിദ് ദബാഷി/ലുഖ്മാന്‍ എടപ്പാള്‍ →

Leave a Reply

Your email address will not be published. Required fields are marked *