ഇന്ത്യക്കാരനല്ലാതാകുന്ന മുസ്‌ലിം ഇനി എന്താണ് വേണ്ടത്?

Reading Time: 3 minutes

ആഗസ്റ്റ് 5ന് അയോധ്യയിലെ രാമക്ഷേത്ര ശിലാന്യാസത്തിന്റെ ശബ്ദഘോഷങ്ങള്‍ മുഴങ്ങിയപ്പോള്‍ രണ്ട് യാഥാര്‍ഥ്യങ്ങള്‍ വ്യക്തമായി. ഒന്നാമതായി, അന്നേ ദിവസം ആഘോഷിച്ചത് ഒരു ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മാണവും രാമജന്മഭൂമികയിലെ വിശ്വാസ വീണ്ടെടുപ്പും മാത്രമല്ല, ഒരു മുസ്‌ലിം പള്ളിയുടെ അധഃപതനം കൂടിയാണ്. 27 വര്‍ഷങ്ങള്‍ക്കു മുമ്പൊരു പകല്‍ വെളിച്ചത്തില്‍ മതഭ്രാന്തിന്റെ കറുത്ത കൈകള്‍ നിലംപരിശാക്കുന്നതിന് 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതേ സ്ഥാനത്ത് നിലനിന്നിരുന്ന ബാബരി മസ്ജിദ്.
രണ്ടാമതായി, ഭരണഘടനയും സ്വാതന്ത്ര്യ സമര ഭാവനയും ഒരിക്കലും അനുവദിച്ചിട്ടില്ലാത്ത ഹിന്ദു മതമേധാവിത്വം ഇപ്പോള്‍ ഔദ്യോഗിക അംഗീകാരവും നിയമ പരിരക്ഷയും നേടിയിരിക്കുന്നു.
1980കളില്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതും പള്ളി പൊളിക്കാന്‍ നേതൃത്വം നല്‍കിയതും സംഘപരിവാരം ആണെന്നിരിക്കെ, അയോധ്യയിലെ ‘തര്‍ക്കഭൂമി’ ക്ഷേത്രനിര്‍മാണത്തിനായി ഹിന്ദു മതമേലധികാരികള്‍ക്ക് കൈമാറിക്കൊണ്ട് സുപ്രീം കോടതി പ്രസ്താവിച്ച വിധിന്യായത്തില്‍ നിന്ന് ഇത് വളരെ വ്യക്തമാണ്.
ബാബരി മസ്ജിദ് ധ്വംസനം ഹിന്ദുത്വ സംഘടനകളുടെ ദീര്‍ഘകാലത്തെ ദുഷ്പ്രചാരണങ്ങളുടെ കേന്ദ്ര ബിന്ദുവായിരുന്നു. കീഴ്‌പ്പെടലിന്റെയും ലജ്ജയുടെയും പ്രതീകമായി നിലനില്‍ക്കുന്ന ബാബരിയെ മുച്ചൂടും തകര്‍ത്ത് തല്‍സ്ഥാനത്ത് ക്ഷേത്രം പണിയുമെന്നത് ബിജെപിയുടെ പൂര്‍വകാല വാഗ്ദാനവും രാഷ്ടീയ അജണ്ടയുമാണ്. മൂന്നര പതിറ്റാണ്ടു പിന്നിട്ടപ്പോള്‍ ഹിന്ദുത്വ മേധാവിത്വം പുലര്‍ത്തുന്ന രാഷ്ട്രീയ ഭൂപടം യാഥാര്‍ഥ്യമാക്കാന്‍ ഹിന്ദുത്വയോട് മധ്യകാല ഇന്ത്യ ചെയ്ത ‘അനീതി’കള്‍ക്ക് ഇവ്വിധം പ്രതികാരം ചെയ്യേണ്ടതുണ്ടെന്ന് പലരേയും ബോധ്യപ്പെടുത്തുന്നതിലും സംഘപരിവാരം വിജയം കൈവരിച്ചു. ബാബരിയിലൂടെ ഹിന്ദുത്വവാദികള്‍ അത് തെളിയിച്ചു.
മഹാമാരിയുടെ മധ്യത്തില്‍ നടക്കുന്ന സംഭവത്തെ എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ ദേശീയ പ്രതിപക്ഷ നേതാക്കളില്‍ ഒരാള്‍ക്കു പോലും ധൈര്യമുണ്ടായില്ല എന്നത് എത്രമാത്രം ഖേദകരമാണ്!
ഇന്ത്യക്കാരുടെ പ്രധാനമന്ത്രി എന്ന പദവിയില്‍ നിന്നും ഒരു വിഭാഗത്തിന്റേതു മാത്രമായി പക്ഷം ചേരുന്ന നരേന്ദ്ര മോദിയുടെ ഈ തുറന്ന പങ്കാളിത്തം ഇന്ത്യയില്‍ ബിജെപി എത്രമാത്രം ശക്തി പ്രാപിച്ചു എന്നാണ് തുറന്നു കാട്ടുന്നത്.
‘ഈ ലക്ഷ്യത്തിനായി ജീവിതം സമര്‍പ്പിച്ചവര്‍ക്ക്, ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസത്തെ പോലെതന്നെ ഈ ദിനവും പ്രിയപ്പെട്ടതാകുന്നു.’
അയോധ്യയില്‍ നടന്ന തകര്‍പ്പന്‍ ചടങ്ങില്‍ മോദി പറഞ്ഞത് ‘രാമഭൂമിയില്‍ ഉയര്‍ന്നുവരുന്ന ക്ഷേത്ര മന്ദിരം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ നിശ്ചയ ദാര്‍ഢ്യത്തിന്റേയും സംയുക്ത തീരുമാനത്തിന്റെയും പ്രതീകമായി നിലകൊള്ളും’ എന്നാണ്.
രാമക്ഷേത്ര നിര്‍മാണത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോട് സമാന്തരമായി വരച്ചിടുന്നതിന് മോദി ബോധപൂര്‍വമായ ഒരു രാഷ്ട്രീയ നിലപാടിനെ കൂട്ടുപിടിക്കുകയായിരുന്നു. അനന്തരം ഇന്ത്യന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ആവര്‍ത്തിച്ചത് ഇതേ ഭാഷ്യം തന്നെ.
യാഥാര്‍ഥത്തില്‍ എന്താണവര്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത്? സ്വാതന്ത്ര്യ ലബ്ധിക്കു വേണ്ടി പ്രവര്‍ത്തിച്ച ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കുക മാത്രമായിരുന്നില്ല. ഒരു രാഷ്ട്രമെന്ന നിലയില്‍ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വന്‍മതിലുകള്‍ മറികടന്ന് പരസ്പര സഹവര്‍ത്തിത്വം ശീലിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്തു.
എന്നാല്‍ രാമക്ഷേത്രവും അതിന്റെ പിന്നാമ്പുറങ്ങളിലെ രക്തം പുരണ്ട ഭൂതകാലവും ഇന്ത്യയെ എന്നും ആഴത്തില്‍ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വയുടേതാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാനവിക മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കുന്ന ഒരു ആധുനിക ഭരണഘടന ഇന്ത്യയെ നയിക്കുമ്പോള്‍, മധ്യകാല ഇന്ത്യന്‍ പരിസരങ്ങളിലേക്ക്, നിരവധി നൂറ്റാണ്ടുകള്‍ പുറകോട്ട് സഞ്ചരിച്ചു നോക്കുക. 1947ലെ സ്വാതന്ത്ര്യ ലബ്ധി ഇന്ത്യന്‍ രാഷ്ടീയത്തിലെ വഴിത്തിരിവാണ്. നിലവിലെ പ്രധാനമന്ത്രിക്ക് ഈ വസ്തുത ശരിയായി വിലയിരുത്താന്‍ കഴിയാതെപോകുന്നത് എന്തുകൊണ്ടാണെന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്.
മോദിയും ഇന്ത്യയിലെ സംഘഭക്തരും ചേര്‍ന്ന് വരുംവര്‍ഷങ്ങളില്‍ ആഗസ്റ്റ് 5നെ യഥാര്‍ഥ ‘ആസാദി ധര്‍മ വിപ്ലത്തിന്റെ’ വാര്‍ഷികമായി ആചരിക്കും. ചരിത്രത്തില്‍ അന്നേ ദിനം സംഘപരിവാര്‍ പ്രസ്ഥാനം കൊണ്ടുവന്ന വിദ്വേഷത്തിന്റെയും അന്യവത്കരണത്തിന്റെയും അക്രമ രാഷ്ട്രീയം പ്രതിസ്വരങ്ങളില്‍ നിന്നും പൂര്‍ണാര്‍ഥത്തില്‍ സ്വതന്ത്രമാവുകയായിരുന്നല്ലോ.
ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ രാമക്ഷേത്ര നിര്‍മാണം സമാധാനപരമായ പ്രമേയത്തിന്റെ ഫലമാണന്ന് മോദി പ്രഖ്യാപിക്കുന്നു. അക്രമാസക്തമായി പള്ളി പൊളിച്ചുമാറ്റിയ സംഭവം രണ്ടായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമാകാനും നിരവധി അക്രമങ്ങള്‍ അഴിച്ചുവിടാനും ഹേതുവായിട്ടുണ്ട്. എന്നിട്ടും എങ്ങനെയാണ് ഈ നീക്കം സമാധാനപരമാകുന്നത്?
വാസ്തവത്തില്‍ 2019ലെ സുപ്രീംകോടതിയുടെ താത്പര്യവും ഒരു ജനതയെ ഒന്നടങ്കം നിരാകരിച്ച് കൊണ്ടും ആഗസ്റ്റ് 5ന് അയോധ്യയില്‍ രാമപൂജ നടക്കണമെന്നായിരുന്നു എന്നതാണ് സത്യം.
ഇന്ത്യയില്‍ ദിനേന ശക്തി പ്രാപിക്കുന്ന മുസ് ലിംകളെ പിശാചുവത്കരിക്കുന്ന ഇസ്‌ലാമോഫോബിയയും ഇതേ കപട രാഷ്ട്രീയത്തിന്റെ തിക്തഫലമാണ്. വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗോവധ നിരോധനം, ആര്‍ട്ടിക്ക്ള്‍ 370 നീക്കം ചെയ്യല്‍, പൗരത്വ ഭേദഗതി (ചഞഇ, ഇഅഅ) നിയമം നടപ്പാക്കല്‍, 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗീയ കലാപം തുടങ്ങിയവ 1992 ഡിസംബര്‍ 6 ലെ അക്രമാസക്തമായൊരു രാഷ്ട്രീയ വഴിത്തിരിവില്‍ നിന്നും രൂപമാര്‍ജിച്ചുവരുന്ന വ്രണിത സ്വത്വബോധത്തിന്റെ ചിത്രങ്ങളാണ്.
ബാബരി നിലംപൊത്തിയത് തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമെന്നാണ് ഒരിക്കല്‍ എല്‍ കെ അദ്വാനി മുതലക്കണ്ണീര്‍ വാര്‍ത്തത്. എന്നാല്‍ അദ്ദേഹമോ മറ്റേതെങ്കിലും ബിജെപി നേതാവോ ബാബരി ധ്വംസനത്തില്‍ ഇതുവരെ ആത്മാര്‍ഥമായ പശ്ചത്താപം പ്രകടിപ്പിച്ചുകണ്ടിട്ടില്ല. ആ പ്രവൃത്തി മൂലമുണ്ടായ മുറിവുകള്‍ സുഖപ്പെടുത്താനുള്ള വഴികള്‍ കണ്ടെത്തുവാന്‍പോലും അവര്‍ക്ക് മനസുണ്ടായില്ല.
‘ക്ഷേത്ര നിര്‍മാണം ഭാവി തലമുറക്ക് പ്രചോദനമേകും. രാമക്ഷേത്രം രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുള്ള ഉപാധിയായി വര്‍ത്തിക്കും.’ സ്വാതന്ത്ര ദിനത്തില്‍ നരേന്ദ്ര മോദിയുടെ വാക്കുകള്‍. പക്ഷേ, രാമക്ഷേത്ര ഭൂമി ഒരിക്കലും സമാധാനത്തിന്റെയോ ഐക്യത്തിന്റെയോ പറുദീസ ആകുന്നില്ല. അതില്‍ നിന്നും ആര്‍ക്കും പ്രചോദനം ഉള്‍കൊള്ളാനുമാകില്ല. കാരണം, അതിന്റെ ഗുണഭോക്താക്കള്‍ക്ക് എവ്വിധേനയും അനുകൂലമാംവിധം സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ പശ്ചാത്തലമാണ് അതിനുള്ളത്. അവരെ സംബസിച്ചിടത്തോളം മുസ്‌ലിംകളെ നിരന്തരം സമ്മര്‍ദത്തിലാഴ്ത്തുക മാത്രമാണ് ലക്ഷ്യം.
ചരിത്രം മായ്ച്ചുകളയുന്നതും നീതി നിഷേധിക്കുന്നതും സമാധാനമോ ഐക്യമോ നല്‍കിയതായി ചരിത്രത്തിലെങ്ങുമില്ല. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് മുന്നോട്ടുപോകണമെങ്കില്‍ നീതിയാല്‍ നിര്‍മിക്കപ്പെട്ട ഉരുക്കു സംരക്ഷണ മതിലുകള്‍ അനിവാര്യമാണ്.
ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയ കേസിലെ അന്തിമ വിചാരണ ഈ വര്‍ഷം ആഗസ്റ്റ് 31നോടകം പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ അവിടെയും മുസ്‌ലിംകള്‍ക്ക് നീതി ഉറപ്പാക്കുന്നതിലുള്ള സിബിഐയുടെ പ്രതിബദ്ധത സംശയകരമാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ തുടരുമ്പോഴും ബാബരിയുടെ നെഞ്ചില്‍ ക്ഷേത്രം നിര്‍മിക്കുന്നതാണ് നമ്മുടെ നീതിപീഠത്തിന് അഭികാമ്യമായി തോന്നിയത്. ദുര്‍ബലപ്പെട്ടു പോകുന്ന നീതിന്യായ വ്യവസ്ഥയില്‍ നിന്നും ഉയരുന്ന അവസാന പ്രത്യാശയും അനര്‍ഥമാകുന്നു.
നരേന്ദ്ര മോദി ഭരണകൂടത്തിന്റെ സ്വഭാവസവിശേഷതകളില്‍ അനിര്‍വചനീയ പങ്കുണ്ട് അദ്ദേഹത്തിന്റെ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന്. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് രാജ്യത്തെ മുസ്‌ലിം വോട്ടുകള്‍ ആവശ്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച പാര്‍ട്ടിയാണ് അദ്ദേഹത്തിന്റെത്. ബിജെപിയുടെ 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണ പത്രികയില്‍ കടുത്ത മുസ്‌ലിം വിരുദ്ധ വിവരണങ്ങളുണ്ടായിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ ചൊല്ലി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോദി ഉപയോഗിച്ച വാക്കുകള്‍ എത്രമാത്രം അസഹിഷ്ണുതാപരമായിരുന്നു. വികസനങ്ങളെക്കുറിച്ചും ഇന്ത്യയെ ലോക ശക്തിയാക്കുമെന്ന പാര്‍ട്ടി വാഗ്ദാനത്തെക്കുറിച്ചും ബിജെപി വാതോരാതെ ശബ്ദിക്കുമ്പോള്‍ മോദിയെ പിന്തുണക്കുവാന്‍ മുസ്‌ലിം ഉന്മൂലനം മനക്കോട്ട കെട്ടിയ വലിയൊരു വിഭാഗം വോട്ടര്‍മാരിലുണ്ടെന്ന് അവര്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ഇത്തരത്തിലുള്ള രാഷ്ട്രീയ വൈറസിനെ നേരിടാന്‍ മുസ്‌ലിംകളും ജനാധിപത്യ ചിന്താഗതിക്കാരായ ഇന്ത്യക്കാരും എന്തു ചെയ്യണം?
പാര്‍ട്ടിയും അധികാരം കയ്യാളുന്ന അവരുടെ നേതാവും നിരന്തരം ശത്രുത പുലര്‍ത്തുന്നതിനാല്‍ ഇന്ത്യയില്‍ ശോഭനമായൊരു ഭാവി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുതെന്ന് ദശ ലക്ഷക്കണക്കിന് മുസ് ലിം സഹോദരി സഹോദരന്മാരോട് തീര്‍ച്ചയായും നമുക്ക് പറയാന്‍ കഴിയല്ല.
മറിച്ച് മുസ്‌ലിംകള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഇതര ജന വിഭാഗങ്ങളുമായി സഖ്യമുണ്ടാക്കുകയും തങ്ങളുടെ അവകാശങ്ങക്കായി എല്ലാതരം ജനാധിപത്യ മാര്‍ഗങ്ങള്‍ വിനിയോഗിക്കുന്നത് തുടരുകയുമാണ് വേണ്ടത്.
ഹൃദയമില്ലാത്ത രാഷ്ട്രീയ ഭരണകൂടത്തെയും നീതി നിര്‍വഹണ സംവിധാനത്തെയും അതിജയിക്കാനും സഹവര്‍ത്തിക്കാനുമുള്ള മാര്‍ഗങ്ങള്‍ അതിവേഗം ആവിഷ്‌കരിക്കേണ്ടതുണ്ട്. അതിന്റെ അര്‍ഥം മോദിയെയോ ബിജെപിയുടെ കിരാത രാഷ്ട്രീയത്തെയോ പ്രതിരോധിച്ചതുകൊണ്ടു മാത്രം അവരുടെ പ്രത്യയശാസ്ത്രം സ്വാധീനിക്കുന്നവരില്‍ നിന്നും രക്ഷപ്പെടാം എന്നല്ല.
ഇന്ത്യയിലെ 200 ദശലക്ഷത്തില്‍പരം മുസ് ലിംകളില്‍ ഭൂരിഭാഗവും സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും പാര്‍ശ്വവത്കരിക്കപ്പെട്ടവരാണ്. സംഘപരിവാര്‍ നയങ്ങളെ പിന്തുടരുന്നവര്‍ക്കിടയില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് നല്‍കുന്നവരെല്ലാം ആ പാര്‍ട്ടിയുടേയോ അതിന്റെ നേതൃത്വത്തിന്റെയോ യുക്തിരാഹിത്യത്തെ പിന്തുടരുന്നവരും അതിന് വിധേയപ്പെടുന്നവരുമാണെന്ന ധാരണ തെറ്റാണ്. ബിജെപിയുടെ ദുഷ്പ്രചാരണത്തിന്റെ ഇരയായവരാണ് അവരില്‍ മിക്കവരും. രാഷ്ട്രീയ നേട്ടത്തിനായി സമൂഹത്തില്‍ വര്‍ഗീയതയുടെ വിഷ വിത്തുകള്‍ പടര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപി ഈ പ്രക്രിയയില്‍ രാജ്യത്തെ അപകടത്തിലാക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും.
വിയോജിക്കുന്നവരോട് യുക്തിസഹമായി സംവദിക്കാനുള്ള സന്നദ്ധത നമുക്കുണ്ടാകണം. കാരണം ഈ രീതിയില്‍ മാത്രമേ വിശാലമായ രാഷ്ട്രീയബോധം വളര്‍ത്തിയെടുക്കാന്‍ കഴിയൂ.
സിഎഎയുടെ പിന്നിലെ രാഷ്ട്രീയ താത്പര്യത്തെക്കുറിച്ചും സംഘപരിവാര്‍ അജണ്ടയെക്കുറിച്ചും എല്ലാവരും ബോധന്മാരായിരുന്നു. മോദിയും അമിത്ഷായും ഒറ്റരാത്രി കൊണ്ട് മതേതര നേതാക്കളായി മാറുമെന്ന പ്രതീക്ഷയിലല്ല, മറിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജനാധിപത്യത്തിന്റെ ഇടം വികസിപ്പിച്ച് രാജ്യം തിരിച്ചുപിടിക്കാനാവുമെന്ന വിശ്വാസത്തിലാണ് ഈ വിവേചന നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ പിറവി കൊണ്ടത്.
കടപ്പാട്: The Wire.

Share this article

About അര്‍ഫ ഖാനും ഷര്‍വാനി, വിവ: അന്‍ഷാദ് കാഞ്ഞിരപ്പുഴ

View all posts by അര്‍ഫ ഖാനും ഷര്‍വാനി, വിവ: അന്‍ഷാദ് കാഞ്ഞിരപ്പുഴ →

Leave a Reply

Your email address will not be published. Required fields are marked *