ഇണകളുടെ ഉള്‍ബലം

Reading Time: < 1 minutes

ഇണകള്‍ തമ്മില്‍ വസ്ത്രം പോലെ എന്ന ഉപമയാണല്ലോ നമ്മുടെ ആലോചന. അതിന്റെ മനോഹരമായ അര്‍ഥപരിസരം കൂടി പറയാം. സംസര്‍ഗനേരങ്ങളില്‍ വിവസ്ത്രരാകുന്ന ഇണകള്‍ക്ക് അവര്‍ പരസ്പരം വസ്ത്രമായി തീരുന്നു. അവന്‍ അവളുടേയും അവള്‍ അവന്റേയും മറ. ശരീരം കൊണ്ടുള്ള മറ. പരസ്പരം വസ്ത്രമാണെന്ന ഖുര്‍ആന്‍ രൂപകം എത്ര സുന്ദരം!
നാണം മറക്കുന്നതിനാണ് വസ്ത്രം. നഗ്‌നത വെളിപ്പെടുത്തരുത്. ഒറ്റക്കാണെങ്കിലും അനാവശ്യത്തിന് വിവസ്ത്രരാകരുത്. കുളിക്കുമ്പോഴും നഗ്‌നത മറക്കുന്നതാണ് ഉചിതം. നന്നേ ചെറുപ്പത്തില്‍ അബൂത്വാലിബിന്റെ കൂടെ കഅ്ബ പ്രദക്ഷിണം ചെയ്യുന്നതിനിടെ നബിയുടെ തുണി ഉരിഞ്ഞപ്പോള്‍ നബി ബോധരഹിതനായെന്ന് പറയുന്നുണ്ട്. നഗ്‌നതയുടെ കാര്യത്തില്‍ ഇത്രയും സൂക്ഷ്മത മതത്തില്‍ കാണാനാകും. പൈശാചിക സ്വാധീനം ശരീരത്തിലും മനസിലും എളുപ്പത്തില്‍ കയറ്റിയിരുത്താന്‍ നഗ്‌നതാപ്രദര്‍ശത്തിന് കഴിയും.
നഗ്‌നത മാത്രമല്ല മറക്കേണ്ടത് അശുദ്ധബോധങ്ങളെ കൂടി മറച്ചു വെക്കണം. നല്ല ബോധങ്ങളും ശുദ്ധ ശീലങ്ങളും കൊണ്ടാണ് അശുദ്ധബോധങ്ങളെ മറക്കേണ്ടത്. പക്ഷേ തെറ്റില്‍ ബന്ധിതമാണ് നമ്മുടെ ശരീരം. രഹസ്യമായി അനുശീലിക്കുന്ന അപരാധങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പലപ്പോഴും നമുക്ക് കഴിയുന്നില്ല. ഒരുവേള ആ അപരാധങ്ങളൊക്കെയും രഹസ്യമറ പൊട്ടിച്ച് പുറത്ത് ചാടുമ്പോള്‍ നമ്മള്‍ ആകെ പരിഭ്രമിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ ഉഴറുന്നു. ഈ മറ നീക്കരുതേ റബ്ബേ എന്ന് നമ്മുടെ നെഞ്ചുരുകുന്നു. ഹദ്ദാദിന്റെ ഒടുവില്‍, മറ നീക്കിക്കളയരുതേ നാഥാ എന്നൊരു ദുആയുണ്ട്. ദാമ്പത്യവുമായി ബന്ധപ്പെട്ടതാണ് മനസിന്റെ മറയും. ദാമ്പത്യത്തെ അരുചികരമാക്കുന്ന അപരാധത്തെ തൊട്ട് പടച്ചോനോട് പ്രാര്‍ഥിക്കണം. ചുരുക്കത്തില്‍, ശരീരത്തിന്റെയും മനസിന്റെയും നഗ്‌നത അത്രമേല്‍ പ്രധാനപ്പെട്ടതാണ്. ലജ്ജ വിശ്വാസത്തിന്റെ ഭാഗമാണ് എന്ന തിരുമൊഴിയില്‍ ഈ അര്‍ഥപരിസരങ്ങളൊക്കെയുണ്ട്.
ഇണകള്‍ പരസ്പരം വസ്ത്രം പോലെ എന്ന ഉപമയില്‍ മറ്റു ചില ആഖ്യാനങ്ങള്‍ കൂടിയുണ്ട്. തമ്മില്‍ ഒട്ടിചേര്‍ന്നു കഴിയുന്ന ഇണകള്‍ക്കിടയില്‍ അപരന്‍ കയറിക്കൂടില്ല. പരപുരുഷ ബന്ധമുള്ള പെണ്ണും പരസ്ത്രീ ബന്ധമുള്ള ആണും ദാമ്പത്യത്തില്‍ ഉണ്ടാകില്ലെന്ന് സാരം. ഒട്ടിച്ചേരലിന്റെ അയവാണ് ബന്ധത്തില്‍ ഇടവ് വരുത്തുന്നത്. അപ്പോഴാണ് ഇടയില്‍ വേറൊരാള്‍ നുഴഞ്ഞു കയറുന്നത്.
ഇഗോ സംബന്ധിച്ചാണ് വേറൊരാഖ്യാനം. ഞാന്‍ ഇത്തിരി മേലെയാണ് എന്നതാണത്. പരസ്പരം വസ്ത്രമായി തീര്‍ന്നവര്‍ക്ക് മേല്‍-താഴ് ഭേദമില്ലല്ലോ. ഇണകളെ സംബന്ധിച്ച് ‘ഫിറാശ്’ എന്നൊരു പ്രയോഗം കൂടി ഖുര്‍ആനിലുണ്ട്. നീ അവള്‍ക്കും അവള്‍ നിനക്കും വിരിപ്പ് / പുതപ്പ് എന്നാണതിന്റെ സാരം. ഈ ബോധത്തിന് ഈഗോവൈറസുകളെ കരിച്ചുകളയാന്‍മാത്രം ശേഷിയുണ്ട്.
വസ്ത്രരൂപങ്ങള്‍ അഭിമാനത്തെ അടയാളപ്പെടുത്തുന്നതുപോലെ, ഇണകളെ ചൊല്ലി പരസ്പരം അഭിമാനികളാകുന്ന വശത്തെയും ഈ വസ്ത്ര ഉപമ സൂചിപ്പിക്കുന്നുണ്ട്.
സുരക്ഷയാണ് വസ്ത്രം. ചൂടില്‍ നിന്ന്. തണുപ്പില്‍ നിന്ന്. അഴുക്കില്‍ നിന്ന്. സമാനമാണ് ഇണയും. സുരക്ഷയാണതും. കൊടുംചൂടിലും പൊടിയിലും അതിനനുസരിച്ചുള്ള വസ്ത്രം ധരിക്കുന്നു. മണല്‍കാടുകളില്‍ കഴിയുന്നവരെ നോക്കൂ. തണുത്ത് മരവിക്കുമ്പോഴാകട്ടെ അതിനനുസാരമായതും അണിയുന്നു. ഈ രൂപങ്ങളൊക്കെയും ദാമ്പത്യജീവിതത്തോടും ഇണയോടുള്ള പൊരുത്ത രീതികളോടും േചരും.
‘പുടവ നല്‍കുക’ എന്ന് കല്യാണത്തിന് ചില സംസ്‌കാരങ്ങളില്‍ പറയാറുണ്ട്. ഇണകള്‍ വസ്ത്രം പോലെയാകണമെന്നതിന്റെ ഒരു സൂചന ഇതില്‍ കാണാന്‍ കഴിയും. നോക്കൂ അനേകം നൂലുകള്‍ ഊടും പാവുമായി ചേര്‍ന്നാലാണല്ലോ നല്ല പുടവയുണ്ടാകുന്നത്. ഇണകള്‍ തമ്മില്‍ ഊടുംപാവുമായി ഇഴപിണഞ്ഞ് നില്‍ക്കുമ്പോഴാണ് നല്ല ദാമ്പത്യ ചിത്രം തെളിയുന്നത്. അതിന്റെ സൗകുമാര്യതയില്‍ വിരിയുന്ന ജീവിതഭംഗി ഒന്ന് വേറെത്തന്നെ.

Share this article

About ഇ.വി അബ്ദുറഹ്മാന്‍

View all posts by ഇ.വി അബ്ദുറഹ്മാന്‍ →

Leave a Reply

Your email address will not be published. Required fields are marked *