മലബാര്‍ സമരം: ആവിഷ്‌കാരം, പ്രതിരോധം

Reading Time: 3 minutes

മലബാര്‍ സമര ആഖ്യാനങ്ങളെ സംബന്ധിച്ച്?

1921നെക്കുറിച്ച് ഡോ. കെ എൻ പണിക്കര്‍, ഡോ. എം ഗംഗാധരന്‍, ഡോ. കെ ടി ജലീല്‍, ഡോ. ഷംഷാദ് ഹുസൈന്‍, ഡോ. കോണ്‍റാഡ് വുഡ്, ഗ്രിഗറി കുട്ടോവ്സ്കി തുടങ്ങിയവരുടെ പഠനങ്ങള്‍ വന്നിട്ടുണ്ട്. ആ സമരത്തില്‍ പങ്കെടുത്ത മോഴിക്കുന്നത്ത് ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട്, മൊയാരത്ത് ശങ്കരന്‍ തുടങ്ങിയവരുടെ അനുസ്മരണങ്ങളുണ്ടായിട്ടുണ്ട്. എം പി നാരായണ മേനോന്‍, ഇ മൊയ്തു മൗലവി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് എന്നിവരുടെയൊക്കെ സ്മരണകള്‍ വന്നിട്ടുണ്ട്. ഈ സമരത്തിന്റെ ഉജ്ജ്വല ചരിത്രത്തെ ഉയര്‍ത്തിപ്പിടിച്ച് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപനങ്ങളും പ്രസ്താവനകളും രേഖകളും വന്നിട്ടുണ്ട്. 1921ല്‍ തന്നെ സോവിയറ്റ് യൂനിയനില്‍ നിന്ന് ലെനിന്‍ ഈ സമരത്തെ അഭിവാദ്യം ചെയ്തിട്ടുണ്ട്. പ്രസ്തുത സമരത്തെപ്പറ്റി വിശദമായ റിപ്പോര്‍ട്ടെഴുതാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ അബനി മുഖര്‍ജിയോട് ലെനിൻ ആവശ്യപ്പെടുന്നുണ്ട്. മാപ്പിള ഉയർത്തെഴുന്നേൽപ്പ് എന്ന പേരിൽ അബനി മുഖർജി തയാറാക്കിയ ലഘുലേഖയില്‍ സമരത്തിന്റെ ജനാധിപത്യ ഉള്ളടക്കം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. മാത്രമല്ല, അപവാദ പ്രചാരണങ്ങളില്‍ സോവിയറ്റ് യൂനിയനിലെ കമ്യൂണിസ്റ്റ് പത്രമായ പ്രവ്ദ പോലും പെട്ടുപോയോ എന്ന് അബനി മുഖര്‍ജി ചോദിക്കുന്നുണ്ട്. 1940കളില്‍ കമ്പളത്ത് ഗോവിന്ദന്‍ നായര്‍ “കാഹളം’ എന്ന ദ്വൈവാരികയില്‍ ജന്മിത്വത്തിന്റെ കാലടിയില്‍ എന്ന പേരില്‍ ഒരു പ്രബന്ധം തയാറാക്കിയിട്ടുണ്ട്. 1944ല്‍ “ഏറനാട്ടിലെ ധീരമക്കള്‍’ എന്ന കവിത അദ്ദേഹം രചിച്ചു. 1946ല്‍ ആഹ്വാനവും താക്കീതും എന്ന ഡോക്യുമെന്ററി കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് പുറത്തിറക്കിയത്. 1946 ഓഗസ്റ്റ് 26ന് പെരിന്തല്‍മണ്ണയില്‍ എ കെ ജി നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തില്‍, പൂക്കോട്ടൂരിലെയും തെക്കന്‍ മലബാറിലെയും മനുഷ്യര്‍ നടത്തിയ മഹാസമരത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മളെന്തു സ്വാതന്ത്ര്യ പോരാളികളാണെന്നും പൂക്കോട്ടൂര്‍ ദിനം ആചരിക്കണമെന്നും പറയുന്നുണ്ട്. പി ഭാസ്‌കരന്‍ സമരത്തെ അഭിവാദ്യം ചെയ്ത് ഒരു പാട്ട് എഴുതിയിട്ടുണ്ട്. ഇങ്ങനെ തുടങ്ങി അനേകം ആഖ്യാനങ്ങള്‍ വന്നിട്ടുണ്ട്.
എന്തിന്, 1921ന് മുന്നോടിയായി നടന്ന കലാപങ്ങള്‍ ജന്മിത്വ ദ്രോഹത്തിന്റെ ഫലമായി ഉണ്ടായതാണെന്ന് അഭിപ്രായപ്പെട്ട ബ്രിട്ടീഷ് കലക്ടര്‍ വില്യം ലോഗനെപ്പോലും സാമ്രാജ്യത്വ സര്‍ക്കാര്‍ തരംതാഴ് ത്തുകയാണുണ്ടായത്. പല കാലങ്ങളിലായി എഴുതപ്പെട്ട പടപ്പാട്ടുകള്‍ പോലും നിരോധിച്ചു. രക്തസാക്ഷികളുടെ ഖബറുകൾ സന്ദർശിക്കുന്നതും നിരോധിച്ചു. സങ്കടം പറഞ്ഞ് സർക്കാരിന് കത്തെഴുതുന്നതുപോലും കുറ്റകൃത്യമാക്കി. എന്തിന്, അടുക്കളയിലെ കറിക്കത്തിയെ യുദ്ധോപകരണമെന്ന് മുദ്രകുത്തി. ഒരു വ്യക്തി ബ്രിട്ടീഷ് കാഴ് ചപ്പാടിൽ തെറ്റ് ചെയ്താൽ ആ പ്രദേശത്തുള്ള മുഴുവൻ മനുഷ്യരുടെ പേരിലും പിഴചുമത്തി. എന്നാൽ എഴുതിയ ആളുടെ പേര് പോലുമില്ലാത്ത മലബാർ സമരപോരാളികളെ അപഹസിക്കുന്ന ഏറനാടിൻ കലാപം എന്ന പി കെ ബ്രദേഴ്സിന്റെ തുള്ളൽ എന്ന പേരിലുള്ള വാറോലയെ വാനോളം വാഴ് ത്തി. തുള്ളൽ സാഹിത്യത്തിന്റെയും അപമാനമായ, വാരിയൻ കുന്നനെപ്പോലുള്ള ധീരദേശാഭിമാനികളെ കേഡി എന്നു വിളിച്ചുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു വേണ്ടിയുള്ള ഒരു സിൽബന്തിയുടെ അശ്ലീല തുള്ളൽ പ്രോത്സാഹിപ്പിക്കപ്പെട്ടു. ഹിച്ച്കോക്കിന്റെയും ടോട്ടൻഹാമിന്റെയും ദിവാൻ ബഹദൂർസി ഗോപാലൻ നായരുടെയും എന്തിന് കെ മാധവൻനായരുടെ സമരാനുസ്മരണങ്ങളെപ്പോലും പ്രോത്സാഹിപ്പിച്ചു.
1937ല്‍ സമരത്തെ അനുകൂലിച്ചുകൊണ്ട് സൗമ്യേന്ദ്രനാഥ് ടാഗോറിറിന്റെ പുസ്തകം വന്നു. ആ പുസ്തകം നിരോധിക്കപ്പെട്ടു. ആ പുസ്തകത്തിന്റെ തമിഴ് വിവര്‍ത്തനം വന്നു. അതും നിരോധിക്കപ്പെട്ടു. പിന്നെ കമ്പളത്തിന്റെ കാഹളം എന്ന ദ്വൈവാരികയില്‍ വന്ന ലേഖനവും നിരോധിക്കപ്പെട്ടു. കമ്പളത്തിന്റെ കവിത നിരോധിക്കപ്പെട്ടു. അവയെല്ലാം കണ്ടുകെട്ടി. അദ്ദേഹത്തിന്റെ പ്രസംഗം നിരോധിച്ചു. അച്ചടിച്ചു വന്ന ദേശാഭിമാനി കണ്ടുകെട്ടി. എകെജിയെ ജയിലിലിട്ടു.
ഈ സമരത്തിന്റെ സത്യത്തിനൊപ്പം നിന്ന എല്ലാം ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടി, നിരോധിച്ചു, ആക്രമിച്ചു. എന്നാല്‍ സാമ്രാജ്യത്വത്തിനൊപ്പം നിന്നവർക്കെല്ലാം സമ്മാനം നല്‍കി. അവരുടെ ചപ്പിനും ചവറിനും ചന്തം ചാർത്തി.
ചുരുക്കിപ്പറഞ്ഞാല്‍, സമരത്തെക്കുറിച്ച് കൃത്യമായ വസ്തുതകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് വിരുദ്ധമായ, സാമ്രാജ്യത്വ വിരുദ്ധമായ ഒരുപാട് കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പക്ഷേ, നമ്മുടെ സാമാന്യബോധത്തില്‍ ഹിച്ച്‌കോക്കിന്റെയും മറ്റും ആശയങ്ങളാണ് ഇന്നും നിലനിന്നുകൊണ്ടിരിക്കുന്നത്.

കെ മാധവന്‍ നായരുടെ “മലബാര്‍ കലാപ’ത്തെ സംബന്ധിച്ച്?

ആ പുസ്തകത്തെ കുറിച്ച് ഞാന്‍ കൂടുതൽ പറയാതിരുന്നതു തന്നെയാണ്. കാരണം സമരത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരം സമരത്തിനൊപ്പം നിന്ന ആളാണ് കെ മാധവന്‍ നായര്‍. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ അദ്ദേഹം സമരത്തില്‍ നിന്ന് മാനസികമായി പിന്മാറി.
ബ്രിട്ടീഷുകാര്‍ പേടിച്ചുവിറച്ച എല്ലാ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും അവര്‍ ലഹള, കൊള്ള എന്നൊക്കെയാണ് പറഞ്ഞിരുന്നത്. അവര്‍പോലും ബാറ്റില്‍ എന്ന് വിശേഷിപ്പിച്ചത് പൂക്കോട്ടൂര്‍ സമരത്തെയാണ്.
മലബാര്‍ സമരത്തിലെ ഏറ്റവും ഉജ്വലമായ അധ്യായമാണല്ലോ പൂക്കോട്ടൂര്‍ സമരം. നൂറു കണക്കിന് മനുഷ്യരാണ് കര്‍ഷകന്റെ മോചനത്തിനും മനുഷ്യന്റെ ആത്മാഭിമാനത്തിനും വേണ്ടി രക്തസാക്ഷികളായത്. ആ സമരം അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ പുകഴ്ത്തുന്ന കൃതിയാണ് മാധവന്‍ നായരുടേത്. പൂക്കോട്ടൂരിലെ അനശ്വര ധീരരായ രക്തസാക്ഷികളെയല്ല, മറിച്ച് ആ സമരത്തെ ചോരയിൽ മുക്കിക്കൊന്ന ക്രൂരനായ കേണൽ മെക്കൻറോയ് എന്ന ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനെയാണ് മാധവൻ നായർ അഭിവാദ്യം ചെയ്തത്.
സമരം കഴിഞ്ഞ ഉടനെ മാതൃഭൂമിയില്‍ ഇത് അച്ചടിച്ചുവന്നു. മാധവന്‍ നായര്‍ അന്ന് ജീവിച്ചിരിപ്പുണ്ട്. സമരത്തിന്റെ സ്മരണകള്‍ ത്രസിച്ചുനില്‍ക്കുന്ന സമയമാണ്. മൊയ്തു മൗലവിയും അബ്ദുറഹിമാന്‍ സാഹിബും തുടങ്ങി ആ കാലത്ത് ജീവിച്ച സമരവുമായി ബന്ധമുള്ള മുഴുവന്‍ മനുഷ്യരും മാധവന്‍ നായരുടെ എഴുത്തിനെ എതിര്‍ത്തു. മാതൃഭൂമിയില്‍ അത് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെച്ചു. ആ പുസ്തകമാണ് മാധവന്‍ നായര്‍ മരിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞ് 1971ല്‍ അദ്ദേഹത്തിന്റെ ഭാര്യ പുറത്തിറക്കുന്നത്. കാര്യങ്ങൾ അതിൽനിന്നും വ്യക്തമാണല്ലോ.

തീവ്ര വലതുപക്ഷം ഈ സമരത്തിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തായിരിക്കും?

1921നെ, ആത്മബോധമുള്ള മനുഷ്യര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ആര്‍ക്കും മായ്ച്ചുകളയാന്‍ പറ്റില്ല. എന്നാല്‍ ഒരു ജനതയുടെ ആത്മബോധം നഷ്ടപ്പെടുന്ന മുറക്ക് 1921 മാത്രമല്ല, നമ്മുടെ മഹാസമരങ്ങളെല്ലാം പതുക്കെപ്പതുക്കെ വിസ്മരിക്കപ്പെടുകയോ മലിനീകരിക്കപ്പെടുകയോ ചെയ്യും. അതിനെതിരെ ജാഗ്രത പുലര്‍ത്തുക എന്നത് അനിവാര്യമാണ്. 1930കളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍, മഹാവീർ പ്രസാദ് ദിവേദി പറയുന്ന ഒരു കാര്യം, നമുക്കു നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു, എന്നാല്‍ നമ്മുടെ ചരിത്രം നഷ്ടപ്പെടുത്താന്‍ ഇടവരുത്തരുത്. എന്തുകൊണ്ടെന്നാല്‍ ചരിത്രം നഷ്ടപ്പെടാതിരുന്നാല്‍ നമുക്ക് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പറ്റും. ചരിത്രം നഷ്ടപ്പെട്ടാല്‍ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പ്രയാസമാകും.
ആത്മബോധമുള്ള ഒരു ജനതയെ സംബന്ധിച്ചിടത്തോളം 1921ലെ സ്മരണകള്‍ വളരെ പ്രധാനമാണ്. ആ സ്മരണകള്‍ക്ക് നമ്മൾ കാവല്‍ നില്‍ക്കണം. പ്രത്യേകിച്ചും 1921ലെ രക്തസാക്ഷികളെ സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടികയില്‍ നിന്ന് വെട്ടിനീക്കുന്ന പശ്ചാത്തലത്തിൽ. അധികാരികൾക്ക് അവരുടെ ഷെൽഫിലെ കടലാസിൽനിന്ന് രക്തസാക്ഷികളുടെ പേരുകൾ വെട്ടിമാറ്റാൻ കഴിഞ്ഞേക്കും. എന്നാൽ ജീവിക്കുന്ന മനുഷ്യരുടെ സ്പന്ദിക്കുന്ന ഹൃദയത്തിൽനിന്ന് രക്തസാക്ഷിസ്മരണകൾ മായ്ച്ചുകളയാൻ കഴിയില്ല.
ഈയൊരർഥത്തില്‍ അനുസ്മരണം അനിവാര്യമാണ്. പക്ഷേ ഏകപക്ഷീയമായ അനുസ്മരണമല്ല. അതിന്റെ മൂല്യം ഉള്‍ക്കൊള്ളണം. അത് വളരെ പ്രധാനമാണ്. കാരണം ചരിത്രം വക്രീകരിക്കപ്പെടുന്ന കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. അതൊരു ഫാഷിസ്റ്റ് അജണ്ടയാണ്. അതിനെതിരെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ പ്രതിരോധമെന്ന അര്‍ഥത്തില്‍ 1921ലെ സ്മരണകള്‍ എല്ലാ മനുഷ്യരും ഉയര്‍ത്തിപ്പിടിക്കണം.

ചരിത്രത്തില്‍ സംഭവിക്കുന്ന കടന്നാക്രമണങ്ങളെ നമ്മള്‍ എങ്ങനെയാണ് കാര്യക്ഷമമായി പ്രതിരോധിക്കേണ്ടത്? ഫാഷിസത്തോടുള്ള നമ്മുടെ പ്രതിരോധത്തിന്റെ രൂപം എങ്ങനെയാവണം?

ഒരു കാര്യം മനസിലാക്കിയാല്‍ മതി. 1921നെക്കുറിച്ചാണ് നമ്മള്‍ പറയുന്നത്. അന്ന് സാമ്രാജ്യത്വമാണ് ഇവിടെ ഭരിക്കുന്നത്. പക്ഷേ നമ്മളിപ്പോള്‍ 2021ലാണ് സംസാരിക്കുന്നത്. ഇന്ന് ഇവിടെ ഗംഭീരമായി കര്‍ഷക സമരം നടന്നുകൊണ്ടിരിക്കുകയാണ്. ആ കര്‍ഷക സമരത്തോട് ഇന്നത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ എങ്ങനെയാണ് പെരുമാറുന്നത്? ഇന്ത്യന്‍ സര്‍ക്കാരിന്റെ തെറ്റായ കാര്‍ഷിക നയത്തോടുള്ള ഏറ്റവും ജനാധിപത്യപരമായ സമരമാണത്. പരിത്യാഗത്തിന്റെ അങ്ങേയറ്റമാണ്. മലബാര്‍ സമരത്തെ ബ്രിട്ടീഷുകാര്‍ മുമ്പ് എങ്ങനെയൊക്കെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചോ അതിന്റെ ആവര്‍ത്തനങ്ങളാണ് ഇന്നുള്ളത്. കര്‍ഷക സമരത്തെ ഭീകരവാദ സമരമാണെന്ന് പറഞ്ഞു. മാവോയിസ്റ്റുകളുടെ സമരമാണെന്ന് മുദ്രകുത്തി. രാജ്യദ്രോഹമാണെന്ന് ചാപ്പയടിച്ചു. സമരത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചു. സമരത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. ഒരു സമരനേതാവിനെ അടിച്ചുകൊന്നു. സമരവേദിയിലേക്ക് വാഹനം ഇടിച്ചുകയറ്റി. ഏറ്റവും സത്യസന്ധമായിട്ടുള്ള സമാധാനപൂര്‍ണമായ സമരത്തോടാണ് ഈ സമീപനങ്ങള്‍ നടക്കുന്നത്. നമ്മള്‍ മനസിലാക്കേണ്ടത്, എന്നിട്ടും സമരം തുടരുകയാണ്. ഇൻക്വിലാബും ഹരഹരമഹാദേവയും അല്ലാഹുഅക്ബറുമെല്ലാം ഒരുമിക്കുന്ന കർഷക ഒരുമയുടെ മഹാസമരമാണ് ഇപ്പോൾ നടക്കുന്നത്.
ഒരു പ്രമേയം കൊണ്ടോ ഒരു പ്രബന്ധം കൊണ്ടോ ഒരു പ്രഭാഷണം കൊണ്ടോ പതിനായിരങ്ങളുടെ പ്രകടനം കൊണ്ടോ പ്രതികരിക്കാന്‍ കഴിയുന്ന വിധത്തില്‍ ലളിതമല്ല ഫാഷിസ്റ്റ് രാഷ്ട്രീയ മേല്‍ക്കോയ്മ. അതുകൊണ്ടു തന്നെ വ്യത്യസ്ത തരത്തിലുള്ള നിരവധി ചെറുതും വലുതുമായ പ്രതിരോധങ്ങള്‍ ദീര്‍ഘകാലം ഇടതടവില്ലാതെ മുന്നോട്ടു കൊണ്ടുപോകുക എന്ന ഒറ്റ വഴിയേയുള്ളൂ. ഫാഷിസത്തെ ചെറുക്കാന്‍ കുറുക്കുവഴികളില്ല. ആത്മത്യാഗപരമായ ചെറുതും വലുതുമായ ചെറുത്തുനിൽപുകളിലൂടെ, പ്രചാരണങ്ങളിലൂടെ ജനതയെ ആശയ പ്രബുദ്ധമാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ദീര്‍ഘകാലം മുന്നോട്ടുപോകേണ്ടിവരും. പക്ഷേ അടുത്ത തലമുറയില്‍ ഇന്ത്യന്‍ ഫാഷിസം ഉണ്ടാക്കിയ പരിക്കുകള്‍, മുറിവുകള്‍ തുടരും. അപ്പോഴും ദീര്‍ഘമായൊരു സമരം മാത്രമായിരിക്കും അതിജീവനത്തിന്റെ മാര്‍ഗം. മുറിവൈദ്യന്മാരുടെ കുറിപ്പടികള്‍ കൊണ്ട് പരിഹരിക്കാവുന്നതല്ല ഇന്ത്യന്‍ ഫാഷിസം ജനതക്കുമേല്‍ അടിച്ചേൽപ്പിച്ച പ്രശ്‌നങ്ങള്‍. ദീര്‍ഘകാലമായ ചെറുതും വലുതുമായ വ്യത്യസ്ത തരത്തിലുള്ള പ്രതികരണങ്ങളും പ്രതിരോധങ്ങളും മതനിരപേക്ഷ കാഴ്ചപ്പാടുകളോട് കണ്ണിചേര്‍ത്തുകൊണ്ട് മുന്നോട്ടു പോകേണ്ടതുണ്ട്. ഏകാധിപതികളെക്കൊണ്ട് സ്വന്തം ക്രൂരതകളുടെ കണക്ക് പറയിപ്പിക്കാതെ ഒരു കാലവും ചരിത്രത്തിൽ കടന്നുപോയിട്ടില്ല. ഏകാധിപതികൾ ഒരിക്കൽ ഇല്ലാതാകുന്നതോടെ അവർ എന്നെന്നേക്കുമായി ഇല്ലാതാകുന്നു. എന്നാൽ നീതിക്കുവേണ്ടിയുള്ള സമരത്തിൽ രക്തസാക്ഷികളായ പോരാളികൾ മരിച്ചാലും പ്രകാശമായി അവരെന്നും മനുഷ്യരാശിക്കൊപ്പമുണ്ടാകും. വ്യാജ ശുഭാപ്തി വിശ്വാസത്തെ എന്നപോലെ വന്ദ്യമായ അശുഭാപ്തി വിശ്വാസത്തെയും ഒരു ജനത അതിജീവിക്കണം ■

Share this article

About കെ ഇ എൻ

kenpukasa@gmail.com

View all posts by കെ ഇ എൻ →

Leave a Reply

Your email address will not be published. Required fields are marked *