ഗള്‍ഫ് പ്രവാസിയുടെ ഹൃദയശബ്ദങ്ങള്‍

Reading Time: 3 minutes

ഗള്‍ഫ് മലയാളികള്‍ക്കിടയിൽ റേഡിയോക്ക് ഇന്നും നല്ല ജനപ്രീതിയുണ്ട്.
വിനോദം മാത്രമല്ല, സാമൂഹികപ്രവര്‍ത്തനത്തിന്റെ മറ്റൊരു മുഖവും കൂടിയാണ്
ഈ ശബ്ദമണ്ഡലം. കാല്‍നൂറ്റാണ്ടോളം ഈ രംഗത്ത് ശബ്ദമായി നിറഞ്ഞുനിന്ന റേഡിയോ പ്രവര്‍ത്തകന്റെ ഓർമകള്‍, നിരീക്ഷണങ്ങള്‍.

വളരെ അടുപ്പമുള്ള ഒരാളെ പോലെയാണ് ഒരിക്കല്‍ റേഡിയോയില്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ അയാള്‍ എന്നെ വിളിച്ചത്. “രമേഷേട്ടാ’ എന്ന് ദയനീയ സ്വരത്തില്‍ സൗദിയിലെ ഒറ്റപ്പെട്ട ഏതോ ഒരു മൂലയില്‍ നിന്നായിരുന്നു ആ ഫോണ്‍ വിളി. പറഞ്ഞുതന്ന അടയാളങ്ങള്‍ വെച്ച് റേഡിയോ പ്രേക്ഷകരായ അവിടുത്തെ മലയാളി കൂട്ടായ്മ അദ്ദേഹത്തെ കണ്ടെത്തി.
മനുഷ്യരെ കണ്ടിട്ട് മാസങ്ങളായത്രെ അയാള്‍! നാട്ടിലേക്ക് മാസത്തിലോ ആഴ്ചയില്‍ മാത്രമോ എട്ടു പത്ത് കിലോമീറ്ററുകള്‍ നടന്ന് ടെലിഫോണ്‍ ചെയ്യാന്‍ കഴിയുന്ന, മനുഷ്യരുടെ മുഖമോ ശബ്ദമോ അനുഭവിക്കാനാവാതെ, ആടുകളുടെയും ഒട്ടകങ്ങളുടെയും കൂടെ, പൊള്ളുന്ന മണല്‍ക്കാട്ടില്‍ തുഛമായ ശമ്പളത്തിന് ജീവിതം ഹോമിക്കേണ്ടി വന്ന ആ മനുഷ്യന്‍ ഒരു നോവല്‍ കഥാപാത്രമല്ല. അങ്ങനെ എത്രയോ പേര്‍. അവര്‍ ജീവിതത്തിലേക്ക് ഉന്മേഷത്തോടെ തിരിച്ചുവരാന്‍ കാരണമായ എത്രയെങ്കിലും സന്ദര്‍ഭങ്ങളുണ്ട്. റേഡിയോകള്‍ ആ അർഥത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിര്‍വഹിക്കുന്ന ദൗത്യം ചെറുതല്ല.


മുപ്പത് വര്‍ഷം മുമ്പാണ് മലയാളികള്‍ ഗള്‍ഫില്‍ റേഡിയോ കേട്ട് തുടങ്ങുന്നത്. ലോകത്ത് എവിടെച്ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടോ എന്ന് അന്വേഷിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. നാടും കുടുംബവും വിട്ട് പ്രവാസത്തിന്റെ ഒറ്റപ്പെടലുകള്‍ക്കിടയില്‍ ഒരു മലയാള ശബ്ദം നമ്മളാഗ്രഹിക്കും. അക്കാലത്തൊക്കെ നാടുമായുള്ള സമ്പര്‍ക്കം വളരെ അപൂര്‍വവും പ്രയാസകരവുമായിരുന്നു. കത്തുകളും വളരെ അപൂര്‍വമായി ടെലിഫോണുകളുമായിരുന്നു അവരുടെ സംവേദന മാധ്യമം.
1992ല്‍ റാസല്‍ഖൈമ റേഡിയോ ആണ് യു എ ഇയില്‍ ആദ്യമായി പ്രക്ഷേപണം ആരംഭിക്കുന്നത്. കണ്ണൂരുകാരനായ ബഷീര്‍ അബ്ദുല്ല, അബ്ദുറബ്ബ് എന്നിവര്‍ ചേര്‍ന്ന് ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള റേഡിയോ പ്രക്ഷേപണമായിരുന്നു തുടക്കത്തില്‍. കണ്ണൂരുകാരന്‍ തന്നെയായ കെ പി കെ വേങ്ങരയുടേതായിരുന്നു ആദ്യമായി ഗള്‍ഫില്‍ റേഡിയോയിലൂടെ മുഴങ്ങിയ മലയാള ശബ്ദം.
പിന്നീട് റേഡിയോ ഗള്‍ഫ് മലയാളിയുടെ ഹൃദയത്തുടിപ്പായി. അവരുടെ യാത്രയിലും ജോലിസ്ഥലങ്ങളിലും കിടപ്പുമുറികളിലും മലയാള ശബ്ദം മുഴങ്ങിക്കൊണ്ടേയിരുന്നു. നല്ല മലയാളത്തില്‍ സംസാരിക്കുന്ന അന്നത്തെ ആകാശവാണിയുടെ പ്രക്ഷേപണരീതിയായിരുന്നു അവിടെയും തുടര്‍ന്നത്. പിന്നീട് കെ പി കെ വേങ്ങര പ്രോഗ്രാം ഡയറക്ടര്‍ ആയി ഉമ്മുൽഖുവൈൻ റേഡിയോയും തുടര്‍ന്ന് മറ്റു പല റേഡിയോകളും ഗള്‍ഫില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോഴിക്കോട്ടുകാരനായ കെ കെ മൊയ്തീന്‍ കോയ, കണ്ണൂര്‍ സ്വദേശിനിയായ സത്യഭാമ തുടങ്ങിയവരായിരുന്നു ഉമ്മുൽഖുവൈൻ റേഡിയോയില്‍ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത്.
1996ല്‍ ഉമ്മുൽഖുവൈൻ റേഡിയോയില്‍ ആണ് ഞാന്‍ പ്രവാസജീവിതം ആരംഭിക്കുന്നത്. അവിടുന്നിങ്ങോട്ട് നീണ്ട 26 വര്‍ഷം ഒരുപക്ഷേ മറ്റാര്‍ക്കും സാധ്യമായിട്ടില്ലാത്ത അത്രയും കാലം പ്രവാസികളുടെ ശബ്ദമായി അതില്‍ തുടരാന്‍ കഴിഞ്ഞു എന്നത് വലിയ അഭിമാനത്തോടെ ഓര്‍ക്കുകയാണ്. പ്രവാസി റേഡിയോയുടെ ചരിത്രം എഴുതുമ്പോള്‍ അതില്‍ എവിടെയെങ്കിലും ഒരു പേരായി എനിക്ക് നില്‍ക്കാന്‍ കഴിയുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.
രണ്ടായിരത്തില്‍ തുടങ്ങിയ ഏഷ്യാനെറ്റ് റേഡിയോ മുതല്‍ക്കാണ് വലിയ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. മുഴുസമയ റേഡിയോ പരിപാടികളോടെ ഞാനും കെ കെ മൊയ്തീന്‍ കോയ, സത്യഭാമ, മനീഷ തുടങ്ങിയവരും ഉള്‍പ്പെടുന്ന കലാകാരന്മാര്‍ വിവിധ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ഏഷ്യാനെറ്റ് റേഡിയോയില്‍ സജീവമായി. റെജി മേനോനില്‍ നിന്ന് രാജീവ് ചന്ദ്രശേഖരനിലേക്കും അവിടെനിന്ന് സ്റ്റാര്‍ നെറ്റ്്വർകിലേക്കും അവസാനം വാള്‍ട്ട് ഡിസ്‌നിയിലേക്കും ഏഷ്യാനെറ്റ് മാനേജ്‌മെന്റ് പല ഘട്ടങ്ങളിലായി മാറിമാറി വന്നപ്പോള്‍ അവസാനം മാനേജ്‌മെന്റിന്റെ തീരുമാനപ്രകാരം ഏഷ്യാനെറ്റ് റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. എല്ലാ സ്റ്റാഫുകളെയും നല്ല രീതിയില്‍ സെറ്റില്‍ ചെയ്തു കൊണ്ടാണ് ഏഷ്യാനെറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
2018ല്‍ തന്നെ റേഡിയോ ഏഷ്യ എന്ന പേരില്‍ പഴയ റാസല്‍ഖൈമ റേഡിയോ പുനരാരംഭിച്ചിരുന്നു. അപ്പോഴേക്കും 24 മണിക്കൂര്‍ റേഡിയോ എന്ന രീതിയിലേക്ക് അത് മാറിയിരുന്നു. പ്രവാസി മലയാളികളുടെ സാംസ്‌കാരികവിനിമയത്തില്‍ റേഡിയോ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എവിടെ ച്ചെന്നാലും ഒന്നിച്ചുകൂടാനുള്ള ഒരു സാംസ്‌കാരിക അന്തരീക്ഷം മലയാളികള്‍ക്കുണ്ട്. എല്ലാ ആഘോഷങ്ങളും നമ്മള്‍ ഒന്നിച്ച് ആഘോഷിക്കും.
മലയാളികളുടെ സങ്കടങ്ങള്‍ പറയാന്‍, കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ഒക്കെ റേഡിയോ വളരെ സഹായകമായി.
പിന്നീട് മലയാളികള്‍ക്കിടയില്‍ വിവിധ കൂട്ടായ്മകളും സംഘടനകളും വന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും റേഡിയോ വലിയ പങ്കുവഹിച്ചു. പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ സമൂഹത്തില്‍ പല രൂപത്തില്‍ അവതരിപ്പിക്കാന്‍ റേഡിയോകള്‍ക്ക് കഴിഞ്ഞു.
ആസ്വാദനങ്ങള്‍ക്കപ്പുറം സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുത്തും ഒക്കെ ആയിരുന്നു ഗള്‍ഫ് റേഡിയോ പ്രവര്‍ത്തനം നടത്തിയിരുന്നത്. വിസ തട്ടിപ്പുകളില്‍ കുടുങ്ങിയവര്‍, രോഗാവസ്ഥയില്‍ കഴിയുന്നവര്‍, പലതരം ചതികളില്‍ പെട്ടവര്‍ അങ്ങനെ പലർക്കും റേഡിയോ വലിയ ആശ്വാസമായി.
നാട്ടിലെ പല പ്രയാസങ്ങളിലും പ്രവാസികളെ കൂട്ടിച്ചേര്‍ക്കുന്നതിലും അവരുമായി ബന്ധപ്പെട്ട് സഹായ സഹകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിലും റേഡിയോ വലിയ പങ്കു വഹിച്ചു. ഗുജറാത്ത് ഭൂകമ്പം ഉണ്ടായ സമയത്തും നാട്ടില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോഴും സുനാമിക്കാലത്തും കോവിഡ് കാലത്തും ഒക്കെ റേഡിയോ അറിയിപ്പുകള്‍ വഴി നാട്ടിലെ വിശേഷങ്ങള്‍ അറിയുവാനും സഹായ സഹകരണങ്ങള്‍ എത്തിക്കുവാനും കഴിഞ്ഞു എന്നത് വളരെ ചാരിതാർഥ്യമുള്ള കാര്യമാണ്. സങ്കടങ്ങള്‍ പറഞ്ഞാല്‍ പരിഹാരം ഉണ്ടാകും എന്ന തോന്നല്‍ ഇതിലൂടെ ജനങ്ങള്‍ക്കുണ്ടായി. നമ്മുടെ നാട്ടിലെ റേഡിയോകള്‍ക്ക് അങ്ങനെ സാമൂഹിക ഇടപെടലുകള്‍ നടത്താന്‍ കഴിയുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നാട്ടിലെ മാധ്യമങ്ങള്‍ റേഡിയോയില്‍ നിന്ന് ടിവിയിലേക്കും പിന്നീട് സോഷ്യല്‍ മീഡിയയിലേക്ക് ഒക്കെ മാറിമാറി വന്നു.
പ്രവാസ ലോകത്ത് സോഷ്യല്‍ മീഡിയയോട് ചേര്‍ന്നുകൊണ്ട് തന്നെയാണ് ഇപ്പോഴും റേഡിയോ പ്രവര്‍ത്തിക്കുന്നത്. നാട്ടിലേതിനേക്കാള്‍ സജീവമായ റേഡിയോ പ്രവര്‍ത്തനം ഗള്‍ഫില്‍ നടക്കുന്നതിന്റെ മറ്റൊരു കാരണം വാര്‍ത്താപ്രക്ഷേപണമാണ്. മണിക്കൂറുകള്‍ ഇടവിട്ടുള്ള വാര്‍ത്ത അവതരണം ഉണ്ടാകും ഗള്‍ഫിലെ റേഡിയോയില്‍.
ഒരു ഘട്ടത്തില്‍ 12 റേഡിയോകള്‍ വരെ മലയാളികള്‍ക്കിടയില്‍ പ്രവാസ ലോകത്ത് പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ നാലോ അഞ്ചോ മാത്രമായി അത് ചുരുങ്ങി. ഇടക്കാലത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി അതിനൊരു കാരണമായിട്ടുണ്ട്. യുഎഇ എന്ന ചെറിയ ഒരു ഏരിയക്കുള്ളില്‍ ഇത്രയേറെ റേഡിയോകള്‍ എന്തിന് എന്നതും ഒരു പ്രശ്‌നമാണ്. പരസ്യവരുമാനത്തിലൂടെ മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന റേഡിയോകള്‍ക്ക് വരുമാനം കുറഞ്ഞതും മറ്റൊരു കാരണമാണ്.
“ജീവിതരേഖ’ എന്ന പേരില്‍ ഏഷ്യാനെറ്റ് റേഡിയോയില്‍ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍, എൻജിനീയര്‍മാര്‍, നിയമജ്ഞര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആ പരിപാടിയില്‍ വന്നുകൊണ്ടിരുന്നു. ഏറ്റവും ക്രിയാത്മകമായി എനിക്ക് തോന്നിയ പരിപാടിയായിരുന്നു അത്. റേഡിയോ അവതാരകരെ സെലിബ്രിറ്റികളായി ആളുകള്‍ സ്വീകരിക്കുന്ന അവസ്ഥ ഉണ്ടായി. ശബ്ദം കേട്ട് മാത്രം ആളുകള്‍ തിരിച്ചറിയുന്ന അവസ്ഥ. ഇന്നും ഗള്‍ഫിലെ ഏറ്റവും പവര്‍ഫുള്‍ മീഡിയ റേഡിയോ തന്നെയാണ്. കോണ്‍സുലേറ്റില്‍ നിന്നും എംബസികളില്‍ നിന്നും എയര്‍പോര്‍ട്ടുകളില്‍ നിന്നും ഒക്കെ ജനങ്ങള്‍ അറിയേണ്ട വിഷയങ്ങള്‍ വേഗത്തില്‍ എത്തിക്കാന്‍ റേഡിയോകള്‍ക്ക് സാധിച്ചു.
മലയാളികളുടെ പ്രിയ താരങ്ങളെയും മാപ്പിളപ്പാട്ട് ഗായകരെയും മറ്റു കലാകാരന്മാരെയും റേഡിയോയിലൂടെ പ്രവാസികള്‍ക്കിടയില്‍ എത്തിക്കാന്‍ സാധിച്ചു. രാഷ്ട്രീയക്കാരും ഭരണാധികാരികളും സാഹിത്യകാരന്മാരും ജനങ്ങളുമായി സംവദിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികള്‍ക്കിടയില്‍ എത്തിക്കാന്‍ റേഡിയോ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത്തരം വേദികള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു.
ഗള്‍ഫ് വലിയൊരു തൊഴില്‍ സംസ്‌കാരമുള്ളയിടമാണ്. എട്ടു മുതല്‍ 12 മണിക്കൂര്‍ വരെ ജോലി സമയം ഉണ്ട്. നാട്ടിലെ പോലെ ജോലി സമയങ്ങളില്‍ മറ്റു പ്രവര്‍ത്തനങ്ങളിലൊന്നും ഗള്‍ഫുകാര്‍ക്ക് ഇടപെടാന്‍ കഴിയില്ല. ജോലി കഴിഞ്ഞുള്ള അല്പനേരം അതുകൊണ്ടുതന്നെയാണ് ക്രിയാത്മകമായി വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സംഘടന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്താന്‍ ഗള്‍ഫുകാര്‍ക്ക് സാധിക്കുന്നത്. പലപ്പോഴും നാട്ടിലേതിനെക്കാള്‍ മികച്ച രീതിയില്‍ സാഹിത്യ സാംസ്‌കാരിക കലാപരിപാടികള്‍ നടത്താന്‍ പ്രവാസികള്‍ക്ക് സാധിക്കാറുണ്ട്.
പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലാതെ വലിയ മുന്നേറ്റങ്ങള്‍ ഒന്നും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ഉണ്ടാക്കിയിട്ടില്ല. നാടിനു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്ത, നാടിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയ ഒരു വിഭാഗത്തെ പുനരധിവസിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഇപ്പോഴുമില്ല.പ്രവാസി ക്ഷേമനിധിയും പെന്‍ഷനും ഒക്കെയായി ചെറിയ രീതിയിലുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് മറക്കുന്നില്ല.
ലോണെടുത്ത് സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരം ഉണ്ടെങ്കില്‍ പോലും നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിന് സമ്മതിക്കുന്നില്ല. ഒരുപാട് സ്വപ്നങ്ങളുമായി തന്റെ സമ്പാദ്യം മുഴുവന്‍ ചെലവിട്ട് നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ പലരും രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഭീഷണികള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും മുന്നില്‍ ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥ പോലും ഉണ്ടായത് നാം കണ്ടതാണ്. ഭരണകര്‍ത്താക്കളുമായി അഭിമുഖത്തിന് അവസരം കിട്ടിയപ്പോഴെല്ലാം പ്രവാസി ക്ഷേമത്തിനു വേണ്ടി പദ്ധതികള്‍ ഉണ്ടാകണം എന്ന് ആവര്‍ത്തിച്ചാവശ്യപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട് ■
തയാറാക്കിയത്: ഷാനിഫ് ഉളിയില്‍

Share this article

About രമേഷ് പയ്യന്നൂര്‍

View all posts by രമേഷ് പയ്യന്നൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *