നബിയെ തേടിയുള്ള എഴുത്തു യാത്ര

Reading Time: 3 minutes

മുഹമ്മദ് സിറാജ് റഹ്മാന്‍

പ്രവാചകരെ കേന്ദ്രീകരിച്ച് വിരചിതമായ അനേകം ഗ്രന്ഥങ്ങളില്‍നിന്ന് നിരവധി കാരണങ്ങളാല്‍ വ്യത്യസ്തമാണ് ജര്‍മന്‍ പണ്ഡിതയായിരുന്ന ആന്‍മേരി ഷിമ്മലിന്റെ ‘And Muhammed is his Messenger’. കലിമതുത്തൗഹീദിന്റെ രണ്ടാം ഭാഗമായ ‘വഅന്ന മുഹമ്മദന്‍ റസൂലുല്ലാഹ്’ എന്നതിന്റെ ജര്‍മന്‍ ഭാഷ്യമായ ‘Muhammed ist Sein peophet (1981)’ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് തര്‍ജുമയായി 1984ലാണ് ‘And Muhammed is his Messenger’ പ്രസിദ്ധീകൃതമാവുന്നത്. പ്രവാചകനോടുള്ള പ്രണയവും പ്രകീര്‍ത്തനസംസ്‌കാരവും നരവംശശാസ്ത്രപരമായ വിശകലനവുമാണ് പുസ്തകത്തിന്റെ പ്രതിപാദ്യം.

ആന്‍മേരി ഷിമ്മല്‍
ഒരു ആമുഖം
രചനകളെ വിമര്‍ശനാത്മകവായനകള്‍ക്ക് വിധേയമാക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താവിന്റെ ജീവിതത്തെയും പരിഗണിക്കേണ്ടതുണ്ടോ എന്നത് സാഹിത്യനിരൂപണത്തിലെ മുഖ്യ സമസ്യകളിലൊന്നാണ്. രചയിതാവും രചനയും തമ്മില്‍ ബന്ധമില്ലെന്നും രചന പൂര്‍ത്തിയാവുന്നതോടുകൂടി അത് വായനക്കാരന്റേതായിത്തീരുന്നുവെന്ന് നിരീക്ഷിച്ചവരുണ്ട്. എന്നാല്‍ ‘And Muhammed is his Messenger’ എന്ന ഗ്രന്ഥത്തെ അക്കാദമികവായനക്ക് വിധേയമാക്കുമ്പോള്‍ ആന്‍മേരി ഷിമ്മല്‍ എന്ന ഗ്രന്ഥകര്‍ത്താവ് അപ്രസക്തമല്ല.
മധ്യവര്‍ഗക്കാരായ പ്രൊട്ടസ്റ്റന്റ് വിശ്വാസികളുടെ മകളായി 1922 എപ്രില്‍ 7നായിരുന്നു ജര്‍മനിയിലെ എര്‍ഫര്‍ട്ടില്‍ (Erfurt) ആന്‍മേരി ഷിമ്മല്‍ ജനിച്ചത്. തപാല്‍ ജീവനക്കാരനായിരുന്ന പിതാവില്‍ നിന്നും വ്യാപാരകുടുംബാംഗമായ മാതാവില്‍ നിന്നും കവിതക്കും സാഹിത്യത്തിനും മികച്ച പ്രോത്സാഹനം ലഭിച്ചു. അക്കാദമിക് രംഗത്തേക്കുള്ള പാത തെളിച്ചു തന്നത് ഗൃഹാന്തരീക്ഷമായിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നുണ്ട്.
പതിനഞ്ചാം വയസില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷിമ്മല്‍ ഏതാണ്ട് ആറുമാസം റീച്ച് ലേബര്‍ സര്‍വീസില്‍ (Reichsarbeitsdients) സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1939ല്‍, 17-ാം വയസില്‍ യൂറോപ്പിലെ നാസി ആധിപത്യ കാലമായിരുന്ന തേര്‍ഡ് റീച്ചില്‍ ബെര്‍ലിന്‍ സര്‍വകലാശാലയില്‍ ഉപരിപഠനമാരംഭിച്ചു. സര്‍വകലാശാലയില്‍ അവരുടെ അധ്യാപികയായിരുന്ന ഹാന്‍സ് ഹെന്റിക് ഷെയ്ഡര്‍ ഷിമ്മലിനെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു. സൂഫികവി ജലാലുദ്ദീന്‍ റൂമിയുടെ ‘ദിവാനെ ശംസ് തബ്‌റീസ്’ ഷിമ്മല്‍ പരിചയപ്പെടുന്നത് ഇദ്ദേഹം വഴിയാണ്.
1941 നവംബറില്‍, പത്തൊമ്പതാം വയസില്‍ ‘മധ്യകാല ഈജിപ്തിലെ ഖലീഫയുടെയും ഖാളികളുടെയും സ്ഥാനം’ (Die stellurg dus Kalifen und der qudis in spatmittelalterlichen agypten) എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് ജര്‍മന്‍ വിദേശകാര്യ ഓഫീസില്‍ നിയമിതയാവുകയും കുറച്ചു വര്‍ഷങ്ങള്‍ സേവനമനുഷ്ഠിച്ച ഷിമ്മല്‍ ഒഴിവുസമയങ്ങളില്‍ പഠനങ്ങളില്‍ വ്യാപൃതയാവുകയും ചെയ്തു. പിന്നീട് 1946ല്‍, ഇരുപത്തിമൂന്നാം വയസില്‍ ജര്‍മനിയിലെ മാര്‍ബര്‍ഗ് സര്‍വകലാശാലയില്‍ അറബി-ഇസ്‌ലാമിക് പ്രൊഫസറായി നിയമനം ലഭിച്ചു. വിവാഹിതയായെങ്കിലും ഗാര്‍ഹികജീവിതം അനുഗുണമല്ലെന്നു കണ്ട് പഠനത്തില്‍ തന്നെ വ്യാപൃതയായി. തുടര്‍ന്ന് 1954ല്‍ മാര്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ഷിമ്മല്‍ രണ്ടാമതൊരു ഡോക്ടറേറ്റ് കരസ്ഥമാക്കി. 1954ല്‍ തന്നെ തുര്‍ക്കിയിലെ അങ്കാറ സര്‍വകലാശാലയില്‍ മത ചരിത്രവിഭാഗത്തില്‍ പ്രൊഫസറായി നിയമിതയായി. അക്കാദമിക് അന്വേഷണങ്ങളെ വഴിതിരിച്ചുവിട്ട കാലയളവായിരുന്നു 1967 വരെയുള്ള ടര്‍ക്കിഷ്ജീവിതം. ഇക്കാലയളവിലായിരുന്നു തുര്‍ക്കിജനതയിലൂടെ പ്രകീര്‍ത്തനപാരമ്പര്യത്തിന്റെയും സൂഫീപഠനത്തിന്റെയും ആഴങ്ങളിലേക്ക് അവര്‍ ചെല്ലുന്നത്. അങ്കാറ സര്‍വകലാശാലയില്‍ ദൈവശാസ്ത്രവിഭാഗം പ്രൊഫസറാവുന്ന ആദ്യവനിതയും മുസ്‌ലിമേതരവ്യക്തിയുമായിരുന്നു ഷിമ്മല്‍.
1967ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഇന്തോ-മുസ്‌ലിം സ്റ്റഡീസ് പ്രോഗ്രാമിന് പ്രാരംഭംകുറിച്ചു. ഷിമ്മല്‍ 1992 വരെ അവിടെ തുടര്‍ന്നു. അക്കാലയളവില്‍ ന്യൂയോര്‍ക്ക്‌സിറ്റിയിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിന്റെ ഉപദേശികയായി പ്രവര്‍ത്തിച്ചു. ലിഖിതങ്ങളുടെയും കാലിഗ്രഫി ശൈലികളുടെയും കാലപ്പഴക്കം നിര്‍ണയിക്കുന്നതിലുള്ള മികവില്‍ പ്രശസ്തയായിത്തീര്‍ന്ന ഷിമ്മല്‍ 1980കളില്‍ മിര്‍സിയ എലിയേഡിന്റെ നേതൃത്യത്തില്‍ പതിനാറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ച Encyclopedia of religion (മാക് മില്ലന്‍,1988) എഡിറ്റോറിയല്‍ ബോര്‍ഡംഗമായിരുന്നു. ബോണ്‍ സര്‍വകലാശാലയിലെ ഓണററി പ്രൊഫസറായിരുന്നു. പിന്നീട് 2003ല്‍ മരണം സംഭവിക്കുന്നതുവരെ ബോണില്‍ തന്നെയായിരുന്നു താമസം. ‘ഇന്തോ-മുസ്‌ലിം സംസ്‌കാരത്തിലെ പ്രൊഫസര്‍ എമെറിറ്റ’ എന്നാണ് പിന്നീട് ഷിമ്മല്‍ അറിയപ്പെട്ടിരുന്നത്. ജര്‍മന്‍, ഇംഗ്ലീഷ്, ടര്‍ക്കിഷ് എന്നിവ കൂടാതെ പേര്‍ഷ്യന്‍, ഉറുദു, അറബിക്, സിന്ധി ഭാഷകളിലും അവര്‍ക്ക് അവഗാഹമുണ്ടായിരുന്നു.

പ്രവാചകനിലേക്കുള്ള
ആന്‍മേരി പ്രയാണം
ആന്‍മേരി ഷിമ്മലിനെ ഈ ഗ്രന്ഥരചനയിലേക്ക് നയിച്ചത് ഇസ്‌ലാം പാരമ്പര്യമായി കൈമാറിപ്പോരുന്ന അനുരാഗത്തിന്റെ തീവ്രതയും അത് പ്രകടമാവുന്ന പ്രകീര്‍ത്തനങ്ങളുടെ ലോകവുമായിരുന്നുവെന്ന് നിരീക്ഷിക്കാനാവും. നാലുപതിറ്റാണ്ടോളം കൊണ്ടുനടന്ന ഒരാശയത്തിന്റെ സാഫല്യമാണീ ഗ്രന്ഥമെന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ അവര്‍ പറയുന്നു. ഠവല ാ്യേെശരമഹ ങൗവമാാലറ എന്ന പഠനവിഷയമായിരുന്നു ഷിമ്മലിന്റെ കൗമാരപ്രായം മുതല്‍ക്കെയുള്ള അവരുടെ താത്പര്യ മേഖല. ഡോ.ഹാന്‍സ് ഹെന്റിക് ഷെയ്ഡറിന്റെ കീഴില്‍ ബെര്‍ലിന്‍ സര്‍വകലാശാലയില്‍ നിന്നാണ് ആധ്യാത്മികദര്‍ശനത്തിലേക്കുള്ള ആഭിമുഖ്യം ഉടലെടുക്കുന്നത്. അക്കാലത്ത് തിരഞ്ഞുപിടിച്ചുവായിച്ച സയ്യിദ് അമീര്‍ അലിയുടെ The life and Teaching of Muhammed, ടോര്‍ ആന്ദ്രെയുടെ ഗവേഷണാത്മകമായ പഠനം Die Person Muhammed’s in Iehte and glaube Sainer Gemeinde, സുലൈമാന്‍ മെബിലിയുടെ ‘മൗലിദിശരീഫ്’ എന്ന പ്രകീര്‍ത്തനകാവ്യം എന്നിവ അവരുടെ അഭിനിവേശത്തെ തീവ്രമാക്കി. പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ പിറവിയുടെ മുഹൂര്‍ത്തങ്ങളിലുണ്ടായ അത്ഭുതസംഭവങ്ങളെക്കുറിച്ചായിരുന്നു അതിലെ പ്രതിപാദ്യം. തിരുനബിപഠന ലോകത്തേക്ക് ആന്‍മേരി ഷിമ്മല്‍ ചുവടു വെക്കുന്നത് മൗലിദിശരീഫിലൂടെയാണ്.
മൗലിദ് സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളിലേക്കും അകപ്പൊരുളുകളിലേക്കുമായിരുന്നു പിന്നീട് ഷിമ്മലിന്റെ പ്രയാണങ്ങള്‍. അങ്കാറ സര്‍വകലാശാലയിലെ ഔദ്യോഗികസേവനത്തിനിടയില്‍ എണ്ണമറ്റ മൗലീദ് സദസ്സുകളില്‍ അവര്‍ പങ്കെടുത്തു. ടര്‍ക്കിഷ് പാരമ്പര്യത്തില്‍ ജനകീയമായിത്തീര്‍ന്ന മൗലിദ്ജല്‍സകളുടെയും മറ്റു തിരുകീര്‍ത്തനങ്ങളുടെയും അകക്കാമ്പറിയാന്‍ അതവരെ സഹായിച്ചു.
തന്റെ ഗവേഷണാര്‍ഥം പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെത്തിച്ചേര്‍ന്നപ്പോഴും ഇഖ്ബാല്‍കവിതകളിലെ പ്രവാചകാഭിനിവേശത്തെ ചികഞ്ഞന്വേഷിക്കാനും ഉത്തരേന്ത്യന്‍സൂഫി സംസ്‌കാരത്തിന്റെ ഉത്പന്നമായ ഖവാലിസദസ്സുകളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാനും അവയൊക്കെയും ആസ്വദിക്കാനുമാണ് അവര്‍ ആഗ്രഹിച്ചത്. സിന്ധിലെ നാടോടി കവിതകളില്‍വരെ പ്രവാചകനുരാഗം ഇടംപിടിച്ചത് ആന്‍മേരിയെ കൂടുതല്‍ ആശ്ചര്യപ്പെടുത്തി. പശ്ചിമേഷ്യയിലെയും ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളിലെയും സാഹിത്യകൃതികളില്‍ പ്രതിഫലിച്ചു കാണുന്ന പ്രവാചകപ്രകീര്‍ത്തനങ്ങളുടെ വൈപുല്യത്തെ സംബന്ധിച്ച ഗവേഷണസ്വഭാവമുള്ള പഠനങ്ങളിലേക്ക് ക്രമേണേ അവര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചു. ഇതൊക്കെത്തന്നെ അല്ലാമാ ഇഖ്ബാല്‍ Prophetology എന്നുനാമകരണം ചെയ്ത പഠനശാഖയുമായി ബന്ധം പുലര്‍ത്തുന്നതായിരുന്നുതാനും.
1980ല്‍ American Concil of Learned Socetiyക്കു വേണ്ടി നിര്‍വഹിച്ച അക്കാദമിക്ഭാഷണത്തില്‍ ആന്‍മേരി ഷിമ്മല്‍ കേന്ദ്രീകരിച്ചു സംസാരിച്ചത് ഏറെക്കാലം വ്യാപൃതമായ പ്രവാചകാനുരാഗസംസ്‌കാരത്തെ സംബന്ധിച്ചായിരുന്നു. ‘As Through A Veil’ എന്ന കൃതിയില്‍ ഈ പ്രഭാഷണം ഷിമ്മല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജര്‍മനിയിലെ മുന്‍നിരപ്രസാധകരിലൊന്നായ UIfdied Richsന്റെ പ്രചോദനത്തെത്തുടര്‍ന്ന് അതൊരു കനപ്പെട്ട ഗ്രന്ഥമായി പ്രകാശിതമാവുകയായിരുന്നു. ഷിമ്മലിന്റെ പ്രവാചക വീക്ഷണങ്ങളും മുസ്‌ലിം പാരമ്പര്യസംബന്ധിയായ നിലപാടുകളും ഉത്തുംഗത പ്രാപിക്കുന്നത് ‘And Muhammed is his Messenger’ എന്ന ഗ്രന്ഥത്തിലാണ്.
‘We Believe in one god: The Experience of God in Christianity And Islam(1979), ‘Islam ; An lntroduction'(1992), ‘Deciphering The Signs of god: A Phenomenological Approach to Islam’ (1994) എന്നീ രചനകളുടെ വെളിച്ചത്തില്‍ ഇസ്‌ലാമികദര്‍ശനങ്ങളോട് ഷിമ്മല്‍ എത്രമാത്രം അടുത്തിടപഴകിയിരുന്നു എന്ന് മനസിലാക്കാം.
തിരുനബിയെ ചരിത്ര പുരുഷനായി അവതരിപ്പിക്കുന്ന പതിവുരീതികളില്‍ നിന്നുമാറി സാധാരണക്കാരായ വിശ്വാസികളുടെ ദൈനംദിന ആരാധനാകര്‍മങ്ങളില്‍ പ്രവാചകന്‍ എത്തരുണത്തിലാണ് പ്രതിനിധാനം ചെയ്യപ്പെടുന്നത് എന്ന വ്യതിരക്തമായ അന്വേഷണമായിട്ടാണ് ആന്‍മേരി ഷിമ്മലിന്റെ ഈ രചന അടയാളപ്പെടുന്നതും പ്രസക്തമാവുന്നതും. നരവംശശാസ്ത്രപരമായും സാമൂഹികശാസ്ത്രപരമായും പ്രാധാന്യമര്‍ഹിക്കുന്ന പാരമ്പര്യ ഗ്രന്ഥം ഇസ്‌ലാമിനെ ധൈഷണികമായി സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.

Share this article

Leave a Reply

Your email address will not be published. Required fields are marked *