മാപ്പിളത്തനിമയുടെ ജീവിതരേഖ

Reading Time: 2 minutes

മുനവ്വിര്‍ സുലൈമാന്‍ പയ്യനാട്

കേരളവുമായുള്ള അറബികളുടെ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വ്യാപാര സാംസ്‌കാരിക മേഖലകളില്‍ ഈ ബന്ധത്തിന്റെ തുടര്‍ച്ച ഇന്നും നിലനില്‍ക്കുന്നു. പക്ഷേ സാംസ്‌കാരിക ശേഷിപ്പുകളില്‍ പ്രധാനപ്പെട്ട മാപ്പിളമലയാളം/അറബി മലയാളം നമുക്ക് അന്യമാവുന്നു. അക്കാലത്ത് വ്യാപകമായ അറബി -മാപ്പിള ബന്ധങ്ങളില്‍ രൂപപ്പെട്ട ഭാഷാസ്വരൂപമാണ് അറബി മലയാളം. പ്രാദേശിക ഭാഷയെ അറബി ലിപിയില്‍ എഴുതുന്ന രീതിയാണിത്. മതഭാഷ എന്ന പരികല്പന കൂടിയുള്ളത് കൊണ്ട് അറബിമലയാളം മാപ്പിളമാര്‍ക്കിടയില്‍ പ്രചുരപ്രചാരം നേടി. മലയാളത്തിലെ സ്വതന്ത്ര ഭാഷ, മിശ്രഭാഷ, ഭാഷാ വകഭേദം എന്നിങ്ങനെയെല്ലാം നിര്‍വചിക്കപ്പെട്ടിട്ടുണ്ട് അറബിമലയാളം. മലയാള അക്ഷരമാലയോട് സമീകരിച്ച് വിവിധ ഭാഷകളിലെ പദാവലി ഉപയോഗപ്പെടുത്തുന്ന മലയാളത്തിന്റെ പ്രബല ഉപഭാഷയാണ് അറബിമലയാളമെന്ന് പഠിതാക്കള്‍ അഭിപ്രായപ്പെടുന്നു. കേരളീയ മുസ്‌ലിംകളുടെ ഗ്രന്ഥ ഭാഷ അറബിമലയാളമായിരുന്നുവെന്നാണ് ഒ ആബു പറയുന്നത്. 1950ന് ശേഷം മലയാള ലിപിയിലുള്ള ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ വരവ് അറബിമലയാളത്തെ മാറ്റിനിര്‍ത്താനിടയാക്കി. കൂടിയ വ്യവഹാരവും ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങളായതിനാല്‍ പൊതുസമൂഹം അറബിമലയാളത്തോട് അകല്‍ച്ച പ്രകടിപ്പിച്ചു.

സമ്പന്നത
കവിതകളിലൂടെ കടന്നുപോയ ജനതയാണ് നാം. ഇതില്‍ അറബികളുമായുള്ള ബന്ധം വലിയ സ്വാധീനം ചെലുത്തി. മാലയും പടപ്പാട്ടുകളും ഖിസ്സകളുമായി കവിതകളുടെ പ്രവാഹമുണ്ടായി. അറബിക്ക് പുറമേ പേര്‍ഷ്യന്‍, ഉറുദു, ഹിന്ദുസ്ഥാനി, തമിഴ്, തെലുങ്ക് പദങ്ങളുടെ ഉപയോഗം അറബിമലയാളത്തിന്റെ മനോഹാരിത കൂട്ടി. മാപ്പിള മലയാളത്തിലെ അറുന്നൂറോളം പ്രസിദ്ധീകൃത ഗ്രന്ഥങ്ങളെ ‘മാപ്പിളമലയാളം’എന്ന തന്റെ കൃതിയില്‍ ഒ കെ ശംസുദ്ദീന്‍ രേഖപ്പെടുത്തുന്നുണ്ട്. പ്രസിദ്ധീകൃത കൃതികളില്‍ ഒരു ഭാഗം മാത്രമേ ഇതിലുള്ളൂവെന്ന് ഗ്രന്ഥകാരന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 1607ല്‍ രചിക്കപ്പെട്ട ഖാളി മുഹമ്മദിന്റെ മുഹ്‌യുദ്ദീന്‍ മാലയാണ് കണ്ടെടുക്കപ്പെട്ടതില്‍ ഏറ്റവും പഴക്കമുള്ള അറബി മലയാള കൃതി. ഇതിന് മുമ്പ് രചനകള്‍ നടന്നിട്ടില്ലെന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയില്ല. 1737ല്‍ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ രചിച്ച നൂല്‍ മദ്ഹാണ് രണ്ടാമത്തെ കൃതി. ഈ രണ്ടു കൃതികള്‍ക്കിടയിലെ നൂറ്റിമുപ്പത് വര്‍ഷം അജ്ഞാതകാലമാണ്. പുണ്യാത്മാക്കളുടെ ജീവിതസന്ദര്‍ഭങ്ങളുടെ വിവരണങ്ങളാണ് മാലകളുടെ ഉള്ളടക്കം.
പടപ്പാട്ടുകളില്‍ ആദ്യം കണ്ടെടുക്കപ്പെട്ടത് 1835ല്‍ രചിച്ച ഉമറലി ലബ്ബയുടെ സഖൂം പടപ്പാട്ടാണ്. മിക്ക യുദ്ധങ്ങളും പാട്ടുകളായി വന്നു. ബ്രട്ടീഷ് വിരുദ്ധ സമരത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയതില്‍ പടപ്പാട്ടുകള്‍ക്ക് നല്ല പങ്കുണ്ട്. 1950 വരെയുള്ള കാലഘട്ടത്തില്‍ നിരവധി പാട്ടുകള്‍ ഉദയം കൊണ്ടു. കല്യാണപാട്ടുകള്‍, ഒപ്പനപ്പാട്ടുകള്‍, കത്തുപാട്ടുകള്‍ തുടങ്ങി ചേലാകര്‍മം, കാതുകുത്തല്‍, വിവാഹം തുടങ്ങിയ കര്‍മങ്ങളിലെല്ലാം പാട്ടുകള്‍ നിറഞ്ഞ് നിന്നു. നേരമ്പോക്കിനുള്ള പാട്ടുകളും ഈ കാലങ്ങളില്‍ കാണാന്‍ കഴിയും.
നിഘണ്ടു നിര്‍മാണം, ഖുര്‍ആന്‍ പരിഭാഷകള്‍, കഥ, പത്രമാസികകള്‍ തുടങ്ങിയ ഗദ്യരചനകളും സജീവമായിരുന്നു. അറബിമലയാളത്തില്‍ ആദ്യ നോവലായി നാലകത്ത് കുഞ്ഞിമൊയ്തീന്‍ കുട്ടിയുടെ ചാര്‍ദര്‍വേശ് 1866 ല്‍ വെളിച്ചം കണ്ടു. മലയാളത്തില്‍ ഇന്ദുലേഖ 1887ലാണ്.
കുഞ്ഞിമാഹിന്‍ കുട്ടി വൈദ്യരുടെ വൈദ്യജ്ഞാനം, മണ്ണത്തടി വീരാന്‍കുട്ടിയുടെ മര്‍മശാസ്ത്രം, ഷഫഷിഫ എന്ന വിഷചികിത്സ, വൈദ്യരോഗയജ്ഞം തുടങ്ങിയ വൈദ്യകൃതികള്‍ അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. സയ്യിദ് മുഹമ്മദ് തങ്ങള്‍ രചിച്ച ത്രിഭാഷാ നിഘണ്ടു(അറബി-മലയാളം-സംസ്‌കൃത), സയ്യിദ് അലവി കോയ തങ്ങളുടെ ഹിദായത്തുല്‍ ഇഖ്‌വാന്‍(മീഡിയ), സുലൈമാന്‍ മൗലവിയുടെ മണിവിളക്ക്, സമസ്തയുടെ അല്‍ബയാന്‍ (1929) അല്‍ ഇസ്‌ലാം, അല്‍ ഇര്‍ഷാദ് (1923), സ്ത്രീകള്‍ക്ക് വേണ്ടി നിസാഉല്‍ഇസ്‌ലാം(1930) മാഗസിനുകള്‍, ബദറുല്‍ മുനീര്‍, ഹുസുനുല്‍ ജമാല്‍, യൂസുഫ്, ബദര്‍ ഖിസ്സകള്‍ (ബാല സാഹിത്യം) തുടങ്ങിയവ അറബിമലയാളത്തിന്റെ സമ്പന്നത വെളിപ്പെടുത്തുന്നു.

സ്വാധീനങ്ങള്‍
മാപ്പിളമാരുടെ ആത്മബന്ധമാണ് അറബിമലയാളത്തെ വളര്‍ത്തിയത്. രചിക്കപ്പെട്ടവയില്‍ മിക്കവയും മാപ്പിള ജീവിതങ്ങളില്‍ അഗാധമായ സ്വാധീനം ചെലുത്തിയതായി കാണാം. കേരളത്തിലെ ഭക്തിഗാന പാരമ്പര്യത്തില്‍ അറബി മലയാളത്തിന് വലിയ പ്രാധാന്യമുണ്ട്. മുഹ്‌യുദ്ദീന്‍ മാല, നഫീസത്ത് മാല തുടങ്ങിയവ അത് നിര്‍വഹിച്ചു. കേരളത്തിലെ സസ്യലതാദികളുടെ വിവരശേഖരണമായ ഹോര്‍ത്തൂസ് മലബാറിക്കസില്‍ പേരുവിവരങ്ങള്‍ അറബിമലയാളത്തില്‍ കൂടി അച്ചടിച്ചു. ബൈബിള്‍ അറബി മലയാളത്തില്‍ ലഭ്യമായിരുന്നു. മുസ്‌ലിം സ്ത്രീസാക്ഷരത വളര്‍ത്തുന്നതിലും കര്‍തൃത്വം വഹിച്ചു. 1921ന് മുമ്പ് രചിക്കപ്പെട്ടതാണ് ഇകെ ഹലീമയുടെ ഫാത്തിമ ബീവി വഫാത്ത് മാല, ആയിശകുട്ടിയുടെ ബദര്‍ കിസ്സ തുടങ്ങിയ സ്തീ രചനകള്‍ പുറത്തു വന്നു. 1952ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ത്രീകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ അറബിമലയാളത്തില്‍ അച്ചടിച്ച് വിതരണം ചെയ്തത് അബ്ദുറഹ്മാന്‍ ബാഖഫി തങ്ങളുടെ ജീവചരിത്രത്തില്‍ കാണാനാവും. കൈമാറ്റം ചെയ്യപ്പെട്ട സാംസ്‌കാരിക പകര്‍ച്ച കൂടിയായിരുന്നു അറബി മലയാളം.

അസ്തമയം
പ്രധാനമായും ഭാഷയെ സമുദായത്തിന് പുറത്തേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നില്ല. മലയാള ഭാഷ ജനകീയത നേടി. പൊതു വിദ്യാഭ്യാസം വ്യാപകമായി. സവര്‍ണ കേന്ദ്രിതമായ സാംസ്‌കാരികത പൊതുവത്കരിക്കപ്പെട്ടു. തുടങ്ങിയ കാരണങ്ങളാല്‍ അറബി മലയാളം അസ്തമിച്ചു. അറബി ലിപി മറ്റൊരു കാരണമായി. കൊളോണിയല്‍ ഭരണ സംവിധാനങ്ങളുടെ ശക്തമായ ഇടപെടല്‍ തകര്‍ച്ചക്ക് ആക്കം കൂട്ടി. ചേറൂര്‍ പടപ്പാട്ട്, മഞ്ചേരി പടപ്പാട്ട്, മണ്ണാര്‍ക്കാട് പടപ്പാട്ട് തുടങ്ങിയവ ബ്രിട്ടീഷ് അധികാരികളെ പ്രകോപിച്ചു. ഈ രചനകള്‍ കണ്ടുകെട്ടി. 1920കള്‍ക്ക് ശേഷം കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ തകര്‍ച്ചയില്‍ പങ്കാളികളായി.
അറബി മലയാള സമ്പന്നതയെ പരിചയപ്പെടുത്തുന്ന പുതിയ പദ്ധതികള്‍ സ്ഥാപിക്കുക വഴി നഷ്ട വസന്തത്തെ തിരികെ പിടിക്കാനുള്ള ശ്രമങ്ങളുണ്ടാവട്ടെ. പഠന ഗവേഷണ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരട്ടെ.

Share this article

Leave a Reply

Your email address will not be published. Required fields are marked *