മഹാകവി മോയിന്‍കുട്ടി മാപ്പിളപ്പാട്ടിന്റെ വൈദ്യര്‍

Reading Time: 4 minutes

അല്‍അമീന്‍ തരുവണ

മോയിന്‍കുട്ടി വൈദ്യര്‍
നാല്‍പത് വര്‍ഷത്തെ ജീവിതം കൊണ്ട് വൈദ്യര്‍ പണിത കാവ്യപ്രപഞ്ചം അനശ്വരമാണ്. മാപ്പിള മനസിനെ പുളകമണിയിച്ച ആ കൃതികളോട് കിടപിടിക്കുന്ന മറ്റു കൃതികള്‍ പിന്നീട് ഉണ്ടായിട്ടില്ല. അറബിമലയാള സാഹിത്യത്തില്‍ വലിയ ഒരനുഭവതലമാണ് വൈദ്യര്‍ തുറന്നിട്ടത്. അറബി, സംസ്‌കൃതം, ഉര്‍ദു തുടങ്ങിയ ഭാഷകള്‍ പഠിക്കാന്‍ വൈദ്യര്‍ ധാരാളം സഞ്ചരിച്ചു.

ജനനം, സാഹിത്യ ജീവിതം
സംഗീതത്തിന്റെയും കവിതകളുടെയും നറുമണം അടിച്ചു വീശുന്ന കവ്യാന്തരീക്ഷത്തിലാണ് ആലുങ്ങല്‍ കണ്ടി തറവാട്ടില്‍ ഉണ്ണി മമ്മദ് വൈദ്യര്‍- കുഞ്ഞാമിന ദമ്പതികള്‍ക്ക് ക്രിസ്തുവര്‍ഷം 1812ല്‍ മോയിന്‍കുട്ടി എന്ന കുഞ്ഞു പിറക്കുന്നത്. ആയുര്‍വൈദ്യനും സംസ്‌കൃത പണ്ഡിതനുമായിരുന്ന ഉണ്ണി മമ്മദ് വൈദ്യര്‍ മോയിന്‍കുട്ടിയെ നാലാം വയസില്‍തന്നെ ചെര്‍പ്പുളശേരി വേലായുധന്‍ എഴുത്തച്ഛന്‍ എന്ന നാട്ടാശാന്റെ കീഴില്‍ എഴുത്തിനിരുത്തി. ഉണ്ണി മമ്മദ് വൈദ്യര്‍ തന്നെ മകനെ ആര്യവൈദ്യവും സംസ്‌കൃത ഭാഷയും പഠിപ്പിച്ചു. തഖ്യാവിലെ (ഭക്തികേന്ദ്രം) നിസാമുദ്ദീന്‍ ശൈഖില്‍ നിന്നാണ് മോയിന്‍കുട്ടി പേര്‍ഷ്യന്‍ ഭാഷ പരിശീലിച്ചത്. അതോടൊപ്പം കൊണ്ടോട്ടി പള്ളിയിലെ ഖാളി, മുസ്‌ലിയാരകത്ത് വലിയ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അടക്കമുള്ള പണ്ഡിതന്മാരില്‍ നിന്ന് മതവിജ്ഞാനവും കര്‍മശാസ്ത്രവും സ്വായത്തമാക്കി. മോയിന്‍ കുട്ടിയില്‍ ചെറുപ്പത്തില്‍തന്നെ കവിത്വം കണ്ടെത്തിയ തന്റെ പിതാവ് തമിഴ് ഭാഷാ പഠനത്തിന് അവസരമൊരുക്കി. കൊണ്ടോട്ടിയിലെ ചുള്ളിയന്‍ വീരാന്‍ കുട്ടി സാഹിബാണ് ബാലപാഠങ്ങള്‍ പഠിപ്പിച്ചത്. തമിഴ് കാവ്യ ശാഖകളെ സംബന്ധിച്ച് പഠിക്കാന്‍ തേങ്ങാപട്ടണം, കായല്‍പട്ടണം എന്നിവിടങ്ങളിലേക്ക് മൊയ്തീന്‍ കുട്ടിയെ അയക്കുകയും ചെയ്തു. അന്ന് നിലവിലുണ്ടായിരുന്ന മാപ്പിള കാവ്യങ്ങളും ഭാഷാകാവ്യങ്ങളുമായ കൃഷ്ണഗാഥ, തുള്ളല്‍, ആധ്യാത്മിക രാമായണം കിളിപ്പാട്ട്, രാമചരിത്രം, രാമകഥ പാട്ട് തുടങ്ങിയവ പഠിക്കാനുള്ള അവസരവും ഉണ്ടായി.
മാപ്പിളപ്പാട്ടിലെ കൊമ്പ്, തുമ്മല്‍, ആരമ്പ, ആകാശം ഭൂമി, പുകൈനാര്‍, ഹഖാന, ഓശകള്‍, ഒപ്പന ചായല്‍, മുറുക്കം, യമന്‍ കെട്ട് തുടങ്ങിയ ഇശലുകളും ബിരുത്തം, വീരാശ, ചിന്ത്, ബണ്ണം, ബംബ്, തിരുപ്പുകള്‍, പദം തുടങ്ങിയ തമിഴ് ശീലുകളും മോയിന്‍കുട്ടി വൈദ്യര്‍ക്ക് ഏറെ ഹൃദിസ്ഥമായിരുന്നു.

ഇശല്‍
ഇശലുകള്‍ക്ക് വ്യക്തമായ ഒരു നിര്‍വചനമില്ല. എന്നാല്‍ തമിഴ് സാഹിത്യ കൃതികളിലൊന്നായ ഇയറ്റിമിളില്‍ നിന്നാണ് ‘ഇശല്‍’ രൂപപ്പെട്ടത് എന്നാണ് പൊതുവേ പറയപ്പെടുന്നത്. ഇയല്‍+തമിള്‍ ആണ് ഇയറ്റിമിളിന്റെ പിരിച്ചെഴുത്ത്. തമിഴ് പദസാഹിത്യ നിര്‍മിതികളെ കുറിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. ഇതില്‍ നിന്ന് തമിള്‍ ഒഴിവാക്കിയാല്‍ കിട്ടുന്ന ‘ഇയല്‍’ മലയാളത്തിലേക്ക് മാറുമ്പോള്‍ യ ശബ്ദം ശ ശബ്ദമായി ഇശല്‍ എന്നായി. ഇതിനെ മലയാളികള്‍ ‘ശീല്‍’ എന്നും ‘ചേല്’ എന്നുമൊക്കെ വിളിച്ചതായി കാണാം. അറബി വൃത്ത സങ്കല്പങ്ങളുടെയും കേരള നാടോടി വൃത്ത സങ്കല്പങ്ങളുടെയും സംയോജനത്തില്‍ നിന്നുണ്ടായ പുതിയൊരു സാഹിത്യ രൂപമായി ഇശലിനെ കാണാവുന്നതാണ്. അറബി, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകള്‍ കൂടിക്കലര്‍ന്ന ഭാഷയാണ് മാപ്പിളപ്പാട്ട് രചനയില്‍ ഉപയോഗിച്ച് വരുന്നത്. അറബി, മലയാളം എന്നീ ഭാഷകളിലെ കാവ്യ വൃത്തങ്ങള്‍ക്കുള്ള കൃത്യമായ, ക്രോഡീകരിക്കപ്പെട്ട ഒരു ശാസ്ത്രശാഖ ഇവക്കില്ല. എങ്കില്‍ പോലും നിയമത്തിലധിഷ്ഠിതമായി തന്നെയാണ് മാപ്പിളപ്പാട്ടുകളുടെ രചന. മാപ്പിളപ്പാട്ടുകളുടെ നിയമത്തെ മൊത്തം രണ്ട് വരികളിലായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്:
‘വകകള്‍ മുതുനൂല്‍ ചിറ്റെളുത്തും കമ്പി
വാലും തലൈചന്തം കുനിപ്പും കമ്പി’
അതായത് പ്രധാനപ്പെട്ട അഞ്ച് നിയമങ്ങള്‍ മാപ്പിളപ്പാട്ടില്‍ പാലിക്കേണ്ടതുണ്ട്. കമ്പി, കഴുത്ത്, വാല്‍കമ്പി, വാലുമ്മല്‍ കമ്പി, ചിറ്റെളുത്ത് എന്നിവയാണവ. ഈ പറഞ്ഞ വൃത്ത നിയമങ്ങള്‍ പാലിച്ച് എഴുതുന്നതില്‍ യൗവനകാലത്ത് തന്നെ മോയിന്‍കുട്ടിവൈദ്യര്‍ മിടുക്ക് കാണിച്ചിരുന്നു. വൈദ്യരുടെ തൂലികയാല്‍ വിരചിതമായ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍, കിളത്തിമാല, സലീഖത്ത് പടപ്പാട്ട്, ബദര്‍ പടപ്പാട്ട്, ഉഹദ് പട, മലപ്പുറം പട എന്നീ കൃതികള്‍ ഇന്നും പ്രചാരത്തിലുള്ളതും ഏറെ ശ്രദ്ധിക്കപ്പെട്ടവയുമാണ്.

ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍
ഇരുപതാമത്തെ വയസിലാണ് വൈദ്യര്‍ ‘മഹാകവി’ പദത്തിന് അര്‍ഹനാകുന്നത്. ചെറിയ പ്രേമഗാനങ്ങളും കത്ത്പാട്ടുകളും ലഘുകൃതികളുമാണ് അദ്ദേഹം അതുവരെ എഴുതിയിരുന്നത്. മുമ്പ് കഴിഞ്ഞുപോയ മാപ്പിള കവികളിലാരും കൈവെക്കാതിരുന്ന പുതിയ പടവുകള്‍ വൈദ്യര്‍ ചവിട്ടിക്കയറി. സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയും വശ്യത മാപ്പിളപ്പാട്ടിന്റെ ഈണങ്ങളില്‍ കോറിയിട്ടു. നൈരാശ്യവും ആനന്ദവും ആ വരികളില്‍ തെളിഞ്ഞുനിന്നു. അതാണ് ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍. മുഈനുദ്ദീന്‍ ഷാ പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച കൃതിയുടെ മലയാളമാണ് ‘ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍.’ ഹിന്ദ് (ഇന്ത്യ) രാജ്യത്തെ അസമീര്‍ (അജ്മീര്‍) എന്ന പട്ടണത്തിലാണ് ഈ കഥ നടക്കുന്നത്. ചക്രവര്‍ത്തി മഹാസീനിന്റെ പുത്രി ഹുസ്‌നുല്‍ ജമാലും മന്ത്രിപുത്രന്‍ ബദറുല്‍ മുനീറും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം. ‘ബദറുല്‍ മുനീറിന്റെ മുഖം ദര്‍ശിക്കുമ്പോള്‍ താമര വിടരും’ എന്ന ഒറ്റ പ്രയോഗം കൊണ്ടു മാത്രം ആസ്വാദകര്‍ക്ക് ബദറുല്‍മുനീറിന്റെ സൗന്ദര്യം മുന്നില്‍ കാണാനാവുന്നു. വൈദ്യര്‍ ഈ കഥ പറഞ്ഞ് തീര്‍ക്കുന്നത് ആമുഖമടക്കം 99 പാട്ടുകളിലായാണ്. മാപ്പിളപ്പാട്ടിന്റെ വൈവിധ്യമാര്‍ന്ന ഇശലുകള്‍ കൊണ്ടാണ് ഈ പാട്ട് കെട്ടിയിട്ടുള്ളത്. വാക്കുകള്‍കൊണ്ട് അമ്മാനമാടുന്ന രചനാവൈഭവം വൈദ്യര്‍ കൃതികളെ മറ്റുള്ളവയില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു.

കിളത്തിമാല
നബി(സ്വ)യും സ്വഹാബത്തും പള്ളിയിലിരിക്കുമ്പോള്‍ തലച്ചുമടുമായി കടന്നുവന്ന ഒരു കിഴവി ഭാരം ഇറക്കി വെക്കുന്നു. ശേഷം ദാഹം ശമിപ്പിക്കാന്‍ അല്പം വെള്ളത്തിനുവേണ്ടി അഭ്യര്‍ഥിച്ചപ്പോള്‍ സദസിലുണ്ടായിരുന്ന അലി(റ) ചെന്ന് കിഴവിക്ക് ദാഹജലം കൊടുക്കുന്നു. ദാഹം തീര്‍ന്നപ്പോള്‍ നിലത്തിരുന്ന തന്റെ ചുമടെടുത്ത് തലയില്‍ വച്ച് കൊടുക്കാന്‍ വൃദ്ധയായ സ്ത്രീ ആവശ്യപ്പെട്ടു. പ്രവാചക സന്നിധിയില്‍ ഉണ്ടായിരുന്ന മിഖ്ദാദ്, ത്വല്‍ഹത്ത്, സുബൈര്‍, സഈദ് തുടങ്ങിയവരൊക്കെ ശ്രമിച്ചിട്ടും ചുമടെടുക്കാന്‍ സാധിച്ചില്ല. അപ്പോള്‍ പരിഹാസത്തോടെ വൃദ്ധ പൊട്ടിച്ചിരിച്ചു. ശേഷം ഉമര്‍, ഉസ്മാന്‍, അലി(റ) എന്നിവര്‍ അതെടുത്ത് പൊക്കാന്‍ ശ്രമിച്ചു. പക്ഷേ, കഴിഞ്ഞില്ല. ഹുസൈനെ(റ) വിളിച്ച് ചുമട് ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. ബാലനായ ഹുസൈ ന്‍(റ) നിഷ്പ്രയാസം ചുമട് എടുത്ത് വൃദ്ധയുടെ തലയില്‍ വച്ച് കൊടുത്തു. ഈ രംഗം മിഅ്‌റാജ് എന്ന ഇശലില്‍ കവി വര്‍ണിക്കുന്നു. ഈ ചരിത്രമാണ് കിളത്തിമാലയിലൂടെ വൈദ്യര്‍ ആവിഷ്‌കരിച്ചത്.
സലീഖത്ത് പടപ്പാട്ട്
കിളത്തി മാലക്ക് ശേഷം രചിച്ച മറ്റൊരു കൃതിയാണ് സലീഖത്ത് പടപ്പാട്ട്. തന്റെ പതിനെട്ടാമത്തെ വയസിലാണ് ഇതെഴുതിയതെന്ന് പറയപ്പെടുന്നു. ഈ പാട്ടിന്റെ മൂലവും പേര്‍ഷ്യന്‍ കെട്ടുകഥ തന്നെയാണ്. ഹസ്രത്ത് അലിയുടെയും(റ) കൂട്ടുകാരുടെയും സമരമുറകളും മറ്റും വിവരിക്കുന്ന മനോഹരമായ കൃതിയാണിത്. മാപ്പിളപ്പാട്ടിന്റെ രചന രീതികളെ സംബന്ധിച്ച് ഒരു സൂചനയും വൈദ്യര്‍ ഈ വരികളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ബദര്‍ പടപ്പാട്ട്
ക്രിസ്തുവര്‍ഷം 1876ലാണ് ബദര്‍ പടപ്പാട്ടിന്റെ ഉദയം. അന്ന് വൈദ്യര്‍ക്ക് 24 വയസായിരുന്നു. പ്രാരംഭ സ്തുതിഗീതം ഉള്‍പ്പെടെ വ്യത്യസ്ത ഇശലുകളിലായി 106 പാട്ടുകളാലാണ് ബദര്‍ പടപ്പാട്ട് കെട്ടിയിട്ടുള്ളത്. പഴയ മലയാളവും അറബിയും സംസ്‌കൃതവും തമിഴും കന്നഡയും മാപ്പിള വാമൊഴിയും എല്ലാം ചേര്‍ന്ന ഒരു സങ്കര ഭാഷയാണ് രചനക്ക് ഉപയോഗിച്ചിട്ടുള്ളത്.
പ്രേമകാവ്യമായ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലിന് ശേഷം നാടുവിട്ട വൈദ്യര്‍ നാലുവര്‍ഷത്തിനുശേഷം തിരിച്ചെത്തിയത് ബദര്‍ പടപ്പാട്ടുമായാണ്. വലിയ സദസ് വിളിച്ചുചേര്‍ത്ത് ഇമ്പമാര്‍ന്ന സ്വരമാധുര്യത്തില്‍ വൈദ്യര്‍ സദസില്‍ ഇത് പാടിക്കേള്‍പ്പിച്ചു. പാട്ടിന്റെ പാലാഴി തീര്‍ത്ത കവിയെ സദസ് ഒന്നാകെ വാരിപ്പുണര്‍ന്നു. ബദര്‍ പടപ്പാട്ടിന്റെ പ്രഖ്യാതി നാടെങ്ങും പരന്നു. മാപ്പിളമാരുടെ ചുണ്ടില്‍ നിന്ന് മാപ്പിള പാട്ടിലെ ഈരടികള്‍ ഒലിച്ചിറങ്ങി. വിവിധ ഭാഷകള്‍ കൊണ്ട് ദുര്‍ഗ്രാഹ്യമെങ്കിലും സംഗീതാത്മകതയും രചനാവൈഭവവും ബദര്‍പടപ്പാട്ടിനെ ജനമനസുകളില്‍ ആഴത്തില്‍ പ്രതിഷ്ഠിച്ചു. പള്ളിയങ്കണങ്ങളിലും പള്ളിക്കൂടങ്ങളിലും ബദര്‍പടപ്പാട്ട് ഉച്ചത്തില്‍ മുഴങ്ങി. ഇതിനുമാത്രമായി നിരവധി ഗായക സംഘങ്ങള്‍ രൂപപ്പെട്ടു. വേദികള്‍ ഉയര്‍ന്ന് വന്നു. ബദര്‍പടപ്പാട്ടിന്റെ അനേകം പ്രതികള്‍ വിറ്റഴിക്കപ്പെട്ടു.
വിദ്യാഭ്യാസത്തില്‍ വളരെ പിന്നോക്കം നിന്ന സമൂഹമായിരുന്നല്ലോ അക്കാലത്തുണ്ടായിരുന്നത്. എങ്കിലും എല്ലാവര്‍ക്കും മനഃപാഠമാക്കാന്‍ പറ്റുന്ന തരത്തില്‍ മാപ്പിളപ്പാട്ടിലെ രചനാ നിയമങ്ങളായ പ്രാസവും ചിറ്റെഴുത്തും പാലിച്ചാണ് ബദര്‍ എഴുതിയിരിക്കുന്നത്. താളാത്മകവും രചനാശൈലിയും കൊണ്ട് വൈവിധ്യം നിറഞ്ഞ ബദര്‍പടപ്പാട്ട് സാഹിത്യചരിത്രത്തിലെ വിസ്മരിക്കാനാവാത്ത ഒന്നായി മാറി. മറ്റ് ഏത് ഭാഷാ കൃതികളെയും വെല്ലുന്ന കരുത്തുറ്റ രചനയാണ് ബദര്‍പടപ്പാട്ട്.

ഉഹ്ദ് പട
ബദ്ര്‍ പടപ്പാട്ടിന്റെ അദ്ഭുതകരമായ പ്രചാരണത്തിനുശേഷം ഉഹ്ദ് യുദ്ധം കാവ്യരൂപത്തിലാക്കുന്നതിനെ കുറിച്ചായിരുന്നു വൈദ്യരുടെ ചിന്ത. ഉഹ്ദിന്റെ ചരിത്രങ്ങള്‍ പഠിക്കാന്‍ അദ്ദേഹം കോഴിക്കോട് മുച്ചുന്തി പള്ളിയില്‍ കഴിഞ്ഞു കൂടിയിട്ടുണ്ട്. മക്കയിലെ പ്രസിദ്ധ പണ്ഡിതനും ചിന്തകനും ചരിത്രകാരനുമായ അല്ലാമ അഹ്മദ് ദഹ്‌ലാന്റെ സീറത്തുന്നബിയടക്കം പല അറബി ഗ്രന്ഥങ്ങളും അദ്ദേഹം ഉഹ്ദ് പടയുടെ രചനകള്‍ക്കായി അവലംബിച്ചു. വൈദ്യരുടെ ഇരുപത്തിയേഴാം വയസിലാണ് ഉഹ്ദ്പട പൂര്‍ത്തിയാക്കിയത്.
മുസ്‌ലിംകളും ഖുറൈശികളും തമ്മിലുള്ള യുദ്ധമാണ് കവി ഉഹ്ദ് പടയിലൂടെ ചിത്രീകരിച്ചത്. ബദര്‍ പാട്ടിനേക്കാള്‍ അറബി പദങ്ങളുടെ ആധിക്യം ഉഹ്ദ് പടയിലുണ്ട്. ഭാഷാപദങ്ങള്‍ മുറിച്ച് തമ്മില്‍ ബന്ധിപ്പിക്കാനുള്ള ഒരു ശ്രമവും ഉഹ്ദ് പടപ്പാട്ടില്‍ വൈദ്യര്‍ കാണിച്ചിട്ടുണ്ട്. ഉദാ: ‘കോഴിക്കോട്’ എന്ന വാക്കിന് ഉറുദുവിലെ ‘മുര്‍ഗി’ എന്ന പദം ‘കോടി’നോട് ചേര്‍ത്ത് മുര്‍ഗിക്കോട് എന്ന് ഉപയോഗിച്ചു. രചനാമികവ് കൊണ്ട് വൈദ്യര്‍ കാവ്യങ്ങള്‍ മാപ്പിള മനസുകളില്‍ ഇടംപിടിച്ചു.

മലപ്പുറം പട
തികച്ചും വ്യത്യസ്തമായ രചനാശൈലിയാണ് മലപ്പുറം പടക്കുള്ളത്. മലപ്പുറം നാടുവാഴിയായിരുന്ന പാറനമ്പിയുടെ നായര്‍ പടയാളികളും മപ്പിളമാരും തമ്മിലുണ്ടായ പോരാട്ടമാണ് മലപ്പുറം ലഹളക്ക് കാരണമായത്.
പാറനമ്പിയുടെ വിശ്വസ്തനും കരംപിരിവുകാരനുമായിരുന്നു വള്ളുവനാടുകാരനായ അലിമരക്കാര്‍. വളരെ കൃത്യനിഷ്ഠതയോടെ അലിമരക്കാര്‍ കരംപിരിവ് നടത്തിയിരുന്നു. നികുതിയടച്ച് തീര്‍ക്കാത്ത പക്ഷം നടപടിക്രമങ്ങളും അദ്ദേഹം സ്വീകരിച്ചു.
പാറനമ്പിയുടെ അകന്ന ബന്ധത്തിലുള്ള ഒരാളെ കരം നല്‍കാത്തതിന്റെ പേരില്‍ അലിമരക്കാര്‍ പിടിച്ച് വെച്ചു. ഇത് നാട്ടിലെ ലഹളക്ക് കാരണമായി. ഇത് മുതലെടുത്ത് പാറനമ്പിയെ ചിലര്‍ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു.
ഒരു പ്രഭാതത്തില്‍ നാടുവാഴിയുടെ കോട്ടമുറ്റത്ത് നിന്ന് അലിമരക്കാര്‍ നായര്‍ പടയാളികളുമായി പടവെട്ടി. അപ്രതീക്ഷിതമായ ഈ സംഘട്ടനത്തില്‍ അലിമരക്കാര്‍ മരണമടഞ്ഞു. ശത്രുപക്ഷത്തെ നിരവധി നായര്‍ പടയാളികളും വധിക്കപ്പെട്ടു. ഇത് പാറനമ്പിയുടെ മനസില്‍ മുസ്‌ലിംകളോടുള്ള തീരാത്ത പകയായി മാറി. മുസ്‌ലിംകളുടെ കൈവശമുണ്ടായിരുന്ന വയലുകളും മറ്റു കൃഷിയിടങ്ങളും പുരയിടവും പിടിച്ചെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. മുസ്‌ലിംകള്‍ പരിമിതരായിരുന്നു.
പാറനമ്പിയുടെയും ഭടന്മാരുടെയും അക്രമം ഭയന്ന് മുസ്‌ലിംകള്‍ നാടുവിട്ടിറങ്ങാന്‍ തുടങ്ങി. എന്നാല്‍ തങ്ങളുടെ അഭിമാനവും അന്തസും ആരുടെയും മുന്നില്‍ പണയപ്പെടുത്താനോ അടിയറവ് പറയാനോ തയാറല്ലെന്ന് തീരുമാനിച്ച് ചിലര്‍ മുസ്‌ലിംകളെ സുസജ്ജമാക്കി. ഇതറിഞ്ഞ പാറനമ്പിയുടെ പന്തല്ലൂര്‍ നായര്‍ പട ആയുധ സന്നാഹങ്ങളോടെ പൂളക്കമണ്ണില്‍ തമ്പടിച്ചു. അശരണരായ മാപ്പിളമാര്‍ മേല്‍മുറിയിലെ പോക്കര്‍ സാഹിബിന്റെയും പാറക്കല്‍ കുട്ടി സാഹിബിന്റെയും നേതൃത്വത്തില്‍ മലപ്പുറം പള്ളിയില്‍ താമസമാക്കി. ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പലനിലക്കും ശ്രമിച്ചു. പക്ഷേ, ഫലമുണ്ടായില്ല.
പന്തല്ലൂര്‍ നായര്‍ പട പള്ളിക്ക് ചുറ്റും കവചമിട്ടു. മുസ്‌ലിംകള്‍ക്ക്‌മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. പള്ളിയുടെ വെള്ളം മുട്ടിച്ചു. ക്ഷമയുടെ നെല്ലിപ്പടി കടന്നപ്പോള്‍ മുസ്‌ലിംകള്‍ പള്ളിയില്‍ നിന്ന് ചാടിയിറങ്ങി. ഏറ്റുമുട്ടലില്‍ 44 മുസ്‌ലിംകള്‍ വെട്ടേറ്റു വീണു ശഹീദായി. അവര്‍ണരില്‍ പെട്ട ഒരു തട്ടാനും മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
പള്ളിയടക്കം മുസ്‌ലിംകളെ അവര്‍ ചുട്ട് ചാമ്പലാക്കി. മൃതശരീരങ്ങള്‍ പള്ളിക്ക് മുന്നില്‍ ഉപേക്ഷിച്ചുകൊണ്ട് നായര്‍പട സ്ഥലം കാലിയാക്കി. പാറനമ്പിയുടെ കീഴില്‍ നിലനില്‍ക്കാന്‍ കഴിയാതെ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും നാടുവിട്ട കാരണത്താല്‍ മരിച്ചവരുടെ മയ്യിത്തുകള്‍ ഖബറടക്കാന്‍ പോലും അന്നാളുണ്ടായിരുന്നില്ല. വള്ളുവനാട് രാജാവിന്റെ സേനാനായകന്‍ കിഴിശേരി ജമാലുക്കുട്ടി മൂപ്പനും സംഘവും എത്തി മൃതദേഹങ്ങള്‍ മറവ് ചെയ്തു.
നാളുകള്‍ കടന്നുപോയി. തന്റെ വിശ്വസ്തരായ പ്രജകളില്‍ മിക്കവരും നാടുവിട്ടതറിഞ്ഞ് പാറനമ്പി ഏറെ ദുഃഖിതനായി. താന്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഒടുവില്‍ മുസ്‌ലിംകളില്‍ നിന്ന് പിടിച്ചെടുത്തതെല്ലാം തിരിച്ചുനല്‍കാന്‍ ഉത്തരവിറക്കി. ചുട്ട് കരിക്കപ്പെട്ട പള്ളി തന്റെ മേല്‍നോട്ടത്തില്‍ പുതുക്കി പണിയണമെന്നും പ്രഖ്യാപിച്ചു. തനിക്കും മപ്പിളമാര്‍ക്കുമിടയില്‍ നഷ്ടപ്പെട്ട സൗഹാര്‍ദം നിലനിര്‍ത്തി സ്‌നേഹത്തിന്റെ പുത്തന്‍ പാത തുറന്നു.
ഈ സംഭവമാണ് മോയിന്‍കുട്ടി വൈദ്യര്‍ ‘മലപ്പുറം പട’യില്‍ കോര്‍ത്തിണക്കിയത്. അന്നത്തെ മുസ്‌ലിം പ്രശ്‌നങ്ങള്‍ വൈദ്യര്‍ തന്റെ വരികളിലൂടെ പുറത്തറിയിച്ചു. ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതും അറബികളുടെ മതപ്രചാരണവുമൊക്കെ വൈദ്യര്‍ ഈ കൃതിയില്‍ വിളക്കി ചേര്‍ത്തിട്ടുണ്ട്. കേരളത്തിന്റെ ഇസ്‌ലാമിക ചരിത്ര പശ്ചാത്തലമടങ്ങിയ ആദ്യത്തെ കാവ്യം കൂടിയാണിത്. ‘അരിമപ്പെരുമ നടച്ചാട്ട്’ എന്ന ഇശലിലാണ് ആദ്യഭാഗം ആരംഭിക്കുന്നത്. മൂന്നാമത്തെയും നാലാമത്തെയും ഇശലില്‍ മുഹമ്മദ് നബിയെ കുറിച്ച് മുഖവുര ഇട്ടതിന് ശേഷമാണ്, കേരളത്തിന്റെ ചരിത്രപശ്ചാത്തലം പറഞ്ഞ് തുടങ്ങുന്നത്.

വിടവാങ്ങല്‍
1892 ല്‍ വൈദ്യര്‍ക്ക് വിഷജ്വരം ബാധിച്ചു. അതുമൂലമാണ് മരണപ്പെട്ടത്. സമൂഹത്തിന്റെ നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ഒരു കാവ്യശാഖയാണ് മാപ്പിളപ്പാട്ടുകള്‍. മാപ്പിളപ്പാട്ടുകള്‍ ഇത്രയധികം പ്രചരിക്കാനും പുതിയ ഗവേഷണങ്ങള്‍ക്ക് വിധേയമാകാനും മഹാകവി മോയിന്‍കുട്ടി വലിയ കാരണക്കാരനായി. വിവിധമേഖലകളിലെ ജ്ഞാന നൈപുണ്യം മോയിന്‍കുട്ടി വൈദ്യര്‍ കൈവരിച്ചിരുന്നു. സര്‍ഗാത്മകത കൊണ്ടാണ് കവി കാലത്തെ കീഴടക്കുന്നതും ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടുന്നതും.

Share this article

One Comment on “മഹാകവി മോയിന്‍കുട്ടി മാപ്പിളപ്പാട്ടിന്റെ വൈദ്യര്‍”

  1. മലയാളത്തിൽ മഹാ കാവ്യങ്ങൾ ഏതൊക്കെ ?  മഹാ കാവ്യങ്ങൾക്ക് ആധാരമായ മാനദണ്‌ഡം  എന്തൊക്കെ ?  ‘മഹാ കവി’  എന്ന പേര് ആരാണ് നൽകുന്നത് ?

Leave a Reply

Your email address will not be published. Required fields are marked *