ചരിത്രദൗത്യം നിറവേറ്റുന്ന രേഖാചിത്രങ്ങള്‍

Reading Time: 3 minutes

ഡോ.ബിനീഷ് പുതുപ്പണം

അനുഭവ ലോകങ്ങളില്‍ നിന്ന് കണ്ടെടുക്കുന്ന/ കണ്ടുകിട്ടുന്ന ചില സന്ദര്‍ഭങ്ങളെ വാക്കുകളുടെ മൂശയിലിട്ട് ഇണക്കമുള്ള ‘കാവ്യജീവി’യാക്കി മെരുക്കിയെടുക്കുന്നവരാണ് കവികള്‍. അനുഭവങ്ങളുടെ ഏതുപരിസരവും കവികള്‍ക്ക് കാവ്യ വിഷയത്തിനുള്ള മേഖലയാണ്. എന്ത് എഴുതുന്നു എന്നതിലല്ല, മറിച്ച് സമൂഹത്തില്‍ എഴുത്ത് എന്തു ചലനങ്ങള്‍ സൃഷ്ടിക്കുന്നു എന്നതിലാണ് കവിയുടെയും കവിതയുടെയും കരുത്ത്. കവിതകളിലൂടെ തനിക്ക് പറയാനുള്ള നേരിന്റെ രാഷ്ട്രീയത്തെ, ചരിത്രത്തെ, ആത്മാനുഭവങ്ങളെ ഒട്ടുംവളച്ചുകെട്ടില്ലാതെ ആവിഷ്‌ക്കരിക്കുകയാണ് രേഖ.കെ, ‘പച്ചയുറുമ്പുകള്‍ സ്വപ്‌നം കാണുന്നയിടം’ എന്ന സമാഹാരത്തിലൂടെ. സൂക്ഷ്മ ചരിത്ര സന്ദര്‍ഭത്തിലേക്ക്, സാമൂഹ്യ പരിണാമത്തിന്റെ അനക്കങ്ങളിലേക്ക് സഞ്ചരിക്കുകയും സ്ത്രീവാദം, പരിസ്ഥിതിവാദം, ട്രാന്‍സ് ധാരകള്‍ തുടങ്ങിയ ആധുനിക/ അനന്തര ധാരകളെ അവതരിപ്പിക്കുകയും ചെയ്യുന്നു ഈ സമാഹാരം.
ജൈവികമായ ആവാസവ്യവസ്ഥക്കു മുകളില്‍ യാന്ത്രികതയുടെ പരുക്കന്‍ കടന്നുകയറ്റമാണ് നഗരങ്ങളുടെ വ്യാപനത്തിന് വഴിതെളിച്ചത്. നാടും നഗരവും പലപ്പോഴും നന്മ തിന്മ എന്നീ ദ്വന്ദ്വ കല്പനകളെ അടിസ്ഥാനമാക്കി പറയാറുണ്ട്. ‘നാട്യപ്രധാനം നഗരം ദരിദ്രം’ എന്നതുപോലെ നാട്യങ്ങളുടെ തികച്ചും സങ്കീര്‍ണമായ സ്വാര്‍ഥലോകങ്ങളിലാണ് നഗരങ്ങളുടെ അസ്തിത്വം. ഏതൊരു നഗരത്തിന്റെ സൃഷ്ടിക്കു പിന്നിലും കുടിയൊഴിഞ്ഞു പോകേണ്ടി വന്ന/ വരുന്ന അനേകം ജീവജാലങ്ങളുടെ അസ്തമിക്കാത്ത നിലവിളികളുണ്ട്. അധ്വാനത്തിന്റെ വിയര്‍ത്ത നേരങ്ങളുണ്ട്. എന്നാല്‍ അതെല്ലാം/ അതിന്റെ ചരിത്രമെല്ലാം അരികുവത്കരിക്കപ്പെടുകയും വെള്ളപൂശപ്പെട്ടവരുടെ ചരിത്ര ഗാഥയായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് പൊതുവിലുളളത്. ഈയൊരു പ്രശ്‌നത്തെ ആവിഷ്‌ക്കരിക്കുന്നതാണ് ‘കമ്മട്ടിപ്പാടം’ എന്ന കവിത.
‘ഏതു നഗരവും
മുളച്ചു പൊന്തുന്നത്
കറുകറുത്ത
ചതുപ്പിന് മുകളില്‍ത്തന്നെയാണ്’ എന്ന് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ എഴുതപ്പെടാതെ പോകുന്ന ചരിത്രത്തെ രംഗത്തെത്തിക്കുന്നു.
‘തുപ്പ്ന്ന’ എന്ന കവിതയായട്ടെ വാര്‍ധക്യത്തിന്റെയും മാറ്റിനിര്‍ത്തലിന്റെയും നിരാലംബാവസ്ഥയെ സാക്ഷ്യപ്പെടുത്തുന്നു. തുപ്പലേറ്റ് നിറം മങ്ങിപ്പോയ/ അടുക്കളയില്‍ പുറന്തള്ളപ്പെട്ട തുപ്പ്ന്നയും തുമ്മാന്‍മണത്തിലും അമ്മിഞ്ഞക്കുളിര് ചുരത്തുന്ന അമ്മൂമ്മയും ഒരേ അസ്വസ്ഥയുടെ രണ്ടു തലങ്ങളാകുന്നു. ഒന്ന് ജീവനുള്ളതും മറ്റൊന്ന് ജീവനറ്റതുമാണെങ്കിലും ഇരു ദ്രുവങ്ങളുടേയും ജീവിതം ഒരുപോലെയാകുന്നു.
ഒന്നു തെളിപ്പിച്ചെടുത്താല്‍ ഏത് തുപ്പ്ന്നയും പൂ പാത്രമായി രൂപാന്തരപ്പെടുന്നതു പോലെ സ്‌നേഹത്താല്‍, പരിഗണനയാല്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ ഏതു വാര്‍ധക്യവും ജീവസാര്‍ന്ന യൗവന ദശയായി പരിണമിക്കുമെന്ന് കവിത ഓര്‍മിപ്പിക്കുന്നു. ഏകാന്തതയുടെ മഹാ തടവറകളില്‍ നിന്ന് കരുണയുടെ മനോഹര ലോകത്തേക്ക് കൈപിടിച്ചു നടത്തുന്നതാണ് വിശാല മാനവികതയുടെ തലമെന്ന് കവിത പറഞ്ഞു വെക്കുന്നു.
‘കവി: ക്രാന്തദര്‍ശി:’ എന്ന ചിരചരിതത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ കാര്യങ്ങളെ മുന്‍കൂട്ടി കാണാനും അറിയാനും കഴിയുന്ന പ്രവാചകത്വമാണ് കവികളെ മറ്റു മനുഷ്യരില്‍ നിന്നും വ്യത്യസ്‌രാക്കുന്നത്. പ്രകൃതിയോട്, പ്രപഞ്ചതത്വങ്ങളോട് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന അനശ്വര ധാര്‍മിക ബോധമാണ് ഒരാളെ കവിയാക്കുന്നത്. കവിത തങ്ങളുടെ സ്വകാര്യതയല്ലെന്നും അത് ലോകത്തെ കുറിച്ചുള്ള ആകുലതകളിലും സമൂഹത്തോടുള്ള കടപ്പാടിലും നീതിബോധത്തിലും അധിഷ്ഠിതമായ ഒരു പ്രവൃത്തിയാണെന്നും തിരിച്ചറിയുന്നിടത്താണ് കവി/കവിത പ്രതിരോധത്തിന്റെ അടയാളമായിത്തീരുന്നത്. രേഖ.കെയുടെ കവിതകളില്‍ ഈ നീതിബോധം ആവോളം പ്രവര്‍ത്തിക്കുന്നുണ്ട്. യാന്ത്രികതയുടെ അന്ധവേഗ ഹുങ്കാരങ്ങള്‍ പ്രകൃതിക്കു മേല്‍ നടത്തുന്ന അധീശത്വത്തെ വേദനയോടെ ആവിഷ്‌കരിക്കുന്നുണ്ട് എഴുത്തുകാരി. ‘കടല്‍ക്കാഴ്ച’ എന്ന കവിത നോക്കൂ..
‘കൂരിയാറ്റച്ചിലപ്പില്ലാതെ
ഇത്തിരിനീറ്റിലെ പരല്‍മീന്‍പുളിപ്പില്ലാതെ
കരുവാളിച്ച കണ്ടല്‍ത്തലപ്പുകള്‍.’
പുഴയും മഴയും ജലാശയങ്ങളുമെല്ലാം ഒരു സ്വപ്‌നം മാത്രമായി മാറിപ്പോകുന്ന കെട്ട കാലത്തിന്റെ നേര്‍ച്ചിത്രമാണ് ഈ കവിത. എങ്ങനെയാണ് ദിവസങ്ങള്‍ കഴിയുന്തോറും മനുഷ്യന്റെ കടന്നുകയറ്റങ്ങളില്‍ പൂക്കളും പുഴുക്കളും പക്ഷികളുമെല്ലാം അപ്രത്യക്ഷരാകുന്നത് എന്നതിന്റെ ദുരന്തഭാവികാലത്തെ കവിത കാണിച്ചുതരുന്നു.
‘മലരണിക്കാടുകള്‍ തിങ്ങി വിങ്ങുകയും മരതക കാന്തിയില്‍ മുങ്ങു’കയും ചെയ്യുന്ന കാല്പനികതയുടെ കിനാക്കളില്‍ നിന്ന് അറുത്തുമാറ്റപ്പെട്ട, കമ്പോള മൂല്യത്തില്‍ മാത്രം നിലനില്‍ക്കുന്ന വസ്തുവായി മാറിപ്പോയ പ്രകൃതിയെ / ലോകത്തെ കവിത തുറന്നുകാട്ടുന്നു. ‘പുല്‍കളും പുഴുക്കളും കുടുംബക്കാരാകുന്ന തറവാട്ടില്‍’ നിന്നും ലോകം സ്വാര്‍ഥതയുടെ അതിരുനാട്ടിയ ജഡമായിത്തീര്‍ന്നതിന്റെ വിലാപം കൂടിയാണ് ഈ കവിത.
‘ഒരേ കടലില്‍ തുഴയെറിയുന്നവര്‍’ എന്ന കവിത ഭഗ്‌നസൗന്ദര്യദിനങ്ങളുടെ നഷ്ടബോധത്തെ സ്മരണകളിലൂടെ ചേര്‍ത്തുവെക്കുന്നു. അടര്‍ത്തിമാറ്റിയ പഴയ വീട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ ചരാചരങ്ങളെല്ലാം ഒപ്പം താമസിച്ചതിന്റെ നേരങ്ങളെ, മണ്‍മറഞ്ഞു പോയിട്ടും മിടിച്ചുനില്‍ക്കുന്ന അവയുടെ ശേഷിപ്പുകളെ ആവോളം ആവിഷ്‌കരിക്കുന്നു. ഇതര ജീവജാലങ്ങള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുമ്പോഴാണ് സ്വജീവിതത്തിന് അര്‍ഥം കൈവരുന്നതെന്ന് തിരിച്ചറിയുന്ന വിശാല ലോകബോധത്തെയാണ് കവിത ആലേഖനം ചെയ്യുന്നത്.
‘തേരട്ടകള്‍, ആയിരംകാലന്‍
ഒച്ചുകള്‍, നെയ്യുറുമ്പുകള്‍
കുരുത്തക്കേടുമായി അവ
അവിടമാകെ ഇഴഞ്ഞു നടന്നിരുന്നു’
എന്നെഴുതുമ്പോള്‍ സ്വജീവിതത്തോടൊപ്പം ഇതരജീവികളോടുള്ള കരുതലും കരുണയുമാണ് വെളിപ്പെടുന്നത്.
‘അപരനുവേണ്ടി അഹര്‍നിശം പ്രയത്‌നം
കൃപണതവിട്ടു കൃപാലു ചെയ്തിടുന്നു’ എന്ന് നാരായണഗുരു എഴുതിയിട്ടുണ്ട്. കൃപാലുവായ ഒരു മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള നടത്തം കൂടിയാണ് ‘ഒരേ കടലില്‍ തുഴയെറിയുന്നവര്‍.’
പ്രണയത്തെയും പ്രകൃതിയെയും സമന്വയിപ്പിച്ചു കൊണ്ട് ആണധികാരത്തിന്റെയും അധിനിവേശത്തിന്റെയും മനോനിലയെ തുറന്നു കാട്ടുന്ന കവിതയാണ് ‘ദളിതം’. വേരുകളാഴ്ത്തി ഉണ്‍മയോടെ പടര്‍ന്ന് പ്രണയമനുഭവിക്കുന്ന കാടും അതിനെ പിഴുതെടുത്തും ചുഴറ്റിയെറിഞ്ഞും കാമമാഘോഷിക്കുന്ന കാറ്റും തമ്മില്‍ പ്രണയാനുഭവങ്ങളുടെ കാര്യത്തില്‍ ഭിന്നരാണ്. ശരീരാഘോഷങ്ങളുടെ ചലന ഭ്രമങ്ങള്‍ മാത്രമായി പ്രണയത്തെ ചൂഴ്‌ന്നെടുക്കുന്ന ആണധികാര സങ്കല്പങ്ങള്‍ പലപ്പോഴും ആത്മാവില്‍ തൊട്ടു പ്രണയിക്കുന്നവരുടെ ഹൃദയം മനസിലാക്കുന്നില്ല എന്ന് പരോക്ഷമായി കവിത പറഞ്ഞു വെക്കുന്നു. സമകാലിക ഘട്ടത്തില്‍ ഈ കവിത തീര്‍ച്ചയായും ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.
ഒരു വാക്കിലേക്കെത്താന്‍ എത്ര ദുരിതങ്ങളിലൂടെ- ആഴങ്ങളിലൂടെ – അസ്വസ്ഥതകളിലൂടെ കടന്നുപോകണമെന്ന് രേഖപ്പെടുത്തുകയാണ് ‘ഒരു വാക്കിലെത്താന്‍’ എന്ന കവിത. ‘വേദനയുടെ രാഷ്ട്രീയമാണ് എന്റെ രചനകളെ നയിക്കുന്നതെന്നും കവിമനസിന്റെ നോവും നിനവും അനുഭവവും പുറത്തേക്കു വരുന്നതാണ് കവിത’യെന്നും തമിഴ് എഴുത്തുകാരി സല്‍മ പറഞ്ഞിട്ടുണ്ട്. അത്തരം അവസ്ഥയെ പ്രതിനിധീകരിക്കുന്നതാണ് രേഖ.കെയുടെ കവിത. ‘ഒരു വാക്കിലേക്കെത്താന്‍ / എത്ര ഞരമ്പുകള്‍/ പൊട്ടിത്തെറിക്കണം’ എന്ന് ചോദിക്കുന്നു കവയിത്രി. എളുപ്പത്തില്‍ ചെയ്തുതീര്‍ക്കാവുന്ന ഒരു പ്രക്രിയയല്ല എഴുത്ത് എന്നും അതിന്റെ വഴികളിലുടനീളം അസ്വസ്ഥതകളുടെ കുപ്പിച്ചില്ലുകളാണെന്നും അതിനാല്‍ ജീവിതത്തിന്റെ സമസ്തവും അര്‍പ്പിക്കേണ്ടുന്ന ആത്മബലിയാണ് എഴുത്ത് എന്നും രേഖ.കെ വ്യക്തമാക്കുന്നു. കവിയെ സംബന്ധിച്ച് വാക്കുകള്‍ വെറും വാക്കുകളല്ല ശബ്ദസമുദ്രമാണ്. ആ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് വായനക്കാരേയും ഒപ്പം കൂട്ടുകയാണ് എഴുത്തുകാരി.
പ്രണയം പ്രമേയമായി വരുന്ന ഏറെ കവിതകള്‍ ഈ സമാഹാരത്തിലുണ്ട്. എന്നാല്‍ കേവലമായ പകല്‍ സ്വപ്‌നങ്ങളുടെ കാല്പനിക സഞ്ചാരമല്ല അവ. വൈയക്തികവും ഒപ്പം അലൗകികവുമാകുന്ന, മാംസനിബദ്ധവും മാംസ രഹിതവുമാകുന്ന ദ്വന്ദ്വവിചാരങ്ങളിലൂടെ സഞ്ചരിക്കുകയും ഒടുവില്‍ വേദനയെന്ന ഏകസമസ്യയില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്നു അത്. പ്രണയം ശരീരത്തിന്/രതിക്ക് പുറത്താണെന്ന സദാചാരവാദത്തെ ഉടച്ചുകളയുന്നു ഇതിലെ പ്രണയ സങ്കല്പനങ്ങള്‍. ഉമ്മകള്‍ വെയില്‍ ചീളുപോലെ കത്തിക്കുകയും ഉമ്മവെച്ചുമ്മവെച്ച് തടവറകള്‍ നിറയ്ക്കുകയും ചെയ്യുന്ന ശരീരാനുബന്ധമായ പ്രണയഭാവമാണ് ഈ കവിതകളുടെ സത്ത. എന്നാല്‍ അതോടൊപ്പം തന്നെആത്മസമര്‍പ്പണവുമുള്ളതിനാലാണ് വിരഹത്തില്‍ അത്രയേറെ നോവുകള്‍ അനുഭവിക്കേണ്ടി വരുന്നത്. ഒരേ സമയം ശരീരവും മനസും ആത്മാവും കലരുന്ന പ്രതിഭാസമാകുന്നു ‘പ്രണയം’ എന്ന കവിത.
‘ഒരിലയെങ്കിലും
തളിര്‍ത്തതിനാലാകണം
ഒരു വേരെങ്കിലും
ആഴ്ന്നുപോയതിനാലാകണം
പിഴുതെടുക്കുമ്പോള്‍
ഇത്രമേല്‍ വേദന’ എന്ന വരി അത് സാധൂകരിക്കുന്നു.
ഉടല്‍ഭാരം പേറുന്ന നിരാലംബ ചരിത്രമാണ് ചിലപ്പോഴൊക്കെ സ്ത്രീജീവിതങ്ങള്‍ക്കുള്ളത്. അടുക്കളയില്‍, തൊടിയില്‍, ചായ്പ്പില്‍.. എന്നിങ്ങനെ എല്ലായിടങ്ങളിലും ഉടല്‍/അധ്വാന കേന്ദ്രിതമായ കര്‍മമണ്ഡലത്തിലാണ് സ്ത്രീയുടെ അടയാളപ്പെടല്‍. ഒപ്പം പുരുഷകാമനയുടെ വാസനാശരങ്ങള്‍ ഏല്‍ക്കുന്നതും അതേ ഉടലിനു തന്നെ. ഈ വാസനയെ പാടേ ഛേദിച്ചുകളയുന്ന കവിതയാണ് ‘യക്ഷീ..’. കാനായി കുഞ്ഞിരാമന്റെ ‘യക്ഷി’ ശില്പത്തെ മുന്‍നിര്‍ത്തി എഴുതിയ കവിതയാണിത്. ഉയിര്‍പ്പാച്ചിലും ഉടല്‍പ്പാച്ചിലും കരിഞ്ചന്തിയും മുലക്കല്ലുമായ് സ്വാതന്ത്ര്യത്തിന്റെ മഹാഘോഷങ്ങളില്‍ സഞ്ചരിക്കുന്ന യക്ഷി സ്ത്രീശക്തിയുടെ അനന്തമായ ചരിത്ര ചിത്രമാകുന്നു. ഒട്ടും ഉടല്‍ഭാരമില്ലാതെ അലയുന്ന കാലത്തെക്കാള്‍ മികച്ചതല്ല മറ്റൊരു ജീവിതമെന്നും കവിത തെളിയിക്കുന്നു. നിരാലംബതയുടെയും നിരാശ്രയത്വത്തിന്റെയും തടവറകളിലല്ല സ്ത്രീയുടെ ജീവിതമെന്നും സ്വാതന്ത്ര്യത്തിന്റെയും മനസിലാക്കപ്പെടലിന്റെയും സ്വതന്ത്രവിഹായസുകളിലാണ് അതിന്റെ ഉയിരെന്നും ‘യക്ഷീ..’ വെളിപ്പെടുത്തുന്നു. ഇപ്രകാരം പ്രകൃതി, പ്രണയം, സ്ത്രീവാദം, വിമര്‍ശം തുടങ്ങിയ വൈവിധ്യമാര്‍ന്ന തലങ്ങളെ തൊട്ടുകൊണ്ടും ചിലതിനെ വിശാലമായി അവതരിപ്പിച്ചുമാണ് ഈ സമാഹാരത്തിലെ കവിതകള്‍ സഞ്ചരിക്കുന്നത്.
അത്ഭുതവും കൗതുകവും ജനിപ്പിക്കലല്ല കവിതയുടെ പരമമായ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരിയാണ് രേഖ.കെ. ഭാവനാ വിലോലമായ ആകാശങ്ങളില്‍ ഒരു മേഘത്തുണ്ടു കണക്കെ സഞ്ചരിച്ച് പ്രേമഗാനങ്ങള്‍ പാടുന്നതല്ല കവിതയുടെ രാഷ്ട്രീയമെന്നും വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും ഇടപെടലുകള്‍ സാധ്യമാക്കേണ്ട, പ്രതിരോധമാര്‍ന്ന ചരിത്രദൗത്യമാണ് അതെന്നും രേഖാ രാധന്‍ ഈ സമാഹാരത്തിലൂടെ തെളിയിക്കുന്നു. തീര്‍ച്ചയായും ഈ കവിതകള്‍ സവിശേഷമായ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. രേഖയുടെ ചരിത്രദൗത്യം തുടരട്ടെ എന്ന് ആശംസിക്കുന്നു.

Share this article

Leave a Reply

Your email address will not be published. Required fields are marked *