പൊന്നാണ് പൊന്നാനി

Reading Time: 2 minutes

പൊന്നാനിയെന്ന് കേള്‍ക്കാത്ത മലയാളികള്‍
അപൂര്‍വം. പൊന്നാനിയുടെ ചിത്രവും ചരിത്രവും
.അറിയുന്നവര്‍ വളരെ അപൂര്‍വം

എ.യു ശറഫുദ്ദീന്‍ പൊന്നാനി

പൊന്നാനി, വൈജ്ഞാനിക കേരളത്തിന്റെ, മതസൗഹാര്‍ദത്തിന്റെ ഭൂമിക.
കേരളത്തിന്റെ ചെറിയ മക്ക എന്നൊരു വിശേഷണം കൂടിയുണ്ട് ഈ മണ്ണിന്. കേരളത്തിലെ ശിയാ സ്വാധീനം ആരംഭത്തില്‍ തന്നെ തടഞ്ഞ് വെച്ചതില്‍ പൊന്നാനിക്ക് ചെറുതല്ലാത്ത പങ്കുണ്ട്.
900 വര്‍ഷം പഴക്കമുള്ള തോട്ടുങ്കല്‍ പള്ളി ഉണ്ടെങ്കിലും പൊന്നാനി വലിയ പള്ളിയാണ് ഇവിടുത്തെ പള്ളികള്‍ക്കിടയില്‍ പ്രസിദ്ധം. വലുതും പ്രൗഢവുമാണ് ഈ പള്ളി. തേക്കിന്‍പലകകളാല്‍ തീര്‍ത്ത മച്ചി, മച്ചിന്മേല്‍ മച്ചി. ആകര്‍ഷണീയമായ ആര്‍കിടെക്ച്ചര്‍.
മട്ടാഞ്ചേരി ചെമ്പിട്ടപ്പള്ളി സ്ഥാപിച്ച, അലി മഖ്ദൂമിന്റെ പുത്രന്‍ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ആണ് പൊന്നാനി വലിയപള്ളി പണി തീര്‍ത്തത്. ഹിജ്‌റ വര്‍ഷം 925ല്‍ (എ.ഡി 1519ല്‍) പൊന്നാനി വലിയപള്ളിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഇവിടെ ദര്‍സ് സ്ഥാപിക്കുകയും ചെയ്തു. കേരളത്തില്‍ മറ്റു പ്രദേശങ്ങളിലും ദര്‍സ് സമ്പ്രദായം ഉണ്ടായിരുന്നു. വ്യവസ്ഥാപിതമായി പരിഷ്‌കരിച്ച സിലബസ് ആണ് പൊന്നാനിയില്‍ സൈനുദ്ദീന്‍ മഖ്ദൂം നടപ്പിലാക്കിയത് . മഖ്ദൂം പരമ്പരയിലെ നാല്‍പതാം സ്ഥാനി മഖ്ദൂം മുത്തുക്കോയ തങ്ങള്‍ ഐദറൂസി ആണ് പള്ളി പരിപാലനത്തിന്റെ തലപ്പത്തും പൊന്നാനിയുടെ ഖാസിയും.
പള്ളിക്ക് മുന്നില്‍ ചെറിയ ചുറ്റുമതിലിനുള്ളിലെ ഖബ്‌റ്സ്ഥാനില്‍ വലിയ മഖ്ദൂം ഉള്‍പ്പെടെ മഖ്ദൂം സ്ഥാനം അലങ്കരിച്ച 37 മഖ്ദൂമുമാരും മറ്റു രണ്ടു പേരും മറചെയ്യപ്പെട്ടിട്ടുണ്ട്. പള്ളി പണിത ശേഷം ദിവ്യാദ്ഭുതം കണ്ട് ഇസ്‌ലാം പുല്‍കിയ ആശാരിതങ്ങളും ഇവിടെ മറപ്പെട്ടിട്ടുണ്ട്. ഖബറുകള്‍ പ്രത്യേക അലങ്കാരങ്ങള്‍ കൂടാതെ തന്നെ കിടക്കുന്നു.

മരക്കടവ്
മഖ്ദൂം തങ്ങള്‍ നാമകരണം ചെയ്ത പൊന്നാനിയിലെ കടലോര പ്രദേശമാണ്. കേരളത്തിലെ മിക്ക തീരദേശങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളും മതസംഘര്‍ഷങ്ങളുമായി കലുഷിതമായ അന്തരീക്ഷങ്ങളില്‍ വളരെ ശാന്തമാണ് ഈ പ്രദേശം.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൊന്നാനി ഉള്‍ക്കൊള്ളുന്ന പ്രദേശം ‘പൊന്നന്‍’ എന്ന ഒരു രാജാവ് ഭരിച്ചിരിന്നുവത്രെ. അദ്ദേഹത്തിന്റെ മകളുടെ കഠിനമായ വയറ് വേദന ആ നാട്ടിലെ മുഴുവന്‍ വൈദ്യന്‍മാരും ചികിത്സിച്ചു ശമനം കിട്ടിയില്ല. വളരെ മാനസികമായി പ്രയാസപ്പെട്ടിരിക്കുന്ന രാജാവിന്റെ അടുത്ത് ഒരു ദാസന്‍ ചെന്ന് പറഞ്ഞു, പ്രിയപ്പെട്ട രാജാവെ, നമ്മുടെ ചെറിയ അമ്പലത്തിനടുത്ത് ഒരു ദിവ്യനിരിപ്പുണ്ട്. വലിയ മഹാനാണന്ന് പറയപ്പെടുന്നു. ആദ്ദേഹത്തിനടുത്ത് മകളുടെ കാര്യമൊന്ന് സൂചിപ്പിക്കാമോ?
രാജാവ് മഖ്ദൂം തങ്ങളെ തന്റെ വീട്ടിലേക്ക് വിളിപ്പിക്കുകയും മകളുടെ അസുഖത്തെ കുറിച്ച് പറയുകയും ചെയ്തു. ഒരു പാത്രത്തില്‍ കുറച്ച് വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ട തങ്ങള്‍ മന്ത്രിച്ച് ഊതി മകള്‍ക്ക് കൊടുക്കുവാന്‍ പറഞ്ഞു. മൂന്ന് ദിവസം കൊണ്ട് വേദന സുഖപ്പെടുകയും ചെയ്തു. സന്തോഷവാനായ രാജാവ് അതിന് പ്രത്യുപകാരമായി എന്ത് പാരിതോഷികമാണ് താങ്കള്‍ക്ക് വേണ്ടത് എന്ന് മഖ്ദൂമിനോട് ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് ഇവിടെ ഒരു ആരാധാനാലയം നിര്‍മിക്കാനുള്ള സൗകര്യവും താങ്കളുടെ വീട്ടിനു മുന്നിലെ ഈ വലിയ തടിമരവും വേണമെന്ന് പറഞ്ഞു. സന്തോഷത്തോടെ രാജാവ് അത് സമ്മതിച്ചു. അന്ന് രാത്രി തന്നെ അതിശക്തമായ പേമാരി വര്‍ഷിക്കുകയും ആ മരം കടപുഴകി കനാലിലേക്ക് വീഴുകയും ചെയ്തു. പുഴയിലൂടെ ഒഴുകി അത് ഒരു കരയില്‍ വന്ന് അടിഞ്ഞു. അന്നത്തെ മത്സ്യതൊഴിലാളികള്‍ ആ മരം ചുമന്ന് ഇന്നത്തെ ബദര്‍പള്ളി റോഡിലൂടെ കടത്തികൊണ്ട് പോയി ജുമുഅത്ത് പള്ളിയുടെ പരിസരത്ത് എത്തിച്ചു. പിന്നീട് ആ മരം പള്ളി നിര്‍മാണത്തിന് ഉപയോഗിച്ചുവെന്നും നിര്‍മാണത്തില്‍ ജിന്നുകളുടെ സഹായം ഉണ്ടായിരുന്നുവെന്നും നാട്ടുചരിത്രമുണ്ട്.
ആ മരം കടത്തികൊണ്ട് പോയത് കൊണ്ടാണ് ഈ പ്രദേശത്തിന് മരക്കടവ് എന്ന് മഖ്ദൂം തങ്ങള്‍ നാമകരണം ചെയ്തുവെന്നാണ് ചരിത്രം.

Share this article

About എ.യു ശറഫുദ്ദീന്‍ പൊന്നാനി

View all posts by എ.യു ശറഫുദ്ദീന്‍ പൊന്നാനി →

Leave a Reply

Your email address will not be published. Required fields are marked *