പേടിയുടെ കുപ്പായം അഴിച്ചിടാം

Reading Time: < 1 minutes

‘ശരീരത്തിന്റെ നിലനില്‍പിന് അപകടം നേരിട്ടേക്കാവുന്ന അപകട ഭീഷണിയോടോ അപകടത്തോടോ മനസ് വൈകാരികമായി പ്രതികരിക്കുന്നതാ ണ് ഭയം. അതിജീവിക്കാനുള്ള ശ്രമങ്ങളില്‍ ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഇത്. എല്ലാ മനുഷ്യരും ഒന്നല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ഭയമനുഭവിക്കുന്നവരാണ്.’
മനുഷ്യന്റെ വികാരങ്ങളില്‍ മുഖ്യമാണ് ഭീതി. മനസിന്റെ സൃഷ്ടിയാണത്. വികാരജീവിയെന്ന നിലയില്‍ നിര്‍ണായകമായ സ്വാധീനമാണ് ഭയം ചെലുത്തുന്നത്. ഉത്കണഠ ഉളവാക്കുന്ന സാഹചര്യങ്ങള്‍ ജീവിത പരിതസ്ഥിതിയിലേറെയുണ്ടാകും. അത്തരം ഉത്കണ്ഠകളെ ഗുരുതരമായി വളര്‍ത്തിയെടുക്കുകയാണ് മനുഷ്യ മനസ് ചെയ്യുന്നത്. ക്രമേണ ഭീതിയുടെ തടവറയിലകപ്പെടുന്നു, ജീവിതവും ബന്ധിതാവസ്ഥയിലായിത്തീരുന്നു. വിവേകവും ആത്മശക്തിയും പ്രയോഗിച്ച് ഭയത്തെയും മറ്റു വികാരങ്ങളെയും തോല്‍പിക്കാനാകണം.
ജീവിത പരിസരങ്ങളില്‍ മിക്കപ്പോഴും പലതരം ഫോബിയകളെ അഭിമുഖീകരിക്കേണ്ടി വരും. ജയാപചയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഭീതിയുടെ പങ്ക് ചെറുതല്ലാത്തതായിരിക്കും. ചിന്തയുടെ പരിണതിയായി മനസ് അലക്ഷ്യമാവുകയും ഭയമുളമാക്കുന്ന സ്ഥിതി രൂപപ്പെടുകയും ചെയ്യുമ്പോഴാണ് അത് അപകടമായി മാറുന്നത്. മനസും ശരീരവും പാകപ്പെടുത്തി ജാഗ്രത പുലര്‍ത്തിയാല്‍ ഭീതിയകറ്റാനാകും. കര്‍മനൈരന്തര്യങ്ങള്‍ കൊണ്ട് ജാഗ്രത കൈക്കൊള്ളാനുമാകും.
നിഷേധാത്മകമായ ഭാവനയുടെ ശിഷ്ടം അബദ്ധധാരണയും ഭീതിയും മനസിനെ കീഴ്‌പ്പെടുത്തുന്നതുമായിരിക്കും. ക്രിയാത്മകമായ ചിന്തയും ഭാവവും പ്രയോജനപ്പെടുത്തി വളരെ ലളിതമായി ഫോബിയകളെ ജയിക്കാനാകും. വിശ്വാസം മനസിനെ ഗുണപരമായി സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടല്ലോ.
നിര്‍ഭയത്വം വിശ്വാസികളുടെ സവിശേഷതയാണ്. ദൈവഭയത്തിലൂടെയാണത് വന്നുചേരുന്നത്. ദൈവനിഷേധികള്‍ പലപ്പോഴും നിസഹായവസ്ഥയില്‍ നന്നെ നിരാശരാകുന്നു. പ്രതികൂലമായ പരിതസ്ഥിതികളില്‍ പിടിച്ചു നില്‍ക്കാന്‍ പിടിവള്ളി ലഭിക്കാതെ പ്രയാസപ്പെടും. അപ്രതീക്ഷിതമായ സംഘര്‍ഷങ്ങളെ അഭീമുഖീകരിക്കുമ്പോള്‍ അത്യന്തം അസ്വസ്ഥരാകും. മതവിശ്വാസം നല്‍കുന്ന നിര്‍ഭയത്വവും സുരക്ഷിതത്വവും വളരെ വലുതാണ്. ‘സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ. എല്ലാം അവന് ഗുണകരമാണ്. സന്തുഷ്ടനാകുമ്പോള്‍ നന്ദി പ്രകടിപ്പിക്കും. വിഷമം വരുമ്പോള്‍ ക്ഷമിക്കും. അപ്പോള്‍ വിഷമവും അവന്ന് സന്തോഷകരമായിത്തീരും.’ (ഹദീസ്)
ഭൗതിക ജീവിതത്തിലെ സുഖാനുഭൂതികളില്‍ സ്വപ്‌നഭംഗം സംഭവിക്കുമ്പോള്‍ നിരാശരാകുന്നവര്‍ എത്രയുണ്ട്? വിഷമസന്ധികളില്‍ അവര്‍ വിഭ്രാന്തരായി വിലപിക്കുന്നു. വിവേകരഹിതമായി പെരുമാറുന്നു. സുഖവും ദുഃഖവും രോഗവും ആരോഗ്യവും ജീവിതവും മൃതിയും ദൈവദത്തമാണ്. ആഹാരവും പാര്‍പ്പിടവും തൊഴിലവസരങ്ങളും പ്രതി ഉത്കണഠകള്‍ പെരുപ്പിച്ച് തളര്‍ന്നവര്‍ ആധുനിക സമൂഹത്തില്‍ എത്രയുമുണ്ട്. സുതാര്യവും സുനിശ്ചിതവുമായ ഒരു സ്രോതസുണ്ടെന്ന് തിരിച്ചറിയുന്ന മനുഷ്യന് എത്രയും ആത്മധൈര്യം ആര്‍ജിക്കാനാകും.
‘എത്രയെത്ര ജീവികള്‍! അവ തങ്ങളുടെ അന്നവും ചുമന്നു നടക്കുന്നില്ല. അല്ലാഹു അവക്ക് ആഹാരം നല്‍കുന്നു. നിങ്ങളുടെയും അന്നദാതാവ് അവന്‍ തന്നെ.'(ഖുര്‍ആന്‍)
പല കാര്യങ്ങളില്‍ നാം ഉത്കണ്ഠാകുലരാണ്. ആരോഗ്യം, ബിസിനസ്, മക്കള്‍, കുടുംബം… ആലോചനകള്‍ നമ്മുടെ സ്വാസ്ഥ്യം കെടുത്തുകയാണ്. ചിലപ്പോള്‍ ഭയം ആത്മരക്ഷക്കും വഴിയൊരുക്കും. രോഗത്തെയും മരണത്തെയും ഭയപ്പെടുന്നവര്‍ക്ക് ചില നിയന്ത്രണങ്ങള്‍ സ്വാഭാവികമായും കൈവരുന്നു. റോഡപകടങ്ങളില്‍ നിന്ന്, ലഹരി വസ്തുക്കളില്‍ നിന്ന് കവചം തീര്‍ക്കുന്നു. മക്കളെ പരിപാലിക്കുന്നതില്‍ ശ്രദ്ധാലുക്കളാകുന്നു.
ദൈവപരിപാലനയില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുന്നവര്‍ക്ക് എത് സാഹചര്യത്തിലും ഉറച്ചുനില്‍ക്കാന്‍ പ്രാപ്തിയുണ്ടാകും. വിശ്വാസികളുടെ ധൈര്യം സംഭരിച്ചുവെക്കുന്നത് തവക്കുലിലാണ് (ഭരമേല്‍പ്പിക്കല്‍). സര്‍വശക്തനായ ദൈവത്തെയാണ് ഭയപ്പെടേണ്ടത്. അതുവഴി അറ്റ് തെറിച്ച ജീവിത വഴികളില്‍ സുരക്ഷ കൈവരിക്കാനാകും. തിന്മയുടെ ചറം തെറിക്കാതെ നില്‍ക്കാനാകും. പ്രലോഭനങ്ങളെ ദൈവഭയം കൊണ്ട് തോല്‍പ്പിക്കാനാകും.നേര്‍പഥ സഞ്ചാര സജ്ജരാകാന്‍ സാധിക്കും.
‘നമുക്ക് ദൈവത്തെ പേടിക്കാം. അപ്പോള്‍ നാം മനുഷ്യരെ പേടിക്കുകയില്ല.’ (ഗാന്ധി).

Share this article

About സി.കെ മുഹമ്മദ് ഫാറൂഖ്

View all posts by സി.കെ മുഹമ്മദ് ഫാറൂഖ് →

Leave a Reply

Your email address will not be published. Required fields are marked *