ഹദ്ദാദ് (റ) തരീമിന്റെ നായകന്‍

Reading Time: 3 minutes

തരീം, ഇസ്‌ലാമിക സംസ്‌കൃതി മങ്ങാതെ നില്‍ക്കുന്ന യമനീ ദേശം. അധിനിവേശ കാലത്ത് പോലും പാശ്ചാത്യ മാതൃക സ്വാധീനിക്കാത്ത മണ്ണ്. അനവധി അധ്യാത്മിക പണ്ഡിതര്‍ക്ക് ജന്മവും ജീവിതവും നല്‍കിയ പ്രദേശം. ആത്മീയാന്തരീക്ഷത്തിലുള്ള ജീവിത ശൈലിയാണ് ഇവിടുത്തെ ജനങ്ങളെ വ്യതിരിക്തമാകുന്നത്.
ഹിജ്‌റ 1044 സ്വഫര്‍ 5 ന് തിങ്കളാഴ്ച രാത്രി ഇമാം അബ്ദുല്ലാഹിബ്‌നു അലവി അല്‍ ഹദ്ദാദ് (റ) തരീമില്‍ ജനിച്ചു. പിതാവ് സ്വൂഫിയും ജ്ഞാനിയുമായ സയ്യിദ് അലവി ബിന്‍ മുഹമ്മദ് അല്‍ ഹദ്ദാദ് (റ). പിതാവിന്റെ പാതയാണ് മകന്‍ ഹദ്ദാദ് (റ) സ്വീകരിച്ചത്.
ഒരിക്കല്‍, യമനിലെ പണ്ഡിതനും സൂഫിയുമായ സയ്യിദ് അഹ്മദ് ബ്‌നു മുഹമ്മദുല്‍ ഹബ്ശി (റ) വിന്റെ അടുക്കല്‍ പിതാവ് അലവി തങ്ങള്‍ ചെന്നു. പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥിച്ചു. ‘നിന്റെയും എന്റെയും മക്കളില്‍ ബറകത്തുണ്ട്.’ അലവി (റ) വിന്റെ വിവാഹത്തിന് മുമ്പായിരുന്നു ഇത്. തുടര്‍ന്ന് സയ്യിദ് ഹബ്ശി (റ) തന്റെ മകന്റെ മകളായ സല്‍മ (റ) യെ കല്യാണം കഴിക്കാന്‍ അഭ്യര്‍ഥിച്ചു. ഈ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടായ മക്കളില്‍ ഒരാളാണ് ഇമാം അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ).
നാലാം വയസില്‍ വസൂരി കാരണം ഇമാമിന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അന്ധനായി. ചികിത്സ ഫലിച്ചില്ല. മാതാപിതാക്കള്‍ക്ക് സങ്കടമായി. അദ്ഭുതാവഹമായിരുന്നു ഹദ്ദാദ് (റ)ന്റെ പിന്നീടുള്ള ജീവിതം. അകക്കാഴ്ച്ച കൊണ്ട് അല്ലാഹു ഇമാമിനെ അനുഗ്രഹിച്ചു.

ജ്ഞാന സരണിയിലേക്ക്
ചെറുപ്രായത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ശേഷം കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും ഗസ്സാലി (റ) വിന്റെ ബിദായതുല്‍ ഹിദായ പോലുള്ള കനപ്പെട്ട ഗ്രന്ഥങ്ങളും ഓതിപ്പഠിച്ചു.ചെറുപ്പത്തിലേ ആത്മീയ വിഷയങ്ങളില്‍ അതിയായ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ക്ലാസ് കഴിഞ്ഞാല്‍ സുഹൃത്തുക്കളില്‍ ഒരാളോട് കൂടെ തരീമിലെ പള്ളിയില്‍ ചെന്ന് നൂറോ ഇരുനൂറോ റക്അത്ത് വരെ നിസ്‌കരിക്കും. അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യുകയാണ് ഇമാം. അധ്യാത്മ, വിജ്ഞാന രംഗത്തു പ്രശോഭിച്ച പണ്ഡിതരുടെ കൂടെയാവാന്‍ വേണ്ടി പ്രാര്‍ഥിക്കും. ആ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു.
പതിനേഴാം വയസ് മുതല്‍ തരീമിലെ മസ്ജിദുല്‍ ഹുജൈറയില്‍ ജീവിതം ആരംഭിച്ചു. പള്ളിയുടെ വാതിലടച്ചിട്ട് ആരാധനയില്‍ കഴിഞ്ഞു. പക്ഷേ ഇത് അധിക നാള്‍ നീണ്ടുനിന്നില്ല. ഖുര്‍ആന്‍ പഠിപ്പിക്കാനും ദര്‍സ് എടുക്കാനുമായി നിരവധി ആളുകള്‍ മഹാനോട് അപേക്ഷിച്ചുകൊണ്ടിരുന്നു. ഇമാം പറയുന്നു: ഇബാദത്തില്‍ മുഴുകാനായിരുന്നു താത്പര്യം. പക്ഷേ ജനങ്ങളുടെ തുടര്‍ച്ചയായുള്ള ആവശ്യം മാനിച്ച് സമയത്തെ ക്രമീകരിച്ചു.
അങ്ങനെ ആധ്യാത്മികതക്കു പുറമെ ജ്ഞാന രംഗത്തും പ്രസിദ്ധിയാര്‍ജിച്ച മഹാന്‍ വിജ്ഞാന കുതുകികളുടെ ആശാകേന്ദ്രമായി മാറി.

കൂട്ടുകാരുടെ തണലില്‍
സൂഹൃത്തുക്കളായിരുന്നു താങ്ങ്. അന്ധതയുള്ളപ്പോള്‍ പ്രത്യേകിച്ച്. ഖുര്‍ആനും മറ്റു മതഗ്രന്ഥങ്ങളും പഠിക്കാനും ഹൃദിസ്ഥമാക്കാനും സഹായിച്ച കൂട്ടുകാര്‍ പില്‍കാലത്ത് സ്വൂഫി സരണിയിലെ പണ്ഡിത തേജസുകളായി തീര്‍ന്നു.
ഇമാം അബ്ദുല്ലാഹിബ്‌നു അഹ്മദ് ബല്‍ഫഖീഹ് (റ), സയ്യിദ് അഹ്മദ് ബ്‌നു ഹാശിം (റ), സയ്യിദ് അഹ്മദ് ബ്‌നു ഉമര്‍ (റ), സയ്യിദ് അലിയ്യു ബ്‌നു ഉമര്‍ (റ) തുടങ്ങിയവരായിരുന്നു പ്രധാന സുഹൃത്തുക്കള്‍.
ഇമാം അബ്ദുല്ലാഹി ബ്‌നു അഹ്മദ് (റ) വിനോട് കൂടെ മലഞ്ചെരുവിലേക്കും മറ്റും ഖുര്‍ആന്‍ പഠിക്കാന്‍ വേണ്ടി ഹദ്ദാദ് (റ) പോകുമായിരുന്നു. ഒരു ജുസ്ഇന്റെ നാലിലൊരു ഭാഗം അപ്പോഴൊക്കെ ഓതിക്കൊടുക്കും. ഹദ്ദാദ് (റ) അത് തിരിച്ച് ഓതിക്കേള്‍പ്പിക്കും. അങ്ങനെയായിരുന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നത്. കര്‍മശാസ്ത്രം പഠിക്കുമ്പോഴും ഈ രീതി തുടര്‍ന്നിരുന്നു.
സയ്യിദ് അഹ്മദ് ബ്‌നു ഉമര്‍ അല്‍ ഹന്‍ദുവാന്‍ (റ) ആയിരുന്നു മറ്റൊരു സുഹൃത്ത്. ദിക്‌റ് മജ്‌ലിസുകളില്‍ അധികവും അദ്ദേഹത്തിനൊപ്പമായിരുന്നു.
കിതാബുകള്‍ വായിക്കാന്‍ വേണ്ടി സയ്യിദ് അഹ്മദ് ബ്‌നു ഹാശിം (റ) വിനെയും അലിയ്യു ബ്‌നു ഉമര്‍ (റ) വിനെയുമായിരുന്നു സമീപിച്ചിരുന്നത്. ഇവരോട് കൂടെ ഗസ്സാലി (റ) വിന്റെ ഗ്രന്ഥങ്ങളും മറ്റും പാരായണം ചെയ്തിരുന്നു.
ഇമാം ഹദ്ദാദ് (റ) പറയുന്നു: സയ്യിദ് സ്വാലിഹ് ബ്‌നു ഉമര്‍ (റ) വിനോട് കൂടെ ഞാന്‍ ധാരാളം കിതാബുകള്‍ മുത്വാലഅ ചെയ്തിട്ടുണ്ട്. പല രാത്രികളിലും പകലുകളിലും അതില്‍ തന്നെയായി സമയം കണ്ടെത്തി. വഴിയോരങ്ങളില്‍ പോലും അത് തുടര്‍ന്നു. ശൈഖ് ഇബ്‌നു അത്വാഇല്ലാഹി (റ) വിന്റെ ലത്വാഇഫുല്‍ മിനനും ഈ കാലത്ത് വായിച്ചിരുന്നു.

ശരീരപ്രകൃതം
പൊക്കം കൂടിയ ശരീര ഘടനയായിരുന്നു. വീതിയുള്ള ചുമലുകള്‍. വെളുത്ത നിറം. ഗാംഭീര്യം സ്ഫുരിക്കുന്ന മുഖം. ചെറുപ്പത്തില്‍ ബാധിച്ച വസൂരിയുടെ ഒരടയാളവും മുഖത്ത് പ്രകടമായിരുന്നില്ല. സദാ പുഞ്ചിരിക്കുന്ന മുഖത്ത് ഒരിക്കലും ദുഃഖഛവി തീരേ ഉണ്ടായിരുന്നില്ല.
അതിഥികളെ സന്തോഷത്തോടെ സല്‍കരിക്കും. അവരുടെ സുഖ ദുഃഖങ്ങളില്‍ പങ്കുചേരും. പാവപ്പെട്ടവരുടെ ആശാ കേന്ദ്രമായിരുന്നു ഇമാം.
സദസുകളില്‍ എത്തുന്നവര്‍ക്ക് ഭൗതിക ചിന്തകള്‍ വരുമായിരുന്നില്ല. അപശബ്ദങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല. സൗമ്യതയോടെയും ഉദാരതയോടെയും ജനങ്ങളോട് സംവദിച്ചു.
ദാനശീലനായിരുന്നു. ഭൗതിക ആവശ്യങ്ങള്‍ക്കു ദേഷ്യം പിടിച്ചിരുന്നില്ല.മറ്റുള്ളവരുടെ പ്രശംസകള്‍ വെറുത്തിരുന്നു. വിനയസ്വരൂപി. എഴുത്തിലും സംസാരങ്ങളിലും അത് നിഴലിച്ചിരിന്നു.
വ്രതാനുഷ്ഠാനത്തിലായിരുന്നു ജീവിതത്തിന്റെ മിക്കഭാഗവും. തിങ്കള്‍, വ്യാഴം നോമ്പുകള്‍ ഒഴിവാക്കിയിരുന്നില്ല. റമളാനില്‍ മുഴുവനും ഇബാദത്. അല്‍പ സമയം ഉറക്കം. മസ്ജിദ് നിര്‍മാണത്തോട് അതിയായ താത്പര്യം കാണിച്ചിരുന്നു. നിരവധി പള്ളികള്‍ നിര്‍മിച്ചിട്ടുണ്ട്. മസ്ജിദുല്‍ അവ്വാബീന്‍, ഫത്ഹ്, അബ്‌റാര്‍, തവ്വാബീന്‍ എന്നിവയാണ് തരീമില്‍ നിര്‍മിച്ചിട്ടുള്ള പള്ളികള്‍. മറ്റു പല പ്രദേശങ്ങളിലും ഇമാം പള്ളികള്‍ പണി കഴിപ്പിച്ചിട്ടുണ്ട്.

ഹജ്ജ് യാത്ര
ഹജ്ജ് കര്‍മത്തിന് പോകാന്‍ ജനങ്ങളെ പ്രേരിപ്പിച്ചിരുന്നു. ഹജ്ജിന് തിരിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുമായിരുന്നു. ഹിജ്‌റ 1079 ലാണ് മഹാന്‍ ഹജ്ജിന് പുറപ്പെടുന്നത്. മഴയുടെ ദിവസമായിരുന്നു. തരീമില്‍ നിന്നും ശഹറിലേക്കാണ് യാത്ര പുറപ്പെട്ടത്. യാത്ര മധ്യേ അദ്ഭുത സംഭവങ്ങളുണ്ടായി. ഇമാമിന്റെ കൂട്ടുകാരില്‍ ചിലര്‍ പറയുന്നു, ഒരു ചെരുവിലെത്തിയപ്പോള്‍ ഒപ്പമുള്ളവര്‍ തമ്പടിക്കാനുംരാത്രി ഭക്ഷണം കഴിക്കാനും ഒരുക്കം കൂട്ടി. ഇതു കണ്ട മഹാന്‍ അവരെ വിലക്കുകയും യാത്ര തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തിരിച്ചൊന്നും മറുപടി പറയാതെ അവിടുത്തെ നിര്‍ദേശങ്ങള്‍ അപ്പടി സ്വീകരിച്ച് കൂടെയുള്ളവര്‍ യാത്ര തുടര്‍ന്നു. ആ ചെരുവില്‍ നിന്നും പുറപ്പെട്ട ഉടനെ അന്തരീക്ഷത്തില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടി. ഇടിയും മിന്നലും, പിന്നാലെ മഴ വര്‍ഷിക്കുകയും ചെയ്തു. അത് വരെ മഴയുടെ ഒരു അടയാളം പോലും ആ പ്രദേശത്ത് ദര്‍ശിച്ചിരുന്നില്ല. ഹദ്ദാദ് (റ) ഒരു സ്ഥലത്തേക്ക് ചൂണ്ടി അവിടേക്ക് കയറാന്‍ നിര്‍ദേശിച്ചു. ശക്തമായ ഇരുട്ട് കാരണം ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ തീ തെളിയിച്ചു. തുടര്‍ന്ന് അങ്ങോട്ട് കയറി. അപ്പോള്‍ നേരത്തെ വിശ്രമിക്കാന്‍ തീരുമാനിച്ച ചെരുവില്‍ മലവെള്ളം കുത്തിയൊലിക്കുന്നതായി അവര്‍ കണ്ടു. ആ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയതിന്റെ നന്ദി സൂചകമായി അല്ലാഹുവിനെ അവര്‍ സ്തുതിച്ചു.
ശറഹില്‍ നിന്ന് അദനിലേക്കും പിന്നീട് ജിദ്ദയിലേക്കും ഒടുവില്‍ മക്കയിലുമെത്തി. ഈ സമയങ്ങളില്‍ സൗകര്യമേര്‍പ്പെടുത്താന്‍ വേണ്ടി മുമ്പേ പോകുന്നവരെ അതിനനുവദിച്ചിരുന്നില്ല. യാത്രക്കിടയില്‍ പ്രശസ്തരായ പണ്ഡിത മഹത്തുക്കളുടെ ഖബര്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

വിര്‍ദുകള്‍
ആധ്യാത്മിക, ജ്ഞാന രംഗങ്ങളില്‍ മുഴുശ്രദ്ധ പതിപ്പിച്ച ജീവിതത്തിനിടയില്‍ ഗ്രന്ഥരചനകള്‍ക്കും ദിക്‌റുകളുടെ ക്രോഡീകരണത്തിനും സമയം കണ്ടെത്തിയിരുന്നു. ഹദ്ദാദ് റാത്തീബും വിര്‍ദുല്ലത്വീഫുമാണ് ദിക്‌റുകള്‍ ക്രോഡീകരിച്ച പ്രധാന ഗ്രന്ഥങ്ങള്‍. ഇവ രണ്ടിനും പില്‍കാലത്ത് നിരവധി വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്.
ഹിജ്‌റ 1071ലായിരുന്നു ഹദ്ദാദിന്റെ ക്രോഡീകരണം. ശീഈ വിഭാഗമായ സൈദിയ്യാക്കളുടെ ഹളര്‍മൗത്തിലേക്കുള്ള കടന്നുവരവ് ജനങ്ങളെ പിഴപ്പിക്കരുതെന്നായിരുന്നു ക്രോഡീകരണ താത്പര്യം.

രചനകള്‍
ഗ്രന്ഥരചന ആരംഭിച്ചു. ‘രിസാലതുല്‍ മുദാക്കറതി മഅല്‍ ഇഖ്‌വാനി വല്‍ മുഹിബ്ബീന്‍ മിന്‍ അഹ്‌ലില്‍ ഖൈറി വദ്ദീന്‍’ ആണ് ആദ്യ രചന. ഹിജ്‌റ 1071 റമളാനില്‍ മറ്റൊരു ഗ്രന്ഥം, ‘രിസാലത്തു ആദാബി അസ്സുലൂക്കില്‍ മുരീദ്’ രചന പൂര്‍ത്തീകരിച്ചു. ഈ രണ്ട് ഗ്രന്ഥങ്ങളും പ്രധാനമായും ആധ്യാത്മിക വിഷയങ്ങളാണ്.
‘അന്നസാഇഹു ദീനിയ്യാ വല്‍ വസ്വായ അല്‍ ഈമാനിയ്യ’ ആണ് ഗ്രന്ഥങ്ങളില്‍ വലുത്. കേരളത്തിലെ അപൂര്‍വം ചില പള്ളി ദര്‍സുകളിലും ദഅ്‌വാ കോളേജുകളിലും ഓതുന്ന ‘രിസാലത്തുല്‍ മുആവനത്തി വല്‍ മുളാഹറതി വല്‍ മുആസറ ലിര്‍ റാഇബീന മിനല്‍ മുഅ്മിനീന ഫീ സുലൂക്കി ത്വരീഖില്‍ ആഖിറ’ എന്നത് തസവ്വുഫ് മേഖലയില്‍ പ്രധാനപ്പെട്ടതാണ്. ഹിജ്‌റ 1069ലായിരുന്നു ഇതിന്റെ രചന.

വഫാത്ത്
ഹി 1132 റമളാന്‍ ഇരുപത്തി ഏഴിന് രോഗം ബാധിച്ചു. ശരീരം തളര്‍ന്നു. ജനങ്ങള്‍ക്ക് അറിവ് പറഞ്ഞ് കൊടുക്കാനോ ആരാധനാ കര്‍മങ്ങളിലേര്‍പ്പെടാനോ കഴിഞ്ഞില്ല. ശമനം വരുമ്പോഴൊക്കെ ആരാധനാ കര്‍മങ്ങളിലേക്കും ജ്ഞാന-അധ്യാപനത്തിലേക്കും തിരിയും. പിന്നീട് രോഗം മൂര്‍ചിച്ചു. ശക്തമായ വേദന ഇമാമിനെ പാടെ അവശനാക്കി.
രോഗം ബാധിച്ച് നാല്‍പ്പത് ദിവസം പൂര്‍ത്തിയാക്കുന്ന ദിവസം, ഹിജ്‌റഃ 1132 ദുല്‍ഖഅ്ദ് 7 ചൊവ്വാഴ്ച സുബ്ഹ് നേരത്ത് 80-ാം വയസില്‍ ഹദ്ദാദ് (റ) ഇഹലോകം വെടിഞ്ഞു. മയ്യിത്ത് കാണാന്‍ വന്ന ജനങ്ങളാല്‍ വീടും പരിസരവും നിറഞ്ഞു. മകന്‍ സയ്യിദ് ഹസന്‍ (റ) വിന്റെ നേതൃത്വത്തില്‍ കുളിപ്പിച്ച് കഫന്‍ ചെയ്തു. അസറിനു ശേഷമായിരുന്നു മയ്യിത്ത് നിസ്‌കാരം.

Share this article

About സയ്യിദ് സല്‍മാനുല്‍ ഫാരിസ് കരിപ്പൂര്‍

View all posts by സയ്യിദ് സല്‍മാനുല്‍ ഫാരിസ് കരിപ്പൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *